അമേരിക്കന്‍ അതീത തത്ത്വജ്ഞാനിയും എഴുത്തുകാരനുമായ കാര്‍ലോസ് കാസ്റ്റനെദ (Carlos Castaneda, 1925-1998) മനുഷ്യന്റെയുള്ളില്‍ നിലനില്‌ക്കേണ്ട നിശ്ശബ്ദതയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കാസ്റ്റനെദ സ്വതന്ത്ര ആത്മീയപാതയിലൂടെയും സ്വകാര്യ വെളിപാടുകളിലൂടെയുമാണ് സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ The teachings of Don Juan പന്ത്രണ്ട് വാല്യങ്ങളുള്ള ബൃഹദ് ഗ്രന്ഥമാണ്. ലക്ഷക്കണക്കിനു പേര്‍ അത് വായിക്കുയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ‘നിശ്ശബ്ദത’യെക്കുറിച്ച് ഇപ്പോള്‍ പറയുന്നത്? സ്വന്തം മൊബൈല്‍ ഫോണിലൂടെ മാത്രം സാമൂഹിക മനുഷ്യരാവുകയും ഒരു മുറിയിലിരുന്ന് ആയിരക്കണക്കിനാളുകളുമായി സൗഹൃദം സ്ഥാപിക്കുകയും പ്രേമിക്കുകയും ചെയ്യുന്നതിന്റെ പ്രകൃതി വിരുദ്ധത ഇന്നത്തെ നാഗരികനെ ആന്തരികമായി ശിഥിലീകരിക്കുന്നുണ്ട്. ഇതൊരു ദുര്‍ഘട സന്ധിയാണ്.
മാധ്യമ വിസ്‌ഫോടനം എന്ന് പറയാറുണ്ട്. മാധ്യമങ്ങളിലൂടെ ഒരു കാര്യം പ്രചരിപ്പിക്കുന്നതിന്റെ പാരമ്യമാണത്. ഇപ്പോള്‍ അത് രൂപം മാറി പലതരം ലൈവ് സംപ്രേഷണമായി മാറിയിരിക്കുകയാണ്. ലൈവ് ആയില്ലെങ്കില്‍ നേതാക്കള്‍ക്കോ, സമൂഹമാധ്യമങ്ങള്‍ക്കോ രക്ഷയില്ല. ചാനലുകള്‍ക്കും രക്ഷയില്ല. വാര്‍ത്തയും ഫോണ്‍ ഇന്‍ പരിപാടികളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉത്തര -ഉത്തരാധുനികത പ്രവണതകളുടെ ഭാഗമാണ്. മനുഷ്യന്‍ ആപത്കരമായ വിധം ഡിജിറ്റല്‍ ആവുകയാണ്. ഡിജിറ്റല്‍ ഓവര്‍ലോഡല്ല, ഡിജിറ്റല്‍ മാനവന്‍ തന്നെയാണിത്. മനുഷ്യരെ രണ്ടായി തിരിക്കാനാവുന്ന വിധം ഓഫ് ലൈനും (ീളളഹശില) ഓണ്‍ലൈനും എന്ന വിഭജനം ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നു. ഓഫ് ലൈനായാല്‍, ഉറങ്ങിക്കിടക്കുന്ന പോലെയാണ് ജീവിതം. അയാള്‍ക്ക് ആഭ്യന്തരജീവിതം ഉണ്ടായിരിക്കാം; എന്നാല്‍ ‘ലൈവ്’ അല്ലെന്നു സാരം. ഒരുവന്‍ ഒരാഴ്ച ഓഫ് ലൈന്‍ ആയാല്‍ അവന്റെ സ്‌നേഹിതരോ, സ്‌നേഹിതയോ മറ്റാരെങ്കിലുമോ ഒക്കെ രോഗത്തിന് അടിമപ്പെടുന്നു. സ്ഥിരമായി നേരിട്ട് കണ്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല. എന്നാല്‍ ഓണ്‍ലൈനില്‍ വന്നില്ലെങ്കില്‍ ലോകാവസാനം പോലെ തോന്നുകയാണ്. സവിശേഷമായ ഒരു മാനസിക പ്രശ്‌നത്തിലേക്കാണ് ഇത് ആധുനിക മനുഷ്യനെ നയിച്ചു കൊണ്ടുപോകുന്നത്. നിസ്സാരകാര്യങ്ങള്‍ക്ക് ടെന്‍ഷന്‍ ഉണ്ടാകുകയാണ്. എല്ലാത്തരത്തിലും സ്വസ്ഥത ഉണ്ടെങ്കിലും ഏതോ ഒരു ഘടകം അസ്വസ്ഥപ്പെടുത്തി ക്കൊണ്ടിരിക്കും. ഓണ്‍ലൈനായില്ലെങ്കില്‍ ജീവിതം തന്നെ അപ്രസക്തമാകുന്ന സാഹചര്യമാണുള്ളത്. അവിടെ നിന്നുള്ള അടുത്ത ഘട്ടമാണ് എപ്പോഴും ലൈവ് ആയിരിക്കുന്നത്. അതിലൂടെ ഒരു വിശ്വവ്യാപകമായ മഹാകാലമായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ് ഓരോ വ്യക്തിയും. അയാളുടേതായ ഒരു നിമിഷവും പരിരക്ഷിക്കരുത്, ഉണ്ടായിരിക്കരുത് എന്നുള്ളതാണ് ഇതിന് പിന്നിലുള്ള ആശയം. ഓണ്‍ലൈനാകാന്‍ വൈകിയാല്‍ പോലും ഇന്ന് സ്‌നേഹബന്ധങ്ങള്‍ താളം തെറ്റും. ലൈവ് ആയിരിക്കുന്നവന്‍ പുറംലോകത്തിന്റെ ഓരോ ചലനത്തിനുമൊപ്പം ഓളം വെട്ടണം.
ക്രൂരവിനോദം
Facebook Live ഒരു നൂതന ജ്വരമാണ്; ശരിക്കും അത് ഡിജിറ്റല്‍ മനുഷ്യനെ നിര്‍മ്മിച്ചിരിക്കുന്നു. ബോധത്തെ അലട്ടുകയും ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംഘര്‍ഷമായാണ് അത് പ്രവര്‍ത്തിക്കുന്നത്. ന്യൂസിലന്‍ഡില്‍ ഒരാള്‍ ആരാധനാലയത്തില്‍ കയറി, കാരണമൊന്നുമില്ലാതെ ഭക്തജനങ്ങള്‍ക്ക് നേരെ നിറയൊഴിച്ചപ്പോള്‍ തന്റെ ശരീരത്തില്‍ ഒരു ക്യാമറ പിടിപ്പിച്ചിട്ടുണ്ടായിരുന്നു. അതില്‍നിന്ന് facebook ലൈവ് ആയി ചിത്രങ്ങള്‍ അയച്ചുകൊണ്ടിരുന്നു. ആളുകളെ കൊലപ്പെടുത്തുന്നതില്‍ മാത്രമല്ല അയാളുടെ താല്പര്യം; തത്സമയം ലോകം ആ ക്രൂരത കാണുകയും വേണം. ക്രൂരകൃത്യത്തെ ലോകം വിനോദമായി സ്വീകരിക്കുമെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ഇതാണ് പുതിയ ഡിജിറ്റല്‍ മനോനില. ഇത് കുഴഞ്ഞ ഒരു ആത്മീയ പ്രതിസന്ധിയാണ്. താന്‍ നിര്‍മ്മിച്ചെടുക്കുന്ന കൊലപാതക ദൃശ്യങ്ങള്‍ ഒരു നവീനചിത്രമായി അയാള്‍ വിഭാവന ചെയ്യുകയായിരുന്നു. അത് കണ്ട് ആസ്വദിക്കാന്‍ ഒരു സമൂഹം കാത്തിരിക്കുന്നു എന്ന് അയാള്‍ അനുമാനിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? മനുഷ്യന്‍ ആത്മീയമായ ശൂന്യതയിലേക്ക് പതിച്ചിരിക്കുന്നു. എന്നാല്‍ നമുക്ക് അത് ഒഴിവാക്കാനാവില്ല എന്ന് വന്നിരിക്കുന്നു. കാരണം, നമ്മള്‍ സ്ഥലകാലങ്ങളെ ലഘൂകരിക്കുന്ന വേഗത്തിന്റെ ഉപയോക്താക്കളാണ്. മനുഷ്യന് സ്വന്തമായി ഉള്ളില്‍ ഒരിടം ഇല്ലാതാകുന്നത് സ്‌നേഹരഹിതവും പ്രകൃതിവിരുദ്ധവുമായ ഒരു ജീവിത സമീപനത്തിന് ആക്കം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുകയാണ്.
