തൈക്കാട്ട് അയ്യാസ്വാമികളുടെ സമാധിദിനവും സ്വാമികളില്‍ നിന്നും തുടങ്ങി സര്‍വസാക്ഷിയമ്മയിലൂടെ കടന്നു വരുന്ന സന്യാസി പരമ്പരയില്‍ ഇന്ന് നമ്മോടൊപ്പമുള്ള കേരളപാണിനിയുടെ പൗത്രി പ്രൊഫ. ജെ.ലളിത ടീച്ചറുടെ ജന്മദിനവും ഒരേ ദിവസമാണ്-ജുലൈ 23. ഈ സന്ദര്‍ഭത്തില്‍ സവിശേഷമായ ആ സന്യാസിനി പരമ്പരയെക്കുറിച്ചു ഓര്‍ക്കുക അസ്ഥാനത്താവുകയില്ല.
ശൈവസിദ്ധാന്തത്തിന്റെ സ്വാധീനം
വൈദികവും ദ്രാവിഡവുമായ മത, സാമൂഹിക ചിന്താധാരകളുടെ ഒരു സമന്വയം സാധിച്ചെടുത്ത സാമൂഹ്യപരിഷ്‌കര്‍ത്താക്കളും പ്രസ്ഥാനങ്ങളുമാണ് കേരളത്തിലെ നവോത്ഥാനത്തിന്റെ മുഖ്യധാര. ശൈവസിദ്ധാന്തത്തിന്റെ ആചാര്യനായ അഗസ്ത്യര്‍ക്കു ആ വിദ്യ ഉപദേശിച്ചത് സുബ്രഹ്മണ്യസ്വാമിയാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് അഗസ്ത്യ പരമ്പരയില്‍പ്പെട്ടവരുടെ അനുഷ്ഠാനത്തില്‍ സുബ്രഹ്മണ്യാരാധന പ്രധാനമാകുന്നത്. ഉത്തരേന്ത്യയിലെ ആര്യസംസ്‌കൃതിയെയും ദക്ഷിണേന്ത്യയിലെ ദ്രാവിഡ സംസ്‌കൃതിയെയും സമന്വയിപ്പിച്ച സുപ്രധാന കണ്ണിയാണു് അഗസ്ത്യര്‍.
കേരളത്തിന് വടക്കു വ്യാസരുടെ ജ്ഞാനസിദ്ധാന്തത്തിനും തെക്കു് അഗസ്ത്യരുടെ ശൈവസിദ്ധാന്തത്തിനുമായിരുന്നു പ്രാധാന്യം. ബ്രഹ്മസൂത്രം അദ്വൈത സിദ്ധാന്തത്തിന്റെ പരമപ്രമാണമെന്നതു പോലെ ശൈവസിദ്ധാന്തത്തിന്റെ പ്രമാണം ശിവജ്ഞാനബോധമാണ്. യജുര്‍വേദത്തിലെ ശതപഥബ്രാഹ്മണാന്തര്‍ഗതമായ ശതരുദ്രീയത്തില്‍ ശിവാദ്വൈതത്തിന്റെ അടിസ്ഥാനം കാണാം.
അഗസ്ത്യര്‍, ഭോഗര്‍, കൊങ്കണര്‍, തുടങ്ങിയ ശൈവസിദ്ധാന്ത പ്രചാരകരായ പതിനെട്ടു സിദ്ധന്മാര്‍ക്കു ശേഷം ഈ സിദ്ധാന്തം പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരാണ് അപ്പര്‍, തിരുജ്ഞാനസംബന്ധര്‍, മാണിക്യവാചകര്‍, തിരുവള്ളുവര്‍ തുടങ്ങിയവര്‍. കേരളത്തിലെ എല്ലാ തലത്തിലുമുള്ള ജനങ്ങള്‍ക്ക് ശൈവസിദ്ധാന്തവുമായി അടുപ്പമുണ്ടായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഭാരതത്തിന്റെ അടിയന്തിരാവശ്യം നമ്മുടെ സംസ്‌കാരത്തിനും ആദ്ധ്യാത്മികതയ്ക്കും അനശ്വരമൂല്യമുണ്ടെന്ന് തെളിയിക്കുകയായിരുന്നു. അന്നത്തെ മഹത്തായ നേതൃത്വം അതു തെളിയിക്കുക തന്നെ ചെയ്തു.
ഭാരതത്തിന്റെ പ്രാചീനചരിത്രത്തില്‍ പലപാടു സംഭവിച്ചിട്ടുള്ളതുപോലെ വിദേശസംസ്‌കാരങ്ങളുടെ അധിനിവേശത്തില്‍ ഭാരതസംസ്‌കാരം ഏതാണ്ടു നാശത്തിന്റെ വക്കില്‍ എത്തിയപ്പോള്‍ ആത്മീയാചാര്യന്മാരുടെ പരമ്പര നമ്മുടെ സംസ്‌കാരത്തിനു് ഉണര്‍വ് നല്‍കുകയും ഭാരതത്തിന്റെ മഹത്ത്വം വിളംബരം ചെയ്യുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ സാത്വികരായ ദേശീയ നേതാക്കളില്‍കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു് ആ ദിവ്യഖണ്ഡനാദം ദിഗന്തഭേരിയായി മുഴങ്ങിത്തുടങ്ങി. ബംഗാളില്‍ ശ്രീരാമകൃഷ്ണ പരമഹംസനെയും സ്വാമി വിവേകാനന്ദനെയും ശാരദാദേവിയെയും പോലെ കേരളത്തില്‍ ചട്ടമ്പിസ്വാമിയും നാരായണഗുരുവും സര്‍വസാക്ഷി അമ്മയും നവോത്ഥാനത്തിന്റെ ദീപവാഹകരായി.
ഈ മഹാത്മാക്കളുടെയെല്ലാം ജീവിതലക്ഷ്യം ആ കാലഘട്ടത്തിനു യോജിക്കുന്ന മട്ടില്‍ സനാതനധര്‍മ്മത്തെ ഒരു ജീവിതരീതിയായി യുക്തിയുക്തം വ്യാഖ്യാനിച്ചു് ജനസമക്ഷം അവതരിപ്പിക്കുക എന്നതായിരുന്നു. ഭാരതീയര്‍ക്ക് മതമെന്നത് അവരുടെ ജീവിതാനുഭവങ്ങളുടെയും സത്യസാക്ഷാത്കാരത്തിന്റെയും ഒരു ഭാഗംതന്നെയായിരുന്നു. ഈ മഹാവ്യക്തികളുടെയൊക്കെ ആധികാരികതയുടെ അടിസ്ഥാനം അവരുടെ സ്വന്തം അനുഭവങ്ങള്‍ തന്നെയായിരുന്നു.
