യോഗസൂത്രങ്ങളില്‍ ഒന്നാമത്തേതിന് (അഥ യോഗാനുശാസനം) വ്യാസമുനി നല്കിയ ഭാഷ്യത്തില്‍ യോഗം സമാധിയാണെന്നും ആ സമാധി എല്ലാ ഭൂമി (അവസ്ഥ) യിലും ഉള്ള ചിത്തത്തിന്റെ ധര്‍മ്മമാണെന്നും പറയുന്നു. ചിത്തത്തിന് സാമാന്യമായി മനസ്സ് എന്ന അര്‍ത്ഥമെടുക്കാം. ക്ഷിപ്തം, മൂഢം, വിക്ഷിപ്തം, ഏകാഗ്രം, നിരുദ്ധം ഇവയാണ് ചിത്തഭൂമികള്‍, അഥവാ മനസ്സിന്റെ അവസ്ഥകള്‍. യോഗ വിദ്യാര്‍ത്ഥികള്‍ ഈ പശ്ചാത്തലം അറിഞ്ഞിരിക്കണം. കാരണം ചിത്തവൃത്തികളുടെ നിരോധമാണ് യോഗം.
സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുമായും ഇവ ബന്ധപ്പെട്ടിരിക്കുന്നു.
മൂഢാവസ്ഥ
മോഹമെന്നാല്‍ ശരിയായ ബോധമില്ലാത്ത അവസ്ഥയാണ്. (മലയാളത്തിലെ മോഹം (ആഗ്രഹം) അല്ല. മോഹത്തില്‍ പെട്ടുപോകുന്നതാണ് മൂഢത്വം. ഈ ‘മൂഢഭൂമി’ യില്‍ തമോഗുണത്തിനാണ് പ്രാധാന്യം. സത്വ – രജോഗുണങ്ങള്‍ അമര്‍ത്തിവെക്കപ്പെട്ടിരിക്കുന്നു. ഇത്തരം ചിത്തത്തിന്റെ ഉടമകളായ മനുഷ്യര്‍ കാമം, ക്രോധം, അത്യാഗ്രഹം, മോഹം, ഭയം, ആലസ്യം, ദൈന്യം, ഭ്രമം എന്നിവയ്ക്ക് അടിപ്പെട്ടവരായിരിക്കും. ഉറക്കംതൂങ്ങികള്‍ ആയിരിക്കും. അവനുള്ളത് തെറ്റായ അറിവായിരിക്കും. ചെയ്യുന്നത് അധര്‍മമായിരിക്കും. ഐശ്വര്യ നാശം ഫലവും. ഇങ്ങിനെയുള്ളവരെ നാം നീചന്മാരെന്നു വിളിക്കുന്നു.
ക്ഷിപ്താവസ്ഥ
ക്ഷേപിക്കുക എന്നാല്‍ എറിയുക, വീഴുക എന്നൊക്കെയാണര്‍ത്ഥം. മനസ്സ് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് എറിയപ്പെടുക.
ഇത് രജോഗുണത്തിന്റെ ഭൂമിയാണ്. സത്വഗുണവും തമോഗുണവും അടക്കി വെക്കപ്പെട്ടിരിക്കുന്നു. മനസ്സ് ഒന്നിലും ഉറച്ചു നില്ക്കില്ല. ദുഃഖം, ചിന്ത ഇവ നിരന്തരം ഇത്തരക്കാരെ അലട്ടും. തനിക്ക് സുഖം ലഭിക്കുന്ന വസ്തുക്കളോട് അത്യധികം ഒട്ടി നില്കും. ദു:ഖം തരുന്നവയെ വെറുക്കും. മനസ്സ് ജ്ഞാനത്തിലേക്കും അജ്ഞാനത്തിലേക്കും ആടിക്കളിക്കും. ധര്‍മവും അധര്‍മവും, രാഗവും വൈരാഗ്യവും, ഐശ്വര്യവും അനൈശ്വര്യവും ഇവരെ സ്വാധീനിക്കും. ഇവരെ നീചരുടെ കൂടെ ചേര്‍ക്കാന്‍ പറ്റില്ല. ഉന്നതരുമല്ല.സാധാരണക്കാരെന്നു പറയാം. ബഹുഭൂരിപക്ഷം ജനങ്ങളും ഇത്തരക്കാരാണ്.
