സംഘത്തിന്റെ കെട്ടുറപ്പിന് കരുത്തുപകരുന്ന കുടുംബ ഭാവനയെ കുറിച്ച് മുന്‍പെഴുതിയിരുന്നല്ലോ. കുടുംബത്തെ നമ്മള്‍, കൂടുമ്പോള്‍ ഇമ്പമുള്ളതെന്ന് വിശേഷിപ്പിക്കാറുണ്ട്. അതിന്റെയര്‍ത്ഥം കൂടുകയെന്നത് പരമപ്രധാനമാണ് എന്നാണ്. എന്തെന്നാല്‍ കുടുംബഭാവന വളരാനും അത് ദൃഢമാകാനും ഒരുമിച്ച് കൂടേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഒന്നിച്ചുകൂടാന്‍ പറ്റുന്ന ഒരവസരവും സംഘത്തില്‍ നാം പാഴാക്കാറില്ല. ശാഖക്ക് പുറമേ നല്ല ആസൂത്രണത്തോടു കൂടി മറ്റുപല പ്രകാരത്തിലുമുള്ള ഒന്നിച്ചുചേരലുകളും സംഘത്തില്‍ നടക്കാറുണ്ട്. ഇതിലേക്ക് ശാഖയോടൊപ്പം ക്രമമായി നടക്കുന്ന മറ്റൊരു വലിയ കര്‍മ്മപദ്ധതി തന്നെ നമുക്കുണ്ട്. ഉപക്രമം എന്നാണതിന് നമ്മള്‍ നല്‍കിയിട്ടുള്ള പേര്. ഉപക്രമങ്ങള്‍ പൊതുവേ രണ്ട് വിധത്തില്‍ ആസൂത്രണം ചെയ്യാറുണ്ട്. സമാജ കേന്ദ്രിതമായും സംഘടനാ കേന്ദ്രിതമായും. സംഘടനാ കേന്ദ്രിതമായി നടക്കുന്ന ഉപക്രമങ്ങളുടെയെല്ലാം ലക്ഷ്യം വ്യക്തിനിര്‍മ്മാണമാണ്. ചന്ദന്‍, സഹഭോജന്‍ സഹല്‍, ശിബിരം തുടങ്ങി വിവിധങ്ങളായ ഉപക്രമങ്ങള്‍ വ്യക്തിനിര്‍മ്മാണം ലക്ഷ്യമിട്ട് നാം നടത്താറുണ്ട്. ഇതുസംബന്ധമായ എളിയ ചിന്തകള്‍ പങ്കുവെക്കട്ടെ.
എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ച ഒരു ശാഖാ അനുഭവമുണ്ട്. ഒരു ദിവസം ശാഖാകാര്യവാഹ് ഞങ്ങളെയെല്ലാവരേയും ഒരുമിച്ച് വിളിച്ച് പിറ്റേന്ന് രാത്രി ശാഖക്ക് ശേഷം നമ്മള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടാണ് പിരിയുകയെന്നും ഓരോരുത്തരും തങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടുവരണമെന്നും പറഞ്ഞു. അതുപ്രകാരം ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടപ്പെട്ട ആഹാരം വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്നു. കാര്യക്രമത്തിന് മുന്നേ ഭക്ഷണപ്പൊതികളെല്ലാം ഒരുമിച്ച് ശേഖരിച്ചുവച്ചു. തുടര്‍ന്നെല്ലാവരും ഒരു മണിക്കൂര്‍ ഉഷാറായി വിവിധ കളികള്‍ കളിച്ചു. ഗണഗീതം പാടി, പ്രാര്‍ത്ഥന ചൊല്ലിയ ശേഷം എല്ലാവരും വട്ടത്തിലിരുന്നു. മുഖ്യശിക്ഷകന്‍ എല്ലാവര്‍ക്കും ആഹാരപ്പൊതികള്‍ വിതരണം ചെയ്തു. ഒരോരുത്തര്‍ക്കും ലഭിച്ചത് കൂട്ടത്തിലെ മറ്റൊരാള്‍ ഇഷ്ടത്തോടെ തയ്യാറാക്കി വന്ന ഭക്ഷണമാണെന്നു മാത്രം. പക്ഷേ എല്ലാ പൊതികളും പങ്കുവക്കപ്പെട്ടു. ഇഡലിയും ചപ്പാത്തിയും മസാല ദോശയും ചേമ്പ് പുഴുങ്ങിയതും കുമ്പിളപ്പവുമൊക്കെയുള്ള വിവിധ പൊതികള്‍ പരസ്പരം പങ്കിട്ട് കഴിച്ച് എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു. സഹഭോജന്‍ എന്ന കാര്യക്രമമാണ് അന്ന് സംഘടിപ്പിച്ചതെന്ന് പില്‍കാലത്താണ് മനസ്സിലായത്.
