Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

”യോഗ: കര്‍മ്മസു കൗശലം”

സി.പി. നായര്‍സി.പി. നായര്‍
25 December 2020

 

Google NewsAdd Kesari Weekly as a preferred source on Google

”ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷയല്ല. കടം വാങ്ങിയ ഭാഷയില്‍ ഒരു വിദ്യാര്‍ത്ഥി ഒരിക്കലും വൈജ്ഞാനിക സാഹസ ബുദ്ധി (?) പ്രകടിപ്പിക്കുകയില്ല. നല്ല മാര്‍ക്കു വാങ്ങിയെന്നിരിക്കും. പക്ഷെ മാതൃഭാഷയിലൂടെയല്ലാതെ ഉള്‍ക്കൊണ്ട അറിവുകള്‍ അനുഭവമാകുന്നില്ല (?) പ്രതിഭാശാലികളായ നമ്മുടെ കുഞ്ഞുങ്ങള്‍ ശരാശരിക്കാരും അനുയായികളുമായി മാത്രം ജീവിത വിജയം നേടുന്നു.”

സാഹിത്യരംഗത്തും സാംസ്‌കാരിക മണ്ഡലത്തിലും ഔദ്യോഗിക മേഖലയിലും വളരെ ഉയര്‍ന്ന ഒരു സ്ഥാനം അലങ്കരിക്കുന്ന ഒരു വ്യക്തിയുടേതാണ് ഈ അഭിപ്രായം. ഒരു പ്രമുഖ മുഖ്യധാരാ ദിനപത്രത്തിന്റെ സ്ഥിരം പ്രതിവാര പംക്തിയിലാണ് ഈ അഭിപ്രായ പ്രകടനം കാണാനിടയായത്. വക്താവിന്റെ (ഉപരി സൂചിപ്പിച്ച) പ്രാമാണ്യം പരിഗണിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സാമാന്യത്തിലേറെ ഗൗരവമുള്ളതായിത്തോന്നി.

ADVERTISEMENT

താനകൃത്സ്‌ന വിദോ മന്ദാന്‍
കൃത്സ്‌ന വിന്ന വിചാലയേത്

എന്നു യോഗേശ്വരനായ ശ്രീ ഭഗവാന്റെ തിരുവായ്‌മൊഴി ഓര്‍മ്മവന്നു. അറിവുള്ളവര്‍ അറിവില്ലാത്തവരെ വഴിതെറ്റിക്കരുതെന്നാണ് ഈ ഉപദേശത്തിന്റെ സ്ഥൂലമായ അര്‍ത്ഥം. വായിക്കുന്ന ലക്ഷക്കണക്കിനു ജനങ്ങളെ, വിശേഷിച്ചു ഭാവിയെ ഉറ്റു നോക്കിക്കഴിയുന്ന ചെറുപ്പക്കാരെ, മേലുദ്ധരിച്ച മഹദ്വചനം അത്ര വളരെ സാധുവല്ലാത്ത ഒരു പന്ഥാവിലേക്കു തിരിച്ചുവിട്ടു വഴിതെറ്റിക്കാന്‍ സാധ്യതയുള്ളതായിത്തോന്നി. ”ആളുവില കല്ലുവില” എന്നൊരു നാട്ടുമൊഴിയുണ്ടല്ലൊ. അദ്ദേഹം പറയുമ്പോള്‍ ശരാശരിക്കാരന്റെ ചിന്താരഹിതമായ വായാടിത്തരമായിട്ടല്ല (അതു നാം ദിവസവും, വാമൊഴിയായും വരമൊഴിയായും ധാരാളം ‘അനുഭവി’ ക്കുന്നുണ്ടല്ലൊ!), മറിച്ച് പക്വമായ ചിന്തയുടെ സന്താനമായിട്ടാണു ജനങ്ങള്‍ അതിനെ പരിഗണിക്കുക. അതുകൊണ്ടുതന്നെ അതിന്റെ സാധുത ഒന്നു പരിശോധിക്കേണ്ടതാണെന്നു തോന്നി – എട്ടു പതിറ്റാണ്ടു കാലത്തെ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍.

