വീണേടത്തു കിടന്നു കണ്ണുകളടച്ചു, മനസ്സില്‍ രാമനെ വിളിച്ചു കരഞ്ഞു, ജാംബവാന്‍!
”ഹേ, ശ്രീരാമചന്ദ്രപ്രഭോ! അവിടുത്തെ പാദദാസനിതാ പരാജിതനായി വീണു കിടക്കുന്നു. ഇതെങ്ങനെ സംഭവിച്ചു? അവിടുന്നു ഈ ദാസനെ കൈവിട്ടുവോ?”
”കണ്ണുതുറക്കൂ ജാംബവാന്‍! എഴുന്നേല്‍ക്കൂ.” കൃഷ്ണന്‍ അലിവോടെ വിളിച്ചു.
എന്ത്? ഈ ശബ്ദം എന്റെ സ്വാമിയുടേതാണല്ലോ എന്ന അത്ഭുതത്തോടെ, ജാംബവാന്‍ തളര്‍ന്നടഞ്ഞ കണ്ണുകള്‍ തിരുമ്മിത്തുറന്നു, തലയല്പം പൊക്കിനോക്കി.
ഇതെന്തു കഥ? എന്റെ ശ്രീരാമചന്ദ്രസ്വാമിയാണല്ലോ മുന്നില്‍! കണ്ണുകള്‍ ഒന്നുകൂടി തിരുമ്മിനോക്കവേ നീണ്ടുവന്ന ഭഗവന്റെ കരം ഗ്രഹിച്ചു ജാംബവാന്‍ എഴുന്നേറ്റു നിന്നു.
നോക്കിയപ്പോള്‍ വീണ്ടും അത്ഭുതം – വില്ലും ആവനാഴിയുമില്ലാത്ത ശ്യാമളവര്‍ണ്ണന്‍! കൈയില്‍ ഓടക്കുഴല്‍, തലയില്‍ മയില്‍പ്പീലി!
കണ്ണുകളടച്ചു, ഒരു നിമിഷം വീണ്ടും തുറന്നു നോക്കുമ്പോള്‍ ശ്രീരാമചന്ദ്രന്‍ തന്നെ! ജാംബവാന്റെ മനസ്സിലും ബുദ്ധിയിലും ഒരു മിന്നല്‍പ്പിണറുണ്ടായതുപോലെ തോന്നി.
വില്ലെടുത്ത സ്വാമി തന്നെയാണ് പീലിചൂടി ഓടക്കുഴലുമായി നില്‍ക്കുന്നത്. ഇത് എന്റെ സ്വാമിയാണ്, പ്രഭുവാണ്, ഭഗവാനാണ് എന്നു പറഞ്ഞുകൊണ്ടു ജാംബവാന്‍ ആ പാദങ്ങളില്‍ വീണു നമസ്‌കരിച്ചു സ്തുതിച്ചു:
”ആദിയില്‍ മത്സ്യമായി അവതരിച്ചതും പിന്നെ കൂര്‍മ്മമായും വരാഹമായും നരസിംഹമായും വാമനനായുമെല്ലാം അവതരിച്ചതും അവിടുന്നാണ് പ്രഭോ! പിന്നെ ഭൃഗുരാമനായും രഘുരാമനായും ബലരാമനായും അവതരിച്ചത് ഹേ പീതാംബരകൃഷ്ണാ, മുരളീധരാ അവിടുന്നു തന്നെയാണ്. എന്റെ അജ്ഞത പൊറുത്താലും. എന്നോടു ക്ഷമിച്ചാലും!”
കൃഷ്ണന്‍ പുഞ്ചിരിയോടെ ജാംബവാനെ എഴുന്നേല്‍പിച്ചു പറഞ്ഞു:
”ഹേ, ജാംബവാന്‍! നിനക്കു പണ്ടു ഞാന്‍ ചിരംജീവിത്വം തരുമ്പോള്‍ നീ എന്നോടു ഒരു വരം അപേക്ഷിച്ചതു ഓര്‍ക്കുന്നുവോ? ഇനിയും ധര്‍മ്മരക്ഷാര്‍ത്ഥം അങ്ങ് അവതരിക്കുകയാണെങ്കില്‍ അന്ന് എനിക്ക് നേരിട്ടു ദര്‍ശനം തരണമെന്നായിരുന്നു അപേക്ഷ. നിന്റെ ആ ആഗ്രഹം സാധിപ്പിക്കാനാണ് സ്യമന്തകരത്‌നത്തിന്റെ പിന്നാലെ ഞാന്‍ എത്തിയത്.
