ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ സംഘസൗധം കെട്ടിപ്പടുത്തത് ഒരു ഇതിഹാസത്തില്‍ കുറഞ്ഞൊന്നിനോടും താരതമ്യം ചെയ്യാനാവാത്ത രീതിയിലാണ്. ഒറ്റ വായനയില്‍ അതിശയോക്തിയാണെങ്കിലും സൂക്ഷ്മ നിരീക്ഷണത്തില്‍ പച്ചപ്പരമാര്‍ത്ഥമാണിത്. ഇതിഹാസത്തിന്റെ പൂമുഖപ്പടിയില്‍ ഗുരുജിയെയും ഏകനാഥ്ജിയെയും പോലുള്ള മഹാരഥന്മാരെ സൃഷ്ടിച്ച കഥകളാണെങ്കില്‍ പിന്നാമ്പുറങ്ങള്‍ ഈ മഹാരഥികള്‍ പോരിനാശ്രയിച്ച സാരഥികളുടെ കഥകള്‍കൊണ്ട് സമ്പന്നമാണ്. മഹാന്മാരുടെ ഔന്നത്യത്തില്‍ ഊറ്റം കൊള്ളുകയായിരുന്നില്ല ഡോക്ടര്‍ജിയുടെ ശൈലി. അവരെ മഹത്വത്തിന്റെ ഉന്നതശിഖരങ്ങളില്‍ തളച്ചിടാതെ സാധാരണക്കാരോടൊപ്പം കബഡി കളിപ്പിക്കുന്നതായിരുന്നു ഡോക്ടര്‍ജിയുടെ രീതി. അതോടൊപ്പം സാധാരണക്കാരനെ മഹത്വത്തിന്റെ ഗിരിമകുടങ്ങളിലേക്ക് കൈപിടിച്ചുകയറ്റാനും ഡോക്ടര്‍ജി മറന്നില്ല. ഇത്തരത്തില്‍ ഡോക്ടര്‍ജിയുടെ കൈകളാല്‍ മഹത്വത്തിലേക്കാനയിക്കപ്പെട്ട ഒരു സര്‍വസാധാരണക്കാരനാണ് കൃഷ്ണറാവു മൊഹരീല്‍. ഡോക്ടര്‍ജി ഒരു ഇതിഹാസമെങ്കില്‍ കൃഷ്ണറാവു ഒരു പ്രതിഭാസമാണ്.
1925 ലെ വിജയദശമി ദിനത്തില്‍ സംഘത്തിന് ജീവന്‍ നല്‍കിയ നിമിഷത്തിലും 1940 ജൂണ്‍ 21 ന് ഡോക്ടര്‍ജി മരണം പൂകിയ ദിവസത്തിലും അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ച ഏക വ്യക്തിയാണ് കൃഷ്ണറാവു മൊഹ്‌രീല്‍. ഈ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഡോക്ടര്‍ജി എപ്പോഴൊക്കെ നാഗ്പൂരില്‍ ഉണ്ടായിരുന്നോ അപ്പോഴൊക്കെ അദ്ദേഹത്തിന്റെ നിഴല്‍പോലെ സഞ്ചരിച്ച ഇഷ്ടതോഴന്‍. ഡോക്ടര്‍ജിയോടൊപ്പം ശാഖയിലും ബൈഠക്കിലും സമ്പര്‍ക്കത്തിലും കൃഷ്ണറാവു കൂടെ ഉണ്ടായിരുന്നു. രൂപത്തില്‍ ഡോക്ടര്‍ജിയെപ്പോലെ തന്നെ. രണ്ടു പേരും കറുത്ത നിറം. ഡോക്ടര്‍ജിയോടൊപ്പം കൃഷ്ണറാവുവിനെ കണ്ടില്ലെങ്കില്‍ മാത്രമേ നാഗ്പൂരുകാര്‍ അന്വേഷണം നടത്തൂ. ഡോക്ടര്‍ജിയുടെ നിഴലാണ് കൃഷ്ണറാവു എന്നു വിശേഷിപ്പിച്ചത് നാഗ്പൂരുകാര്‍ തന്നെയാണ്. സംഘത്തിന്റെ കാര്യസ്ഥനായാണ് നാഗ്പൂരുകാര്‍ കൃഷ്ണറാവുവിനെ കണ്ടത്. ഡോക്ടര്‍ജിയാണെങ്കില്‍, കൃഷ്ണറാവുവാണ് സംഘം എന്നു പറയാറുണ്ടായിരുന്നു. കൃഷ്ണറാവുജിയുടെ അമ്മാവനായ ശ്രീ. അപ്പാജി തിജോരെ ഒരിക്കല്‍ കാര്യാലയത്തില്‍ വന്നപ്പോള്‍ “ഇതാ സംഘത്തിന്റെ അമ്മാവന്‍ വന്നിരിക്കുന്നു എന്നുപറഞ്ഞു ഡോക്ടര്‍ജി അദ്ദേഹത്തെ സ്വീകരിച്ചത് കണ്ടപ്പോള്‍ കൃഷ്ണറാവുവടക്കം സര്‍വരും പൊട്ടിച്ചിരിച്ചു.
ഇവര്‍ തമ്മിലുള്ള ആത്മബന്ധത്തിന് സംഘ സംസ്ഥാപനത്തോളം പ്രായമുണ്ട്. പക്ഷെ, കൃഷ്ണറാവുജിയുടെ സര്‍വസ്വാര്‍പ്പണം ഒരു പ്രത്യേക സംഭവവുമായി ബന്ധപ്പെട്ടതാണ്. ഡോക്ടര്‍ജിയുടെ ജീവചരിത്രം കേട്ടവര്‍ക്കും വായിച്ചവര്‍ക്കും സുപരിചിതമാണീ സംഭവം. ഒരിക്കല്‍ വാര്‍ധയില്‍ നിന്നുവന്ന ഒരു സ്വയംസേവകന് തിരിച്ചുപോകാന്‍ കാറു തയ്യാറാക്കാന്‍ ഡോക്ടര്‍ജി മറ്റൊരു സ്വയംസേവകനെ ഏല്‍പിച്ചു. ഡോക്ടര്‍ജിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ താന്‍ ചെയ്‌തോളാമെന്നു പറഞ്ഞ് ആ വ്യക്തി സ്വയം ഏറ്റെടുത്തതാണ് ഈ വ്യവസ്ഥ. കാറ് തയ്യാറാക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടപ്പോള്‍, അദ്ദേഹം ഡോക്ടര്‍ജിയെ വിവരം ധരിപ്പിച്ചു. ഡോക്ടര്‍ജി അതിനെ മറികടക്കാനുള്ള പോംവഴിയും നല്‍കി. എങ്കിലും രാത്രി പോകാന്‍ കാര്‍ കിട്ടിയില്ല. പിറ്റേന്ന് രാവിലെ 8 മണിക്ക് പോകാനുളള വ്യവസ്ഥയായി. ഇക്കാര്യം അദ്ദേഹം ഡോക്ടര്‍ജിയെ ധരിപ്പിച്ചില്ല. അതിഥിയായി വന്ന സ്വയംസേവകന് അസൗകര്യം നേരിട്ടതു മനസ്സിലാക്കിയ ഡോക്ടര്‍ജി, പനിച്ചു വിറച്ചുകൊണ്ട് വ്യവസ്ഥയേറ്റ സ്വയംസേവകനെ കാണാന്‍ വന്നു. വിവരം കിട്ടാത്തത് കാരണം ഞാന്‍ പോയി കാര്‍ ഡ്രൈവറെ കണ്ടെന്നും, രാവിലെ 8 മണിക്ക് പകരം 6 മണിക്ക് പോകാമെന്ന് ഡ്രൈവര്‍ സമ്മതിച്ചെന്നും ഡോക്ടര്‍ജി പറഞ്ഞു. ഇക്കാര്യം നേരിട്ടു ധരിപ്പിക്കാന്‍ വന്നതാണെന്നും ഡോക്ടര്‍ജി കൂട്ടിച്ചേര്‍ത്തു. പനിച്ചു വിറച്ചുകൊണ്ട് ഡോക്ടര്‍ജി കാര്‍ ഡ്രൈവറെ കാണാന്‍ പോയതും, ആ വിവരം തന്നെ ധരിപ്പിക്കാന്‍ പാതിരാത്രി നടന്നു വന്നതും ഓര്‍ത്ത് ആ സ്വയംസേവകന്റെ ഹൃദയം നീറി. തന്റെ കര്‍മ്മശൈലിയിലെ അശ്രദ്ധയും അപൂര്‍ണ്ണതയും കൊണ്ട് ഡോക്ടര്‍ജിയ്ക്ക് കടുത്ത രോഗാവസ്ഥയിലും അര്‍ദ്ധരാത്രി ബുദ്ധിമുട്ടുണ്ടാക്കിയതോര്‍ത്ത് അദ്ദേഹം പശ്ചാത്തപിച്ചു.
