ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് ചിന്തിച്ച് കടുത്ത ആകുലത അനുഭവിക്കുന്ന എഴുത്തുകാരുണ്ട്. അവര്‍ എഴുതുന്നത് അത് കണ്ടുപിടിക്കാനാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കാതെ നിര്‍വ്വാഹമില്ല. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡച്ച് ചലച്ചിത്ര സംവിധായകനായ ജോര്‍ജ് സ്ലൂസര്‍ (George Sluizer) പറഞ്ഞത്, സനാതനമായ ജനിമൃതികളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും ഇനിയും തര്‍ക്കിച്ച് സമയം പാഴാക്കരുതെന്നാണ്. കാരണം തത്ത്വചിന്താപരമായ നിലപാട് എടുക്കാനാവാത്തതുമൂലം ആത്മഹത്യ ചെയ്യുന്നവരുണ്ട്. അതിലും നല്ലത് ജീവിക്കുന്നതാണ്. അര്‍ത്ഥരഹിതമായി, ആപത്കരമായി ജീവിക്കുന്നത് ഒരാള്‍ക്ക് വിപരീത അര്‍ത്ഥം നല്‍കിയേക്കാം. വലിയ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറിയ ശേഷം താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ കാണാം. മരണം പോലും ഷൂട്ട് ചെയ്ത് പ്രദര്‍ശിപ്പിക്കാനുള്ളതായിരിക്കുന്നു. കാരണം, ജീവിക്കുന്നത് ലഹരിയാണെങ്കില്‍ മരിക്കുന്നതിലും അത് പ്രതീക്ഷിക്കുകയാണ്. ഇതിലൂടെ ജീവിതത്തിന്റെ അര്‍ത്ഥത്തെ അന്വേഷിക്കുകയല്ല, ജീവിതത്തെ അനുഭവിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്വയം നശിപ്പിച്ചുകൊണ്ട് ഒരര്‍ത്ഥവും നേടേണ്ടതല്ല. അതേസമയം ആത്മഹത്യക്ക് പിന്നിലും തത്ത്വചിന്തയുണ്ട്.
സ്വയം തേടുന്നത്
ഈ ദുരന്തത്തെ മുന്നില്‍ക്കണ്ടാണ് അര്‍ത്ഥം തേടി എഴുത്തുകാരന്‍ അലയുന്നത്. പ്രമുഖ ഇറ്റാലിയന്‍ എഴുത്തുകാരനായ ഇറ്റാലോ കാല്‍വിനോ(Italo Calvino) സര്‍ഗ്ഗാത്മകതയെ സ്വതന്ത്രമായ ആഖ്യാനത്തിലേക്ക് വഴിതിരിച്ചു വിടാനാണ് ശ്രമിച്ചത്.
മൂന്നു കൃതികളടങ്ങിയ Our Ancestors പ്രധാന കൃതിയാണ്.
തന്റെ പുസ്തകം റിവ്യു ചെയ്ത പ്രമുഖവിമര്‍ശകന്‍ ജെനോ പാംപാലോനി(Geno Pampaloni)ക്ക് അദ്ദേഹം ഇങ്ങനെ എഴുതി: ‘എനിക്ക് ഞാനെഴുതുന്ന കൃതികളുടെ പരിമിതികളില്‍ നിന്ന് രക്ഷപ്പെടേണ്ടതുണ്ട്. യക്ഷിക്കഥകള്‍, സാഹസകഥകള്‍, തമാശക്കഥകള്‍ എന്നിവയുടെ കഥാകാരന്‍ എന്ന നിര്‍വചനത്തെ ഉപേക്ഷിക്കേണ്ടതുണ്ട്. ഇത്തരം കഥകളില്‍ എനിക്ക് എന്നെത്തന്നെ പൂര്‍ണമായി ആവിഷ്‌കരിക്കാനോ, മനസ്സിലാക്കാനോ കഴിയുന്നില്ല.’
