പത്തുമുത്തുകള്‍
വിവ. രാജഗോപാലന്‍ കാരപ്പറ്റ
ഭാഷാശ്രീ, കോഴിക്കോട്
പേജ് : 64 വില: 100 രൂപ
കവി, അക്ഷരശ്ലോക വിദഗ്ദ്ധന്‍, സംസ്‌കൃത പണ്ഡിതന്‍, ചിത്രകാരന്‍, പുല്ലാംകുഴല്‍ വാദകന്‍ എന്നിങ്ങനെ പലരംഗങ്ങളിലും വിജയിച്ച വൃക്തിയാണ് രാജഗോപാലന്‍ കാരപ്പറ്റ. ഭര്‍ത്തൃഹരിയുടെ ശതകത്രയവും കാളിദാസന്റെ ഋതുസംഹാരവും പരിഭാഷപ്പെടുത്തി രണ്ടു ഭാഷകളിലുമുള്ള കൃതഹസ്തത തെളിയിച്ചിട്ടുണ്ട് അദ്ദേഹം. പ്രസിദ്ധരായ ഇംഗ്ലീഷ് കവികളുടെ പ്രസിദ്ധങ്ങളായ പത്തുകവിതകള്‍ വിവര്‍ത്തനം ചെയ്തു സമാഹരിച്ചതാണ് പത്തുമുത്തുകള്‍ എന്ന ഗ്രന്ഥം. വില്യംബ്ലേക്, വേര്‍ഡ്‌സ്‌വര്‍ത്ത്, ഷെല്ലി, ടെനിസണ്‍, മാത്യു ആര്‍ണോള്‍ഡ് ഇവരാണ് ഇംഗ്ലണ്ടിന്റെ പ്രതിനിധികള്‍. ടാഗൂര്‍ ഭാരതത്തേയും ജോയ്‌സ് കില്‍മര്‍ അമേരിക്കയേയും പാബ്ലോ നെരുദ ലാറ്റിനമേരിക്കയേയും പ്രതിനിധീകരിക്കുന്നു. കേക, കാകളി, മഞ്ജരി എന്നീ ഭാഷാവൃത്തങ്ങളും അനുഷ്ടുപ്പുമാണ് സ്വീകരിച്ചിട്ടുള്ളത്. ഇംഗ്ലീഷ് പദങ്ങളെ വൃത്ത നിബന്ധനക്കു വഴക്കിയെടുക്കുന്നതിലെ മിഴിവ് പ്രശംസനീയമാണ്. എല്ലാ കവികളുടേയും ചിത്രങ്ങള്‍ വിവര്‍ത്തകന്‍ തന്നെ വരച്ചിരിക്കുന്നു. ഓരോരുത്തരേക്കുറിച്ചുമുള്ള ലഘുജീവചരിത്രക്കുറിപ്പുകളുമുണ്ട്. വിവര്‍ത്തനങ്ങള്‍ വികല ഗദ്യത്തിലാകാമെന്നു ധരിച്ചിരിക്കുന്നവര്‍ ഈ ഗ്രന്ഥം ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ നന്നായിരിക്കും. കെ.വി. സജയ് എഴുതിയ അവതാരിക ശ്രദ്ധേയമാണ്.
ഋതുഭേദങ്ങളില്‍
(ഓര്‍മ്മക്കുറിപ്പുകള്‍ – കവിതകള്‍)
ഗംഗാധരപ്പണിക്കര്‍
സ്‌കൈ ബുക്ക് പബ്ലിഷേഴ്‌സ്
പേജ് : 167 വില : 150 രൂപ
സഫലമായ ജീവിതയാത്രയില്‍ ശതാബ്ദി പിന്നിട്ട മാവേലിക്കരയിലെ ഗംഗാധരപ്പണിക്കരുടെ ഓര്‍മ്മക്കുറിപ്പുകളും ഏതാനും കവിതകളും അടങ്ങുന്നതാണ് ‘ഋതുഭേദങ്ങള്‍’. രാജഭരണകാലവും ജനാധിപത്യ ഭരണകാലവും അനുഭവിച്ചറിഞ്ഞ അദ്ദേഹത്തിന്റെ നാട്ടാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശകലനം ചെയ്തുകൊണ്ടുള്ള കുറിപ്പുകള്‍ ശ്രദ്ധേയമാണ്. ജന്മിത്വമനോഭാവം, അയിത്താചരണം, മിശ്രഭോജനം, സ്ത്രീസമത്വം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള സാമൂഹ്യപ്രവര്‍ത്തകനായിരുന്നു അദ്ദേഹം മാതൃഭാഷാപഠനം നമ്മുടെ ദേശീയബോധത്തിനും സംസ്‌കാരത്തിനും അനിവാര്യമാണെന്നും ഇന്നത്തെ പാഠ്യപദ്ധതികളിലെ അപാകതകള്‍ പരിഹരിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നുണ്ട് അദ്ദേഹം. മാതൃത്വത്തിന്റെ മഹനീയ മാതൃകയാണ് സ്ത്രീ എന്നു വിശ്വസിക്കുന്ന ഗംഗാധരപ്പണിക്കര്‍ രാജ്യപുരോഗതിക്കും സാമൂഹ്യസേവനത്തിനും പ്രേരകമാവുന്ന ഉത്തമകുടുംബത്തിന്റെ താക്കോലാണ് സ്ത്രീ എന്നും തന്റെ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നു. നാടിന്റെ നൂറുവര്‍ഷത്തെ ചരിത്രത്തോടൊപ്പം സഞ്ചരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഗംഗാധരപ്പണിക്കരുടെ അനുഭവസാക്ഷ്യങ്ങള്‍ വര്‍ത്തമാനകാലത്ത് ഏറെ പുതുമയുളവാക്കുന്നതാണെന്ന് ‘ഋതുഭേദങ്ങളില്‍’ തെളിഞ്ഞു കാണുന്നു.
