ശുഭത്തെയും ആനന്ദത്തെയും നല്‍കുന്ന മഹാത്മാവായതിനാല്‍ അദ്ദേഹം ശുഭാനന്ദ ഗുരുദേവനായി. 69 വര്‍ഷത്തെ അദ്ധ്യാത്മിക ജീവിതം കൊണ്ട് ആത്മബോധത്തിന്റെ പടികളിലേയ്ക്ക് സാധാരണക്കാരനെ ഉയര്‍ത്താന്‍ ഗുരുദേവന് സാധിച്ചു. ആത്മബോധോദയ സംഘം ഹൈന്ദവമനഃസാക്ഷിയെ തൊട്ടുതലോടി. ആത്മീയത മാനവരാശിയുടെ വിമോചന വിപ്ലവമന്ത്രമാക്കുവാന്‍ ശുഭാനന്ദന് സാധിച്ചു. അടിമയായവനും അടിമയാക്കിയവനും ആത്മബോധമില്ലാത്തതാണീ സമൂഹത്തിന്റെ പ്രശ്‌നമെന്ന് മനസ്സിലാക്കി അടിമയിലും ഉടമയിലും പ്രകാശം ചൊരിഞ്ഞ് നേരായ ദിശ തെളിച്ചു കൊടുക്കുവാന്‍ ഗുരുദേവന് സാധിച്ചു.
”ഒന്‍പത് വാതിലിലമ്പലം
സ്ഥാപിച്ച് അമ്പോറ്റി വാഴുന്നൊരന്തരംഗം”
നവദ്വാരങ്ങളാകുന്ന വാതിലുകളുള്ള ശരീരത്തെ ഗുരുദേവന്‍ ക്ഷേത്രമായി സങ്കല്പിക്കുന്നു. മനുഷ്യത്വവും ദേവത്വവും ചേര്‍ന്നാലേ മനുഷ്യനാകൂ. ദേവത്വം പോയാല്‍ ജീവനുണ്ടായാലും മനുഷ്യജന്മം നിര്‍ജ്ജീവവും ശൂന്യവുമായിത്തീരും. ആത്മസ്വരൂപവും ജീവനും നരശക്തിയും ഒരേ അവസ്ഥയിലായെങ്കിലേ മനുഷ്യന്‍ പൂര്‍ണ്ണനാകൂ. നന്മ തിന്മകളെ തിരിച്ചറിയുന്നതാണ് ആത്മബോധം. ഞാനെന്ന ഭാവത്തില്‍ നിന്ന് ഞാനെന്ന ബോധത്തിലേയ്ക്ക് സാധാരണക്കാരനെ ഉയര്‍ത്തുവാന്‍ ശുഭാനന്ദഗുരുദേവന്‍ ചെയ്ത സേവനങ്ങള്‍ അതിശ്രേഷ്ഠതരമാണ്.
