കഴിഞ്ഞ 70 വര്‍ഷക്കാലത്തെ നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ നിന്നും നമുക്കുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, പാര്‍ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും അദ്ധ്യക്ഷന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് ഈ അടുത്തയിടയ്ക്ക് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് മുന്നോട്ടുവച്ച ‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്്’ എന്ന നിര്‍ദ്ദേശം ബുദ്ധിപൂര്‍വ്വവും യുക്തിയുക്തവും ആയി തോന്നുന്നു. 1950 ല്‍ നമ്മുടെ ഭരണഘടന നിലവില്‍ വന്നതിനുശേഷം, 1951 – 52 കാലഘട്ടത്തില്‍ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം നടന്ന ഭാരതത്തിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ മഹത്തായ ഒരു നിര്‍വ്വഹണം ആയിരുന്നു എന്ന് നിസ്സംശയം പറയാം. അങ്ങേയറ്റം പൂര്‍ണതയോടെ നടത്തപ്പെട്ട ആ പ്രക്രിയ വളരെ ശാന്തവും സമാധാനപരവും ആയിരുന്നു എന്നതു മാത്രമല്ല അതോടൊപ്പം തന്നെ സഫലവും നിഷ്പക്ഷവും ആയിരുന്നു എന്നതിന് ഭാരതത്തിന്റെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുകുമാര്‍ സെന്നിന് നന്ദി പറയാം. ആശയക്കുഴപ്പങ്ങേളോ പരാതികളോ ഒന്നും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് നിര്‍വ്വഹണ അധികാരികളുടെ സത്യസന്ധത, നിഷ്പക്ഷത, അതിന്റെ പ്രവര്‍ത്തന സംവിധാനം, നടപടിക്രമങ്ങള്‍, സര്‍വോപരി രാജ്യമൊട്ടാകെ ഏക രൂപേണ നടപ്പിലാക്കപ്പെട്ട ആ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രവര്‍ത്തന വിധം എന്നിവയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു.
ഭാരതത്തിലെ വോട്ടര്‍മാരുടെ വലിയൊരു വിഭാഗം നിരക്ഷരരുടെ പരിധിയില്‍ പെടുന്നവരാണ് എന്ന് ആരോപിക്കപ്പെടുമ്പോഴും, താന്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഉയര്‍ന്നുവന്നിരിക്കുന്നു എന്ന് അവള്‍ ലോകത്തിനു തെളിയിച്ചുകൊടുത്തു. വാസ്തവത്തില്‍, അതു തീര്‍ച്ചയായും ഭാരതത്തിന്റെ തിരഞ്ഞെടുപ്പ് സംബന്ധിയായ ആദ്യത്തെ അത്ഭുത സംഭവം ആയിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതക്കും, സുതാര്യതക്കും മേല്‍ മകുടം ചാര്‍ത്തിക്കൊണ്ട്, കോണ്‍ഗ്രസിന്റെ അന്നത്തെ ഉറച്ച കോട്ടയും പണ്ഡിറ്റ് നെഹ്‌റുവിന്റെ സ്ഥിരം മണ്ഡലവും ആയിരുന്ന അലഹബാദില്‍ പോലും തന്റെ തൊട്ടടുത്ത എതിരാളി ഡോക്ടര്‍ ലോഹ്യയെക്കാള്‍ നെഹ്‌റുവിന്റെ ഭൂരിപക്ഷം പല വിഐപി മണ്ഡലങ്ങളിലും ഇന്ന് കാണുന്നപോലെ ലക്ഷങ്ങള്‍ ആയിരുന്നില്ല മറിച്ച് ഏതാനും ആയിരങ്ങള്‍ മാത്രമായിരുന്നു. കള്ള വോട്ടുകളോ തിരഞ്ഞെടുപ്പ് തിരിമറികളെക്കുറിച്ചുള്ള ആരോപണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല എന്നുമാത്രമല്ല തിരഞ്ഞെടുപ്പ് അധികാരികളില്‍ നിന്ന് സുതാര്യമായ ഒരു നിഷ്പക്ഷത എല്ലായിടത്തും പ്രകടമായിരുന്നു.