”യുക്തിയുക്തമുപാദേയം
യദുക്തം ബാലകാദപി;
അന്യത് തൃണമിവ ത്യാജ്യം
അപ്യുക്തം പദ്മജന്മനാ”

എന്നൊരു പഴയ നീതിസാരശ്ലോകം ഓര്‍മ്മവന്നു. യുക്തിയുക്തമായി ഒരു കുട്ടി പറഞ്ഞാലും അവന്റെ മൊഴി സ്വീകരിക്കുക തന്നെ വേണം. മറിച്ച് യുക്തിക്കു നിരക്കാത്ത ഒരു അഭിപ്രായം, സാക്ഷാല്‍ ബ്രഹ്മാവിന്റെ വകയാണെങ്കില്‍ക്കൂടി, നിര്‍വിശങ്കം തള്ളിക്കളയുകയാണ് വേണ്ടത്. (ഒന്നോര്‍ത്താല്‍ ഭാരതീയ ചിന്താപദ്ധതിയുടെ അടിസ്ഥാനം തന്നെ യുക്തിയോടുള്ള ഈ ആദരമാണ്.)

‘ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷയല്ല’ എന്ന പ്രസ്താവം അതിസാധാരണമാണെന്നു പറയാതെ വയ്യ. അതിന് ഏതാണ്ടൊരു ‘ക്ലീഷേ’ യുടെ ദുസ്വാദു പോലും ഉണ്ട്. ‘ദാവൂദ് ഇബ്രാഹിം മാന്യനല്ല’ എന്നു പ്രഖ്യാപിക്കുന്നതില്‍ സവിശേഷമായി ഒന്നുമില്ലല്ലൊ. പക്ഷെ മാതൃഭാഷയല്ലെങ്കില്‍ക്കൂടി, ചരിത്രപരമായ കാരണങ്ങളാല്‍ ഭാരതീയര്‍ക്ക് അവഗാഢമായ ബന്ധമുള്ള, തലമുറകളെത്തന്നെ സ്വാധീനിച്ചിട്ടുള്ള, തലമുറകള്‍ കൈകാര്യകര്‍തൃത്വം നേടിയിട്ടുള്ള, ബഹുമുഖമായ വ്യവഹാരത്തിന് ഉപയോഗിച്ചിട്ടുള്ള, ഒരേ ഒരു വിദേശഭാഷ ഇംഗ്ലീഷാണെന്നത്, ആ ഭാഷയോട് അത്ര വളരെ വ്യക്തമല്ലാത്ത എന്തോ കാരണങ്ങളാല്‍ യാതൊരാഭിമുഖ്യവും പുലര്‍ത്താത്ത നമ്മുടെ മഹദ്‌വചനകര്‍ത്താവിനുപോലും നിഷേധിക്കാനാവുമെന്നു തോന്നുന്നില്ല. ഏതാണ്ടു രണ്ടു ശതാബ്ദക്കാലം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്നതു കൊണ്ടുതന്നെ, അവരുടെ ഭാഷയോട്, സാഹിത്യത്തോട്, അവര്‍ സംഭാവന ചെയ്ത ജനാധിപത്യ സ്ഥാപനങ്ങളോട്, നിയമ സംഹിതയോട്, നീതിന്യായ വ്യവസ്ഥയോട്, സര്‍വ്വോപരി സമ്പന്നമായ അവരുടെ സംസ്‌കാരത്തോട്, ഭാരതീയ ജനതയ്ക്കുള്ള സംബന്ധവും പരിചയവും മറ്റൊരു വൈദേശിക സംസ്‌കാരത്തോടും ഇല്ലതന്നെ. ഭാഷയുടെ കാര്യമാണല്ലൊ ഇവിടെ നമ്മുടെ ചിന്താവിഷയം. ലളിതമായിപ്പറഞ്ഞാല്‍, ഇംഗ്ലീഷിനോടു നമുക്കുള്ള ധൈഷണികമായ നാഭിനാളബന്ധം (എന്നു തന്നെ പറയണം) റഷ്യന്‍, ചൈനീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, ജാപ്പനീസ് തുടങ്ങിയ മറ്റൊരു വിദേശഭാഷയോടും ഇല്ല തന്നെ.

