സാഹിത്യത്തില്‍ ആത്മീയത എന്ന പദം ഉപയോഗിക്കുന്നത് മതപരമായല്ല. അത് മനസ്സിന്റെ ഉണ്മയെക്കുറിച്ചുള്ള ഒരാലോചനയാണ്. മനസ്സിനുള്ളിലെ അനുഭവത്തെയാണ് അത് ലക്ഷ്യം വയ്ക്കുന്നത്. അതില്‍ ദൈവമോ, ആരാധനയോ അല്ല വിവക്ഷ; മനുഷ്യന്റെ നീതിയും സത്യത്തെക്കുറിച്ചുള്ള ആകുലതയും തീവ്രമായ പ്രണയവും അസ്തിത്വത്തിന്റെ സമസ്യയും എല്ലാം അതില്‍ ചേരുകയാണ്.
സമീപകാലത്ത് പുറത്തിറങ്ങിയ Grounded spirituality എന്ന ഗ്രന്ഥത്തില്‍ സാകല്യമായ ഒരാത്മീയതയെക്കുറിച്ച് പറയുന്നുണ്ട്. ജെഫ് ബ്രൗണ്‍ ആണ് ഗ്രന്ഥകാരന്‍. അദ്ദേഹം പറയുന്നത് നമ്മെ തടവിലാക്കുന്നത്, ചിതറിക്കുന്നത്, തടസ്സപ്പെടുത്തുന്നത് എന്താണോ അത് ആത്മീയത അല്ലെന്നാണ്.
ആത്മീയത എന്നാല്‍ അഹം ഉപേക്ഷിക്കലാണ് എന്ന ലഘൂകരണം അപര്യാപ്തമാണെന്ന് അദ്ദേഹം ചിന്തിക്കുന്നു. എന്നാല്‍ അതിനുപകരം ഒരു സമ്പൂര്‍ണ ബോധോദയമായിരിക്കണം. നമ്മുടെ ആകെ മനുഷ്യാനുഭവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരാത്മീയത വേണമെന്ന് ഗ്രന്ഥകാരന്‍ വാദിക്കുന്നു. നമ്മുടെ ആത്മതത്ത്വത്തെ തകര്‍ക്കുന്നതുകൊണ്ട് പ്രയോജനമില്ല. എല്ലാം ത്യജിക്കുന്നതിലല്ല, എല്ലാറ്റിനെയും ഉള്‍ക്കൊണ്ട് മാനവികമായ നിലയിലും മാനസികമായ തലത്തിലും കൂടുതല്‍ ഉദ്ഗ്രഥനാത്മകത നേടുമ്പോഴാണ് മനുഷ്യന്‍ ഒരാത്മീയ ജീവിയാകുന്നത്. അവിടെ നമ്മുടെ വികാരങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രസക്തിയുണ്ട്.
ഒരു പാട്ട് കേള്‍ക്കുന്നതില്‍ കവിത എഴുതുന്നതില്‍, പൂന്തോട്ടം നന്നാക്കുന്നതില്‍, കുട്ടികളെ സ്‌നേഹിക്കുന്നതില്‍, ദേഹവും പരിസരവും ശുചിയാക്കുന്നതില്‍, പരിസ്ഥിതി പരിപാലിക്കുന്നതില്‍ ആത്മീയമായ ധാരകളുണ്ട്. ഇതെല്ലാം മനുഷ്യന്റെ നിലനില്‍പ്പിനു അവശ്യമാണ്. ഇതിലൂടെയെല്ലാം സഞ്ചരിക്കുമ്പോഴാണ്, ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് അറിവ് നേടുന്നത്. സ്വാമി വിവേകാനന്ദന്‍ ഈ അറിവ് നേടിയതുകൊണ്ടാണ് അദ്ദേഹം ജീവിതത്തിലെ സമസ്ത ധാരകളെയും സംയോജിപ്പിച്ച് ഉണര്‍വ്വിന്റെ പുതിയ പാഠം പഠിപ്പിച്ചത്. മനുഷ്യത്വമെന്നാല്‍ അപരജീവിതങ്ങളുമായി നമ്മെ ബന്ധിപ്പിക്കുന്നതിലാണ് പ്രസക്തമാകുന്നത്. ഇതിലാണ് ആത്മീയതയുള്ളത്. ജെഫ് ബ്രൗണ്‍ അമേരിക്കയിലെ ഒരു സൈക്കോതെറാപ്പിസ്റ്റാണ്. മനഃശാസ്ത്രത്തില്‍ അഞ്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ദശകം നീണ്ട പഠനങ്ങളുടെ ഫലമായാണ് ജെഫ് ഈ പുസ്തകമെഴുതിയത്. മനുഷ്യാനുഭവത്തെ പരിമിതപ്പെടുത്തുന്ന ആത്മീയതയെക്കുറിച്ചുള്ള ചിന്തകളാണ് ഇതില്‍ അനാവരണം ചെയ്യുന്നത്. നമ്മെ കൂടുതല്‍ സജീവമാക്കുന്ന, ഉന്മിഷത്താക്കുന്ന ഒരു ആത്മീയത വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
പാശ്ചാത്യസമൂഹത്തെ ബാധിച്ചിരിക്കുന്ന ആത്മീയമായ വന്ധ്യതയാണ് ജെഫ് ചൂണ്ടിക്കാണിക്കുന്നത്. ചിലര്‍ ബോധോദയം ഭാവിക്കും; പക്ഷേ, അവര്‍ ഉള്ളില്‍ മുറിവേറ്റവരായിരിക്കും. അവര്‍ക്ക് വൈകാരികതയെ മനസ്സിലാക്കാനോ ധാര്‍മ്മികമായി പരിവര്‍ത്തനപ്പെടാനോ കഴിയുന്നില്ല. ആത്മീയത പ്രവൃത്തിയില്‍ ഇല്ല. സഹജീവികളെ കാണാനോ പ്രതികരിക്കാനോ കഴിയാത്തവന്‍ ആത്മീയപ്രഭാവമുള്ളവനാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പാശ്ചാത്യ ആത്മീയ പുസ്തകമെഴുത്തുകാര്‍ എങ്ങനെയാണ് വായനക്കാരെ വഴിതെറ്റിക്കുന്നതെന്ന് വിവരിക്കാന്‍ ജെഫിന്റെ ഈ വാചകം മതി: ഈ എഴുത്തുകാരെല്ലാം മനുഷ്യനെ അവന്റെ ഹൃദയത്തില്‍ നിന്ന് പറഞ്ഞു വിടുകയാണ്. മനുഷ്യനെ ഒരു ആത്മീയ മോഡല്‍ ആക്കരുതെന്ന് അദ്ദേഹം എഴുതുന്നു.
”ഹൃദയം ഒരു വാച്ച് സൂക്ഷിക്കുന്നില്ല. നിങ്ങള്‍ എത്രകാലം ഒരാളെ പ്രണയിച്ചു എന്ന് ഹൃദയത്തിനറിയില്ല. നിങ്ങള്‍ക്ക് നാല്പതാം പിറന്നാള്‍ ആണെന്ന് ഹൃദയം അറിയുന്നില്ല. ഹൃദയത്തിന് അറിയാവുന്നത് അതിന്റെ പ്രതിധ്വനികളാണ്. ഹൃദയത്തെ കൂടുതല്‍ ജീവദായകമാക്കുന്നത്, രസാവഹമാക്കുന്നത്, അതിനെ ഒരിടത്ത് ജീവിപ്പിക്കുന്നത് ആണ് അതിനു പ്രധാനം. അത് തിരിച്ചറിയുന്ന വേളയില്‍ നമുക്ക് ആത്മീയമായ മാറ്റമുണ്ടാകുന്നു.” ജെഫ് ‘അി ൗിരീാാീി യീിറ’ എന്ന പുസ്തകത്തിലെഴുതി.
നോബല്‍ സമ്മാനജേതാവും ഇന്ത്യന്‍ വംശജനുമായ വി.എസ്. നെയ്‌പോള്‍ ഇതിനു സദൃശമായ ഒരഭിപ്രായം പറഞ്ഞത് ഇങ്ങനെയാണ്. ഒറ്റപ്പെട്ട മനുഷ്യരെപ്പോലെ അവര്‍ അവരില്‍ തന്നെ കെട്ടിയിടപ്പെടുന്നു. അവര്‍ക്ക് പുറത്തുള്ള ലോകത്തോട് ഒരു ബന്ധവുമില്ല – ജെഫ് പറയുന്ന ആത്മീയ പ്രതിസന്ധി നെയ്‌പോളും കണ്ടെത്തിയിരുന്നു.
