ശാഖാവസാനം മണ്ഡലയിലിരിക്കുമ്പോള്‍ ഗണഗീതവും അമൃതവചനവും സുഭാഷിതവുമൊക്കെ ചൊല്ലിയാല്‍ ശേഷിക്കുന്ന കുഞ്ഞുസമയത്തിനുള്ളില്‍ നിന്നുകൊണ്ട് മിക്ക ദിവസങ്ങളിലും ശാഖാ കാര്യവാഹ് സംഘാശയ സംബന്ധിയായ ചെറുസന്ദേശങ്ങള്‍ നല്‍കുമായിരുന്നു. പലപ്പോഴും ചെറിയ ചോദ്യങ്ങളിലൂടെയാണ് അദ്ദേഹം ഞങ്ങളെ ചിന്തിപ്പിച്ചിരുന്നത്. അതില്‍ കൃത്യമായ ഇടവേളകളില്‍ അദ്ദേഹം ആവര്‍ത്തിക്കുമായിരുന്ന ഒരു ചോദ്യം ഇതെഴുതി തുടങ്ങിയപ്പോള്‍ എന്റെ മനസ്സിലോടിയെത്തി. ആ ചോദ്യമിതാണ്, ‘ഒരിക്കല്‍ സ്വയംസേവകനായാല്‍ പിന്നെ എത്രനാള്‍ നമ്മള്‍ സംഘത്തില്‍ പ്രവര്‍ത്തിക്കും? മണ്ഡലയിലിരുന്ന് ഞങ്ങള്‍ ഒരേ സ്വരത്തില്‍ ‘മരണം വരെ’ എന്നുത്തരം നല്‍കും. തുടര്‍ന്ന് അങ്ങനെ പ്രവര്‍ത്തിച്ച് മാതൃക കാട്ടിയ സ്വയംസേവകരുടെ ജീവിതംഅദ്ദേഹം ഞങ്ങള്‍ക്ക് പരിചയപ്പെടുത്തുമായിരുന്നു. ഈശ്വരപദം പൂകിയ ദിവസം പോലും സംഘപ്രാര്‍ത്ഥന മുടക്കാതിരുന്ന പൂജ്യ ഗുരുജിയെ കുറിച്ചും ആലുവയില്‍ നടന്ന പ്രാന്തശിബിരത്തില്‍ ഏറെ അവശ നിലയിലായിട്ടും പൂര്‍ണ ഗണവേഷധാരിയായി സര്‍വസജ്ജീകരണങ്ങളുമുള്ള ആംബുലന്‍സിലെത്തി സര്‍സംഘചാലക് പ്രണാം ചെയ്ത സ്വര്‍ഗീയ ഭാസ്‌കര്‍റാവുജിയെ കുറിച്ചുമൊക്കെ അദ്ദേഹം വിവരിക്കുമ്പോള്‍ മണ്ഡലയിലിരിക്കുന്ന ഞങ്ങളും ആജന്മം സംഘകാര്യം ചെയ്യുമെന്ന നിശ്ചയം ഉളളിലെടുക്കുമായിരുന്നു. ഒരുപക്ഷേ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇതിന്റെ പ്രാധാന്യമുള്‍ക്കൊണ്ടും ഒപ്പം പറയുംപോലെ ഇതത്രയെളുപ്പമുള്ള കാര്യമല്ലെന്ന് അറിയാവുന്നതിനാലുമാവണം ഈ ലക്ഷ്യത്തെ ഞങ്ങളുടെയെല്ലാം മനസ്സില്‍ അരക്കിട്ടുറപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഈ ചോദ്യം ഇടക്കിടെ അദ്ദേഹം ആവര്‍ത്തിച്ചിരുന്നത്. ഇത് സംബന്ധിച്ച എളിയ വിചാരങ്ങളാണ് ഇത്തവണ പങ്കുവെക്കാനാശിക്കുന്നത്.
