നരേന്ദ്രമോദി സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി നടന്നുവരുന്ന സമരങ്ങള്‍ക്കു പിന്നില്‍ വിഘടനവാദികളുടെ ശക്തമായ സാന്നിദ്ധ്യമുണ്ട്. അവരാണ് അജണ്ട നിശ്ചയിക്കുന്നതും പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതും. വിഘടനവാദികളുടെയും അവരോടൊപ്പം തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെയും അരാജകവാദികളുടെയും കൈയിലെ കളിപ്പാവയായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ ചെയ്യുന്നത്. ഓരോ സമരത്തിന്റെയും പിന്നിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്നതാണ് വാസ്തവം.
മോദി സര്‍ക്കാരിനെയും അതിലൂടെ ഭാരതത്തെയും തകര്‍ക്കാനുള്ള ആസൂത്രണം ആരംഭിച്ചത് കമ്മ്യൂണിസ്റ്റുകള്‍ക്കും വിഘടനവാദികള്‍ക്കും അതിരുകടന്ന സ്വാതന്ത്ര്യമുണ്ടായിരുന്ന ദില്ലിയിലെ ജെ.എന്‍.യു (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി) കേന്ദ്രീകരിച്ചാണ്. പാര്‍ലമെന്റ് ആക്രമണ കേസിലെ മുഖ്യപ്രതിയായിരുന്ന അഫ്‌സല്‍ ഗുരുവിനെ സുപ്രീം കോടതി വധശിക്ഷക്ക് വിധിക്കുകയും രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും തുടര്‍ന്നു വധശിക്ഷ നടപ്പാക്കുകയും ചെയ്തു. ഈ സമയത്താണ് അഫ്‌സല്‍ ഗുരുവിന്റെ പേരില്‍ ജെ.എന്‍.യുവില്‍ നടത്തിയ പരിപാടിയില്‍ ആദ്യമായി ഭാരതവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. ഭാരത് കെ ബര്‍ബാദി തക് ജങ്ക് ലഡെങ്കെ (ഭാരതത്തിന്റെ നാശം വരെ യുദ്ധം ചെയ്യും), ഭാരത് തേരെ ടുകടെ ടുകടെ ഹോഗെ, ഇന്‍ഷാ അള്ളാ ഇന്‍ഷാ അള്ളാ (അള്ളാഹു സഹായിച്ചാല്‍ ഭാരതമേ നീ കഷണങ്ങളാകും), അഫ്‌സല്‍ ഹം ശര്‍മിന്ദ ഹൈന്‍ തേരേ ഖാതില്‍ സിന്ദാ ഹൈന്‍ (അഫ്‌സല്‍, നിന്റെ കൊലപാതകി ജീവിച്ചിരിക്കുന്നു, അതില്‍ ഞങ്ങള്‍ ലജ്ജിക്കുന്നു) തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജെ.എന്‍.യുവില്‍ അന്ന് മുഴങ്ങിയത്. ഭാരതത്തിന്റെ അഖണ്ഡതക്കും ജനാധിപത്യ പ്രക്രിയക്കുമെതിരെ പരസ്യമായ വെല്ലുവിളിയാണ് ഇതിലൂടെ വിഘടനവാദികളും കമ്മ്യൂണിസ്റ്റുകളും ഉയര്‍ത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തിന്റെ ഫെഡറല്‍ ഭരണ സംവിധാനത്തിലെ പരമോന്നത സംവിധാനമായ, അതീവ സുരക്ഷാ സംവിധാനമുള്ള പാര്‍ലമെന്റ് ആക്രമിച്ച് ആറ് ദില്ലി പോലീസ്, രണ്ട് പാര്‍ലമെന്റ് സെക്യൂരിറ്റി പേര്‍സണല്‍, ഒരു ഗാര്‍ഡ്‌നര്‍ അടക്കം ഒന്‍പതുപേരെ കൊലപ്പെടുത്തിയത് അഫ്‌സല്‍ ഗുരുവിന്റെ നേതൃത്വത്തിലുള്ള ഭീകരരാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം വിചാരണ നടത്തിയാണ് സുപ്രീംകോടതി അയാളെ വധശിക്ഷക്കു വിധിച്ചത്. ഭീകരര്‍ ആയുധമുപയോഗിച്ച് ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഭാരതത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് ആശയപരമായി അവര്‍ക്കു പിന്തുണ നല്‍കുകയാണ് വിഘടനവാദികളും കമ്മ്യൂണിസ്റ്റുകളും ചെയ്യുന്നത്.