ആത്മീയത ഒരു തുറക്കലാണ്. അത് നമ്മെ നമ്മുടെ ബന്ധനങ്ങളില്‍ നിന്ന് മോചിപ്പിച്ച്, പെരുമാറ്റങ്ങളിലും ആഗ്രഹങ്ങളിലും ചിന്തകളിലും ആകാശങ്ങളെ കാണിച്ചു തരുന്നു. ജീവിതത്തെ സമാശ്വസിപ്പിക്കുന്നതായി നമുക്ക് തോന്നണം.
ആത്മീയതയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ ഒരാളെ ഒരടഞ്ഞമുറിക്കുള്ളിലെന്നപോലെ നിശ്ചലരാക്കുന്നു. മുറിക്കുള്ളിലിരുന്ന് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ദൈവം വരണമെന്നില്ല; ദൈവം പ്രസാദവും സൗഖ്യവും സ്‌നേഹവുമായി അന്യരിലേക്ക് ഒഴുകണം.
ടോള്‍സ്റ്റോയിയുടെ കത്ത്
ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തെ എങ്ങനെയാണ് നേരിടേണ്ടതെന്നതില്‍ ഗാന്ധിജിക്ക് ആശങ്കയുണ്ടായിരുന്നു. സായുധരായ അധികാരിവര്‍ഗത്തെ നേരിടാനുള്ള യാതൊന്നും അദ്ദേഹത്തിന്റെ പക്കല്‍ ഇല്ലായിരുന്നല്ലോ. ഗാന്ധിജി ടോള്‍സ്റ്റോയിയെ ‘സര്‍’ എന്ന് സംബോധന ചെയ്താണ് കത്തുകള്‍ അയച്ചിരുന്നത്. മറുപടിയായി ടോള്‍സ്റ്റോയി എഴുതിയ കത്തുകളില്‍ ആദ്യം എം.കെ. ഗാന്ധി എന്നും പിന്നീട് പ്രിയ സുഹൃത്ത് എന്നും ഗാന്ധിജിയെ സംബോധന ചെയ്യുന്നുണ്ട്..
1908ല്‍ ദേശീയവാദി തരക്‌നാഥ് ദാസ് ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് ഓടിക്കുന്നതിന് ടോള്‍സ്റ്റോയിയുടെ പിന്തുണ ആവശ്യപ്പെട്ട് അദ്ദേഹത്തിനു ഒരു കത്തെഴുതുന്നതാണ് ഇതിനു നിമിത്തമായത്. ധാര്‍മ്മികമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിക്കൊണ്ടിരുന്ന ടോള്‍സ്റ്റോയി തരക്‌നാഥിന് ഒരു കത്തെഴുതി. ആ കത്ത് തരക്‌നാഥ് ഫ്രീ ഹിന്ദുസ്ഥാന്‍; എന്ന തന്റെ പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘എ ലെറ്റര്‍ ടു എ ഹിന്ദു’ എന്ന പേരിലാണ് കത്ത് പിന്നീട് അച്ചടിച്ചുവന്നത്. ഈ കത്ത് ”ഗാന്ധിജിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ദക്ഷിണാഫ്രിക്കയിലായിരുന്ന അദ്ദേഹം ‘അഹിംസ’ എന്ന ആശയം ടോള്‍സ്റ്റോയിയില്‍ നിന്ന് സ്വീകരിക്കാനിടവന്നത്. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി നടത്തിയിരുന്ന ‘ഇന്ത്യന്‍ ഒപ്പീനിയന്‍’ എന്ന പത്രത്തില്‍ അത് പ്രസിദ്ധീകരിക്കുന്നതിന് അനുമതി ചോദിച്ച് അദ്ദേഹം ടോള്‍സ്റ്റോയിക്ക് എഴുതി. ടോള്‍സ്റ്റോയിയുടെ കത്തുകളിലെ പ്രധാനപ്പെട്ട ചില ആശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
- സ്‌നേഹത്തിന്റെ തത്ത്വശാസ്ത്രത്തിന് എന്നും വലിയ വിലയുണ്ട്.