ഇത് സ്വയം തേടുന്ന ഒരാളുടെ ആഭ്യന്തരപ്രശ്‌നമാണ്. ഒരാള്‍ക്ക് സ്വയം ആവിഷ്‌കരിക്കേണ്ടതുണ്ടോ എന്ന് ബാലസാഹിത്യകാരന്മാരും ഉപന്യാസകാരന്മാരും കഥാകാരന്മാരും ചോദിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇന്ന് സ്വയം ആവിഷ്‌കരിക്കാന്‍ മിക്കവര്‍ക്കും സ്വന്തമായി ഒരാഭ്യന്തരലോകമില്ലല്ലോ. പുരോഗമന സാഹിത്യകാരന്മാര്‍ക്ക് എഴുതാന്‍ രാഷ്ട്രീയമില്ലാതായി. തൊഴിലാളികള്‍ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍ അവരുടെ അധികാരഘടനയെക്കുറിച്ചെഴുതാന്‍ പ്രയാസമായിരിക്കും. സാങ്കേതിക, ശാസ്ത്ര,ഡിജിറ്റല്‍ മേഖലയുടെ വരവോടെ തൊഴിലാളിയുടെ വീക്ഷണത്തിലുള്ള ലോകക്രമം അപ്രസക്തമാകുകയാണ്. എന്നാല്‍ തൊഴിലിന്റെ വിഭജനവും മഹത്വവും അവസാനിക്കില്ല .
ശൈലി കണ്ടുപിടിക്കണം
മനുഷ്യന്റെ പീഡിതമായ അവസ്ഥയോട് അനുതാപം പ്രകടിപ്പിക്കേണ്ടി വരും. എന്നാല്‍ ഇതിനു തത്ത്വചിന്ത അനിവാര്യമാണ്. രചനാപരമായ ശൈലിയും സൗന്ദര്യദര്‍ശനവും കണ്ടെത്തേണ്ടിവരും. കാല്‍വിനോ പ്രമുഖ നോവലിസ്റ്റ് എല്‍സാ മൊറാന്റേ (Elsa Morante) ക്ക് ഇങ്ങനെ എഴുതി: ‘ഞാനൊരു ശൈലിയുടെ തടവുകാരനാണെന്ന് തോന്നുകയാല്‍, അതില്‍നിന്ന് എന്തുവിലകൊടുത്തും എനിക്ക് രക്ഷപ്പെടണം. ഒരു വ്യത്യസ്തമായ പുസ്തകമെഴുതാനാണ് എന്റെ ശ്രമം; അതാകട്ടെ വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. താളവും ഈണവും എല്ലാം പൊളിച്ചെഴുതണം’. സ്വന്തം ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാതെ എഴുതുന്നവരുണ്ട്. ഒരു വലിയ വിപ്ലവകരമായ വിഷയം അവതരിപ്പിക്കാന്‍ വേണ്ടി നോവലെഴുതുന്നവരുണ്ട്. എന്നാല്‍ തിരഞ്ഞെടുക്കുന്ന ശൈലി അവരെ തകര്‍ക്കുന്നു. അവരുടെ പ്രത്യേകമായ താളബോധവും സാഹിത്യരൂപത്തെക്കുറിച്ചുള്ള ചിന്തയും എഴുതാന്‍ പോകുന്ന വിഷയത്തെ കെടുത്തിക്കളയാറുണ്ട്. ഒരാള്‍ തിരഞ്ഞെടുക്കുന്ന മാധ്യമം തന്റെ ചിന്തയെയോ രൂപത്തെയോ ശൈലിയെയോ കണ്ടെത്തുന്നതില്‍ തടസ്സമായിക്കൂടാ. വേറൊരു രൂപത്തില്‍ ആയിരുന്നെങ്കില്‍, കുറേക്കൂടി ഉന്നതമായ ഒരു ശൈലിയിലായിരുന്നെങ്കില്‍ നോവല്‍ അല്ലെങ്കില്‍ കഥ കൂടുതല്‍ നവീനവും ശക്തവുമായേനെ എന്ന് തോന്നിപ്പിച്ച സംഭവങ്ങളുണ്ട്. ശൈലിയാണ് കാതല്‍. അതില്‍ രൂപബോധവും സൗന്ദര്യചിന്തയും കലര്‍ന്നിട്ടുണ്ടാകും. ലോകപ്രശസ്ത ചിത്രകാരന്‍ പിക്കാസോയുടെ ‘ഗ്വര്‍ണിക്ക’സ്പാനീഷ് യുദ്ധത്തിന്റെ ഹതാശമായ, ഭീകരമായ അവസ്ഥയാണല്ലോ ചിത്രീകരിക്കുന്നത്. എന്നാല്‍ ഭീകരത തോന്നിക്കുന്ന യാതൊന്നും അതിലില്ല. പിക്കാസ്സോയുടെ ക്യൂബിസ്റ്റ്(Cubist), സറിയലിസ്റ്റ് (Surrealist) ശൈലികളുടെ സമന്വയമാണ് ഈ ചിത്രം. ഈ ശൈലികള്‍ ഉപേക്ഷിച്ചശേഷമാണ് അദ്ദേഹം അത് വരച്ചിരുന്നതെങ്കില്‍ ചിത്രം ഇതുപോലൊരു വിജയമാകുമായിരുന്നില്ല. അതായത്, നമ്മള്‍ എന്താണോ എഴുന്നത്, അതിന്റെ സംവേദനത്തിന്റെ നവീനതയ്ക്കും അഗാധതയ്ക്കും ഇണങ്ങുന്ന ശൈലി കണ്ടുപിടിക്കണം. ശൈലി പരാജയപ്പെട്ടാല്‍ രചനയും പരാജയപ്പെടും. ശൈലി ഒരര്‍ത്ഥാന്വേഷണമാണ്. ഒരാളുടെ മുഴുവന്‍ വ്യക്തിത്വവും അത് കണ്ടെത്താനാവശ്യമാണ്. സ്വന്തം ശൈലിയുടെ സ്വാതന്ത്ര്യത്തിലൂടെ അയാള്‍ സ്വയം വിമോചിപ്പിക്കുകയാണ്. ചങ്ങമ്പുഴയുടെ ശൈലിയാണ് ‘രമണന്’ഖ്യാതിയുണ്ടാക്കിയത്. ‘പാടുന്ന പിശാചി’ന് അര്‍ത്ഥസൗന്ദര്യം നല്കിയത് അതിന്റെ നിശിതമായ ഭാഷയാണ്.
വൈക്കം മുഹമ്മദ്ബഷീറിന്റെ മാന്ത്രികപ്പൂച്ച, ബാല്യകാലസഖി എന്നീ നോവലുകളുടെ മുഖ്യ ആകര്‍ഷകഘടകം അതിന്റെ വേറിട്ട ശൈലിയും ഭാഷയുമാണ്. വേറൊരു കൃതിയുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല.
മേതില്‍ രാധാകൃഷ്ണന്റെ ‘എങ്ങനെയൊരു പഴുതാരയെ കൊല്ലാം’ എന്ന കഥ വേറൊരു രീതിയില്‍ എഴുതുന്നത് ആലോചിക്കാനേ വയ്യ.