ആയുസ്സറ്റിടും വരെ സംഘകാര്യത്തെ ജീവിതവ്രതമാക്കുമ്പോഴാണല്ലോ സ്വയംസേവകന്‍ ചെയ്ത പ്രതിജ്ഞയുടെ ഒരുഭാഗം പാലിക്കപ്പെടുന്നത്. അങ്ങനെയുള്ള സ്വയംസേവകരെ സൃഷ്ടിക്കുമ്പോഴാണ് വ്യക്തിനിര്‍മ്മാണവും സഫലമാകുന്നത്. കായബലവും ആരോഗ്യവും ആത്മവിശ്വാസവും സാഹസ ശീലവുമൊക്കെ പ്രദാനം ചെയ്യുന്ന ശാരീരിക് പദ്ധതിയെ കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ എഴുതിയിരുന്നു. ആജന്മം ഒരുവനെ സംഘകാര്യത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ എന്തുപദ്ധതിയാണ് വ്യക്തിനിര്‍മ്മാണത്തിലുള്ളതെന്ന് ചിന്തിക്കാം. ശരീരവും മനസ്സും ബുദ്ധിയും ആത്മാവും ചേര്‍ന്നതാണല്ലോ മനുഷ്യന്‍. ഒരു കാര്യത്തില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ പലപ്പോഴും മനുഷ്യന്‍ ബുദ്ധിമുട്ടുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാവും, സ്വയം അനുഭവിച്ചിട്ടുമുണ്ടാവും. മനുഷ്യ മനസ്സിന്റെ ചാഞ്ചല്യമാണ് ഇതിനു കാരണം. മനുഷ്യമനസ്സിനെ ഒരു കുരങ്ങനോടുപമിക്കാം. എന്തെന്നാല്‍ കുരങ്ങന്‍ ഒരിടത്ത് അധികസമയം അടങ്ങിയിരിക്കില്ലല്ലോ. അങ്ങോട്ടുമിങ്ങോട്ടും ചാടിക്കൊണ്ടേയിരിക്കും. മനസ്സിനെ അടക്കിനിര്‍ത്താന്‍ സാധിച്ചാല്‍ മാത്രമേ നമുക്കേതൊരു കാര്യമായാലും അതില്‍ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാനും അക്കാര്യം വളരെ ഭംഗിയായി ചെയ്യുവാനും സാധിക്കൂ. അപ്പോള്‍ പ്രശ്‌നമുയരുന്നു. മനുഷ്യ മനസ്സിനെ നിയന്ത്രിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? ഒന്നുറപ്പ് പുറമേ നിന്നതിനെ മറ്റൊരാള്‍ക്ക് നിയന്ത്രിക്കാനാവില്ല. ഒരുവന്റെ മനസ്സിനെ വരുതിയില്‍ നിര്‍ത്താന്‍ അവനു മാത്രമേ സാധിക്കൂ. പായുന്ന കുതിരയെ കടിഞ്ഞാണുപയോഗിച്ച് നിയന്ത്രിക്കുന്നതു പോലെ മനുഷ്യമനസ്സിനെ നിയന്ത്രിക്കാനുമൊരു കടിഞ്ഞാണ്‍ നല്‍കിയാണ് ഈശ്വരന്‍ നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. ആ കടിഞ്ഞാണാണ് ബുദ്ധി. ഒരുവന്റെ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ അവന്റെ ബുദ്ധിക്ക് മാത്രമേ സാധിക്കൂ.