- മനുഷ്യര്‍ പരസ്പരം കീഴടങ്ങുന്നതാണ് സ്‌നേഹം. ഇതിനേക്കാള്‍ മഹത്തായ ഒരു നിയമവുമില്ല.
- ഏത് രൂപത്തിലുള്ള ബലപ്രയോഗവും സ്‌നേഹത്തിന്റെ മതവുമായി ഒത്തുപോകില്ല.
- ഇത് തുടരുമ്പോള്‍, ഏത് കാര്യത്തിലും ശക്തി ഉപയോഗിക്കാമെന്ന് തോന്നും.
- ക്രിസ്തുമതം സ്‌നേഹത്തിലാണ് പടുത്തുയര്‍ത്തിയിരിക്കുന്നതെങ്കിലും അതിന്റെ ഉപരിതലത്തില്‍ ശക്തിയാണ് പ്രകടമായി കാണുന്നത്.
- സാമൂഹ്യക്രമത്തിന്റെ തത്ത്വം ശക്തിപ്രയോഗമാണെന്ന് പലരും കരുതുന്നു.
- ക്രിസ്തുമതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രങ്ങള്‍ ഒരു വലിയ വൈരുദ്ധ്യം നേരിടുന്നുണ്ട് – അവരുടെ തത്ത്വവും പ്രയോഗവും തമ്മില്‍.
- സ്‌നേഹവും ബലപ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യം ഭരണകൂടങ്ങളെയും നീതിസ്ഥാപനങ്ങളെയും ബാധിച്ചു.
- ക്രിസ്തുമതത്തിന്റെ ആത്മീയ ജീവിതത്തിന്റെ വികാസത്തിനനുസരിച്ച് ഈ വൈരുദ്ധ്യവും വര്‍ദ്ധിച്ചു.
- സോഷ്യലിസം, കമ്മ്യൂണിസം, അരാജകവാദം, കുറ്റകൃത്യങ്ങളുടെ ആധിക്യം, അദ്ധ്വാനത്തില്‍ നിന്നുള്ള മോചനം, സമ്പന്നരുടെ ആര്‍ഭാടജീവിതം തുടങ്ങിയവയെല്ലാം ഈ വൈരുദ്ധ്യത്തില്‍ നിന്ന് രൂപംകൊണ്ടതാണ്. ഇതിനെല്ലാം പരിഹാരം സ്‌നേഹത്തിന്റെ മതമാണ്. റഷ്യയിലെ ക്രിസ്തുമതവിശ്വാസികള്‍ ഒരാളെ കൊല്ലുന്നതിനെ ന്യായീകരിക്കുകയാണ്.
വായന
കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ യെക്കുറിച്ച് നൂറ് വര്‍ഷം പിന്നിട്ടവേളയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ആഹ്ലാദകരമാണ്. നമ്മുടെ നാട്ടില്‍ കവിതയ്ക്ക് ഇപ്പോഴും സ്വീകാര്യതയുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. ഇത് ആശാന്റെ വിജയമാണ്. ചിന്താവിഷ്ടയായ സീത പുറത്തിറങ്ങിയപ്പോള്‍ എത്രയോ കാവ്യങ്ങള്‍ അരങ്ങത്തുണ്ടായിരുന്നു! അതിനുശേഷം എത്രയോ രചനകള്‍ പുറത്തുവന്നു. എന്നാല്‍ ഈ കാവ്യത്തിനു മാത്രം ഒരു ശതാബ്ദി ലഭിച്ചു. വലിയൊരു വിഷയമാണ് ആശാന്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ സര്‍വ്വസ്വവുമായ സീത പ്രതിഷേധിക്കുകയാണിവിടെ. അതും ശ്രീരാമനോട്. വാത്മീകി അവശേഷിപ്പിച്ച ഒരു മൗനമാണത്. അത് ആശാന്‍ സാരസ്വതം കൊണ്ട് നിറച്ചു. ഒരു മനുഷ്യാവസ്ഥയുടെ നാവ് അതില്‍ ക്ഷോഭവും ദുഃഖവും പൂണ്ട് കഴിയുന്നുവെന്ന് ഉല്പതിഷ്ണുവായ ആശാന്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം ചിന്താവിഷ്ടയായ സീതയെക്കുറിച്ച് കുറെ ലേഖനങ്ങള്‍ വായിച്ചു. ശതാബ്ദി താണ്ടുന്ന ചിന്തകള്‍ (ഭാഗ്യശീലന്‍ ചാലാട്, കേസരി), ആശാന്റെ സീത, ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ (എസ്. ഭാസുരചന്ദ്രന്‍, കലാകൗമുദി) എന്നീ ലേഖനങ്ങള്‍ ഉജ്ജ്വലമായ ചിന്തകൊണ്ട് തെളിമ നിലനിര്‍ത്തി. വാത്മീകിയുടെയോ എഴുത്തച്ഛന്റെയോ സീതയല്ല ആശാന്റേതെന്ന് ഭാഗ്യശീലന്‍ എഴുതുന്നത് ശ്രദ്ധേയമാണ്. ആശാന്റെ സീത കാഞ്ചനസീതയല്ല എന്നു പറയുമ്പോള്‍ അതിന് ആശയപരമായ അടിത്തറ ലഭിക്കുന്നു.