സവിശേഷ സംവാദം
സ്വന്തം ഇച്ഛയ്‌ക്കൊത്ത് ശൈലിയും രൂപവും സ്വീകരിച്ച എഴുത്തുകാരനാണ് കാല്‍വിനോ. വിചിത്രമായ Invisible Cities എന്ന കൃതി അദ്ദേഹത്തിന്റേതാണല്ലോ. സഞ്ചാരിയായ മാര്‍ക്കോപോളോ അയഥാര്‍ത്ഥമായ നഗരങ്ങളെപ്പറ്റി കുബ്‌ളാഖാനോട് വിശദീകരിക്കുന്ന രീതിയിലാണ് ഇത് രചിച്ചിരിക്കുന്നത്. ഭൂമിക്കടിയിലെ നഗരങ്ങളും ഇതിലുള്‍പ്പെടും. സ്വന്തം ശൈലിയിലൂടെ പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കുമോയെന്ന ചിന്ത കാല്‍വിനോയെ അസ്വസ്ഥനാക്കിയിരുന്നു. അദ്ദേഹം ഇതിനുള്ള ഉത്തരം കണ്ടുപിടിച്ചു എന്നറിയിച്ചുകൊണ്ട് സുഹൃത്ത് ലൂഗി സാന്തൂസി (Luigi Santucci) ക്ക് എഴുതുന്നുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം: നമ്മള്‍ എഴുതുന്നു; അതുകൊണ്ടാണ് നമ്മള്‍ ജീവിച്ചിരിക്കുന്നത്. നമുക്ക് ഒരൊറ്റ വായനക്കാരന്‍ പോലും ഇല്ലാതായാലും എഴുതേണ്ടിവരും. ഒരു തൊഴില്‍ എന്ന നിലയിലല്ല. എഴുതുമ്പോഴുള്ള ഒരു സംവാദമുണ്ട്. ഒരു സാധാരണ വ്യവഹാരമാണത്. ഇത് കഴിഞ്ഞകാല എഴുത്തുകാരോടുള്ള സംവാദമാണ്. നമ്മെ പ്രചോദിപ്പിച്ച എഴുത്തുകാരോടുള്ള സംവാദമാണ്. നമ്മുടെ രചനകള്‍ സ്വാധീനിക്കാനിടയുള്ള ഭാവി തലമുറയുമായുള്ള സംവാമാണ്. അതുകൊണ്ട് പ്രസാധകരും അവാര്‍ഡ് വ്യവസായികളും പുരോഗമനരാഷ്ട്രീയ ശക്തികളും മറ്റ് എഴുത്തുകാരും നശിപ്പിക്കാന്‍ ശ്രമിച്ചാലും യഥാര്‍ത്ഥ ആന്തരികത്വരമുള്ള വ്യക്തികള്‍ എഴുതിക്കൊണ്ടിരിക്കും.കാരണം അവരുടെ സംവാദം ഒരിക്കലും അവസാനിക്കുന്നില്ല. എഴുത്തുകാരന്‍ തന്റെ കാലത്തെ, വ്യഥയെ, തിരിച്ചടികളെ നേരിടുന്നത് ഇങ്ങനെയാണ്. അയാള്‍ കണ്ടെത്തുന്ന അര്‍ത്ഥം ഇതാണ്: അനശ്വരത നൂറ്റാണ്ടുകള്‍ക്കപ്പുറത്തല്ല; തന്റെ ഉറച്ച ബോധ്യങ്ങളിലാണെന്ന് വിശ്വസിക്കുന്നവനാണ് ജയിക്കുന്നത്.
വൈലോപ്പിള്ളി ഛായകള്‍
സാഹിത്യത്തില്‍ സാധാരണക്കാരുടെയും പ്രബുദ്ധരുടെയും രുചിയെ സാക്ഷാത്കരിച്ച വൈലോപ്പിള്ളി പക്ഷേ, ഓരോ മലയാളിയുടെയും ഭാവനയെ ഈ നാടിനോടു ചേര്‍ത്തുവച്ച കവിയാണ്. മലയാളിത്തത്തിന്റെ വിശ്രുതമായ ആ ഭാഷാവാങ്മയങ്ങളില്‍ നിന്ന് ചിലത് ഇവിടെ ഉദ്ധരിക്കുന്നു:
1) മുടിയഴിച്ചിട്ടു തുള്ളുന്നു മാരി
( വര്‍ഷവും വസന്തവും)
2) ഈ വിശ്വത്തിന്നമ്മയെയുള്ളില്‍
ഭാവിച്ചങ്ങനെ നിലകൊണ്ടു.