ശൈവസിദ്ധാന്തപ്രകാരം സിദ്ധാന്തത്തോടൊപ്പം അനുഷ്ഠാനവും പ്രധാനമാണ്. എന്നാല്‍ അദ്വൈതികളെന്നു സ്വയം പ്രഖ്യാപിച്ച പലരും സിദ്ധാന്തത്തിനു അമിതപ്രാധാന്യം കൊടുത്ത് അനുഷ്ഠാനത്തെ പാടെ അവഗണിച്ചു. ഈ നിഷേധാത്മക സമീപനം മൂലമാണ് അദ്വൈതസിദ്ധാന്തം പലപ്പോഴും അപ്രായോഗികമായി മുദ്രയടിക്കപ്പെട്ടത്. നമ്മുടെ ആത്മീയ നേതാക്കള്‍ സിദ്ധാന്തവും അനുഷ്ഠാനങ്ങളും ഒന്നിച്ചു കൊണ്ടുപോയതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലുണ്ടായ കേരള നവോത്ഥാനത്തിന്റെ സുപ്രധാന കാരണം. വൈദികവും ദ്രാവിഡവുമായ അദ്വൈത ചിന്താധാരകളെ കൂട്ടിയിണക്കിയ സന്ന്യാസപരമ്പരകളാണ് കേരളത്തില്‍ നവോത്ഥാനത്തിനു തുടക്കം കുറിച്ചത് .
നാഞ്ചിനാട്ടിലെ അവര്‍ണ്ണ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അയ്യാവൈകുണ്ഠനാഥരിലും തൈക്കാട്ട് അയ്യാസ്വാമികളിലും ചട്ടമ്പിസ്വാമി, നാരായണഗുരു, സര്‍വ്വസാക്ഷിയമ്മ, സ്വയംപ്രകാശയോഗിനിയമ്മ തുടങ്ങിയവരിലും അവര്‍ ആരംഭിച്ച പ്രസ്ഥാനങ്ങളിലുമൊക്കെ ദ്രാവിഡദേശത്തെ ശൈവസിദ്ധാന്തത്തിന്റെ ശക്തമായ സ്വാധീനത പ്രകടമാണ്. ജാതിയുടെ അര്‍ത്ഥരാഹിത്യത്തെക്കുറിച്ച് ബോധമുണ്ടാക്കി സമത്വം സാധ്യമാക്കുന്നത് മുതല്‍ സ്ത്രീകളുടെ ശാക്തീകരണം വരെ അവര്‍ നിഷ്പ്രയാസം സാധിച്ച കാര്യങ്ങളാണ്.
എന്നാല്‍ ആ സന്യാസിവര്യന്മാര്‍ തുടച്ചു മാറ്റിയ അസമത്വങ്ങളും അനാചാരങ്ങളും തിരികെക്കൊണ്ടു വരേണ്ടത് നവവരേണ്യവര്‍ഗത്തിന്റെയും രാഷ്ട്രീയനേതൃത്വങ്ങളുടെയും ആവശ്യമായിത്തീര്‍ന്നിരിക്കുന്നുവെന്നത് ഒരു ദുഃഖസത്യമാണു്. ഭാരതീയമായതെല്ലാം – സംസ്‌കാരവും, ദര്‍ശനങ്ങളുമൊക്കെ – സമത്വത്തിനും സഹോദര്യത്തിനുമെതിരാണെന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങളോടൊപ്പം അര്‍ത്ഥരഹിതവും വൈദേശികവും അധമവുമായ പരീഷ്‌കാരങ്ങളും വികലമായ അനുകരണങ്ങളും സമൂഹത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നു.
തൈക്കാട്ട് അയ്യാസ്വാമിയുടെ ജന്മദിനം കേരളത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്ര പശ്ചാത്തലത്തില്‍ വിശകലനം ചെയ്യാനുള്ള ഒരു സന്ദര്‍ഭമാണ്.
തമിഴ്‌നാട്ടിലെ ശൈവസിദ്ധാന്തത്തിന്റെ സ്വാധീനത തെക്കന്‍ തിരുവിതാംകൂറില്‍ സാമൂഹികപരിഷ്‌കരണത്തിന് ആദ്യം ഉപയോഗിക്കുന്നത് വൈകുണ്ഠസ്വാമികള്‍ (1809-1851) ആണ്. എല്ലാ അധഃസ്ഥിത ജാതിക്കാരെയും ഒരുമിച്ച് നിര്‍ത്തിക്കൊണ്ട് അദ്ദേഹം അവരുടെ ദുസ്ഥിതിക്കെതിരെ ശബ്ദമുയര്‍ത്തി. സവര്‍ണരുടെ ക്രൂരതകള്‍ക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ഹിന്ദുമതത്തിലെ ജീര്‍ണതകള്‍ക്ക് പരിഹാരം മതപരിവര്‍ത്തനമാണെന്ന ആശയത്തോട് അദ്ദേഹം യോജിച്ചില്ല. അദ്ദേഹം ഒരേ സമയം വ്യത്യസ്ത ശക്തികളോടാണ് പൊരുതിയത്. അധഃസ്ഥിതരെ അടിമകളായി കണക്കാക്കിയിരുന്ന സവര്‍ണമേധാവിത്വത്തോടും, അവര്‍ക്ക് സംരക്ഷണം നല്‍കിയിരുന്ന രാജാധികാരത്തോടും. സ്വന്തം നാട്ടുകാരെ അടിമകളാക്കാന്‍ ശ്രമിച്ച വൈദേശികശക്തിളോടും മതപരിവര്‍ത്തനത്തിന്റെ സന്ദേശവുമായി വന്ന മിഷണറി പ്രവര്‍ത്തകരോടും അദ്ദേഹം ഒരേ സമയം കലഹിച്ചു. സാമൂഹ്യപരിഷ്‌കരണത്തിനു് ആത്മീയമാര്‍ഗ്ഗമാണ് ഏറ്റവും ശക്തം എന്ന് സ്വാമികള്‍ ഉറച്ച് വിശ്വസിച്ചു. വൈകുണ്ഠസ്വാമികളുടെ ദര്‍ശനം പില്‍ക്കാലത്ത് കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണരംഗത്തു കടന്നുവന്നവരെയെല്ലാം ഏറെ സ്വാധീനിച്ചു.
കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണത്തില്‍ തമിഴ് ശൈവസിദ്ധാന്തത്തെയും അതിന്റെ തത്വങ്ങള്‍ സമര്‍ത്ഥമായി പ്രയോഗവല്‍ക്കരിച്ച വൈകുണ്ഠസ്വാമികളെപ്പോലുള്ള ആചാര്യന്മാരെയും ബന്ധപ്പെടുത്തുന്ന ഒരു പ്രധാന കണ്ണിയാണ് അയ്യാഗുരുസ്വാമികള്‍. ആധുനിക കേരളത്തിലെ ആത്മീയ നവോത്ഥാനത്തിന് നാന്ദി കുറിച്ച മഹാത്മാക്കളായ വിദ്യാധിരാജ ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയ്ക്കും ഒക്കെ അവരുടെ ആത്മീയോന്നതിയുടെ പ്രാരംഭഘട്ടത്തില്‍ മാര്‍ഗ്ഗദര്‍ശകനായിരുന്നു തൈക്കാട്ട് അയ്യാഗുരുസ്വാമികള്‍.
ആത്മാനുഭൂതിയിലേക്കുള്ള സമഗ്രമായ സാധനാപദ്ധതിയാണ് ശിവരാജയോഗം എന്ന് സ്വജീവിതത്തിലൂടെ തെളിയിച്ചതിനാലാണ് അയ്യാസ്വാമികളെ ശിഷ്യന്മാരും ആരാധകരും ‘ശിവരാജയോഗി’ എന്നു വിളിച്ച് ആരാധിച്ച് തുടങ്ങിയത്. വിദ്യ ഗുരുമുഖത്തില്‍ നിന്നുതന്നെ നേരിട്ട് മനസ്സിലാക്കേണ്ടതാണ്. ആദിഗുരുവില്‍ നിന്നും പ്രഭവിച്ച വിദ്യ പരമ്പരാഗതമായി ഇന്നും ഭാരതത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അഗസ്ത്യമുനിയിലൂടെ ദ്രാവിഡ ദേശത്തിലേക്ക് ആവിര്‍ഭവിച്ച ശൈവസിദ്ധാന്തത്തിലൂടെ കേരളക്കരയെ അനുഗ്രഹിച്ച ഗുരുവര്യനാണ് അയ്യാസ്വാമികള്‍.
ശിഷ്യരെ ഒരിക്കലും ശിഷ്യഭാവത്തില്‍ കണ്ടിരുന്നില്ലെന്നതാണ് അയ്യാസ്വാമികളുടെ മഹത്വം. സാധനാസമ്പൂര്‍ണരായ ശിഷ്യരെ അവരുടെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. ചട്ടമ്പിസ്വാമികളും നാരായണഗുരുവും സര്‍വസാക്ഷി അമ്മയും അടങ്ങുന്ന അയ്യാസ്വാമികളുടെ പരമ്പര കാഷായവസ്ത്രം ധരിച്ചിരുന്നില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. സനാതനധര്‍മ്മത്തില്‍ അക്കാലത്ത് അടിഞ്ഞുകൂടിയ ജാതീകൃതമായ വൈകൃതങ്ങളെ ഉന്മൂലനം ചെയ്യുവാന്‍ വ്യത്യസ്തമായ മാര്‍ഗങ്ങളാണ് അയ്യാസ്വാമികളും ശിഷ്യരും സ്വീകരിച്ചത്. ‘വേദാധികാരനിരൂപണ’ത്തിലൂടെ ചട്ടമ്പിസ്വാമികളും ക്ഷേത്രപ്രതിഷ്ഠകളിലൂടെ ശ്രീനാരായണഗുരുവും സ്ത്രീശാക്തീകരണത്തിലൂടെ സര്‍വ സാക്ഷി അമ്മയും ലക്ഷ്യമാക്കിയത് ഒന്നുതന്നെ.
അക്കാലത്തെ തിരുവിതാംകൂറിന്റെ സാമൂഹികമണ്ഡലത്തില്‍ ശ്രദ്ധേയനായ അയ്യങ്കാളിയും അയ്യാസ്വാമികളുടെ വാത്സല്യഭാജനമായിരുന്നു. ആത്മീയതയിലധിഷ്ഠിതമായ സാമൂഹ്യപരിഷ്‌കരണമാണ് അയ്യന്‍കാളിയുടെ നിയോഗമെന്നു ഉറപ്പിച്ചു പറഞ്ഞ് യുവാവായ അയ്യങ്കാളിയെ ആ വഴിക്കു തിരിച്ചു വിടുന്നത് അയ്യാസ്വാമിയാണ്. അയ്യാസാമിയോടും അദ്ദേഹത്തിന്റെ മറ്റു ശിഷ്യരോടും അയ്യന്‍കാളി തുടര്‍ച്ചയായ ഒരു സൗഹൃദം കാത്തു സൂക്ഷിക്കുകയും തന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അയ്യാസ്വാമികള്‍ സമാധിയായപ്പോള്‍ മഹാകവി കുമാരനാശാന്‍ ഇങ്ങനെ എഴുതി. ‘സമാധിക്ക് ഒരു പന്ത്രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് വലത്തെ കാലിന്റെ പുറമടിക്ക് സ്വല്പം മേല്‍ ചുട്ടുനീറ്റല്‍ തോന്നിയിരുന്നുവത്രെ. കൊല്ലത്തുനിന്ന് ഈയിടെ ഇവിടെ വന്ന് അദ്ദേഹത്തെ കണ്ടിരുന്ന യോഗിനിയോട് തനിക്ക് സമാധികാലമായെന്ന് അദ്ദേഹം പറഞ്ഞുപോല്‍. അതല്ലാതെ അതിനെപ്പറ്റി അടുത്തുള്ള മറ്റാരോടും ഒന്നും സൂചിപ്പിച്ചിട്ടില്ലായിരുന്നു. ഏഴു ദിവസങ്ങള്‍ക്കു മുമ്പ് യാതൊരഹങ്കാരവും കൂടാതെ നിഷ്ഠയില്‍ ഇരിപ്പായി. മാന്തോലിന്മേല്‍ ആസനം ബന്ധിച്ചു ധ്യാനത്തിനിരുന്നു. അടുത്തുണ്ടായിരുന്നവരോട് വിളക്കു നല്ലവണ്ണം ജ്വലിപ്പിക്കാന്‍ ആവശ്യപ്പെട്ടു. കൈകള്‍ രണ്ടും മാറിടത്തിനു സ്വല്‍പം താഴെ വിലങ്ങത്തില്‍ മലര്‍ത്തിപ്പിടിച്ചു നിവര്‍ന്നിരുന്നു. ഞാന്‍ പോകുന്നു എന്ന് തമിഴില്‍ പറഞ്ഞു. കണ്ണടച്ചു.’