അനേകം വെല്ലുവിളികളും വിദേശ ആക്രമണങ്ങളും പീഡനങ്ങളും അടിമത്തവും രണ്ടായിരത്തിലധികം വര്‍ഷക്കാലമായി ഭാരതത്തിന് അനുഭവിക്കേണ്ടിവന്നു. ഭാരതത്തെ ശിഥിലമാക്കാനുള്ള എല്ലാ പരിശ്രമവും നടന്നു. സ്വാതന്ത്ര്യാനന്തരം അറുപതില്‍പരം വര്‍ഷങ്ങള്‍ ഭാരതം ഭരിച്ചത് ഒരു വംശമായിരുന്നു – നെഹ്‌റു വംശം. ജനാധിപത്യമായിരുന്നെങ്കില്‍ കൂടി അത് മറ്റൊരു വംശപരമ്പരയുടെ ഭരണ കാലഘട്ടം മാത്രമായിരുന്നു. എല്ലാറ്റിനുമൊടുവില്‍ ഭാരതം അതിന്റെ നഷ്ടപ്രതാപം വീണ്ടെടുത്ത് സുശക്തവും സുസ്ഥിരവും ജനക്ഷേമകരവുമായ ഒരു ഭരണസംവിധാനത്തില്‍ എത്തിയിരിക്കുകയാണ്. നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ഓരോ കേന്ദ്രവിരുദ്ധ സമരവും ഭാരതത്തിനകത്തുള്ള രാഷ്ട്രവിരുദ്ധ ശക്തികളുടെയും വിഘടനവാദികളുടെയും അനുഗ്രഹാശിസ്സുകളോടെയും പിന്തുണയോടെയും പുറത്തു നിന്നുള്ളവര്‍ വളരെ ആസൂത്രിതമായി നടപ്പാക്കുന്നവയാണ്.
മൂന്നു കേന്ദ്രവിരുദ്ധ സമരങ്ങളാണ് ഈ അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധയാര്‍ജ്ജിച്ചതും അതീവ ഗുരുതരമായ ഇടപെടലുകള്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ നടത്തിയതും. കാശ്മീരുമായി ബന്ധപ്പെട്ട 370-ാം വകുപ്പ് റദ്ദാക്കിയതും പൗരത്വ നിയമഭേദഗതിയും ഇപ്പോള്‍ കാര്‍ഷിക നിയമ പരിഷ്‌ക്കരണവുമാണ് കേന്ദ്രവിരുദ്ധ സമരം സംഘടിപ്പിക്കാന്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ ഉപയോഗിച്ചിരിക്കുന്നത്.
സ്വന്തമായി നിയമനിര്‍മ്മാണം നടത്താനും അത് നടപ്പാക്കാനുമുള്ള അവകാശവും അധികാരവും ഉണ്ടായിരുന്ന, ഭാരതത്തിലെ ഏക സംസ്ഥാനമായിരുന്നു കാശ്മീര്‍. പക്ഷെ ഈ അധികാരം സംസ്ഥാനത്ത് വിഘടനവാദ പ്രവണതകള്‍ വളര്‍ത്താനാണ് ഉപയോഗിക്കപ്പെട്ടത്. ഭാരതത്തിലെ ഒരു സംസ്ഥാനത്തിനു മാത്രം പ്രത്യേകം അധികാരം കൊടുക്കുക എന്നുള്ളത് കാശ്മീരികള്‍ക്കും വിഘടനവാദികള്‍ക്കും പാകിസ്ഥാനുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ക്കും എഴുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷവും കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഭാഗമായിട്ടില്ല എന്ന തെറ്റായ സന്ദേശമാണ് നല്‍കിയത്. ആ തെറ്റാണ് 2019 ആഗസ്ത് 5-ന് തിരുത്തപ്പെട്ടത്. താല്‍ക്കാലിക സംവിധാനമാണെന്ന് ഭരണഘടന തന്നെ വ്യക്തമാക്കിയിട്ടും അത് തിരുത്താന്‍ ഏഴുപത്തിരണ്ട് വര്‍ഷങ്ങള്‍ വേണ്ടിവന്നു.