ഈ വസ്തുത അംഗീകരിച്ചാല്‍, തുല്യ പ്രാധാന്യമുള്ള മറ്റൊരു വസ്തുത ഒരു അനുസിദ്ധാന്തം (corollary) ആയി നമുക്ക് അംഗീകരിക്കാതെ വയ്യ – അതിവിപുലമായ, ബഹുമുഖമായ, അമ്പരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന നൂതന വിജ്ഞാന ശാഖകളിലേക്ക്, സാഹിത്യവും ചരിത്രവും രാഷ്ട്രമീമാംസയും തത്വശാസ്ത്രവും മുതല്‍, ശാസ്ത്രങ്ങളുടെ ഏറ്റവും അധുനാതനമായ ഉപജ്ഞാനങ്ങള്‍വരെ, നമുക്കു നേടിയെടുക്കാനുള്ള ഒരേ ഒരു ഉപാധി ഇംഗ്ലീഷ് ഭാഷയാണെന്നതത്രെ അനിഷേധ്യമായ ഈ യാഥാര്‍ത്ഥ്യം. (ഇംഗ്ലീഷ് എന്ന സംജ്ഞയ്ക്ക് ഇംഗ്ലണ്ടിലെ ജനങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ എന്ന പരിമിതമായ, ഏറെക്കുറെ സങ്കുചിതമായ അര്‍ത്ഥമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച്, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലെത്തി നില്‍ക്കുന്ന നമുക്കു ലഭ്യമായ അമേരിക്കന്‍ ഇംഗ്ലീഷ്, കനേഡിയന്‍ ഇംഗ്ലീഷ്, ആസ്‌ട്രേലിയന്‍ ഇംഗ്ലീഷ്, ഇന്ത്യന്‍ ഇംഗ്ലീഷ് ഇവയെല്ലാം അര്‍ത്ഥമാക്കേണ്ടിയിരിക്കുന്നു. വിശേഷിച്ചും നിത്യവ്യവഹാരത്തിനു നാം ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങളില്‍ ഒരു വലിയ ശതമാനം അമേരിക്കന്‍ ഇംഗ്ലീഷ് വിഭാഗത്തില്‍പ്പെടുന്നവയാണ് – (ശാസ്ത്ര സംബന്ധിയായ ശബ്ദങ്ങള്‍ വിശേഷിച്ചും). ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഈ പ്രമേയത്തെക്കുറിച്ച് കൂടുതല്‍ പ്രപഞ്ചനം ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കു വിശേഷിച്ചും, ബിരുദാനന്തര-ഗവേഷണ തലങ്ങളില്‍, ഇംഗ്ലീഷ് ഭാഷയെ ”ദൂരതഃപരിവര്‍ജ്ജയേത്’ എന്നാക്രോശിച്ചുകൊണ്ടു മുഖം തിരിച്ചു നില്‍ക്കാന്‍ സാധ്യമല്ല തന്നെ. ഉപരിപഠനത്തിനു വിദേശീയ വിജ്ഞാന കേന്ദ്രങ്ങളെ മാത്രമല്ല, ഭാരതത്തിലെ തന്നെ സര്‍വകലാശാലകളെയും ഐ.ടി.ഐ., ഐ.ഐ.എം. മുതലായ ഉന്നത വിജ്ഞാന വിതരണ സ്രോതസ്സുകളെയും ആശ്രയിക്കുന്ന പ്രതിഭാധനനായ ഏതു വിദ്യാര്‍ത്ഥിക്കാണ്, ലേഖകന്റെ (അത്ര വളരെ വ്യക്തമല്ലാത്ത) പ്രയോഗമായ ‘വൈജ്ഞാനിക സാഹസബുദ്ധി’ കൈമുതലായുള്ള ഏതു മിടുക്കനായ ചെറുപ്പക്കാരനാണ്, അവന്‍ തിരഞ്ഞെടുത്ത വൈജ്ഞാനിക സരണി ഏതായാലും, ഇംഗ്ലീഷിനെ കര്‍ശനമായി ഒഴിവാക്കാന്‍ സാധിക്കുന്നത്? വൈദിക സാഹിത്യത്തെയും ഉപനിഷദ് വാങ്മയത്തെയും വേദാന്ത ചിന്താപദ്ധതിയെയും വിഷയമാക്കി ഉപരിഗവേഷണം നടത്തുന്ന വിജ്ഞാന പിപാസുക്കള്‍ക്കുപോലും വര്‍ജ്ജ്യമല്ല ഇംഗ്ലീഷ് ഭാഷാ പ്രയോഗ പരിജ്ഞാനം. പിന്നെയല്ലേ ആധുനിക വൈദ്യശാസ്ത്രവും (അതിന്റെ അവാന്തര വിഭാഗങ്ങളുടെ എണ്ണം തന്നെ അമ്പരിപ്പിക്കുന്നതാണ്.) ബഹുശാഖമായ ഗണിതവും ഊര്‍ജ്ജതന്ത്രവും രസതന്ത്രവും ജീവശാസ്ത്രവുമൊക്കെ ‘അധീതി ബോധാചരണ പ്രചാരണ’ത്തിനു വിഷയമാക്കുന്നവരുടെ കാര്യം? പകല്‍പോലെ വ്യക്തമായ ഈ വസ്തുതകളുടെ വെളിച്ചത്തില്‍, ഒരു തരം ആഢ്യമ്മന്യത്വം നടിച്ചു മാറിനിന്ന്, ”മാതൃഭാഷയിലൂടെയല്ലാതെ ഉള്‍ക്കൊണ്ട അറിവുകള്‍ അനുഭവമാകുന്നില്ല” (ഈ പദത്തിന്റെ അര്‍ത്ഥസാരം – purport – വ്യക്തമല്ല) എന്നു പ്രഖ്യാപിക്കുന്നതു വെറും വാവദൂകതയാണെന്ന് ആരെങ്കിലും ദോഷോദ്ഭാവനം ചെയ്താല്‍ അവരെ കുറ്റപ്പെടുത്താനാകുമോ?

