ഒരുപാട് സവിശേഷതകളുള്ള സംഘടനയാണ് നമ്മുടെ സംഘം. സംഘത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ ഈ സവിശേഷതകളെല്ലാം പ്രകടമാണുതാനും. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ഈ സവിശേഷതകളാണ് സംഘത്തിന്റെ ശക്തിയെന്നു പറയാം. ഒരുദാഹരണം മാത്രമെടുക്കാം. പ്രവര്‍ത്തകര്‍ നിത്യേന ഒരു നിശ്ചിത സമയം ഒന്നിച്ചു കൂടുന്ന സംഘടന സംഘമല്ലാതെ ലോകത്ത് മറ്റൊന്നുണ്ടാവില്ല. ഒരുപക്ഷേ പ്രബലമായ സംഘടനകള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണിത്. അവിടെയാണ് സംഘത്തിലെ ഈ ഒന്നുചേരല്‍ കഴിഞ്ഞ ഒന്‍പത് ദശകങ്ങളായി അഭംഗുരം തുടരുന്നത്. ലോകം അത്ഭുതത്തോടു കൂടിയാണിത് വീക്ഷിക്കുന്നത്. ഇതുകൂടാതെ വേറെയും പ്രത്യേകതകളുണ്ട്. ഏതു പ്രായക്കാര്‍ക്കും ഭാഗമാകാന്‍ കഴിയുന്ന സംഘടന, അംഗത്വത്തിന് അപേക്ഷയോ ഫീസോ വാര്‍ഷിക വരിസംഖ്യയോ ഇല്ലാത്ത സംഘടന, അച്ചടക്ക നടപടികളില്ലാത്ത സംഘടന- ഇങ്ങനെ സംഘത്തെക്കുറിച്ച് പറയാനാണെങ്കില്‍ ഒരുപാടുണ്ട്. അതിലെയൊരു സവിശേഷതയെക്കുറിച്ചുളള വിചാരങ്ങളാണ് ഇത്തവണ പങ്കുവക്കാന്‍ ആഗ്രഹിക്കുന്നത്. സംഘത്തില്‍ നമ്മളേറെ അനുഭവിച്ചറിഞ്ഞിട്ടുള്ള കുടുംബഭാവന എന്ന സവിശേഷതയാണത്.
നമുക്ക് ചുറ്റുമുള്ള ബഹുഭൂരിപക്ഷം സംഘടനകളും ഔപചാരികമായ ചട്ടക്കൂടിനകത്തുനിന്നാണ് പ്രവര്‍ത്തിക്കുന്നത്. അതിലേക്ക് ഒരു നിയമാവലി അവര്‍ക്കുണ്ടാകും. സംഘടനയിലേക്ക് പുതുതായി അംഗത്വം നല്‍കാനുള്ള നടപടിക്രമങ്ങളുണ്ടാവും. മാസാമാസം യോഗം ചേര്‍ന്ന് കൂടിയാലോചനകളും കണക്കുകള്‍ പാസ്സാക്കാനുള്ള വ്യവസ്ഥയുമുണ്ടാകും. സംഘടനാ അച്ചടക്കം നിലനിര്‍ത്താനുള്ള നിയമങ്ങളും അത് ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷകളും വ്യവസ്ഥ ചെയ്തിട്ടുണ്ടാവും. ഇങ്ങനെ നേതാക്കളും സ്ഥാനമാനങ്ങളും പദവികളും എന്നുതുടങ്ങി അടിമുടി വലിയ ഔപചാരികതയുടെ ചട്ടക്കൂട്ടിലും ബലത്തിലുമാണ് പൊതുവേ മറ്റെല്ലാ സംഘടനകളും അവയുടെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കുന്നത്. എന്നാല്‍ സംഘത്തിന്റെ കെട്ടുറപ്പ് നിയമാവലിയിലെ ചട്ടങ്ങളിലല്ല. നിയമാവലിയൊക്കെ ഉണ്ടെങ്കിലും അനൗപചാരിക സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ചുറ്റും ഔപചാരിക സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ കണ്ട് പരിചയിച്ചവര്‍ക്ക് സംഘമൊരു ആശ്ചര്യമായിരിക്കും. മാത്രമല്ല അനൗപചാരികമായി ഒരു സംഘടനക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാവുമെന്ന സംശയം അവരുടെയുള്ളില്‍ സ്വാഭാവികമായി ഉയര്‍ന്നേക്കാം. അങ്ങനെയൊരു സംഘടനക്ക് എങ്ങനെ അച്ചടക്കം കാത്തുസൂക്ഷിക്കാനാകുമെന്നതാവും കുഴപ്പിക്കുന്ന മറ്റൊരു പ്രശ്‌നം. ഇതിനുത്തരം തേടുമ്പോഴാണ് പൂജനീയ ഡോക്ടര്‍ജിയുടെ ദീര്‍ഘദര്‍ശിത്വവും കുശലതയും നമ്മള്‍ തിരിച്ചറിയുന്നത്.
