ഭാരതമാതാവിന്റെ കാല്‍ക്കല്‍ ശരീരമര്‍പ്പിച്ചുകൊണ്ട് രാഷ്ട്രവൈഭവമെന്ന ലക്ഷ്യത്തിനുവേണ്ടി ശീലമാര്‍ജ്ജിച്ച് നിസ്വാര്‍ത്ഥമായി യത്‌നിക്കുന്നവരുടെ സൃഷ്ടിയാണല്ലോ വ്യക്തിനിര്‍മ്മാണം. ഇതിനെയാണ് നാം സംഘകാര്യമെന്ന് വിളിക്കുന്നതും. ശാഖയിലൂടെയും കളികള്‍ ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ വിവിധ കാര്യപദ്ധതികളിലൂടെയും സംഘത്തെ ജീവിതത്തില്‍ പകര്‍ത്തി സ്വയമൊരു ഉദാഹരണവും ഉത്തമ മാതൃകയുമായി ജീവിക്കുന്ന കാര്യകര്‍ത്താക്കളിലൂടെയാണ് വ്യക്തിനിര്‍മ്മാണം സാധ്യമാവുന്നതെന്ന് മുമ്പെഴുതിയിരുന്നല്ലോ. അതില്‍നിന്നും ഒരു കാര്യം വളരെ വ്യക്തമാണ്. വ്യക്തിനിര്‍മ്മാണത്തിന് രണ്ടു ഭാഗങ്ങളുണ്ട്. രാഷ്ട്രഹിതത്തിന് പ്രാമുഖ്യം നല്‍കി സമര്‍പ്പിതരായി ജീവിക്കുന്ന സദ് വൃത്തരായ വ്യക്തികളെ നിര്‍മ്മിക്കുകയെന്നതാണ് ഒന്നാമത്തെ ഭാഗം. അങ്ങനെ തയ്യാറാക്കുന്ന ഓരോ വ്യക്തികളിലും ലക്ഷ്യപൂര്‍ത്തിക്കായി തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള മനോഭാവം സൃഷ്ടിക്കുകയെന്നതാണ് രണ്ടാമത്തെ ഭാഗം. ഒന്നാമത്തെ ഭാഗം പൂര്‍ണമാകുമ്പോഴാണ് സംഘപ്രാര്‍ത്ഥനയിലെ ആദ്യ ശ്ലോകത്തിലെ ‘പതത്വേഷ കായോ’ എന്ന വരികള്‍ സാര്‍ത്ഥകമാകുന്നത്. രണ്ടാമത്തെ ഭാഗം പൂര്‍ണമാകുമ്പോഴാണ് പ്രാര്‍ത്ഥനയുടെ അവസാന ശ്ലോകത്തില്‍ പറഞ്ഞിട്ടുള്ള ‘വിജേത്രീ ച ന സംഹതാ കാര്യശക്തിര്‍ വിധായാസ്യ ധര്‍മ്മസ്യ സംരക്ഷണം’ എന്ന സംഘശക്തിയുടെ ആധാരത്തില്‍ ധര്‍മ്മത്തെ സംരക്ഷിച്ചു കൊണ്ട് രാഷ്ട്രവൈഭവം നേടിയെടുക്കുമെന്ന വരികള്‍ സാര്‍ത്ഥകമാകുന്നത്. ഇതില്‍ ആദ്യഭാഗം അതായത് കാര്യപദ്ധതികളിലൂടെയും കാര്യകര്‍ത്താക്കളിലൂടെയും വ്യക്തിനിര്‍മ്മാണം സാധ്യമാവുന്നതെങ്ങനെയെന്ന ചിന്തകള്‍ മുന്‍ലക്കങ്ങളില്‍ പങ്കുവച്ചിരുന്നു. ഇനി അങ്ങനെ നിര്‍മ്മിച്ചെടുക്കുന്ന വ്യക്തികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള മനസ്സ് സൃഷ്ടിക്കുന്നതിന് വേണ്ടി ശാഖയില്‍ എന്തൊക്കെ പദ്ധതികളാണുള്ളതെന്ന് ചിന്തിക്കാം.
ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എന്തൊക്കെ വേണമെന്ന ചോദ്യത്തിന് നാം നിരന്തരം ഉരുവിടുന്ന സംഘടനാ മന്ത്രം തന്നെ ഉത്തരം നല്‍കുന്നു. എത്തരത്തിലാണ് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതെന്ന് വളരെ മനോഹരമായി നമ്മോട് സംവദിക്കുന്ന വേദമന്ത്രമാണിത്.