സര്‍വസാക്ഷിയമ്മ
അയ്യാസ്വാമികളുടെ അവസാന നിമിഷങ്ങളെ ആശാന്‍ അവതരിപ്പിച്ച സമയത്ത് ആനുഷംഗികമായി പരാമര്‍ശിക്കപ്പെട്ട യോഗിനി സര്‍വ്വസാക്ഷിയമ്മ എന്നറിയപ്പെട്ട കൊല്ലത്തമ്മയാണ്. “കൊല്ലത്തമ്മയുടെ പൂര്‍വ്വാശ്രമത്തിലെ പേര്‍ നാണിയമ്മ എന്നായിരുന്നു. ആ മഹതി 1862 ല്‍ (കൊ.വ. 1038) കൊല്ലത്തെ ഇരവിപുരത്തിനടുത്തു് വാളത്തുങ്കല്‍ ദേശത്ത്, ജനിച്ചു. സംസ്‌കൃതം, മലയാളം എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടി. ലൗകികജീവിതത്തില്‍ താല്‍പര്യമില്ലാതിരുന്നിട്ടും മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു. ആ ബന്ധത്തിലുണ്ടായ കുഞ്ഞ് ശൈശവത്തിലേ മരിച്ചു. കുഞ്ഞിന്റെ മരണത്തിന് കുറച്ചു നാളുകള്‍ക്കു ശേഷം ഭര്‍ത്താവും മരിച്ചു. ഇതൊക്കെ ആ മഹതിയുടെ ജീവിതത്തിനേറ്റ കനത്ത ആഘാതങ്ങളായിരുന്നു. രണ്ട് കൊല്ലത്തിനുശേഷം യൗവ്വനയുക്തയായ നാണിയമ്മ ആത്മീയപന്ഥാവിലൂടെ യാത്രതുടങ്ങി. സന്ന്യാസചര്യ പൂര്‍ണ്ണമായും സ്വജീവിതത്തില്‍ നടപ്പിലാക്കിയ ആ മഹതിയുടെ ജീവിതത്തില്‍ തുടര്‍ന്ന് പല അത്ഭുതങ്ങളും നടന്നു. ഈശ്വരഭക്തിയിലും സദാചാരനിഷ്ഠയിലും നിറഞ്ഞുനിന്ന അവര്‍ ഭാഗവതാദിപുരാണങ്ങളും മറ്റും ദിവസേന പാരായണം ചെയ്യുക, ഭഗവത്കീര്‍ത്തനങ്ങള്‍ ജപിക്കുക തുടങ്ങിയുള്ള ദിനചര്യകളില്‍ കൂടി ജീവിതം കഴിച്ചു പോന്നു. അവര്‍, തനിക്കറിയാവുന്നവിധം തപസ്സ്വാദ്ധ്യായനിരതയായി. ഗുരൂപദേശംകൊണ്ടേ ആത്മബോധം ലഭിക്കുകയുള്ളൂ. അതുകൊണ്ട് ത്രികാലജ്ഞാനിയായ ഒരു മഹാത്മാവില്‍ നിന്നും ജ്ഞാനോപദേശം ലഭിക്കണമെന്നും സങ്കല്‍പ്പിച്ചുകൊണ്ട് അവരുടെ അനുഷ്ഠാനക്രമങ്ങള്‍ തുടര്‍ന്നു. തക്കസമയത്ത് ഗുരുവിനെ ലഭിക്കുകയും ചെയ്തു.
ബ്രഹ്മജ്ഞാനത്തില്‍ ആ മഹതിയുടെ നിലയിലെത്തിയവര്‍ അക്കാലത്ത് ആരുമില്ലായിരുന്നുവെന്നു് സമകാലീനര്‍ പറയുന്നു. ചട്ടമ്പിസ്വാമികളുടെയും നാരായണഗുരുവിന്റെയും മരുത്വാമലയിലെ തപസ്സിന് അവര്‍ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. മരുത്വാമലയില്‍ സ്വാമിയോടും ഗുരുവിനോടുമൊപ്പം ആദ്ധ്യാത്മിക വിഷയങ്ങളെക്കുറിച്ചും യോഗസാധനകളെക്കുറിച്ചും പഠിക്കുകയും, പഠിപ്പിക്കുകയൂം ചെയ്ത് അമ്മയും യോഗാനുഭൂതികളുടെയും ജ്ഞാനത്തിന്റെയും ഔന്നത്യത്തിലെത്തി. അയ്യാഗുരു വാത്സല്യപൂര്‍വ്വം കൊല്ലത്തമ്മയെ സംബോധന ചെയ്തിരുന്നതു് ‘ഭയായിമണി’ എന്നായിരുന്നുവത്രെ. ‘മകള്‍’, ‘കുട്ടി’ എന്നെല്ലാമാണ് ഈ വാക്കിന്റെ അര്‍ത്ഥം.
ശൈവസിദ്ധാന്തത്തില്‍ നിന്നുംപ്രചോദനമുള്‍ക്കൊണ്ട് സ്ത്രീശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിച്ച മഹത്തായ ഒരു ഗുരുപരമ്പരയുടെ മാതൃസ്ഥാനമാണ് സര്‍വസാക്ഷി അമ്മ അലങ്കരിക്കുന്നത്. അമ്മ 1913 ല്‍ പത്മനാഭപുരത്ത് സമാധിയായി.
അമ്മയ്ക്ക് അനേകം ശിഷ്യരുണ്ടായിരുന്നു. സ്വയംപ്രകാശയോഗിനിയമ്മയായിരുന്നു അവരില്‍ അഗ്രഗണ്യ. അബലകള്‍ക്കും അശരണര്‍ക്കും അഗതികള്‍ക്കും അഭയസ്ഥാനമായ സ്വയംപ്രകാശാശ്രമ സ്ഥാപനത്തിന് നിയുക്തയാക്കിയത് ഈ മഹതിയെയാണ്.
