പിണറായി വിജയന്‍ സര്‍ക്കാര്‍ അഴിമതിയുടെ ഉല്‍പ്പാദന കേന്ദ്രമായി മാറിയിരിക്കുന്നു. രാജ്യത്തെതന്നെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത് ലാലുപ്രസാദ് യാദവിന്റെ ബീഹാര്‍ സര്‍ക്കാരിനെയായിരുന്നുവെങ്കില്‍ ആ വിശേഷണം ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ്-ഇടതു സര്‍ക്കാര്‍ തട്ടിയെടുത്തു കഴിഞ്ഞു. അഴിമതി മാത്രമല്ല, കള്ളക്കടത്ത്, സ്വജനപക്ഷപാതം, ബന്ധുനിയമനം, മാര്‍ക്ക് തട്ടിപ്പ്, വ്യാജരേഖ ചമച്ച് തൊഴില്‍ സമ്പാദനം, എന്തിന് കേരളയീയരുടെ ഉത്സവത്തെ, അതിനു നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റില്‍നിന്നുപോലും പണം അടിച്ചുമാറ്റിയ സര്‍ക്കാരിനെ ജനം വെറുത്തിരിക്കുന്നു. ഒരുപക്ഷെ കൊറോണയേക്കാള്‍ ഏറെ.
അഴിമതിയുടെ ഞെട്ടിക്കുന്ന കഥകള്‍ പുറത്തുവരാന്‍ തുടങ്ങിയത് സ്പ്രിംഗ്‌ളര്‍ വിവാദവുമായി ബന്ധപ്പെട്ടാണ്. ദോഷം പറയരുതല്ലോ. അത് നല്ലൊരു തുടക്കമായിരുന്നു. കേരളത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കഥകളുടെ ഘോഷയാത്രയുടെ തുടക്കം. അതുവരെ നമ്മോട് ആരോഗ്യമന്ത്രിയും, സിപിഎം നേതാക്കളും പറഞ്ഞത് ‘സ്പ്രിംഗ്‌ളര്‍’ വന്നത്, നയാപൈസ വാങ്ങിക്കാതെ കേരളത്തെ രക്ഷിക്കാനാണ് എന്നായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍നിന്ന് നയാ പൈസ ചെലവാക്കില്ല എന്ന വാദമുഖത്തിന് വരെ ഹൈക്കോടതിയില്‍ തിരിച്ചടിയേറ്റു. എന്നിരുന്നാലും സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ സര്‍ക്കാരിന്റെയും, കമ്പനിയുടെയും ആവശ്യം നടന്നുകഴിഞ്ഞതിനാല്‍ അവര്‍ കേരളത്തെ ‘രക്ഷിക്കാന്‍’ കാത്തുനില്‍ക്കാതെ പിന്‍വാങ്ങി. അവര്‍ക്ക് ആവശ്യത്തിന് ‘ഡാറ്റ’യും കിട്ടി. ഒരു ‘ജോലി പരിചയ’ സര്‍ട്ടിഫിക്കറ്റും കിട്ടി. ഈ ജോലി സര്‍ട്ടിഫിക്കറ്റായിരുന്നു അവരുടെ ലക്ഷ്യമെന്നും വിശ്വസിക്കുന്നവരുണ്ട്. കാരണം സിപിഎം നേതാക്കള്‍ പറയുന്നപോലെ സ്പ്രിംഗ്‌ളര്‍ ഡബ്ല്യുഎച്ച്ഒ (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍)യുടെ സേവനദാതാക്കള്‍ ആയത് കേരളത്തിലേക്ക് വന്നതിന് മുന്‍പ് അല്ല, മറിച്ച് എം. ശിവശങ്കരന്‍ അഭിനയിച്ച പരസ്യചിത്രമടക്കം കണ്ട്, കേരളത്തിന്റെ ജോലിപരിചയ സര്‍ട്ടിഫിക്കറ്റ് മുന്നില്‍ വച്ചുകൊണ്ടാണ്. ഏപ്രില്‍ മാസം മാത്രമാണ് ഡബ്ല്യുഎച്ച്ഒയില്‍ നിന്ന് പരശതം ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ടെന്‍ഡര്‍ നേടിയെടുത്തത് എന്ന ആരോപണവും, സ്പ്രിംഗ്‌ളറിന്റെ ‘ഓഹരി’യുടെ നല്ലൊരു ഭാഗം ബെംഗളൂരൂവിലെ ഒരു കമ്പനിക്ക് ദാനമായി കിട്ടിയെന്നും കൂടി ആരോപണത്തിന്റെ പിന്നാമ്പുറത്തുണ്ട് എന്നതും ഈ നയാപൈസ ചെലവില്ലാത്ത കള്ളക്കളിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു.
