ഇന്ത്യയ്ക്ക് ആദ്യമായി സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ടാഗൂറിന്റെ ഗീതാഞ്ജലിക്കാണ്. ഇന്നും വേറൊരു ഇന്ത്യക്കാരന് സാഹിത്യനോബല്‍ ലഭിച്ചിട്ടിച്ചില്ല എന്നത് ഇതിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.
1910ലാണ് ബംഗാളിഭാഷയില്‍ ടാഗൂര്‍ ഈ കൃതി എഴുതിയത്. 1912ല്‍ അദ്ദേഹം തന്നെ ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ഇപ്പോള്‍ ഗീതാഞ്ജലിക്ക് നൂറ്റിപ്പത്ത് വയസ്സ്. യുനസ്‌കോയുടെ വിവിധ ഭാഷാ സാഹിത്യങ്ങളുടെ ശേഖരത്തില്‍ ഗീതാഞ്ജലി ഉള്‍പ്പെട്ടിട്ടുണ്ട്. 103 ഗീതങ്ങളാണ് ഇംഗ്ലീഷ് പതിപ്പില്‍ ഉള്ളത്. ലണ്ടനിലെ ഇന്ത്യന്‍ സൊസൈറ്റിയാണ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത്.
ഇംഗ്ലീഷില്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഡബ്ല്യു. ബി. യീറ്റ്‌സ് എന്ന മഹാകവിയുടെ അവതാരിക മറ്റൊരു നേട്ടമായി. പാശ്ചാത്യ വായനക്കാരിലേക്ക് അത് ഒരു പാലമായി പ്രവര്‍ത്തിച്ചു.
ദൈവത്തിനുള്ള അര്‍ച്ചന എന്ന സങ്കല്പത്തിലാണ് ടാഗൂര്‍ ഇത് രചിച്ചിരിക്കുന്നത്. ലോകത്തെ, മനുഷ്യന്റെ ഏറ്റവും നിര്‍മ്മലമായ ഭാവത്തോടെ എങ്ങനെ പുതുതായി കാണാം എന്നാണ് ടാഗൂര്‍ ഇതില്‍ പരീക്ഷിക്കുന്നത്.
സ്വന്തം രാജ്യത്തെ താന്‍ എത്രമാത്രം പവിത്രമായ ഒരിടമായി കാണുന്നുവെന്ന് ഇതില്‍ കവി എഴുതിയിരിക്കുന്നു: എപ്പോഴും വികസിക്കുന്ന ചിന്തയും പ്രവൃത്തിയുമുള്ള സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗ്ഗത്തിലേക്ക് രാജ്യത്തെ നയിക്കേണമേ എന്ന് പ്രാര്‍ത്ഥിക്കാന്‍ ഒരു കവിക്ക് കഴിയുന്നത് വലിയ കാര്യമാണ്.
”നമ്മളൊക്കെ യുദ്ധം ചെയ്തും പണമുണ്ടാക്കിയും മോശം കാര്യങ്ങള്‍ തലയില്‍ കുത്തിനിറയ്ക്കുമ്പോള്‍ ടാഗൂര്‍, ഇന്ത്യന്‍ സംസ്‌കാരത്തെപ്പോലെ ആത്മാവിനെ കണ്ടെത്താനും അതിലേക്ക് ആത്മസമര്‍പ്പണം നടത്താനും പ്രതിജ്ഞാബദ്ധനായിരിക്കുന്നു” എന്ന് ഇംഗ്ലീഷ് കവി യീറ്റ്‌സ് എഴുതിയത് ശ്രദ്ധേയമാണ്.
ടാഗൂറിന്റെ വിലപ്പെട്ട ഏതാനും വാക്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1. മരണം പ്രകാശത്തെ ഇല്ലാതാക്കുകയല്ല; അത് വിളക്കു കെടുത്തുകയാണ്, കാരണം പ്രഭാതം വന്നെത്തിയിരിക്കുന്നു.
2. കാലത്തിന്റെ അരികുകളില്‍ നിങ്ങളുടെ ജീവിതം മിതമായി നൃത്തം ചെയ്യട്ടെ; ഒരിലയുടെ വക്കില്‍ ഒരു മഞ്ഞുതുള്ളി എന്ന പോലെ.
3. ഒരു ശലഭം എണ്ണുന്നത് മാസങ്ങളല്ല; നിമിഷങ്ങളാണ്, എന്നിട്ടും സമയം ധാരാളമുണ്ട്.