ഭൂതകാലത്തിലേക്കു നമുക്ക് ഒന്നു തിരിഞ്ഞു നോക്കാം. ശാസ്ത്രത്തിന്റെ കഥയ്ക്കു തന്നെയാകട്ടെ ആദ്യ പരിഗണന. ശ്രീനിവാസ രാമാനുജന്‍, പ്രഫുല്ല ചന്ദ്രറേ, ജഗദീശ് ചന്ദ്രബോസ്, മേഘനാദ്‌സാഹാ (പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ചില പേരുകള്‍ മാത്രം) തുടങ്ങിയ മഹാ പ്രതിഭന്മാര്‍ ഇംഗ്ലീഷിലല്ലേ പഠനവും ഗവേഷണവും നടത്തി അനശ്വരയശസ്സു നേടിയത്? സി.വി.രാമനും സുബ്രഹ്മണ്യം ചന്ദ്രശേഖറും ഹര്‍ഗോവിന്ദ് ഖുറാനായും വെങ്കിട്ടരാമന്‍ രാമകൃഷ്ണനുമൊക്കെ വിശ്വോത്തരമായ നൊബേല്‍ പുരസ്‌കാരം നേടിയത് ഇംഗ്ലീഷില്‍ ഉപരിഗവേഷണം നടത്തി, അവരുടെ സവിശേഷമായ ഉപജ്ഞാനങ്ങള്‍ വിജ്ഞാന ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചിട്ടില്ലേ? രവീന്ദ്രനാഥ ടാഗൂര്‍ അതേ പുരസ്‌കാരത്തിന് അര്‍ഹനായത്, ‘ഗീതാഞ്ജലി’ യുടെ ഇംഗ്ലീഷ് പരിഭാഷ (മഹാകവിതന്നെ രചിച്ച് അദ്ദേഹത്തിന്റെ ആത്മ സുഹൃത്തായ മറ്റൊരു മഹാകവി, ഡബ്ലിയു. ബി.യേറ്റ്‌സ്, ചിന്തേരിട്ടത്) യുടെ അടിസ്ഥാനത്തിലല്ലേ? ദേശികോത്തമനും ദാര്‍ശനിക പ്രമുഖനുമായ ഡോ.എസ്. രാധാകൃഷ്ണന്റെ അദ്ഭുതാഹ്ലാദകരമായ വൈഖരീവിലാസം ലോകം കണ്ടറിഞ്ഞത് ഇംഗ്ലീഷ് ഭാഷയില്‍ക്കൂടിയല്ലേ? എന്തിനധികം? ഭാരതത്തിന്റെ നിതാന്തസുകൃതവും മഹാഭിമാനവുമായ ആ യതിശാര്‍ദ്ദുലന്‍, സ്വാമി വിവേകാനന്ദന്‍, തന്റെ സാഗരഗര്‍ജ്ജനത്തിലൂടെ ഹൈന്ദവ ചിന്തയുടെയും സംസ്‌കാരത്തിന്റെയും അനുപമമായ മഹിമ പാശ്ചാത്യ ലോകത്തിനു മുമ്പില്‍ പ്രഖ്യാപിച്ചത് ഇംഗ്ലീഷ് ഭാഷ എന്ന മാധ്യമത്തില്‍ക്കൂടിയല്ലേ?