ഇരുപതാം നൂറ്റണ്ടിലെ ആദ്യദശകങ്ങളില്‍ തിരുവിതാംകൂറിലെയും തമിഴ്‌നാട്ടിലെയും നിരവധി സിദ്ധന്മാരുമായും ആത്മീയാചാര്യന്മാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മഹതിയാണ് സര്‍വസാക്ഷി അമ്മ. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ സ്ത്രീജനങ്ങളുമായി അമ്മക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ചിന്നമ്മ, കുമ്പളത്തു ശങ്കുപ്പിള്ള തുടങ്ങി നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് അമ്മ പ്രചോദനവുമായിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പല പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ക്കും അമ്മ അന്നത്തെ സര്‍ക്കാരിനെ സ്വാധീനിച്ചിട്ടുണ്ട്. ആത്മീയ സാമൂഹ്യമേഖലകളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നതിനു ഉത്തമോദാഹരണമാണ് സര്‍വസാക്ഷി അമ്മ.
സ്വയംപ്രകാശ യോഗിനിയമ്മയുടെ പൂര്‍വാശ്രമത്തിലെ പേര് കുഞ്ഞമ്മ എന്നായിരുന്നു. 1890 ല്‍ നെടുമങ്ങാട് താലൂക്കിലെ കരകുളത്തുള്ള ഒരു പുരാതനതറവാട്ടിലാണു് ജനനം. കുട്ടിക്കാലം മുതല്‍ അവര്‍ ഈശ്വരഭക്തയായിരുന്നു. കുഞ്ഞമ്മയ്ക്ക് പതിനാറ് വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് അകാലചരമം പ്രാപിച്ചു. ഈ ആഘാതം അവരുടെ ജീവിതത്തിന്റെ പരിവര്‍ത്തനദശയായിരുന്നു. സാമൂദായിക രീതിയനുസരിച്ച് കുഞ്ഞമ്മയ്ക്ക് ഭര്‍ത്തൃഗൃഹത്തില്‍ അവകാശമോ സ്ഥാനമോ ഉണ്ടായിരുന്നില്ല. സ്വന്തം ഭവനത്തില്‍ ചെന്ന് അമ്മയോടൊപ്പം താമസിക്കുവാനും അവര്‍ ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് അവര്‍ അയ്യാസ്വാമികളെ അഭയം പ്രാപിച്ചു. അവരുടെ സ്ഥിതി മുന്‍കൂട്ടി ഗ്രഹിച്ച സ്വാമികള്‍ അവരെ തന്റെ ഗൃഹത്തില്‍ സ്വീകരിക്കുകയും മന്ത്രദീക്ഷ നല്കി അനുഗ്രഹിക്കുകയും അവരെ മഹത്തായൊരു ആത്മീയ പാരമ്പര്യത്തിലേക്കു് ആനയിക്കുകയും ചെയ്തു.
അതിനു ശേഷം ആറുമാസം കഴിഞ്ഞ് അയ്യാസ്വാമികള്‍ മഹാസമാധി പ്രാപിച്ചു. സമാധിക്ക് മുമ്പ് സ്വാമികള്‍ തന്റെ ശിഷ്യയുടെ ആത്മീയസംരക്ഷണവും ശിക്ഷണവും സര്‍വ്വസാക്ഷി അമ്മയെ ഏല്‍പ്പിച്ചിരുന്നു. സമാധിക്ക് മുമ്പ് കുഞ്ഞമ്മയെ അരികില്‍ വിളിച്ച്, കൊല്ലത്തമ്മയോട് അയ്യാസ്വാമികള്‍ ഇങ്ങനെ പറഞ്ഞു. ‘എന്റെ കുട്ടിയാണിത്. എനിക്ക് സ്ത്രീകളായി അധികം ശിഷ്യരില്ല. സമാധിപൂജ കഴിഞ്ഞിട്ട് ഇവളെക്കൂടി കൊണ്ടുപോകണം. കൂടെ കുറച്ചുകാലം ഇരിക്കട്ടെ. ഇവള്‍ അനേകം സ്ത്രീകള്‍ക്കു് ഉപകാരമുള്ളവളായി തീരും.’ ഇതു പറഞ്ഞ് അയ്യാസ്വാമികള്‍ കുഞ്ഞമ്മയെ കൊല്ലത്തമ്മയുടെ കൈയില്‍ ഏല്പിച്ചു.
അയ്യാസ്വാമികളുടെ സമാധിപൂജ കഴിഞ്ഞ് കൊല്ലത്തമ്മ മടങ്ങുമ്പോള്‍ കുഞ്ഞമ്മയേയുംകൂടി കൂട്ടിക്കൊണ്ടുപോയി. സര്‍വ്വസാക്ഷിയമ്മയുടെ ശിക്ഷണത്തില്‍ കുഞ്ഞമ്മ കഠിനതപസ്സാരംഭിച്ചു. അവര്‍ ഏഴു കൊല്ലത്തെ നിരന്തരസാധനയിലൂടെ തപസ്സ് പൂര്‍ത്തിയാക്കി സ്വയംപ്രകാശ യോഗിനിയമ്മ എന്ന സന്ന്യാസനാമധേയം സ്വീകരിച്ചു. തുടര്‍ന്ന് യോഗിനി അമ്മ ധാര്‍മ്മികവും സാമൂഹ്യവുമായ സേവനത്തില്‍ തല്‍പരയായി സ്വയംപ്രകാശാശ്രമം സ്ഥാപിച്ചു. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ദക്ഷിണേന്ത്യയില്‍ ആദ്യമായുണ്ടായ ആശ്രമമാണു് സ്വയംപ്രകാശാശ്രമം.
1915 ല്‍ ആരംഭിച്ച ഹിന്ദു മതാശ്രമം 1927 ല്‍ സ്വയം പ്രകാശ ആശ്രമമായി രൂപപ്പെട്ടു. ഈ ആശ്രമം ആദ്യകാലത്തു് ഒരു ആദ്ധ്യാത്മിക കേന്ദ്രം മാത്രമായിരുന്നു. സ്ത്രീകളില്‍ തത്ത്വബോധമുണ്ടാക്കുകയായിരുന്നു അമ്മയുടെ ലക്ഷ്യം. ഈ വിഷയത്തില്‍ താല്പര്യമുണ്ടായിരുന്ന ശ്രീമതി ചിന്നമ്മ (1883-1931)യുമായി അമ്മ പരിചയപ്പെട്ടതിന്റെ പരിണിതഫലമാണ് തിരുവനന്തപുരത്തെ പൂജപ്പുരയില്‍ രൂപം കൊണ്ട ‘ഹിന്ദു മഹിളാമന്ദിരം’.
