മദ്യലഹരിയില്‍ ആണ്ടുപോയ ഒരു മനുഷ്യന്റെ ജീവിതം പറയുന്ന സാധാരണം എന്ന് തോന്നാവുന്ന അസാധാരണ ജീവിത വിജയം പറയുന്ന സിനിമ. നമ്മുടെ കുടുംബങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഇത്തരത്തിലുള്ള നിരവധി പേരെ നമുക്ക് അടുത്തറിയാമായിരിക്കാം. ഇതൊന്നും തന്റെ കാര്യമല്ലെന്നു ചിന്തിച്ചു സ്വന്തമായി ജോലിചെയ്ത് കുടുംബം പോറ്റുന്ന ഇത്തരക്കാരുടെ ഭാര്യമാരെയും നമുക്ക് കാണാം. ഇങ്ങനെ സാധാരണമായി നമുക്ക് ചുറ്റും എങ്ങനെയെങ്കിലും ജീവിതം ജീവിച്ചു തീര്‍ക്കുന്ന ഭര്‍ത്താവും ഭാര്യയും തന്നെയാണ് ഈ സിനിമയിലെയും കഥാപാത്രങ്ങള്‍. മുരളി എന്ന ജീവിച്ചിരുന്ന അല്ലെങ്കില്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്ന മുഴുക്കുടിയനായ ഒരാളുടെ ജീവിതം പകര്‍ത്തിയ സിനിമയാണ് വെള്ളം. ഈ സിനിമ പൊതുസമൂഹത്തിന് തീര്‍ച്ചയായും ഒരു പ്രതീക്ഷ നല്‍കുന്നുണ്ട്. അത് തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റും.
കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്ന മുരളിയില്‍ തുടങ്ങുന്ന സിനിമ മുരളി എങ്ങനെ ജീവിക്കുന്നു, അവന്റെ ചുറ്റും ഉള്ളവര്‍ക്ക് അവനോടുള്ള മനോഭാവം എന്താണ് എന്നൊക്കെ ചര്‍ച്ച ചെയ്യുന്നു. ഇവ അവതരിപ്പിക്കുന്നതിലാണ് പ്രജേഷ്‌സണ്‍ എന്ന സംവിധായകന്റെ വിരുതും കൈയ്യടക്കവും പ്രശംസിക്കപ്പെടേണ്ടത്. തികച്ചും ബോറടിപ്പിക്കാതെ, ഒരു സാരോപദേശ സിനിമയാക്കി മാറ്റാതെ അനാവശ്യ ഏച്ചുകെട്ടലുകളും ഡയലോഗുകളും കുത്തിനിറക്കാതെ രാഷ്ട്രീയം പറയാതെ പറഞ്ഞും സന്തോഷിപ്പിക്കേണ്ടവരെ സന്തോഷിപ്പിച്ചും സിനിമ നന്നായി പറഞ്ഞ് സംവിധായകന്‍ കൈയ്യടി നേടുന്നു.
മുരളി എന്ന മുഴുക്കുടിയനായ മനുഷ്യനെ അഭ്രാപാളികളില്‍ അതേപടി പ്രതിഫലിപ്പിച്ച ജയസൂര്യ എന്ന പ്രതിഭാധനനായ നടനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഈ സിനിമയിലെ ഒരു ഷോട്ടില്‍പോലും മുരളിയെ അല്ലാതെ നമുക്ക് ജയസൂര്യയെ കാണാനാവില്ല. അത്രക്കുണ്ട് മുരളി എന്ന കഥാപാത്രത്തോടുള്ള അദ്ദേഹത്തിന്റെ ഇഴയടുപ്പം. അല്ലെങ്കിലും ജയസൂര്യ അവതരിപ്പിച്ചിട്ടുള്ള എല്ലാ കഥാപാത്രങ്ങളോടും അദ്ദേഹം നൂറുശതമാനം നീതി പുലര്‍ത്തിയിട്ടുണ്ട്. മുരളി എന്ന കഥാപാത്രത്തിന്റെ നില്‍പ്പും നടപ്പും സംഭാഷണങ്ങളും മാനറിസങ്ങളും എല്ലാം ഏച്ചുകെട്ടലുകളില്ലാതെ അവതരിപ്പിക്കാന്‍ ജയസൂര്യക്ക് സാധിച്ചു എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ജയസൂര്യയുടെ സിനിമജീവിതത്തില്‍ മറ്റൊരു നേട്ടം കൂടിയാണ് മുരളി.