ഈ കഥ നമ്മളെല്ലാവരും ബൗദ്ധിക്കുകളില്‍ കേട്ടതാണ്. എന്നാല്‍ ഇതിന്റെ രണ്ടാം ഭാഗമാണ് ഡോക്ടര്‍ജിയുടെ പ്രഭാവശക്തിയുടെ അത്യുദാത്തമായ മറ്റൊരുദാഹരണം. ഈ കഥയില്‍ വ്യവസ്ഥ തെറ്റിച്ച സ്വയംസേവകനാണ് കൃഷ്ണറാവു മൊഹരീല്‍. ഡോക്ടര്‍ജിയെ സംബന്ധിച്ച് ഇത്തരം ത്യാഗങ്ങള്‍ പ്രകൃതത്തിന്റെ ഭാഗവും ജീവിതത്തിലുടനീളം തുടര്‍ന്നതുമാണ്. എന്നാല്‍ കൃഷ്ണറാവുവിനെ സംബന്ധിച്ച് ഇതൊരു വിധിനിര്‍ണ്ണായക നിമിഷമായിരുന്നു. തന്റെ ഭാഗത്തുനിന്നും ഇനി ഇത്തരം പാളിച്ചകള്‍ ഉണ്ടാകില്ലെന്നും ഇതിന്റെ പശ്ചാത്താപമെന്നോണം ജീവിതകാലം മുഴുവന്‍ നാഗ്പൂരിലെ വ്യവസ്ഥകള്‍ ചെയ്യണമെന്നും കൃഷ്ണറാവു മനസ്സാല്‍ നിശ്ചയിച്ചു. അന്നു സാധിക്കാതെ പോയ ഒരു കാറിനു പകരം ഒരായിരം തവണ നാഗ്പൂര്‍ കാര്യാലയത്തില്‍ കാറുകള്‍ വ്യവസ്ഥ ചെയ്യാനായി അദ്ദേഹം ജീവിതം ഹോമിച്ചു. ഈയൊരറ്റ സംഭവം കൊണ്ടാണ് അദ്ദേഹം പ്രചാരകനായതെന്നു പറഞ്ഞാല്‍ അതു പൂര്‍ണ്ണമായും ശരിയല്ല. ഡോക്ടര്‍ജിയുമായുള്ള സഹവാസം അദ്ദേഹത്തിന്റെ ഉള്ളിലെ രാഷ്ട്രബോധത്തെയും സേവനത്വരയെയും ആത്മചൈതന്യത്തെയും മെല്ലെമെല്ലെ തട്ടിയുണര്‍ത്തുകയായിരുന്നു. എങ്കിലും പ്രചാരകനാവുന്നതിനുള്ള തീരുമാനത്തിനു ചിറകുപിടിപ്പിച്ച സംഭവവം ഇതാണ്. കൃഷ്ണറാവുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന സാമാന്യമായ മറാഠി പുസ്തകങ്ങളിലൊന്നും അദ്ദേഹത്തിന്റെ ജാതകത്തെക്കുറിച്ചോ ജന്മനാളിനെക്കുറിച്ചോ പരാമര്‍ശങ്ങളില്ല. സംഘശില്പികളുടെ കഥപറയുന്ന ചില ഗ്രന്ഥങ്ങളില്‍ നൂറുനൂറു മുന്നണിപ്പോരാളികളുടെ ഇടയില്‍ അദ്ദേഹത്തിന്റെ പേരുപോലും കാണാനില്ല. പേരും പെരുമയും കിട്ടാതെ പ്രവര്‍ത്തിച്ചു മരിച്ചു എന്നതാണ് അദ്ദേഹത്തെ മഹാനാക്കി മാറ്റുന്നത്. അദ്ദേഹം കരുത്തുറ്റ ശാരീരികപുഷ്ടിയുള്ള ഒരു പ്രചാരകനായിരുന്നില്ല. കാതുകള്‍ക്ക് ആനന്ദം പകരുന്ന വാക്ചാതുരിയുള്ള ഒരു പ്രഭാഷകനുമായിരുന്നില്ല. എന്നാല്‍ നിഷ്‌കളങ്കമായ പുഞ്ചിരിയും, മൃദുവായ വാക്കുകളും എല്ലാവര്‍ക്കും നല്‍കാനായി കീശയില്‍ കൊണ്ടുനടക്കാറുള്ള ഇത്തിരി കല്‍ക്കണ്ടവും കൊണ്ട് അദ്ദേഹം ആയിരം ഹൃദയങ്ങള്‍ കീഴടക്കി.
1910 നവംബര്‍ 10 നായിരുന്നു കൃഷ്ണറാവു മൊഹ്‌രീലിന്റെ ജനനം. കുട്ടിക്കാലത്ത് ഡോക്ടര്‍ജിയുമായി സമ്പര്‍ക്കം. നാഗ്പൂരിലെ ഹിസ്‌ലോപ് കോളേജില്‍ പഠിക്കുന്ന കാലംതൊട്ടേ അദ്ദേഹം ഡോക്ടര്‍ജിയുടെ നിഴലായിരുന്നു. വിദ്യാര്‍ത്ഥി ബൈഠക്കുകളില്‍ ഡോക്ടര്‍ജി ഇദ്ദേഹത്തേയും കൊണ്ടുപോകാറുണ്ട്. പഠനകാലത്ത് പാഠ്യേതര വിഷയങ്ങളില്‍ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. നീല്‍സിറ്റി സ്‌കൂളില്‍ സ്‌കൂള്‍ ലീഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജില്‍ ടീരശമഹ ഏമവേലൃശിഴ സംരംഭത്തിന്റെ ജനറല്‍ സെക്രട്ടറി ആയിരുന്നു. ഈ സാമൂഹ്യബോധവും സാമൂഹിക ജീവനശൈലിയും കണ്ടിട്ടാവും ഡോക്ടര്‍ജി അദ്ദേഹത്തില്‍ കണ്ണുവെച്ചത്. അങ്ങനെയല്ലെങ്കില്‍ തന്നെയും, തന്റെ സഹജമായ ശുദ്ധസാത്വിക സ്‌നേഹം ഡോക്ടര്‍ജി അദ്ദേഹത്തിന് നല്‍കിയിരുന്നു. ഒരു ബൈഠക്കില്‍ വിവാഹം കഴിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നപ്പോള്‍, വിവാഹം കഴിക്കേണ്ട ആവശ്യമില്ല എന്ന് അഭിപ്രായമുള്ളവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞപ്പോള്‍, കൃഷ്ണറാവു മാത്രമായിരുന്നു കൈ ഉയര്‍ത്തിയത് എന്നത് ഡോക്ടര്‍ജി ശ്രദ്ധിച്ചുകാണും. എന്തായാലും സ്വയംസേവക ഹൃദയത്തിലുണ്ടാവേണ്ട ദാസമാരുതീഭാവത്തിന്റെ മൂര്‍ത്തീരൂപമായി മാറാന്‍ കൃഷ്ണറാവുവിനെ ഡോക്ടര്‍ജി പ്രാപ്തനാക്കി.