വ്യക്തികള്‍ ചേര്‍ന്നാണല്ലോ സംഘടനയുണ്ടാകുന്നത്. ഒന്നിച്ചു ചേര്‍ന്ന വ്യക്തികളുടെ ഐക്യത്തെ ആശ്രയിച്ചാണ് സംഘടനയുടെ നിലനില്പ്. ഐക്യം ദൃഢമെങ്കില്‍ അത്രയും തന്നെ കെട്ടുറപ്പ് ആ സംഘടനക്കുമുണ്ടാവും. ആശയ ഐക്യത്തിന്റെ പേരിലാണ് വ്യക്തികള്‍ ഒന്നുചേര്‍ന്ന് സംഘടനകള്‍ക്ക് രൂപം കൊടുക്കാറുള്ളതെങ്കിലും കാലക്രമേണ ചേര്‍ത്തു നിര്‍ത്താന്‍ ആശയം മാത്രം മതിയാകാതെ വരുന്ന കാഴ്ചയാണ് കണ്‍മുമ്പിലുളള പല സംഘടനകളുടേയും ചരിത്രം വെളിവാക്കുന്നത്. പ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നിയമാവലിയും അച്ചടക്കനടപടിയും സ്ഥാനവും പദവിയുമൊക്കെ തരാതരം സംഘടനകള്‍ ഉപയോഗിക്കുന്നു. അംഗങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ പരാജയപ്പെടുമ്പോഴാണല്ലോ സംഘടനയില്‍ പിളര്‍പ്പുണ്ടാകുന്നത്. ഈ പശ്ചാത്തലത്തില്‍ പണ്ട് ഒരു നേതാവ് വളരെ രസകരമായി തന്റെ സംഘടനയെ ‘വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന സംഘടന’ എന്ന് വിശേഷിപ്പിച്ചത് ഓര്‍മ്മ വരുന്നു. തങ്ങളുടെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാന്‍ ഔപചാരികമായ ചട്ടക്കൂടുള്ള സംഘടനകള്‍ പോലും പ്രയാസപ്പെടുമ്പോള്‍ സംഘം ഇക്കാര്യത്തിലും വേറിട്ട് നില്‍ക്കുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ 1925 ല്‍ ശുഭാരംഭം കുറിച്ച സംഘത്തിന് മുമ്പും പിമ്പും ഒപ്പവുമൊക്കെ രൂപംകൊണ്ട പല സംഘടനകളും പിളര്‍ന്ന് പലതായി ക്ഷയിച്ചു പോയി. ചിലത് നാമാവശേഷമായപ്പോള്‍ മറ്റുചില സംഘടനകള്‍ മൃതപ്രായമായി. അവിടെയാണ് നിയമാവലിയുടെ ഉരുക്കുമുഷ്ടിയില്ലാതെ അനൗപചാരിക സ്വഭാവത്തോടെ പ്രവര്‍ത്തിച്ചുകൊണ്ട് നല്ല കെട്ടുറപ്പോടെ അന്നുമിന്നും ഒരൊറ്റ സംഘടനയായി സംഘം നിലകൊള്ളുന്നത്. ഇതെങ്ങനെ സാധിക്കുന്നുവെന്ന ചിന്ത താല്പര്യമുളവാക്കുന്നത് തന്നെ.