കാശ്മീരിന്റെ പ്രത്യേക പദവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഏറെ പഴക്കമുണ്ട്. 1964 സപ്തംബര്‍ 11ന് ബിജ്‌നോറില്‍ നിന്നുള്ള സ്വതന്ത്ര എം.പി. പ്രകാശ് വീര്‍ ശാസ്ത്രി 370-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സ്വകാര്യബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നിരുന്നു. നാല് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ 12 എം.പിമാര്‍ പങ്കെടുത്തു സംസാരിച്ചു. ബില്ലിനെ പിന്തുണച്ച 7 എം.പിമാര്‍ കോണ്‍ഗ്രസ്സുകാരായിരുന്നു. സി.പി.ഐയുടെ എം.പിയായ സാര്‍ജു പാണ്ഡെയും ബില്ലിനെ പിന്തുണച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാതിരിക്കാന്‍ കാശ്മീരിലെ ജനങ്ങള്‍ എന്തു പാപമാണ് ചെയ്തതെന്നാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള എം.പി. സയ്യിദ് നസീര്‍ ഹുസൈന്‍ സാമ്‌നനി ചോദിച്ചത്.
വലിയ വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാശ്മീര്‍ താഴ്‌വര സാക്ഷിയായി. ആക്രമണം എന്നു തന്നെ പറയണം. പാകിസ്ഥാന്റെ പിന്തുണയോടെ വിഘടനവാദികളും ഭീകരരും നടത്തിയ ആക്രമണങ്ങളിലും ബോംബ് സ്‌ഫോടനങ്ങളിലും അനേകം സൈനികരും സാധാരണക്കാരും കൊല്ലപ്പെടുകയുണ്ടായി. എന്നിട്ടും 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് താഴ്‌വരയില്‍ ശാന്തിയും സമാധാനവും ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ വ്യാപകമായ പ്രചരണം നടത്താനാണ് രാഷ്ട്രവിരുദ്ധശക്തികള്‍ ശ്രമിച്ചത്.
പൗരത്വനിയമ ഭേദഗതിയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. 2020 ജനു 10-നാണ് ഈ ഭേദഗതിയില്‍ രാഷ്ട്രപതി ഒപ്പുവെച്ചത്. ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ രാജ്യത്ത് കലാപം നടത്തുന്നതിനുള്ള ആഹ്വാനങ്ങള്‍ തുടങ്ങിയിരുന്നു. 2019 ഡിസംബര്‍ 11ന് പാര്‍ലമെന്റ് നിയമഭേദഗതി അംഗീകരിച്ചു. ഡിസംബര്‍ 15ന് ദില്ലിയില്‍ പ്രക്ഷോഭം ആരംഭിച്ചു. ഷാഹീന്‍ ബാഗില്‍ സ്ത്രീകളുടെ കുത്തിയിരിപ്പു സമരമായി ആരംഭിച്ച പ്രക്ഷോഭം 105 ദിവസം നീണ്ടുനിന്നു. ആസ്സാമില്‍ ഡിസംബര്‍ 4നു തന്നെ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ദില്ലിയിലെ പ്രക്ഷോഭം ആക്രമത്തിലേക്കും കലാപത്തിലേക്കുമെത്തിയപ്പോള്‍ 53 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 700 പേര്‍ക്ക് സാരമായി പരിക്കേറ്റു. പലയിടത്തും അക്രമികള്‍ സര്‍ക്കാര്‍ സ്വത്തുക്കള്‍ അഗ്നിക്കിരയാക്കി. ജാമിയയില്‍ മാത്രം ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ മൂന്നു ബസ്സുകളാണ് അക്രമികള്‍ കത്തിച്ചത്.
