അതീവ സൂക്ഷ്മവും മഹത്തരവുമായ ബോധതലങ്ങള്‍ അനുഭവിക്കാനുള്ള കഴിവുകള്‍ ഓരോ മനുഷ്യനിലും ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍ മനുഷ്യരാശിയുടെ നല്ലൊരു ശതമാനത്തിനും അങ്ങനെയൊരു സാധ്യതയെക്കുറിച്ചുള്ള അറിവ് തന്നെയില്ല. മനസ്സിലാക്കിയിട്ടുള്ള ആളുകളാവട്ടെ അത്തരം അനുഭവങ്ങള്‍ നേടാനുള്ള ഉദ്യമത്തിന് ശ്രമിക്കുകപോലും ചെയ്യുന്നില്ല. ബാഹ്യലോകത്തോടുള്ള മനുഷ്യന്റെ ആസക്തി ആണിതിനുകാരണം. ഫലമോ അസംതൃപ്തിയും നിരാശയും. ഈ ലോകത്തില്‍ ജീവിച്ചുകൊണ്ടു തന്നെ, ഇപ്പോള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ടു തന്നെ, അങ്ങേയറ്റം സംതൃപ്തിയോടും സമചിത്തതയോടും ശാന്തിയോടും ജീവിക്കാന്‍ മനുഷ്യനാകും.
ഉയര്‍ന്ന അനുഭവമണ്ഡലങ്ങളിലേക്ക് പ്രവേശിക്കാന്‍ ഏറ്റവും പ്രധാനമായി വേണ്ട യോഗ്യത ഏകാഗ്രതയുള്ള മനസ്സാണ്. ഇക്കാരണത്താല്‍ എല്ലാ ആത്മീയമാര്‍ഗ്ഗങ്ങളിലും ഏകാഗ്രത കൈവരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം കാണാന്‍ കഴിയും. എന്നാല്‍ ഏകാഗ്രത അങ്ങനെ എളുപ്പത്തില്‍ പ്രാപ്തമാക്കാന്‍ കഴിയുന്ന ഒന്നല്ല. മനസ്സ് എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ബലമായി അതിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ വിപരീതഫലമായിരിക്കും അനുഭവിക്കേണ്ടി വരിക. അത് ഒരാളെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയും മോഹഭംഗത്തിനിടയാക്കുകയും ചെയ്യും.
മനസ്സിനെ അല്പനേരം ശ്രദ്ധിക്കൂ… അപ്പോള്‍ അതില്‍ നിന്ന് നിരന്തരമായി ചിന്തകള്‍ പ്രവഹിക്കുന്നത് കാണാന്‍ കഴിയും. അവയില്‍ ചിലത് പരസ്പരബന്ധമുള്ളതും മറ്റു ചിലത് പരസ്പരബന്ധമില്ലാത്തതുമായിരിക്കും. പരസ്പര ബന്ധമില്ലാത്ത ഇത്തരം ചിന്തകളെ വിക്ഷേപങ്ങള്‍ അഥവാ അസ്വസ്ഥമായ ചിന്തകള്‍ എന്ന് വിളിക്കുന്നു.
മനസ്സിന് ശരിയായ രീതിയില്‍ വിശ്രമിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അത് ബോധമനസ്സിലേക്ക് നിരന്തരം ചിന്തകളെ അയച്ചുകൊണ്ടിരിക്കുന്നത്. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏകാഗ്രത ഒരു കിട്ടാക്കനിയായിത്തീരുന്നതും അതുകൊണ്ടാണ്. ഒരാള്‍ക്ക് ശരിയായ രീതിയില്‍ വിശ്രമിക്കാന്‍ കഴിഞ്ഞാല്‍ അഥവാ ഉപബോധ മനസ്സിന്റെ ആഴങ്ങളിലേക്ക് വിശ്രമത്തെ കടത്തിവിടാനായാല്‍, ഏകാഗ്രത എന്ന പ്രതിഭാസം സ്വമേധയോ സംഭവിക്കുന്നു. അതുകൊണ്ട് ഒരു വ്യക്തിയെ വിശ്രമത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന ഒരു സങ്കേതം നമുക്കാവശ്യമാണ്. അതാണ് ക്രിയായോഗം. ക്രിയായോഗത്തില്‍ ഏകാഗ്രത കൈവരിക്കാനായി നേരിട്ടുള്ള ഒരു ശ്രമവും നടത്തുന്നില്ല. മറിച്ച് അതിലെ കായികവും മാനസികവുമായ സങ്കേതങ്ങളിലൂടെ ഏകാഗ്രത സ്വയമേവ സംഭവിക്കുകയാണ് ചെയ്യുന്നത്.
