വ്യക്തിനിര്‍മ്മാണമെന്ന മഹത്തായ സംഘപദ്ധതിയുടെ വിവിധ വശങ്ങളും അവ ഉള്ളില്‍ വരുത്തിയ പരിവര്‍ത്തനത്തിന്റെ ആഴവുമാണല്ലോ നമ്മുടെ ചിന്താവിഷയം. വ്യക്തിനിര്‍മ്മാണത്തിന്റെ പരിണിത ഫലമെന്തായിരിക്കണമെന്ന് ചോദിച്ചാല്‍ സ്വജീവിതത്തില്‍ സംഘകാര്യത്തിന് അഥവാ രാഷ്ട്രകാര്യത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ട് അധികാധികം സമയം നല്‍കി യത്‌നിക്കുന്നവരുടെ സൃഷ്ടിയെന്ന് നിസ്സംശയം ഉത്തരം പറയാം. അങ്ങനെയുള്ളവരെ സംഘത്തില്‍ അഭിസംബോധന ചെയ്യുന്നത് ‘കാര്യകര്‍ത്താവ് ‘ എന്ന പദം കൊണ്ടാണല്ലോ. കാര്യപദ്ധതികളിലൂടെ എങ്ങനെയാണ് വ്യക്തിനിര്‍മ്മാണം സാധ്യമാകുന്നതെന്ന വിചാരമാണ് നമ്മളിതുവരെ ചെയ്തത്. സത്യത്തില്‍ കാര്യപദ്ധതികള്‍ക്ക് ഒറ്റക്ക് അത്ഭുതം സൃഷ്ടിക്കാനുള്ള ശേഷിയൊന്നുമില്ല. ഉദാഹരണത്തിന് ശിലയും ആയുധങ്ങളും പണിശാലയുമുള്ളതുകൊണ്ട് ശില്പമുണ്ടാവില്ലല്ലോ. ആയുധങ്ങള്‍ ശിലയില്‍ പ്രയോഗിച്ച് മനോഹരമായൊരു ശില്പം തീര്‍ക്കാന്‍ ഭാവനാസമ്പന്നനായ ഒരു ശില്പി കൂടി വേണം. ഇതുപോലെയാണ് വ്യക്തിനിര്‍മ്മാണവും. അതായത് സംഘസ്ഥാനും ആളുകളും കാര്യപദ്ധതികളും ഉണ്ടായാല്‍ മാത്രം വ്യക്തിനിര്‍മ്മാണം സാധ്യമാവില്ല. ഒപ്പം കാര്യപദ്ധതികളെ സമര്‍ത്ഥമായി പ്രയോഗിക്കാനുള്ള കെല്പും ദീര്‍ഘവീക്ഷണവും ഉള്ളവരും കൂടി വേണം. ശാഖാ കാര്യപദ്ധതികളെ നല്ല നിലക്ക് നിര്‍വഹിക്കുന്ന ശില്പികളാണ് കാര്യകര്‍ത്താക്കള്‍. അപ്പോള്‍ കാര്യകര്‍ത്താക്കളിലൂടെ തന്നെയാണ് പുതിയ കാര്യകര്‍ത്താക്കള്‍ ഉണ്ടാവുന്നതെന്ന് സാരം. ഇതിനെ കുറിച്ചുള്ള ചില വിചാരങ്ങളും അനുഭവങ്ങളുമാണ് ഇത്തവണ കുറിക്കുന്നത്.
ഏതൊരാശയവും അമൂര്‍ത്തമാണ്. എന്നാല്‍ പലവിധ മാധ്യമങ്ങളിലൂടെ അത് പകര്‍ന്നു നല്‍കാന്‍ സാധിക്കും. ആ മാധ്യമം പുസ്തകമാകാം പ്രസംഗമാകാം പരിശീലനമാകാം കവിതകളോ പാട്ടുകളോ ഒക്കെയാകാം. സ്വാമി വിവേകാനന്ദന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചത് ഭാഷണങ്ങളിലൂടെയായിരുന്നല്ലോ. പ്രവര്‍ത്തകരെ ആശയപ്രബുദ്ധരാക്കാന്‍ ലക്ഷ്യമിട്ട് കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ട്ടി ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത് കണ്ടിട്ടില്ലേ. സംഘത്തിന്റെ ആശയം പകര്‍ന്നു നല്‍കേണ്ടതെങ്ങനെയെന്നുളള വിചാരം തീര്‍ച്ചയായും ഡോക്ടര്‍ജിയുടെ ഉള്ളില്‍ നടന്നിട്ടുണ്ടാവും. എല്ലാ കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും വ്യത്യസ്തവും സവിശേഷവുമായൊരു മാര്‍ഗം തന്നെ അദ്ദേഹം കണ്ടെത്തി. ആശയത്തെ ജീവിതത്തിലാവിഷ്‌ക്കരിച്ച് സ്വയമതിന്റെ ആള്‍രൂപമായി മാറുക എന്നതായിരുന്നു ഡോക്ടര്‍ജി ആശയ പ്രചരണത്തിന് സ്വീകരിച്ച മാര്‍ഗം. സംഘ ആശയത്തെ ജീവിതത്തില്‍ വരിച്ച് രാഷ്ട്രകാര്യത്തിനായി സമ്പൂര്‍ണ്ണ സമര്‍പ്പണം ചെയ്തുകൊണ്ട് സ്വയം ഡോക്ടര്‍ജി ആദ്യത്തെ മാതൃകയായി മാറി. ഒരു സ്വയംസേവകന്‍ എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം ജീവിച്ചു കാട്ടി. പിന്നെയുള്ളത് ചരിത്രം. ഇന്ന് തലമുറകള്‍ ആ ജീവിത മാതൃകയെ പിന്തുടരുന്നു.
ഇതു പറയുമ്പോള്‍ സംഘമെന്താണെന്ന ചോദ്യത്തിന് നമ്മള്‍ നല്‍കാറുള്ള ഒരുത്തരമാണ് മനസ്സിലേക്കോടി വന്നത്. ‘നമുക്ക് മുമ്പേ പ്രവര്‍ത്തിക്കുന്ന സ്വയംസേവകരാണ് നമ്മുടെ മുന്നില്‍ സംഘം’ എന്ന ലളിത സുന്ദരമായ ഉത്തരം. വളരെ അര്‍ത്ഥവത്തായൊരു പ്രയോഗമാണിത്. മുന്‍പൊരിക്കല്‍ സൂചിപ്പിച്ചതു പോലെ ബഹുഭൂരിപക്ഷം സ്വയംസേവകരും സംഘസാഹിത്യങ്ങള്‍ വായിച്ച് അതിലെ ആശയങ്ങള്‍ ഇഷ്ടപ്പെട്ട് ശാഖയിലെത്തിയവരല്ലേയല്ല. ശാഖയിലെത്തിയ ശേഷമാണ് മിക്കവരും സംഘത്തെ അടുത്തറിഞ്ഞിട്ടുള്ളത്. പുസ്തകങ്ങളും പരിശീലന വര്‍ഗുകളുമൊക്കെ സംഘത്തിലുമുണ്ടെങ്കിലും സ്വയംസേവകര്‍ക്ക് ആശയങ്ങള്‍ പകര്‍ന്നു നല്‍കിയത് ജീവിക്കുന്ന ഉദാഹരണങ്ങളായിരുന്നു. കേട്ടറിയലിനോ വായിച്ചറിയലിനോ ഉപരിയായി അതൊരു കണ്ടറിയലായിരുന്നു. സംഘത്തെ കണ്ടറിയല്‍. നമ്മുടെ കണ്‍മുന്നില്‍ ആദര്‍ശത്തിന്റെ ആള്‍രൂപമായി ജീവിക്കുന്ന ഉദാഹരണങ്ങളിലും അവരുടെ മാതൃകാ ജീവിതത്തിലുമാണ് സംഘത്തെ നാം കണ്ടത്. അകത്തുള്ളവര്‍ മാത്രമല്ല സംഘവലയത്തിന് പുറത്തുളളവരും നമ്മെയറിഞ്ഞത് ഇങ്ങനെ തന്നെ. സംഘാശയത്തില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് ജീവിച്ച തന്റെ സഹപ്രവര്‍ത്തകന്റെ സുശീലത്തിലും പെരുമാറ്റ വൈശിഷ്ട്യത്തിലും ആകൃഷ്ടനായാണ് സംഘത്തെയറിഞ്ഞതെന്ന് ആദരണീയനായ റിട്ടയേര്‍ഡ് സുപ്രീംകോടതി ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞതിവിടെ സ്മരണീയം.