സമൂഹത്തിന്റെ ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ ഉന്നതി ലക്ഷ്യമാക്കി അമ്മ ഹിന്ദുമതാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. ആദ്യമായി ഒരു അനാഥമന്ദിരം ആശ്രമത്തില്‍ ആരംഭിച്ച്, അവിടെ ആത്മീയസാധനകള്‍ക്കൊപ്പം സേവനപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുത്തിരുന്നു. അടുത്തതായി ഒരു ഗോശാലയും അമ്മ നിര്‍മ്മിച്ചു. 1931-ല്‍ തന്റെ തേവാരമൂര്‍ത്തിയായ ബാലസുബ്രഹ്മണ്യസ്വാമിയെ ഒരു ചെറിയ മുറിയില്‍ വെച്ചു് പൂജ തുടങ്ങി.
ആശ്രമത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനായി യോഗിനിയമ്മ 1936-ല്‍ കുമ്പളത്ത് ശങ്കുപ്പിള്ള തുടങ്ങിയവരോടൊപ്പം മലയാ മുതലായ വിദേശരാജ്യങ്ങളില്‍ ചെന്ന് ധനശേഖരണം നടത്തി. ആ സമ്പത്ത് കാലോചിതമായി വിനിയോഗിച്ചതിന്റെ പരിണിതഫലമാണു് ആശ്രമം നില്‍ക്കുന്ന കുളത്തൂര്‍ പ്രദേശത്തിന്റെ പുരോഗതി. ആ പ്രദേശത്തെ ഹരിജനോദ്ധാരണത്തിന് അമ്മയും ആശ്രമവും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ക്ഷേത്രപ്രവേശനത്തിനുമുമ്പുതന്നെ ആശ്രമത്തിലെ ക്ഷേത്രത്തില്‍ ക്ഷേത്രാരാധന നടത്തുവാനായി അമ്മ ഹരിജനങ്ങളെ അനുവദിച്ചിരുന്നു.
ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സാമൂഹ്യസേവനവും സ്വയംപ്രകാശയോഗിനിയമ്മയുടെ ഉദാത്ത ലക്ഷ്യമായിരുന്നു. സ്വയംപ്രകാശാശ്രമം തുടക്കം മുതല്‍ തന്നെ ഒരു അനാഥമന്ദിരവും നടത്തുകയുണ്ടായി. അവിടെ ഹരിജനങ്ങള്‍ക്ക് പ്രധാന പരിഗണന നല്‍കിവന്നിരുന്നു. അവര്‍ക്ക് അക്ഷരാഭ്യാസം, സദാചാരാനുഷ്ഠാനം തുടങ്ങിയവ നല്കിയതിലൂടെ യോഗിനിയമ്മ പ്രസരിപ്പിച്ച ഉണര്‍വ്വ് വളരെ നാള്‍ ഗ്രാമവാസികള്‍ അനുഭവിച്ചുപോന്നു. 1944ല്‍ സ്വയംപ്രകാശ യോഗിനിയമ്മ മഹാസമാധി പ്രാപിച്ചു. ഉത്തമശിഷ്യരുണ്ടാകുക എന്ന അമ്മയുടെ അഭിലാഷം നിറവേറ്റാനുള്ള സാഹചര്യം ഇതിനിടയില്‍ ഉണ്ടായി..
ഗുരുദാസാനന്ദ സ്വാമികള്‍
‘ഗുരുദാസാനന്ദ’ എന്ന ദീക്ഷാനാമത്താല്‍ അറിയപ്പെട്ട ചേറ്റൂര്‍ ഗോപാലന്‍ നായര്‍ 1899ലാണ് ഭൂജാതനായത്. സുപ്രസിദ്ധമായ ചേറ്റൂര്‍ കുടുംബത്തിലായിരുന്നു ജനനം. സര്‍ സി. ശങ്കരന്‍ നായരുടെ അനന്തിരവനായിരുന്നു. ഗോപാലന്റെ അമ്മ സര്‍വസാക്ഷിയമ്മയില്‍നിന്നും മന്ത്രോപദേശം സ്വീകരിച്ചിരുന്നു. അമ്മയുടെ പാത മകനുംപിന്തുടര്‍ന്നു.
ഇന്ത്യന്‍ ടെറിട്ടോറിയല്‍ ഫോഴ്‌സിലെ ലെഫ്റ്റനന്റ് കേണല്‍ പദവി രാജി വെച്ചാണ് അദ്ദേഹം ആത്മീയ ജീവിതം ആരംഭിക്കുന്നത്. ശിഷ്യന്റെ ആത്മീയസാധന. അചഞ്ചലമായ ഗുരുഭക്തി, വിനയം, ഹൃദയപരിശുദ്ധി, അദ്ധ്വാനശീലം തുടങ്ങിയ ഗുണങ്ങളില്‍ ഗുരു അഭിമാനം കൊണ്ടിരുന്നു. ഗുരുവിന്റെ സമാധിക്ക് ശേഷം ഗുരുദാസാനന്ദ സ്വാമികള്‍ ആശ്രമത്തിന് നേതൃത്വം നല്കി. അദ്ദേഹത്തിന്റെ കാലത്താണ് സ്വയംപ്രകാശ യോഗിനിയമ്മയുടെ നിത്യസ്മരണ നിലനിര്‍ത്താനായി ‘ഹിന്ദുമതാശ്രമം’ എന്ന പേര്‍ മാറ്റി ‘സ്വയംപ്രകാശ ആശ്രമം’ എന്ന നാമം നല്കിയത്.
യോഗിനിയമ്മ തുടങ്ങിവെച്ച സാമൂഹ്യസേവന പദ്ധതികള്‍ ഗുരുദാസാനന്ദ സ്വാമികളുടെ കാലത്ത് വളര്‍ന്ന് പുഷ്‌കലമായി. മാതൃസേവനം, ശിശുസംരക്ഷണം, ബാലസമാജം, വായനശാല, തൊഴില്‍ പരിശീലനകേന്ദ്രം മുതലായ പ്രവര്‍ത്തനങ്ങള്‍ സജീവമായി. ആശ്രമത്തില്‍ ഒരു സാമൂഹ്യക്ഷേമകേന്ദ്രവും രൂപം കൊണ്ടു. കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകളില്‍ നിന്നും ഈ സ്ഥാപനത്തിന് ധനസഹായം ലഭിച്ചിരുന്നു. യോഗിനിയമ്മ ആരംഭിച്ച സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ ശിഷ്യന്റെ നേതൃത്വത്തില്‍ വിപുലമായി. ഇവിടുത്തെ മാതൃശിശുസംരക്ഷണകേന്ദ്രത്തിന് UNICEF മുഖാന്തിരം ഇരുപതുകൊല്ലം ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചിരുന്നു. ഒരു മിഡ് വൈഫിന്റെ സഹായത്താല്‍ പ്രസവവും പ്രസവാനന്തര സംരക്ഷണവും, ശിശുസംരക്ഷണവും വിജയകരമായി നടന്നുപോന്നു. കൂടാതെ ഒരു കുടുംബാസൂത്രണക്ലിനിക്കും ദന്തചികിത്സാക്ലിനിക്കും ഉണ്ടായിരുന്നു. തദ്ദേശവാസികള്‍ക്ക് ഇവ ഒരു വലിയ അനുഗ്രഹമായി. ശിശുസേവനകേന്ദ്രം അനുകരണീയമായ വിധത്തില്‍ നടത്താന്‍ കഴിഞ്ഞു. ആശ്രമാന്തരീക്ഷവും സജ്ജനസംസര്‍ഗ്ഗവും കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ സ്വാധീനിച്ചു. സ്ത്രീകള്‍ക്ക് വിശിഷ്യ യുവതികളില്‍ സ്വാശ്രയശീലം വളര്‍ത്തിയെടുക്കുന്നതിനുള്ള ബോധവല്ക്കരണ പരിപാടികള്‍ ആശ്രമത്തില്‍ തുടര്‍ച്ചയായി സംഘടിപ്പിച്ചിരുന്നു. അതിനു നേതൃത്വം നല്‍കിയത് യൂണിവേഴ്‌സിറ്റി കോളേജിലെ പ്രൊഫ. ഈശ്വരി അമ്മയും ലണ്ടനില്‍ നിന്നും സാമൂഹ്യ സേവനത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയ ഡോ. ശാരദാമ്മയുമായിരുന്നു. ഭാരതീയമായ സ്ത്രീ ശാക്തീകരണ സങ്കല്പങ്ങളായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചത്.1964ല്‍ ഗുരുദാസാനന്ദ സ്വാമികള്‍ സമാധി പ്രാപിച്ചു.
ജ്യോതിഃപ്രകാശിനിദേവി
രാമലക്ഷ്മിദേവിയെ ആശ്രമത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ സ്വാമികള്‍ തിരഞ്ഞെടുത്തിരുന്നു. 1910 ല്‍ നാഗപട്ടണത്തു ജനിച്ച അവര്‍ ആധുനിക വിദ്യാഭ്യാസം നേടിയ ഒരു വനിതയായിരുന്നു. ഗുരുദാസാനന്ദ സ്വാമികള്‍ ജ്യോതിപ്രകാശിനിദേവി എന്ന പേരില്‍ സന്ന്യാസദീക്ഷ നല്‍കി. ഇരുപത് കൊല്ലത്തെ ഗുരുശിഷ്യബന്ധം ആ മഹതിയായ അമ്മയെ ആദ്ധ്യാത്മികമായ ഔന്നത്യത്തിലെത്തിച്ചു. ഗുരുവിന്റെ സമാധിക്കുശേഷം അവര്‍ നീണ്ട നാല്‍പ്പത്തൊന്നു വര്‍ഷം പൂര്‍ണ്ണസമര്‍പ്പണത്തോടുകൂടി ആശ്രമഭരണം നടത്തിപ്പോന്നു. സന്ന്യാസിമാരെ കൂടാതെ ഗൃഹസ്ഥകളായ ശിഷ്യര്‍ക്കും അവര്‍ ആത്മീയ ശിക്ഷണം നല്‍കിയിരുന്നു. 2005-ല്‍ ആ സ്‌നേഹനിധി ദേഹത്യാഗം ചെയ്തു.
ലളിത ടീച്ചര്‍
സ്വയം പ്രകാശ ആശ്രമ പരമ്പരയില്‍ ഇന്ന് ഗുരുസ്ഥാനത്തു ഭക്തരും അഭ്യുദയ കാംക്ഷികളും കാണുന്നതു പ്രൊഫ. ജെ. ലളിത ടീച്ചറെയാണ്. ടീച്ചറുടെ ജീവിതം ആശ്രമവുമായി അഭേദ്യമായി കെട്ടുപിണഞ്ഞു കിടക്കുന്നു. മൂന്ന് ദശകത്തോളമായി ആശ്രമത്തില്‍ സന്യാസ ജീവിതം നയിക്കുന്ന ലളിതടീച്ചറുടെ ജീവിതാനുഭവള്‍ സര്‍വസാക്ഷി അമ്മയുടെയും സ്വയം പ്രകാശിനി അമ്മയുടെയും ജീവിതാനുഭവങ്ങളുമായി അസാമാന്യമായ സാദൃശ്യമുള്ളവയാണ്.
തൈക്കാട്ട് അയ്യാസ്വാമികളുടെ സമാധി ദിനത്തിലാണു് ലളിത ടീച്ചറുടെ ജനനം. തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധമുള്ള അരുമന അമ്മവീട്ടില്‍ ശ്രീമതി ജാനകി കൊച്ചമ്മയുടേയും മാവേലിക്കര ശാരദാമന്ദിരത്തില്‍ പ്രൊഫ. രാഘവര്‍മ്മ തമ്പുരാന്റെയും മകളായി, 1938 ല്‍ ജനിച്ചു. ‘കേരളപാണിനി’ എന്ന പേരില്‍ സുപ്രസിദ്ധനായ എ.ആര്‍.രാജരാജവര്‍മ്മ മുത്തച്ഛനാണ്. സാഹിത്യത്തോടൊപ്പം സംഗീതവും പാരമ്പര്യമായി അവര്‍ക്കു ലഭിച്ചു.