മറ്റൊരിക്കല്‍ ഈ രീതിയിലല്ലെങ്കിലും അല്പമൊരു വ്യത്യാസത്തോടെ നടന്ന മറ്റൊരു കാര്യക്രമവും മനസ്സിലിന്നും മായാതെ കിടപ്പുണ്ട്. ഇത്തവണ എല്ലാവരും ഒന്നിച്ചു കൂടിയത് ‘ചന്ദന്‍’ എന്നപേരുളള കാര്യക്രമത്തിനു വേണ്ടിയിട്ടായിരുന്നു. പൗര്‍ണമി രാവിലാണ് ചന്ദന്‍ പരിപാടി സംഘടിപ്പിക്കുന്നത്. അങ്ങനെയൊരു നിലാവുള്ള രാത്രിയില്‍ സ്വയംസേവകരെല്ലാവരും ഒരു മൈതാനത്ത് ഒന്നിച്ചു കൂടി. എല്ലാവരും ചേര്‍ന്ന് ഉഷാറായി കബഡിയൊക്കെ കളിച്ചു. ശേഷം കൈകൊട്ടി താളമിട്ട് ഗണഗീതമൊക്കെ പാടിക്കൊണ്ട് കുറേനേരം ചെലവഴിച്ചു. അവസാനം പ്രാര്‍ത്ഥന ചൊല്ലിക്കഴിഞ്ഞ ശേഷം ഒരുമിച്ച് തയ്യാറാക്കിയ ഭക്ഷണം എല്ലാവരും ചേര്‍ന്ന് പങ്കിട്ടുകഴിച്ചു. ‘ചന്ദന്‍’ കാര്യക്രമവും മനസ്സിന് നല്‍കിയ സന്തോഷം അനിര്‍വചനീയമായിരുന്നു.
ഇതേപോലെ മനസ്സിനെ സ്പര്‍ശിച്ച മറ്റൊരു കാര്യക്രമമായിരുന്നു സ്വയംസേവകരൊന്നിച്ച് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലേക്ക് നടത്തിയ യാത്ര. മുതിര്‍ന്ന കാര്യകര്‍ത്താക്കളോടൊപ്പം ഒരു ദിവസമവിടെ തങ്ങി അവരില്‍ നിന്നും സ്വാമി വിവേകാനന്ദനെ കുറിച്ച് കൂടുതലറിഞ്ഞ് കന്യാകുമാരിയിലെ മനോഹരമായ ശ്രീപാദപ്പാറയും വിവേകാനന്ദ സ്മാരകവുമൊക്കെ കണ്‍നിറയെ ദര്‍ശിച്ച് സാഗരസംഗമം പോലെ സ്വയംസേവകര്‍ ഒന്നുചേര്‍ന്നൊരു യാത്ര. ഒരുമിച്ച് ഭക്ഷണമൊക്കെ തയ്യാറാക്കി കളിചിരികള്‍ക്കൊപ്പം ഒട്ടേറെ പ്രേരണാദായകമായ അറിവുകള്‍ കൂടി പകര്‍ന്നു കിട്ടിയ ഇത്തരം യാത്രക്കും സംഘത്തില്‍ ഒരു പേരുണ്ട്. സഹല്‍ എന്നപേരിലാണ് സംഘത്തില്‍ ഇത്തരം കാര്യക്രമങ്ങള്‍ സംഘടിപ്പിക്കുന്നത്.
