അമന്ദവേഗേന തുന്ദം
ഭ്രാമയേദുഭ പാര്‍ശ്വയോ:
സര്‍വരോഗാന്‍ നിഹന്തീഹ
ദേഹാനല വിവര്‍ധനം.
(ഘേരണ്ഡ സംഹിത 1 – 52 )
വയറിനെ രണ്ടു ഭാഗത്തേക്കും വേഗത്തില്‍ ചലിപ്പിക്കുന്നതാണ് നൗളി അഥവാ ലൗലികി.
ഘേരണ്ഡ മുനി, ചണ്ഡകപാലി എന്ന ശിഷ്യനുപദേശിക്കുന്ന ഹഠയോഗ തത്വങ്ങളാണ് ഘേരണ്ഡ സംഹിത. അതില്‍ ഒന്നാം അധ്യായത്തില്‍ ആറ് ശുദ്ധിക്രിയകളെ (ഷഡ്കര്‍മങ്ങള്‍) പറയുന്നു. ധൗതി, ബസ്തി, നേതി, ലൗലികീ, ത്രാടകം, കപാലഭാതി എന്നിവയാണ് അവ. നൗളി (ലൗലികീ ) അവയിലൊന്നാണ്.
ചെയ്യുന്ന വിധം
കാലുകള്‍ ഒരു മീറ്റര്‍ അകലത്തിലാക്കി നില്‍ക്കുക.
കാല്‍മുട്ട് അല്‍പം മടക്കി, അല്‍പം മുന്നോട്ടു കുനിഞ്ഞ് കൈകള്‍ തുടയില്‍ ഉറപ്പിക്കുക. ശരീരത്തിന് കൈകള്‍ താങ്ങാവുന്നു എന്നര്‍ത്ഥം. കൈമുട്ടുകള്‍ മടങ്ങില്ല.
ദീര്‍ഘനിശ്വാസംകൊണ്ട് ശ്വാസകോശത്തിലെ വായു പൂര്‍ണമായും പുറത്തു കളയുക. ശ്വാസം പുറത്തു തന്നെ നിറുത്തിക്കൊണ്ട് തല കുനിച്ച് ഉദരപേശികളെ ഉള്ളോട്ടു വലിച്ച് നട്ടെല്ലിനോടൊട്ടിക്കുക. ഇതിന് ഉഡ്യാണ ബന്ധം എന്നു പേരുണ്ട്. പിന്നീട് ഉദരപേശികളെ മദ്ധ്യത്തിലേക്ക് ആകര്‍ഷിക്കുക. അത് അവിടെ ഒരു പാലം പോലെ നില്‍ക്കും. ഉദരത്തിന്റെ രണ്ടു വശവും ഉള്ളോട്ടു കുഴിഞ്ഞിരിക്കും.
സാധിക്കുന്നത്ര സമയം ഈ സ്ഥിതിയില്‍ നിന്ന ശേഷം ഉദരം സാവധാനത്തില്‍ സ്വതന്ത്രമാക്കി തല ഉയര്‍ത്തി നിവര്‍ന്നുനിന്ന് സാവധാനത്തില്‍ ശ്വാസം എടുക്കുക. ഇത് മധ്യമ നൗളി. ഉദരപേശികളെ ഇടത്തുഭാഗത്തു നിറുത്തിയാല്‍ വാമനൗളി. വലത്തു നിറുത്തിയാല്‍ ദക്ഷിണ നൗളി. അതു തന്നെ ഇടത്തു നിന്നു വലത്തോട്ടും തിരിച്ചും വേഗത്തില്‍ ചലിപ്പിച്ചാല്‍ ഭ്രമരനൗളി അഥവാ നൗളീചാലനം.
ശരീരശോധനത്തിന് സഹായകരമാകുന്ന ഈ ക്രിയ ഒരു പരിശീലകനില്‍ നിന്നു തന്നെ അഭ്യസിക്കണം. വിഷമം തോന്നുമ്പോള്‍ നിറുത്തണം.
ഗുണങ്ങള്‍
സര്‍വരോഗസംഹാരിയും ദഹനശക്തി വര്‍ദ്ധകവും ആണ് ഇത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിനും പ്രചോദനം ലഭിക്കും