വിക്ഷിപ്താവസ്ഥ
വിശേഷേണയുള്ള ക്ഷിപ്താവസ്ഥയാണിത്. ഇവിടെ ചിലപ്പോള്‍ മനസ്സിന്റെ ചഞ്ചലത പോയി സ്ഥിരത കൈവരിക്കുന്ന അവസ്ഥയും ഉണ്ടാകും. സത്വഗുണപ്രധാനം ആവുമെന്നര്‍ത്ഥം. രജസ്സും തമസ്സും അടക്കപ്പെടും. അനാസക്തമായ, നിഷ്‌കാമമായ കര്‍മം എന്ന ഒരു ആശയം ഇവിടെ പ്രബലമാവും. സുഖം, പ്രസന്നത, ക്ഷമ, ശ്രദ്ധ, ധൈര്യം, ഉത്സാഹം, വീര്യം, ദയ മുതലായ ഗുണങ്ങള്‍ നിറയും. ഏകാഗ്രതയുടെ ആരംഭം ഇവിടെയുണ്ടാകും. ജ്ഞാനം, ധര്‍മം, വൈരാഗ്യം, ഐശ്വര്യം എന്നീ ഗുണങ്ങള്‍ പ്രവൃത്തിയില്‍ കാണാറാകും. എങ്കിലും രജോഗുണം ഇടയിലിടയില്‍ തലപൊക്കും. ചിത്തത്തെ വിക്ഷിപ്തമാക്കുകയും ചെയ്യും. ഉന്നതരായ, ജിജ്ഞാസുക്കളായ മനുഷ്യരാണിവര്‍.
ഈ മൂന്നവസ്ഥകളും സ്വാഭാവികമല്ല; യൗഗികമല്ല. ഇവയെ വ്യുത്ഥാന ദശകള്‍ എന്ന് പറയും. എന്നാല്‍ വിക്ഷേപാവസ്ഥ സമാധിയുടെയും ഏകാഗ്രതയുടെയും സമീപവര്‍ത്തിയാണ്.
ഏകാഗ്രാവസ്ഥ
അഗ്രം എന്നാല്‍ അറ്റം, മുന. ചിത്തത്തിന് ഒരഗ്രം മാത്രം – അതാണ് ഏകാഗ്രാവസ്ഥ. ഇവിടെ തമസ്സും രജസ്സും ഒട്ടുമില്ല. സദൃശമായ വൃത്തികള്‍ മാത്രം ചിത്തത്തില്‍ ഒഴുകും. ചിത്തത്തിന്റെ സ്വാഭാവികമായ അവസ്ഥയാണിത്. നിര്‍മലമായ സ്ഥടികം പോലെ – ഒരു കലര്‍പ്പുമില്ല. അതില്‍ പരമാണു മുതല്‍ പരമമഹത്തു വരെയുള്ള അറിവ് കിട്ടും, വിവേകമുദിക്കും. സംപ്രജ്ഞാത സമാധിയെന്നും ഈ അവസ്ഥയെ വിളിക്കും. ഇത് യോഗാവസ്ഥയാണ്. സംസാര സാഗരത്തിന്റെ തീരത്തു നിന്നുകൊണ്ട് കളി കണ്ടു നില്ക്കാം. യോഗിമാര്‍ ഇങ്ങനെയാണ്.
നിരുദ്ധാവസ്ഥ
വിവേകഖ്യാതിയിലൂടെ സകല ചിത്തവൃത്തികളും ‘നിരോധി’ക്കപ്പെട്ട അവസ്ഥയാണിത്. വിവേകമെന്ന വൃത്തിയും പോവും. സംസ്‌കാരം മാത്രം ശേഷിക്കും. പര- വൈരാഗ്യം ഉണ്ടാവും. അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം എന്നീ ക്ലേശങ്ങള്‍ അസ്തമിക്കും. കര്‍മ ബീജങ്ങള്‍ നശിക്കും. അതുകൊണ്ട് ഇത് നിര്‍ബീജസമാധിയാണ്; അസമ്പ്രജ്ഞാത സമാധിയാണ്. അപ്പോള്‍ ആത്മാവ് മൂന്നാം സൂത്രത്തില്‍ പറയുന്നതുപോലെ സ്വരൂപത്തില്‍ അവസ്ഥിതമാകും. ത്രിഗുണങ്ങള്‍ക്കിവിടെ സ്വാധീനമില്ല. സ്വാഭാവികം, അസ്വാഭാവികം എന്നൊക്കെ പറയുന്നതിലും അപ്പുറമാണീ അവസ്ഥ. ഉന്നതശ്രേണിയിലുള്ള യോഗിമാരാണിവര്‍.