മനസ്സിനെ സ്പര്‍ശിച്ച മറ്റൊരു കാര്യക്രമം ഒരുമിച്ചുള്ള താമസമാണ്. നിവാസി വര്‍ഗും ശിബിരവും കാര്യകര്‍ത്താക്കളുടെ യാത്രയോടൊപ്പം നടക്കുന്ന നിവാസവുമൊക്കെ ഒരുമിച്ച് താമസിക്കാന്‍ അവസരമൊരുക്കുന്ന സംഘത്തിലെ വിവിധങ്ങളായ പദ്ധതികളാണ്. മുന്‍നിശ്ചയിക്കപ്പെട്ട കാര്യപദ്ധതികളൊക്കെ ഉണ്ടാവുമെങ്കിലും ശിബിരത്തില്‍ ധാരാളം സമയം അനൗപചാരിക സല്ലാപങ്ങള്‍ക്ക് ലഭിക്കും. മാത്രമല്ല ശിബിരത്തില്‍ കുളിയും ഭക്ഷണവും ഉറക്കവുമെല്ലാം ഒരുമിച്ച് തന്നെ. ശിബിരത്തില്‍ പ്രബന്ധകനായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന അനുഭവങ്ങളും ഒരുപാടുണ്ട്. അത്തരം അനുഭവങ്ങള്‍ സ്വയംസേവകരുടെ ജീവിതത്തില്‍ വരുത്തിയ പരിവര്‍ത്തനം വളരെ വലുതാണ്. നിവാസി വര്‍ഗെന്ന് കേള്‍ക്കുമ്പോഴേ പൊതിച്ചോറാണ് മനസ്സിലേക്കാദ്യം വരുന്നത്. വീടുകളില്‍ നിന്നും അമ്മമാര്‍ സ്‌നേഹത്തോടെ നല്‍കുന്ന ഭക്ഷണപ്പൊതികളാണ് സ്വയംസേവകര്‍ നിവാസി വര്‍ഗുകളില്‍ മിക്കപ്പോഴും പങ്കിട്ട് കഴിക്കുന്നത്. വീടുകളില്‍ വന്ന് താമസിക്കുന്ന കാര്യകര്‍ത്താക്കള്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ നല്‍കിയ പ്രേരണയും ഒട്ടും ചെറുതല്ല.
എന്തിനാണിത്തരം കാര്യക്രമങ്ങള്‍? ഒരുമിച്ചു കളിച്ച്, ഒന്നിച്ച് ഭക്ഷണം പങ്കിട്ട് കഴിച്ച് ഒന്നിച്ചുറങ്ങുമ്പോള്‍ ഉണ്ടാകുന്ന ആത്മബന്ധം എത്രവലുതാണെന്നോ? സഹഭോജനിലൂടെ തങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ടത് ഒപ്പമുള്ളയാള്‍ക്ക് പങ്കിടാനുള്ള മനോഭാവം മാത്രമല്ല വളരുന്നത്. അതിനൊപ്പം സമാജമനസ്സില്‍ ഇന്നും നിലനില്‍ക്കുന്ന പല ഭേദവ്യത്യാസങ്ങളുടേയും മതിലുകളെ ഭേദിക്കാന്‍ തക്ക വിശാലമായ മനസ്സും ഹൃദയവും ഇത്തരം കാര്യക്രമങ്ങളില്‍ പങ്കെടുക്കുന്ന സ്വയംസേവകരില്‍ രൂപപ്പെടുന്നു. തങ്ങള്‍ കഴിക്കുന്ന ഭക്ഷണം ആരാണ് പാചകം ചെയ്തതെന്നോ ഏത് ഗൃഹത്തിലാണത് തയ്യാറാക്കിയതെന്നോ പോലുമറിയാതെ ഒരുമിച്ച് ഭക്ഷണം പങ്കിടുമ്പോള്‍ അത് ആസ്വദിച്ച് കഴിക്കുമ്പോള്‍ ഇങ്ങനെയൊരുപാട് പരിവര്‍ത്തനങ്ങള്‍ നാമറിയാതെ നിശബ്ദമായി