മൗനത്തെ അറിയുക
പുരാതനമായ മാനവിക സംസ്‌കാരങ്ങളെല്ലാം ഒരു കാര്യം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറച്ചുനേരമെങ്കിലും തന്നിലേക്കുതന്നെ ശ്രദ്ധിച്ച് മൗനത്തെ അറിയണമെന്ന പാഠമാണത്. വളരെ സുരക്ഷിതമായി, ശാന്തമായ ഒരിടം ഉള്ളില്‍ സൂക്ഷിക്കുന്ന കാര്യമാണ് പറയുന്നത്. ഇതിനു പല മാര്‍ഗ്ഗങ്ങള്‍ നാം കേട്ടിട്ടുണ്ട്. വിപാസനയിലൂടെ അവനവന്റെ കേന്ദ്രത്തിലേക്ക് ചെന്ന് കൂടുതല്‍ ഏകാഗ്രതയും ശാന്തതയും നേടണമെന്ന് ബുദ്ധന്‍ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. തിരക്കും വേഗതയും ആസക്തിയും കൂടിച്ചേര്‍ന്ന് നവമാനവനെ കുറെയൊക്കെ അന്ധനാക്കിയിട്ടുണ്ട്. അതിനു കടിഞ്ഞാണിടാന്‍ സ്വയം എന്താണെന്ന് മനസ്സിലാക്കാന്‍ ഒരവസരം വേണം. അത് ഇന്ന് തീരെ കിട്ടുന്നില്ല. വളരെ അടുപ്പമുള്ളവര്‍ക്കു പോലും ഇടമില്ലാത്ത വിധം മനസ്സില്‍ ഒരു ശൂന്യത വ്യാപിക്കുകയാണ്. ഈ ശൂന്യതയുടെ നിര്‍മ്മാണത്തില്‍ സമൂഹത്തിന്റേതായ ഒരു പങ്കുണ്ട്. കാരണം സമൂഹം സംഭാഷണങ്ങളെയും ചിന്തകളെയും വികാരങ്ങളെയും ശീലങ്ങളെയും ഉല്പാദിപ്പിക്കുന്നു.