കൃഷ്ണറാവുജി ഡോക്ടര്‍ജിക്ക് കൊടുത്ത വാക്കുപാലിച്ചു. അദ്ദേഹം വിവാഹം കഴിച്ചില്ല. പ്രചാരകനായി. ഏതു വര്‍ഷമാണ് പ്രചാരകനായതെന്നു ചോദിച്ചാല്‍ രേഖയില്ല. തിഥിയില്ല. പക്ഷെ, മരണം വരെ അദ്ദേഹം പ്രചാരകനായിരുന്നു. പ്രചാരകനായിരിക്കെ യഥാതഥമായ ഒരു ചുമതലയിലൂടെയും കൃഷ്ണറാവു കയറിയിറങ്ങിയിട്ടില്ല. പക്ഷെ, സംഘത്തിലെ എല്ലാ ചുമതലകളുടെയും ചുമതലക്കാരുടെയും ചുമതല ഇല്ലാത്തവരുടെയും സേവകനായി കൃഷ്ണറാവു എന്നും ഉണ്ടായിരുന്നു. പ്രചാരകനായി നാഗ്പൂരിന് പുറത്ത് ചുമതലകളില്‍ നിയുക്തനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. സംഘ വളര്‍ച്ചയുടെ കാലത്ത് നാഗ്പൂരിലെ വ്യവസ്ഥാഭാരം താങ്ങി നിര്‍ത്തിയ ഒരു സുപ്രധാന തൂണായിരുന്നു കൃഷ്ണറാവു. വെറും തൂണല്ല കരിങ്കല്‍ തൂണുതന്നെ എന്നു പറയണം. ആദ്യത്തെ ബൈഠക് മുതല്‍ ആദ്യത്തെ ഘോഷ് വാദ്യം വാങ്ങുന്നതുവരെ സംഘ വളര്‍ച്ചയില്‍ കൃഷ്ണറാവുവിന്റെ പങ്കുണ്ടായിരുന്നു.
ഡോക്ടര്‍ജിയുടെ ദേഹത്യാഗസമയത്ത് കൂടെ ഉണ്ടായിരുന്ന മൂന്നു പേരിലൊരാളായിരുന്നെന്ന് നേരത്തെ പറഞ്ഞുവല്ലോ (മറ്റു രണ്ട് പേര്‍; യാദവ് റാവുജി, ഗുരുജി). ഇനിയങ്ങോട്ട് ഗുരുജിയുടെയും കാര്യാലയത്തിന്റെയും വ്യവസ്ഥകള്‍ ഇതുവരെ ചെയ്തതുപോലെ തന്നെ ചെയ്യണമെന്ന് ഡോക്ടര്‍ജി അദ്ദേഹത്തോട് പറഞ്ഞിരുന്നു. അവര്‍ തമ്മിലുള്ള ഹൃദയച്ചേര്‍ച്ചയുടെ ആഴം പറയുന്ന മറ്റൊരു മനോഹരമായ വസ്തുത കൂടിയുണ്ട്. ഡോക്ടര്‍ജി ഗുരുജിയെ സര്‍കാര്യവാഹാക്കുന്ന കാര്യം ആദ്യമായി ഉള്ളുതുറന്ന് സംസാരിച്ചത് കൃഷ്ണറാവുവിനോടാണ്. ഗുരുജിയാണ് തന്റെ പിന്‍ഗാമിയെന്ന് ചര്‍ച്ച ചെയ്ത മൂന്നു പേരിലൊരാളും ഇദ്ദേഹമാണ്. ഡോക്ടര്‍ജിയുടെ കാലശേഷം ഗുരുജിയുടെ വ്യവസ്ഥകളില്‍ മുഴുകി ജീവിക്കാനുള്ള ഉള്‍ക്കാഴ്ച കൃഷ്ണറാവുവിന് കിട്ടിയത് ഇത്തരം സംഭാഷണങ്ങളിലൂടെയാവാം. ഗുരുജിയുടെ യാത്രാവേളയില്‍ ഏകാകിയായി ജീവിക്കുന്ന അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മീതായിയുടെയും വ്യവസ്ഥകള്‍ ഒരുക്കുന്നതിലും കൃഷ്ണറാവു ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. ഈ പതിവു തന്നെ ദേവറസ്ജിയുടെ കാലത്തും അദ്ദേഹം തുടര്‍ന്നു. യാന്ത്രികമായ സേവാഭാവത്തോടെയല്ല മാന്ത്രികമായ താദാത്മ്യഭാവത്തോടെയാണ് അദ്ദേഹമിത് ചെയ്തതെന്നതിനും തെളിവുകളുണ്ട്. പൂജനീയ ഗുരുജിയുടെ മരണശേഷം കൃഷ്ണറാവു എഴുതിയ സ്മരണാഞ്ജലിക്കുറിപ്പു വായിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. ‘ശ്രീ ഗുരുജിയുടെ നിര്‍വാണശേഷം, അദ്ദേഹം ഏതോ യാത്ര പോയിരിക്കുകയാണെന്നു തോന്നുമാറ് എല്ലാം വേണ്ടപോലെ നടന്നുവരുന്നു.’ ‘സംഘത്തിന്റെ തേജസ്സുറ്റ പരമ്പര’ എന്ന തലക്കെട്ടില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലെ അവസാന വാചകങ്ങളാണിത്. ഗുരുജിയുടെ ശ്രദ്ധാഞ്ജലിയും സര്‍സംഘചാലക പരമ്പരയുമാണ് വിഷയം. ഇതില്‍ അദ്ദേഹത്തിന്റെ സംഘദര്‍ശനം ഉള്ളടങ്ങിയിട്ടുണ്ട്. ഒരു പൂജനീയ സര്‍സംഘചാലകന്റെ കാലശേഷം മറ്റൊരാള്‍ വരും, പക്ഷെ, വിടവ് അനുഭവപ്പെടാത്ത മട്ടില്‍ സംഘം മുന്നോട്ടു പോവും. ഈ ഭാവത്തിലാണ് അദ്ദേഹം കണ്‍മുന്നില്‍ കണ്ട മൂന്നു സര്‍സംഘചാലകന്മാരെയും അവരുടെ കുടുംബത്തെയും സേവിച്ചുകൊണ്ടിരുന്നത്.