4. കത്തിക്ക് വായ്ത്തല എന്നപോലെയാണ് മനസ്സിന് യുക്തി.
5. സ്‌നേഹം എന്തെങ്കിലും സ്വന്തമാക്കാനുള്ളതല്ല; സ്വതന്ത്രമാക്കാനുള്ളതാണ്.
6. ഒരു കുട്ടിയെ നിങ്ങളുടെ അറിവിലേക്ക് ചുരുക്കി കാണരുത്. കാരണം അവന്‍ ജനിച്ചത് മറ്റൊരു കാലത്തിലാണ്.
7. പൂവിന്റെ അല്ലികള്‍ പറിച്ചെടുത്താല്‍ ആ സൗന്ദര്യം കിട്ടുകയില്ല.
8. കൂടുതല്‍ സ്വത്തുള്ളവന് പേടിക്കാനൊരുപാടുണ്ട്.
9. പ്രേമമാണ് ആത്യന്തിക സത്യം.
10. ചെറിയ സത്യത്തിന് വ്യക്തമായ ഭാഷയുണ്ടായിരിക്കും. എന്നാല്‍ വലിയ സത്യത്തിന് വലിയ നിശ്ശബ്ദതയാണുണ്ടാവുക.
വായന
പ്രമുഖ കഥാകൃത്തായിരുന്ന മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സംഭാഷണമധ്യേ ‘ഈശ്വരാ’ എന്ന് വിളിക്കുമായിരുന്നുവെന്ന് കഥാകൃത്ത് ടി.കെ. ശങ്കരനാരായണന്‍ എഴുതുന്നു (മാതൃഭൂമി). ദൈവവിശ്വാസിയല്ലാതിരുന്ന മുണ്ടൂര്‍ ഉടനെ തിരുത്തുമത്രേ: ”സാക്ഷാല്‍ ഈശ്വരനെയല്ലാട്ടോ ഞാന്‍ വിളിച്ചത്.” ദൈവവിശ്വാസിയല്ലാതിരുന്ന ചരിത്രപണ്ഡിതനായ എച്ച്. ജി. വെല്‍സും ഒടുവില്‍ ഈശ്വരനെ വിളിച്ചതായി കേട്ടിട്ടുണ്ട്. മുണ്ടൂര്‍ വളരെ നല്ല വ്യക്തിത്വമായിരുന്നു. അദ്ദേഹം ദൈവവിശ്വാസിയല്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രകൃതത്തിലും പെരുമാറ്റത്തിലും ദൈവമുണ്ടായിരുന്നു. സഹോദരന്‍ അയ്യപ്പന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് ഒരാള്‍ ശ്രീനാരായണ ഗുരുവിനോട് പരാതി പറഞ്ഞപ്പോള്‍ ഗുരു പ്രതികരിച്ചത് ഇങ്ങനെയാണ്: അയ്യപ്പനു വിശ്വാസമില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ ദൈവമുണ്ടല്ലോ. പ്രവൃത്തിയിലുള്ള ദൈവമാണ് ഭഗവാന്‍ കൃഷ്ണന്റെ ഓടക്കുഴലിലും മയില്‍പ്പീലിയിലും സാക്ഷാത്കരിക്കുന്നത്. മനോഹരമായ ചിറകുകളുടെ നിര്‍മ്മാണത്തിലൂടെ ദൈവം ചിത്രശലഭങ്ങളെ കലാകാരന്മാരും കലാകാരികളുമാക്കിയിരിക്കുന്നു. മയിലിനു നിര്‍മ്മിച്ചു നല്‍കിയിരിക്കുന്ന പീലിയും കൃഷ്ണമണിയും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും അതിലെ കല അവഗണിക്കാനാവില്ല. ഈ നീലിമയും ഹരിതാഭയുമാണ് ദൈവം. ദൈവത്തിന് ഇങ്ങനെയേ സ്വയം പ്രകടിപ്പിക്കാനാവൂ. എന്നാല്‍ അതുമായി വിനിമയമുണ്ടാക്കേണ്ടത് മനുഷ്യന്റെ ജോലിയാണ്.
ഈശ്വരന്‍ എന്ന് വിളിക്കുന്നവരൊക്കെ ഈശ്വരനെ നേരിട്ട് കണ്ടിട്ട്, ബോധ്യപ്പെട്ടിട്ട് ആകണമെന്നില്ല. ബോധ്യപ്പെടാതെ വിളിച്ചാലും അത് ഈശ്വരനിലേക്ക് തന്നെ ചെല്ലും. കാരണം ഈശ്വരന്‍ സദ്ഭാവനയാണ്, സ്‌നേഹമാണ്.
അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകള്‍ മലയാളി ജീവിതത്തിനു മേലെയല്ലെന്നും അതിനെ പൊളിക്കാന്‍ ആ സിനിമകള്‍ ശ്രമിക്കുന്നില്ലെന്നും ടി.വി. ചന്ദ്രന്‍ (ഭാഷാപോഷിണി) അഭിപ്രായപ്പെടുന്നു. എന്നാല്‍ അതങ്ങനെയങ്ങ് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് തോന്നുന്നത്. അടൂരിന്റെ ‘സ്വയംവരം’ എന്ന ചിത്രം അന്നത്തെയും ഇന്നത്തെയും മലയാളിയെ തുറന്നു കാണിക്കുന്ന സിനിമയാണ്. ജാതിമാറി കല്യാണം കഴിക്കുന്ന ഒരു തൊഴിലില്ലാത്ത നിര്‍ദ്ധനനോട് സമൂഹം എങ്ങനെ പകവീട്ടുമെന്ന് ആ സിനിമ കാണിച്ചുതരുന്നു. ഇതു തന്നെയാണ് മലയാളിയുടെ എക്കാലത്തെയും മികച്ച സിനിമ.
മികച്ച സിനിമകള്‍ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും ഫിലിം സൊസൈറ്റികളുടെ ഭാഗമാകാനും ചെറുപ്പക്കാര്‍ ഇന്ന് തയ്യാറാവുന്നില്ലെന്ന് ചെലവൂര്‍ വേണു (മലയാളം) അഭിപ്രായപ്പെടുന്നു. ചെറുപ്പക്കാര്‍ ഇന്ന് തിയേറ്ററുകളിലെ മസാല ചിത്രങ്ങളുടെ ആകര്‍ഷണവലയത്തില്‍ പൂര്‍ണമായി അമര്‍ന്നു കഴിഞ്ഞു. രുചിയേറിയ ഭക്ഷണം വില്‍ക്കുന്ന ബൃഹത്തായ ഫുഡ് സ്റ്റാളുകളും മൊബൈല്‍ ഫോണുകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും യുവാക്കളുടെ അഭിരുചി മാറ്റിമറിച്ചിരിക്കുന്നു. എന്റെ വിദ്യാര്‍ത്ഥി ജീവിതകാലത്ത് കലാമൂല്യമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ സമയം അനുവദിച്ചിരുന്നു. ഇന്ന് ഒരു ചാനലും ആ സൗകര്യം ചെയ്യുന്നില്ല.
ചാനലുകള്‍ നല്ല സിനിമയ്ക്കും സാഹിത്യത്തിനും എതിരാണെന്ന് സമ്മതിക്കണം. അരവിന്ദന്റെ തമ്പ്, ചിദംബരം, അടൂരിന്റെ സ്വയംവരം, അനന്തരം തുടങ്ങി നവീന ചേരുവ ഉള്‍ക്കൊണ്ട ഒരു ചിത്രവും ഇനി ചാനലുകളില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. സമാന്തര സിനിമ ശരിക്കും മൃതിയടഞ്ഞു എന്ന് പറയാം. ഇനി തിയേറ്ററുകളുടെ പ്രിയപ്പെട്ട സിനികള്‍ക്കേ ചരിത്രമുള്ളൂ.
മാധ്യമം വാരിക നേരത്തെ നല്ല പ്രസിദ്ധീകരണമായിരുന്നു. എന്തെങ്കിലുമൊക്കെ സാഹിത്യവിഭവങ്ങള്‍ ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ ഏതോ അരസികരായ കുറെ ചെറുപ്പക്കാര്‍ എന്തോ കുത്തിനിറയ്ക്കുകയാണ്. പത്ത് വര്‍ഷമായി ഇത് തുടരുകയാണ്. സാംസ്‌കാരിക പൊങ്ങച്ചത്തിനുള്ള ഉപാധിയെന്ന നിലയില്‍ കുറെ വ്യാജ രാഷ്ട്രീയ ലേഖനങ്ങളും കപട സാമൂഹ്യവാദങ്ങളുമാണ് കാണാനാവുന്നത്. നവ ജേര്‍ണലിസം എന്താണെന്ന് മനസ്സിലാക്കണം. എഴുപതുകളെ കുഴിമാടത്തില്‍നിന്ന് എടുത്ത് കഴുത്തിലണിഞ്ഞ് പൊങ്ങച്ചം കാണിക്കുന്നുണ്ട്, എന്തിന്? വായനക്കാരുമായി ഏതെങ്കിലും തരത്തില്‍ സൗന്ദര്യബന്ധം ഉണ്ടാക്കുന്ന രചനകള്‍ ഉണ്ടാവണം. മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഉടമസ്ഥര്‍ ഈ കുട്ടിക്കളി കാണണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഒരു ആക്രിക്കടപോലെ നിര്‍ജീവമാണ് ഇതിലെ വിഭവങ്ങള്‍ എന്ന് എനിക്ക് പറയേണ്ടി വന്നത്, ഇതില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ എഴുതിയിരുന്നതുകൊണ്ടാണ്.