പരിഭാഷകളെക്കുറിച്ചു പറഞ്ഞാല്‍ ഇംഗ്ലീഷ് ഭാഷയോടുള്ള നമ്മുടെ ആധമര്‍ണ്യം ഇതിനേക്കാള്‍ ശക്തമായി, തീവ്രമായി ബോധ്യമാകും. ഹിന്ദു-ബുദ്ധ-ജൈന മതങ്ങളുടെ ആശ്ചര്യകരമാംവണ്ണം വിപുലമായ ആധ്യാത്മിക സംസ്‌കൃതി, ‘പൂര്‍വ്വദേശത്തെ വിശുദ്ധഗ്രന്ഥങ്ങള്‍” (Sa-cred Books of the East) എന്ന അതിബൃഹത്തായ, വിശ്രുതമായ ഗ്രന്ഥപരമ്പരയില്‍ക്കൂടി ലോകത്തെ ബോധ്യപ്പെടുത്തിയ മഹാനായ മാക്‌സ്മുള്ളര്‍ തെരഞ്ഞെടുത്ത ഭാഷ ഇംഗ്ലീഷാണ്. ആള്‍ഡസ് ഹക്‌സ്‌ലി, ക്രിസ്റ്റഫര്‍ ഐഷര്‍വുഡ്, പോള്‍ഡ്യൂസന്‍ തുടങ്ങിയ മഹാമനീഷികള്‍ പരിഭാഷകളിലൂടെ വിശ്വവിസ്മാപകമായ ഭാരതീയ വാങ്മയം ലോകത്തിനു സമ്മാനിച്ചത് ഇംഗ്ലീഷ് ഭാഷയില്‍ക്കൂടിയാണ്. കവികുല ഗുരു കാളിദാസന്റെ വിഖ്യാത നാടകമായ ‘ശാകുന്തളവും’ മഹായോഗേശ്വരനായ പാര്‍ത്ഥസാരഥിയുടെ അനശ്വരമായ സന്ദേശവും യഥാക്രമം സര്‍ വില്യം ജോണ്‍സും എഡ്വിന്‍ ആനള്‍ഡും രചിച്ച ഇംഗ്ലീഷ് പരിഭാഷകളിലൂടെയത്രെ വ്യാപകമായ യശസ്സു നേടിയത്. അനന്തമായ ഉദാഹരണങ്ങള്‍ ദീര്‍ഘിപ്പിക്കുന്നില്ല. താല്പര്യമുള്ള വായനക്കാരുടെ ശ്രദ്ധ ‘മഹാദ്ഭുതമായിരുന്ന ഇന്ത്യ'(The Wonder That was India)- എന്ന ഡോ.എ.എല്‍.ബാഷമിന്റെ പ്രശസ്ത കൃതിയുടെ ഗ്രന്ഥസൂചികയിലേക്കു ക്ഷണിക്കുന്നു.
”മാതൃഭാഷയിലൂടെയല്ലാതെ ഉള്‍ക്കൊണ്ട അറിവുകള്‍ അനുഭവമാകുന്നില്ല” എന്ന വിചിത്ര സിദ്ധാന്തത്തിന്റെ അതിശക്തമായ തിരസ്‌ക്കാരം ഞാന്‍ കണ്ടെത്തിയത്,അറുപത്തഞ്ചു വര്‍ഷത്തിനു മുമ്പു പഴയ സിക്‌സത്ത് ഫോമില്‍ പഠിച്ച, മഹാകവി വള്ളത്തോളിന്റെ ‘എന്റെ ഭാഷ’ എന്ന മധുരോദാരമായ കവിതയിലാണ്. ഇന്നും എന്റെ വാര്‍ദ്ധക്യ പ്രക്ഷീണമായ ഓര്‍മ്മയില്‍ അമൃതധാരപൊഴിക്കുന്ന ആ പുണ്യശ്ലോകന്റെ വാക്കുകള്‍ (സംഷ്ടാംഗ പ്രണാമപൂര്‍വ്വം) ഉദ്ധരിച്ചു കൊള്ളട്ടെ:-