തിരുവല്ല മഹാക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ തെക്കായി നിലകൊള്ളുന്ന വെണ്‍പാല ഗ്രാമത്തില്‍ മലയിത്തറ എന്ന പുരാതന പറയ കുടുംബത്തിലാണ് ശുഭാനന്ദഗുരുദേവന്‍ ജനിച്ചത്. അച്ഛനായ ഇട്ട്യാതി വലിയ ഈശ്വരഭക്തനും നിര്‍മ്മല ഹൃദയനും ശാന്തപ്രകൃതനുമായിരുന്നു. മലയാള വര്‍ഷം 1033 ല്‍ 26 വയസ്സുള്ള ഇട്ട്യാതി ചെങ്ങന്നൂര്‍ താലൂക്കിലെ ബുധനൂര്‍ പടിഞ്ഞാറ് കുലായ്ക്കല്‍ എന്ന കുടുംബത്തിലെ കൊച്ചുനീലിയെ വിവാഹം കഴിച്ചു. 16വയസ്സുള്ള കൊച്ചുനീലി ഈശ്വരഭക്തയും പരദു:ഖത്തില്‍ കരുണ കാട്ടുന്ന പ്രകൃതക്കാരിയുമായിരുന്നു. കുട്ടികളുണ്ടാകാത്തതിനാല്‍ ചങ്ങനാശ്ശേരി വാഴപ്പള്ളി ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് കുറെ അകലെയായി കുടില്‍ കെട്ടി ഭജനം പാര്‍ക്കുകയും ക്ഷേത്രനിവേദ്യം മാത്രം ഒരു ദിവസം ഒരു നേരം ഭക്ഷിക്കുകയും ചെയ്തു. തീണ്ടലും തൊടീലുമുള്ള കാലത്ത് ക്ഷേത്രഭജനം വളരെയധികം ക്ലേശപൂര്‍ണ്ണമായിരുന്നു. ഈശ്വരാനുഗ്രഹത്താല്‍ 1057 മേടമാസം 17-ാം തീയതി വെള്ളിയാഴ്ച പ്രഭാതത്തില്‍ പൂരം നക്ഷത്രത്തില്‍ വിവാഹശേഷമുള്ള 24 വര്‍ഷത്തെ തപസ്സിന്റെ ഫലമായി ഇട്ട്യാതി കൊച്ചുനീലി ദമ്പതികള്‍ക്ക് ഒരു മകന്‍ പിറന്നു. പത്മനാഭന്‍ എന്ന അര്‍ത്ഥത്തില്‍ പാച്ചന്‍കുട്ടി എന്ന് നാമകരണവും ചെയ്യപ്പെട്ടു.
1064 വൃശ്ചികം 3 വെള്ളിയാഴ്ച പാച്ചന്‍ കുട്ടിക്ക് ഏഴുവയസ്സുള്ളപ്പോള്‍ ദിവ്യാത്ഭുതങ്ങള്‍ കുട്ടിയില്‍ ദൃശ്യമായി. മൂന്നുദിവസം കുട്ടി ദിവ്യാത്ഭുതത്തില്‍ മുഴുകി. വീട്ടുകാര്‍ ഭൂതബാധയോ ക്ഷൂദ്രപ്രയോഗമോ എന്ന് ഭയപ്പെട്ടു. പല ഡോക്ടര്‍മാരുടെയും അടുക്കല്‍ കൊണ്ടുപോയി. കുട്ടി ഏകാന്തതയില്‍ ചിന്താമഗ്നനായി നിരന്തരം കഴിഞ്ഞുകൂടുന്നതില്‍ തല്പരനായിത്തീര്‍ന്നു. 12-ാമത്തെ വയസ്സില്‍ മാതാവ് മരണമടഞ്ഞു. അച്ഛന്റെ ശ്രദ്ധയില്‍ വളരുന്നതിനിടയില്‍ അച്ഛന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് നാടുപേക്ഷിച്ച് പതിനെട്ടുവര്‍ഷക്കാലം അലഞ്ഞുനടന്നു. പീരുമേട്ടിലുള്ള ചിത്തലാര്‍ തോട്ടത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. ചെറുജോലികള്‍ ചെയ്യുകയും മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും സേവനം ചെയ്യുകയുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കര്‍മ്മങ്ങള്‍. അതിനുശേഷം ചിത്തലാറ്റിലെ കരിന്തരുവി മലയുടെ മുകളിലുള്ള തപോഗിരിയിലെ പുന്നവൃക്ഷച്ചുവട്ടില്‍ യഥാര്‍ത്ഥജ്ഞാനലബ്ധിക്കുവേണ്ടി തപോനിഷ്ഠയില്‍ രണ്ടുവര്‍ഷവും 11 മാസവും 22 ദിവസവും കഴിഞ്ഞുകൂടി. അതിലൂടെ ആത്മജ്ഞാനത്തിന്റെ അന്തര്‍ജ്വാല തെളിഞ്ഞുവരികയുണ്ടായി.
ഏവരെയും ആനന്ദനിര്‍വൃതിയില്‍ ലയിപ്പിച്ച് തന്നിലൂടെ മുക്തിപദം പ്രാപിക്കുന്നതിന് പര്യാപ്തമായ തത്വജ്ഞാനവുമായി ഗുരുദേവന്‍ തപോവനം വിട്ടിറങ്ങി.