കേരളത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന സ്വര്‍ണകള്ളക്കടത്തിന്റെ ആദ്യ ഭാഗങ്ങളില്‍ ബിജെപിയേക്കാളും പ്രതിപക്ഷത്തേക്കാളും ശക്തമായി അന്വേഷണം ആവശ്യപ്പെട്ടതില്‍ സിപിഎമ്മും സംസ്ഥാന ഭരണകൂടവും ഉണ്ടായിരുന്നു. ഇന്ദ്രനെയും, ചന്ദ്രനെയും ഭയക്കാതെ, ഉൗരിപിടിച്ച വാളിനു നടുവിലൂടെയും, മുകളിലൂടെയും നടന്ന ഭരണാധികാരി കേന്ദ്ര ഏജന്‍സികള്‍ ഏതും അനേ്വഷണം നടത്തട്ടെ എന്ന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയെയും, ഭരണകൂടത്തെയും വെള്ളപൂശിക്കൊണ്ട് നല്‍കിയ ശബ്ദസന്ദേശം തന്നെ ഈ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. സ്വപ്‌ന കേരളത്തില്‍നിന്ന് രക്ഷപ്പെട്ടതും എന്‍ഐഎ അന്വേഷണം ഏറ്റെടുത്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റിലായതും കേരളം വിട്ടുപോകുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അവസരം ഒരുക്കിയതും സിപിഎമ്മിന് വമ്പന്‍ നാണക്കേടുണ്ടാക്കി.
പിന്നെ നടന്നത് അപസര്‍പ്പകകഥയെ വെല്ലുന്ന രംഗങ്ങള്‍. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥനുമായുള്ള അടുപ്പം, എം. ശിവശങ്കരന്‍ സ്വര്‍ണ്ണക്കടത്തിനു നല്‍കിയ പിന്തുണ, വീട് എടുത്തുകൊടുത്തത് മുതല്‍ കള്ളക്കടത്തു വിട്ടുകിട്ടുവാന്‍ വിളിക്കുന്നതും, കള്ളപ്പണം സൂക്ഷിച്ചതും, നിശാപാര്‍ട്ടികളും എല്ലാം മാധ്യമങ്ങളും അന്വേഷണ ഏജന്‍സികളും പുറത്തുകൊണ്ടുവന്നു. പിന്നീട് സ്വര്‍ണ്ണക്കടത്ത് ബന്ധം ഉദ്യോഗസ്ഥന്‍ മാത്രമായ എം. ശിവശങ്കരനില്‍ മാത്രം ഒതുങ്ങിയില്ല. സി.എം. രവീന്ദ്രനെന്ന മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തനും, പാര്‍ട്ടി നോമിനിയുമായ സിഎമ്മിന്റെ പ്രൈവറ്റ് സെക്രട്ടറിക്കും പങ്കുള്ളതായി ഉറപ്പാകുന്നു. ചുറ്റുമുള്ളവര്‍ മുഴുവന്‍ സ്വര്‍ണ്ണക്കടത്തിന്റെ ഏജന്റുമാരായിട്ടും ‘എനിക്ക് ഒന്നുമറിയില്ല’ എന്ന പിണറായി വിജയന്റെ വാദം ജനങ്ങള്‍ മുഖവിലക്കെടുക്കില്ല.
