1980 കളിലാണ് ബഹിരാകാശവും വാനശാസ്ത്രവുമൊക്കെ ആവേശമായി അന്നത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മനസ്സിലും ചിന്തകളിലും പടര്‍ന്നുകയറിയത്. വൈകാതെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ദൈവങ്ങളെ പോലെയായി. ആര്യഭട്ടയും ഭാസ്‌കരയും സ്പുട്‌നിക്കും സോയൂസും അപ്പോളോയുമെല്ലാം കൂടപ്പിറപ്പുകളായി.ബഹിരാകാശ ദുരന്തങ്ങള്‍, കുടുംബത്തിലുണ്ടായ മരണങ്ങള്‍ പോലെ കണ്ണീരില്‍ കുതിര്‍ന്നു.
അങ്ങിനെയൊരു ദിനമാണ് ഹാലിയുടെ വാല്‍നക്ഷത്രം എന്നാദ്യം കേട്ടത്. പ്രത്യേകതയൊന്നും തോന്നാത്ത ഒരു പേരാണെങ്കിലും അത് ഉള്ളിലെവിടയോ തറച്ചു. 76 വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്ന ആ വാല്‍നക്ഷത്രം 1986 മാര്‍ച്ച് മുതല്‍ രണ്ടുമാസത്തേക്ക് നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമാകാന്‍ പോകുന്നു എന്ന വാര്‍ത്ത മനസ്സില്‍ നിറച്ച ആവേശം ജീവിതത്തിലെ എറ്റവും വലിയ മുതല്‍ക്കൂട്ടായി.
എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ ആരവം ഉള്ളിലും പുറത്തും തിരതല്ലുന്ന ഒരു സായന്തനത്തില്‍ ആകാശവാണിയിലൂടെ ആ വാര്‍ത്ത ഒഴുകിയെത്തി. ഹാലി ദൃഷ്ടിഗോചരമായിരിക്കുന്നു. അതിരാവിലെ, തെക്കുകിഴക്കേ ചക്രവാളത്തില്‍ ഹാലിയെ കാണാം. ഉറക്കം വരാത്ത ഒരു രാത്രി ഒരുവിധം തള്ളിനീക്കി. മാര്‍ച്ച് 23 ന്റെ സരസ്വതീയാമത്തില്‍ ജീവിതത്തിലെ ഏറ്റവും അസുലഭമായ ആ കാഴ്ച കണ്‍നിറയെ കണ്ടു. കൃത്യമായി, തെക്കുകിഴക്കേ ചക്രവാളത്തിലെ തെളിഞ്ഞ മാനത്ത്, യശോദയോട് പിണങ്ങി നീലക്കടമ്പില്‍ നിന്ന് ചാടാനൊരുങ്ങുന്ന കണ്ണനെപ്പോലെ, ഹാലി കിഴക്കാംതൂക്കായി തിളങ്ങി വിളങ്ങുന്നു.ജീവിതത്തിലാദ്യമായി സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ സന്ദര്‍ഭമായി ആ മാര്‍ച്ച് 23 ന്റെ പുലര്‍കാലം. തലമുറകള്‍ക്ക് പകര്‍ന്നുനല്കാനുള്ള അനുഭവത്തിന്റെ മഹാനിധിയായി.
പിറ്റേന്ന് സ്‌കൂളില്‍ നിന്നുള്ള ഒരു പോസ്റ്റ് കാര്‍ഡ്. ഹാലി മേളയോട് അനുബന്ധിച്ചുള്ള ക്വിസ് മത്സരത്തില്‍ പങ്കെടുക്കാനെത്തുക. ബഹിരാകാശവും ജ്യോതിശാസ്ത്രവുമെല്ലാം അരങ്ങുതകര്‍ത്ത ആ ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനമായി ലഭിച്ച റഷ്യന്‍ നിര്‍മ്മിത ടെലസ്‌കോപ്പുമായി സ്‌കൂളില്‍ മടങ്ങിയെത്തിയപ്പോഴുണ്ടായ ആഹ്ലാദത്തിനു സമമായി പിന്നീടൊന്നുണ്ടായിട്ടില്ല.