ക്ഷുഭിതപിതാവിനെ തണുപ്പിച്ച മൊഹറീര്‍ കൃഷ്ണറാവുവിന്റെ കര്‍മ്മചാരിതാര്‍ത്ഥ്യത്തിനുള്ള മകുടോദാഹരണമാണ് ഠേംഗ്ഡിജി പ്രചാരകനായ സംഭവം. ഠേംഗ്ഡ്ജി പ്രചാരകനാവുന്ന വിവരമറിഞ്ഞ് ക്ഷുഭിതനായ അദ്ദേഹത്തിന്റെ പിതാവ് ബാപ്പുറാവു ഗുരുജിക്ക് കമ്പിയടിച്ചു. ടലിറ ഗൃശവെിമ ങീവമൃശഹ ശാാലറശമലേഹ്യ എന്നായിരുന്നു കമ്പിസന്ദേശം. കാര്യത്തിന്റെ ഗൗരവം ഊഹിച്ചെടുത്ത ഗുരുജി, കൃഷ്ണറാവുവിനോട് ആര്‍വിയില്‍ ചെന്ന് അദ്ദേഹത്തോട് സംസാരിക്കാന്‍ പറഞ്ഞു. പക്ഷെ, താങ്കളുടെ സംസാരത്തിലെ അബദ്ധം കൊണ്ട് എനിക്കൊരു പ്രചാരകനെ നഷ്ടപ്പെടാന്‍ പാടില്ലെന്നു മുന്നറിയിപ്പും കൊടുത്തു. ഠേംഗ്ഡ്ജിയുടെ പിതാവ് കൃഷ്ണറാവുവിന്റെ ബന്ധുകൂടിയായിരുന്നു. മകന്‍ നഷ്ടപ്പെടാതിരിക്കാനുള്ള പിതാവിന്റെ ക്ഷോഭം ഒരു വശത്തും പ്രചാരകനാവാനുള്ള മകന്റെ മോഹം മറുവശത്തും. പ്രചാരകനെ നഷ്ടപ്പെടാന്‍ പാടില്ലെന്ന പൂജനീയ സര്‍സംഘചാലകന്റെ ആജ്ഞ തലയ്ക്കുമുകളിലും. കൃഷ്ണറാവുവിന്റെ കര്‍മ്മകുശലതയും സമ്പര്‍ക്കശൈലിയും നയതന്ത്രബുദ്ധിയും എല്ലാത്തിലുമുപരി സംഘബോധവും വെളിവാക്കിയ ദൗത്യമായിരുന്നു ഇത്. ആര്‍വിയിലെത്തി നേരെ അവിടുത്തെ സംഘചാലകനായ ദേശ്പാണ്‌ഡെജിയുടെ വീട്ടില്‍പോയി വിവരം ധരിപ്പിച്ചു. രണ്ടു മൂന്നു സ്വയംസേവകരെയും കൂട്ടി ഠേംഗ്ഡ്ജിയുടെ വീട്ടില്‍പോയി. ബാപ്പുറാവുവിന്റെ കോപത്തെക്കുറിച്ച് നന്നായറിയാവുന്നതിനാല്‍ കൂടെ വന്ന സ്വയംസേവകരെ പുറത്തുനിര്‍ത്തി കൃഷ്ണറാവു ഒറ്റയ്ക്ക് പുലിമടയില്‍ കയറി. അദ്ദേഹത്തെ കണ്ടമാത്രയില്‍ കുശലാന്വേഷണത്തിനൊന്നും മുതിരാതെ ബാപ്പുറാവു ഗര്‍ജ്ജിച്ചു. ഒന്നും തിരിച്ചു പറയാന്‍ സമ്മതിക്കാതെ ഒരു മണിക്കൂര്‍ നീണ്ട ശകാരവര്‍ഷം. ബാപ്പുറാവുവിന്റെ വികാരം മനസ്സിലാക്കി ഒരക്ഷരം മിണ്ടാതെ കൃഷ്ണറാവു എല്ലാം കേട്ടു നിന്നു. ശാസിക്കുന്നതിനിടയില്‍, “താന്‍ വളര്‍ന്നു വലുതായി വലിയ ആളായി എന്ന് ദത്തോപന്തിന് തോന്നിത്തുടങ്ങിയെന്നും, അവനെ പ്രചാരകനാവാന്‍ സമ്മതിക്കില്ലെന്നും, ഒരുപക്ഷെ അവന്‍ തന്നെ ധിക്കരിച്ചുകൊണ്ട് പ്രചാരകായേക്കുമെന്നും” ബാപ്പുറാവു പറഞ്ഞിരുന്നു. ആകെ ആശയക്കുഴപ്പത്തിലായിപ്പോയ കൃഷ്ണറാവു അവസാനം പറഞ്ഞ വാചകത്തില്‍ പിടിച്ചു കയറി.
ഠേംഗ്ഡ്ജിയുടെ പിതാവ് ബാപ്പുറാവുജി
അദ്ദേഹം പറഞ്ഞു: ബാപ്പുറാവു, താങ്കള്‍ സമ്മതിച്ചില്ലെങ്കിലും അവന്‍ പ്രചാരകായിപോകുമെന്ന് ഉറപ്പായ സ്ഥിതിക്ക് നമ്മള്‍ ഇനി എന്തു ചെയ്യും? ദത്തോപന്ത് വിദ്യാസമ്പന്നനും ബുദ്ധിമാനുമാണ്. നമ്മള്‍ പറഞ്ഞാല്‍ അനുസരിക്കുകയുമില്ല. എങ്കില്‍ പിന്നെ അയാളെ അനുഗ്രഹിക്കുന്നതല്ലേ ഉചിതം? ഈ ചോദ്യത്തോടെ ബാപ്പുറാവു തണുത്തു തുടങ്ങി. ആ തണുത്ത ഇടവേളയില്‍ കൃഷ്ണറാവു വീണ്ടും സംസാരിക്കാന്‍ തുടങ്ങി. കോപം തണുത്ത സമയത്ത് കൃഷ്ണറാവു ബാപ്പുറാവുവിന്റെ ദൗര്‍ബ്ബല്യത്തെ ഉണര്‍ത്തി. അദ്ദേഹം പറഞ്ഞു: പിതൃതുല്യനായ താങ്കളോട് ഞാന്‍ കൂടുതല്‍ സംസാരിക്കുന്നത് അവിവേകമാണ്. എങ്കിലും ചോദിക്കട്ടെ. ബാപ്പുറാവു, താങ്കള്‍ ദത്തഭഗവാന്റെ ഭക്തനല്ലേ, ഇത്രയും ബുദ്ധിമാനായ മകനെ താങ്കള്‍ക്ക് ദത്തഭഗവാന്‍ നല്‍കിയതല്ലേ, അതുകൊണ്ടല്ലേ അവന് ദത്താത്രേയ എന്ന് പേരിട്ടത്? അവന്റെ ബുദ്ധിയും സാമര്‍ത്ഥ്യവും ലോകം അറിയണ്ടേ? അവനെ ഈ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടുന്നത് ഭഗവാനെ നിന്ദിക്കുന്നതിന് തുല്യമല്ലേ? താങ്കള്‍ എന്തിനീ പാപം ചെയ്യണം? ഈയൊരൊറ്റ ചോദ്യത്തോടെ പിതാവിന്റെ ഭൗതികമോഹമറ്റ് ബാപ്പുറാവുവിന്റെ ആത്മീയദാഹമുണര്‍ന്നു. ബാപ്പുറാവു തണുത്തു. ഇനിയെങ്ങോട്ടാണ് യാത്രയെന്ന് ചോദിച്ചു. “എന്തായാലും താങ്കളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടല്ലോ. ഇനി ദേശ്പാണ്ഡെജിയുടെ വീട്ടില്‍ ചെന്ന് സമാധാനമായി ഊണു കഴിക്കണമെന്ന് ” പറഞ്ഞു. ബാപ്പുറാവു വിട്ടില്ല. ദേശ്പാണ്ഡെജി അടക്കം എല്ലാവരെയും ക്ഷണിച്ച് സ്വന്തം വീട്ടില്‍ ഊണു കഴിപ്പിച്ചു. കൃഷ്ണറാവു നാഗ്പൂരിലെത്തി ഗുരുജിയെ വിവരം ധരിപ്പിച്ചു. പത്തു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ബാപ്പുറാവു നാഗ്പൂരില്‍ വന്ന് ഗുരുജിയെ കണ്ട് മകനെ സംഘത്തിന് സമര്‍പ്പിച്ചു. ഠേംഗ്ഡ്ജി പ്രചാരകനായി യാത്രയാരംഭിച്ചു. കൃഷ്ണറാവു പഴയപോലെ കാര്യാലയ വ്യവസ്ഥയില്‍ മുഴുകി മുന്നോട്ടുപോയി.