സ്വര്‍ണ്ണക്കടത്തിന്റെ അന്വേഷണം തുടങ്ങിയപ്പോള്‍ കിട്ടിയ ആദ്യ ബോണസ്സാണ് ‘ലൈഫ്’ ഭവന പദ്ധതി തട്ടിപ്പ്. പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സൗജന്യ ഭവനപദ്ധതിയില്‍നിന്നുപോലും കമ്മീഷന്‍ മേടിക്കുന്ന ഭരണാധികാരിയായി മുഖ്യമന്ത്രി മാറിയെന്ന വാര്‍ത്ത ജനങ്ങള്‍ ഞെട്ടലോടെയാണ് കേട്ടത്. ഹാബിറ്റാറ്റ് എന്ന ഏജന്‍സിയെ മാറ്റിയത് മുതല്‍, കരാറിലെ കണക്കുകള്‍ പോലും തെറ്റായി കാണിക്കുകയും, കരാര്‍ മുന്‍പരിചയമില്ലാത്ത കമ്പനിക്കു നല്‍കിയും, കരാര്‍ അനുസരിച്ചുള്ള നിര്‍മ്മാണങ്ങള്‍ (Pre Fabricated) നടത്താതെയും, നടത്തിയ നിര്‍മ്മാണങ്ങളില്‍ മുഴുവനും തുടക്കം മുതല്‍ ഇന്നേവരെ നടത്തിയത് മുഴുവനും അഴിമതിയായിരുന്നു വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍. ഇതൊന്നും പോരാഞ്ഞ് കാണുവാന്‍ അനുവാദം കിട്ടണമെങ്കില്‍ ഐ ഫോണ്‍ കിട്ടണമെന്ന നിബന്ധന സ്വന്തം ഭരണഘടനയില്‍ എഴുതിവെച്ച മുഖ്യമന്ത്രിയുടെ വിശ്വസ്തനെയും ഈ അനേ്വഷണം വെളിച്ചത്തുെകാണ്ടുവന്നു. അതുകൊണ്ടും നിന്നില്ല, ബിജെപിയും, പ്രതിപക്ഷകക്ഷികളും, എന്തിന് മാധ്യമങ്ങള്‍ പോലും പറയാത്ത അഴിമതിയുടെ തുക 9 കോടിയോളം. അതാണ് യഥാര്‍ത്ഥ തുകയെന്ന് കേരളത്തിലെ ധനകാര്യമന്ത്രിതന്നെ, പാര്‍ട്ടിവക ചാനലില്‍ വെളിപ്പെടുത്തുന്ന വിചിത്ര സ്ഥിതിവിശേഷവും േകരള ജനത ഞെട്ടലോടെ കണ്ടു. വടക്കാഞ്ചേരി പദ്ധതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ 140 പാവപ്പെട്ട കുടുംബങ്ങള്‍ അല്ല, മറിച്ച് കേരളത്തിലെ ‘മുതല്‍വന്‍’ തന്നെയായിരുന്നു എന്നാണ് ഇപ്പോള്‍ ജനങ്ങള്‍ വിശ്വസിക്കുന്നത്. കാരണം ‘ലൈഫും’ സര്‍ക്കാരിന്റെ ‘സ്വപ്‌ന’ പദ്ധതിയായിരുന്നു. അതിന്റെ ചെയര്‍മാന്‍ മുഖ്യന്‍ തന്നെയായിരുന്നു എന്നതും ഈ ആരോപണത്തിന് കൂടുതല്‍ ദൃഢത നല്‍കുന്നതാണ്.
പിന്നെ ഇങ്ങോട്ട് കള്ളക്കടത്തിന്റെ, അഴിമതിയുടെ, തട്ടിപ്പിന്റെ ഘോഷയാത്രയായിരുന്നു. കേരളത്തിലേക്ക് വന്ന മതഗ്രന്ഥങ്ങളും ഈന്തപ്പഴവും വരെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കള്ളക്കടത്തിന്റെ മറയാക്കി എന്ന ആരോപണം മാത്രമല്ല, ഇഡിയും എന്‍ഐഎയും മന്ത്രിയെ ചോദ്യം ചെയ്യുക കൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. അര്‍ദ്ധരാത്രിയില്‍ ‘തലയില്‍ തുണിയിട്ടും, മാധ്യമങ്ങളോട് നുണ പറഞ്ഞും’ അനേ്വഷണ ഏജന്‍സിക്കു മുന്നില്‍ പോയ മന്ത്രി ജലീലിന് ഇന്നും ‘ക്ലീന്‍ ചിറ്റ്’ ഒരു അന്വേഷണ ഏജന്‍സിയും നല്‍കിയിട്ടില്ല എന്നത് കുറ്റകൃത്യത്തിന്റെ ആഴവും കുറ്റവാളിയുടെ മേല്‍ ആരോപിച്ച കള്ളക്കടത്തുകേസിന്റെ, സ്വര്‍ണ്ണക്കടത്തിന്റെ കൃത്യതയും വ്യക്തമാക്കുന്നവയാണ്.