വാല്‍ നക്ഷത്രം
ഭൂമിയുടെ അന്തരീക്ഷത്തിലുണ്ടാകുന്ന പലവിധ അസ്വസ്ഥതകളാണ് ഈ രൂപത്തില്‍ ദൃഷ്ടിഗോചരമാകുന്നത് എന്നായിരുന്നു അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തം. വാല്‍നക്ഷത്രങ്ങള്‍ ചന്ദ്രന് പിന്നിലെവിടെയോ ആണ് കിടക്കുന്നത്. ഭൂമിയില്‍ കഷ്ടകാലം വരുന്നതിന്റെ സൂചനയായാണ് ഇവ പ്രത്യക്ഷപ്പെടുന്നത് എന്നും വിശ്വസിക്കപ്പെട്ടിരുന്നു.
പേരിലൊരു നക്ഷത്രമുണ്ട് എന്നതൊഴിച്ചാല്‍ ഇവന് നക്ഷത്രവുമായി ഒരു ബന്ധവുമില്ല. കടലാടിയിലെ കടല്‍ പോലെ തന്നെ. ശൂന്യാകാശത്തിന്റെ ഇരുണ്ട അഗാധതകളില്‍ ഗതികിട്ടാപ്രേതങ്ങളെ പോലെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പ്രപഞ്ചവസ്തുക്കളാണിവ. സാന്ദ്രത കുറഞ്ഞ പൊടിപടലങ്ങള്‍ ഖരരൂപത്തിലായ കാര്‍ബണ്‍ഡയോക്‌സൈഡ് തുടങ്ങിയവയെല്ലാം കൂടിച്ചേര്‍ന്ന ഒരു വലിയ പാറ ആണ് വാല്‍ നക്ഷത്രത്തിന്റെ ന്യൂക്ലിയസ്. ചുറ്റിത്തിരിഞ്ഞു സൂര്യനും നക്ഷത്രങ്ങള്‍ക്കും സമീപമെത്തുമ്പോള്‍ ഇതിലെ സാന്ദ്രത കുറഞ്ഞ വസ്തുക്കളും വാതകങ്ങളും ചൂടായി ബാഷ്പീകരിക്കപ്പെട്ടു ന്യൂക്ലിയസ്സിനു ചുറ്റും കോമ എന്ന ഭാഗവും വാതകങ്ങളും പൊടിപടലങ്ങളും പിന്നില്‍ അടിഞ്ഞു കൂടുകയും ചെയ്യുന്നു. വേഗത്തിലോടുന്ന ഒരു അത്‌ലറ്റിന്റെ മുടി പിന്നിലേക്ക് നില്‍ക്കുന്നത് പോലെ, ഓടുന്ന ഒരു ബോട്ടിന് പിന്നില്‍ നീളത്തില്‍ ഓളപ്പാത്തികള്‍ രൂപപ്പെടുന്നത് പോലെ. പ്രകാശമേല്‍ക്കുമ്പോള്‍ ഇത് മനോഹരമായ ഒരു വാലായി തിളങ്ങുന്നു. അപൂര്‍വമായി മാത്രം നക്ഷത്രങ്ങളുടെയിടയില്‍ പ്രത്യക്ഷപ്പെടുന്ന ഈ അഭൗമ വസ്തുവിനെ ആരോ എപ്പോഴോ വാല്‍നക്ഷത്രം എന്ന് വിളിച്ചു. അതിന്നും തുടരുന്നു.
അതായത് വാല്‍നക്ഷത്രത്തിന്റെ വാല്‍ എന്ന് പറയുന്നത് സൂര്യന് സമീപമെത്തുമ്പോള്‍ മാത്രമുണ്ടാകുന്ന ഒരു പ്രതിഭാസമാണ്. അകന്ന് പോകുന്തോറും വാല്‍ ചെറുതായി ചെറുതായി ഒരു പാറക്കഷണം മാത്രമായി അനന്ത ശൂന്യതയിലേക്ക് വിലയം പ്രാപിക്കും.
1705 ല്‍ പുറത്തിറങ്ങിയ എഡ്മണ്ട് ഹാലി Synopsis of the Astronomy of Comets എന്ന പുസ്തകത്തില്‍, ന്യൂട്ടന്റെ ഗുരുത്വനിയമങ്ങള്‍ അടിസ്ഥാനമാക്കി വാല്‍നക്ഷത്രങ്ങളുടെ സഞ്ചാര പഥങ്ങള്‍ക്ക് വിശദീകരണം ഉണ്ടായി. ഗവേഷണത്തിനിടയില്‍, നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് സഞ്ചരിച്ച ഹാലി കൃത്യമായ ഇടവേളകളില്‍, ഭൂമിയില്‍ ദൃശ്യമായ ഒരു വാല്‍നക്ഷത്രത്തിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ചു.
കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ 1531 , 1607, 1682 എന്നീ വര്‍ഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാല്‍നക്ഷത്രങ്ങളുടെ സ്വഭാവം ഒരേപോലെയായിരുന്നു എന്ന് മനസ്സിലായി. അതില്‍നിന്നും ഈ മൂന്ന് വാല്‍നക്ഷത്രങ്ങളും ഒന്ന് തന്നെയാണ് എന്ന നിഗമനത്തില്‍ അദ്ദേഹം എത്തി. അങ്ങിനെ, ഭ്രമണപഥം കൃത്യമായി കണക്കാക്കി, 76വര്‍ഷങ്ങള്‍ക്ക് ശേഷം, 1758 ല്‍ ഈ വാല്‍നക്ഷത്രം ഭൂമിയെത്തേടി എത്തും എന്ന് അദ്ദേഹം പ്രവചിച്ചു.
പക്ഷേ 1758 ഡിസംബര്‍ വരെ ഇവനെ കാണാതിരുന്നപ്പോള്‍, ശാസ്ത്രലോകം പതുക്കെ ഹാലിയെ മറക്കാന്‍ തുടങ്ങി. യാത്രാമധ്യേ, വ്യാഴത്തിന്റെയും ശനിയുടെയും സമീപത്തുകൂടി കടന്നുപോയപ്പോഴുണ്ടായ വന്‍ ഗുരുത്വവ്യതിയാനങ്ങളായിരുന്നു വാല്‍നക്ഷത്രത്തെ വൈകിച്ചത്. ഒടുവില്‍ വാനശാസ്ത്ര മോഹികളുടെ പ്രതീക്ഷകളുടെ നീലാകാശത്തെ പ്രകാശമാനമാക്കി 1759 മാര്‍ച്ചില്‍ അവന്‍ വന്നെത്തുക തന്നെ ചെയ്തു.തന്റെ മഹത്തായ പ്രവചനം യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ 1742 ല്‍ തന്നെ എഡ്മണ്ട് ഹാലി യാത്രയായിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ഈ വാനശാസ്ത്ര അത്ഭുതത്തിന് മഹാനായ ശാസ്ത്രജ്ഞന്റെ പേര് തന്നെ നല്കിയാണ് ലോകം ആദരിച്ചത്. പിന്നീട്, 1835ലും 1910ലും ഹാലി ഭൂമിയുടെ ആകാശം ചുംബിച്ചു. 1910ല്‍ ആദ്യമായി ഹാലി ക്യാമറയിലും പതിഞ്ഞു.
1910നും 1986നും ഇടക്കുള്ള 76 വര്‍ഷത്തില്‍ ചരിത്രത്തിന്റെ ചക്രം തിരിഞ്ഞത് അതിവേഗത്തിലാണ്. ചിറകുകള്‍ മുളച്ച മനുഷ്യന്‍ ഭൂഖണ്ഡങ്ങള്‍ താണ്ടി പറന്നു. അണുശക്തിയുടെ കരുത്ത് ഹിരോഷിമയുടെ മുകളില്‍ തീമഴയായി പെയ്തിറങ്ങി. രണ്ടു ലോകമഹായുദ്ധങ്ങളിലൂടെ, രാജ്യാതിര്‍ത്തികള്‍ മാത്രമല്ല, മനുഷ്യന്റെ ചിന്താരീതികള്‍ പോലും മാറിമറിഞ്ഞു. ന്യൂട്ടന്‍ എന്ന വടവൃക്ഷം ഐന്‍സ്റ്റീന്‍ എന്ന സൗമ്യതക്ക് മുന്‍പില്‍ കടപുഴകി. മനുഷ്യന്റെ വിജ്ഞാനതൃഷ്ണയും കഠിനാധ്വാനവും അമ്പിളിമാമനില്‍ വരെ വിജയക്കൊടി നാട്ടി. നിതാന്ത ജാഗ്രതയുമായി നമ്മുടെ ആകാശ ദൂതന്മാരായ കൃത്രിമോപഗ്രഹങ്ങള്‍ സൗരയൂഥം വരെ താണ്ടി.