തഞ്ചാവൂരിലെ ഒരു സമ്മേളനത്തില്‍ ബനാറസ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകനായ രബി സിങ് ‘വൈക്കം മുഹമ്മദ് ബഷീറും തോപ്പില്‍ മുഹമ്മദ് മീരാനും ഒരു താരതമ്യപഠനം’ എന്ന പേരില്‍ ഒരു പ്രബന്ധം അവതരിപ്പിച്ചതായി മീരാന്‍ തന്നെ അറിയിച്ചിരിക്കുന്നു (മീരാനുമായി നേരത്തെ നടത്തിയ അഭിമുഖം, പച്ചക്കുതിര). എത്ര താരതമ്യം ചെയ്താലും കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ക്കും അക്കാദമികള്‍ക്കും ഒരു പുനര്‍ചിന്തനം ഉണ്ടാകില്ല. അവര്‍ മീരാനെ വെറും കന്യാകുമാരി ജില്ലക്കാരനായാണ് കാണുന്നത്. നമ്മുടെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ മീരാനെ ക്ഷണിക്കുകയോ ആദരിക്കുകയോ ചെയ്തില്ല.
നിളാനദി മണ്ണ് നിറഞ്ഞ് ഏത് വെള്ളപ്പൊക്കത്തിലും ഒഴുകാത്ത സ്ഥിതിയിലായി. ആര്‍ക്കും വേദനയില്ല. നദിയിലെ മണ്ണ് മാറ്റാന്‍ പരശുരാമന്‍ വരേണ്ടിവരും? ജെ. നന്ദകുമാര്‍ എഴുതിയ ‘നിളാനദി’ എന്ന കവിത (ഹിന്ദുവിശ്വ)യിലെ വരികളില്‍ നിളയെ അഴകിന്റെ ആഴമെന്ന് വിളിക്കുന്നുണ്ട്. സൗന്ദര്യസാരമെന്നും ഭാവാനുരാഗമെന്നും അദ്ദേഹം വിളിക്കുന്നു. ഈ വിളി നദി കേള്‍ക്കുമോ? കേള്‍ക്കട്ടെ. മനുഷ്യന്റെ അടഞ്ഞ കാതുകള്‍ തുറക്കട്ടെ.
ഇടപ്പോണ്‍ അജികുമാര്‍ എഴുതിയ കഥകള്‍ താരതമ്യേന വായിക്കാന്‍ യോഗ്യമാണ്. പക്ഷേ ‘ദൂത്ത് സാഗറിലെ ദുള്‍പോഡ്’ എന്ന് പുസ്തകത്തിനു പേരിട്ടത് വായനക്കാരുടെ മേലെയുള്ള ഒരു കടന്നുകയറ്റമല്ലേ?
പാബ്‌ളോ നെരൂദയുടെ ‘ഓഡ് ടു റ്റൊമാറ്റോ’ എന്ന കവിത ‘തക്കാളിപ്പഴത്തിനൊരു സങ്കീര്‍ത്തനം’ എന്ന പേരില്‍ ഗീത മുന്നൂര്‍ക്കോട് പരിഭാഷപ്പെടുത്തിയത് (നവനീതം) ഉചിതമായി.
”സഹര്‍ഷം
തെളിമയുള്ള ഉള്ളിയെയത്
വേള്‍ക്കുന്നതാഘോഷിക്കാന്‍
അതിലേക്ക്
ഞങ്ങള്‍ എണ്ണ പകരുന്നു” എന്ന വരികള്‍ കാവ്യാത്മകമാണ്. ഈ കവിതയെക്കുറിച്ച് ഈ ലക്കത്തില്‍ തന്നെ എം.വി. ഷാജി എഴുതിയ ‘തക്കാളിയില്‍ നെരൂദയ്ക്ക് ചെയ്യാനുള്ളത്’ എന്ന ലേഖനം സാരവത്തായി.