കാര്യകര്‍ത്താക്കളില്‍ നിന്ന് കാര്യകര്‍ത്താക്കള്‍ ഉണ്ടാവുന്നത് എങ്ങനെയാണ്? മടിച്ച് മടിച്ച് സംഘസ്ഥാനിലെത്തി കാര്യക്രമങ്ങളിലേര്‍പ്പെട്ട ഞാന്‍ എങ്ങനെയാണ് ഒരു കാര്യകര്‍ത്താവായി തീര്‍ന്നതെന്ന് ആലോചിച്ചു നോക്കിയപ്പോഴാണ് എനിക്കിതിന്റെ ഉത്തരം കിട്ടിയത്. വ്യക്തിനിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന കാര്യകര്‍ത്താവ് മൂന്നു വിധത്തിലാണ് സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുന്നത്. 1) ശാഖാ കാര്യപദ്ധതികളുടെ കൃത്യമായ നിര്‍വഹണത്തില്‍ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തിക്കൊണ്ട്, 2) സ്വയംസേവകരെ തന്റെയൊപ്പം ചേര്‍ത്ത് നിര്‍ത്തി വളര്‍ത്തിയെടുത്തുകൊണ്ട്, 3) സ്വയമൊരു മാതൃകയും ഉത്തമ ഉദാഹരണവുമായി തീര്‍ന്നുകൊണ്ട്. ഓരോ കാര്യവും പരിശോധിക്കുമ്പോള്‍ വിശദീകരണത്തെക്കാള്‍ അനുഭവങ്ങള്‍ പറയുന്നതാണ് കൂടുതല്‍ നന്നെന്നു തോന്നുന്നു.
ഞാന്‍ ശാഖയില്‍ വന്നിട്ട് ഇരുപത് വര്‍ഷമായി. വര്‍ഷം പറയാനൊരു കാരണമുണ്ട്. ശാഖയുടെ കാര്യവാഹായിരുന്നു അന്ന് നവാഗതരായിരുന്ന ഞങ്ങളുടെ മുന്നിലെ സംഘം. ഞങ്ങളെ ചേര്‍ത്തു നിര്‍ത്തി എല്ലാ കാര്യങ്ങളിലും മുമ്പനായി നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം സ്ഥലത്തെ തലമുതിര്‍ന്ന സ്വയംസേവകനായിരുന്നു. ഞങ്ങളുടെ ശാഖ ആരംഭിച്ചപ്പോള്‍ മുതല്‍ക്കേയുള്ള സ്വയംസേവകനായ അദ്ദേഹം പലപ്പോഴായി സംഘത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുമുണ്ട്. അത്ര നല്ല അനുഭവസമ്പത്തുള്ള കാര്യവാഹിന്റെ സാന്നിധ്യത്തില്‍ വളരാന്‍ അവസരം കിട്ടിയെന്ന് സാരം. ശാഖായാത്രയുടെ ഭാഗമായി മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ വരുമ്പോള്‍ മണ്ഡലയിലിരുന്ന് എല്ലാവരും പരിചയപ്പെടും. പേരും ചുമതലയും എന്തുചെയ്യുന്നുവെന്നുള്ള വിവരവും സംഘവയസ്സുമൊക്കെ പറഞ്ഞാണല്ലോ പരിചയപ്പെടുക. ശാഖാകാര്യവാഹ് പരിചയപ്പെടുമ്പോള്‍ ഞങ്ങളെ അതിശയപ്പെടുത്തിയിരുന്നത് അദ്ദേഹത്തിന്റെ സംഘവയസ്സായിരുന്നു. അന്നദ്ദേഹത്തിന് ഇരുപത് വര്‍ഷത്തെ സംഘ പരിചയം ഉണ്ടായിരുന്നു. ഞങ്ങള്‍ മിക്കവരും നാലഞ്ച് മാസത്തെ ശാഖാ പരിചയം മാത്രമുള്ളവര്‍. ശാഖാ കാര്യവാഹിന്റെ സംഘവയസ്സ് കേട്ടപ്പോള്‍ തന്നെ മനസ്സില്‍ ഒരുറച്ച തീരുമാനമെടുത്തിരുന്നു. ഇരുപത് വര്‍ഷത്തെ സംഘപരിചയമുണ്ടെന്ന് ഒരിക്കല്‍ എനിക്കും പറയണം. സത്യത്തില്‍ ദീര്‍ഘകാലം സംഘപ്രവര്‍ത്തനം ചെയ്യണമെന്നുള്ള പ്രേരണ ലഭിച്ചത് ശാഖാ കാര്യവാഹിന്റെ സംഘവയസ്സില്‍ നിന്നായിരുന്നു.
അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ മേല്‍പറഞ്ഞ മൂന്ന് കാര്യങ്ങളിലും ഒരുപാട് നല്ല നല്ല അനുഭവങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒന്നാമതായി ശാഖാ കാര്യത്തിന്റെ നിര്‍വഹണത്തിലെ കണിശതയെ കുറിച്ച് തന്നെ പറയാം. ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ അദ്ദേഹം പുലര്‍ത്തിയിരുന്നു. എല്ലാദിവസവും ശാഖ നടന്നുവെന്ന് പ്രത്യേകം പറയേണ്ട സാഹചര്യം ഒരിക്കലുമുണ്ടാവരുതെന്ന് അദ്ദേഹം പറയുമായിരുന്നു. കാരണം ശാഖയെന്ന ശബ്ദത്തില്‍ തന്നെ നിത്യേന നിയമേനയെന്നത് അന്തര്‍ലീനമാണെന്നും അതിലൊരു വ്യത്യാസവും വരാന്‍ പാടില്ലെന്നും നിരന്തരം ഓര്‍മ്മിപ്പിക്കാനായിരുന്നു അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നത്. ശാഖാ നിഷ്ഠയിലും അദ്ദേഹം നല്ലൊരു മാതൃകയായിരുന്നു. ഞങ്ങളേക്കാള്‍ മുതിര്‍ന്നയാളായിട്ടും കൃത്യസമയത്ത് ശാഖയിലെത്തി സൂര്യനമസ്‌കാരവും കബഡിയുമുള്‍പ്പെടെ എല്ലാ കാര്യക്രമങ്ങളിലും അദ്ദേഹം ഞങ്ങള്‍ക്കൊപ്പം പങ്കാളിയാകുമായിരുന്നു. ഞങ്ങളേക്കാള്‍ പ്രായമുള്ളൊരാള്‍ ഉഷാറായി പതിമൂന്ന് സൂര്യനമസ്‌കാരം ചെയ്യുമ്പോള്‍ മടിച്ചും തളര്‍ന്നും മാറി നില്‍ക്കാന്‍ സാധിക്കില്ലല്ലോ.