സദ്ഗുരു ജഗ്ഗി വാസുദേവ് ഉള്ളിലെ നിശ്ശബ്ദതയെക്കുറിച്ച് പറഞ്ഞത് ഇവിടെ സംഗ്രഹിക്കുന്നു: ‘സംഭാഷണം സമൂഹത്തിന്റേതാണ്. വാക്കുകള്‍ മനസ്സിന്റേതാണ്. ശബ്ദം പ്രകൃതിയുടേതും ശബ്ദമില്ലാത്ത ലോകം അതീതത്വത്തിന്റേതുമാണ്. എന്നാല്‍ ഒരാള്‍ സ്വന്തം ഭാഷണങ്ങളെ തിരിച്ചറിയുന്നുണ്ടെങ്കില്‍ അവന്‍ സമൂഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പലര്‍ക്കും നിശ്ശബ്ദമാകാന്‍ പ്രയാസമാണ്. കാരണം, നിശ്ശബ്ദത ഒരു സാമൂഹികജീവി എന്ന നിലയില്‍ നിന്ന് ഒരുവനെ വ്യക്തിജീവിയുടെ തലത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. സദ്ഗുരു ജഗ്ഗി വാസുദേവ് പറയുന്നത്, സാമൂഹിക മനുഷ്യന്‍ എന്ന യാഥാര്‍ഥ്യത്തെ ചിലപ്പോഴെങ്കിലും ഉരിഞ്ഞുകളഞ്ഞ് ആന്തരികമായ അഭിവൃദ്ധിക്കായി നിശ്ശബ്ദതയിലേക്ക് തിരിച്ചു പോകണമെന്നാണ്. ഈ നിശബ്ദതയാണ് ഡിജിറ്റല്‍ കാലത്ത് ശരിക്കും ലൈവ് ആകേണ്ടത്.
വായന
സാഹിത്യത്തിലെ വിവിധ തലമുറകളെ കണ്ട കവിതയിലെ മഹാമുനിയായ അക്കിത്തം വിടവാങ്ങിയത് നമ്മുടെ ആത്മീയ ജീവിതത്തില്‍ കാതലായ ഓര്‍മ്മകളാണ് അവശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ ഉണ്ടാകാന്‍ ഇരിക്കുന്നതേയുള്ളൂ. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ (ജ്ഞാനപീഠത്തില്‍ നിന്ന് മോക്ഷപീഠത്തിലേക്ക്), ഡോ.കൂമുള്ളി ശിവരാമന്‍ (അദ്വൈത ധ്വനി നിറയുന്ന അക്കിത്തം കവിത) എന്നിവര്‍ ‘കേസരി’ (ഒക്ടോബര്‍ 23 ) യില്‍ എഴുതിയ ലേഖനങ്ങള്‍ ഗഹനമായ ആ കാവ്യപ്രപഞ്ചത്തെ അര്‍ത്ഥവത്തായി വലംവച്ചു. ‘വിനയത്തിന്റെയും ലാളിത്യത്തിന്റെയും വിളനിലമായ ആ മഹാമനുഷ്യനു പാര്‍ത്ഥസാരഥിയായ ഭഗവാന്‍ അരുളിച്ചെയ്ത സ്ഥിതപ്രജ്ഞത്വം സഹജഗുണമായിരുന്നു’ എന്ന് ഉണ്ണികൃഷ്ണന്‍ എഴുതുന്നുണ്ട്. മരണവും ജീവിതവും ഒന്നാകുന്ന ജീവിതഗന്ധിയായ സ്‌നേഹലയനമാണ് അക്കിത്തം കവിതകളില്‍ കാണുന്ന മൃത്യുബോധമെന്നും ഇത് ഭഗവദ്ഗീതയും ബൗദ്ധദര്‍ശനം ഉള്‍ക്കൊള്ളുന്നതിന്റെ ഫലമാണെന്നും കൂമുള്ളി നിരീക്ഷിക്കുന്നു.
നോബല്‍
ഈ വര്‍ഷത്തെ സാഹിത്യനോബല്‍ ലഭിച്ച ലൂയിസ് ഗ്‌ളിക്കി(അമേരിക്ക) ന്റെ കവിതകള്‍ എന്‍.ശശിധരന്‍ പരിഭാഷപ്പെടുത്തിയത് (മലയാളം ഒക്ടോബര്‍ 19) സന്ദര്‍ഭോചിതമായി.
‘എരിയുന്ന ഇലകള്‍’ എന്ന കവിതയിലെ ഈ വരികള്‍ നോക്കൂ:
‘മരിച്ച ഇലകള്‍ക്ക്
എളുപ്പം തീപിടിക്കും.