നമ്മുടെ നാടിന്റെ പശ്ചാത്തലത്തില്‍ നിന്നു ചിന്തിക്കുമ്പോള്‍ ഇതിന് എളുപ്പം ഉത്തരം കിട്ടും. ഭാരതത്തില്‍ ഏറ്റവുമധികം കെട്ടുറപ്പുള്ളതെന്തിനാണ്? നമ്മള്‍ മാത്രമല്ല നിസ്സംശയം ലോകവും സാക്ഷ്യപ്പെടുത്തും ഭാരതത്തിലെ കുടുംബ വ്യവസ്ഥക്കാണ് ഏറ്റവുമധികം കെട്ടുറപ്പുള്ളതെന്ന്. കുറച്ച് കാലം മുമ്പ് വരെ നമ്മുടെ നാട്ടില്‍ കൂട്ടുകുടുംബ വ്യവസ്ഥയുണ്ടായിരുന്നു. പത്തും പതിനഞ്ചും അംഗങ്ങളുള്ള വീടുകള്‍ ഐക്യത്തോടെയും സ്‌നേഹത്തോടെയും ഇവിടെ കഴിഞ്ഞു വന്നിരുന്നു. സത്യത്തില്‍ സംഘടനയുടെ ചെറുരൂപമായിരുന്നു ഓരോ കൂട്ടുകുടുംബവും. അണുകുടുംബങ്ങളായപ്പോഴും സ്ഥിതി മാറിയില്ല. അച്ഛനും അമ്മയും മക്കളും വേര്‍പിരിയാതെ ഒന്നുചേര്‍ന്ന് സ്‌നേഹത്തോടെ ദീര്‍ഘനാളമരുന്ന കാഴ്ച വൈദേശികര്‍ക്കൊക്കെ വലിയ അത്ഭുതമാണ്. കെട്ടുറപ്പിന് വേണ്ടി ഈ കുടുംബഭാവനയെ ഡോക്ടര്‍ജി സംഘത്തിലേക്ക് സ്വീകരിച്ചു. ഈ ഭാവനയുടെ കരുത്തുറ്റ അടിത്തറമേലാണ് അന്നുമിന്നും സംഘം ഒരൊറ്റ സംഘടനയായി നിലകൊള്ളുന്നത്.
കുടുംബ വ്യവസ്ഥയും സംഘവും തമ്മില്‍ ഒരുപാട് സമാനതകളുണ്ട്. ഒരു കുടുംബത്തില്‍ പല പ്രായക്കാരുണ്ട്. അവിടെ പല തലമുറകളുണ്ടാവും. കുടുംബാംഗങ്ങളെ പരസ്പരം കൂട്ടിയിണക്കുന്നത് സ്‌നേഹമാണ്. അവിടെ കളിചിരികളുണ്ട്, തമാശയുണ്ട്. കുടുംബത്തിനുള്ളില്‍ പുതുതലമുറക്ക് ശീലവും സംസ്‌കാരവും സ്വഭാവവും അവരറിയാതെ തന്നെ പകര്‍ന്നു കൊടുക്കാനുള്ള വ്യവസ്ഥയുണ്ട്. കുടുംബത്തില്‍ അച്ചടക്കമുണ്ട്. എന്നാലിതൊന്നും ഏതെങ്കിലും നിയമാവലിയുടെ അടിസ്ഥാനത്തിലല്ല താനും. കുടുംബാന്തരീക്ഷത്തിന്റെ മറ്റൊരു സവിശേഷത അവിടെ യാതൊരു പിരിമുറുക്കവുമില്ല എന്നതാണ്. എല്ലാ കാര്യങ്ങളും അംഗങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് ചെയ്യും. കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളും സങ്കടങ്ങളും പരിഭവങ്ങളുമൊക്കെ അതിന്റെ സൗന്ദര്യമാണ്. പരസ്പരമുള്ള ഒന്നുചേരലും ആഘോഷങ്ങളുമൊക്കെയായി അതൊരു ജീവിതപ്രവാഹമായങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. പൂജനീയ ഡോക്ടര്‍ജി ഈ ഭാവനയെ സംഘത്തിലേക്ക് സ്വീകരിച്ചതോടു കൂടി കുടുംബസമാനമായ അന്തരീക്ഷം സംഘത്തിലും കൈവന്നു. കുടുംബത്തിലേപ്പോലെ ഇവിടേയും പല പ്രായക്കാരും തലമുറകളുമുണ്ടായി. നിത്യേനയുള്ള ഒന്നുചേരലുണ്ടായി. പരോക്ഷമായി ശീലവും സംസ്‌കാരവും പകരാനുള്ള വ്യവസ്ഥയുണ്ടായി. കളിയും ചിരിയും പാട്ടും തമാശകള്‍ പങ്കുവക്കലും സന്തോഷങ്ങളും