കാലും (പാദം) കയ്യും ( ഹസ്തം) ചേരുന്നതു കൊണ്ടാണ് ഈ പേരു വന്നത്. ചലനത്തെ, അധ്വാനത്തെ സഹായിക്കുന്ന രണ്ടു പ്രധാന കര്മേന്ദ്രിയങ്ങളാണ് കാലും കയ്യും. അവയുടെ സ്വാധീനവും വഴക്കവും മറ്റു അവയവങ്ങളോടുള്ള ഇണക്കവുമാണ് കര്‍മ സാമര്‍ഥ്യം ഉണ്ടാക്കുന്നത്. യോഗ: കര്‍മസു കൗശലം’ എന്നത് യോഗത്തിന്റെ നിര്‍വചനം തന്നെയാണ്.
ചെയ്യുന്ന വിധം
നിവര്‍ന്നു നില്ക്കുക. കാലുകള്‍ ചേര്‍ത്തു വെക്കുക. കൈകള്‍ വശങ്ങളില് തൂക്കിയിടുക. ശ്വാസം വിട്ടു കൊണ്ട് കാല്‍മുട്ടുകള്‍ മടങ്ങാതെ മുന്നോട്ടു നോക്കിക്കൊണ്ട് മുന്നോട്ടു കുനിയുക. നട്ടെല്ല് ഉള്ളോട്ടു കുഴിഞ്ഞിരിക്കും (പുറത്തോട്ട് കൂനരുത് എന്നര്‍ഥം). കൈകള്‍ കാലിന്നടിയില്‍ ചേര്‍ക്കുക. ഒന്നു ശ്വാസമെടുത്ത് തയ്യാറായി പൂര്‍ണമായും ശ്വാസം വിട്ടു കൊണ്ട് വയറു തുടയോടു ചേര്‍ക്കുക. തല മുട്ടിനോടോ മുട്ടിനു താഴെയോ ചേര്‍ക്കുക. ഒടിയേണ്ടത് അരക്കെട്ടിന്റെ ഭാഗമാണ്, നടുഭാഗമല്ല എന്നര്‍ഥം. ശരീരം തളര്‍ത്തി തൂക്കിയിടുക. ശരീരത്തിന് അസ്ഥിയോ മാംസമോ ഇല്ലെന്നു സങ്കല്പിക്കുക. പൂര്‍ണമായും ശരീരം പതിയുമ്പോള്‍ കൈമുട്ട് അല്പം മടങ്ങും. അല്പനേരം സാധാരണ ശ്വാസത്തില്‍ പൂര്‍ണ സ്ഥിതിയില്‍ നിന്ന ശേഷം ശ്വാസമെടുത്തു കൊണ്ട് സാവധാനത്തില്‍ തിരിച്ചു വരിക.
ഗുണങ്ങള്‍
ദഹനേന്ദ്രിയങ്ങള്‍ക്ക് ഒരു തടവല്‍ സുഖം കിട്ടും. ദഹനശേഷി കൂടും. ദഹനക്കേടും മലബന്ധവും ശമിക്കും. നട്ടെല്ലിന് വഴക്കവും അവിടെയും പേശികളില്‍ രക്ത പ്രവാഹവും കൂടും. ഏകാഗ്രത കൂടും. മൂക്കിന്റെയും കഴുത്തിന്റെയും വിഷമതകള്‍ പരിഹരിക്കപ്പെടും.