അവ പെട്ടെന്ന് എരിയുന്നു.
അധികം സമയം എടുക്കാതെ
അവ വസ്തുവില്‍ നിന്ന് ഇല്ലായ്മയിലേക്ക്
രൂപം മാറുന്നു.
…..
ഭൂമി മരിച്ചുപോയിരിക്കുന്നു എന്ന് ചിലപ്പോള്‍ ഇങ്ങനെയാവും നിങ്ങള്‍ അറിയുക’.
ഇതുപോലെ അനാര്‍ഭാടമായി വസ്തുക്കളുടെ ആന്തരികദര്‍ശനം നല്‍കുന്ന കവിതകള്‍ക്ക് ഇന്ന് ആസ്വാദക മനസ്സില്‍ വലിയ ഇടം കിട്ടിയിട്ടുണ്ട്. എഴുതാന്‍ തിരഞ്ഞെടുക്കുന്ന വിഷയത്തെ തടസ്സപ്പെടുത്തുന്ന മട്ടിലുള്ള വര്‍ണനകളും കപട വാങ്മയങ്ങളും അതിവൈകാരികതയും കാലഹരണപ്പെട്ടു. അതൊക്കെ ഇന്നത്തെ വായനക്കാര്‍ക്ക് ദുഷ്‌കരമായിരിക്കും; പായല്‍ നിറഞ്ഞ ജലാശയം പോലെ.
വിമര്‍ശനം
ഡോ. എം ലീലാവതി ടീച്ചര്‍ക്ക് ഒരിക്കലും മൗനമില്ല. എപ്പോഴും എഴുതുക എന്ന സാരസ്വത പ്രവാഹമാണ് അവിടെയുള്ളത്. ടീച്ചറുടെ ജീവിതത്തെക്കുറിച്ച് ഇതുവരെയും ആരും ഒന്നും എഴുതിയിട്ടില്ല. ബേബി തോമസ് എഴുതിയ ‘എഴുത്തും ജീവിതവും’ എന്ന അഭിമുഖം (ഭാഷാപോഷിണി, ഒക്ടോബര്‍) ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രയോജനകരമാണ്. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തെപ്പറ്റി ടീച്ചര്‍ പറയുന്നത് കൗതുകകരമായി: ”അഴീക്കോടിനു ജി യുടെ ഉദാത്തകവിതകള്‍ തിരിച്ചറിയാനും അന്ത:സത്ത ഉള്‍ക്കൊള്ളാനും വേണ്ടുന്ന ഭാവുകത്വമോ സമാനസഹൃദയത്വമോ ഇല്ലായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല. ഉണ്ടായിട്ടും അവ ഉപയോഗിക്കാതെ താനും, കൂടെ നിന്ന ചെറുസംഘവും ഒരുങ്ങിപ്പുറപ്പെട്ടാല്‍ ഒരു കവിയെ ജനഗണമനത്തില്‍നിന്ന് തുടച്ചുനീക്കാം എന്ന ഔദ്ധത്യമാണ് ‘എഴുതിത്തള്ളുന്നതിന്’ പ്രേരണയായി ഭവിച്ചത്. അഴീക്കോടിനെ വിമര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകമെഴുതാന്‍ പുറപ്പെടരുത് എന്നു കുറുപ്പ് മാസ്റ്റര്‍ വിലക്കിയതിനാല്‍ ‘ജിയുടെ കാവ്യജീവിതത്തില്‍’ അഴീക്കോടിന്റെ പുസ്തകത്തെപ്പറ്റി എന്റേതായ ഒരു പരാമര്‍ശവും കാണില്ല’.
‘കെ.പി.അപ്പന്‍: വിമര്‍ശനം ദര്‍ശനം, (ഡോ.ബിന്‍സി ഡി.ജെ) എന്ന പുസ്തകത്തെപ്പറ്റി വായിച്ചു. കെ. പി.അപ്പന്റെ പഠനങ്ങളെ മുന്‍നിര്‍ത്തി ആധുനികതയെ വിലയിരുത്തുകയാണ് ഈ ഗ്രന്ഥത്തില്‍.