(വെളളിലവള്ളി)
3) കല്ലുവിളയുന്നു മര്‍ത്ത്യഹൃദയത്തില്‍,
നെല്ലിലുമാവിധമായിരിക്കാം
(കല്ല്)
4) എല്ലാ ജീവിതതീര്‍ത്ഥവും കലുഷമായ്
(കവിയച്ഛന്‍)
5) ഏലയില്‍ തണ്ണീരുടഞ്ഞൊഴുകും നാദം (കുറുമൊഴി)
6) പുത്തനാകും സ്വതന്ത്രതയില്‍
കൊടി കുത്തി വാഴ്‌വൂ
കൊടിയ ദുര്‍ഭിക്ഷത
(കര്‍ക്കിടകത്തിലെ കാക്കകള്‍)
7) കുയില്‍ കൂവുന്നു
കുറച്ചറച്ചു
പൂക്കാലത്തിന്‍ –
കുഴലൂതുന്നൂ ,കേള്‍പ്പാനുണ്ടു
ഞാനൊരാള്‍ മാത്രം
(മഞ്ഞുകാലത്തെ കരിയിലകള്‍)
8 )അറിവുനേടീ ഞാ ,നതെല്ലാം
മറവിയിങ്കല്‍ താണൂ.
(ഒരുവള്‍ )
9 )വെണ്ണിലാവിഴുകുന്നൂ
വെയിലിന്‍ നാളത്തിലും
(പുണ്യദര്‍ശനം)
10)നിഴല്‍പോല്‍ മറഞ്ഞു നീ,
യെന്നുള്ളിലൂറിക്കൂടി
അഴലോ നിശ്ശൂന്യതാബോധമോ
നിര്‍വ്വേദമോ ?
(വളര്‍ത്തുമകള്‍)
വായന
ഇന്നത്തെ കോളേജ് അധ്യാപകര്‍ പൊതുവേ ഉത്തരാധുനികത സിലബസിന്റെ ഭാഗമായി പഠിച്ചതുകൊണ്ട് ബൗദ്ധികമായ പ്രതിസന്ധിയെ നേരിടുകയാണ്. ബി.രാജീവന്‍ ഒരു ലേഖനത്തില്‍ ശ്രീനാരായണഗുരു മുതലാളിത്തത്തിന്റെ വക്താവായിരുന്നുവെന്ന് എഴുതിയത് ഇതുകൊണ്ടാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഉത്തരാധുനികത പഠിച്ചു വഴിതെറ്റിയ ഡോ.ടി.ടി. ശ്രീകുമാര്‍ (ഇത്രകാലം കേട്ടതല്ല നവോത്ഥാനത്തിന്റെ പ്രാരംഭം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബര്‍ 29) എഴുതിയ ലേഖനം. അദ്ദേഹം വേറെയാര്‍ക്കോ വേണ്ടി ചിന്തിക്കുകയാണ്. അദ്ദേഹം പറയുന്നത് കേരളത്തില്‍ സാമ്രാജ്യത്വ അധികാരം നിലനിന്ന ഘട്ടത്തില്‍ തന്നെ പാര്‍ശ്വവത്കൃത സമുദായങ്ങള്‍ ജാതിക്കെതിരായി പ്രതിഷേധിച്ചുവെന്നാണ്. ഇതില്‍ എന്താണ് പുതുതായി കണ്ടെത്താനുള്ളത്? എല്ലാവര്‍ക്കും ഇതറിയാം. എന്നാല്‍ പ്രതിഷേധത്തോടൊപ്പം പുതിയൊരു ലോകത്തെക്കുറിച്ചുള്ള അവബോധവും ധൈഷണിക ദിശാബോധവും ചേരുമ്പോഴാണ് പുത്തനുണര്‍വ്വിനു പരിവര്‍ത്തനത്തിന്റെ ദീപശിഖ ലഭിക്കുന്നത്. ഇത് ശ്രീകുമാര്‍ എഴുതിക്കണ്ടില്ല. ഉത്തരാധുനിക ലക്ചറര്‍മാര്‍ക്ക് ഒരു പ്രശ്‌നമുണ്ട്, അവര്‍ എപ്പോഴും കൊളോണിയല്‍ ആധുനികത എന്നു പറഞ്ഞുകൊണ്ടിരിക്കും. അവര്‍ ഏറെക്കുറെ ജീവിക്കുന്നത് ആ കാലത്താണല്ലോ.