സംഭവിക്കുന്നു. സംഘത്തിന്റെ ശിബിരത്തില്‍ ശുചീകരണ വൃത്തിയും അടുക്കളപ്പണിയും ഇസ്തിരിയിടലും തുടങ്ങി തോട്ടിപ്പണി വരെ സ്വയംസേവകര്‍ മടികൂടാതെ ചെയ്യുന്നു. അതിനാല്‍ അത്തരം ജോലികള്‍ ചെയ്യുന്നവരെയൊക്കെ സമൂഹത്തില്‍ പലരും അകറ്റിനിര്‍ത്തുമ്പോഴും അവരെ ചേര്‍ത്തു പിടിക്കാന്‍ സ്വയംസേവക മനസ്സിന് യാതൊരു മടിയുമില്ല. അതിന് കാരണം ഇത്തരം ഉപക്രമങ്ങളിലൂടെ നമ്മള്‍ പാകപ്പെടുന്നതു കൊണ്ടാണ്. രസകരമായ മറ്റൊരു കാര്യമെന്തെന്നാല്‍ കമ്മ്യൂണിസ്റ്റ് ദുഷ്പ്രചരണങ്ങള്‍ മനസ്സില്‍ കേട്ടുപതിഞ്ഞ സമയത്താണ് സംഘത്തിന്റെ ഭാഗമാകുന്നത്. സവര്‍ണ സംഘടന എന്ന ആരോപണം അവര്‍ നിരന്തരം സംഘത്തിന് നേര്‍ക്ക് ഉന്നയിച്ചിരുന്നു. സംഘ ശിബിരങ്ങളില്‍ പങ്കെടുത്തപ്പോഴാണ് അതെത്ര വലിയ അസംബന്ധമാണെന്ന് അനുഭവിച്ചറിഞ്ഞത്. അവിടെ സ്വയംസേവകര്‍ പരസ്പരം വര്‍ണമറിയാതെയും അറിയാനൊട്ട് ആഗ്രഹിക്കാതെയും ചേര്‍ന്ന് ദിവസങ്ങളോളം ജീവിക്കുന്നത് കണ്ടപ്പോള്‍ വലിയ അതിശയമായിരുന്നു. അന്നൊരു ശിബിരത്തില്‍ അടുക്കളയില്‍ പ്രബന്ധകനായി പ്രവര്‍ത്തിക്കവേ കണ്ട ഒരു കാഴ്ചയെന്നെ വല്ലാതെ ആകര്‍ഷിച്ചു. അത്താഴത്തിന് ശേഷം അടുക്കളയില്‍ എച്ചില്‍ പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കവേ രണ്ട് സ്വയംസേവകരെത്തി. അവര്‍ സഹോദരങ്ങളായിരുന്നു. ഇട്ടിരുന്ന വസ്ത്രം അഴുക്ക് പുരളാതെ ഊരിവച്ച് അവര്‍ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാന്‍ ഒപ്പം കൂടി. ആര് ഭക്ഷിച്ചതാണെന്ന് പോലുമറിയാത്ത എച്ചില്‍ പാത്രങ്ങളെടുത്ത് കഴുകി വൃത്തിയാക്കിക്കൊണ്ടിരുന്ന ഇരുവരുടേയും മാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശത്രുതയോടെ പ്രചരിപ്പിക്കുന്ന സവര്‍ണ ചിഹ്നം ഒട്ടിപ്പിടിച്ച് കിടപ്പുണ്ടായിരുന്നു. മുമ്പൊരു കെട്ടകാലത്ത് തീണ്ടലും തൊടീലുമൊക്കെ വച്ചു പുലര്‍ത്തിയിരുന്ന ഒരു സമൂഹത്തിലേക്ക് സംഘം വേരോടിയപ്പോള്‍ അവരുടെ പിന്‍തലമുറയില്‍ വന്ന മാറ്റമിതാണെന്ന് കണ്ണുകളെന്നോട് പറയുന്നുണ്ടായിരുന്നു. സംഘം നിശ്ശബ്ദമായി പരിവര്‍ത്തനം വരുത്തിയതിങ്ങനെയായിരുന്നു.