സങ്കടങ്ങള്‍ പങ്കിടലുമൊക്കെ സംഘ പ്രവര്‍ത്തനത്തിന്റേയും ഭാഗമായി. പരസ്പരം കൂടിയാലോചിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് സംഘത്തിന്റെ സ്വഭാവമായി. ഇതൊക്കെയുളളപ്പോഴും കുടുംബത്തിലെന്ന പോലെ സംഘത്തിലും അച്ചടക്കമുണ്ട്. എന്നാല്‍ അതൊരിക്കലും ഭയം മൂലമുള്ള അച്ചടക്കമല്ല. മറിച്ച് പരസ്പര സ്‌നേഹത്തില്‍ നിന്നും ആദരവില്‍ നിന്നും വിശ്വാസത്തില്‍നിന്നുമുരുവായ അച്ചടക്കമാണ്. അങ്ങനെ കുടുംബത്തിനുള്ള അതേ കെട്ടുറപ്പ് സംഘത്തിനും ലഭിച്ചു.
എന്തും ആവിഷ്‌കരിക്കാന്‍ വളരെയെളുപ്പമാണ്. അതേപടി സംരക്ഷിച്ചു പോരാനാണ് പ്രയാസം. സംഘടനക്കുള്ളില്‍ ഡോക്ടര്‍ജി ആവിഷ്‌ക്കരിച്ച ഈ കുടുംബാന്തരീക്ഷത്തെ നല്ലവണ്ണം സംരക്ഷിച്ച് നിലനിര്‍ത്തിപ്പോരുവാന്‍ നാളിതു വരെയുള്ള പ്രവര്‍ത്തനത്തിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. അക്കാര്യത്തിലും വഴി കാട്ടിയതും വേണ്ട പദ്ധതിയാവിഷ്‌ക്കരിച്ചതും ഡോക്ടര്‍ജി തന്നെയായിരുന്നു. കുടുംബാന്തരീക്ഷത്തിന്റെ സവിശേഷത അവിടെയൊട്ടും ഔപചാരികതയില്ല എന്നതാണല്ലോ. സംഘ പ്രവര്‍ത്തനത്തില്‍ കുടുംബാന്തരീക്ഷമൊരുക്കാന്‍ ഡോക്ടര്‍ജി ബോധപൂര്‍വം അനൗപചാരികമായ പ്രവര്‍ത്തനാന്തരീക്ഷം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ വ്യവഹാരത്തിലുമത് പ്രതിഫലിച്ചു. നേതാവെന്ന നിലയിലല്ല മറിച്ച് സ്‌നേഹിക്കുകയും, ശാസിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ഒരു കുടുംബ കാരണവരെ പോലെയാണദ്ദേഹം എല്ലാവരോടും ഇടപെട്ടത്. സര്‍സംഘചാലകായിരുന്ന അദ്ദേഹം വിനോദത്തിലും നര്‍മ്മങ്ങള്‍ പങ്കിടാനും തീരത്തിരുന്ന് കടലയൊക്കെ കൊറിച്ച് വര്‍ത്തമാനം പറഞ്ഞിരിക്കാനുമൊക്കെ സ്വയംസേവകര്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ എല്ലാവരും തമ്മില്‍ ആഴത്തിലുള്ള സ്‌നേഹബന്ധം വളര്‍ത്തിയെടുത്തു. ഡോക്ടര്‍ജിയുടെ മുഖമൊന്ന് മാറിയാല്‍ സ്വയംസേവകര്‍ സങ്കടപ്പെടുമായിരുന്നുവെന്നത് അവര്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം തെളിയിക്കുന്നു. മറ്റൊന്ന് കുടുംബത്തില്‍ എല്ലാവര്‍ക്കും പ്രാധാന്യമുണ്ടല്ലോ. സംഘത്തിലും എല്ലാവര്‍ക്കും തുല്യ പരിഗണനയും പ്രാധാന്യവും ഡോക്ടര്‍ജി നല്‍കി. അതിലേക്കദ്ദേഹം പ്രായഭേദമെന്യേ സംഘടനാ കാര്യങ്ങള്‍ എല്ലാവരോടും കൂടിയാലോചിച്ച് തീരുമാനിച്ചു. എല്ലാവര്‍ക്കും അദ്ദേഹം തുല്യ ആദരവും ബഹുമാനവും നല്‍കി. സംഘത്തിലെ കുടുംബാന്തരീക്ഷത്തെ ഇതെല്ലാം പോഷിപ്പിച്ചു.