രോഗമില്ലാത്ത ഒരു ശരീരത്തില്‍, പത്ത്‌ലക്ഷം വര്‍ഷത്തെ സ്വാഭാവികമായ ആത്മീയ വളര്‍ച്ചയിലൂടെ മാത്രമേ തലച്ചോറിന് ഈശ്വരീയബോധം കൈവരിക്കാന്‍ സാധിക്കൂ എന്നാണ് നമ്മുടെ യോഗീശ്വരന്മാരുടെ നിഗമനം. മനസ്സിനും ശരീരത്തിനും സൗരോര്‍ജ്ജത്തില്‍ നിന്നും മറ്റ് പല രാസപ്രക്രിയകള്‍ മുഖേനയും ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുമാണ് തുലോം തുച്ഛമായ ഈ പരിണാമം സാധ്യമാകുന്നത്. അങ്ങനെ അനവധി ജന്മങ്ങളിലൂടെയുള്ള പരിണാമത്തിലൂടെ ഒരാള്‍ ഉയര്‍ന്ന ബോധമണ്ഡലങ്ങളിലേക്ക് പ്രവേശിക്കുന്നു. എന്നാല്‍ ക്രിയായോഗപോലെയുള്ള ചില ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെ ഈ പരിണാമം ത്വരിതപ്പെടുത്താനാവുമെന്നും അവര്‍ കണ്ടെത്തി. 30 സെക്കന്റുകൊണ്ട് പരിശീലിക്കുന്ന ഒരു ക്രിയാപ്രാണായാമത്തിലുടെ 1 വര്‍ഷത്തെ സ്വാഭാവിക വളര്‍ച്ച ഒരാള്‍ക്ക് കൈവരുന്നു. അതുകൊണ്ട് ആത്മാര്‍ത്ഥമായി പരിശീലിക്കുന്നവര്‍ക്ക് ഈ ജീവിതകാലഘട്ടത്തില്‍ തന്നെ ആത്മസാക്ഷാത്കാരം നേടാന്‍ സാധ്യമാക്കുന്ന മാര്‍ഗ്ഗമാണ് ക്രിയായോഗം.
എന്താണ് ക്രിയായോഗം?
ഏറ്റവും പുരാതനമെന്ന് കരുതപ്പെടുന്ന ഒരു യോഗശാസ്ത്ര ശാഖയാണ് ക്രിയായോഗം. ആയിരക്കണക്കിന് വര്‍ഷമായി അനേകായിരം സാധകര്‍ പരിശീലിക്കുകയും ഫലപ്രാപ്തി കൈവരിക്കുകയും ചെയ്ത സാധനാശാസ്ത്രമാണത്. പല യോഗകേന്ദ്രങ്ങളും തങ്ങളുടെ പരിശീലന സമ്പ്രദായത്തെ ക്രിയായോഗമെന്ന് വിളിക്കുന്നുണ്ട്. എന്നാല്‍ 1861ല്‍ മഹാവതാര്‍ ബാബാജി എന്ന മരണമില്ലാത്ത ഗുരു, ലാഹിരി മഹാശയന് പകര്‍ന്നു നല്‍കിയ യോഗശാസ്ത്രത്തെയാണ് സാധാരണയായി ലോകം ക്രിയായോഗമെന്ന പേരില്‍ വ്യവഹരിച്ചുപോരുന്നത്.
ഭഗവദ്ഗീതയിലാണ് നമ്മള്‍ ആദ്യമായി ക്രിയായോഗത്തെക്കുറിച്ചുള്ള പരാമര്‍ശം കാണുന്നത്. ഭഗവാന്‍ കൃഷ്ണന്‍ ഒരു ക്രിയയോഗ ഗുരുവായിരുന്നുവെന്നതു തന്നെ ഈ യോഗ ശാഖയുടെ മാഹാത്മ്യത്തെ കാണിക്കുന്നു. കൃഷ്ണന്‍ ഒരു മുന്‍ജന്മത്തില്‍ വിവസ്വാന് ക്രിയ ഉപദേശിച്ചതായി ഗീത പറയുന്നു. വിവസ്വാന്‍ തന്റെ മകനായ മനുവിനും മനു തന്റെ മകനായ ഇക്ഷ്വാകുവിനും അതുപദേശിച്ചു. (ഭഗവദ്ഗീത 4.1-4.5) ഇത്തരത്തില്‍ ഋഷികള്‍ക്ക് പുറമെ ഗൃഹസ്ഥരായ രാജയോഗികളും ഈ വിദ്യയുടെ രക്ഷാകര്‍ത്താക്കളായി പ്രവര്‍ത്തിച്ചു. ഈ രീതി പുതിയ ഭൗതികകാലഘട്ടം വരെ തുടര്‍ന്നുവന്നു. പിന്നീട് ആത്മീയകാര്യങ്ങളുടെ രഹസ്യസ്വഭാവത്താലും മനുഷ്യന്റെ താല്പര്യക്കുറവ് മൂലവും പവിത്രമായ ഈ വിദ്യ അപ്രാപ്യമായിത്തീര്‍ന്നു. വീണ്ടും കൃഷ്ണന്‍ മഹാവതാര്‍ ബാബാജിയുടെ രൂപത്തില്‍ ലാഹിരി മഹാശയന് 1861ല്‍ ക്രിയായോഗ ദീക്ഷ പ്രദാനം ചെയ്തു. ദീക്ഷ കൊടുത്തുകൊണ്ട് ബാബാജി പറഞ്ഞു. ”ഈ പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്നിലൂടെ ഞാന്‍ ലോകത്തിന് നല്‍കുന്ന ക്രിയായോഗമെന്ന യോഗശാസ്ത്രം യുഗങ്ങള്‍ക്ക് മുമ്പ് കൃഷ്ണന്‍ അര്‍ജ്ജുനന് നല്‍കിയ അതേ ശാസ്ത്രത്തിന്റെ പുനരുദ്ധാരണമാണ്. അത് പിന്നീട് പതഞ്ജലിക്കും മറ്റ് ഗുരുക്കന്മാര്‍ക്കും വഴികാട്ടിയായി.”
സംസ്‌കൃതത്തില്‍ ‘ക്രി’ എന്ന ധാതുവിന് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ പ്രതിപ്രവര്‍ത്തനം നടത്തുക എന്നാണ് അര്‍ത്ഥം. അതുകൊണ്ട് ക്രിയായോഗമെന്നാല്‍ ഏതെങ്കിലുമൊരു പ്രത്യേക പ്രവര്‍ത്തനത്തിലൂടെ പരമാത്മാവിലുള്ള ജീവാത്മാവിന്റെ ലയനം (യോഗ) അതായത് ആത്മസാക്ഷാത്കാരത്തിനായ ചില സങ്കേതങ്ങളുടെ പരിശീലനം എന്നര്‍ത്ഥം വരുന്നു. ക്രിയയുടെ മറ്റൊരര്‍ത്ഥം പ്രായോഗികം അഥവാ പ്രാരംഭം എന്നതാണ്. ആ അര്‍ത്ഥത്തില്‍ പ്രായോഗികമായ ചില പ്രാരംഭ തലത്തിലുള്ള പ്രവൃത്തികളിലൂടെ യോഗാവസ്ഥ, ആത്മസാക്ഷാത്കാരം കൈവരിക്കല്‍ എന്നാണര്‍ത്ഥം വരുന്നത്.
ക്രിയായോഗപരിശീലനത്തിലൂടെ കൈവരുന്ന ആദ്യത്തെ പ്രധാന അവസ്ഥ പ്രത്യാഹാരമാണ്. ബാഹ്യലോകവുമായി ഇന്ദ്രിയങ്ങള്‍ക്കുള്ള ബന്ധത്തെ വിച്ഛേദിക്കുന്ന അവസ്ഥയാണത്. അച്ചടക്കത്തിലൂടെയുള്ള പരിശീലനത്തിലൂടെ പതുക്കെ പതുക്കെ ഇച്ഛാപൂര്‍വ്വവും അല്ലാത്തതുമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണവിധേയമാകുകയും പരിപൂര്‍ണ്ണമായ ധ്യാനാവസ്ഥ സാധകന് കൈവരികയും ചെയ്യുന്നു.