പൂജനീയ സര്‍സംഘചാലകന്മാരുടെയും മാനനീയ സര്‍കാര്യവാഹുമാരുടെയും കത്തുകള്‍ എഴുതിക്കൊണ്ടിരുന്നത് കൃഷ്ണറാവു മൊഹരീല്‍ ആയിരുന്നു. ഭയ്യാജി ദാണി സര്‍കാര്യവാഹായിരുന്നപ്പോള്‍ ഈ ജോലിയുടെ മുഖ്യപങ്കും നിറവേറ്റിയത് കൃഷ്ണറാവുവാണ്. ഡോക്ടര്‍ജിയുടെ കത്തുകളില്‍ പലതും ശേഖരിച്ചതും പകര്‍ത്തി എഴുതിയതും ഇദ്ദേഹമാണ്. കാര്‍ബണ്‍ കടലാസ്‌പോലും ഉപയോഗിക്കാതെയാണ് ഇദ്ദേഹം പകര്‍പ്പുകള്‍ തയ്യാറാക്കുക. സൈക്ലോസ്റ്റാറ്റും ഫോട്ടോസ്റ്റാറ്റും ഇല്ലാത്ത കാലത്ത്, കാര്‍ബണ്‍ കടലാസുപോലും ഉപയോഗിക്കാതെ ഗുരുജിയെപ്പോലുള്ളവരുടെ പതിനായിരക്കണക്കിന് വരുന്ന കത്തുകള്‍ പകര്‍ത്തി എഴുതിയ വ്യക്തിയെക്കുറിച്ച് ഇരുന്നു ചിന്തിച്ചു പഠിക്കേണ്ടതു തന്നെയല്ലേ. കാര്യാലയപ്രമുഖിന്റെ ചുമതലയെന്ന നിലയ്ക്കല്ലാതെ ഒരു ചരിത്രകാരന്റെ ദീര്‍ഘദര്‍ശിത്വത്തോടെയാണ് കൃഷ്ണറാവു ഈ കൃത്യം നിര്‍വഹിച്ചത്. ഇന്ന് സംഘത്തിന് കത്തുകളുടെയും കടലാസുകളുടെയും ചിത്രങ്ങളുടെയും ഔപചാരിക ശേഖരണകേന്ദ്രം തന്നെയുണ്ട്. ഈ സമ്പ്രദായം സംഘത്തില്‍ ആരംഭിച്ചതും നിലനിര്‍ത്തിയതും കൃഷ്ണറാവുവാണ്. ഗുരുജിയുടെയും ദേവറസ്ജിയുടെയും ചിത്രങ്ങളും വാര്‍ത്തകളും കുറിപ്പുകളും പ്രഭാഷണങ്ങളും എവിടെ കണ്ടാലും സ്വന്തം കൈകളാല്‍ വെട്ടിയെടുത്ത് ഒട്ടിച്ചു കാത്തു സൂക്ഷിച്ച ആ പ്രചാരകന്റെ ചരിത്രബോധത്തിനും കര്‍ത്തവ്യബോധത്തിനും നമ്മള്‍ കടപ്പെട്ടിരിക്കുന്നു. ഗുരുജി സാഹിത്യസര്‍വസ്വ രചനാ സമയത്ത് ഈ രേഖകള്‍ എത്രമാത്രം ഉപകാരപ്രദമായിരുന്നുവെന്നത് അവര്‍ണ്ണനീയ വസ്തുതയാണെന്നാണ് ഹരിയേട്ടന്‍ പറഞ്ഞത്.
ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, കേന്ദ്രകാര്യാലയത്തിലെ മുഴുവന്‍ വ്യവസ്ഥകളും മുതിര്‍ന്ന അധികാരിമാരുടെ വ്യവസ്ഥകളും പൂജനീയ സര്‍സംഘചാലകന്റെ വീട്ടിലെ വ്യവസ്ഥകളും കൃഷ്ണറാവു കുറ്റമറ്റ രീതിയില്‍ നിര്‍വ്വഹിച്ചുപോന്നു. ഇതൊന്നും പോരാഞ്ഞിട്ട് നാഗ്പൂരിലെ സംഘ കുടുംബങ്ങളിലെ സുഖദുഃഖ സന്ദര്‍ഭങ്ങളിലും കൃഷ്ണറാവുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. എല്ലാ ചടങ്ങുകളിലും പങ്കെടുക്കുമായിരുന്നു. ഇതിനൊക്കെ സമയം എങ്ങനെ ഉണ്ടാക്കുന്നുവെന്നതായിരുന്നു അത്ഭുതം. നാഗ്പൂര്‍ കാര്യാലയത്തിലും നാഗ്പൂരിലെ സംഘകുടുംബങ്ങളിലും മാത്രമല്ല, നാഗ്പൂരില്‍ കേന്ദ്രകാര്യാലയത്തില്‍ ഏതാവശ്യത്തിനും എവിടെ നിന്നെത്തുന്നവര്‍ക്കും കൃഷ്ണറാവു മൊഹരീല്‍ ഒരാശ്രയമായിരുന്നു. കേന്ദ്രകാര്യാലയത്തിന്റെ പ്രമുഖ് എന്ന അധികാരഭാവത്തോടെയല്ല, ശുദ്ധസാത്വിക സ്‌നേഹം ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ കേന്ദ്ര കാര്യാലയത്തില്‍ താമസിക്കുന്ന സേവകന്‍ എന്ന നിലയിലായിരുന്നു കാര്യാലയത്തില്‍ എത്തുന്നവരോടുള്ള കൃഷ്ണറാവുവിന്റെ പെരുമാറ്റം. അവിടെ എത്തുന്നവര്‍ക്ക് സംഘത്തിലും നാഗ്പൂരിലും അന്യഥാബോധം അനുഭവപ്പെടാത്ത തരത്തില്‍ അവരെ സ്‌നേഹിക്കാനും സഹായിക്കാനും വേണ്ടിവന്നാല്‍ പരിചരിക്കാനും കൃഷ്ണറാവു മൊഹരീല്‍ നേരിട്ടു പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ അന്യദേശത്തു നിന്ന് ആരെങ്കിലും വരുമ്പോള്‍, കൃഷ്ണറാവുവും സ്വയം അവരെ സ്വീകരിക്കാന്‍ ചെന്നെത്താറുണ്ടായിരുന്നു. സംഘപ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജം പ്രസരിക്കുന്നത് കാര്യാലയത്തില്‍ നിന്നല്ല, ശാഖകളില്‍ നിന്നാണ്. എന്നാല്‍ സംഘവ്യവസ്ഥയുടെയും സേവാഭാവത്തിന്റെയും ആദ്യകിരണങ്ങള്‍ പ്രസരിച്ചു തുടങ്ങിയത് നാഗ്പൂര്‍ കാര്യാലയത്തില്‍ നിന്നായിരുന്നു. കൃഷ്ണറാവു അത് അവസാനം വരെ കാത്തുസൂക്ഷിച്ചു.