പരിവ്രാജകനായി യാത്രചെയ്ത് സമൂഹത്തെ ഉണര്‍ത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ 1094-ാമാണ്ട് മാവേലിക്കര താലൂക്കിലെ ചെന്നിത്തലയില്‍ ഒരു പറയക്കുടിലില്‍ താമസമാക്കി. പ്രാര്‍ത്ഥനയിലൂടെ ദു:ഖശാന്തിവരുത്തുവാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന് ആരാധകരുണ്ടായി. ഇക്കാലത്ത് കാഷായമുടുക്കുകയും ചെയ്തു. ജാതിമതഭേദമെന്യേ ആരാധകര്‍ വര്‍ദ്ധിച്ചു. പാവപ്പെട്ട കുടുംബത്തില്‍ പിറന്ന ദിവ്യനായതുകൊണ്ട് ധാരാളം എതിര്‍പ്പുകള്‍ അതിജീവിക്കേണ്ടിവന്നു. ധാരാളം ഉപദ്രവങ്ങളും ഏല്‍ക്കേണ്ടിവന്നു. എതിര്‍പ്പുകളുടെ മുനകളൊടിച്ച് ആത്മബോധം ആരാധകരില്‍ വളര്‍ന്നതിനാല്‍ ആരാധകരെ ചേര്‍ത്ത് ആത്മബോധോദയസംഘത്തിന് രൂപംകൊടുത്തു. 1107 മേടമാസം 24ന് ആത്മബോധോദയസംഘം രജിസ്‌ററര്‍ ചെയ്തു. ആര്‍ട്ടിസ്റ്റ് രാമവര്‍മ്മ വലിയരാജയെ സംഘത്തിെന്റ രക്ഷാധികാരിയാക്കി. രാജവംശത്തിന്റെ സഹായം ലഭിച്ചതുമൂലം എതിരാളികള്‍ നിഷ്പ്രഭമായി. മാവേലിക്കര കല്ലിമേല്‍ എന്ന സ്ഥലത്ത് ആദ്യത്തെ ആശ്രമം സ്ഥാപിച്ചു. പിന്നീട് സമാധിസ്ഥലം സ്ഥിതിചെയ്യുന്ന മാവേലിക്കരയിലെ കൊറ്റാര്‍കാവ് ആശ്രമവും സ്ഥാപിച്ചു. ഇന്ന് 200ല്‍ പരം ആശ്രമങ്ങള്‍ ശുഭാനന്ദഗുരുദേവന്റെ പേരില്‍ കേരളത്തിലും ലോകത്തെങ്ങുമായി സ്ഥിതിചെയ്യുന്നു. സ്ത്രീകളും പുരുഷന്മാരുമായി 100ല്‍ പരം സന്യാസി ശിഷ്യന്മാരിലൂടെ പല ആശ്രമങ്ങളിലുമായി ഗുരുദേവദര്‍ശനങ്ങള്‍ പ്രചരിക്കുന്നു. 1125 കര്‍ക്കിടകമാസം 13 ശനിയാഴ്ച രാത്രി 9മണിക്ക് ശുഭാനന്ദ ഗുരുദേവന്‍ സമാധിയായി.