ഒരു സ്വയംസേവകന്‍ അവന്റെ അവസാന ശ്വാസം വരെ സംഘകാര്യത്തില്‍ നിരതനാവണമെന്നാണല്ലോ നാമാഗ്രഹിക്കുന്നത്. അങ്ങനെയൊരു കാര്യത്തിന് വേണ്ടി ആയുസ്സ് മുഴുവനേകാന്‍ ഒരുവന് സാധിക്കണമെങ്കില്‍ ഏതൊരു സാഹചര്യത്തിലും ഇളകാത്ത മനസ്സ് അവനുണ്ടാകണം. ഒപ്പം സ്വമനോവികാരങ്ങളെ സമചിത്തതയോടെ നിയന്ത്രിക്കാനുമാവണം. ബുദ്ധിയുടെ പോഷണത്തില്‍ കൂടി മാത്രമേ ഇത് സാധ്യമാകൂ. നമുക്കറിയാം എല്ലാവരിലും ബുദ്ധിയുണ്ട്. അതിനെ ബാഹ്യമായി ആര്‍ക്കും നിര്‍മ്മിക്കാനുമാവില്ല. രണ്ടു തരം ബുദ്ധിയുണ്ട്. സത്ബുദ്ധിയും ദുര്‍ബുദ്ധിയും. ഇതില്‍ സത്ബുദ്ധി പ്രദാനം ചെയ്യുന്ന കര്‍മ്മത്തെ ബുദ്ധിയുടെ പോഷണമെന്നു വിളിക്കാം. ഇതിലൂടെ മാത്രമേ മനസ്സിനെ സംസ്‌കരിക്കാനാവൂ. രാമായണകൃത്തായ വാല്മീകി തന്നെ ഉദാഹരണം. കൊന്നും കൊള്ളയടിച്ചും കുടുംബം പോറ്റണമെന്ന കുബുദ്ധിയാണ് പൂര്‍വാശ്രമത്തില്‍ അദ്ദേഹത്തെ നയിച്ചിരുന്നത്. എന്നാലൊരുദിനം അദ്ദേഹം സപ്തര്‍ഷിമാരുടെ സമ്പര്‍ക്കത്തില്‍ വരാനിടയാവുകയും അവര്‍ ദുര്‍ബുദ്ധി നീക്കി രത്‌നാകരന് സത്ബുദ്ധിയേകുകയും ചെയ്തു. ആ ജീവിതമാകെ മാറിമറിഞ്ഞു. കൊള്ളക്കാരന്‍ സന്യാസിയും മഹാത്മാവുമായി മാറി. രാമായണം പോലൊരു മഹത്തായ ഇതിഹാസം തന്നെ രചിച്ച് സര്‍വാദരണീയനായി മാറി. ബുദ്ധിയുടെ പോഷണമാണവിടെ സംഭവിച്ചത്. അത് മനുഷ്യനെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നുവെന്ന് സാരം. മനുഷ്യനെ ഉയര്‍ത്താനുള്ള പദ്ധതിയാണല്ലോ ശാഖയും വ്യക്തിനിര്‍മ്മാണവും. അപ്പോള്‍ ശാഖയിലും ബുദ്ധിയുടെ പോഷണം നടന്നേ തീരൂ. അതിനാണ് ശാഖയില്‍ ഗണഗീതവും സുഭാഷിതവും അമൃതവചനവും ചര്‍ച്ചയുമടങ്ങുന്ന വിവിധ ബൗദ്ധിക് പദ്ധതികളുള്ളത്. പ്രത്യേകമെടുത്തു നോക്കിയാല്‍ ഇവക്കോരോന്നിനും അവയുടേതായ പ്രത്യേക ഉദ്ദേശ്യങ്ങളുണ്ട്. നമുക്കിവിടെ ബൗദ്ധിക് പദ്ധതിയുടെ പൊതുവായ ഉദ്ദേശ്യത്തെ കുറിച്ച് മാത്രം ചിന്തിക്കാം.
ഒന്നാമതായി ഒരാളൊരു പ്രവര്‍ത്തനം മനസ്സോടു കൂടി ഏറ്റെടുക്കുന്നത് താന്‍ ഈ പ്രവര്‍ത്തനം എന്തിനു വേണ്ടി ചെയ്യണമെന്ന ബോധ്യം ലഭിക്കുമ്പോഴാണ്. സംഘകാര്യം സ്വാര്‍ത്ഥ നേട്ടത്തിനു വേണ്ടിയുള്ളതല്ല. ഇക്കാര്യം ചെയ്താല്‍ ഒന്നുമിങ്ങോട്ട് കിട്ടുകയില്ല. ഉള്ളതൊക്കെ അങ്ങോട്ടു നല്‍കേണ്ടി വരുകയും ചെയ്യും.. അങ്ങനെയുള്ളകാര്യം ആജന്മം ചെയ്യണമെങ്കില്‍ അതിന്റെ പ്രാധാന്യം ഓരോ സ്വയംസേവകനും ബോധ്യമാവണം. നമ്മുടെ ബൗദ്ധിക് പദ്ധതികള്‍ ആ ധര്‍മ്മം നിര്‍വഹിക്കുന്നു. ഉദാഹരണത്തിന് നമ്മെയെല്ലാം വലിയഅളവില്‍ സ്വാധീനിച്ചിട്ടുള്ള ശാഖയില്‍ ചൊല്ലിപ്പഠിച്ച നാലുവരി സുഭാഷിതം ഓര്‍മ്മയില്ലേ?