ഭാസുരചന്ദ്രന്‍ കാവ്യത്തിന്റെ മറ്റൊരു സൗന്ദര്യമാനം എടുത്തു കാണിക്കുന്നതിങ്ങനെയാണ്: ”സീത ചോദിക്കുന്നു, എന്താണീ ജനഹിതം? ജനങ്ങളില്‍ ഭിന്നാഭിപ്രായക്കാരുണ്ടായിരുന്നില്ലെ? ഒരു രാജാവ് അത് പരിശോധിച്ചറിയേണ്ടതല്ലേ? നോക്കൂ, ജനഹിതം ഒരു തട്ടിപ്പ് പ്രസ്ഥാനമാണെന്ന് ഇന്ന് നമുക്കറിയാം, അങ്ങനെ ആരും ചിന്തിച്ചിട്ടില്ലാത്ത കാലത്ത് എന്നല്ല, ജനഹിത പരിശോധന എന്ന പ്രസ്ഥാനമേ ജനിച്ചിട്ടില്ലാത്ത കാലത്ത് കേരളത്തില്‍ ഇരുന്നാണ് ഒരു വലിയ കവി ആള്‍ക്കൂട്ടത്തിന്റെ ധാര്‍മ്മികതയില്‍ അവിശ്വാസം രേഖപ്പെടുത്തുന്നത്.”
ശാരദിനി ദഹാനകര്‍, ഊര്‍മ്മിള താത്തേ എന്നിവര്‍ ചേര്‍ന്നെഴുതിയ Ayurveda Unravelled എന്ന പുസ്തകം നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ചു. ആയുര്‍വ്വേദത്തെ ചുഴ്ന്ന് നില്‍ക്കുന്ന നിഗൂഢതയുടെ ചുരുള്‍ അഴിക്കുന്ന ഈ പുസ്തകം നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലവിലുള്ള ഒറ്റമൂലി ചികിത്സയെക്കുറിച്ചും അറിവു നല്‍കുന്നു.
മരിച്ചുപോയവരുടെ വീടുകള്‍ എന്ന പേരില്‍ സഞ്ജയ് നാഥ് എഴുതിയ കവിത (സ്ത്രീശബ്ദം) ആഴമേറിയ അനുഭവങ്ങള്‍ തന്നു. ”മരിച്ചുപോയവരുടെ കാല്പാടുകള്‍ നോക്കി യാത്രപോയ വീടുകള്‍ എങ്ങനെയാണ് തിരികെ വരിക” എന്ന വരി ചിന്തനീയമാണ്.
ശശിധരന്‍ ഫറോക്ക് എഴുതിയ ‘പിലാറ്റുഫോറം’ (പ്രദീപം) വേദനയെ ഉള്ളില്‍ കരുതി, പുറമേ ചിരിക്കാന്‍ ശ്രമിക്കുന്നവരുടെ ജീവിതം ഓര്‍മ്മിപ്പിച്ചു. ഇതേ ലക്കത്തില്‍ ചന്ദ്രകാന്ത് ദേവല്‍ എഴുതിയ വീണുപോയൊരു നാണയം (പരിഭാഷ: ഡോ. ആര്‍സു) എന്ന കവിതയുടെ രണ്ടാമത്തെ വരി കാണാനില്ല. പരിഭാഷകന്റെ ഉദ്ദേശ്യം വ്യക്തമായില്ല. ഈ കവിതയില്‍ സാഹിത്യാനുഭൂതിക്ക് വേണ്ട യാതൊന്നും കണ്ടില്ല.