കാട്ടുമൂപ്പന്‍ പറഞ്ഞ കഥ
കുട്ടികള്‍ക്കുള്ള നോവല്‍
യെസ് പ്രസ് ബുക്‌സ്
ശ്രീകുമാര്‍ കല്ലറ,
പേജ് : 47 വില : 60 രൂപ
‘കാട്ടുമൂപ്പന്‍ പറഞ്ഞ കഥ’, ശ്രീകുമാര്‍ കല്ലറ എഴുതിയ നോവല്‍, കുട്ടികള്‍ക്കായുള്ളതാണെങ്കിലും മുതിര്‍ന്നവര്‍ക്കും കാട്ടറിവുകള്‍ പകര്‍ന്നുനല്‍കുന്നതാണ്. അപ്പു, ശരത്, റോഷന്‍ എന്നീ കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കാട്ടിലേക്ക് ഒരു വിനോദയാത്ര പോവുകയും യാത്രയ്ക്കിടയില്‍ മൂവരും കൂട്ടം തെറ്റി ഉള്‍ക്കാട്ടില്‍ എത്തുകയും ചെയ്യുന്നു. വായനക്കാരില്‍ ആദ്യം പരിഭ്രമം സൃഷ്ടിക്കുന്ന നോവല്‍ ക്രമേണ ശാന്തതയും അറിവും നല്‍കുന്നതായിത്തീരുന്നു. ഭീതിജനകമായി കേട്ടിരിക്കുന്ന കാടും അവിടെ ജീവിക്കുന്ന കാട്ടുജാതിക്കാരും നന്മയുടെ പ്രതീകമായി നോവലില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇതിലെ കാട്ടുമൂപ്പന്‍ എന്ന കഥാപാത്രം ഉള്‍ക്കാടിന്റെ ഹൃദയത്തുടിപ്പുകള്‍ അറിയുന്ന സത്യസന്ധത ജീവിതത്തിലും പ്രവര്‍ത്തിയിലും വച്ചുപുലര്‍ത്തുന്ന ആളാണ്. ഏറുമാടം എന്താണെന്നും, രാജവെമ്പാല, മരംകൊത്തി, ആനകള്‍, ഗുഹകള്‍ കടുവകള്‍, മയില്‍, ഉറുമ്പുകള്‍, തേനീച്ചകള്‍, കടന്നലുകള്‍, കൂണുകള്‍ ആല്‍മരം, ചൊറിയണ്ണം, വീനസ് ഫ്‌ലൈ ട്രാപ്പ് തുടങ്ങിയവയുടെ പ്രത്യേകതകളും ജീവിതരീതിയും, മടുപ്പ് ഉണ്ടാകാത്ത രീതിയിലും കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയിലും ലളിതമായി വിവരിച്ചിരിക്കുന്നു. അര്‍ദ്ധഗോളാവസ്ഥയിലുള്ള നിര്‍മ്മിതികളുടെ പ്രത്യേകതയും ലേഖകന്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. കുട്ടികള്‍ക്ക് അറിവ് നല്‍കുന്ന ഈ പുസ്തകം അവര്‍ക്ക് ആനന്ദദായകമാണെന്ന് കൂടി സംശയമെന്യേ പറയാവുന്നതാണ്.