എന്തിനാണ് സംഘം സ്വയംസേവകരില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നത്? ഒരുമണിക്കൂര്‍ ശാഖയെക്കുറിച്ചുള്ള വിചാരമാണല്ലോ നാളിതുവരെ നടത്തിയത്. ഇതിനുള്ള ഉത്തരവും ശാഖ തന്നെ നല്‍കുന്നുണ്ട്. ശാഖ അവസാനിക്കുന്നത് മുഖ്യശിക്ഷകന്‍ സ്വയംസേവകര്‍ക്ക് ‘വികിര’ എന്ന ആജ്ഞ നല്‍കിക്കൊണ്ടാണ്. ആചാര്‍ വിഭാഗിലെ അവസാന ആജ്ഞയാണ് ‘വികിര’. ഈ ആജ്ഞ ലഭിക്കുമ്പോള്‍ ശാഖയിലുള്ള എല്ലാ സ്വയംസേവകരും വലത്തേക്ക് തിരിഞ്ഞ് പ്രണാമം ചെയ്യുന്നു. സംഘത്തില്‍ എല്ലാ കാര്യവും ഒരുമിച്ചാണല്ലോ ചെയ്യുന്നത്. അതുപോലെ പിരിയുന്നതിനും ഒരേപോലുള്ളൊരു പദ്ധതി എന്നതിനപ്പുറം തിരിഞ്ഞ് പ്രണാമം ചെയ്യുന്നതിന് വലിയ പ്രാധാന്യമില്ലെങ്കിലും പിരിഞ്ഞു കഴിഞ്ഞാല്‍ എന്തുചെയ്യണമെന്ന വലിയൊരു സന്ദേശം നമുക്ക് നല്‍കാന്‍ ‘വികിര’ എന്ന ശബ്ദം ശ്രമിക്കുന്നുണ്ട്. എന്താണാ സന്ദേശം?
വികിരണം എന്ന ശബ്ദം സൂര്യനുമായി ബന്ധപ്പെട്ടതാണ്. സൂര്യന്‍ തന്റെ ഊര്‍ജം പ്രപഞ്ചത്തിന് മുഴുവന്‍ കൈമാറുന്നത് വികിരണത്തിലൂടെയാണ്. ഭേദമൊട്ടും കൂടാതെ നാലുപാടേക്കും തുല്യമായാണ് വികിരണത്തിലൂടെ സൂര്യരശ്മികള്‍ ഊര്‍ജ്ജം പ്രസരിപ്പിക്കുന്നത്. സ്വയംസേവകന്‍ ശാഖയിലൂടെ ഉള്ളില്‍ ആര്‍ജിക്കുന്ന ഗുണങ്ങളെ, ശീലത്തെ, ചാരിത്ര്യത്തെ, ദേശഭക്തിയെ തന്റെയുള്ളില്‍ മാത്രം ഒതുക്കേണ്ടതല്ലെന്നും അത് സൂര്യകിരണങ്ങളെപ്പോലെ സമാജമെമ്പാടും കൈമാറണമെന്നും സംഘം പ്രതീക്ഷിക്കുന്നു. ‘വികിര’ എന്ന ആജ്ഞ പ്രതിഫലിപ്പിക്കുന്നത് ആ പ്രതീക്ഷയെയാണ്. സംഘസ്ഥാനില്‍ നിന്നും പിരിയുന്നവര്‍ സമ്പൂര്‍ണ്ണ സമാജത്തിലേക്കും കടന്നുചെന്ന്, തങ്ങള്‍ കൈവരിച്ച നന്മകള്‍ പ്രസരണം ചെയ്ത് അവരെ രാഷ്ട്രകാര്യത്തിന് സജജരാക്കണമെന്ന സങ്കല്പത്തോടെയാണ് സംഘം ഓരോ സ്വയംസേവകനിലും ശാഖയിലൂടെയും അനൗപചാരികങ്ങള്‍ വഴിയും ഉപക്രമങ്ങളിലൂടെയും, മാതൃകകളേയും ഉദാഹരണങ്ങളേയും മുന്നില്‍ വച്ചുമൊക്കെ പരിവര്‍ത്തനം സൃഷ്ടിക്കുന്നത്, അഥവാ വ്യക്തി നിര്‍മ്മാണം നടത്തുന്നത്.
പരംപൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് 2012 ല്‍ നാഗപൂരില്‍ നടന്ന തൃതീയ വര്‍ഷ സംഘ ശിക്ഷാ വര്‍ഗ്ഗിന്റെ സമാരോപില്‍ ‘വികിര’യുടെ സന്ദേശം അര്‍ത്ഥവത്തായി ഒരുദാഹരണത്തിലൂടെ വിവരിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു ‘ഒരിക്കല്‍ ഒരു സന്യാസി തന്റെ ശിഷ്യന്‍മാരോടൊപ്പം ധര്‍മ്മം ചോദിച്ച് ഒരു ഗ്രാമത്തിലെത്തി. ആ ഗ്രാമവാസികള്‍ ദുര്‍വൃത്തരായിരുന്നു. അവര്‍ ഗ്രാമത്തിലെത്തിയ ഭിക്ഷാംദേഹികളെ കണ്ട് ചുറ്റും കൂടിയവരെ ആക്ഷേപിക്കാന്‍ തുടങ്ങി. മുന്നോട്ടു പോകും തോറും കൂടുതലാളുകള്‍ കൂട്ടം ചേര്‍ന്ന് സന്യാസി സംഘത്തിന്റെ വസ്ത്രത്തില്‍ പിടിച്ചു വലിക്കാനും, ആക്രമിക്കാനുമൊക്കെ തുനിഞ്ഞു. ശിഷ്യന്‍മാര്‍ ഒരു വിധത്തില്‍ ഗുരുവിനെ രക്ഷിച്ച് ആ ഗ്രാമത്തിന് പുറത്തെത്തിച്ചു. ഗ്രാമാതിര്‍ത്തിയിലെത്തിയപ്പോള്‍ ഗുരു ഇരുകൈകളും ഉയര്‍ത്തി ‘നിങ്ങള്‍ എല്ലാക്കാലത്തും ഈ ഗ്രാമത്തില്‍ തന്നെ സന്തോഷത്തോടെ സുഖമായി വസിക്കട്ടെ’ എന്നവരെ അനുഗ്രഹിച്ചു. ശിഷ്യന്‍മാര്‍ക്ക് വലിയ അത്ഭുതമായി. ഇത്ര മോശമായി പെരുമാറിയവര്‍ക്ക് പോലും എത്ര വലിയ ആശീര്‍വാദമാണ് ഗുരു നല്‍കിയത്…!