‘ആഹാര നിദ്രാ ഭയ മൈഥുനം ച
സാമാന്യമേതത് പശുഭിര്‍ നരാണാം
ധര്‍മ്മോഹിതേഷാമധികോ വിശേഷാ
ധര്‍മ്മേണ ഹീനാഃ പശുഭിര്‍ സമാനാഃ’
ആഹാരം, നിദ്ര, ഭയം, മൈഥുനം ഇവയൊക്കെ മനുഷ്യരിലെ പോലെ മൃഗങ്ങളിലും കാണാനാവും. അപ്പോള്‍ പിന്നെ മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്താണ്? അത് ധര്‍മ്മമാണെന്നും നമ്മളെ പഠിപ്പിച്ച സുഭാഷിതം. പരസ്പരം പോഷിപ്പിച്ചും കരുതലേകിയും ജീവിക്കുമ്പോഴാണ് ധര്‍മ്മം പുലരുന്നതെന്നും അതിനായി പലതും ത്യജിക്കേണ്ടി വരുമെന്നും നാം തിരിച്ചറിഞ്ഞു.. ത്യജിച്ചു കൊണ്ട് ഭുജിക്കുക എന്ന് പറയാറില്ലേ, അതുതന്നെ. മതിവരുവോളം ഉണ്ടും ഉറങ്ങിയും ജീവിച്ചാല്‍ മനുഷ്യനും മൃഗങ്ങളും തമ്മിലെന്തു വ്യത്യാസം? സുഭാഷിതം മുന്നില്‍ വച്ച ഈ ചോദ്യം മനസ്സില്‍ തറച്ചപ്പോഴാണ് നമ്മളിലും പരിവര്‍ത്തനം വന്നത്. ശാഖയില്‍ നിന്നും പകര്‍ന്നു കിട്ടിയ ഇത്തരം ബോധ്യങ്ങളില്‍ നിന്നാണ് സമാജനന്മയെ ലക്ഷ്യമിട്ടുള്ള സംഘകാര്യത്തെ ജീവിതവ്രതമായി വരിക്കാന്‍ നമുക്ക് പ്രേരണ ലഭിച്ചത്.
രണ്ടാമതായി, ‘അറിഞ്ഞു ചെയ്യുമ്പോഴാണ് കാര്യം ഭംഗിയാവുക’ എന്ന പ്രയോഗം കേട്ടിട്ടില്ലേ? ശാഖയില്‍ പറയാറുള്ള ഒരുദാഹരണം ഓര്‍മ്മവരുന്നു. ഒരു വഴിപോക്കന്‍ നടന്നുവരവേ കുറേയധികം പേര്‍ ഒരു നിര്‍മ്മാണവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നതു കാണാനിടയായി. വഴിപോക്കന്‍ ഏറെ ആകാംക്ഷയോടെ അതിലൊരു പണിക്കാരന്റെ അടുത്തെത്തി നിങ്ങളെന്താണിവിടെ നിര്‍മ്മിക്കുന്നതെന്ന് ചോദിച്ചു. പക്ഷേ ഉത്തരം നല്‍കാന്‍ താല്പര്യമില്ലാതെ അയാള്‍ ജോലി തുടര്‍ന്നു. വഴിപോക്കന്‍ ചോദ്യവുമായി അടുത്ത പണിക്കാരനെ സമീപിച്ചു. ‘മറ്റു നിവൃത്തിയില്ല ചങ്ങാതീ, കുടുംബത്തെ പോറ്റണ്ടേ’ എന്നാണ് ഒരു സന്തോഷവുമില്ലാതെ അയാള്‍ മറുപടി പറഞ്ഞത്. അപ്പോഴും ചോദ്യത്തിനുത്തരം ലഭിച്ചില്ല. അതിനാല്‍ മൂന്നാമതൊരു പണിക്കാരനെ കൂടി വഴിപോക്കന്‍ സമീപിച്ചു. മൂന്നാമന്‍ പക്ഷേ ചോദ്യം കേട്ടപാടെ ആവേശഭരിതനായി. അയാളവിടെ നടക്കുന്ന നിര്‍മ്മാണത്തെ കുറിച്ച് ഭംഗിയായി വിശദീകരിക്കാന്‍ തുടങ്ങി. എല്ലാവരും ചേര്‍ന്ന് അവിടെയൊരു ക്ഷേത്രം നിര്‍മ്മിക്കുകയാണെന്നും ക്ഷേത്രത്തിന്റെ ശ്രീകോവില്‍ ഇന്ന ഭാഗത്താണെന്നും ശിലയില്‍ കൊത്തിയ മൂര്‍ത്തിയേയാണ് പ്രതിഷ്ഠിക്കുന്നതെന്നും ക്ഷേത്രത്തിന് ഒന്നിലധികം ഗോപുരങ്ങളുണ്ടെന്നും അതൊക്കെയിന്ന ഭാഗത്താണ് വരികയെന്നും തുടങ്ങി അവയുടെ ഉയരവും അതിന്‍മേലുള്ള കൊത്തുപണികളുമെല്ലാം ഈ പണിക്കാരന്‍ വിശദീകരിച്ചു. അതു കേട്ടപ്പോള്‍ കണ്‍മുന്നിലൊരു ക്ഷേത്രത്തെ സങ്കല്പിക്കാന്‍ വഴിപോക്കനായി. ഇവിടെ ആദ്യ രണ്ടുപേര്‍ ഒരു താല്പര്യവുമില്ലാതെ കാര്യം ചെയ്യുമ്പോള്‍ മൂന്നാമന്‍ താന്‍ ചെയ്യുന്നതിന്റെ മഹത്വമറിഞ്ഞ് കര്‍മ്മം ചെയ്യുന്നു. എന്നുമാത്രമല്ല തന്റെയുള്ളിലെ സങ്കല്പത്തെ മൂന്നാമതൊരാളിന്റെ മനസ്സിലേക്ക് പകരാനും അയാള്‍ക്ക് സാധിക്കുന്നു. കാരണമയാള്‍ താന്‍ ചെയ്യുന്നതെന്തെന്ന് അറിഞ്ഞിഷ്ടപ്പെട്ട് അതില്‍ മനസ്സര്‍പ്പിച്ചാണ് ചെയ്യുന്നത്. അങ്ങനെയല്ലാത്തതിനാല്‍ ആദ്യത്തെ രണ്ടുപേരെ സംബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തിയാകും വരെ തുടരുമോയെന്ന് പോലും ഉറപ്പില്ല താനും.