”അന്യഭാഷാബ്ധിയിലാണ്ടാണ്ടു മുങ്ങിയ
ധന്യരേ, നിങ്ങള്‍തന്‍ വേല പാഴില്‍,
മാല്‍പെട്ടന്നതില്‍ നിന്നുപാര്‍ജ്ജിച്ച രത്‌നങ്ങള്‍
മാതാവിന്നായിസ്സമര്‍പ്പിക്കായ്കില്‍.
ചെല്ലക്കിടാങ്ങള്‍ തന്‍ സദ്ഗ്രന്ഥക്ഷുത്തിനെ-
ത്തെല്ലു ശമിപ്പിക്കാനാളല്ലാതെ
അല്ലല്‍പ്പെടുന്ന കുചേല കുടുംബിനി-
യല്ലയോ നമ്മുടെ ഭാഷയിന്നും!
എത്ര ലജ്ജാകര,മെത്ര ദുഃഖപ്രദം,
പുത്രധര്‍മ്മങ്ങള്‍ മറന്നിടായ്‌വിന്‍”

ഒരു സന്ദേഹവും വേണ്ട. ഇംഗ്ലീഷ് ഭാഷ നന്നായി പഠിക്കണമെന്നും, ബുദ്ധിപൂര്‍വ്വം വിനിയോഗിക്കണമെന്നും, കഴുത്തറുപ്പന്‍ മത്സരം എല്ലാ മേഖലകളിലും തെഴുത്തുവരുന്ന ഇക്കാലത്ത്, അത് അനുപേക്ഷണീയമാണെന്നും നമ്മുടെ കുട്ടികള്‍ മനസ്സിലാക്കട്ടെ. ഇംഗ്ലീഷിനോടുള്ള ആഭിമുഖ്യം നമ്മുടെ പെറ്റമ്മ തന്നെയായ കൈരളിയോടുള്ള അനാദരവും താല്പര്യക്കുറവും ആയി പരിണമിക്കേണ്ട യാതൊരു ആവശ്യവുമില്ല. മറിച്ച്,

”മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍,
മര്‍ത്ത്യനു പെറ്റമ്മതന്‍ ഭാഷതാന്‍”

എന്ന മഹാകവി ഓതിത്തന്ന ദിവ്യമന്ത്രം അവര്‍ ഉരുവിടട്ടെ. ധ്യാനിക്കട്ടെ, മനനം ചെയ്യട്ടെ. ഇംഗ്ലീഷില്‍ അന്യൂനമായ അവഗാഹം നേടുമ്പോള്‍ത്തന്നെ, അവര്‍ തുഞ്ചത്തു ഗുരുപാദരുടെ അധ്യാത്മ രാമായണം കിളിപ്പാട്ടും ഭാരതം കിളിപ്പാട്ടും വായിച്ചു പഠിക്കട്ടെ. ചെറുശ്ശേരിയുടെയും പൂന്താനത്തിന്റെയും കുഞ്ചന്റെയും വാങ്മയം ആസ്വദിക്കട്ടെ. വള്ളത്തോളും കുമാരനാശാനും മുതല്‍ സുഗത കുമാരിയും വിഷ്ണു നാരായണന്‍ നമ്പൂതിരിയും വരെയുള്ള അനുഗൃഹീത കവികളുടെ സാരസ്വതപ്രവാഹത്തില്‍ ആമജ്ജനം ചെയ്യട്ടെ. സി.വി.യും ചന്തുമേനോനും മുതല്‍ എം.ടിയും വിജയനുംവരെയുള്ള മനീഷികളുടെ ആഖ്യായികകള്‍ വായിക്കട്ടെ. ശൈലീവല്ലഭന്മാരായ ഗുപ്തന്‍ നായരുടെയും ഭാസ്‌ക്കരന്‍ നായരുടെയും എന്‍.വിയുടെയും മുണ്ടശ്ശേരിയുടെയും സുകുമാര്‍ അഴിക്കോടിന്റെയും വിശിഷ്ടമായ ഗദ്യമാതൃകകള്‍ ശ്രദ്ധിച്ചു പഠിക്കട്ടെ. അതേസമയം ‘വൈജ്ഞാനിക സാഹസ ബുദ്ധി’ ഇംഗ്ലീഷ് ഭാഷയില്‍ക്കൂടി നിപുണമായി, അവികലമായി പ്രകടിപ്പിക്കാനും അവര്‍ക്കു കഴിയട്ടെ. ജീവിത വിജയത്തിന്റെ പരമരഹസ്യമായ ‘യോഗ: കര്‍മ്മസു കൗശലം’ എന്ന മഹാമന്ത്രം ഉപദേശിച്ച യോഗേശ്വരന്‍ പ്രായോഗിക ബുദ്ധിയുടെ പരമാചാര്യനായിരുന്നുവെന്നോര്‍ക്കുക. (ആ ‘കൗശലം’ എന്ന പദത്തിന്, സാമര്‍ത്ഥ്യം, പ്രാഗല്ഭ്യം എന്നൊക്കെക്കൂടി അര്‍ത്ഥതലങ്ങളുണ്ടെന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ വിസ്മരിക്കാതിരിക്കട്ടെ. “Yoga is skill in action’ എന്നാണ് ഡോ.രാധാകൃഷ്ണന്റെ വ്യാഖ്യാനം. മേദിനീകോശകാരനും മേല്‍ സൂചിപ്പിച്ച അര്‍ത്ഥം അംഗീകരിക്കുന്നുണ്ട്.) ‘ശരാശരിക്കാരും അനുയായികളും’ ആകാതെ തന്നെ, ഉന്നത ശീര്‍ഷന്മാരായി, ഉത്തുംഗ പ്രതിഭന്മാരായി അവര്‍ ജീവിത വിജയം നേടട്ടെ.

(ലേഖകന്‍ കേരള സര്‍ക്കാരിന്റെ മുന്‍ ചീഫ് സെക്രട്ടറിയാണ്)

Share6TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies