ചക്ഷുഃശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിനപേക്ഷിക്കുന്നതു പോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു.
തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലെ പ്രസിദ്ധമായ വരികളാണിവ. ചക്ഷു: ശ്രവണന്റെ (കണ്ണു കാതായവന്റെ, പാമ്പിന്റെ) വായില്‍ പെട്ട തവള (ദര്‍ദ്ദുരം) ഈച്ചയെ പിടിക്കാന്‍ നാക്കു നീട്ടുന്നതു പോലെയാണ് കാലമാകുന്ന സര്‍പ്പത്തിന്റെ വായില്‍ പെട്ട മനുഷ്യന് ഭോഗങ്ങളുടെ പിന്നാലെ പായുന്നത്. ശ്രീരാമന് ലക്ഷ്മണനെ സാന്ത്വനിപ്പിക്കുന്നതാണ് സന്ദര്‍ഭം.
മണ്ഡൂകവും ദര്ദ്ദുരവും തവളയുടെ പര്യായങ്ങളാണ്.
ചെയ്യുന്ന വിധം
ഘേരണ്ഡ സംഹിതയില്‍ (234) ഈ ആസനം വിവരിക്കപ്പെട്ടിട്ടുണ്ട്. അതാണ് ഇവിടെ കൊടുക്കുന്നത്. ഇതേ പേരില്‍ മറ്റൊരു തരത്തിലും ഇത് ചെയ്യുന്നുണ്ട്. അത് മറ്റൊരവസരത്തില്‍ കാണാം.
കാലുകള്‍ മുന്നോട്ടു നീട്ടിയിരിക്കുക.
വലതുകാല്‍ മടക്കി വലതു തുടയുടെ വശത്തു ചേര്‍ത്തു വെക്കുക.
ഇടതുകാല് ഇടതു വശത്തും.
പൃഷ്ഠം നിലത്തു പതിച്ചു വെക്കണം. കാല്‍മുട്ടുകള്‍ അകത്തി കൈപ്പത്തികള്‍ മുട്ടിന്മേല് പതിച്ചു വെക്കണം. കാല്‍വിരലുകള്‍ വശങ്ങളിലേക്കു നോക്കിയിരിക്കും. കാല്പത്തികളുടെ ഉള്പാര്ശ്വവശങ്ങള്, പെരുവിരലിന്റെ വശമടക്കം നിലത്തു പതിഞ്ഞിരിക്കും.
കണ്ണടക്കുക. ശ്വാസം താളത്തിലും നീളത്തിലും.
ഗുണങ്ങള്‍
സരളമായ ആസനമാണിത്. എന്നാല്‍ കാലിനു വഴക്കം വേണം താനും.
ഏകാഗ്രതയ്ക്കു നല്ലതാണ്. വീര്യലാഭത്തിനു നല്ലതാണ്. മനസ്സ് ഉത്സാഹഭരിതമാവും. ഉണര്‍വ് കിട്ടും.