സന്യാസി സംഘം യാത്ര തുടര്‍ന്നു. സഞ്ചരിച്ച് സഞ്ചരിച്ച് മറ്റൊരു ഗ്രാമത്തില്‍ അവരെത്തി. ആ ഗ്രാമവാസികള്‍ വളരെ നല്ലവരായിരുന്നു. ഒരു സന്യാസി ഗ്രാമത്തില്‍ എത്തിയതറിഞ്ഞ് അവരോടിയെത്തി അദ്ദേഹത്തെ വിധിപൂര്‍വം പൂജിച്ചാദരിച്ച് സ്വീകരിച്ചു. ഭക്ഷണവും വസ്ത്രവും ധര്‍മ്മവുമേകി. സന്യാസിയുടെ ഉപദേശങ്ങള്‍ ശ്രവിച്ചു. ഒടുവില്‍ ആദരപൂര്‍വ്വം ഗ്രാമാതിര്‍ത്തി വരെ അനുഗമിച്ച് സന്യാസി സംഘത്തെ നല്ലവരായ ആ ഗ്രാമവാസികള്‍ യാത്രയാക്കി. ഇത്തവണ ശിഷ്യന്‍മാര്‍ ഉത്സുകരായി. ഇത്ര നന്നായി പെരുമാറിയ ഈ ഗ്രാമീണര്‍ക്ക് എന്തനുഗ്രഹമായിരിക്കും ഗുരു നല്‍കുക. ഗ്രാമാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ആകാംക്ഷക്ക് വിരാമമിട്ട് ഗുരു ഇരു കൈകളുമുയര്‍ത്തി ഗ്രാമീണരെ ആശീര്‍വദിച്ചു കൊണ്ട് പറഞ്ഞു. ‘നിങ്ങള്‍ ഈ ഗ്രാമത്തില്‍ നിന്നും നാനാഭാഗത്തേക്ക് പിരിഞ്ഞുപോയി വസിക്കാനിടവരട്ടെ.’ ശിഷ്യര്‍ അന്ധാളിച്ചു. മോശമായി പെരുമാറിയ ഗ്രാമീണര്‍ക്ക് നല്ല അനുഗ്രഹം നല്‍കിയ ഗുരു, നന്നായി പെരുമാറിയവര്‍ക്ക് ശാപമല്ലേ നല്‍കിയതെന്ന സംശയമവര്‍ക്കുണ്ടായി. അവര്‍ വിഷമത്തോടെ ഗുരുവിനോട് കാര്യം തിരക്കി. അപ്പോളവര്‍ക്ക് ഗുരു മറുപടിയേകി. ദുര്‍വൃത്തര്‍ തങ്ങളുടെ ഗ്രാമത്തില്‍ തന്നെ ചിരകാലം വസിക്കട്ടെ എന്നാശീര്‍വദിക്കാന്‍ കാരണം അവരുടെ സമ്പര്‍ക്കത്തിലൂടെ ദുര്‍ഗുണങ്ങള്‍ കൂടുതല്‍ ആള്‍ക്കാരിലേക്ക് പടരാതിരിക്കാനാണ്. എന്നാല്‍ സജ്ജനങ്ങള്‍ അങ്ങനെയല്ല. അവരുമായി കൂടുതലാളുകള്‍ക്ക് സമ്പര്‍ക്കമുണ്ടാവണം. അങ്ങനെയവരിലെ സദ്ഗുണങ്ങള്‍ എല്ലായിടത്തേക്കും പ്രസരിക്കണം. അപ്പോള്‍ മാത്രമേ ലോകനന്മ സാധ്യമാവൂ. അതുകൊണ്ടാണ് നല്ലവരായ ഗ്രാമീണര്‍ തങ്ങളുടെ ഗ്രാമത്തില്‍ നിന്നും എല്ലാ ദിക്കിലേക്കും എത്തിപ്പെടട്ടേയെന്ന് അനുഗ്രഹിച്ചത്. ശിഷ്യന്‍മാര്‍ കാര്യം ഗ്രഹിച്ചു.
സംഘസ്ഥാനില്‍ ‘വികിര’ നല്‍കി സംഘം പടുത്ത സജ്ജന ശക്തിയെ സമാജത്തിന്റെ എല്ലാകോണിലേക്കും അയക്കുന്നതിന്റെ ഉദ്ദേശ്യവും ഇതു തന്നെയാണ്. ഈ സന്ദേശമുള്‍ക്കൊണ്ട് വേണം ‘വികിര’ ലഭിക്കുമ്പോള്‍ നമ്മള്‍ സംഘസ്ഥാനില്‍ നിന്ന് പിരിഞ്ഞു പോവേണ്ടത്. ഈ മഹാസങ്കല്പത്തെ മനോമുകുരത്തില്‍ ദര്‍ശിച്ചാണ് പരം പൂജനീയ ഡോക്ടര്‍ജി സംഘമാരംഭിച്ചത്. ഈ സ്മരണയോടെ സംഘവിചാരമെന്ന ഈ എളിയ ചിന്ത ഉപസംഹരിക്കട്ടെ.
(അവസാനിച്ചു)