എസ്. രമേശന്‍ നായരുടെ കവിതകളെക്കുറിച്ച് ഡോ.ആര്‍.അശ്വതി എഴുതുന്ന ലേഖനപരമ്പര (കേസരി) നല്ലൊരു സംരംഭമാണ്. കവിതയെക്കുറിച്ച് ഇങ്ങനെ എഴുതണം.
മാറ്റിസ് വരയ്ക്കുമ്പോള്‍
ഹെന്റി മാറ്റിസ്
ഫ്രഞ്ച് കലാകാരനായ ഹെന്റി മാറ്റിസ് (1869-1954) ഈ ലോകം കണ്ട ഏറ്റവും വലിയ ചിത്രകാരനാണെന്ന് പറഞ്ഞാല്‍ തെറ്റാവുകയില്ല. മാറ്റിസിന്റെ ഒരു വാക്യം ഉദ്ധരിക്കുകയാണ്: ”ഞാന്‍ ഒരു വസ്തുവും വരയ്ക്കുന്നില്ല. വസ്തുക്കള്‍ക്കിടയിലെ വ്യത്യാസമാണ് ഞാന്‍ വരയ്ക്കുന്നത്.” എന്താണോ താന്‍ വരയ്ക്കുന്നത് അത് ഒരു ഭാവപ്രകടനമാണെന്ന് അദ്ദേഹം കരുതുന്നു. ചിത്രത്തിലെ രൂപത്തിനു മാത്രമല്ല, ശൂന്യതയ്ക്കും ചിലത് പ്രകടിപ്പിക്കാനുണ്ട്. അതിലെ വര്‍ണങ്ങള്‍ ഉള്ളില്‍ രൂപം കൊണ്ടതാണ്. ഭൗതികലോകത്തിന്റെ നിറങ്ങള്‍ക്ക് പകരം താന്‍ അനുഭവിച്ച നിറങ്ങളാണ് അദ്ദേഹം കണ്ടെത്തുന്നത്.
ഒരാള്‍ ചിത്രം വരയ്ക്കുമ്പോള്‍ മുന്‍പ് വരച്ച ചിത്രകാരന്മാരുടെ ശൈലിയും ചിന്തയും കടന്നുവരാവുന്നതാണ്. എന്നാല്‍ അതിനെ മറികടക്കാനാണ് പരിശീലനം ആവശ്യമായിട്ടുള്ളത്.
മാറ്റിസിന്റെ സമീപനത്തിലെ സുപ്രധാനമായ ഒരു വശം ഇതാണ്. ഒരു വസ്തുവിന് വ്യത്യസ്തമായ പങ്ക് വഹിക്കാന്‍ കഴിയും, കലയില്‍. ഉദാഹരണത്തിന്, ഒരു നടന് പത്ത് വ്യത്യസ്ത നാടകങ്ങളില്‍ അഭിനയിക്കാനാകും. ആ പത്ത് നാടകങ്ങളിലും അയാള്‍ സംഭാവന ചെയ്യുന്നത് പത്ത് വ്യത്യസ്ത വേഷങ്ങളാണ്. ഇതുപോലെയാണ് കലയും. കലയിലെ വസ്തു ഒരു നടനെപ്പോലെയാണ്. ആ വസ്തു ഒരു പ്രത്യേക ചിത്രത്തില്‍ മറ്റൊന്നിനും ചെയ്യാനാവാത്ത ഒരു വേഷം അഭിനയിക്കുകയാണ്. മാറ്റിസിന്റെ വിഖ്യാതചിത്രങ്ങളായ ദ പിയാനോ ലെസണ്‍, ബാതേഴ്‌സ് ബൈ എ റിവര്‍, ബ്‌ളൂ നൂഡ്, വുമന്‍ വിത്ത് എ ഹാറ്റ് എന്നിവയില്‍ രൂപങ്ങള്‍ അഥവാ വസ്തുക്കള്‍ യഥാതഥമല്ല ആവിഷ്‌കരിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ വസ്തുക്കള്‍ മനുഷ്യരായാലും മരങ്ങളായാലും വൈകാരിക മുഹൂര്‍ത്തങ്ങളുടെ തുറന്നുകാട്ടലായി രൂപാന്തരപ്പെടുന്നു. ഒരു വസ്തുവിന്റെ ആന്തരികമായ സ്വഭാവമാണ് തന്നെ ആകര്‍ഷിക്കുന്നതെന്ന് മാറ്റിസ് പറഞ്ഞിട്ടുണ്ട്.