ഏതായാലും യാത്ര വളരെ രസകരമായി എന്നു പറയാതെ വയ്യ. നീയുമായി ഇടിച്ചു കളിച്ചു ദിവസങ്ങള്‍ പോയതു അറിഞ്ഞേയില്ല. ഇനി ആ രത്‌നം ഇങ്ങു തരൂ. ഞാന്‍ മോഷ്ടാവാണ്, കൊലപാതകിയാണ് എന്നൊക്കെയുള്ള അപവാദം തീര്‍ക്കാന്‍ ഉടനെ നാട്ടില്‍ തിരിച്ചെത്തിയേ പറ്റൂ.”
ജാംബവാന്‍ കുടുംബത്തെ നീട്ടിവിളിച്ചു. അകലെ വാതില്‍ക്കല്‍ കാത്തുനില്പുണ്ടായിരുന്നവര്‍ മുന്നോട്ടു വന്നു.
കുട്ടിക്കുരങ്ങില്‍ നിന്ന് സ്യമന്തകരത്‌നം വാങ്ങിയ ജാംബവാന്‍, പിറകില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്ന മകള്‍ ജാംബവതിയുടെ കഴുത്തില്‍ നിന്നു വിശേഷപ്പെട്ട സ്വര്‍ണ്ണമാലയും അഴിച്ചുവാങ്ങി. എന്നിട്ട് മാലയുടെ പതക്കത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത രത്‌നം ഭദ്രമായി അവിടെ ഉറപ്പിച്ചശേഷമാണ് ശ്രീകൃഷ്ണന്റെ കരങ്ങളില്‍ സമര്‍പ്പിച്ചത്.
ഭഗവാന്‍ രത്‌നമാല വാങ്ങി സ്വന്തം കഴുത്തിലണിഞ്ഞതു കണ്ട്‌സന്തുഷ്ടനായ ജാംബവാന്‍ മകളുടെ കൈപിടിച്ചു മുന്നിലേക്ക് നിര്‍ത്തിയിട്ടു പറഞ്ഞു:
”ഭഗവാനേ! ഇത് എന്റെ മകള്‍ ജാംബവതിയാണ്. ഇവളെക്കൂടി ഞാന്‍ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. ദയവായി സ്വീകരിച്ചു ഞങ്ങളെ അനുഗ്രഹിച്ചാലും!”
~ഒരു നിമിഷം അമ്പരപ്പോടെ നിന്നുപോയി കൃഷ്ണന്‍! ഇതെന്തു കഥ? വില്ലെടുത്തു കുലയ്ക്കുന്ന ആളിനുമാത്രമേ മകളെ വിവാഹം ചെയ്തു കൊടുക്കു എന്നു പണ്ടു ജനകരാജാവ് ശപഥം ചെയ്തിരുന്നില്ലേ? അതുപോലെ ജാംബവാനും ശപഥം ചെയ്തുവോ, മല്ലയുദ്ധത്തില്‍ തന്നെ പരാജയപ്പെടുത്തുന്ന വീരനുമാത്രമേ തന്റെ മകളെ നല്‍കൂ എന്ന്? ഞാനിങ്ങനെ വന്നില്ലായിരുന്നെങ്കിലോ….?
വശ്യമായ ഒരു പുഞ്ചിരിയോടെ, ജാംബവാന്‍ പിടിച്ചുയര്‍ത്തിയ ജാംബവതിയുടെ കരം ശ്രീകൃഷ്ണന്‍ ഗ്രഹിച്ചു. ജാംബവതി ആ കരങ്ങള്‍ക്കൊപ്പം കൃഷ്ണനരികിലേയ്ക്കു ചേരുകയും ചെയ്തു.
(തുടരും)






