പതഞ്ജലി തന്റെ ‘യോഗസൂത്ര’ത്തില്‍ ക്രിയായോഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ”തപസ്വാദ്ധ്യായ ഈശ്വരപ്രണിധാനാനി ക്രിയായോഗ:” തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം – എന്നിവ ചേര്‍ന്നതാണ് ക്രിയായോഗം. തപസ്സെന്നാല്‍ ഒരു വ്യക്തിയുടെ പല തലങ്ങളിലുള്ള (ശാരീരികം, മാനസികം, വൈകാരികം) അശുദ്ധിയെ അഥവാ മാലിന്യത്തെ നീക്കം ചെയ്യുന്ന പ്രക്രിയയാണ്. അതിലൂടെ ഒരാള്‍ക്ക് തന്റെ കുറവുകളെക്കുറിച്ച് കൃത്യമായ അനുഭവമുണ്ടാകുന്നു. അത്തരം അറിവ് ഒരു വെളിപാടുപോലെ പ്രവര്‍ത്തിക്കുകയും തന്റെ കര്‍മ്മഭാണ്ഡത്തെ പൂര്‍ണ്ണമായി നശിപ്പിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ മനസ്സിനെയും ശരീരത്തെയും മാലിന്യമുക്തമാക്കുന്ന പ്രക്രിയയാണ് തപസ്സ്. ‘സ്വാദ്ധ്യായ’മെന്നാല്‍ സ്വന്തം ആത്മാവിന്റെ പഠനം (തന്റെ സ്വയംപഠനം) എന്നാണര്‍ത്ഥം. നമ്മുടെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ തലങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്ന, നിരീക്ഷിക്കുന്ന പ്രക്രിയയാണത്. ‘ഈശ്വരപ്രണിധാനം’ വ്യഷ്ടിബോധം, സമഷ്ടിബോധത്തില്‍ ലയിക്കുന്നതിനെക്കുറിക്കുന്നു.
ഒരാള്‍ സാധാരണയായി ഒരു നിമിഷത്തില്‍ 15 തവണയാണ് ശ്വാസോച്ഛാസം ചെയ്യുന്നത്. എന്നാല്‍ ക്രിയായോഗം പരിശീലിക്കുമ്പോള്‍ അത് ആദ്യം നാല് തവണയായും പിന്നീട് രണ്ട് തവണയായും കുറയുന്നു. വളരെ പുരോഗതി നേടിക്കഴിഞ്ഞാല്‍ അത് ഒരു തവണയായി മാറുന്നു. ദീര്‍ഘമായ ശ്വാസോച്ഛാസത്തിലൂടെ നേടുന്ന അമിതമായിട്ടുള്ള ഓക്‌സിജന്‍ മനുഷ്യരക്തത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിനെ ഇല്ലാതാക്കാന്‍ ഉപയോഗപ്പെടുന്നു. അത്തരത്തില്‍ രക്തം അതീവ സമ്പുഷ്ടമായിത്തീരുകയും ചെയ്യുന്നു. ശ്വാസത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന ഓക്‌സിജന്‍ ക്രിയായോഗപരിശീലനത്തിന്റെ ഫലമായി ആണവ ഊര്‍ജ്ജത്തിന്റെ അടിസ്ഥാനഘടകങ്ങളായി മാറുകയും പിന്നീട് സൂക്ഷ്മമായ പ്രാണനായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. ക്രിയായോഗത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ശ്വസനരീതി നിരന്തരമായി പ്രാവര്‍ത്തികമാക്കുന്നതിലൂടെ കോശങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മാലിന്യം പൂര്‍ണ്ണമായും ഇല്ലാതാകുന്നു.
ഈ അവസ്ഥ കൈവരിക്കാനായാല്‍ ശരീരത്തിലൂടെ ഇരുണ്ട, അശുദ്ധമായ, ദ്രോഹകരമായ രക്തം പ്രവഹിക്കുകയില്ല. അതുകൊണ്ടുതന്നെ ശുദ്ധീകരണത്തിനായി രക്തം ഹൃദയത്തിലേക്ക് പമ്പ് ചെയ്യേണ്ട ആവശ്യവും വരുന്നില്ല. ഈ പ്രക്രിയയുടെ പരിണിതഫലം മുകളിലേക്ക് സഞ്ചരിക്കുന്ന പ്രാണന്റേയും താഴേക്ക് സഞ്ചരിക്കുന്ന അപാനന്റേയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലയ്ക്കുക എന്നതാണ്. അതോടെ ശരീരത്തിന് ശ്വസനത്തിന്റെ ആവശ്യകത ഇല്ലാതായിത്തീരുന്നു. സാധാരണ നിലയില്‍ ശ്വാസത്തിന്റെ സഹായത്തോടെയാണ് പ്രാണന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നടത്തുന്നത്. ശ്വസനം ഇല്ലാതാകുന്നതോടെ ശ്വാസത്തിന്റെ അടിമത്തത്തില്‍ നിന്നും മുക്തനാകുന്ന പ്രാണന്‍ ആത്മാവിന്റെ ദിശയിലേക്ക് തിരിയും.