ശ്രീകുമാര്‍ മുഖത്തലയുടെ ‘വീണ്ടെടുപ്പ്’ (മലയാളം, നവംബര്‍ 23)എന്ന കവിതയിലെ വിഷയം കൊറോണയാണ്. പക്ഷേ, അതിന്റെ ഭീതിയും അന്യതാബോധവും കവിതയില്‍ വന്നില്ല.
സാംസ്‌കാരിക പൊങ്ങച്ചം
നോവലിസ്റ്റ് എസ്.ഹരീഷ് ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടതു കണ്ടു. വിഷയം മലയാളം വാരികയുടെ ചുമതലയുള്ള സജി ജയിംസാണ്. അദ്ദേഹത്തെക്കുറിച്ച് ഹരീഷ് മുക്തകണ്ഠം വാഴ്ത്തി പാടുകയാണ്. സജിയുടെ പുസ്തകത്തെയും വളരെ നന്നായി തന്നെ പ്രശംസിച്ച് ഒരു നിലയിലെത്തിക്കുന്നുണ്ട്. സജി കമ്യൂണിസ്റ്റുകാരനാണെന്നും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ തുറന്നുപറയട്ടെ, ഇവിടെ സജി ജെയിംസിന്റെയൊക്കെ വിഭാഗീയ പത്രപ്രവര്‍ത്തനവും കപടമായ സാംസ്‌കാരിക പൊങ്ങച്ച രാഷ്ട്രീയവുമൊക്കെ അപ്രസക്തമായിക്കഴിഞ്ഞു. സാംസ്‌കാരിക അയിത്തമാണ് ഒരാദര്‍ശമായി അദ്ദേഹം മുമ്പോട്ടു വച്ചത്; സാംസ്‌കാരിക തൊട്ടുകൂടായ്മ തന്നെ. മലയാള എഴുത്തുകാരെ വര്‍ഗീകരിച്ചും ചവിട്ടിത്തേച്ചും സജിയും മറ്റും ഉണ്ടാക്കിയ കൃത്രിമ ബൗദ്ധികസംവിധാനം കാലത്തിന് വഴിമാറി കൊടുക്കാന്‍ സമയമായി. മലയാളം വാരിക പതിനെട്ട് പേജ് കുറച്ചത് ഇതിന്റെ സൂചനയായിരിക്കുമെന്നു കരുതുന്നു.
വയലാര്‍ രാമവര്‍മ്മയെക്കുറിച്ച് എസ്. രമേശന്‍ നായര്‍ എഴുതിയ കവിത (വയലാര്‍, പ്രഭാതരശ്മി, ഒക്ടോബര്‍) പദഭംഗികൊണ്ടും ഉള്ളിലെ സന്തോഷം കൊണ്ടും ആസ്വാദ്യമായി. വയലാറിന്റെ ഗാനങ്ങളിലൂടെയാണ് ഈ കവിത സഞ്ചരിക്കുന്നത്.
നുറുങ്ങുകള്‍
$ 2015 ലെ നോബല്‍ സമ്മാനം ലഭിച്ച റഷ്യന്‍ എഴുത്തുകാരി സ്വെറ്റ്‌ലാനാ അലക്‌സിവിച്ച് നിരാശയോടെ ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ക്ക് വേണമെങ്കില്‍ മൂന്നു തവണ നോബല്‍ സമ്മാനം കിട്ടും. പക്ഷേ, ഇന്ന് അത് ഒരു മാറ്റവുമുണ്ടാക്കുന്നില്ല. നിങ്ങളെ ഭരണാധികാരികള്‍ ശ്രദ്ധിക്കുക പോലുമില്ല.
