ലോകത്തില്‍ വിവിധ തരത്തിലുള്ള കലണ്ടറുകള്‍ ഉണ്ട്. ഒരു വര്‍ഷത്തിലെ മുന്നൂറ്ററുപത്തഞ്ചു ദിവസങ്ങളെ മുപ്പതും മുപ്പത്തൊന്നും ദിവസങ്ങളായി തിരിച്ച് പന്ത്രണ്ടു മാസങ്ങളിലായി ചിട്ടപ്പെടുത്തിയ ഗ്രിഗോറിയന്‍ കലണ്ടര്‍ ആണ് ഇന്ന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. ദിവസങ്ങളെ ആഴ്ചകളായും മാസങ്ങളായും തിരിച്ചിരിക്കുന്നതല്ലാതെ ഈ സമ്പ്രദായത്തിന് ശാസ്ത്രീയ അടിത്തറകള്‍ ഒന്നുമില്ല. സത്യത്തില്‍ മുന്നൂറ്റിയറുപത്തിയഞ്ചേകാല്‍ ദിവസങ്ങളാണ് ഒരു വര്‍ഷം. ആ കാല്‍ ദിവസം അഥവാ ആറു മണിക്കൂര്‍ അവഗണിക്കുന്നു. എന്നിട്ട് നാല് കൊല്ലം കൂടുമ്പോള്‍ അത്രയും നാള്‍ വിട്ടുകളഞ്ഞ ആ മണിക്കൂറുകള്‍ ചേര്‍ത്ത് ഒരു ദിവസമാക്കി ഫെബ്രുവരിയില്‍ ചേര്‍ക്കുന്നു. അങ്ങനെയാണ് നാല് കൊല്ലം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസങ്ങള്‍ ആകുന്നത്. ഇത് ഒരുതരം ഇരുട്ടുകൊണ്ടുള്ള ഓട്ടയടക്കല്‍ ആണ്.
പാശ്ചാത്യസമ്പ്രദായങ്ങളുടെ അശാസ്ത്രീയത പറയാന്‍ ഒരു ഉദാഹരണം കാണിച്ചു എന്നേയുള്ളു.
എന്നാല്‍ ഭാരതീയ രീതിയില്‍ മാസങ്ങളെയും ദിവസങ്ങളെയും തരം തിരിച്ചിരിക്കുന്നത് കൃത്യമായും സൂര്യ, ചന്ദ്രന്മാരുടെ ചലനത്തേയും ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവിനെയും സൂര്യന്റെ അയനങ്ങളെയും ഒക്കെ അടിസ്ഥാനമാക്കി അതീവ ശാസ്ത്രീയമായിട്ടാണ്.
ഭൂമി സൂര്യനെ ഒരു വര്‍ഷം കൊണ്ട് ചുറ്റുകയാണല്ലോ. അപ്പോള്‍ ഭൂമിയില്‍ സൂര്യന്‍ ഭൂമിയെ ഒരു കൊല്ലം കൊണ്ട് ചുറ്റുന്ന ഒരു അനുഭവം ഉണ്ട്. ദിവസേന കാണുന്ന ചലനമല്ല അത്. അങ്ങനെ ഒരു കൊല്ലം കൊണ്ട് ഭൂമിയ സാങ്കല്പിക ഭ്രമണപഥത്തിലൂടെ വളം വെയ്ക്കുന്ന സൂര്യന്‍ സഞ്ചരിക്കുന്ന മാര്‍ഗ്ഗത്തെ പന്ത്രണ്ടായി തിരിച്ചിരിക്കുന്നു. ഓരോ ഭാഗത്തിനും ഓരോ പേരും ഇട്ടു. അതാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരയുള്ള മാസങ്ങള്‍. ഓരോ ഭാഗത്തിലൂടെയും സൂര്യന്‍ കടന്നുപോകുന്ന ദിവസങ്ങള്‍ കൃത്യമായി കണക്കാക്കിയിട്ടുമുണ്ട്. അതാണ് ചില മാസങ്ങള്‍ക്ക് ചിലപ്പോള്‍ മാത്രം മുപ്പത്തിരണ്ട് ദിവസങ്ങള്‍ ഉണ്ടാകുന്നത്. മുഴുവന്‍ കൂട്ടി വരുമ്പോള്‍ ഒരു കൊല്ലം എന്നത് കൃത്യമായി മുന്നൂറ്റി അറുപത്തി അഞ്ചേകാല്‍ ദിവസം തന്നെ ഉണ്ടാകും.
ഇത് കൂടാതെ, ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവ് കാരണം, ഒരു വര്‍ഷം സൂര്യന് ഒരു തെക്കുവടക്ക് ചലനം കൂടിയുണ്ട്. ഇതാണ് അയനങ്ങള്‍. ഭൂമിയില്‍ കാലാവസ്ഥ വ്യതിയാനങ്ങളും ഋതുഭേദങ്ങളും എല്ലാം ഉണ്ടാകുന്നത് സൂര്യന്റെ ഉത്തര ദക്ഷിണ അയനങ്ങള്‍ മൂലമാണ്.