ഫെബ്രു. 24നും 26നും നടന്ന കലാപത്തെ കുറിച്ച് അന്വേഷിച്ച് ദില്ലി പോലീസ് ഫയല്‍ ചെയ്ത 1700 പേജുള്ള കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഭൂരിഭാഗവും വിവിധ കക്ഷികളില്‍ പെട്ട മുസ്ലീങ്ങളായിരുന്നു. ആം ആദ്മി പാര്‍ട്ടി പിന്നീട് പുറത്താക്കിയ കൗണ്‍സിലര്‍ താഹിര്‍ ഹുസ്സയിനും ഇവരില്‍ പെടും. ദില്ലി കലാപത്തെ ശക്തവും വ്യക്തവുമായ ഭാഷയില്‍ ‘ഭീകര പ്രവര്‍ത്തനം’ എന്നു തന്നെയാണ് ദില്ലി പോലീസ് വിശേഷിപ്പിച്ചത്.
ജെ.എന്‍.യു ഡമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്റെ മുന്‍ പ്രസിഡന്റും ജെ.എന്‍.യു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യവിരുദ്ധ, തീവ്രവാദ, വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ പയറ്റിത്തെളിഞ്ഞ ആസൂത്രകനും മുഖ്യസൂത്രധാരനും സംഘാടകനുമായ ഉമര്‍ ഖാലിദും ജെ.എന്‍.യു. വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാമും ചേര്‍ന്ന് നടത്തിയ ആസൂത്രിതമായ ഗൂഢാലോചനയാണ് കലാപത്തിനു പിന്നിലെന്നാണ് ദില്ലി പോലീസ് കണ്ടെത്തിയത്. സര്‍ക്കാരിനെതിരെ അവസരം വരുമ്പോള്‍ ആഞ്ഞടിക്കാന്‍ ഉപയോഗിക്കാന്‍ കഴിയുന്ന തീവ്രവാദികള്‍ എന്നാണ് ഇവരെ കുറ്റപത്രത്തില്‍ വിശേഷിപ്പിക്കുന്നത്. മതഭ്രാന്തനും അസാമാന്യ അറിവുള്ള പ്രഭാഷകനുമായ ഷര്‍ജീല്‍ ഇമാം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കു പറ്റിയ ആളായിട്ടാണ് ഉമര്‍ ഖാലിദിന് തോന്നിയത്. രണ്ടായിരത്തി പത്തൊന്‍പതിന്റെ അവസാന പകുതിയില്‍ നടന്ന നാലു സംഭവങ്ങളാണത്രെ അയാളിലെ മതവികാരം ആളിക്കത്തിച്ചത്. മൂന്ന് തലാക്കിലൂടെയുള്ള മൊഴിചൊല്ലല്‍ നിരോധിച്ചതും കാശ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കിയതും അയോദ്ധ്യാവിഷയത്തിലെ സുപ്രീംകോടതി വിധിയും പൗരത്വനിയമഭേദഗതിയുമാണ് അവ. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ 2013ലാണ് അയാള്‍ ജെ.എന്‍.യുവിലെ ചരിത്ര വിഭാഗത്തില്‍ ഗവേഷണത്തിനു ചേരുന്നത്. ‘വിഭജനത്തിനു മുമ്പുള്ള പലായനം, ബീഹാറിലെ മുസ്ലീങ്ങള്‍ക്ക് നേരെയുള്ള 1946 ലെ ആക്രമണം’ എന്നതായിരുന്നു അയാളുടെ ഗവേഷണ വിഷയം. ഇസ്ലാമുമായി ബന്ധപ്പെട്ട് അയാള്‍ ജെ.എന്‍.യുവില്‍ നടത്തിയ മതതീവ്രവാദ പ്രബോധനങ്ങള്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളിലെ സ്വയം മതേതരരെന്നു കരുതുന്ന വിദ്യാര്‍ത്ഥികളെയാണ് ലക്ഷ്യമിടുന്നത്. അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ട് 3 വര്‍ഷം കഴിയുമ്പോഴേക്കും ജെ.എന്‍.യുവില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടു. അതിന്റെ ഫലമായാണ് 2016 ഫെബ്രുവരിയില്‍ അവിടെ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്നതും തുടക്കത്തില്‍ സൂചിപ്പിച്ച രാഷ്ട്രവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതും. ദില്ലി കലാപത്തിനുവേണ്ടി ബംഗ്ലാദേശി അഭയാര്‍ത്ഥികളെയും രോഹിന്‍ഗ്യകളെയും ഇളക്കിവിട്ട് വടക്കു കിഴക്കന്‍ ദില്ലിയില്‍ ഹോങ്കോങ്ങ് മോഡല്‍ രാജ്യവിരുദ്ധകലാപം ഇളക്കിവിടാനാണ് ഉമര്‍ഖാലിദിന്റെ നേതൃത്വത്തില്‍ വിഘടനവാദികള്‍ ശ്രമിച്ചത്.
