രാമായണത്തില്‍ സീത ഹനുമാന് പറഞ്ഞുകൊടുക്കുന്ന അടയാളവാക്യം കാക്കയുടെ ഒരു കണ്ണ് നഷ്ടപ്പെട്ട കഥയാണ്. ഉണക്കാനിട്ട സാധനങ്ങള്‍ കൊത്തിത്തിന്നുന്ന കാക്കയുടെ സ്വഭാവം അന്നും ഇന്നും ഒന്നുതന്നെ. ശ്രാദ്ധത്തിന് ഇടുന്ന ബലി പിതൃക്കളുടെ പ്രതിനിധിയായി വന്ന് ഭുജിക്കുന്നതും കാക്ക തന്നെ. ബലിക്കാക്ക എന്ന ഒരു പേരു തന്നെയുണ്ട്. നമ്മുടെ ജീവിതത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന ഒരു ജീവി തന്നെ കാക്ക, കാകന്.
ചെയ്യുന്ന വിധം
കാല്‍മുട്ടുകള്‍ അകത്തിവെച്ചുകൊണ്ട് കാല്‍വിരലുകളില്‍ ഇരിക്കുക. കൈപ്പത്തികള്‍ മുന്നില്‍ വിരലുകള്‍ പരത്തി നിലത്തു പതിച്ചു വെക്കുക. പത്തി അല്പം ഉള്ളോട്ടു തിരിക്കാം. കാല്‍മുട്ടുകള്‍ കക്ഷത്തിനടുത്തായി ചേര്‍ക്കുക. ശ്വാസമെടുത്തുകൊണ്ട് അല്പം മുന്നോട്ടാഞ്ഞ്, ശരീരം കൈകളുടെ ബലത്തില്‍ ഉയര്‍ത്തുക. കാലുകള്‍ ഒന്നിനു പിറകെ ഒന്നായി ഉയര്‍ത്തുക. കൈകളില്‍ തുലനം ചെയ്യുക. കാലുകള്‍ പിറകില്‍ ഉയര്‍ന്നു നില്ക്കും. കാലിന്റെ ഭാരം കൈത്തണ്ടയിലായിരിക്കും. ദൃഷ്ടി മുന്നിലുള്ള ഒരു ബിന്ദുവിലുറപ്പിക്കുക. ഒരു പക്ഷിയുടെ ആകൃതി ഉണ്ടാകും. സാധാരണ ശ്വാസത്തില്‍, പൂര്‍ണ്ണസ്ഥിതിയില്‍ സാധിക്കുന്നത്ര സമയം നിന്ന് തിരിച്ചു വരിക.
ഗുണങ്ങള്‍
തോളിനും കൈത്തണ്ടയ്ക്കും മണിബന്ധത്തിനും ശക്തി കിട്ടും. കൈവിരലുകളും ഉത്തേജിതമാവും. ശ്വാസകോശത്തിനു വികാസമുണ്ടാവും.
ഏകാഗ്രത വര്‍ദ്ധിക്കും. ശരീരവും മനസ്സും സംതുലിതമാവും. ഉത്സാഹം ഉണ്ടാക്കും.