കുട്ടിക്കാലത്തു തന്നെ ആത്മീയാചാര്യന്മാരുമായി അടുത്തിടപഴകാനുള്ള ഭാഗ്യം അവര്‍ക്കു ലഭിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു പഠനം. കരമന എന്‍.എസ്.എസ്. വനിതാ കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അദ്ധ്യാപികയായി രണ്ടര പതിറ്റാണ്ടിലേറെ സേവനം അനുഷ്ഠിച്ചു. സ്വയം പ്രകാശാശ്രമത്തില്‍വെച്ച് ഗുരുദാസാനന്ദ സ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ ഹിന്ദുമതാശ്രമത്തിന് സ്ഥലം ദാനം ചെയ്ത ഡോ. മാധവന്‍ പിള്ളയുടെ പൗത്രനായ സുകുമാരന്‍ നായരെയാണ് വിവാഹം കഴിച്ചത്. സ്വയംപ്രകാശാശ്രമ ഭജനസംഘത്തിനും സംഘത്തിന്റെ ആകാശവാണിയിലെ സംഗീത പരിപാടികള്‍ക്കും നേതൃത്വം നല്‍കി.
ചിന്മയാന്ദ സ്വാമികളുമായും ശ്രീരാമകൃഷ്ണ മിഷനിലെ സന്യാസിമാരോടും അവര്‍ക്ക് അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. ലളിത ടീച്ചര്‍ രചിച്ച ‘സര്‍വസാക്ഷി അമ്മ ജീവിതവും പൈതൃകവും’ എന്ന കൃതി അവരുടെ സ്വ ഗുരുക്കന്മാരുടെ ജീവസ്സുറ്റ ഒരു ചരിത്രരേഖയാണ്. ആ ഗ്രന്ഥമാണ് ഈ ലേഖനത്തിനാധാരവും. ഗുരുകൃപാസാഗരം, സച്ചിദാനന്ദ സാഗരം, പ്രൊഫ. ജി ബാലകൃഷ്ണന്‍ നായരുടെ ജീവചരിത്രം തുടങ്ങിയ ഗ്രന്ഥങ്ങളും പൈതൃകത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും ടീച്ചര്‍ രചിച്ചിട്ടുണ്ട്. അധികാരത്തില്‍ നിന്നും അകന്നുമാറി ആത്മീയാനുഷ്ഠാനത്തിനു് ഒരുതരത്തിലും കോട്ടം തട്ടാതെ മൂന്ന് പതിറ്റാണ്ടുകളായി സ്വയം പ്രകാശ ആശ്രമത്തില്‍ സന്യാസ ജീവിതം നയിക്കുകയാണ് ലളിത ടീച്ചര്‍.
തൈക്കാട്ട് അയ്യാസ്വാമികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സര്‍വ്വസാക്ഷിയമ്മയില്‍ നിന്നും തുടങ്ങുന്ന സന്യാസിനി പരമ്പര അനുഷ്ഠാനത്തിനും തത്വബോധത്തിനും സമാനമായ പ്രാധാന്യം നല്‍കുന്നു. സ്വയംപ്രകാശാശ്രമം പോലെ സ്ത്രീ ശാക്തീകരണത്തിന് മാതൃകയായ മറ്റൊരാശ്രമവും കേരളത്തിലിന്നോളമുണ്ടായിട്ടില്ല. സ്ത്രീശാക്തീകരണത്തിന്റെ ആധുനികോത്തര കാലത്തു് സ്വയം പ്രകാശാശ്രമത്തിന്റെ സംഭാവനകള്‍ സജീവമായ ചര്‍ച്ചക്ക് വിധേയമാകേണ്ടതാണ്.
നവോത്ഥാനകാലം മുതല്‍ ആത്മീയവും സാമൂഹികവുമായ കാര്യങ്ങളില്‍ സ്ത്രീകള്‍ക്കും സംഭാവനകള്‍ നല്‍കാനാവുമെന്നു തെളിയിച്ച അസാധാരണമായ മാതൃകാസ്ഥാനമായിരുന്നു സ്വയംപ്രകാശാശ്രമം. ആശ്രമത്തിന്റെ ആത്മീയവും ഭൗതികവുമായ കാര്യങ്ങളുടെയും നേതൃത്വം; ഒരു സന്യാസിനി ഏറ്റെടുത്ത് അതിനു ഒരു തുടര്‍ച്ച നല്‍കേണ്ടത് സനാതനധര്‍മ്മ സമൂഹത്തിന്റെ ആവശ്യമാണ്. സ്വയം പ്രകാശിനി അമ്മ കഠിനാദ്ധ്വാനത്തിലൂടെ കെട്ടിപ്പടുത്ത സ്വയംപ്രകാശ ആശ്രമം ഹിന്ദുസമൂഹത്തിന്റെ പ്രത്യേകിച്ചും സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള അമൂല്യമായ ഒരു സംവിധാനമാണ്. കൊട്ടാരക്കര സദാനന്ദാശ്രമം പോലെ നിരവധി സനാതനധര്‍മ്മ ആശ്രമങ്ങള്‍ ഉപയോഗ ശൂന്യമാക്കി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്വയംപ്രകാശ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പഴയതു പോലെ പുനരുദ്ധരിക്കുന്നതില്‍ ഹിന്ദു സമൂഹം ജാഗരൂകരാകേണ്ടതാണ്.
അവലംബം
ഗുരുപ്രകാശിനി ദേവീ (1979). ഓര്‍മ്മക്കുറിപ്പുകള്‍. സ്വയംപ്രകാശം സോവനീര്‍, 1979. പുറം: 38, 39
ലളിത ജെ. രാജീവ് ഇരിങ്ങാലക്കുട (2008). സര്‍വസാക്ഷി അമ്മ: ജീവിതവും പൈതൃകവും. തിരുവനന്തപുരം, ദക്ഷിണേന്ത്യാ പഠന കേന്ദ്രം, 2018.
ലോകനാഥ പണിക്കര്‍ (1960). ബ്രഹ്മശ്രീ തൈയ്ക്കാട്ട് അയ്യാസ്വാമി തിരുവടികള്‍, അയ്യാമിഷന്‍, തിരുവനന്തപുരം, അനുബന്ധം (രണ്ടാം പതിപ്പ്) 1997
ശ്യാമളാ നായര്‍ (1974). ഗുരുപാദങ്ങളില്‍, സ്വയംപ്രകാശാശ്രമം, തിരുവനന്തപുരം.