ഓര്‍മ്മ വരുന്നത് തൊണ്ണൂറുകളുടെ ആദ്യം കലാകൗമുദിയില്‍ വായിച്ച ഒരു ലേഖനമാണ്. അന്നത്തെ ഒരു ആഴ്ചയറുതിയില്‍ സാഹിത്യവാരഫലത്തിനു പുറമേ മറ്റൊരു ലേഖനത്തിലാണ് കണ്ണുടക്കിയത്. ഡോ.ഗോപിമണി എഴുതിയതായിരുന്നു അത്.
അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനു ഫിസ്റ്റുല അഥവാ ഭഗന്ദരം എന്ന വൃത്തികെട്ട അസുഖം. മോഡേണ്‍ മെഡിസിനില്‍ ഒറ്റ ചികിത്സയേയുള്ളൂ, ഓപ്പറേഷന്‍, പണച്ചിലവ്, നീണ്ട വിശ്രമം, അസഹ്യമായ വേദന ഒക്കെത്തന്നെ. എല്ലാം ചെയ്താലും, വീണ്ടും അസുഖം വരാനുള്ള സാധ്യത വേറേ.
പക്ഷേ ഇദ്ദേഹം ബൈപാസ് കഴിഞ്ഞതാണ്. അതിന്റെ മരുന്നും ഇതിന്റെ മരുന്നും എല്ലാം കൂടി ആകെ കടിപിടിയാകും. എന്ത് ചെയ്യും എന്ന് കരുതി അന്തം വിട്ടിരിക്കുമ്പോള്‍ ആണ് തിരുവനന്തപുരം ആയുര്‍വ്വേദ കോളേജില്‍ ഭഗന്ദരത്തിനു ക്ഷാരസൂത്രം എന്നൊരു ചികിത്സയുണ്ട് എന്നറിയുന്നത്.
‘സൂത്രപ്പണി കൊണ്ട് ആയുര്‍വ്വേദക്കാര്‍ ഫിസ്റ്റുല മാറ്റുമെങ്കില്‍ ഞങ്ങളവര്‍ക്ക് നൊേബല്‍ സമ്മാനം വാങ്ങിക്കൊടുക്കും.’ ഇതായിരുന്നു ഒരു ആധുനിക ഡോക്ടറുടെ വെല്ലുവിളി.
എന്തായാലും അവര്‍ ആയുര്‍വ്വേദ കോളേജിലെത്തി. ചില പച്ചമരുന്നുകളില്‍ മുക്കിയെടുത്ത പരുത്തി നൂല്‍ തണലത്തുണക്കും. ഇതിലൊരു നൂല്‍ക്കഷ്ണം അസുഖമുള്ള ഭാഗത്തു സ്യുച്ചര്‍ കൊണ്ടു തുളച്ച് കെട്ടിവെക്കും. ഇതാണ് ചികിത്സ. മിക്കപ്പോഴും ഒറ്റത്തവണ മതിയാകും. അസുഖത്തിന്റെ തീവ്രത അനുസരിച്ച് രണ്ടോ മൂന്നോ തവണ ചെയ്യേണ്ടി വരും.
ഇപ്പറഞ്ഞ ആള്‍ക്കും ചെയ്തു. പതിനഞ്ച് മിനിറ്റില്‍ ചികിത്സ കഴിഞ്ഞു. അന്ന് വലിയ ചെലവാണ്. 25 പൈസ. ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും വന്നു. നൂല്‍ എടുത്ത് കളഞ്ഞു. അസുഖം പൂര്‍ണ്ണമായി ഭേദമായി.
അതിന് ശേഷം ഇദ്ദേഹത്തിന്റെ ഗള്‍ഫിലുള്ള മകന് ഫിസ്റ്റുല. ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ പോകുന്നു. വേണ്ട. നീ അടുത്ത ഫ്‌ളൈറ്റ് പിടിച്ച് ഇങ്ങ് പോര്. എയര്‍പോര്‍ട്ടില്‍ നിന്ന് നേരേ ആയുര്‍വ്വേദ കോളേജ്. ചികിത്‌സ കഴിഞ്ഞു. ഒരാഴ്ച കഴിഞ്ഞു കക്ഷി ദുബായിക്ക് പറന്നു.
പഞ്ചമഹാരോഗങ്ങളില്‍ ഒന്നാണ് ഭഗന്ദരം. അതിന്റെ ചികിത്സയാണ് ഇങ്ങനെ നമ്മുടെ കൈയെത്തും ദൂരത്ത്. ഡോ.ഗോപിമണിയുടെ ലേഖനത്തിന്റെ പേര് ‘ലഭിക്കാതെ പോയ നൊേബല്‍ സമ്മാനം’ എന്നായിരുന്നു.
വേദാംഗമായ ആയുര്‍വ്വേദത്തില്‍ ഇങ്ങനെ എത്രയോ മഹാനിധികള്‍ ഒളിഞ്ഞുകിടപ്പുണ്ടാകും. ഭക്ഷണം തന്നെ ഔഷധമാകുന്ന, ഓരോ വിഭവത്തിലും അടിസ്ഥാന രോഗപ്രതിരോധശേഷിക്കുള്ള മഞ്ഞളും കറിവേപ്പിലയും ഒക്കെ ചേര്‍ക്കുന്ന ഭക്ഷണക്രമം. രോഗത്തെയല്ല രോഗിയെ ആണ് ചികിത്‌സിക്കേണ്ടത് എന്ന സങ്കല്‍പം. അങ്ങനെ സഹസ്രാബ്ദങ്ങള്‍ കൊണ്ട് നേടിയ പ്രതിരോധവും വൈദ്യസംസ്‌കാരവും കൊണ്ടാണ് ഇന്ന് ഭാരത്തില്‍ ചൈനാവ്യാധിയെ ഇങ്ങനെ പിടിച്ചു നിര്‍ത്തുന്നത്.
ഈ ലോകം സുന്ദരമാക്കുന്നതില്‍ മോഡേണ്‍ മെഡിസിനു വലിയ പങ്കാണുള്ളത്. അതിലൊരു സംശയവുമില്ല. പക്ഷേ, സഹസ്രാബ്ദങ്ങളുടെ പിന്നില്‍ നിന്നുമുള്ള തപസ്സിദ്ധമായ അറിവുകളുടെ പിന്തുടര്‍ച്ചയാണ് പിന്നെ വന്നതെല്ലാം എന്ന ബോധം നഷ്ടപ്പെട്ടത് വൈദേശിക വിദ്യാഭ്യാസം കാരണമാണ്. അറിവിന് ആരംഭമോ അവസാനമോ ഇല്ലല്ലോ.
ശാസ്ത്രശാഖകള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടേണ്ടതല്ല. തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടുമാണ് എന്നും അറിവുകള്‍ വളര്‍ന്നിട്ടുള്ളത്.