ഭാരതത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ എല്ലായ്‌പ്പോഴും ചില പ്രത്യേക വിദേശ രാഷ്ട്രങ്ങളുടെ ഇടപെടലോ, അഭിപ്രായ പ്രകടനമോ ഉണ്ടാകാറുണ്ട്. പൗരത്വനിയമ ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ച സമയത്താണ് പാകിസ്ഥാന്‍ അടക്കം 57 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ അംഗമായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി.) ഈ വിഷയത്തില്‍ അഭിപ്രായവുമായി എത്തുന്നത്. പൗരത്വ നിയമ വിഷയത്തിലും ശ്രീരാമജന്മഭൂമി വിഷയത്തിലും ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയ അവര്‍ ഭാരതത്തില്‍ മുസ്ലീങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഗൗരവപൂര്‍വ്വം വീക്ഷിക്കുന്നതായി രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും മതതാല്പര്യങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ലോകത്തിലെ ഇസ്ലാം ന്യൂനപക്ഷ രാജ്യങ്ങളിലെ ഇസ്ലാമിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ 57 ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങള്‍ ഉണ്ടായിരിക്കുകയും പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തിന്റെ സംരക്ഷണത്തിന് ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഭാരതം പോലും ഉണ്ടായിരിക്കരുതെന്ന് ശഠിക്കുകയും ചെയ്യുന്നത് എന്ത് നീതിയാണ്? സി.എ.എ. ഇസ്ലാമിന് എതിരാണെന്നത് തെറ്റായ വ്യാഖ്യാനമാണ്. മൂന്ന് ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് (അവര്‍ ഒരു കാലത്ത് ഭാരതത്തിന്റെ ഭാഗമായിരുന്നു എന്ന വസ്തുതയും ഓര്‍ക്കണം) പൗരത്വം കൊടുക്കുന്നു എന്നു മാത്രമാണ് ഈ നിയമ ഭേദഗതി വ്യാഖ്യാനിക്കപ്പെടേണ്ടത്. ഈ രാജ്യങ്ങളിലെ ഇസ്ലാമിക ഭൂരിപക്ഷത്തില്‍ പെട്ടവര്‍ക്ക് ഭാരതം പൗരത്വം നല്‍കുന്നില്ല എന്നു പറയുമ്പോള്‍ ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍ ആ മതത്തില്‍ പെട്ടവര്‍പോലും പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് സമ്മതിക്കാന്‍ അവര്‍ തയ്യാറാകണം. അങ്ങനെയുണ്ടെങ്കില്‍ അവര്‍ക്ക് പൗരത്വവും അഭയവും കൊടുക്കാന്‍ തയ്യാറാകേണ്ടത് നേരത്തെ പറഞ്ഞ 57 ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളാണ്, ഭാരതമല്ല.