ഈ പെരുമാറ്റം കൊണ്ടുതന്നെ നാഗ്പൂര്‍ കാര്യാലയത്തില്‍ താമസിച്ചിരുന്ന കൃഷ്ണറാവുവിന്റെ പേര് മഹാരാഷ്ട്രയിലെ എല്ലാ ഭാഗത്തുമുളള പ്രചാരകന്മാര്‍ക്കും സ്വയംസേവകര്‍ക്കും സുപരിചിതമായി. ഒരു തവണ നാഗ്പൂരില്‍ പോയാല്‍ കൃഷ്ണറാവുവിന്റെ സ്‌നേഹം അനുഭവിക്കാതെ മടങ്ങിവരുക സാധ്യമല്ല. മടങ്ങിവന്നതിനുശേഷം അദ്ദേഹം പകര്‍ന്നു നല്‍കിയ സ്‌നേഹത്തെക്കുറിച്ച് മറ്റുളളവരോട് പറയാതിരിക്കാനും പറ്റില്ല. ഇത്തരത്തില്‍ കൃഷ്ണറാവുവിനെക്കുറിച്ച് കേട്ടുകേട്ട് അദ്ദേഹത്തെ കാണാനാഗ്രഹിച്ച രാംഭാവു ബോംഡാളെ എന്ന പ്രചാരകന്‍ അദ്ദേഹത്തിന്റെ അനുഭവം വിവരിച്ചിട്ടുണ്ട്. ഇദ്ദേഹവും കാര്യാലയ പ്രമുഖിന്റെ ചുമതല വഹിച്ച പ്രചാരകനാണ്. പ്രചാരകായി നാലഞ്ചുവര്‍ഷം കഴിഞ്ഞിട്ടാണ് അദ്ദേഹം നാഗ്പൂരില്‍ പോവുന്നത്. അതിനുമുമ്പ്തന്നെ കൃഷ്ണറാവുവിനെ കുറിച്ച് കേട്ടിട്ടുണ്ട്. 1944 ല്‍ ഇദ്ദേഹം സിന്ദില്‍ പ്രചാരകനായിരിക്കുമ്പോള്‍ കൈയൊടിഞ്ഞ ഒരു സ്വയം സേവകനെ ചികിത്സിക്കാനായി നാഗ്പൂരില്‍ കൊണ്ടുവന്നു. റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയപ്പോള്‍ എല്ലാ വ്യവസ്ഥകളും തയ്യാറാക്കി കൃഷ്ണറാവു മൊഹരീല്‍ അവരെയും കാത്തിരിക്കുന്നുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ആശുപത്രി വരെ കൃഷ്ണറാവുവും അവരുടെ എല്ലാ കാര്യത്തിലും സ്വയം ശ്രദ്ധിച്ചു, ഇടപെട്ടു. കാര്യാലയ പ്രമുഖനായിട്ടല്ല സേവനസന്നദ്ധനായ സ്വയംസേവകനായിട്ടായിരുന്നു പെരുമാറ്റം.
സമാനമായ അനുഭവം ഒട്ടനവധി പേര്‍ക്ക് പറയാനുണ്ട്. ഒരിക്കല്‍ ഖാന്‍ഗാവില്‍ നിന്നും ഒരു സ്വയംസേവകനെയും കൊണ്ട് ചികിത്സാര്‍ത്ഥം ഒരു കാര്യകര്‍ത്താവ് നാഗ്പൂരില്‍ എത്തി. ആശുപത്രിയില്‍ പോയി. ആശുപത്രിയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ തിരക്കായതു കാരണം, കൂടെ വന്ന കാര്യകര്‍ത്താവ് ടോക്കണെടുത്ത് രോഗിയെ വരിയില്‍ ഇരുത്തി തന്റെ ദിനചര്യകള്‍ ചെയ്യാനായി കാര്യാലയത്തില്‍ എത്തി. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്താണ് ഉടനെ തിരിച്ചുവന്നതെന്ന് കൃഷ്ണറാവു ചോദിച്ചു. അയാള്‍ വിവരം ധരിപ്പിച്ചു. കൃഷ്ണറാവു ഒന്നും പറയാതെ നിന്നു. കാര്യകര്‍ത്താവ് കുളിച്ചു തയ്യാറായി ആശുപത്രിയില്‍ എത്തിയപ്പോള്‍, തന്റെ കൂടെ വന്ന സ്വയംസേവകന്‍ എല്ലാ പരിശോധനകളും കഴിഞ്ഞ് കൃഷ്ണറാവുവിനോടൊപ്പം ആശുപത്രിയില്‍ കളിതമാശ പറഞ്ഞു നില്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ ചെന്ന് ഖാന്‍ഗാവില്‍ നിന്നു വന്ന ആരെങ്കിലുമുണ്ടോ എന്ന് ഉറക്കെ വിളിച്ച് ചോദിച്ച് രോഗിയെ കണ്ടെത്തി സേവിച്ച കൃഷ്ണറാവു മൊഹരീലിന്റെ മനസ്സിന്റെ ആര്‍ദ്രത ഇന്ന് സംഘത്തില്‍ സര്‍വസാധാരണമെങ്കിലും ഡോക്ടര്‍ജിയെ കാണാത്തവര്‍ക്കെങ്കിലും അക്കാലത്ത് സങ്കല്പത്തിനും അതീതമായിരുന്നു. ഈയൊരൊറ്റ സംഭവം വാര്‍ധയിലെ ശാഖകളില്‍ സംഘകാര്യകര്‍ത്താക്കളുടെ ഹൃദയനൈര്‍മല്യത്തിന്റെ ഉത്തമോദാഹരണം ചൊരിയുന്ന കഥയായി ഇന്നും പ്രചലിതമാണ്. നോക്കുക, പ്രചാരകനായിരിക്കെ ഫീല്‍ഡില്‍ ഇറങ്ങാതെ തന്നെ കാര്യാലയത്തില്‍ ഇരുന്നുകൊണ്ട് സ്‌നേഹം പ്രചരിപ്പിക്കുന്ന അത്ഭുത കാഴ്ചയല്ലേ ഇത്! നിങ്ങളുടെ ഹൃദയത്തില്‍ ശുദ്ധിയുണ്ടെങ്കില്‍ നിങ്ങള്‍ ഗുഹകളിലിരുന്നാല്‍ മതി അവിടെ നിന്ന് വെളിച്ചം പുറത്തേക്കു പോകുമെന്നും ലോകം അങ്ങോട്ടുവരുമെന്നും’ വിവേകാനന്ദ സ്വാമികള്‍ പറഞ്ഞതിന്റെ സാരസര്‍വസ്വമാണിവിടെ വ്യക്തമാവുന്നത്.