സാധകന്‍ ശരീരബോധത്തില്‍ നിന്ന് ആത്മബോധത്തിലേക്ക് ഉണരുന്നത് അങ്ങനെയാണ്. വളരെക്കാലത്തോളം കുറച്ചുപേര്‍ക്കുമാത്രം നേടാന്‍ കഴിയുമായിരുന്ന ഒരു സാധനാസമ്പ്രദായമായിരുന്നു ക്രിയായോഗം. സമൂഹത്തില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്ന സന്യാസികളും യോഗികളുമായിരുന്നു പ്രധാനമായും അതിന്റെ ഗുണഭോക്താക്കള്‍. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ലാഹിരി മഹാശയന്‍ രംഗപ്രവേശം ചെയ്തതോടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും കീഴ്‌മേല്‍ മറിഞ്ഞു. പുതിയ കാലഘട്ടത്തില്‍ ആത്മസാക്ഷാത്കാരത്തെ പ്രദാനം ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തരമായ വിദ്യയെ പ്രചരിപ്പിക്കാന്‍ വേണ്ടി ജന്മമെടുത്ത മഹാനായിരുന്നു അദ്ദേഹം. ദീക്ഷ നല്‍കിയതിനുശേഷം ബാബാജി അദ്ദേഹത്തോട് പറഞ്ഞു. ”ഈ വിദ്യക്കുവേണ്ടി എല്ലാം ത്യജിച്ചവരെയാകണം നീ ഇത് പഠിപ്പിക്കേണ്ടത്.” അത്തരം ശിഷ്യന്മാരുടെ ദൗര്‍ലഭ്യമോര്‍ത്തും ഇത്തരം മഹത്തായ സാധനാശാസ്ത്രത്തിന്റെ ശക്തിയാല്‍ ഉയരങ്ങള്‍ താണ്ടാന്‍ കഴിവുള്ള സാധാരണ ജനങ്ങളെക്കുറിച്ചോര്‍ത്തും ചിന്തിതനായ ലാഹിരി മഹാശയന്‍ ബാബാജിയോട് കരുണയുണ്ടാകുവാന്‍ അപേക്ഷിച്ചു. ബാബാജി അദ്ദേഹത്തിന്റെ മനസ്സ് തുറക്കാനാവശ്യപ്പെട്ടു. അപ്പോഴാണ് മനുഷ്യരാശിയുടെ ആത്മീയ ഗതിയെതന്നെ മാറ്റിമറിച്ച സംഭവമുണ്ടായത്. ലാഹിരി മഹാശയന്‍ പറഞ്ഞു. ”എന്റെ അടുത്ത് ക്രിയായോഗം പഠിക്കാന്‍ വരുന്ന ഏതൊരാളേയും ഞാന്‍ പഠിപ്പിക്കും. മാത്രമല്ല ഞാന്‍ അവരുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്യും.” അങ്ങനെയാണ് ജാതിയോ മതമോ ഭൂമിശാസ്ത്രമോ ലിംഗമോ പ്രായമോ ഒന്നും തന്നെ തടസ്സമാകാതെ ക്രിയായോഗം മനുഷ്യരായ എല്ലാവര്‍ക്കും പഠിക്കാനുള്ള അവസരം കൈവന്നത്. സാധാരണ മനുഷ്യര്‍ക്കിടയില്‍ ജീവിച്ചുകൊണ്ട് ഗൃഹസ്ഥനായ ആ യോഗി അയ്യായിരത്തില്‍പ്പരം ആളുകളുടെ ജീവിതം ധന്യമാക്കി. പരോക്ഷമായി ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെ സമ്പുഷ്ടമാക്കുവാനും അദ്ദേഹത്തിനായി.