ശാഖാ വിസിലിന്റെ സമയം കേട്ട് കൃത്യമായി സമയം പ്രവചിക്കാന്‍ സംഘസ്ഥാന്റെ ചുറ്റുമുള്ള പ്രദേശവാസികള്‍ക്ക് പോലും സാധിക്കണമെന്നും അത്രയ്ക്ക് സമയനിഷ്ഠ നാം പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ബ്ബന്ധമായി പറയുമായിരുന്നു. ആദ്യമൊക്കെ സമയനിഷ്ഠ പാലിക്കാന്‍ നവാഗതരായ ഞങ്ങള്‍ നന്നേ പ്രയാസപ്പെട്ടിരുന്നു. സമയത്താണ് മിക്കവാറും ശാഖയില്‍ ഓടിയെത്തിയിരുന്നത്. ഒരുദിവസം മണ്ഡലയില്‍ ഈ ശീലം മാറ്റാനൊരുപായം ശാഖാകാര്യവാഹ് പറഞ്ഞുതന്നു. സമയം പാലിക്കാനെന്താണ് മാര്‍ഗ്ഗമെന്ന് അദ്ദേഹം ഞങ്ങളോട് ചോദിച്ചു. പലപ്പോഴും സമയം തെറ്റി വരാറുള്ളതിനാല്‍ ഞങ്ങള്‍ ചോദ്യത്തിന് മുമ്പില്‍ മൗനമായിട്ടിരുന്നു. അപ്പോഴദ്ദേഹം ഒരു എളുപ്പവഴി പറഞ്ഞുതന്നു. കൃത്യസമയം പാലിക്കാന്‍ സമയത്തിന് മുന്നേ വരിക. സമയത്തെത്താന്‍ ശ്രമിക്കുമ്പോഴാണ് പലപ്പോഴും അത് പാലിക്കാനാവാതെ വരുന്നത്. സമയത്തിന് മുന്നേയെത്താന്‍ തീരുമാനിച്ചാല്‍ ഒരിക്കലും സമയം തെറ്റുന്ന പ്രശ്‌നമില്ല. ആ ഉപദേശം സ്വീകരിച്ചപ്പോള്‍ സമയം പാലിക്കാന്‍ സാധിച്ചു. ഇത്തരത്തില്‍ ശാഖയിലിടപെട്ട് കുഞ്ഞ് കുഞ്ഞ് തിരുത്തലുകള്‍ അദ്ദേഹം നടത്തുമായിരുന്നു. ശാഖ ആരംഭിക്കും മുന്നേ സംഘസ്ഥാന്‍ വൃത്തിയാക്കാനും ചെരുപ്പും വസ്ത്രങ്ങളുമൊക്കെ അടുക്കി വക്കാനും ധ്വജവും ധ്വജസ്ഥാനവും നന്നായി സൂക്ഷിക്കാനുമൊക്കെ ആദ്യം മുതല്‍ക്കേ അദ്ദേഹം ഞങ്ങളെ ശീലിപ്പിച്ചിരുന്നു. ശാഖാകാര്യകാരി ചേര്‍ന്ന് വരുന്നയാഴ്ച ശാഖയില്‍ നടക്കേണ്ട കാര്യക്രമങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും ശാഖാ പേരേടും ഉപസ്ഥിതി പുസ്തകവും കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കാനും പ്രേരണ നല്‍കി. സംഘത്തെ കുറിച്ച് അറിവ് പകരുന്ന ചെറുസന്ദേശങ്ങള്‍ മിക്ക ദിവസവും മണ്ഡലയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അദ്ദേഹം നല്‍കുമായിരുന്നു. ഇത്തരത്തില്‍ ശാഖാകാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയ കണിശത മൂലമാണ് അന്ന് നന്നായി ശാഖ നടന്നതും അതിലൊരാളായ ഞാനും ഒരു കാര്യകര്‍ത്താവായി തീര്‍ന്നതും.