ഇതുവരെ സൂചിപ്പിച്ചതെല്ലാം സ്വര്‍ണ്ണക്കള്ളക്കടത്തിന്റെയും വിദേശ പണം വന്നതില്‍ കമ്മീഷന്‍ പറ്റിയതിന്റെയും ആണെങ്കില്‍ കെ ഫോണ്‍ ലക്ഷണമൊത്ത അഴിമതിക്കേസ് തന്നെയാണ്. പദ്ധതി തുകയ്ക്ക് 500 കോടിയിലധികം ടെന്‍ഡര്‍ നല്‍കിയതു മുതല്‍, ടെന്‍ഡര്‍ പങ്കാളികളുടെ പിന്നാമ്പുറ കഥയിലെ പാര്‍ട്ടി ബന്ധവും, അവരുടെ അനുഭവ പരിചയക്കുറവുമടക്കം അതിലെ പാളിച്ചകള്‍ നിരവധിയാണ്. ഇതുകൂടാതെ പ്രഖ്യാപിച്ച കുറഞ്ഞ നിരക്കില്‍ സര്‍ക്കാരിന് ‘ഇന്റര്‍നെറ്റ്’ എങ്ങനെ നല്‍കുവാന്‍ കഴിയും എന്ന വാദവും യുക്തിഭദ്രമാണ്. കാരണം അന്തര്‍ദ്ദേശീയ തലത്തില്‍ കേബിള്‍ ശൃംഖലയുമായി കരാര്‍ ഉള്ള രണ്ടു കമ്പനികള്‍ നേരിട്ട് ഇവിടെ സേവനം നല്‍കുമ്പോള്‍ അവരില്‍നിന്ന് സേവനം കടംകൊണ്ട്, അതിലും കുറഞ്ഞ നിരക്കില്‍ അത് സര്‍ക്കാരിന് നല്‍കാനാകും എന്നു വാദിക്കുന്നതും, വിശ്വസിക്കുന്നതും ശുദ്ധ വിവരക്കേടാണ്. കൂടാതെ ‘കുത്തകകളെ’ കേരളത്തിന്റെ മണ്ണില്‍ നിന്ന് ഓടിക്കുവാനും, അവര്‍ക്ക് പകരം ‘ജനകീയ ബദല്‍’ സൃഷ്ടിക്കുവാനും ശ്രമിക്കുന്ന കേരള സര്‍ക്കാര്‍ തന്നെ കെഇഎല്‍ (കേരള ഇലക്ട്രോണിക്‌സ് ലിമിറ്റഡ്) എന്ന സര്‍ക്കാര്‍ സ്ഥാപനത്തെക്കൊണ്ട് റിലയന്‍സ് എന്ന ഇന്റര്‍നെറ്റ് സേവന ദാതാവിന്റെ കേബിളുകള്‍ കേരളത്തിലുടനീളം വലിക്കുവാന്‍ “ROW’ (Right Of Way) എന്ന സംവിധാനം ഏര്‍പ്പെടുത്തി. അതിന്റെ അനുവാദവും ഈ സ്ഥാപനമാണ് നേടിക്കൊടുത്തത്. കുറഞ്ഞപക്ഷം ഈ കള്ളക്കളിയില്‍ നിന്ന് ഏകീകൃത ഇന്റര്‍നെറ്റ് സേവന ദാതാക്കളായ റിലയന്‍സിനെ ഒരു ഭാഗത്ത് സഹായിക്കുകയും, മറുഭാഗത്ത് 1500 കോടി കടലില്‍ ഒഴുക്കി ഇവരെ സഹായിക്കാന്‍ എന്ന വ്യാജേന ഖജനാവ് കൊള്ളയടിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് വ്യക്തമല്ലേ?