ക്രിയായോഗം ഒരു ക്രിയാഗുരുവില്‍ നിന്നോ അദ്ദേഹം അധികാരം നല്‍കിയ ഒരു ആചാര്യനില്‍ നിന്നോ ദീക്ഷ മുഖേന പഠിക്കേണ്ട ഒന്നാണ്. ദീക്ഷയെന്നത് അത്യന്തം പവിത്രമായ ഒരു ചടങ്ങാണ്. ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട പുതിയതും ദിവ്യവുമായ ഒരു വഴിയിലൂടെയുള്ള യാത്രയാണത്. ദീക്ഷാസമയത്ത് ഗുരു അഥവാ ആചാര്യന്‍ ശിഷ്യന്റെ നെറ്റിയിലോ (ആജ്ഞാചക്ര) ശിരസ്സിന്റെ മദ്ധ്യഭാഗത്തോ (സഹസ്രാരചക്ര) തൊടുകയും അയാളില്‍ അന്തര്‍ലീനമായ ദൈവീക ശക്തിയെ (കുണ്ഡലിനി) ഉണര്‍ത്തുകയും ചെയ്യുന്നു. അതിനുശേഷം ആദ്യത്തെ ക്രിയാപാഠത്തില്‍ പഠിക്കേണ്ട സങ്കേതങ്ങള്‍ പഠിപ്പിക്കുന്നു. ക്രിയായോഗം സാധാരണ നാലുമുതല്‍ ആറു വരെയുള്ള ദീക്ഷയിലൂടെയാണ് മുഴുവനായി പഠിക്കാന്‍ കഴിയുക. ശിഷ്യന്‍ പരിശീലനത്തിലൂടെ നേടുന്ന യോഗ്യതയാണ് ഉയര്‍ന്ന ക്രിയകള്‍ നേടുന്നതിനുള്ള മാനദണ്ഡം. ക്രിയായോഗ ദീക്ഷയിലൂടെ ഒരാളുടെ കര്‍മ്മഭാണ്ഡങ്ങള്‍ (സഞ്ചിത കര്‍മ്മങ്ങള്‍) എല്ലാം തന്നെ ഭസ്മീകരിക്കപ്പെടുന്നു. പുതുതായി കൈവരിക്കുന്ന സംവേദനക്ഷമതയിലൂടെ അയാള്‍ക്ക് ദിവ്യമായ നാദവും പ്രകാശവും കമ്പനവും ക്രമേണ അനുഭവിക്കാനാവുന്നു.
ക്രിയായോഗം പരിശീലിക്കുമ്പോള്‍ നമ്മുടെ നട്ടെല്ല് കാന്തം പോലെയായിത്തീരുന്നു. ആജ്ഞാചക്രം പോസിറ്റീവ് പോളും മൂലാധാരചക്രം നെഗറ്റീവ് പോളുമായി രൂപാന്തരം പ്രാപിക്കുന്നു. തുടര്‍ച്ചയായി നടത്തുന്ന ശ്വാസപ്രശ്വാസങ്ങളിലൂടെ സംഭവിക്കുന്ന വൈദ്യുതി പ്രവാഹം കാന്തികമായ ഊര്‍ജ്ജത്തിന്റെ സ്വഭാവം കൈവരിക്കുകയും നാഡീവ്യൂഹത്തിലെയും പ്രപഞ്ച സ്രോതസ്സിലെയും ഊര്‍ജ്ജത്തെ നട്ടെല്ലിലേക്ക് വലിച്ചെടുക്കുകയും ചെയ്യുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ ബാഹ്യലോകത്തേക്ക് നഷ്ടപ്പെടുന്ന ബോധത്തെ ഉള്ളിലേക്ക് തിരിക്കാനും നട്ടെല്ലിലേയും മസ്തിഷ്‌കത്തിലേയും സൂക്ഷ്മമായ പ്രത്യക്ഷാനുഭവങ്ങളില്‍ ആ ബോധത്തെ ഉറപ്പിക്കാനും സാധകനാകുന്നു. ക്രമേണ അയാള്‍ക്ക് ധ്യാനാവസ്ഥ കൈവരുന്നു.
സമാനതകളില്ലാത്ത പാത
നമ്മളില്‍ പലര്‍ക്കും തികച്ചും അശാന്തമായ മനസ്സാണുള്ളത്. അതുകൊണ്ടുതന്നെ ഏതെങ്കിലും വസ്തുവിലോ വിഷയത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ആത്മീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നം മനസ്സാണ് എന്ന് നല്ലൊരു ശതമാനം ആളുകളും വിശ്വസിക്കുന്നു. ഇത് അങ്ങേയറ്റം അസംബന്ധവും അപായകരവുമായ ഒരു വിശ്വാസമാണ്. ‘ഇതില്‍’ നിന്ന് ‘അതിലേക്കുള്ള’ ഒരു പാലമാണ് മനസ്സ്. മനസ്സിന്റെ ചാഞ്ചല്യം പല കാരണങ്ങള്‍ കൊണ്ടാവാം. ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, ദഹനശക്തിയുടെ കുറവ്, നാഡീവ്യൂഹത്തിലൂടെയുള്ള ഊര്‍ജ്ജപ്രവാഹത്തിന്റെ കുറവ് അങ്ങനെ പല കാരണങ്ങളാലും മനസ്സ് അസ്വസ്ഥമാകാം. മനസ്സിനെ കുറ്റം പറയുകയല്ല ഇതിനുള്ള പരിഹാരം. ക്രിയായോഗ അചാര്യന്മാര്‍ പറയുന്നത് മനസ്സിനെ നിയന്ത്രിക്കേണ്ട ആവശ്യമേ ഇല്ലെന്നാണ്. ക്രിയായോഗം അച്ചടക്കത്തോടെ പരിശീലിക്കുക മാത്രമാണ് ഒരാള്‍ ചെയ്യേണ്ടതെന്ന് അവര്‍ പറയുന്നു. ക്രമേണ മനസ്സ് ഒരു തരത്തിലും ശല്യം ചെയ്യാത്ത അവസ്ഥ ആ സാധകന് കൈവരും. അതായത് ക്രിയായോഗം എന്ന സാധനാശാസ്ത്രം ഉണ്ടാക്കിയിട്ടുള്ളതുതന്നെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ക്കും, ഏകാഗ്രത ഇല്ലാത്തവര്‍ക്കും, മനസ്സിന് സ്ഥിരതയില്ലാത്ത ആളുകള്‍ക്കും, ഒരു ആസനത്തില്‍ അധികം ഇരിക്കാന്‍ കഴിയാത്തവര്‍ക്കും കൂടി വേണ്ടിയാണ്.
മനസ്സിന്റെ അടിച്ചമര്‍ത്തലല്ല ഏകാഗ്രതയിലേക്കുള്ള വഴി. മനസ്സ് ഒന്നേയുള്ളു. ആ മനസ്സിനെ പ്രകോപിപ്പിച്ച് അതിനെ രണ്ടാക്കി മാറ്റരുത്. അങ്ങനെ ചെയ്താല്‍ നിയന്ത്രിക്കുന്ന ആളും നിയന്ത്രിക്കപ്പെടുന്ന ഇരയും എന്ന തരത്തില്‍ മനസ്സ് രണ്ടായി തിരിഞ്ഞ് അയാളില്‍ വിഭ്രാന്തി സൃഷ്ടിക്കും. നമ്മുടെ മതങ്ങളോ തത്വശാസ്ത്രങ്ങളോ ആചാരങ്ങളോ ഒന്നും തന്നെ മനസ്സിനോട് സ്‌നേഹപൂര്‍വ്വവും ലാളിത്യമാര്‍ന്നതുമായ സമീപനമല്ല പുലര്‍ത്തിയിട്ടുള്ളത്. മനസ്സ് എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണെന്ന് നമ്മള്‍ കരുതാനിടയായത് അങ്ങിനെയാണ്. മനസ്സിനോടുള്ള നമ്മുടെ സമീപനരീതി മാറ്റേണ്ടതും ശാസ്ത്രീയമായ രീതിയില്‍ അതിനെ വിശകലനം ചെയ്യേണ്ടതും ആവശ്യമാണ്. മനസ്സ് എന്നത് കേവലം ഒരു മാനസിക സൃഷ്ടിയോ ചിന്താസരണിയോ അല്ല. മനസ്സ് എന്നത് ഒരു ഊര്‍ജ്ജമാണ്. ക്രിയായോഗത്തിലൂടെ ആ ഊര്‍ജ്ജത്തെ മെരുക്കിയെടുക്കാനാണ് നാം ശ്രമിക്കുന്നത്. ആ ഉദ്യമത്തില്‍ ഒരു കാരണവശാലും അതിനെ ബലമായി നിയന്ത്രിക്കാനുള്ള ശ്രമം നടത്തരുത്. ഒരു സ്‌ഫോടനമായിരിക്കും പിന്നീടുണ്ടാവുക. എത്ര അടിച്ചമര്‍ത്തപ്പെടുന്നുവോ അത്രയും ശക്തമായിരിക്കും ആ സ്‌ഫോടനവും.