രണ്ടാമതായി ഒരു നല്ല കാര്യകര്‍ത്താവ് സ്വയംസേവകരെ ഒപ്പം ചേര്‍ത്തു നിര്‍ത്തി വളര്‍ത്തിയെടുക്കണമെന്നാണല്ലോ പറഞ്ഞത്. ഉത്തമനായ ഒരു കാര്യകര്‍ത്താവ് സംഘസ്ഥാനില്‍ മാത്രമല്ല സ്വയംസേവകരെ ശ്രദ്ധിക്കേണ്ടത്. അനൗപചാരിക വേളകളിലെ ബന്ധങ്ങളിലൂടെയാണ് സ്വയംസേവകന്‍ കാര്യകര്‍ത്താവായി രൂപപ്പെടുന്നതെന്ന് നമ്മള്‍ പറയാറില്ലേ. അത് നൂറ് ശതമാനം സത്യമാണ്. ഇക്കാര്യത്തിലും ഞങ്ങളുടെ ശാഖാ കാര്യവാഹ് നല്ലൊരു മാതൃകയായിരുന്നു. ശാഖയില്‍ നിന്നും സ്വയംസേവകന്‍ നേടിയ സദ്ഗുണങ്ങള്‍ സംഘസ്ഥാന്റെ പുറത്ത് അവന്റെ ജീവിതത്തില്‍ പ്രതിഫലിക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയും കുറവുകള്‍ യഥാസമയം പരിഹരിച്ചു പോവുകയും വേണം. അതിന് അനൗപചാരികമായ ബന്ധം അനിവാര്യമാണ്. അത്തരമൊരു സൂക്ഷ്മമായ ശ്രദ്ധ എന്റെമേല്‍ അദ്ദേഹം വച്ചിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന വേളയില്‍ സംഘകാര്യത്തില്‍ ഉഷാറെങ്കിലും പഠനകാര്യത്തില്‍ പലപ്പോഴും ഞാന്‍ ഉദാസീനനായിരുന്നു. അത് മനസ്സിലാക്കിയ അദ്ദേഹം സ്വയംസേവകര്‍ വിദ്യാസമ്പന്നരാവേണ്ടതിന്റെ ആവശ്യകത എന്നെ ബോധ്യപ്പെടുത്തി. സംഘസ്ഥാപകന്‍ ഡോക്ടര്‍ ബിരുദമുളള ആളായിരുന്നെന്നും ഗുരുജിയൊരു പ്രഗത്ഭനായ അധ്യാപകനായിരുന്നുവെന്നും ഭാവുറാവുജി മെഡലോടെയാണ് ബിരുദം പൂര്‍ത്തിയാക്കിയതെന്നും പറഞ്ഞുകൊണ്ട് സംഘചുമതലക്കാരെല്ലാം ഉന്നതവിദ്യാഭ്യാസം നേടിയവരാണെന്നും അതുകൊണ്ടാണ് സംഘത്തിന് സമൂഹത്തില്‍ ആദരവും അംഗീകാരവും ലഭിക്കുന്നതെന്നും ഓര്‍മ്മിപ്പിച്ചു. നമ്മുടെ സ്ഥലത്ത് സംഘത്തെ എങ്ങനെ സമാജം കാണണമെന്ന് ആഗ്രഹിക്കുന്നുവോ അതിനനുസൃതമായി നമ്മള്‍ സ്വയം ഉയരണമെന്ന് പറഞ്ഞപ്പോള്‍ എന്റെ കണ്ണ് തുറന്നു. പഠനവും സംഘകാര്യം തന്നെയാണെന്ന ബോധ്യം അങ്ങനെയാണ് എനിക്ക് ലഭിച്ചത്.
പഠനകാലം കഴിഞ്ഞപ്പോള്‍ നാട്ടില്‍ തന്നെ തുടര്‍ന്ന് സംഘ പ്രവര്‍ത്തനം തടസ്സമില്ലാതെ ചെയ്യാന്‍ സാധിക്കുന്ന ഒരു തൊഴില്‍ കണ്ടെത്താനും അദ്ദേഹം പ്രേരിപ്പിച്ചു. സംഘദൃഷ്ടിയോടെ കാര്യാലയത്തിലും മറ്റിടങ്ങളില്‍ നടക്കുന്ന വിവിധ കാര്യക്രമങ്ങളിലുമൊക്കെ എന്നെയും കൂട്ടിക്കൊണ്ടു പോകുമായിരുന്നു. ചെറുകോല്‍പ്പുഴ ഹിന്ദുസമ്മേളനത്തില്‍ പരമേശ്വര്‍ജിയുടെ ഭാഷണം കേള്‍ക്കാന്‍ കൊണ്ടുപോയതൊക്കെ ഓര്‍മ്മവരുന്നു. പോകുന്ന