ജീവിതത്തിന്റെ അവസാന സമയത്തും കുടുംബാന്തരീക്ഷം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. രോഗശയ്യയില്‍ കിടക്കവേ ഡോക്ടര്‍ജി തന്നെ പരിചരിച്ചു കൊണ്ട് ഒപ്പം നിന്ന യാദവറാവു ജോഷിയോട് സംഘത്തിലെ ഒരു മുതിര്‍ന്ന അംഗം മരണപ്പെട്ടാല്‍ എങ്ങനെയായിരിക്കും അന്ത്യകര്‍മ്മങ്ങളെന്ന് ചോദിക്കുകയുണ്ടായി. വലിയ വിലാപയാത്രയും നഗരപ്രദക്ഷിണവുമൊക്കെയായി പട്ടാളച്ചിട്ടയില്‍ ആയിരിക്കുമോയെന്ന് അദ്ദേഹമന്വേഷിച്ചു. സങ്കടപ്പെട്ട് നിശബ്ദനായി നിന്ന യാദവറാവുവിന് ഉത്തരവും ഡോക്ടര്‍ജി തന്നെ നല്‍കുകയുണ്ടായി. സംഘം ഒരു കുടുംബമാണ്. കുടുംബത്തിലെ മുതിര്‍ന്ന അംഗം മരണപ്പെട്ടാല്‍ എങ്ങിനെയായിരിക്കുമോ അന്ത്യകര്‍മ്മങ്ങള്‍, അങ്ങനെ തന്നെയായിരിക്കണം സംഘത്തിലും എന്നു പറഞ്ഞുകൊണ്ട് ദിശ കാട്ടുകയാണ് അദ്ദേഹം ചെയ്തത്. മരണത്തില്‍ പോലും അദ്ദേഹം കുടുംബഭാവനയെ മുറുകെ പിടിച്ചു.
ഡോക്ടര്‍ജിക്കു ശേഷം സംഘത്തെ നയിച്ചവരെല്ലാം ഈ കുടുംബ ഭാവനയെ പോഷിപ്പിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിച്ചത്. ഒരുവട്ടം പരിചയപ്പെട്ട സ്വയംസേവകരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും പേരുവിവരങ്ങള്‍ പിന്നെ എപ്പോള്‍ കണ്ടാലും അന്വേഷിക്കാനാവും വിധം പൂജനീയ ഗുരുജി ഓര്‍മ്മയില്‍ സൂക്ഷിക്കുമായിരുന്നു. ഇപ്പോഴത്തെ പൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് 2015 ല്‍ കന്യാകുമാരിയില്‍ നടന്ന ദ്വിതീയ വര്‍ഷ സംഘ ശിക്ഷാ വര്‍ഗില്‍ സംഘത്തിലെ കുടുംബാന്തരീക്ഷത്തെ വിശദീകരിച്ചുകൊണ്ട് ഒരുദാഹരണം പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ”ഞാന്‍ ഈ വര്‍ഗിലേക്ക് വരുന്ന വഴി ക്ഷേത്രീയ സംഘചാലക്ജിയുടെ വീട്ടില്‍ നിന്നായിരുന്നു ഭക്ഷണം കഴിച്ചത്. അവിടെയൊരു ബാലനുണ്ടായിരുന്നു. അവനെന്നോട് കുറേ ചോദ്യങ്ങള്‍ ചോദിച്ചു. നിങ്ങളുടെ പേരെന്താണ്? നിങ്ങളുടെ അമ്മയുടെ പേരെന്താണ്? എന്നു തുടങ്ങിയുള്ള ബാലന്റെ എല്ലാ ചോദ്യത്തിനും ഞാനുത്തരം നല്‍കി. സര്‍സംഘചാലകനെ പുറത്തെല്ലാവരും വിളിക്കുന്നത് ആര്‍ എസ് എസ് ചീഫ് എന്നാണ്. ആ ചീഫ് അഥവാ തലവന്‍ ഒരു ബാലന്റെ ചോദ്യത്തിനും ഉത്തരം പറയും. അതേപോലെ കുറച്ച് വര്‍ഷം മുമ്പ് ആസാമില്‍ നടന്ന സംഘ ശിക്ഷാ വര്‍ഗില്‍ പോയപ്പോള്‍ ഒമ്പതാം ക്ലാസുകാരനായ പ്രബന്ധകനെ പരിചയപ്പെട്ടു. അവനെന്നോട് ചോദിച്ചത് എന്റെ ഈ മീശ ശരിക്കുമുള്ളതാണോ അതോ ഒട്ടിപ്പാണോയെന്നാണ്. ചോദ്യം കേട്ട് ദേഷ്യം വരേണ്ട കാര്യമില്ല. കാരണം നമ്മളൊരു കുടുംബമാണ്. ഞാന്‍ പറഞ്ഞു മീശ ശരിക്കുമുള്ളതാണ് നീയൊന്ന് പിടിച്ച് വലിച്ചുനോക്കി ബോധ്യപ്പെട്ടോളൂവെന്ന്. സംഘമൊരു അച്ചടക്കമുള്ള സംഘടനയാണെങ്കിലും നമ്മള്‍ തമ്മിലുള്ള ബന്ധം അധികാരി, പ്രവര്‍ത്തകന്‍ എന്ന നിലയിലല്ല. മറിച്ച് നമ്മള്‍ പരസ്പരം മിത്രങ്ങളാണ്, ബന്ധുക്കളാണ്. ഈ കുടുംബസദൃശമായ അനൗപചാരികതയോടെയാണ് രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തിക്കുന്നത്.” പൂജനീയ ഡോക്ടര്‍ജി മുമ്പോട്ടുവച്ച അതേ പ്രവര്‍ത്തനശൈലി തന്നെയാണ് സംഘമിന്നും പിന്തുടര്‍ന്നു പോരുന്നതെന്ന് പൂജനീയ മോഹന്‍ജിയുടെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
കുടുംബാന്തരീക്ഷത്തിന്റെ ആഴമറിഞ്ഞ മറ്റൊരുദാഹരണം കൂടി പറയാം. ഒരിക്കല്‍ നമ്മുടെ സംഘടനയിലെ തലമുതിര്‍ന്ന കാര്യകര്‍ത്താവിനെ സമ്പര്‍ക്കം ചെയ്തപ്പോള്‍ നല്ലൊരനുഭവമുണ്ടായി. സ്വന്തം വീട്ടിലെ ഒരു നല്ല വിശേഷത്തിന് പൂജനീയ സര്‍സംഘചാലകനെ ക്ഷണിച്ചുകൊണ്ട് കത്തയച്ചപ്പോള്‍ അതിന് അദ്ദേഹത്തില്‍ നിന്ന് ലഭിച്ച മറുപടി സന്തോഷത്തോടെ കാട്ടിത്തരികയുണ്ടായി. അന്ന് സംഘത്തിലെയൊരു തുടക്കക്കാരനായിരുന്ന ഞാന്‍ അദ്ദേഹത്തോടൊരു വിഡ്ഢി ച്ചോദ്യം ചോദിച്ചു. പൂജനീയ സര്‍സംഘചാലകന്റെ യാത്രകളും തിരക്കും അറിയാവുന്ന അങ്ങ് അദ്ദേഹം ചടങ്ങിലെത്താന്‍ യാതൊരു സാധ്യതയുമില്ലെന്ന് അറിഞ്ഞു കൊണ്ട് വെറുതേയെന്തിന് കത്തയച്ചുവെന്നാണ് ഞാന്‍ ചോദിച്ചത്. അതിനദ്ദേഹം നല്‍കിയ മറുപടി ഇന്നുമേറെ പ്രസക്തമാണ്: ”സംഘം ഒരു കുടുംബമാണെന്ന് വെറുതേ ഭംഗിക്ക് പറയുന്നതല്ലല്ലോ, സംഘത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചും ജീവിച്ചും അത് അനുഭൂതിയാക്കിയതാണ്. അങ്ങനെയുള്ളപ്പോള്‍ നമ്മുടെ വീട്ടിലെയൊരു ചടങ്ങ് കുടുംബത്തിന്റെ കാരണവരെ അറിയിക്കാതെ നടത്താനാവുമോ? അങ്ങനെ ചെയ്താല്‍ ഒരു കുടുംബമാണെന്ന് നമ്മള്‍ പറയുന്നതിലെന്തര്‍ത്ഥം? അതുകൊണ്ട് എത്തുമോ ഇല്ലയോ എന്നതിനപ്പുറം സംഘ കുടുംബത്തിന്റെ കാരണവരുടെ ആശീര്‍വാദം തേടിയാണ് കത്തയച്ചത്.” അത് വലിയൊരു സന്ദേശമായിരുന്നു. തങ്ങള്‍ക്ക് വരുന്ന കത്തുകള്‍ക്കെല്ലാം പൂജനീയ ഡോക്ടര്‍ജിയും ഗുരുജിയും മറുപടിയെഴുതുമായിരുന്നു. അവരെഴുതിയ കത്തുകള്‍ക്കൊട്ട് കണക്കില്ല താനും. ഡോക്ടര്‍ജിയും ഗുരുജിയും എഴുതിയ കത്തുകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗുരുജി സാഹിത്യ സര്‍വസ്വത്തിലെ ഒരു പുസ്തകം മുഴുവന്‍ ഗുരുജിയുടെ കത്തുകളാണല്ലോ. പല മുതിര്‍ന്ന സ്വയംസേവകരുടേയും വീട്ടില്‍ പോകുമ്പോള്‍ ഇതേപോലെ ദേവറസ്ജിയും അന്നത്തെ പ്രാന്തപ്രചാരകനുമൊക്കെ എഴുതിയ കത്തുകള്‍ നിധിപോലെ സൂക്ഷിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. അര്‍ത്ഥം നമ്മുടെ കുടുംബഭാവന അത്രമേല്‍ ദൃഢമായിരുന്നു.
ചുരുക്കത്തില്‍ അനൗപചാരിക അന്തരീക്ഷത്തിനും കുടുംബ ഭാവനക്കും സംഘത്തിലുള്ള മഹത്വം നമ്മളെല്ലാവരും നല്ലപോലെ മനസ്സിലാക്കണം. അത് നിലനിര്‍ത്താനും അതിനെ പരമാവധി പരിപോഷിപ്പിക്കാനും നാം ബദ്ധശ്രദ്ധ പുലര്‍ത്തണം. വീട്ടുവിശേഷങ്ങള്‍ അറിയിച്ചു കൊണ്ടും ആശീര്‍വാദം തേടിയും കാരണവന്‍മാര്‍ക്ക് കത്തുകളയക്കാന്‍ നമ്മുടെ പുതുതലമുറക്കും ഉള്‍പ്രേരണയുണ്ടാവും വിധം നല്ലൊരാത്മബന്ധം സൃഷ്ടിക്കാന്‍ സാധിക്കണം. ഈ കുടുംബഭാവനയുടെ കരുത്തില്‍ നാളിതുവരെയെന്നപോലെ ഔദ്യോഗിക ചട്ടക്കൂടുകളുടേയൊന്നും സഹായം കൂടാതെ തന്നെ സംഘത്തിന്റെ ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കാനും അത് പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനും നമുക്ക് കൂട്ടായി യത്‌നിക്കാം.