സംഗച്ഛധ്വം സംവദധ്വം സം വോ മനാംസി ജാനതാം
ദേവാഭാഗം യഥാ പൂര്‍വേ സംജാനാനാ ഉപാസതേ
സമാനോ മന്ത്ര: സമിതി: സമാനീ
സമാനം മന: സഹ ചിത്തമേഷാം
സമാനം മന്ത്രമഭിമന്ത്രയേ വ:
സമാനേന വോ ഹവിഷാ ജുഹോമി
സമാനീ വ ആകൂതി: സമാനാ ഹൃദയാനി വ:
സമാനമസ്തു വോ മനോ യഥാ വ: സുസഹാസതി
ഓം ശാന്തി: ശാന്തി ശാന്തി:
അര്‍ത്ഥമിതാണ്, ‘പദത്തോട് പദം ചേര്‍ത്ത് മുന്നേറുക, സ്വരത്തോട് സ്വരം ചേര്‍ത്ത് സംസാരിക്കുക. പൂര്‍വ കാലങ്ങളില്‍ ദേവന്‍മാര്‍ തങ്ങളുടെ ഭാഗങ്ങള്‍ (ഹവിര്‍) നേടിയതുപോലെ സമാന ബുദ്ധിയോടെ പ്രവര്‍ത്തനം ചെയ്യുന്നവര്‍ തങ്ങളുടെ എല്ലാ അഭീഷ്ടങ്ങളും നേടിയെടുക്കുന്നു. ഇവരുടെ മന്ത്രം സമാനമാകുന്നു, മനസ്സ് സമാനമാകുന്നു. സമാന നിശ്ചയത്തിലെത്തിച്ചേരാന്‍ ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നു. നിങ്ങളുടെ സങ്കല്പം സമമാവട്ടെ, നിങ്ങളുടെ ഹൃദയം സമാനമാകട്ടെ. നിങ്ങളുടെ മനസ്സ് സമാനമാകുന്നതിലൂടെ നിങ്ങള്‍ക്ക് പരസ്പരം സഹകരിക്കാനാവട്ടെ’ ഇതാണ് ഒരുമയുടെ മന്ത്രത്തിന്റെ രത്‌നച്ചുരുക്കം.
അക്ഷരങ്ങളെ ചേര്‍ത്താണല്ലോ അര്‍ത്ഥവത്തായ വാചകങ്ങള്‍ ഉണ്ടാക്കുന്നത്. വാചകങ്ങളെ വൃത്തബദ്ധമായി ചേര്‍ത്താല്‍ അത് നല്ലൊരു പദ്യമായി മാറുന്നു. ഇനി രാഗവും താളവും ചേര്‍ത്ത് ശ്രുതിബദ്ധമായി നല്ല ലയത്തോടു കൂടി ആലപിക്കുമ്പോളത് മനോഹരമായൊരു ഗാനമായി മാറുന്നു. ഇതുപോലെ വ്യക്തികളെ ചേര്‍ക്കേണ്ട വിധത്തില്‍ ചേര്‍ക്കുമ്പോഴാണ് സംഘടനയുണ്ടാവുന്നത്. ഗാനത്തിന് രാഗവും താളവും ശ്രുതിയും ലയവുമെല്ലാം ചേര്‍ന്ന് ചാരുത പകരുന്നതു പോലെ സംഘടനക്കും ഉള്‍ക്കരുത്തേകുന്ന ചില ഘടകങ്ങളുണ്ട്. സ്‌നേഹം, പരസ്പരവിശ്വാസം, ഐക്യം, കെട്ടുറപ്പ്, കൂട്ടായ പ്രവര്‍ത്തനം എന്നിവയൊക്കെയാണ് ആ ഘടകങ്ങള്‍. ഇവയെല്ലാം പരസ്പര ബന്ധിതമാണ് താനും. വ്യക്തികള്‍ തമ്മില്‍ നല്ല സ്‌നേഹബന്ധമുണ്ടെങ്കിലേ പരസ്പരവിശ്വാസവും ആദരവുമുണ്ടാകൂ. അതില്‍ നിന്നാണ് ഐക്യമുണ്ടാവുന്നത്. പ്രവര്‍ത്തകരുടെ ഐക്യത്തില്‍ നിന്നാണ് സംഘടനക്ക് കെട്ടുറപ്പുണ്ടാവുന്നത്. കെട്ടുറപ്പുള്ള സംഘടനക്കു മാത്രമേ ലക്ഷ്യത്തിനു വേണ്ടി കൂട്ടായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ഇവയൊക്കെ പരസ്പരബന്ധിതമാണെന്ന് പറഞ്ഞത്. ദേശീയാവബോധവും ശീലശുദ്ധിയുമുള്ള വ്യക്തികളെ നിര്‍മ്മിച്ച് അവരെ സംഘടനയാക്കി മാറ്റണമെങ്കില്‍ വ്യക്തിയില്‍ ഇവയെല്ലാം വളര്‍ത്തിയെടുക്കേണ്ടതായുണ്ടെന്ന് സാരം. അപ്പോള്‍ മാത്രമേ സംഘടനാമന്ത്രത്തില്‍ പറഞ്ഞതു പോലെ മനസ്സുകളും ഹൃദയങ്ങളും സങ്കല്പങ്ങളുമൊന്നായി തീര്‍ന്ന് ഒരുമിച്ച് ചേര്‍ന്ന് ഗമിക്കാനാവുകയുള്ളൂ.