1986 ല്‍ ഹാലിയെ വരവേല്‍ക്കാന്‍ നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും സോവിയറ്റ് യൂണിയനും വന്‍ തയ്യാറെടുപ്പുകള്‍ തന്നെ നടത്തിയിരുന്നു. 1986 ജനുവരിയിലെ ചലഞ്ചര്‍ ദുരന്തം കാരണം നാസ ദൗത്യങ്ങളില്‍ നിന്നും പിന്മാറി. ഒരു താഴ്ന്ന ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഷട്ടിലില്‍ നിന്നും ഹാലിയെ നിരീക്ഷിക്കാനായിരുന്നു അവരുടെ പദ്ധതി. പക്ഷെ ചാലഞ്ചര്‍ ദുരന്തം കാരണം, ഷട്ടില്‍ ദൗത്യങ്ങള്‍ തത്കാലത്തെക്ക് നിര്‍ത്തിവെച്ചു.
പിന്നെയുണ്ടായിരുന്നത്,യൂറോപ്പിന്റെ ഗിയോട്ടോയും (Giotto ) സോവിയറ്റ് യൂണിയന്റെ വേഗയുമയിരുന്നു. ഇത് രണ്ടും ഹാലിയുടെ ന്യൂക്ലിയസ്സിനു 8000 കിലോമീറ്റര്‍ വരെ സമീപമെത്തി അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തി. വാല്‍നക്ഷത്രങ്ങളെപ്പറ്റിയുള്ള പഠനം പ്രപഞ്ചോത്പത്തിയിലേക്ക് വരെ നീളുന്നതാണ് എന്നത് കൊണ്ടുതന്നെ ഹാലിയുടെ വരവിനു അതീവ പ്രാധാന്യമുണ്ടായിരുന്നു. ഇത്രയടുത്ത്, ഇത്രയും സമയം ഒരു വാല്‍നക്ഷത്രത്തെ കിട്ടുക എന്നത് ഇനിയും 76 കൊല്ലത്തിനപ്പുറമാണ് എന്നത് പ്രാധാന്യം വര്‍ദ്ധിപ്പിച്ചു.
ഒരു മാസത്തോളം പുലര്‍കാല ഗഗനത്തെ പ്രകാശമാനമാക്കി ഹാലി തത്കാലത്തെക്ക് കണ്ണില്‍ നിന്ന് മറഞ്ഞു. ഇഷ്ടന്‍ ഭ്രമണത്തിനിടയില്‍ സൂര്യന് പിന്നില്‍ ഒരു ഒളിച്ചുകളി നടത്തിയതാണ്. മൂന്നാഴ്ച്ചക്ക് ശേഷം സന്ധ്യ മയങ്ങിയ ആകാശത്ത് വീണ്ടും ഹാലിയുടെ പ്രപഞ്ചനാടകം തുടങ്ങി. ഇത്തവണ വാല്‍ പിന്നിലൊളിപ്പിച്ച് ചന്ദ്രനേക്കാള്‍ ഇത്തിരികൂടി വലിയ ഒരു പ്രകാശമായി.
1986 മെയ് പകുതിയോടെ, പുലരിയുടെ പതിനേഴാമത്തെ കാറ്റില്‍ മാഞ്ഞുപോകുന്ന പത്മരാജന്റെ ഗന്ധര്‍വനെപ്പൊലെ ഹാലി കണ്ണില്‍ നിന്ന് മറഞ്ഞു, ഒരു ജന്മസാഫല്യത്തിന്റെ നെടുവീര്‍പ്പുകള്‍ ഈ ചെറുഗോളത്തിലെ വനശാസ്ത്രഭ്രാന്തന്മാര്‍ക്ക് നല്കിക്കൊണ്ട്. 1986 ജനുവരിയില്‍ അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ സ്‌പേസ് ഷട്ടില്‍ ചലഞ്ചറിന്റെ കണ്ണീരോര്‍മകള്‍ മൂന്നുമാസത്തിന് ശേഷം ആനന്ദാശ്രുക്കള്‍ക്ക് വഴിമാറിയ ഈശ്വരനിയോഗം.
ഈ തലമുറയില്‍ ജനിക്കാന്‍ സാധിച്ചതിനു ഈശ്വരനോട് നന്ദി പറയാനുള്ള കാരണങ്ങളില്‍ പ്രഥമസ്ഥാനം തന്നെയുണ്ട് ഹാലിയുടെ വാല്‍നക്ഷത്രത്തിന്. എത്ര പറഞ്ഞാലും മതിയാവില്ല, ആ മീനമാസവാനം നല്കിയ കോരിത്തരിപ്പുകള്‍.