ഗുരുദേവന്റെ ചിന്തകള്‍ തികച്ചും വേദാന്തപരമായിരുന്നു. കാലഘട്ടത്തിന്റേയും സാഹചര്യത്തിന്റേയും മേമ്പൊടിയോടെ ശുഭാനന്ദഗുരു ഇതിനെ അവതരിപ്പിച്ചു. പ്രളയം, അഗ്‌നി, പുകയാവി, കൂരിരുട്ട്- ഈ നാലവസ്ഥയുടെ സമാഹാരമായി അദ്ദേഹം നരകത്തെ കണ്ടു. ഈ നരകത്തില്‍ നിന്ന് നരനെ സൃഷ്ടിച്ചതുകൊണ്ടാണ് ഇത് നരലോകമായതെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. പഞ്ചഭൂതമായ മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നിവയെ കൂട്ടിച്ചേര്‍ത്ത് ശരീരത്തെ സൃഷ്ടിക്കുകയും ഈശ്വരന്‍ സ്വയം പ്രകാശമായ ആത്മാവിനെ ശരീരത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ശരീരദൗത്യം കഴിഞ്ഞാല്‍ പ്രതിഷ്ഠിക്കപ്പെട്ട സ്വയം പ്രകാശം ഈശ്വരനില്‍ തന്നെ ലയിക്കുന്നു. മൂശ ഉണ്ടാക്കി ഓട് ഉരുക്കിയൊഴിച്ച് പാത്രമുണ്ടാക്കുന്നതുപോലെയാണ് മനുഷ്യജന്മം. പാത്രം ശരിയായാല്‍മൂശ തട്ടിക്കളയും. ആത്മാവ് പാകമായാല്‍ ശരീരം ഉപേക്ഷിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. കലിയുഗത്തിലെ സമ്പൂര്‍ണ്ണമായതും അവസാനത്തേതുമായ അവതാരവുമായ കല്കി അവതാരമായി ആരാധകര്‍ ശുഭാനന്ദനെ കണക്കാക്കുന്നു.
ജന്മപാപം, കര്‍മ്മദോഷം, ജീവനാശം എന്നീ മൂന്നവസ്ഥകളാണ് ഇടുക്കി ജില്ലയിലെ തപോഗിരിയിലെ തപസ്സില്‍നിന്ന് ഗുരുദേവന് വെളിപ്പെട്ടത്. ഈ മൂന്ന് അവസ്ഥകളുടെ ശുദ്ധിക്കായി വ്രതം നോല്‍ക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ജന്മനാശത്തിന് നാല് വര്‍ഷവും കര്‍മ്മദോഷത്തിന് നാല് വര്‍ഷവും ജീവനാശത്തിന് നാല് വര്‍ഷവും തപസ്സ് അനുഷ്ഠിക്കുവാന്‍ അദ്ദേഹം ആരാധകരോട് ആഹ്വാനം ചെയ്തു. അതിനുള്ള മാര്‍ഗം ഗൃഹസ്ഥന് അദ്ദേഹം ഉപദേശിച്ചുകൊടുത്തു. ഗൃഹസ്ഥന്‍ ആഴ്ചയില്‍ മൂന്ന് ദിവസം വിശുദ്ധവൃതവും അനുഷ്ഠിക്കണം. അതിനായി വെള്ളി, ശനി, ഞായര്‍ തീയതികള്‍ മാറ്റിവെയ്ക്കാനും ഭാര്യാകുടുംബസുഖത്തിനായി തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം മാറ്റിവെയ്ക്കാനും ഗുരുദേവന്‍ ആരാധകരെ പ്രേരിപ്പിച്ചു. അങ്ങനെ ആഴ്ചയിലെ മൂന്നു ദിവസത്തെ തപസുമൂലം ഒരു വര്‍ഷം 52 ആഴ്ചകളിലായി 156 ദിവസം കണക്കാക്കിയാല്‍ 28 വര്‍ഷം കൊണ്ട് 12വര്‍ഷത്തെ തപസ്സിനുള്ള സമയം ലഭിക്കുമെന്ന് ഗുരു ഓര്‍മ്മിപ്പിക്കുന്നു.