ധരംപാല്‍
അപാരമായ ഗവേഷണ ബുദ്ധിയും ചരിത്രജ്ഞാനവുമാണ് ധരംപാലിന്റെ പുസ്തകങ്ങളുടെ പ്രത്യേകത. 1976 ല്‍ മഹാസാമൂഹിക ശാസ്ത്രജ്ഞനായ ക്ലോദ് അല്‍വാരിസ് ഹോളണ്ടിലെ ഒരു ലൈബ്രറിയില്‍ വച്ചാണ് ധരംപാലിന്റെ പുസ്തകങ്ങള്‍ കാണാനിടവന്നത്. ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക ചരിത്രത്തെപ്പറ്റി ആഴത്തില്‍ പഠിച്ചെഴുതിയിരിക്കുന്ന ഈ പുസ്തകങ്ങളെ മലയാളത്തില്‍ പരിഭാഷ ചെയ്ത് പ്രസിദ്ധീകരിക്കുകയാണ് ശ്രീലക്ഷ്മിഭായ് ധര്‍മ്മപ്രകാശന്‍ (കൊച്ചി). ഇന്ത്യന്‍ ശാസ്ത്രരംഗം പതിനെട്ടാം നൂറ്റാണ്ടില്‍ എന്ന മൂന്നാം വാല്യം സുരേഷ് ആലുവയുടെ പരിഭാഷയില്‍ പുറത്തുവന്നത് വിജ്ഞാന, ചരിത്ര കുതുകികള്‍ക്ക് വലിയ ആശ്വാസമാണ്. ബ്രാഹ്മണരുടെ ജ്യോതിശാസ്ത്രം, ബനാറസിലെ നിരീക്ഷണാലയം, ഹിന്ദു ബീജഗണിതം, ബംഗാളിലെ വസൂരി കുത്തിവയ്പ് പ്രവര്‍ത്തനങ്ങള്‍, ശനിയുടെ ആറാം ഉപഗ്രഹം തുടങ്ങിയ വിഷയങ്ങള്‍ ഈ പുസ്തകം വിശദമായി ചര്‍ച്ച ചെയ്യുന്നു.
യൂറോപ്യന്‍ ചിത്രകലയിലെ നവീനതയുടെ പിതാവായി പ്രമുഖ ചിത്രകാരനായ പോള്‍ സെസാന്‍ വിശേഷിപ്പിച്ച ദാനീഷ് – ഫ്രഞ്ച് കലാകാരനായ കാമില്‍ പിസാറോCamille Pissaro, 1830þ1903)യെക്കുറിച്ച് കെ.മോഹനചന്ദ്രന്‍ വെള്ളായണി എഴുതിയ ലേഖനം (പ്രഭാവം, സപ്തംബര്‍) ചിത്രകലാ സാഹിത്യത്തെ അലങ്കരിക്കുന്നു. മനസ്സില്‍ പതിയുന്ന ബിംബങ്ങളെ അതേപടി ആവിഷ്‌കരിക്കുന്ന ഇംപ്രഷണിസത്തിന്റെ ആചാര്യനായി കണക്കാക്കപ്പെടുന്ന പിസാറോ എപ്പോഴും കലയെ പരീക്ഷണമാക്കി; വിവേകപൂര്‍ണമാക്കി. The woods at marly,The road to Versailles, The garden of pontoise, The harvest (pontoise) തുടങ്ങിയ ചിത്രങ്ങളില്‍ സമഗ്രമായ ഒരു ലോകത്തെ ആവാഹിക്കാനാണ് ശ്രമിക്കുന്നത്.