മിഥുനത്തില്‍ തുടങ്ങി ധനു അവസാനം വരെയാണ് സൂര്യന്റെ ദക്ഷിണായന കാലം. ആ സമയത്ത്, ഭൂമിയുടെ ഉത്തരാര്‍ദ്ധ ഗോളത്തില്‍ പകല്‍ കുറഞ്ഞു വരും. അങ്ങനെ ധനുമാസം മുപ്പത് എത്തുമ്പോള്‍ രാത്രി വളരെ കൂടിയും പകല്‍ ഏറ്റവും കുറഞ്ഞും ഇരിക്കും. ദക്ഷിണായനം പൂര്‍ത്തിയാകുന്ന വൃശ്ചികം, ധനു മാസങ്ങള്‍, അതായത് നവംബര്‍, ഡിസംബര്‍, ജനുവരി, ഉത്തരാര്‍ദ്ധഗോളത്തിലെ രാജ്യങ്ങളില്‍ ശീതകാലമാണ്. വടക്കോട്ടു പോകുന്തോറും ശൈത്യം കൂടിക്കൂടി വരും, പകലിന്റെ ദൈര്‍ഘ്യം വളരെ കുറഞ്ഞു വരും. അതേസമയം ദക്ഷിണാര്‍ദ്ധഗോളത്തിലെ രാജ്യങ്ങളില്‍ അപ്പോള്‍ ചൂടുകാലമാണ്. അതായത്, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത് ചൂടുകാലത്താണ്.
അങ്ങനെ സൂര്യന്റെ ദക്ഷിണായനകാലം അവസാനിച്ച് , സൂര്യന്‍ ഉത്തരായനം തുടങ്ങുന്ന ദിവസമാണ് മകരസംക്രമം. ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന ഈ നിമിഷം മുതല്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ പകലിന്റെ ദൈര്‍ഘ്യം കൂടാന്‍ തുടങ്ങും. അതായത്, സൂര്യന്റെ ശക്തി കൂടിക്കൂടി വരുന്നു. അങ്ങനെ വിഷു ആകുമ്പോള്‍ പകലും രാത്രിയും തുല്യ അളവില്‍ വീതിക്കപ്പെടും. സൂര്യന്റെ ശക്തി കൂടുമ്പോള്‍ ചൂടും കൂടുന്നു. ഇരവുപകലുകള്‍ ഒരുപോലെ അനുഭവപ്പെടുന്ന ഈ കാലത്താണ് വസന്ത ഋതു ആഗതമാകുന്നത്. പ്രകൃതി കൂടുതല്‍ മനോഹരിയാകുന്നതും കൃഷിയും വിളകളും വലിയ ഫലത്തെ തരുന്നതും ഇക്കാലത്ത് തന്നെ. അതുകൊണ്ട് ഉത്തരായനകാലം എന്നത് ഭാരതത്തിലെ സാംസ്‌കാരിക, കാര്‍ഷിക, സാമ്പത്തിക മേഖലകളില്‍ അതീവ പ്രാധാന്യമുള്ള മുഹൂര്‍ത്തമാണ്.
കുരുക്ഷേത്രയുദ്ധത്തില്‍, പത്താം നാള്‍ അര്‍ജ്ജുനന്റെ അമ്പേറ്റു വീണ, സ്വച്ഛന്ദമൃത്യുവായ ഭീഷ്മപിതാമഹന്‍ പരലോകഗതിക്ക് വേണ്ടി ഉത്തരായനകാലം വരെ കാത്തു ശരശയ്യയില്‍ കിടന്നു. ഗൃഹരാജാവായ സൂര്യന്‍ കരുത്താര്‍ജ്ജിക്കുന്ന ഈ സമയം എന്ത് കാര്യത്തിനും അതീവ വിശിഷ്ടമാണ് എന്നാണ് ഭാരതീയ സങ്കല്‍പം. മകരസംക്രാന്തി, പൊങ്കല്‍, ഉഗാദി അങ്ങനെ വിവിധ പേരുകളില്‍ ഭാരതത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ കൊണ്ടാടപ്പെടുന്ന മഹോത്സവങ്ങളില്‍ ഒന്ന് കൂടിയാണ് മകരസംക്രമം.
സയന്‍സിനെ മിത്തുകളുമായി ബന്ധിപ്പിച്ച്, ആത്മീയവഴിയിലെ വെളിച്ചമാക്കാനുള്ള ഭാരതീയജ്ഞത്തിന്റെ ആഴമാണ് ഇവയിലൂടെയെല്ലാം തെളിഞ്ഞു കാണുന്നത്. ഇതെല്ലാം വികസിച്ചതോ, കണക്കാക്കപ്പെടുന്ന ചരിത്രത്തിനും എത്രയോ പിന്നില്‍ നിന്നും.