കൊല്ലം: തൃശൂര്‍ ജില്ലയിലെ പുതുക്കാട് ചെമ്പൂച്ചിറ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തെപ്പറ്റി പുറത്തുവന്ന മാധ്യമ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടങ്ങളുടെ ഉറപ്പ് പരിശോധിക്കണമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.
നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ചുമരുകളും മേല്‍ക്കൂരയും അടര്‍ന്നുവീഴുന്ന മാധ്യമ ദൃശ്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഇത്തരം ദുര്‍ബലമായ കെട്ടിടത്തില്‍ ക്ലാസ് നടത്തുന്നത് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ജീവന് ഭീഷണിയാണ്. അതിനാല്‍ കിഫ്ബി ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് നിര്‍മ്മിച്ച മുഴുവന്‍ സ്കൂള്‍ കെട്ടിടങ്ങളുടെയും ബല പരിശോധനയ്ക്ക് ശേഷമേ ഉദ്ഘാടനം നടത്താവൂ എന്നും ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് പി.എസ് ഗോപകുമാര്‍ ആവശ്യപ്പെട്ടു.