സംയുക്തമേനോന്‍ അവതരിപ്പിക്കുന്ന സുനിത എന്ന കഥാപാത്രം എടുത്തു പറയേണ്ടുന്നത് തന്നെ. ശക്തയായ സ്ത്രീകഥാപാത്രമായി സുനിത നാളെയും ജീവിക്കും. ഇങ്ങനെ സുനിതമാര്‍ ജീവിക്കുന്നതുകൊണ്ടാണ് പല വീടുകളിലെയും അടുപ്പുകള്‍ പുകയുന്നത് എന്നുള്ളതാണ് സത്യം. കുടിയനെ കല്ല്യാണം കഴിച്ച് ഒരു കുട്ടിയും പ്രത്യേകിച്ച് പെണ്‍കുട്ടിയാണെങ്കില്‍ എന്തും സഹിച്ചും തന്റെ കുട്ടിക്ക് ഒരച്ഛനെ വേണമല്ലോ എന്നുകരുതി മനസ്സും ശരീരവും മരവിച്ചു ജീവിക്കുന്ന നിരവധി സ്ത്രീകള്‍ക്ക് സുനിത കരുത്തു പകരും എന്നുള്ളതില്‍ തര്‍ക്കമില്ല. ഇതിലെ മറ്റുകഥാപാത്രങ്ങളും അവരെ അവതരിപ്പിച്ച പുതുമുഖങ്ങളുപ്പെടെ മുഴുവന്‍ അഭിനേതാക്കളും അവരുടെ റോള്‍ നന്നായി ചെയ്തു.
ഇന്നിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുകൊണ്ടുതന്നെയാണ് ഈ സിനിമയും മുന്നോട്ടുപോകുന്നത്. ഭഗവദ്ഗീതക്കു പകരം ഇന്ത്യന്‍ ഭരണഘടനയിലാണ് വിശ്വാസം എന്ന് പറയുന്നത് ഇന്ത്യന്‍ ഭരണഘടനയുടെയും നിയമസംഹിതകളുടെയും മൂല്യത്തെ ഒരുപാടുയര്‍ത്തുന്നു എന്നുള്ളതില്‍ തര്‍ക്കം ഇല്ല. പ്രത്യേകിച്ചും ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥകളെ സംശയത്തിന്റെ നിഴലിലാഴ്ത്തുന്ന തീവ്രവാദ ശക്തികള്‍ കൂടിവരുന്ന പ്രത്യേക സാഹചര്യത്തില്‍. പക്ഷെ ഇതരമതഗ്രന്ഥങ്ങളെക്കുറിച്ചും ഇതുപോലുള്ള പരാമര്‍ശം നടത്താനുള്ളധൈര്യം മലയാള സിനിമാസംവിധായകര്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്.
മദ്യം കഴിക്കുന്നത് ഒരു മോശം സ്വഭാവമാണെന്ന് സിനിമ ഒരിടത്തും പറയാത്തതുകൊണ്ട് മദ്യപിക്കുന്ന ശീലമുള്ളവര്‍ക്ക് സിനിമ ആരോചകമായി തോന്നുകയും ഇല്ല. പൊതുവെ പറഞ്ഞാല്‍ സിനിമ സാമൂഹികമായി അംഗീകരിക്കപ്പെടും.
ഈ സിനിമയില്‍ ദൈവത്തിനും ഒരു റോളുണ്ട്. മുരളിയെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ആദ്യം ദൈവം ബന്ധുവിന്റെ കയ്യില്‍ നിന്നും അടി മേടിച്ചു കൊടുക്കുന്നു. പിന്നീട് പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു മുരളിക്ക്. എല്ലാവരാലും തഴയപ്പെട്ട് കള്ളനാക്കി മുദ്രകുത്തിയ മുരളിക്കു മുന്നില്‍ ദൈവം ഡോക്ടറായി പ്രത്യക്ഷപ്പെട്ടു. തനിക്കേല്‍ക്കേണ്ടിവന്ന അപമാനങ്ങളെ ആയുധമാക്കാന്‍ ഉപദേശിച്ചു. അവസാനം ക്ഷേത്രക്കുളത്തിന്റെ കല്പടവുകളില്‍ തലചേര്‍ത്തു കിടക്കുമ്പോള്‍ ബോധോദയം ഉണ്ടാകുന്നു. കുചേലനെ ഭഗവാന്‍ കൃഷ്ണന്‍ കുബേരനാക്കിയതുപോലെ മുരളിയേയും ജീവിതം തിരിച്ചുപിടിക്കാന്‍ പ്രാപ്തനാക്കുന്നു.