മധുപാലിന്റെ കഥ ‘അക്കരെ കടത്തുന്ന തുഴക്കാര്‍’ (പ്രഭാത രശ്മി) സുഗമമായ വായനയ്ക്ക് സഹായകമായി. നഗരവത്ക്കരണത്തിനിടയില്‍ നഷ്ടപ്പെട്ട ഓര്‍മ്മകളെ തിരഞ്ഞുചെല്ലുകയാണ് കഥാകൃത്ത്.
കവിയും സാംസ്‌കാരികപ്രവര്‍ത്തകനുമായ വി.കെ. നാരായണന്റെ കൃതികളെക്കുറിച്ച് അനീഷ്‌കുമാര്‍ വി.കെ. എഴുതിയ ലേഖനം (ഓറ) ഉചിതമായി. മഹാരാജാസ് കോളേജില്‍ ജാതിവിവേചനം അനുഭവിക്കേണ്ടിവന്നുവെന്ന് ലേഖനത്തില്‍ വെളിപ്പെടുത്തുന്നുണ്ട് നാരായണന്‍. കവിതയ്ക്ക് വൃത്തം വേണോ എന്ന ചോദ്യത്തോട് നാരായണന്‍ ഇങ്ങനെ പ്രതികരിച്ചു:
”കവിതയ്ക്ക് കവിതയുടെ ഭാഷ,
അതിനു അതിന്റെ വൃത്തം.
ഇവിടെ കവിതയാണ് കാര്യം.”
ഭാഷ എന്നത് ആശയവിനിമയ മാധ്യമമാണ്. കവിതയിലാകുമ്പോള്‍ ഭാഷയും ആശയവും അത്യന്തം ഇഴുകിച്ചേര്‍ന്നിരിക്കും. ഇത്തരം ആശയവിനിമയ പ്രക്രിയയില്‍ ഉണ്ടാകാവുന്ന ഉരസല്‍ ഒഴിവാക്കുന്ന അല്ലെങ്കില്‍ ലഘൂകരിക്കുന്ന സ്‌നേഹമാണ് ഛന്ദസ് അഥവാ വൃത്തം.
ഇന്ന് ഒരാളെ നവീനകലാകാരന്‍ എന്ന് വിശേഷിപ്പിക്കണമെങ്കില്‍, അയാള്‍ ബോട്ടിയാര്‍, യാന്‍ മാര്‍ട്ടല്‍, ഹോമി കെ. ഭാഭ, കൃഷ്ണമൂര്‍ത്തി, റയോല്‍ ഇറഷല്‍മാന്‍ തുടങ്ങിയവരെ വായിച്ചിരിക്കണം.
സൗന്ദര്യബോധവും പാണ്ഡിത്യവും രണ്ടാണ്. ചിലര്‍ ധാരാളം സര്‍വ്വകലാശാല ബിരുദങ്ങള്‍ നേടിയിട്ടുണ്ടാകാം; അനേകം പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടാകാം. പക്ഷേ സൗന്ദര്യബോധം ഉണ്ടാകണമെന്നില്ല. ഹ്വാന്‍ റുള്‍ഫോയുടെ പെഡ്രോ പരാമോ എന്ന നോവല്‍ വായിച്ചാല്‍ ഇവര്‍ക്ക് മുഷിയും. കാരണം ഇവര്‍ക്ക് സൗന്ദര്യത്തിന്റെ അനുഭൂതിയില്ല.
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ പുല്ലാങ്കുഴല്‍ വിദഗ്ദ്ധന്‍ ഹരിപ്രസാദ് ചൗരാസ്യ ഒരിക്കല്‍ പറഞ്ഞു: ”ഞാന്‍ പുല്ലാങ്കുഴല്‍ വായിക്കുന്നത് കേള്‍വിക്കാര്‍ക്ക് വേണ്ടിയാണ്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ ഞാന്‍ ശ്രീകൃഷ്ണനെയാണ് കാണുന്നത്; കേള്‍വിക്കാര്‍ക്കും അത് കാണാം.” പാശ്ചാത്യര്‍ അദ്ദേഹത്തിന്റെ മുരളീനാദം കേട്ട് ധ്യാനലീനരായി. കാരണമെന്താണ്? അദ്ദേഹം സൗന്ദര്യമാണ് പൊഴിക്കുന്നത്. ഇത് ഗ്രഹിക്കാന്‍ പാണ്ഡിത്യമല്ല വേണ്ടത്; മനസ്സാണ്.