വിവേകാനന്ദ സ്മാരകം
വി. റെജികുമാര്‍ കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന് 50 വയസ്സ് തികയുന്ന പശ്ചാത്തലത്തില്‍ എഴുതിയ ‘കടല്‍ നടുവിലെ വിവേക ചന്ദ്രിക’ (മെട്രോവാര്‍ത്ത വാര്‍ഷികപതിപ്പ്) എന്ന ലേഖനം ഈ മഹാസൗധത്തിന്റെ ചരിത്രവും പ്രസക്തിയും ചര്‍ച്ച ചെയ്യുന്നു. സ്വാമി വിവേകാനന്ദന്‍ എപ്പോഴും ആത്മീയപ്രചോദനമാണ്. ലോകത്തിന്റെ കെടാത്ത ജ്വാലയാണ് സ്വാമി. സ്വാമിയുടെ സ്മാരകം പോലെ മനോഹരമായ ഒന്ന് ഈ ലോകത്ത് വേറെ ഒരിടത്തുമില്ല. സ്വാമിക്ക് സ്മാരകം ഉയരേണ്ടത് ആ കടല്‍പ്പാറയില്‍ തന്നെയാണ്. ഇത് നിര്‍മ്മിക്കാനുള്ള ചിന്ത അങ്കുരിച്ച മനസ്സുകളെ നമസ്‌കരിക്കുകയാണ്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സ്വാമി 1892 ഡിസംബര്‍ 25 മുതല്‍ 27 വരെ വരെ ഈ പാറയില്‍ ധ്യാനിച്ച് ഇരുന്നിട്ടുണ്ട്. 1968ല്‍ സ്മാരക നിര്‍മ്മാണം തുടങ്ങി;1970 ല്‍ പൂര്‍ത്തിയായി. ഭാരതത്തിന്റെ ഭൗതിക, ആത്മീയ ജീവിതത്തിന്റെ നവപ്രഭാവമാണ് ആ സ്മാരകം.
നുറുങ്ങുകള്‍
♠ കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയവരാണ് ഇന്ന് കൂടുതല്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നത്. അവര്‍ക്ക് പഞ്ചായത്തു തോറുമുള്ള അവാര്‍ഡുകള്‍ കൂടി വേണം. എങ്കിലേ കേന്ദ്ര, കേരള അവാര്‍ഡുകള്‍ കിട്ടിയതിന്റെ ക്ഷീണം തീര്‍ക്കാനാവുകയുള്ളു. വയലാര്‍ അവാര്‍ഡ് കിട്ടിയവര്‍ക്കും ഈ അസ്‌കിതയുണ്ട്. തൊട്ടുപിറകേ ‘ഡ്രാക്കുള’ അവാര്‍ഡും വേണം.♠ വയലാര്‍ അവാര്‍ഡ് സ്വീകരിക്കണമെന്ന് അപേക്ഷിക്കാന്‍ വന്ന ട്രസ്റ്റ് സെക്രട്ടറിയെ തിണ്ണയില്‍ നിര്‍ത്തി വീട്ടിനുള്ളില്‍ കയറി വാതിലടച്ച അയ്യപ്പപ്പണിക്കരുടെ ആ നടപടി വിശ്വവ്യാപകമായ ഒരു സാരോപദേശമാണ്. പ്രതിഭയ്ക്ക് മാര്‍ക്കിടാന്‍ നടക്കുന്ന പ്രതിഭയില്ലാത്തവരെ പുറത്താക്കേണ്ടത് അനിവാര്യമാണ്.