വഴിയാകട്ടെ സംഘസംബന്ധിയായ ഒരുപാട് അനുഭവങ്ങളും അറിവുകളും പങ്കുവെക്കുമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ജ്യേഷ്ഠ കാര്യകര്‍ത്താക്കള്‍ വരുമ്പോള്‍ എന്നേയും വിളിക്കുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും താമസിക്കാനുമൊക്കെ അവസരമൊരുക്കുകയും ചെയ്യുമായിരുന്നു. പേരും ശാഖാ ചുമതലയുമൊക്കെ പറഞ്ഞ് മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ക്ക് എന്നെ പരിചയപ്പെടുത്തിയിരുന്നതും അദ്ദേഹം തന്നെയായിരുന്നു. പുസ്തകം വായിക്കാനും അദ്ദേഹം തന്നെയാണ് ശീലിപ്പിച്ചത്. ആഗമാനന്ദ സ്വാമിയുടെ പ്രസംഗങ്ങളാണ് ആദ്യമായി എനിക്ക് വായിക്കാന്‍ നല്‍കിയത്. അത് വായിച്ച് താല്പര്യം വന്നപ്പോള്‍ ഇനി ഞാനുണരട്ടെ, അമ്മയുടെ കാല്‍ക്കല്‍, സങ്കല്പം കര്‍മ്മപഥത്തില്‍ എന്നിങ്ങനെ പുസ്തകങ്ങള്‍ തുടരെ നല്‍കി. അങ്ങനെ പതുക്കെ എന്നില്‍ വായനാശീലം വളര്‍ത്തിയെടുത്ത് സംഘാശയങ്ങളോടുള്ള താല്പര്യം വളര്‍ത്തി. ഇങ്ങനെ ചെറുതും വലുതുമായ എത്രയെത്ര കാര്യങ്ങള്‍. അന്ന് ഇതിന്റെയൊന്നും ഉദ്ദേശ്യം എനിക്ക് മനസ്സിലായിരുന്നില്ല. ഇന്നൊരു കാര്യകര്‍ത്താവെന്ന നിലയില്‍ തിരിഞ്ഞ് നോക്കുമ്പോഴാണ് അദ്ദേഹം ഇതൊക്കെ ചെയ്തതെന്തിനെന്ന് തിരിച്ചറിഞ്ഞത്.
മൂന്നാമതായി പറഞ്ഞത് കാര്യകര്‍ത്താവ് സ്വയം മാതൃകയും ഉദാഹരണവുമായി തീരണമെന്നാണല്ലോ. ശാഖയിലെത്തുന്ന ഓരോ സ്വയംസേവകനും എങ്ങനെയായി തീരണമെന്ന ബോധ്യം കാര്യകര്‍ത്താക്കളുടെ ജീവിതത്തില്‍ നിന്നു ലഭിക്കണം. ആ നിലക്ക് നോക്കുമ്പോഴും അന്നത്തെ ശാഖാ കാര്യവാഹ് ഇന്നും നല്ലൊരു മാതൃകയാണ്. ഇന്ന് അദ്ദേഹത്തിന് ചുമതലയില്ലെങ്കിലും ശാഖയിലും സംഘകാര്യത്തിലും സദാ സക്രിയനാണ്. ഒരു വ്യത്യാസം മാത്രം. ശാഖയിലെത്തിയപ്പോള്‍ അദ്ദേഹത്തെ പോലെ ഇരുപത് വര്‍ഷം സംഘത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ച എന്റെ മുമ്പില്‍ ഇപ്പോള്‍ നാല്‍പ്പത് വര്‍ഷമാണ് പുതുതായി അദ്ദേഹം വച്ചിരിക്കുന്നതെന്ന് മാത്രം. നമുക്ക് മുമ്പേ പ്രവര്‍ത്തിക്കുന്നവരാണ് നമ്മുടെ മുന്നിലെ സംഘം എന്ന വാചകം എത്ര വലിയ സത്യമാണെന്ന് ഇത് എന്നോട് പറയുന്നു. കാലപ്രയാണത്തില്‍ ഇന്ന് എന്നെയും സംഘമായി കാണുന്നവരുണ്ടാകുമെന്ന തിരിച്ചറിവും ഉത്തരവാദിത്തബോധവും കൂടി ഈ വിചാരം എനിക്ക് പകര്‍ന്നു നല്‍കുന്നു.