സംഘകാര്യവും സമാനമാണ്. കളിക്കാനായി ശാഖയിലെത്തിയവരുടെ ഉള്ളിലേക്ക് സംഘപ്രവര്‍ത്തനത്തിന്റെ മഹത്വമെത്തിച്ച് നല്ലൊരു സങ്കല്പമേകാന്‍ സാധിച്ചാല്‍ മാത്രമേ അവര്‍ ആജന്മം ഈ പ്രവര്‍ത്തനത്തില്‍ തുടരുകയുള്ളൂ. നമ്മുടെ ബൗദ്ധിക് പദ്ധതികളുടെ ദൗത്യമിതാണ്. സമസ്ത ചരാചരങ്ങളുടേയും സുഖം മാത്രം കാംക്ഷിക്കുന്ന, വിശ്വത്തെയൊരു കുടുംബമായി കാണുന്ന, ത്യാഗവും സേവനവും ആദര്‍ശമാക്കിയ ഭാരതമാതാവിനെ വൈഭവപദത്തില്‍ എത്തിക്കാനും അതുവഴി ലോകത്തിന് മുഴുവന്‍ ശാന്തിയും ഐശ്വര്യവും മാര്‍ഗദര്‍ശനവുമേകാന്‍ കരുത്തുള്ള ഭാരതത്തെ പുന:പ്രതിഷ്ഠിക്കാനുള്ള ധാര്‍മ്മിക യത്‌നമാണ് നമ്മുടെ സംഘകാര്യമെന്ന ബോധ്യം ലഭിച്ചാല്‍ ആരാണ് ഈ പ്രവര്‍ത്തനത്തെ ഇഷ്ടപ്പെടാതിരിക്കുക? എന്തെന്നാല്‍ അറിഞ്ഞവര്‍ മുന്നോട്ട് വന്ന് ഈശ്വരീയമായ സംഘകാര്യത്തെ സ്വയമേറ്റെടുത്ത ചരിത്രമാണ് പിന്തിരിഞ്ഞു നോക്കുമ്പോള്‍ കാണാനാവുക. സംഘകാര്യത്തെ കുറിച്ച് അറിവ് പകരുകയെന്ന ദൗത്യവും നിര്‍വഹിച്ചു പോരുന്നത് ശാഖയിലെ ബൗദ്ധിക് കാര്യപദ്ധതികളാണ്.
മൂന്നാമത്തേത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഒരു സംഘടനക്കതിന്റെ ജന്മലക്ഷ്യം സഫലീകരിക്കാനാവണമെങ്കില്‍ ഏതുദ്ദേശ്യത്തോടെയാണ് സംഘടന രൂപംകൊണ്ടതെന്ന അടിസ്ഥാന ധാരണയെ തലമുറയെത്ര പിന്നിട്ടാലുമതിന്റെ പ്രവര്‍ത്തകര്‍ക്ക് കൈമാറാന്‍ സാധിക്കണം. പൂജനീയ ഗുരുജി പറഞ്ഞ ഒരു നര്‍മ്മകഥ പ്രസക്തമാണ്. ഒരു കുടുംബ ക്ഷേത്രത്തില്‍ പൂജ കഴിക്കുന്നത് വയസ്സായ ഒരു പൂജാരിയായിരുന്നു. നിത്യവും കാലത്തെണീറ്റ് പൂജക്കുള്ള ജലവും പുഷ്പവും പാലും നിവേദ്യങ്ങളും ഇതര പൂജാ സാമഗ്രികളുമൊക്കെ തയ്യാറാക്കി വച്ച ശേഷം കുളിച്ച് വന്നിട്ടാണദ്ദേഹം പൂജ ചെയ്തിരുന്നത്. അങ്ങനെ ഒരു ദിവസം പുജാദ്രവ്യങ്ങളൊരുക്കി വച്ച് സ്‌നാനം കഴിഞ്ഞ് വരുമ്പോള്‍ കണ്ടത് അഭിഷേകത്തിന് തയ്യാറാക്കി വച്ചിരുന്ന പാല്‍ തന്റെ പൂച്ച കുടിക്കുന്നതാണ്. അശുദ്ധമായതിനാല്‍ അന്ന് പാലഭിഷേകം മുടങ്ങി. ഭഗവാനോട് ക്ഷമ പറഞ്ഞു. പിന്നെയടുത്ത ദിവസം മുതല്‍ പൂജാ സാമഗ്രികള്‍ തയ്യാറാക്കി വച്ചതിന് ശേഷം പൂച്ചയെ കുട്ടക്ക് കീഴില്‍ അടച്ചിട്ട ശേഷമാണ് പൂജാരി പൂജ ചെയ്തു വന്നത്. പൂജ പൂര്‍ണമായതിനു ശേഷമേ അദ്ദേഹം പൂച്ചയേ തുറന്നു വിട്ടുള്ളൂ. ദിവസവും ഇത് തുടര്‍ന്നു. കാലമല്പം മുന്നാട്ടു പോയി. അങ്ങനെയിരിക്കെ പൂജാരി പരമപദം പൂകി. അദ്ദേഹത്തിന്റെ മകന്‍ പൂജാകര്‍മ്മങ്ങളേറ്റെടുത്തു. അച്ഛനെപ്പോലെ പതിവുകള്‍ തെറ്റാതെ മകനും രാവിലെ എണീറ്റ് പൂജാസാമഗ്രികള്‍ തയ്യാറാക്കും. പൂച്ചയെ പിടിച്ച് കുട്ടക്ക് കീഴില്‍ അടച്ചിട്ട് സ്‌നാനം കഴിഞ്ഞ് വന്ന് പൂജ ചെയ്യും. അങ്ങനെയിരിക്കെ ഒരു ദിവസം മകനാകെ വേവലാതി പൂണ്ട് പരക്കംപാഞ്ഞു. കാരണം പുജാ വസ്തുക്കളെല്ലാമുണ്ട്. പക്ഷേ പൂച്ചയെ മാത്രം കാണ്മാനില്ല. അവനാകെ പരവശനായി. കുട്ടക്ക് കീഴില്‍ പൂച്ചയെ അടച്ചിടാതെങ്ങനെ പൂജ നടക്കും? അപ്പോഴാണ് അയല്‍വീട്ടില്‍ നിന്നും പൂച്ചയുടെ ശബ്ദം കേട്ടത്. ഉടന്‍ അവിടെത്തി പൂച്ചയെ കടം വാങ്ങി കുട്ടക്ക് കീഴില്‍ അടച്ചു വച്ച് പൂജ നടത്തി. പൂജ മുടങ്ങാതെ നടന്നതില്‍ മകന്‍ ആശ്വാസം കൊണ്ടു.
സത്യത്തില്‍ അച്ഛനെന്തിനാണ് പൂച്ചയെ കുട്ടക്ക് കീഴില്‍ അടച്ചിട്ടത്. മകനെന്താണ് മനസ്സിലാക്കിയത്? ഒരു തലമുറ മാറിയപ്പോള്‍ തന്നെ എത്രവലിയ അന്തരം അല്ലേ? എന്തിനാണച്ഛന്‍ പൂച്ചയെ അടച്ചിട്ടതെന്ന് മനസ്സിലാക്കാന്‍ മകന് സാധിക്കാഞ്ഞതിനാലാണ് ഈ ഭീമമായ അബദ്ധം പിണഞ്ഞത്. തലമുറകള്‍ മാറുമ്പോഴിത് സംഘടനയിലുള്‍പ്പെടെ എവിടേയും സംഭവിക്കാം. ഡോക്ടര്‍ജി ഏതൊരു ഉദ്ദേശ്യത്തോടെയാണ് സംഘമാരംഭിച്ചതെന്ന് ശരിയായ അര്‍ത്ഥത്തില്‍ ശേഷമുള്ള തലമുറകള്‍ക്ക് മനസ്സിലാക്കാനായില്ലെങ്കില്‍ സംഘമതിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചു പോകും. പല തലമുറകള്‍ പിന്നിട്ട് ശതാബ്ദിയിലേക്ക് അടുക്കുന്ന സംഘത്തിന് നാളിതുവരെ പഥഭ്രഷ്ടമാകാതെ ഗമിക്കാന്‍ കരുത്തേകിയത് നിരവധി തലമുറകള്‍ക്ക് ശരിയായ സംഘവീക്ഷണം പകര്‍ന്ന ശാഖയിലെ ബൗദ്ധിക് പദ്ധതികളാണ്. ചുരുക്കത്തില്‍ സംഘത്തെ സംഘമായി നിലനിര്‍ത്തുന്ന, സംഘകാര്യത്തില്‍ അണിചേര്‍ന്നവരെ ആജന്മം സംഘടനയോട് ചേര്‍ത്തുനിര്‍ത്തുന്ന ബൗദ്ധിക് കാര്യപദ്ധതികളുടെ പ്രധാന്യം നമ്മള്‍ നല്ലവണ്ണം ഉള്‍ക്കൊള്ളണം.