കാര്യാലയ വ്യവസ്ഥയും മറ്റും വിജയകരമായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് സ്വയം വ്യവസ്ഥാപിതമായ ഒരു ജീവിതം നയിച്ചതുകൊണ്ടാണ്. പ്രചാരകനെന്ന നിലയിലും വ്യക്തി എന്ന നിലയിലും അദ്ദേഹം സ്വന്തം കാര്യങ്ങള്‍ ചെയ്തിരുന്നത് രാത്രി 11 മണിക്കു ശേഷമായിരുന്നു. പകല്‍ മുഴവന്‍ ഓടിനടന്ന് കാര്യാലയവ്യവസ്ഥയും സംഘാനുബന്ധകാര്യങ്ങളും ശാഖയടക്കമുള്ള സംഘകാര്യങ്ങളും അദ്ദേഹം പൂര്‍ത്തിയാക്കും. രാത്രി അധികാരിമാരും സഹപ്രവര്‍ത്തകരും ഉറങ്ങിക്കഴിഞ്ഞാല്‍ 11 മണി മുതല്‍ തന്റെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കും. ഡയറി എഴുത്ത്, വായന, അലക്ക് ഇതൊക്കെ ആ സമയത്താണ്. അതു കഴിഞ്ഞ് കാര്യാലയത്തിന്റെ ചുറ്റും നടന്ന് മനസ്സിനെ സ്വസ്ഥവും സുരക്ഷിതവുമാക്കിയിട്ടേ അദ്ദേഹം ഉറങ്ങാറുള്ളൂ. കാര്യാലയത്തില്‍ എത്തുന്ന ഒരു വ്യക്തിപോലും പായും പുതപ്പും ഇല്ലാതെ ഉറങ്ങുന്ന സാഹചര്യം അന്നുമിന്നും സംഘത്തിന്റെ ഒരു കാര്യാലയത്തിലും ഇല്ല. ഇതിന്റെ തുടക്കക്കാരനും കൃഷ്ണറാവു തന്നെ.
ഇന്നത്തെ ഭാഷയില്‍ ഈ ഉത്തരവാദിത്തങ്ങള്‍ മുഴുവനും നിറവേറ്റുമ്പോഴും കൃഷ്ണറാവു അക്ഷോഭ്യനും അതിതുഷ്ടനുമായിരുന്നു. സംഘസംസ്ഥാപനകാലം മുതല്‍ സംഘസ്ഥാപകന്റെ നിഴലായി തുടങ്ങി, മരണം വരെ പ്രചാരകനായിരുന്ന ഒരു വ്യക്തിക്ക് ജീവിതകാലം മുഴുവനും കാര്യാലയപ്രമുഖിന്റെ ചുമതല നിര്‍വ്വഹിക്കാന്‍ ഒരു മനസ്സങ്കോചവുമില്ലായിരുന്നു. ഈ പ്രവര്‍ത്തനം എന്നെ ഡോക്ടര്‍ജി ഏല്‍പിച്ചതാണ് എന്നാണദ്ദേഹം പറയാറുണ്ടായിരുന്നത്. “എന്റെ കൂടെ നിന്നതുപോലെ ഗുരുജിയുടെ കൂടെയും ഉണ്ടാവുക, അദ്ദേഹത്തെ പരിചരിക്കുക, കാര്യാലയം നോക്കുകഇതായിരുന്നു കൃഷ്ണറാവുവിനുളള ഡോക്ടര്‍ജിയുടെ അന്തിമനിര്‍ദ്ദേശം. ഡോക്ടര്‍ജിയുടെ പ്രകൃതംകൊണ്ട് ഈ വാക്കുകള്‍ക്ക് ഒരു അഭിലാഷസ്വരമായിരുന്നെങ്കിലും കൃഷ്ണറാവുവിന്റെ പ്രകൃതം കൊണ്ട്, ഒരു ആജ്ഞാസ്വരമായാണ് അദ്ദേഹമിതു കേട്ടതും, പാലിച്ചതും. മരണം വരെ ഇതില്‍ അദ്ദേഹം വീഴ്ച വരുത്തിയില്ല.
ഒരു പ്രചാരകനെന്ന നിലയില്‍ നാഗ്പൂരിന് പുറത്ത് സംഘസംവ്യാപനത്തിന്റെ വിജയപതാകയുമായി യാത്ര ചെയ്യാന്‍ അദ്ദേഹത്തിന്റെ ഹൃദയം കൊതിച്ചിരുന്നില്ല. കാര്യാലയത്തിലെ കാര്യവും സര്‍സംഘചാലകന്റെ ശുശ്രൂഷയും സംഘകാര്യമെന്ന നിലയില്‍, ശാഖാപ്രവര്‍ത്തനത്തിനു നല്‍കുന്ന അതേ ഭക്തിയോടെയും പവിത്രതയോടെയും അദ്ദേഹം നിര്‍വഹിച്ചു. ഇടക്കാലത്ത്, അദ്ദേഹത്തിന് ചില ശാഖകള്‍ ഏല്‍പിച്ചു നല്‍കി യാത്ര ചെയ്യാന്‍ നിശ്ചയിച്ചിരുന്നു. അങ്ങനെ 1947 അവസാനത്തോടെ അദ്ദേഹം കുറച്ചു കാലത്തേക്ക് നാഗ്പൂരിന് പുറത്ത് ശാഖായാത്രകള്‍ ചെയ്തു തുടങ്ങി. അദ്ദേഹം പ്രവാസം തുടങ്ങി മാസങ്ങള്‍ക്കകം 1948 ല്‍ സംഘം നിരോധിക്കപ്പെട്ടു. അദ്ദേഹം യാത്രയും നിര്‍ത്തി. പിന്നീട് ഇതേക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ അദ്ദേഹം തന്നെ ഉപദ്രവകരമല്ലാത്ത ആത്മപരിഹാസമാക്കി അതിനെ അവതരിപ്പിക്കാറുണ്ട്. “ഞാന്‍ യാത്ര തുടങ്ങിയതോടെ സംഘം നിരോധിക്കപ്പെട്ടു, പിരിച്ചു വിടേണ്ടിയും വന്നുവെന്ന് പറഞ്ഞു എല്ലാവരോടുമൊത്ത് പൊട്ടിച്ചിരിക്കും. ഇതായിരുന്നു കൃഷ്ണറാവുവിന്റെ ഭാവം. ഏതു കാര്യവും ചെയ്യണമെന്ന് പറഞ്ഞാല്‍ അതിനു പറ്റിയ ഒരാള്‍ കൃഷ്ണറാവുവാണെന്ന് ഗുരുജി അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്. എന്തെങ്കിലും പണി മുന്നില്‍ വെറുതെ കണ്ടാല്‍ കൃഷ്ണറാവു അതെടുത്ത് കൃത്യമായി പൂര്‍ത്തിയാകാതെ വിശ്രമിക്കില്ല എന്നു ഗുരുജി പറയുമായിരുന്നു. ഈ പ്രശംസ ആലങ്കാരികമല്ല. കൃഷ്ണറാവു അതിനു പ്രാപ്തനല്ലാതെ ഗുരുജി അങ്ങനെ പറയില്ലല്ലോ. ഇക്കാര്യം പലതവണ ഗുരുജി നേരിട്ട് കണ്ടതായിരിക്കും.