ക്രിയായോഗത്തിന്റെ സമീപനം വ്യക്തവും കൃത്യതയാര്‍ന്നതുമാണ്. മനസ്സിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതേ ഇല്ലെന്നാണ് അതിന്റെ കാഴ്ചപ്പാട്. ഏതെങ്കിലും വിധത്തില്‍ ഇരിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ മറ്റൊരുവിധത്തില്‍ ഇരിക്കുക, കണ്ണടയ്ക്കാന്‍ തോന്നുന്നില്ലെങ്കില്‍ കണ്ണ് തുറന്നിരിക്കുക. എന്നാല്‍ ക്രിയായോഗപരിശീലനം തുടരുക. ക്രിയായോഗത്തിന്റെ സങ്കേതങ്ങള്‍ ശരീരത്തിന്റെ ആഴത്തിലുള്ള അവസ്ഥാന്തരങ്ങളെ നേരിട്ട് സ്വാധീനിക്കാന്‍ കഴിവുള്ളവയാണ്. ഇവയാണ് മനസ്സിന്റെ പല അവസ്ഥകള്‍ക്കും മൂലകാരണമായി വര്‍ത്തിക്കുന്നത്. ശരീരം മനസ്സിനെയും മനസ്സ് ശരീരത്തെയും സ്വാധീനിക്കുന്നു. ക്രിയായോഗത്തിന്റെ സൗന്ദര്യമെന്നതുതന്നെ അത് മനസ്സിനെ സ്വാഭാവികമായ ചലനങ്ങള്‍ക്ക് അനുവദിക്കുന്നു എന്നതാണ്, അതുകൊണ്ട് സാധകന് സമ്മര്‍ദ്ദത്തിന്റെ ഭാരമില്ലാതെ തന്റെ പരിശീലനം നടത്താന്‍ കഴിയുന്നു. യഥാകാലം ഏകാഗ്രത സ്വയമേവ വന്നുചേരുകയും ചെയ്യുന്നു.
അങ്ങേയറ്റം വിശ്വാസ്യയോഗ്യവും കൃത്യമായ ഫലപ്രാപ്തിയും പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒരു സാധനാശാസ്ത്രമാണ് ക്രിയായോഗ. പ്രധാനമായും ഗൃഹസ്ഥരെ ഉദ്ദേശിച്ച് ഉണ്ടാക്കിയിട്ടുള്ള ഇതിലെ സങ്കേതങ്ങള്‍ 13 വയസ്സിന് മുകളിലുള്ള ആര്‍ക്കും പരിശീലിക്കാവുന്നതാണ്. പഠിക്കാനും പരിശീലിക്കാനുമുള്ള ആഗ്രഹത്തിനുപുറമെ മറ്റൊരു യോഗ്യതയും ഇതിനാവശ്യമില്ല. ഗൃഹസ്ഥന്മാര്‍ക്കുള്ള ഈ സാധനാശാസ്ത്രത്തിന് ബ്രഹ്മചര്യത്തിന്റെ ആവശ്യമില്ല. മറ്റു പല സാധനാപദ്ധതികളെയും പോലെ ഉപവാസമോ ഭക്ഷണകാര്യങ്ങളില്‍ നിയന്ത്രണമോ ഇതിലില്ല. ബുദ്ധിമുട്ടുള്ള ആസനങ്ങളോ, ബലമായി ശ്വാസത്തെ അടക്കിനിര്‍ത്തലോ ഒന്നും തന്നെ ക്രിയായോഗത്തിലില്ല. ക്രിയായോഗം മനുഷ്യന്റെ ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാ ദുരിതങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്. അവന്റെ എല്ലാവിധത്തിലുള്ള വികാസത്തിനും ശാന്തിക്കും അത് കാരണമാവുന്നു. ഏതൊരു വ്യക്തിയെയും സമൂഹത്തെയും രാഷ്ട്രത്തെയും ഉന്നതിയിലേക്ക് നയിക്കാന്‍ ക്രിയായോഗത്തിനാവും. അതുവഴി ലോകത്തില്‍ ശാന്തിയുടേയും സമൃദ്ധിയുടേയും സന്തോഷത്തിന്റേയും ഒരു കാലഘട്ടം നിര്‍മ്മിക്കാനും.