ആത്മബോധമാണ് സൃഷ്ടിയുടെ അടിസ്ഥാനം. അടിമപ്പെട്ടവനും അടിമപ്പെടുത്തിയവനും ആത്മബോധമില്ലായിരുന്നു. അവരവരെ അറിയുവാന്‍ അവരവര്‍ക്ക് സാധിക്കുന്നില്ല. തന്നെതാന്‍ തന്നെ അറിഞ്ഞ് സത്കര്‍മ്മിയാകണം. അങ്ങനെയുള്ള അറിവുണ്ടായിരുന്നെങ്കില്‍ അടിമത്തം ഉണ്ടാകുമായിരുന്നില്ല എന്ന് ഗുരുദേവന്‍ വിശ്വസിച്ചു. നിന്നെ കൊണ്ട് നീ നിന്നെ വീണ്ടെടുക്കണം. അവനവനെ വീണ്ടെടുക്കുവാന്‍ സ്വയം അറിഞ്ഞ് കര്‍മ്മം ചെയ്യണം. ആത്മീയതയുണ്ടെങ്കിലേ ഭൗതികതയുള്ളൂ. ഭൗതികതയുണ്ടെങ്കിലേ ആത്മീയതയുള്ളൂ. ശരീരമുണ്ടെങ്കിലേ ആത്മാവുള്ളൂ. ആത്മാവുണ്ടെങ്കിലേ ശരീരമുള്ളൂ. ഇത് രണ്ടും പരസ്പരപൂരകങ്ങളാണ്. കുടുംബശുദ്ധി, ശരീരശുദ്ധി, മനഃശുദ്ധി, ചിത്തശുദ്ധി, ആന്തരികശുദ്ധി, ആത്മശുദ്ധി എന്നിവ വ്യക്തികള്‍ക്കുണ്ടാവണം. പരിസരം തൂത്തുവാരി രണ്ടുനേരം ശരീരശുദ്ധി വരുത്തണം. രണ്ടുനേരം ഈശ്വരധ്യാനം നടത്തി കലിബാധ ഇല്ലാതാക്കണം. ഇത്തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ ആരാധകരില്‍ നടപ്പിലാക്കി.
ശുഭാനന്ദഗുരുദേവന് ഏറ്റവുമധികം ആരാധ്യനായിരുന്നത് ശ്രീനാരായണഗുരുദേവനായിരുന്നു. 1110 തുലാമാസം നാലിന് ശുഭാനന്ദഗുരുദേവന്‍ ശിവഗിരിയില്‍ പോയി കുറെദിവസം താമസിച്ചു. ശ്രീനാരായണഗുരു ശുഭാനന്ദനോടു പറഞ്ഞു: ”നമ്മുടെ ആദര്‍ശം ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി എന്നാണ്.” ”നടപ്പാക്കാന്‍ എനിക്ക് പൂര്‍ണ്ണമായി സാധിക്കുന്നില്ല. ശുഭാനന്ദന് ഇക്കാര്യം പൂര്‍ണ്ണമായി നടപ്പാക്കാന്‍ സാധിക്കും” എന്ന് ശ്രീനാരായണഗുരു അരുളിച്ചെയ്തു. ശ്രീനാരായണഗുരുവിന് ശുഭാനന്ദനില്‍ അത്ര വിശ്വാസമായിരുന്നു. പറയകുലത്തില്‍ പിറന്ന ശുഭാനന്ദഗുരുവിന്റെ ദര്‍ശനത്തിന് കൊട്ടാരം മുതല്‍ കുടിലില്‍വരെ പ്രസക്തിയുണ്ടായത് ഈ അനുഗ്രഹമാണെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.