എങ്കിലും, ആദ്യത്തെ തിരഞ്ഞെടുപ്പിന് ശേഷം, ഭരണകക്ഷികള്‍ക്കുള്ളിലെ രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുടേയും അനൈക്യങ്ങളുടെയും അനന്തരഫലമായി ഭരണരംഗത്തുണ്ടാകുന്ന അസ്ഥിരതകള്‍ നിയമസഭകളുടെ പിരിച്ചുവിടലുകളിലേക്ക് നയിക്കുകയും ഖജനാവിന് കനത്ത ആഘാതം ഏല്‍പ്പിച്ചുകൊണ്ട് ഒന്നിന് പിറകെ ഒന്നായി ഇടക്കാല തിരഞ്ഞെടുപ്പുകള്‍ വരികയും ചെയ്തതോടെ സാഹചര്യങ്ങള്‍ ആത്യന്തികമായി മാറാന്‍ തുടങ്ങി. തിരഞ്ഞെടുക്കപ്പെട്ട അംഗത്തിന്റെ നിര്യാണമോ, രാജിയോ മൂലമുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പുകളും സര്‍ക്കാര്‍ ഖജനാവിന് വീണ്ടും കൂടുതല്‍ ആഘാതം ഏല്‍പ്പിച്ചു തുടങ്ങി.
പിന്നീട്, നമ്മുടെ ജനാധിപത്യത്തിന്റെ ചിലവ് വീണ്ടും ഇരട്ടിയാക്കി കൊണ്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നഗരസഭകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവ കൂടാതെ പഞ്ചായത്ത് രാജ് സാഹസത്തിനു ശേഷം വന്ന ജില്ലാ പരിഷത്തുകള്‍ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ വന്നു. ഒരിക്കല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു കഴിയുമ്പോള്‍ നിലവില്‍ വരുന്ന പെരുമാറ്റചട്ടം ഭരണത്തിന്റെ എല്ലാതലത്തിലുമുള്ള വികസന പ്രവര്‍ത്തനങ്ങളെ പ്രായോഗികമായി മരവിപ്പിക്കുകയും വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ സര്‍ക്കാര്‍ സംവിധാനത്തെ നിശ്ചലമാക്കുകയും ചെയ്യുന്നു. ഈ രീതി ഇപ്പോഴും തുടരുന്നു. ഇതു കൂടാതെ പ്രാദേശികവും തദ്ദേശീയവുമായ തലങ്ങളില്‍ ഉണ്ടാകുന്ന ഉപതെരഞ്ഞെടുപ്പുകള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. സര്‍ക്കാരിന് മാത്രമല്ല, സ്ഥാനാര്‍ത്ഥികള്‍ക്കും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കും, രസീതുകള്‍ വഴിയും (ചിലപ്പോള്‍ രസീത് ഇല്ലാതെയും) കൂപ്പണുകള്‍ വഴിയും, ബക്കറ്റുകള്‍ വഴിയും തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ഓരോതവണയും നിര്‍ബന്ധിതരാകുന്ന ജനങ്ങള്‍ക്കും, ഭാരിച്ച പണച്ചിലവ് ഉണ്ടാക്കുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അടിക്കടി ഉണ്ടാകുന്ന ഇന്നത്തെ വോട്ടെടുപ്പ് സമ്പ്രദായം ജനമനസ്സുകളില്‍ ഭാരവും മടുപ്പും ഉളവാക്കി തുടങ്ങിയിരിക്കുന്നു. മറുവശത്ത്, വലിയൊരു അളവുവരെ ഇത് തിരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിലും ചിലപ്പോള്‍ ഭരണത്തിലും വരെ നിര്‍ലജ്ജമായ അഴിമതിയെ സ്ഥായിയാക്കുന്നു.
ഏറ്റവും താഴെക്കിടയില്‍ നിന്നു മുതല്‍ മാത്രമല്ല ഏറ്റവും ഉന്നതമായ സ്ഥാനങ്ങളില്‍ വരെ പോലും അധികാരം കയ്യാളി ഇരിക്കുന്നവരുടെ കണക്കില്‍പ്പെടാത്ത വരുമാനത്തിന്റെ ഉയര്‍ച്ചയും വര്‍ദ്ധനവും ഭീതിദമായ രീതിയില്‍ ആശ്ചര്യജനകവും ഞെട്ടലുളവാക്കുന്നതുമാണ്. അവരവര്‍ക്കു ലഭിക്കുന്ന സേവന വില, കമ്മീഷന്‍, ഓഹരി, കൈക്കൂലി എന്നൊക്കെ വിളിക്കാവുന്ന പണത്തിന്റെ അളവ് കൃത്യമായി നിര്‍ണയിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വീടുകളില്‍ സ്ഥാപിക്കുന്ന ഉന്നത സ്ഥാനീയര്‍ ആയ നേതാക്കളെ കുറിച്ചുള്ള അപവാദകഥകള്‍ പോലും നാം കേള്‍ക്കുന്നു. ഒരുപക്ഷേ ഓരോ അഞ്ചു വര്‍ഷത്തിലും ഇരട്ടിയായി കൊണ്ടിരിക്കുന്ന അഴിമതി നമ്മുടെ തിരഞ്ഞെടുപ്പു സമ്പ്രദായത്തിലും രാഷ്ട്രീയത്തിലും ഭരണത്തിന്റെ എല്ലാ മേഖലകളിലും കടന്നുകൂടിയിരിക്കുന്നു എന്നത് എല്ലാവരും സമ്മതിക്കുന്നു.
തന്റെ പ്രായമേറിയ അമ്മയോടുള്ള സ്‌നേഹവും ആരാധനയും ഒഴിച്ചു നിര്‍ത്തിയാല്‍, ഒരു കുടുംബം പോലും ഇല്ലാത്ത, ലൗകിക ബന്ധങ്ങള്‍ വിച്ഛേദിച്ച ഒരു വ്യക്തി ആയതുകൊണ്ടാവാം നാട്ടില്‍ നടക്കുന്ന ഇത്രയും അഴിമതികളുടെ പശ്ചാത്തലത്തില്‍ പോലും നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയെ കുറിച്ച് വ്യക്തിപരമായി ഒരു ആരോപണവും ആരും ഉന്നയിച്ചിട്ടില്ല എന്നതിന് നമുക്ക് ദൈവത്തിനു നന്ദി പറയാം. തന്റെ അമ്മയോടുള്ള പരക്കെ അറിയപ്പെട്ടിരുന്ന ഗാഢസ്‌നേഹം മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവരില്‍നിന്നും വിഭിന്നനായി വളരെ തലയെടുപ്പോടെ നിന്നിരുന്ന കാമരാജിന് ഒപ്പം ഈ അര്‍ത്ഥത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തീര്‍ച്ചയായും നില്‍ക്കുന്നു. രണ്ടുതവണ തമിഴ് നാടിന്റെ മുഖ്യമന്ത്രിയും പിന്നീട് കോണ്‍ഗ്രസ് പ്രസിഡണ്ടും ആയിരുന്ന കാമരാജ് ജീവിതകാലം മുഴുവന്‍ ചിരസ്ഥായിയായ അവിവാഹിതനായിരുന്നു.
അധികാരത്തിലിരിക്കുമ്പോള്‍ തങ്ങള്‍ക്കോ കുടുംബങ്ങള്‍ക്കോ വേണ്ടി അവിഹിതമായി ഒന്നും നേടാത്ത പണ്ഡിറ്റ് ജി, ശാസ്ത്രിജി, മൊറാര്‍ജിഭായി, നന്ദാ ജി, വാജ്‌പേയ്ജി തുടങ്ങിയ നമ്മുടെ ചില മുന്‍കാല പ്രധാനമന്ത്രിമാരെയും ‘അകളങ്കിതരുടെ കൂട്ടമെന്നോ അല്ലെങ്കില്‍ കളങ്കപ്പെടുത്താന്‍ ആവാത്ത രാഷ്ട്രീയ സമ്പ്രദായത്തില്‍പെട്ടവര്‍’ എന്നോ നാം കരുതിപ്പോരുന്നു. ഇവര്‍ രൂപീകരിച്ചതോ പിന്തുടര്‍ന്ന് പോന്നതോ ആയ നയങ്ങളോട് ശക്തമായ എതിര്‍പ്പുള്ളവര്‍ പോലും ഇവരെ വിമര്‍ശിക്കുന്നതിനുപയോഗിച്ചിരുന്ന ഭാഷ അങ്ങേയറ്റം കുലീനവും, ഉദാരവും ആദരവുള്ളതുമായിരുന്നു എന്നു മാത്രമല്ല, അവരോടുള്ള രാഷ്ട്രീയ വിയോജിപ്പ് ഒരേസമയം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇവര്‍ ആര്‍ക്കെങ്കിലും വ്യക്തിപരമായ എന്തെങ്കിലും ഒരു വീഴ്ച ഉണ്ടായതായി അവര്‍ ആരോപിച്ചിട്ടില്ല. ഗതകാല വര്‍ഷങ്ങളിലെ രാഷ്ട്രീയത്തിന്റെ നിലവാരവും സംസ്‌കാരവും നേതാക്കള്‍ക്കിടയിലെ ബന്ധങ്ങളുടെ ഊഷ്മളതയും അത്ര ഉന്നതമായിരുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മുന്നോട്ടുവെച്ച ‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്’ എന്ന നിര്‍ദ്ദേശത്തെ, മേല്‍പ്പറഞ്ഞ സംഗതികളുടെ പശ്ചാത്തലത്തില്‍ കാണുകയും, അത് ദേശീയതലത്തില്‍ ഒരു ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യണം. നിലവില്‍ നിലനിന്നുപോരുന്ന ഒരു വ്യവസ്ഥാക്രമത്തിന്റെ പൊളിച്ചെഴുത്തോ പെട്ടെന്നുള്ള മാറ്റമോ അത്ര എളുപ്പവും ആയാസരഹിതവും ആണെന്നല്ല. നമ്മുടെ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ സാദ്ധ്യമായ പരിഷ്‌കരണത്തിനു വേണ്ടിയുള്ള നീക്കങ്ങള്‍ ഏതെങ്കിലും ഒരു സമയത്ത് തുടങ്ങേണ്ടതിന്റെ ആവശ്യകത അങ്ങേയറ്റം അതിക്രമിച്ചിരിക്കുന്നു. ഇപ്പോള്‍ ഈ വ്യവസ്ഥാ ക്രമം മാറ്റുന്നതിനുള്ള നിര്‍ദ്ദേശം രാജ്യത്തിന്റെ ഏറ്റവും തലപ്പത്തുനിന്നു തന്നെ വന്നിരിക്കുന്നു. ഈ വിഷയത്തിലൂന്നി എല്ലാ തലങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിശദമായ ദേശീയ ചര്‍ച്ചകള്‍ നടക്കട്ടെ.
ഈ നിര്‍ദ്ദേശത്തിന്റെ വരുംവരായ്കകളെക്കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകളും, നിലവിലുള്ള തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരിഷ്‌കരണത്തിനു വേണ്ടുന്ന നിയമ ഭേദഗതികള്‍ കൊണ്ടുവരുന്നതിനെ കുറിച്ചു ദേശീയതലത്തില്‍ ഏകാഭിപ്രായം രൂപീകരിക്കുന്നതിനുള്ള ഗൗരവമേറിയ ശ്രമങ്ങളും എത്രയും പെട്ടെന്ന് നടത്തുന്നുവോ അത്രയും നല്ലത്. അല്ലാത്തപക്ഷം സ്ഥിതിഗതികള്‍ മോശം എന്നതില്‍ നിന്നും നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇളകുമാറ് ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്കു മാറുമെന്നും നിസ്സംശയം പറയാം.
ഒരു ഫെഡറല്‍ സംവിധാനമാണ് നിലനില്‍ക്കുന്നത് എങ്കില്‍പ്പോലും ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന തത്ത്വത്തിലേക്കു 200 വര്‍ഷങ്ങള്‍ക്കു മുന്‍പേതന്നെ അമേരിക്കയ്ക്കു മാറാമെങ്കില്‍ നമ്മുടെ ഭരണഘടനയുടെ ഫെഡറല്‍ തത്ത്വങ്ങളുടെയും ചട്ടക്കൂടിന്റെയും ഉള്ളില്‍ നിന്നുകൊണ്ടു തന്നെ നമുക്കെന്തുകൊണ്ട് ഈ ഒരു ശ്രമം നടത്തിക്കൂടാ?
(മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ആണ് ലേഖകന്‍)