കിഫ്ബി പോലെ തന്നെ അതിവേഗ റെയില്‍ പദ്ധതിയിലും വ്യാപകമായ ക്രമക്കേടിനും, തട്ടിപ്പിനും ശ്രമമുള്ളതായി വാര്‍ത്തകള്‍ വരുന്നു. പദ്ധതിയുടെ കരട് നീതി ആയോഗ് പോലും അംഗീകരിച്ചിട്ടില്ല എന്നതും, സ്ഥലമെടുപ്പിനും, മറ്റു അനുബന്ധ പദ്ധതികള്‍ക്കും നീക്കിയിരിപ്പു തുകയില്‍നിന്ന് കോടിക്കണക്കിന് തുക കൂടുതല്‍ ആവശ്യം വരുമെന്നും പൊതുവേ ആക്ഷേപം ഉണ്ട്. ഇങ്ങിനെയൊക്കെ കണക്കില്‍ അവ്യക്തതയും, പൂര്‍ണ്ണമായ ചിലവിന്റെ രൂപവും ഇല്ലെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന പദ്ധതിയുടെ ഉപഭോക്താവിന് യാത്ര ചെയ്യുമ്പോള്‍ കിലോമീറ്ററിന് ഇത്രരൂപ വരും എന്ന് പ്രഖ്യാപിക്കുവാന്‍ കഴിയുന്ന ഭരണാധികാരി ലക്ഷണമൊത്ത തട്ടിപ്പുകാരനൊ അല്ലെങ്കില്‍ വിഡ്ഢ്യാസുരനൊ ആണെന്നതില്‍ സംശയമില്ല.
ഇതിനെല്ലാം പുറമെ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ഒട്ടുമിക്ക പദ്ധതിയിലും അഴിമതി മണക്കുന്നുണ്ട്. പ്രസിദ്ധമായ ഒരു സോപ്പിന്റെ പരസ്യം പോലെ ‘പിണറായി എവിടെയുണ്ടോ, അവിടെ അഴിമതിയുണ്ട്, തട്ടിപ്പുമുണ്ട്’ എന്ന് ജനങ്ങള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. കാരണം ടെക്‌നോ പാര്‍ക്കിലെ സ്ഥലം ടോറസിനും, സ്മാര്‍ട്ട് സിറ്റി സ്ഥലം കോണ്‍ഫിഡന്റ് ഗ്രൂപ്പിനും കൈമാറിയതിലും ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ട്.
‘ഉണരുവിന്‍, അഖിലേശനെ സ്മരിപ്പിന്‍, അനീതിയോടെതിര്‍പ്പിന്‍’ എന്ന് ഉദ്‌ബോധിപ്പിച്ച വാഗ്ഭടാനന്ദ ഗുരുവിന്റെ ഊരാളുങ്കല്‍ എന്ന സൊസൈറ്റി പോലും അഴിമതിയുടെ കൂത്തരങ്ങായി. സിപിഎമ്മും, ഇടതുപക്ഷവും കൂട്ടത്തില്‍ കോണ്‍ഗ്രസ്സും മാറിക്കഴിഞ്ഞു.
സിഎജി ഓഡിറ്റിങ്ങില്‍ പലകുറി ക്രമക്കേടുകള്‍ കാണിച്ചിട്ടും, ടെന്‍ഡറിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് പല തവണ കരാര്‍ നല്‍കുന്നതും ഊരാളുങ്കലിന് വൈദഗ്ദ്ധ്യം ഇല്ലാത്ത മേഖലയില്‍ പോലും അവര്‍ക്ക് കരാര്‍ നല്‍കുന്നതും, തൊഴിലാളികള്‍ക്ക് വലിയ തുക ശമ്പളം നല്‍കി ആ തുക തിരിച്ച് ലിക്വിഡ് കറന്‍സിയായി തിരികെ വാങ്ങി രാഷ്ട്രീയ മേലാളന്മാര്‍ക്ക് പിരിവു നല്‍കുന്നതുമടക്കം വലിയ തട്ടിപ്പുകളുടെ ആധുനിക ‘ആര്‍ & ഡി’ സെന്റര്‍ ആയിരിക്കുന്നു യു എല്‍ സിസി എന്ന വാഗ്ഭടാനന്ദ ഗുരുവിന്റെ ‘സ്വപ്‌ന’ പദ്ധതിയും. അന്വേഷണം അങ്ങോട്ടും നീണ്ടുകഴിഞ്ഞു.
ഇതുകൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ലാപ്‌ടോപ് നല്‍കുന്ന പദ്ധതിയായ ‘കൊക്കോണിക്‌സിലും’ വലിയ അഴിമതിയും തട്ടിപ്പും നടക്കുന്നു എന്ന ആരോപണം ശക്തമാണ്. മണിക്കൂറിന് ലക്ഷങ്ങള്‍ വാടക നല്‍കി വെറുതെ കിടക്കുന്ന ഹെലികോപ്റ്റര്‍ സംവിധാനം പോലെ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും ക്രമക്കേടിന്റെ, അഴിമതിയുടെ, സ്വജനപക്ഷപാതത്തിന്റെ ‘ക്ലാസിക്ക് എക്‌സാമ്പിളുകള്‍’ ആയി മാറിയിരിക്കുന്നു.
ഇത് കേരളമാണ്, കേരള മോഡല്‍ വികസനമാണ് എന്ന് വീമ്പിളക്കിയിരുന്നവര്‍ കേരള മോഡല്‍ വികസനമെന്ന് കേട്ടാല്‍ തങ്ങളെ കളിയാക്കുന്നോ എന്നാണ് ഇവര്‍ പറയുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ വരുന്ന ആരോപണങ്ങളെ നേരിടാനാവാതെ, അവരെ വന്ധീകരിക്കാന്‍ 118 എ പോലുള്ള കരിനിയമങ്ങള്‍ േപാലും നടപ്പാക്കാന്‍ ശ്രമിച്ച സര്‍ക്കാരാണിത്.
സോഷ്യല്‍ മീഡിയകളെ, നവമാധ്യമങ്ങളെ മാത്രമല്ല കേരളത്തിെല പത്ര, ദൃശ്യ മാധ്യമങ്ങളുടെ വായപോലും മൂടിക്കെട്ടുവാന്‍ ശ്രമിച്ച ഈ സര്‍ക്കാരിന് ഒരു ജനാധിപത്യ സര്‍ക്കാരായി അധികാരത്തില്‍ ഇരിക്കാന്‍ ഒരു നിമിഷംപോലും അവകാശമില്ല.
ചരിത്രത്തില്‍ ഒന്ന് സംഭവിച്ചിട്ടുണ്ട്; എല്ലാ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും, അല്ലെങ്കില്‍ അവരുടെ പിന്‍തലമുറക്കാരും തികഞ്ഞ ഫാസിസ്റ്റുകളായും ലക്ഷണമൊത്ത ഏകാധിപതികളായും പരിണമിക്കാറുണ്ട്. ക്യൂബയുടെ ഫിഡല്‍ കാസ്‌ട്രോ വരെ അനുജന് അധികാരം കൈമാറിയിട്ടാണ് പ്രായാധിക്യത്തിന്റെ കടന്നുകയറ്റം സമ്മതിച്ചത്. ചൈനയില്‍ ഷി മരിച്ച് പ്രേതമായാലും ഭരിക്കുമോ എന്ന സംശയത്തിലാണ് ചൈനയിലെ ശബ്ദമില്ലാത്ത, മുഖമില്ലാത്ത പ്രതിപക്ഷ നേതാക്കള്‍. ഈ ഫാസിസ്റ്റ്, ഏകാധിപതികള്‍ക്കെതിരെയാണ് ലോകം മുഴുവന്‍ ജനശക്തി ഉയര്‍ന്നതും അവര്‍ ഒട്ടുമിക്കവരും നിഷ്‌കാസിതരായതും.
കേരളത്തിന്റെ ചരിത്രവും മറ്റൊന്നാകാന്‍ തരമില്ല. ആദ്യമായി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന സംസ്ഥാനത്തുതന്നെ അവസാനമായി ബാലറ്റിലൂടെ അധികാരത്തില്‍നിന്നു പുറത്തുപോകുക മാത്രമല്ല, അവരുടെ രാഷ്ട്രീയ അസ്തിത്വം കൂടി ജീര്‍ണ്ണതയില്‍ നിന്ന് സര്‍വ്വനാശത്തിലേക്ക് കൂപ്പുകുത്തും എന്നത് കാലത്തിന്റെ കാവ്യ നീതിയാണ്. പിണറായിയുടെ നിയോഗവും.