ശാഖയുടെ ഉദ്ദേശ്യം വ്യക്തിയില്‍ പരിവര്‍ത്തനം വരുത്തുക എന്നതാണല്ലോ. അതുകൊണ്ട് കാര്യപദ്ധതികള്‍ നടക്കുമ്പോള്‍ ശാഖയുടെ നടത്തിപ്പിന്റെ ചുമതലയുള്ള എല്ലാ കാര്യകര്‍ത്താക്കളുടേയും ശ്രദ്ധ പ്രത്യേക വ്യക്തിയുടേയും മേലായിരിക്കും. അഖില ഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖ് സുനില്‍ജി രണ്ട് വര്‍ഷം മുമ്പ് പാലക്കാട് നടന്ന സംഘ ശിക്ഷാ വര്‍ഗിലെ സംശയനിവാരണത്തില്‍ ഈ വിഷയം ഭംഗിയായി പ്രതിപാദിച്ചിരുന്നു. സംഘ ശാഖയില്‍ ഫുട്ബാളും ക്രിക്കറ്റും കളിക്കാമോയെന്ന ചോദ്യത്തിനുത്തരം പറയവേയാണ് ഇക്കാര്യം പരാമര്‍ശിച്ചത്. അദ്ദേഹം പറഞ്ഞു ‘ശാഖയില്‍ ഇന്ന കളിയേ കളിക്കാവൂ എന്നൊരിടത്തും പറഞ്ഞിട്ടില്ല. അതേസമയം ശാഖയുടെ ഉദ്ദേശ്യം വ്യക്തമായി പറഞ്ഞിട്ടുണ്ട് താനും. അത് വ്യക്തി നിര്‍മ്മാണമാണ്. അപ്പോള്‍ ആ ഉദ്ദേശത്തെ സഫലമാക്കുന്ന ഏതു കളിയും തിരഞ്ഞെടുക്കാം. കളിയേതായാലും ശാഖയിലത് എത്രനേരം കളിക്കണമെന്ന് തീരുമാനിക്കുന്നത് ശിക്ഷകനാണ്. കളി എത്ര ആവേശത്തില്‍ നിന്നാലും ‘സ്തഭ’ പറഞ്ഞാല്‍ അവിടെ നിര്‍ത്തും. കുറച്ചു നേരം കൂടി എന്ന് പിന്നാരും പറയില്ല. ക്രിക്കറ്റും ഫുട്‌ബോളും കളിക്കുമ്പോഴും ഇത് പ്രാവര്‍ത്തികമാക്കാനാവുമോയെന്ന് പരിശോധിക്കണം. ഇനി കാര്യം പറയാം. ശാഖയിലെ കളികളുടെ പ്രത്യേകത അത് വ്യക്തിയെ കേന്ദ്രമാക്കിയുള്ളതാണ് എന്നതാണ്. അതിനാലെത്ര കടുത്ത മത്സരമാണെങ്കിലും ശ്രദ്ധ വ്യക്തിമേലായിരിക്കും. എന്നാല്‍ ക്രിക്കറ്റിലും, ഫുട്‌ബോളിലുമൊക്കെ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം പന്താണ്. ഇത്തരം കളികളില്‍ പന്തിനെ ആശ്രയിച്ചാണ് വ്യക്തിയോടുള്ള മനോഭാവവും. ക്രിക്കറ്റില്‍ പന്തിനെ അതിര്‍ത്തി കടത്തിയാല്‍ ധോനി കേമനാകും. അടുത്ത കളിയില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായാല്‍ ഇതേയാള്‍ക്കാര്‍ ധോനി മോശമാണെന്ന് പറയുകയും ചെയ്യും. ഫുട്‌ബോളിലും സ്ഥിതിയിതു തന്നെ. ശാഖയിലെ കളികള്‍ ഒരിക്കലും വ്യക്തിയെ ഇകഴ്ത്തുന്നതല്ല. പന്തു കൊണ്ടുള്ള പലതരം കളികള്‍ ശാഖയിലുമുണ്ട്. വ്യത്യാസമെന്തെന്നാല്‍ കാലുമേലാത്തയൊരാള്‍ ശാഖയില്‍ കളിക്കാനുണ്ടെന്ന് കരുതുക. എല്ലാവരുമയാളെ നല്ലവണ്ണം ശ്രദ്ധിക്കും. സ്വന്തം ടീമും എതിര്‍ ടീമും ശ്രദ്ധിക്കും. സൂക്ഷിച്ചേ കളിക്കാവൂയെന്ന് ഇരുകൂട്ടരുമയാളെ ഉപദേശിക്കും. എന്നുമാത്രമല്ല കളിയുടെ ആവേശത്തിലും അയാള്‍ക്ക് ഒരപകടവുമുണ്ടാവാതെ എല്ലാ കണ്ണുകളും അയാള്‍ക്ക് കരുതലേകും. കളിയില്‍ ജയിച്ചാലും പരാജയപ്പെട്ടാലും ശാഖയിലാരും വലുതോ ചെറുതോ ആവുകയില്ല. കാരണം ഇവിടെ ശ്രദ്ധ പന്തിലല്ല, വ്യക്തിയുടെ മേലാണ്. ഇതാണ് ശാഖയിലെ കളികളും മറ്റുകളികളും തമ്മിലുളള വ്യത്യാസം.’ ശാഖയില്‍ വ്യക്തികള്‍ക്ക് എത്ര മാത്രം ശ്രദ്ധയും പ്രാധാന്യവും ലഭിക്കുന്നുണ്ടെന്ന് ഈ ഉത്തരത്തിലൂടെ അദ്ദേഹം വിശദമായി പറയുകയുണ്ടായി.
ഇങ്ങനെ പ്രത്യേക ശ്രദ്ധയേകി വികസിപ്പിച്ചെടുക്കുന്ന വ്യക്തികളെ ചേര്‍ത്ത് സംഘടനയാക്കുമ്പോള്‍ മുമ്പ് സംഘടനാ മന്ത്രത്തില്‍ പറഞ്ഞതു പോലെയുള്ള പൊരുത്തങ്ങളെല്ലാം ഉണ്ടാവണം. ഒത്തൊരുമിച്ച് കാര്യം ചെയ്യുമ്പോള്‍ പൊരുത്തത്തിന്റെ പ്രാധാന്യമെന്താണ്? നമ്മള്‍ വള്ളംകളി മത്സരം കണ്ടിട്ടുണ്ടാവുമല്ലോ. വലിയ വഞ്ചിയില്‍ നിരവധി തുഴക്കാര്‍ മത്സരിച്ച് തുഴഞ്ഞാണ് വിജയം കൈവരിക്കാന്‍ ശ്രമിക്കുന്നത്. ആളെത്രയുണ്ടെങ്കിലും വെറുതേ തുഴഞ്ഞാല്‍ മുന്നേറ്റം സാധ്യമല്ല. മത്സര വള്ളംകളിയില്‍ തുഴയെറിയുന്നത് നാം ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. തുഴക്കാര്‍ പ്രത്യേക താളത്തിനനുസരിച്ച് ഒരുമിച്ച് ഒരേ സമയത്താണ് തുഴയുന്നത്. ഒരേ താളത്തില്‍ ഒരേ വേഗതയില്‍ ഒരുമിച്ച് തുഴയുന്നതില്‍ മികവ് കാട്ടുന്നവരാണ് വള്ളംകളിയില്‍ വിജയിക്കുന്നത്. അവിടെ മനസ്സിനേയും പ്രവൃത്തിയേയും കൂട്ടിയിണക്കുന്നത് വഞ്ചിപ്പാട്ടിന്റെ താളമാണ്. ഇതുപോലെ തന്നെയാണ് വടംവലിയും. നാട്ടില്‍ ഒരോണക്കാലത്ത് വടംവലി മത്സരം നടക്കുകയുണ്ടായി. ഞങ്ങളെല്ലാം കാഴ്ചക്കാരായി ചുറ്റും കൂടി മത്സരം തുടങ്ങും മുമ്പേ വിധിയും നിര്‍ണയിച്ചു. കാരണം ഒരു വശത്ത് നല്ല ഒത്ത തടിയന്‍മാര്‍ അണിനിരന്ന ടീമായിരുന്നു. മറുവശത്ത് വലുപ്പത്തിലും കരുത്തിലും അവരേക്കാള്‍ ചെറിയൊരു സംഘമായിരുന്നു. ആകാരം കണ്ടപ്പോഴേ കാണികളെല്ലാം തടിയന്‍മാരുടെ മുമ്പിലിവര്‍ തോറ്റു തുന്നം പാടുമെന്ന് വിധിയെഴുതി. എന്നാല്‍ മത്സരത്തില്‍ മറിച്ചാണ് സംഭവിച്ചത്. ഇരു സംഘവും വടത്തിന്റെ രണ്ട് ഭാഗത്തും തയ്യാറായി നിന്നു. സൂചന കിട്ടിയതും ചെറിയവരുടെ സംഘം ഉടനടി വടം തോളിലേക്ക് വച്ച് കൈകള്‍ കൊണ്ട് വടം ചുറ്റിപ്പിടിച്ച് എതിര്‍ ദിശയിലേക്ക് തിരിഞ്ഞ് ശരീരം മുന്നോട്ടാഞ്ഞ് വലി തുടങ്ങി. പിന്നെ ഒരേപോലെ ഒരേ സമയത്ത് അല്പാല്പമായി ചെറുപദം വച്ചവര്‍ വടവും വലിച്ച് മുന്നോട്ടു നീങ്ങി. ഒത്തൊരുമിച്ചുള്ള പരിശ്രമത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ തടിയന്‍മാരുടെ സംഘം പരാജയപ്പെട്ടു. ആള്‍ വലുപ്പത്തില്‍ പിന്നിലായിരുന്നിട്ടും അതിലല്ല കാര്യമെന്ന് തെളിയിച്ചു കൊണ്ട് മനസ്സും പ്രവൃത്തിയും പദങ്ങളും തമ്മില്‍ സമ്മേളിപ്പിച്ചവര്‍ വിജയം കൈവരിച്ചു.
സംഘടിച്ച് കാര്യം ചെയ്യുമ്പോള്‍ മനസ്സിന്റെയും പ്രവൃത്തിയുടേയും മേളനം വളരെ പ്രധാനമാണെന്ന് സാരം. ശാഖയില്‍ അതിനു നമ്മെ സജ്ജരാക്കാനുള്ള പദ്ധതികളുമുണ്ട്. സമതയും സഞ്ചലനവും വ്യായാംയോഗുമൊക്കെ വ്യക്തിയില്‍ നിന്നുയര്‍ന്ന് കൂട്ടായി പ്രവര്‍ത്തിക്കേണ്ട മനസ്സുകളെ തയ്യാറാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ്. ആജ്ഞ ലഭിക്കുമ്പോള്‍ എല്ലാവരും ഒരേ സമയത്ത് ഒരുപോലെയാരംഭിച്ച് അംഗതാളത്തിനനുസരിച്ച് ഒരേ വേഗതയില്‍ ചെയ്യേണ്ട പ്രവൃത്തികളാണ് ഇവയെല്ലാം. ഉദാഹരണത്തിന് സഞ്ചലനത്തില്‍ പ്രചല എന്ന ആജ്ഞ നല്‍കി എല്ലാവരേയും ഒരുമിച്ച് ഒരേ ദിശയില്‍ ഒരേയകലത്തില്‍ പദം വച്ച് നടക്കാനും താളം നല്‍കി വേഗത ഒരേപോലെ ക്രമീകരിക്കാനും പരിശീലിപ്പിക്കുന്നു. വരിയും നിരയും തെറ്റാതെ നടക്കാന്‍ പഠിപ്പിക്കുന്നു. സഞ്ചലനം ഭംഗിയാകണമെങ്കില്‍ മനസ്സുകള്‍ തമ്മില്‍ ചേര്‍ന്നേ തീരൂ. വരിയും നിരയും അകലവും പദവുമൊക്കെ തെറ്റാതെ സഞ്ചലനം ചെയ്യണമെങ്കില്‍ ഓരോ വ്യക്തിയും തന്റെ പ്രവൃത്തിയില്‍ മാത്രമല്ല കൂടെയുള്ളവരേയും നിരന്തരം ശ്രദ്ധിക്കേണ്ടതായി വരും. തന്റെ പദവും താളവും വേഗതയും