പന്തളം: കോവിഡിന്റെ മറവില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കരുതെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ പറഞ്ഞു. ശബരിമല അയ്യപ്പ സേവാ സമാജം സംഘടിപ്പിച്ച അയ്യപ്പ മഹാസംഗമം പന്തളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ 2018ല്‍ നടന്ന പ്രതിരോധത്തിന് സമാനമായുള്ള പ്രാര്‍ത്ഥനാ യജ്ഞം പോലെ ആചാരസംരക്ഷണത്തിനായി ഏതറ്റംവരെയും പോകുവാനും കൊട്ടാരം തയ്യാറാണെന്നും ആചാരസംരക്ഷണ യജ്ഞത്തില്‍ ഭക്തര്‍ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. തിരുവാഭരണ പേടകവാഹക ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന് പിള്ളയുടെ ശരണഘോഷത്തോടെ തുടങ്ങിയ സംഗമത്തില്‍ അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് തന്ത്രി മുഖ്യന് അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 18 വേദികളിലാണ് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ മഹാസംഗമം സംഘടിപ്പിച്ചത്. പ്രമുഖ സന്ന്യാസിവര്യന്മാര്, തന്ത്രിമുഖ്യന്മാര്, മുന്‍ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍, ശബരിമലയുമായി ആചാരപരമായി ബന്ധപ്പെട്ടവര്‍, സാമുദായിക നേതാക്കള്‍, ഹൈന്ദവ സംഘടനാ നേതാക്കള്‍ എന്നിവരും വിവിധ വേദികളില്‍ പങ്കെടുത്തു.