1925-ല്‍ സംഘം തുടങ്ങിയതിനുശേഷം ശാഖ നിത്യകാര്യക്രമമായതില്‍പ്പിന്നെ അതിലെ ശാരീരിക കാര്യക്രമങ്ങള്‍ നിജപ്പെടുത്തണമെന്ന് ചര്‍ച്ച നടന്നു. 1935 ല്‍ ഡോക്ടര്‍ജി അതിനായി മൂന്നു പേരെ ചുമതലപ്പെടുത്തി. അതിലൊരാള്‍ കൃഷ്ണറാവു മൊഹരീല്‍ ആയിരുന്നു. (മറ്റു രണ്ടു പേര്‍; അപ്പാജി ജോഷി, ദാദാസാഹേബ് ദേവ്.) 1929 ല്‍ ഡോക്ടര്‍ജിയെ പൂജനീയ സര്‍സംഘചാലകായി തെരഞ്ഞെടുത്ത ബൈഠക്കിലും 1939 ലെ സിന്ദി ബൈഠക്കിലും കൃഷ്ണറാവു ഉണ്ടായിരുന്നു. 1929 ല്‍ ഡോക്ടര്‍ജി ഇളയമ്മയുടെ ചികിത്സാര്‍ത്ഥം ഇന്ദോറില്‍ പോയി 40 ദിവസത്തോളം താമസിച്ചപ്പോള്‍ നാഗ്പൂരിലെ കാര്യങ്ങള്‍ നോക്കിയതും ഡോക്ടര്‍ജിക്ക് വിവരങ്ങള്‍ കൈമാറിയതും കൃഷ്ണറാവുവും ദാദാജി പരമാര്‍ത്ഥുമായിരുന്നു.
നാഗ്പൂരിലെ കേന്ദ്രകാര്യാലയത്തില്‍ ഇരുന്നുകൊണ്ട് ഭാരതത്തില്‍ മുഴുവന്‍ വ്യാപരിച്ച വ്യക്തിത്വം. പുസ്ത കങ്ങളെഴുതാതെ, പ്രഭാഷണങ്ങള്‍ ചെയ്യാതെ മാതൃകയായ നിരവധി വ്യക്തിത്വങ്ങള്‍ സംഘത്തിലുണ്ട്. ഇവയൊന്നും ചെയ്തില്ലെന്നു മാത്രമല്ല നാഗ്പൂര്‍ വിട്ട് സംഘകാര്യാര്‍ത്ഥം യാത്ര പോലും ചെയ്യാതെയാണ് അദ്ദേഹം തന്റെ ഖ്യാതിയുടെ സുഗന്ധം ഭാരതം മുഴുവന്‍ പടര്‍ത്തിയത്. കര്‍ത്തവ്യ നിര്‍വഹണ ദൃഷ്ടിയില്‍ എക്കാലത്തും കാര്യാലയപ്രമുഖന്മാര്‍ക്ക് ഒരു മാതൃകയാണദ്ദേഹം. അതിലുപരി മാതൃകാ സ്വയംസേവകനും പ്രചാരകനും കൂടിയാണദ്ദേഹം.
ഡോക്ടര്‍ജിയുടെ സഹചാരിയായി തുടങ്ങി ഗുരുജിയുടെ സഹകാരിയായി മാറി ദേവറസ്ജിയുടെ സഹവര്‍ത്തിയായി അവസാനിച്ച ആ ജീവിതം കര്‍മ്മയോഗത്തിന്റെ മറ്റൊരു തലത്തെ പ്രതിനിധാനം ചെയ്യുന്നു. സംഘത്തോട് താദാത്മ്യം പ്രാപിക്കാന്‍ പരിശ്രമിക്കുന്ന എല്ലാ സ്വയംസേവകര്‍ക്കും ഉത്തമ മാതൃകയാണ് കൃഷ്ണറാവു മൊഹരീല്‍. സംഘത്തെ അനുസരിക്കാനും സംഘനിര്‍ദ്ദേശം അനുസരിക്കാനും സ്വയംസേവകര്‍ക്ക് സാധിക്കും. എന്നാല്‍ ജീവിതാവസാനം വരെ ആ നിലയില്‍ തുടരാനുള്ള കഠിനവ്രതം എങ്ങനെ പാലിക്കണമെന്നതിനുള്ള ഉദാഹരണമാണ് കൃഷ്ണറാവു മൊഹരീല്‍. സംഘം നിര്‍ദ്ദേശിക്കുന്ന കര്‍മ്മം ചെയ്യാന്‍ ആര്‍ക്കും മടികാണില്ല. കൃഷ്ണറാവുവും അങ്ങനെയായിരുന്നു. കര്‍ത്തവ്യം അനുഷ്ഠിക്കാനാണ് ബുദ്ധിമുട്ട്. കര്‍മ്മവും കര്‍ത്തവ്യവും രണ്ടാണെന്ന് ഹരിയേട്ടന്‍ ‘’ജ്യോതിര്‍ഗമയ’യില്‍ വിശദീകരിച്ചിട്ടുണ്ട്. കര്‍മ്മം ഏറെക്കുറെ സന്ദര്‍ഭാനുബന്ധിതമാകയാല്‍ അനുഷ്ഠിക്കാന്‍ എളുപ്പമാണ്. സംഘത്തെ സംബന്ധിച്ച് കര്‍മ്മം വൈയക്തികമല്ല, സാമൂഹികമാണ്. അതുകൊണ്ട് അതനുഷ്ഠിക്കാന്‍ കൂടുതല്‍ എളുപ്പമാണ്. നമ്മളിലൊരാള്‍ സംഘകാര്യമെന്ന കര്‍മ്മം നിര്‍ത്തിയാല്‍ മറ്റൊരാള്‍ അത് ഏറ്റെടുക്കും. എന്നാല്‍ കര്‍ത്തവ്യബോധം അങ്ങനെയല്ല. തികച്ചും വൈയക്തികമാണ്. താനൊരാള്‍ കര്‍ത്തവ്യബോധം നഷ്ടപ്പെടുത്തിയാല്‍ അതു തനിക്കുതന്നെ നഷ്ടം. അവനവന്റെ അധ്യാത്മികമായ ഉയര്‍ച്ചക്കും വളര്‍ച്ചക്കും അത് തടസ്സമാകും. ഇങ്ങനെ ചിന്തിക്കുമ്പോള്‍ സംഘം കര്‍മ്മയോഗികളെ മാത്രമല്ല സൃഷ്ടിക്കുന്നത് കര്‍ത്തവ്യയോഗികളെ” കൂടിയാണ്. ഇക്കൂട്ടത്തില്‍ പ്രഥമഗണനീയനായ ഒരു കര്‍ത്തവ്യ യോഗിയാണ് കൃഷ്ണറാവു മൊഹരീല്‍.
ഒരു ജീവിതകാലം മുഴുക്കെ നാഗ്പൂരിലെ കേന്ദ്രകാര്യാലയത്തില്‍ സംഘപ്രവര്‍ത്തനത്തിന്റെ ആത്മീയ ശുദ്ധി അതേപടി നിലനിര്‍ത്തിക്കൊണ്ട് അദ്ദേഹം കര്‍ത്തവ്യനിരതനായി. 1982 ഏപ്രില്‍ 7-ാം തിയ്യതി 72-ാം വയസ്സില്‍ അദ്ദേഹം ഇഹലോകം വെടിഞ്ഞു.