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിന്റെ പിന്നിലും കേന്ദ്രസര്‍ക്കാരിനോട് വിരോധമുള്ള ചില വ്യക്തികളും സംഘടനകളുമാണ്. പുതിയ കാര്‍ഷിക നിയമങ്ങളുടെ ഏറ്റവും പ്രധാന സവിശേഷത സംസ്ഥാനതലത്തിലുള്ള മറ്റെല്ലാ കാര്‍ഷിക നിയമങ്ങളെയും അസാധുവാക്കുന്ന ഈ നിയമങ്ങള്‍ കര്‍ഷകന് സ്വന്തം ഉല്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി സംസ്ഥാനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന മാര്‍ക്കറ്റിനു പുറത്ത് എവിടെയും വില്‍ക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു എന്നതാണ്. അതോടൊപ്പം കൃഷി ലാഭകരമാക്കുന്നതിനുള്ള ഒട്ടനവധി നടപടികളും ഇവയില്‍ ഉണ്ട്. കര്‍ഷകരും കമ്പനികളും പരസ്പര ധാരണയില്‍ നടത്തുന്ന കോണ്‍ട്രാക്ട് ഫാമിംഗിന് കൂടുതല്‍ അവസരം ലഭിക്കുന്നു. പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ 2007ല്‍ യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ കോണ്‍ട്രാക്ട് ഫാമിംഗ് നിലവിലുണ്ട്. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പ്ലാനിംഗ് കമ്മീഷന്റെ വര്‍ക്കിംഗ് ഗ്രൂപ്പും ഇതേ ഭേദഗതി നിര്‍ദ്ദേശിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഇതേ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. 1980 മുതല്‍ പഞ്ചാബിലെ കര്‍ഷകര്‍ തക്കാളിയും ഓറഞ്ചും പെപ്‌സിക്കും ട്രോപിക്കാനയ്ക്കും നേരിട്ടു വില്‍ക്കുന്നുണ്ട്. അന്നൊന്നും ഇത്തരം മാറ്റങ്ങളെ എതിര്‍ക്കാത്ത കമ്മ്യൂണിസ്റ്റുകാരും വിഘടനവാദികളും ഇപ്പോള്‍ എതിര്‍പ്പുമായി വരുന്നത് നരേന്ദ്രമോദി സര്‍ക്കാരിനോടുള്ള വിരോധം പ്രകടിപ്പിക്കാനുള്ള അവസരമായി ഇതിനെ കാണുന്നതുകൊണ്ടല്ലേ? കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താനുള്ള ഒരവസരവും വിട്ടുകളയാതിരിക്കുക, പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഇക്കൂട്ടര്‍ക്കുണ്ട്.
കര്‍ഷകര്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാരുകളെ മറികടന്ന് നേരിട്ട് കര്‍ഷകന് എത്തിക്കുന്നതും അതുപോലെ പുതിയ കാര്‍ഷിക നിയമങ്ങള്‍ മൂലം സംസ്ഥാനങ്ങളുടെ കാര്‍ഷികരംഗത്തെ ഇടപെടല്‍ ലഘൂകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കുമുള്ള അമര്‍ഷവും ഈ പ്രക്ഷോഭങ്ങള്‍ക്കു പിന്നിലുണ്ട്. ഈ സമരത്തിനെതിരെ കാനഡ പ്രധാനമന്ത്രി അഭിപ്രായം പറയാന്‍ കാരണം അവിടത്തെ പാര്‍ലമെന്റിലുള്ള സിക്കുകാരുടെ സ്വാധീനമാണ്. ഭാരതത്തിന്റെ പാര്‍ലമെന്റില്‍ ആകെയുള്ള 543 പേരില്‍ 13 പേരാണ് സിക്കുകാര്‍ (2.39%). അതേസമയം കാനഡയിലെ 338 അംഗ പാര്‍ലമെന്റില്‍ 18 പേര്‍ സിക്കുകാരാണ് (5.32%). സിക്ക് പ്രീണനരാഷ്ട്രീയമാണ് അവിടെ നടക്കുന്നത്. എല്ലാ കേന്ദ്രവിരുദ്ധ സമരങ്ങളും മനഃശാസ്ത്രതലത്തിലുള്ള ഒരു ആക്രമണത്തിന്റെ ഭാഗമാണ്. ഇടത് കപട ബുദ്ധിജീവികളും വിഘടനവാദികളും നേരിട്ട് നയിക്കുന്ന ഈ ആക്രമണത്തെ തിരിച്ചറിഞ്ഞ് ചെറുക്കേണ്ടത് ദേശസ്‌നേഹികളുടെ കടമയാണ്.
Comments