$ സ്വിസ് മന:ശാസ്ത്രജ്ഞനായ കാള്‍യുംഗ് മനുഷ്യന്റെ മഹാപ്രശ്‌നമായ ഏകാന്തതയെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്: നമുക്ക് ചുറ്റും ആളുകള്‍ ഇല്ലാതിരിക്കുമ്പോഴല്ല ഏകാന്ത ഉണ്ടാകുന്നത്; നമുക്ക് പ്രധാനമായി തോന്നുന്ന കാര്യങ്ങള്‍ മറ്റുള്ളവരോട് വിനിമയം ചെയ്യാനാവാതെ വരുമ്പോള്‍, നമ്മുടെ വീക്ഷണങ്ങള്‍ മറ്റുള്ളവര്‍ക്ക് സ്വീകാര്യമല്ലാതാകുമ്പോള്‍ ഏകാന്തത ഉണ്ടാകുന്നു.
$ ടി.എസ്.എലിയറ്റിന്റെ ‘തരിശുഭൂമി'(The Wasteland) ഇരുപതാം നൂറ്റാണ്ടില്‍ ആധുനികതയുടെ വരവ് പ്രഖ്യാപിച്ച കാവ്യമാണ്. നിരാശയും വ്യാകുലതയും നിറഞ്ഞ ആ കാവ്യം എഴുതാന്‍ കാരണം തന്റെ അസന്തുഷ്ടമായ ദാമ്പത്യജീവിതമായിരുന്നെന്ന് എലിയറ്റ് പറഞ്ഞിട്ടുണ്ട്. ‘ഭാര്യ വിവീന്ന എലിയറ്റിനു ആ വിവാഹം ഒരു സന്തോഷവും നല്കിയില്ല; എനിക്കും. ‘ദി വേസ്റ്റ്‌ലാന്‍ഡ്’ പിറന്നത് ആ പ്രത്യേക മാനസികാവസ്ഥയില്‍ നിന്നാണ്.’
$ തകഴിയുടെ ‘ചെമ്മീനി’ലെ നായിക കറുത്തമ്മയാണ്. അവള്‍ മുക്കുവ സ്ത്രീയാണല്ലോ. അവളെ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്ന് തകഴി പറഞ്ഞിട്ടുണ്ട്. അവളുടെ അമ്മ ‘കറുത്തമ്മോ’ എന്ന് വിളിക്കുന്നത് കേട്ട തകഴി ഒരു പ്രണയ ശോകത്തിന്റെ കടലിലേക്ക് വീഴുകയായിരുന്നു.
$ പതിറ്റാണ്ടുകളോളം സാഹിത്യചര്‍ച്ച നടത്തി പ്രശക്തമായ സംഘടനയാണ് പാലായിലെ സഹൃദയസമിതി. സംസ്ഥാനത്തിന്റെ വിവിധ ദിക്കുകളില്‍ നിന്ന് സാഹിത്യകാരന്മാര്‍ പാലായില്‍ എത്തുമായിരുന്നു. ഇപ്പോള്‍ അതുപോലുള്ള തുറന്ന, സ്വതന്ത്രമായ ചര്‍ച്ചകളും സംഘടനകളും കുറഞ്ഞിരിക്കുന്നു. തകഴി, പൊന്‍കുന്നം വര്‍ക്കി, വെട്ടൂര്‍ രാമന്‍ നായര്‍, പാലാ കെ.എം.മാത്യൂ, കെ.എം. തരകന്‍ തുടങ്ങി എത്രയോ പേര്‍ ആ സമ്മേളനങ്ങളെ സജീവമാക്കി.
$ ശ്രീരാമകൃഷ്ണ പരമഹംസദേവന്‍ എല്ലാ ചിന്താക്കുഴപ്പവും നീക്കിക്കൊണ്ട് മനുഷ്യന്റെ യഥാര്‍ത്ഥ സത്യം വെളിപ്പെടുത്തി: മനുഷ്യന്‍ തലയണ കവര്‍ പോലെയാണ്. ഒരെണ്ണത്തിന്റെ നിറം ചുവപ്പാകാം; വേറൊന്ന് നീലയാകാം; മറ്റൊന്നിന്റെ നിറം കറുപ്പായിരിക്കും. പക്ഷേ, എല്ലാവരുടെയും ഉള്ളില്‍ പഞ്ഞിയാണുള്ളത്.