നുറുങ്ങുകള്‍
കവി റഫീക്ക് അഹമ്മദ് വിമാനയാത്ര നടത്തിയത്, മനോരമ സപ്ലിമെന്റ് കവര്‍ സ്റ്റോറിയാക്കിയത് കണ്ട് ഞെട്ടിപ്പോയി. വായനക്കാരന് കുത്തുകൊള്ളാന്‍ തന്നെ വിധി.
സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി സിനിമ, സാഹിത്യം എന്നെല്ലാം പറയുന്നത് കാലഹരണപ്പെട്ട ഫെമിനിസ്റ്റ് കിറുക്കിന്റെ ഭാഗമാണ്. ഇത് ഉത്തരാധുനികതയുടെ കാലമല്ല; അതിനും അപ്പുറമുള്ള ഉത്തര-ഉത്തരാധുനികതയുടെ കാലമാണ്. ഇവിടെ ആണ്, പെണ്ണ് എന്ന വേര്‍തിരിവിന് പ്രസക്തിയില്ല. പെണ്ണിനു വളരാനുള്ള അവസരമുണ്ടാകണം. എന്നാല്‍ ലിംഗം ഒരു മാനകമാകുന്നത് പിന്നാക്കം പോക്കാണ്.
മലയാളികളെ സ്വാധീനിച്ച ഏറ്റവും വലിയ പുസ്തകം കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയാണ്.
നമ്മുടെ നാട്ടില്‍ ഉത്തര-ഉത്തരാധുനികത എന്ന് വിളിക്കാവുന്ന എന്തെങ്കിലുമുണ്ടോ എന്ന് ഒരാള്‍ ചോദിച്ചു. ഇപ്പോള്‍ ആരെങ്കിലും ഓടിട്ട കെട്ടിടം വയ്ക്കുന്നുണ്ടോ? ഇന്‍ലന്‍ഡില്‍ കത്തെഴുതുന്നുണ്ടോ? ട്രങ്ക് ബുക്ക് ചെയ്ത് ഫോണ്‍ ചെയ്യുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് തിരിച്ചു ചോദിക്കാനുള്ളത്. ഡിജിറ്റല്‍ സാങ്കേതികതയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും അവയവമാറ്റവും ഫുഡ്‌കോര്‍ട്ടും എല്ലാം ഉത്തര-ഉത്തരാധുനികതയുടെ പ്രത്യേകതകളാണ്.
തോറോ
ഹെന്റി ഡേവിഡ് തോറോ
അമേരിക്കന്‍ പരിസ്ഥിതി തത്ത്വജ്ഞാനിയും ചിന്തകനുമായിരുന്ന ഹെന്റി ഡേവിഡ് തോറോ (1817-1862)) യുടെ സൂക്ഷ്മസംവേദനസ്വഭാവമുള്ള ആശയങ്ങള്‍ ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ‘സിവില്‍ ഡിസ് ഒബീഡിയന്‍സ്’ എന്ന ആശയം കടംകൊണ്ടത് തോറോയില്‍ നിന്നാണ്. അദ്ദേഹത്തിന്റെ ചില ചിന്തകള്‍ ചുവടെ:
ഈ ലോകം നമുക്ക് ചിത്രം വരയ്ക്കുന്നതിന് ഭാവന ചെയ്യാനുള്ള ഇടമാണ്.
സ്‌നേഹത്തേക്കാള്‍, പണത്തേക്കാള്‍, പ്രശസ്തിയേക്കാള്‍ എനിക്കു സത്യം നല്‍കൂ.
നമ്മുടെ ജീവിതത്തെ പരമാവധി ലഘൂകരിക്കുക; വിരലിലെണ്ണാവുന്ന കാര്യങ്ങളിലേക്ക്.
ആഡംബരങ്ങളും സുഖസൗകര്യങ്ങളും ജീവിതത്തിന് ഒട്ടും അനിവാര്യമല്ല എന്നത് പോകട്ടെ; അത് മനുഷ്യവംശത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സം നില്‍ക്കുകയും ചെയ്യുന്നു.
പിന്നിലേക്ക് നോക്കരുത്, ആ വഴിക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍.
സ്വപ്നങ്ങളാണ് നമ്മുടെ സ്വഭാവത്തിന്റെ ഉരകല്ലുകള്‍.