നുറുങ്ങുകള്‍
സമസ്തകേരള സാഹിത്യപരിഷത്ത് ഒരു ധീരകൃത്യം ചെയ്തു. എം.ആര്‍ ചന്ദ്രശേഖരന് സാഹിത്യവിമര്‍ശനത്തിനുള്ള അവാര്‍ഡ് നല്‍കി. ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും എം.ആര്‍.ചന്ദ്രശേഖരന്റെ സമീപത്തുവരെയാണ് പരിഷത്ത് എത്തിയത്. കാലത്തിനു നിരക്കാത്ത ചിന്തയുടെ ഒരു വൃദ്ധസദനമാണ് സാഹിത്യപരിഷത്ത്.
- യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തിനെക്കുറിച്ച്, ഇതാ ഒടുവില്‍, സാംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തകര്‍ പ്രതികരിച്ചിരിക്കുന്നു! ഒരു സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകനായ തോമസ് ജോസഫ് പത്ത് മാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞിട്ട് യാതൊന്നും ചെയ്യാത്ത ഈ സാംസ്‌കാരിക ജീവികളെക്കുറിച്ചോര്‍ക്കുമ്പോള്‍ നിരാശയാണുണ്ടാവുന്നത്.
- സംസ്ഥാനത്ത് നല്‍കപ്പെടുന്ന ഒരു അവാര്‍ഡില്‍പ്പോലും കൃതിയുടെ മഹത്വം നോക്കുന്നില്ല.
- കെ.സി. നാരായണന്‍ ഭാഷാപോഷിണിയില്‍ നിന്ന് വിരമിച്ചതായി അറിഞ്ഞു. വിരമിച്ചതിലൂടെ വലിയൊരു സേവനമാണ് അദ്ദേഹം മലയാളത്തിനു നല്‍കിയത്. ഇത്രയധികം സ്വജനപക്ഷപാതവും ഇടുങ്ങിയ മനസ്സുമുള്ള ഒരു പത്രാധിപരെ കേരളം കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. അദ്ദേഹം ഭാഷാപോഷിണിയെ ഒരു കന്യാസ്ത്രീമഠം പോലെയാക്കി; അടഞ്ഞലോകം മാത്രം. പകയും കുശുമ്പുമായിരുന്നു ആദര്‍ശമന്ത്രങ്ങള്‍. യാതൊരു നവീനചിന്തയും തീണ്ടിയിട്ടില്ലാത്ത ഒരു യാഥാസ്ഥിതിക വ്യക്തിത്വമായിരുന്നു അദ്ദേഹം.
- കെ. കരുണാകരന്‍ എന്ന മുഖ്യമന്ത്രി കവി എസ്. രമേശന്‍ നായരെ സ്ഥലം മാറ്റിയതും ‘നാടുകടത്തി’യതുമൊക്കെ നമുക്കറിയാമല്ലോ. എന്നാല്‍ രമേശന്‍ നായര്‍ തന്റെ സംഗീത ആല്‍ബം പിന്നീട് പ്രകാശനം ചെയ്യിച്ചത് കരുണാകരനെക്കൊണ്ടാണ്. അപ്പോള്‍ രമേശന്‍ നായര്‍ കരുണാകരനോട് ചോദിച്ചു. അങ്ങേക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം (ശ്രീകൃഷ്ണനെക്കുറിച്ചുള്ളത്) ഏതാണെന്ന്. അല്‍പ്പം ആലോചിച്ചിട്ട് കരുണാകരന്‍ പറഞ്ഞു. ഗുരുവായൂരപ്പാ നിന്‍ മുന്നില്‍ ഞാന്‍ എരിയുന്നു കര്‍പ്പൂരമായ് (രചന: രമേശന്‍ നായര്‍).