♠ രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറെ കേന്ദ്രീകരിച്ച് ‘ദ് ഗ്രേറ്റ് ഡിക്‌റേറ്റര്‍’ എന്ന സിനിമ നിര്‍മ്മിക്കാന്‍ ചാര്‍ളി ചാപ്‌ളിന്‍ ധൈര്യം കാണിച്ചു. ഹിറ്റ്‌ലറുടെ വേഷം ചെയ്തതും ചാപ്‌ളിന്‍ തന്നെ. എന്നാല്‍ ഹിറ്റ്‌ലറുടെ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ക്രൂരപീഡനങ്ങളെക്കുറിച്ച് അന്ന് അറിവുണ്ടായിരുന്നെങ്കില്‍ താന്‍ അങ്ങനെയൊരു ചിത്രം സംവിധാനം ചെയ്യില്ലായിരുന്നുവെന്ന് ചാപ്‌ളിന്‍ പിന്നീട് ഏറ്റുപറഞ്ഞിട്ടുണ്ട്. ചാപ്‌ളിനെ ഉള്ളില്‍ ഭയപ്പെടുകയും അദ്ദേഹത്തിനുള്ള ആരാധക പിന്തുണയില്‍ അസ്വസ്ഥനാവുകയും ചെയ്തിരുന്നു ഹിറ്റ്‌ലര്‍. അതുകൊണ്ടാണ് ചാപ്‌ളിന്റെ പ്രസിദ്ധമായ മീശയെ ഹിറ്റ്‌ലറും അനുകരിച്ചത്.
♠ ഡച്ച് ചിത്രകാരനായ വാന്‍ഗോഗിന്റെ ജീവിതകഥ (Lust for life, 1934) അവിഷ്‌കരിച്ച അമേരിക്കന്‍ എഴുത്തുകാരന്‍ ഇര്‍വിംഗ് സ്റ്റോണ്‍ (Irving Stone, 1903-1989) ലോക മനശ്ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡിന്റെ ജീവിതത്തെ ആസ്പദമാക്കിയും ഒരു നോവലെഴുതി: Passions of the mind(1971). വാന്‍ഗോഗിനെ ആവിഷ്‌കരിച്ച Lust for life ഒരു ക്‌ളാസിക്കായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഈ നോവല്‍ മുപ്പത് പ്രസാധകശാലകള്‍ പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ കാര്യം ആരെയും ഞെട്ടിക്കുന്നതാണ്.
♠ റഷ്യന്‍ എഴുത്തുകാരന്‍ ദസ്തയെവ്‌സ്‌കിയുടെ നോവലുകള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കഥാപ്രസംഗമായി വി.സാംബശിവന്‍ എത്രയോ വേദികളില്‍ പറഞ്ഞു!. എന്തുകൊണ്ടോ ഇന്ന് കഥാപ്രസംഗം വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നില്ല. മഹാസാഹിത്യ കൃതികള്‍ കഥാപ്രസംഗമായി അവതരിപ്പിക്കാന്‍ ആരുമില്ല.
♠ ദൂരദര്‍ശനു വേണ്ടി ‘മാരിവില്ലിന്‍ തേന്‍ മലരേ മാഞ്ഞു പോകയോ’ എന്ന ഗാനം കെ.എസ്.ജോര്‍ജ് പാടുന്നത് യു ട്യൂബില്‍ കണ്ടു. അദ്ദേഹത്തെ രോഗവും ക്ഷീണവും ആക്രമിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. എന്നിട്ടും ജോര്‍ജ് പാടി, തന്റെ ആത്മാവിലെ സമസ്ത വേദനയും ജീവിത പ്രേമത്തിന്റെ സിദ്ധൗഷധമായി നുണഞ്ഞിറക്കിക്കൊണ്ട്.
♠ സകല അവാര്‍ഡുകളും വാങ്ങി മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ അമര്‍ന്നിട്ടും ചില എഴുത്തുകാര്‍ക്ക് നില്‍ക്കക്കള്ളിയില്ല. അവര്‍ ദിവസേന ഫേസ്ബുക്കിലേക്ക് വച്ചുപിടിക്കുകയാണ്. തന്റെ പുസ്തകത്തെക്കുറിച്ച് പരസ്യം ചെയ്ത് ലൈക്ക് മേടിക്കാന്‍! അപ്പോള്‍ സ്വന്തം മുഖ്യധാരയ്ക്ക് എന്താണ് വില ?