ഒപ്പമുള്ളവരുടെ പദവും താളവുമായി ചേരുന്നുണ്ടേയെന്ന് നിരന്തരം നിരീക്ഷിച്ച് ഉറപ്പു വരുത്തേണ്ടി വരും. മറ്റുള്ളവരേക്കാള്‍ വേഗം തനിക്കുണ്ടെങ്കില്‍ നിര തെറ്റാതിരിക്കാനായി സ്വയം വേഗത കുറക്കേണ്ടി വരും. ഇനി മറ്റുള്ളവരെ അപേക്ഷിച്ച് വേഗത കുറവാണെങ്കില്‍ നിരക്കൊപ്പമെത്താന്‍ സ്വന്തം വേഗത കൂട്ടേണ്ടതായും വരും. ഇതുപോലെ വ്യായാംയോഗും മനസ്സിനേയും പ്രവൃത്തിയേയും താളവുമായി സംയോജിപ്പിക്കുന്നു. ആരെങ്കിലും താളത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ മറ്റുള്ളവര്‍ക്കൊപ്പം ചെയ്യാനാവാതെ വരും. ഒപ്പമെത്താന്‍ വേണ്ടി ഇവിടേയും വേഗത കൂട്ടുകയും കുറക്കുകയും ചെയ്ത് സ്വയം ക്രമീകരിക്കേണ്ടി വരും. ഫലത്തില്‍ ഇത്തരം കാര്യപദ്ധതികള്‍ ശരീരത്തെയും മനസ്സിനേയും യോജിപ്പിച്ച് താളത്തില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സമയം നടന്ന സമതയുടെ അഖില ഭാരതീയ വര്‍ഗില്‍ മുഖ്യശിക്ഷകന്‍ നല്‍കിയ സമാരോപ് സന്ദേശമാണ് മനസ്സില്‍ വരുന്നത്. അദ്ദേഹം പറഞ്ഞു. നാം സമതയില്‍ നൈപുണ്യം നേടിയത് വ്യക്തി നൈപുണ്യം വര്‍ദ്ധിക്കാനായി മാത്രമല്ല. മറിച്ച് ഒരേ ദിശയില്‍ ഒപ്പം നടക്കുന്നവരില്‍ നിന്ന് ഭിന്നമാകാതെ ഒരുമിച്ച് മുന്നേറുന്നതിനു വേണ്ടിയാണ്. സമാജത്തെ ഒപ്പം ചേര്‍ത്തു പോവുക എന്നതാണ് സംഘത്തിന്റെ മൂലമന്ത്രം. ആ മൂലമന്ത്രത്തിന്റെ ഉപാസനയാണ് സമതയിലൂടെ നാം നടത്തിയത്. കൂട്ടായി പ്രവര്‍ത്തിക്കാനുള്ള മനോഭാവം ഈ പരിശീലനത്തിലൂടെ കൈവരുന്നുവെന്ന് സാരം. സംഘസ്ഥാന്റെ നാലതിരിന് പുറത്ത് സമാജത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മനസ്സുകളുടെ യോജിപ്പവിടെ പ്രതിഫലിക്കുന്നു. ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചു ശീലിച്ചവര്‍ ലക്ഷ്യബോധത്തോടെ നീങ്ങുമ്പോള്‍ സംഘടനയുടെ പ്രയാണത്തിന്റെ ഗതിവേഗവും വര്‍ദ്ധിക്കുന്നു. അനായാസം കഠിനതകളെ തരണം ചെയ്യാന്‍ സാധിക്കുന്നു. അതിദ്രുതം സംഘടന വളരുന്നു. സംഗച്ഛധ്വം സംവദധ്വം എന്ന വേദ മന്ത്രത്തിന്റെ ആശയം പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുന്നു.