മലയാളവര്‍ഷം 1111ല്‍ ശുഭാനന്ദഗുരുദേവന്‍ കവടിയാര്‍ കൊട്ടാരത്തില്‍ ചിത്തിരതിരുനാള്‍ മഹാരാജാവിനെ മുഖം കാണിക്കുവാന്‍ പോയി. ഒപ്പം അഞ്ചു സന്യാസിമാരും ഉണ്ടായിരുന്നു. മൂന്നുദിവസം പുറത്ത് കാത്തിരിക്കേണ്ടിവന്നു. സി.പി രാമസ്വാമി അയ്യരുടെ പ്രേരണയിലാണ് കവടിയാര്‍ കൊട്ടാരത്തില്‍ സ്വാമിമാരെ പ്രവേശിപ്പിക്കുവാന്‍ ചിത്തിരതിരുനാള്‍ മഹാരാജാവ് അനുവദിച്ചത്. ശുഭാനന്ദഗുരു ചിത്തിരതിരുനാളിനോട് ആദ്യം പറഞ്ഞത് ”അങ്ങ് രാജാവല്ല, രാജപ്രമുഖനായി തീരും. അങ്ങയുടെ തൃക്കരങ്ങള്‍ കൊണ്ട് തുല്യം ചാര്‍ത്തണം, അല്ലെങ്കില്‍ ജനങ്ങളെല്ലാം പല വഴിക്കുപോകും” ചിത്തിരതിരുനാളിന്റെ മറുപടി ‘ഞാനത് ചെയ്തുകൊള്ളാം. അല്പം സാവകാശം ഉണ്ടാകണം എന്നായിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞ് 1114ല്‍ ക്ഷേത്രപ്രവേശനവിളംബരം ഉണ്ടായി. ഹിന്ദുസമൂഹത്തിന്റെ ഉയര്‍ച്ചയില്‍ അത്രമാത്രം ദീര്‍ഘദര്‍ശിത്വം വച്ചുപുലര്‍ത്തിയ മഹാനായിരുന്നു ശുഭാനന്ദഗുരുദേവന്‍ എന്നത് രോമാഞ്ചജനകമാണ്. ആദ്യമായി ഒരു പട്ടികജാതിക്കാരന്‍ കവടിയാര്‍ കൊട്ടാരത്തില്‍ കടന്നത് ശുഭാനന്ദഗുരുദേവന്റെ നേതൃത്വത്തില്‍ ആയിരുന്നു എന്നത് നവോത്ഥാന കേരളത്തിന് ആത്മപ്രകര്‍ഷം ഉണ്ടാക്കുന്ന വസ്തുതയാണ്. കൂടാതെ ശുഭാനന്ദഗുരുദേവന്റെയും സന്ന്യാസിമാരുടെയും നേതൃത്വത്തില്‍ കൊട്ടാരത്തില്‍ ഭജനയും നടത്തിയതിനുശേഷമാണ് അവര്‍ മാവേലിക്കരയിലേയ്ക്ക് പോന്നത്. കൊട്ടാര എന്‍ജിനീയര്‍മാരെ എല്ലാവര്‍ഷവും ആശ്രമത്തിലേയ്ക്ക് അയച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നു. ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ അന്ത്യകാലം വരെ ഇത് തുടര്‍ന്നിരുന്നു.
പട്ടിണിയും പരിവട്ടവുമായി ജീവിതം വഴിമുട്ടുകയും വിദ്യാഭ്യാസം ലഭിക്കാതെ സമൂഹത്തിന്റെ പിന്‍ധാരയിലേയ്ക്ക് തള്ളപ്പെടുകയും ചെയ്ത അധ:സ്ഥിതവര്‍ഗത്തെ ആത്മബോധത്തിലൂടെ സാമൂഹ്യനവോത്ഥാനത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ശുഭാനന്ദ ഗുരുദേവന് സാധിച്ചു.
”ആത്മാവിനീഭൂവില്‍ ബന്ധമില്ല
സ്വന്തദേഹവുമായൊരുബന്ധമില്ല
ആത്മാക്കള്‍ തമ്മിലേ ബന്ധമുള്ളൂ
പരമാത്മാവുമായുള്ളോരാത്മബന്ധം”
ശുദ്ധവേദാന്തത്തിന്റെ വാക്‌ധോരണികള്‍ മുഴങ്ങുന്ന ഇത്തരം കീര്‍ത്തനങ്ങള്‍ ശുഭാനന്ദാശ്രമത്തിലൂടെ മാവേലിക്കരയ്ക്ക് മാത്രമല്ല ലോകമാസകലം ഏകത്വത്തിന്റെ അദ്വയമായ അനുഭൂതി പ്രദാനം ചെയ്യുന്നു. ആത്മപ്രകര്‍ഷണങ്ങളുടെ പ്രതിബിംബങ്ങള്‍ ഈ നാട്ടിലെ മുഴുവന്‍ ജനങ്ങളിലേയ്ക്കും പകര്‍ന്നു നല്‍കുവാന്‍ ശുഭാനന്ദഗുരുദേവന്റെ ദര്‍ശനങ്ങള്‍ നാം ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു.