Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കഥ

അമ്മ

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
7 June 2019

കഴുത്തിന്റെ വേദന സഹിക്കാന്‍ പറ്റാതായിരിക്കുന്നു. എന്തായാലും ഇന്നുതന്നെ ഹോസ്പിറ്റലില്‍ പോകണം. കൂടെവരാന്‍ ആരുമില്ല. ഒറ്റയ്ക്ക് പോവുകതന്നെ. എത്ര ദിവസമായി വേദന തുടങ്ങിയിട്ട്. തലയില്‍നിന്ന് തുടങ്ങുന്ന വേദന അരിച്ചരിച്ച് പിന്നിലൂടെ പുറത്തേക്കിറങ്ങുന്നു. പിന്നെ ഇരിക്കാനും നില്‍ക്കാനും കഴിയില്ല. പെയിന്‍ കില്ലര്‍ കഴിച്ച് ഒരുവിധം പിടിച്ചുനിന്നു.

Google NewsAdd Kesari Weekly as a preferred source on Google

ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് തലേദിവസം തന്നെ ബുക്ക് ചെയ്തിരുന്നതുകൊണ്ട് വിഷമമുണ്ടായില്ല. പരിശോധിക്കുമ്പോള്‍ ഡോക്ടര്‍ ആദ്യംതന്നെ ചോദിച്ചത് അമേരിക്കയില്‍ എത്തിയിട്ട് എത്ര വര്‍ഷം ആയെന്നാണ്. പിന്നെ ജോലിയുടെ രീതി, ഭക്ഷണക്രമം തുടങ്ങി ഓരോന്നും. അല്പം കറുത്ത് തടിച്ച ഡോക്ടറെ കണ്ടപ്പോള്‍ തമിഴനോ ആന്ധ്രക്കാരനോ ആണെന്നാണ് കരുതിയത്.

ADVERTISEMENT

‘നാട്ടില്‍ എവിടെയാ വീട്?’ – പച്ചമലയാളത്തില്‍ ഡോക്ടര്‍ ചോദിച്ചു
‘വീട് തിരുവനന്തപുരത്താണ്’, താന്‍ പറഞ്ഞു.

പരിശോധിക്കുമ്പോള്‍ പലതും ചോദിച്ചു. പിന്നീട് വീണ്ടും കസേരയിലിരിക്കുമ്പോള്‍ മുന്നിലെ എക്‌സിബിറ്ററില്‍ ഡോക്ടര്‍ തന്റെ പിന്‍ഭാഗത്തിന്റെ ചിത്രം കാട്ടിത്തന്നു. തലയും നട്ടെല്ലും ചേരുന്ന ഭാഗത്ത് മുഴച്ചുനില്‍ക്കുന്ന കശേരുക്കള്‍.

‘സാധാരണ ശരീരത്തില്‍ ഇങ്ങനെ കശേരുക്കള്‍ പുറത്തേക്ക് തള്ളിനില്‍ക്കാറില്ല. നട്ടെല്ലില്‍നിന്ന് പുറപ്പെടുന്ന എല്ലുകള്‍ രണ്ടുവശത്തുനിന്നും കശേരുക്കളുടെ മുകളിലേക്ക് തെന്നിക്കയറിയിരിക്കുന്നു. ഇതാണ് വേദനയുടെ കാരണം. വര്‍ഷങ്ങളായി കമ്പ്യൂട്ടറും മൊബൈലും ഉപയോഗിക്കാന്‍ കഴുത്ത് കുനിച്ചു പിടിക്കുന്നതുമൂലം ഏറ്റവും മുകളിലറ്റവും പുറത്തേക്ക് തള്ളിയിരിക്കുന്നു. ഇപ്പോള്‍ ടെക്കികള്‍ക്കു മാത്രമല്ല, സാധാരണക്കാര്‍ക്കുപോലും ഈ രോഗമുണ്ട്.’

നാട്ടില്‍നിന്ന് ഒരാളെ കിട്ടിയതുകൊണ്ട് ഡോക്ടര്‍ക്ക് സന്തോഷം. മലയാളികളുടെ ഏതൊക്കെയോ സംഘടനകളുടെ ഭാരവാഹിയുമാണ് ആള്‍. കാപ്പിക്ക് ഓര്‍ഡര്‍ ചെയ്ത് കണ്‍സള്‍ട്ടന്‍സി അദ്ദേഹം സൗഹൃദസംഭാഷണമാക്കി മാറ്റി. പോരുംമുന്‍പ് ഡോക്ടര്‍ പറഞ്ഞു,

‘തല്ക്കാലം വേദന കുറയാനുള്ള മരുന്ന് തരാം. പിന്നെ ചെയ്യാനുള്ള കുറച്ച് എക്‌സര്‍സൈസും കാട്ടിത്തരാം. ബാക്കി നമുക്ക് അടുത്ത തവണ നോക്കാം.’ – രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും കാണാന്‍ സമയം കൂടി തന്നാണ് വിട്ടത്.

അടുത്ത തവണ ചെല്ലുന്നതിനിടെ ഒന്നുരണ്ടു തവണ ഡോക്ടറുമായി ഫോണില്‍ സംസാരിച്ചിരുന്നു. അന്നത്തെ അപ്പോയിന്റ്‌മെന്റ്‌സ് ഒക്കെ നേരത്തെ തീര്‍ത്ത് ഡോക്ടര്‍ കാത്തിരിക്കുകയായിരുന്നു.

വേദന കുറഞ്ഞെങ്കിലും പൂര്‍ണ്ണമായും കഴുത്ത് ചലിപ്പിക്കാന്‍ പറ്റാത്തതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് അദ്ദേഹം പറഞ്ഞത്.

‘മോഡേണ്‍ മെഡിസിനില്‍ ഇതിന് സര്‍ജറി മാത്രമാണ് പരിഹാരം. നാട്ടില്‍ നല്ല ഏതെങ്കിലും ആയുര്‍വേദ ആശുപത്രിയില്‍ പോയാല്‍ കുറച്ചുദിവസത്തെ ചികിത്സകൊണ്ടു തന്നെ മാറിക്കിട്ടും’, ഡോക്ടര്‍ ചോദിച്ചു.
‘എവിടെയാ പഠിച്ചത്?’
‘സി.ഇ.ടിയില്‍ ആണ്.’
‘വീട്ടില്‍ ആരൊക്കെയുണ്ട്?’

ആശുപത്രിയുടെ മുറ്റത്തെ ജലധാര മുകളിലേക്ക് കുതിക്കുന്നതു നോക്കിയിരിക്കുമ്പോഴാണ് ഡോക്ടര്‍ ചോദിച്ചത്. മറുപടി പറഞ്ഞത് വളരെ പതുക്കെയാണ്.
‘ആം ആന്‍ ഓര്‍ഫന്‍’

ഒരുനിമിഷം ഡോക്ടര്‍ പകച്ചുപോയി. താന്‍ അനാഥനാണെന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉള്ളതുപോലെ തോന്നി.

‘അതൊക്കെ ഞാന്‍ മറക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന കഥയാണ്. ഓര്‍മ്മിക്കുമ്പോള്‍ ഐ.ടിയും ടെക്‌നോളജിയുമൊക്കെ മാറിനില്‍ക്കും.’

പിന്നെ ഡോക്ടര്‍ ഒന്നും ചോദിച്ചില്ല. ഒരാഴ്ചയ്ക്കുശേഷം വീണ്ടും കാണാന്‍ പറഞ്ഞ് മടക്കി അയക്കുമ്പോള്‍ ഡോക്ടറുടെ മുഖത്തെ വികാരങ്ങള്‍ വായിച്ചെടുക്കാനായില്ല. ചുരുങ്ങിയ കാലംകൊണ്ട് ഒരു നല്ല സൗഹൃദം വിരിയുകയായിരുന്നു. അടുത്തതവണ കണ്ടപ്പോഴാണ് നാട്ടിലെ രണ്ടുമൂന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ തന്നത്. നാട്ടിലേക്ക് ഒരു മടക്കം ആലോചനയിലേ ഉണ്ടായിരുന്നില്ല. ആരെ കാണാന്‍, ആരുമില്ലല്ലോ!

പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും വേര്‍പിരിഞ്ഞത്. പിന്നീട് പുതിയ ഭാഗ്യം തേടി വിദേശത്തേക്ക് പറക്കാനുള്ള തത്രപ്പാടില്‍ താന്‍ എന്ന ബാധ്യത അമ്മയ്ക്ക് വേണ്ടായിരുന്നു എന്നാണ് പറഞ്ഞു കേട്ടത്. പറക്കമുറ്റാത്ത കിളിയായി മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമായി തന്റെ ജീവിതം.

നാട്ടില്‍ ചികിത്സയ്ക്കു പോകുന്നതാണ് നല്ലതെന്ന് ഡോക്ടര്‍ ആവര്‍ത്തിച്ചപ്പോള്‍ സമ്മതം മൂളി.

ചികിത്സ ഒരുക്കിയിരുന്നത് തിരുവനന്തപുരത്ത് തന്നെയുള്ള ഒരു വൈദ്യാലയത്തിലായിരുന്നു. ജീവിതം, ഭക്ഷണം, വിശ്രമം തുടങ്ങി എല്ലാ കാര്യങ്ങളും വൈദ്യര്‍ വിശദമായി ചോദിച്ചറിഞ്ഞു. ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞ് കൈയുടെ ചലനങ്ങള്‍ നോക്കുമ്പോഴാണ് എവിടെയൊക്കെയോ മുറുക്കിപ്പിടിക്കുന്നതും കണ്ടെത്തിയത്. 21 ദിവസത്തെ ചികിത്സ. സസ്യാഹാരം മാത്രമേ കഴിക്കാവൂ. ഭക്ഷണവും എല്ലാം ഇവിടെ തന്നെ ഒരുക്കിയിരിക്കും. തയ്യാറായിട്ടാണോ വന്നതെന്ന് ചോദിച്ചപ്പോള്‍ അന്നുതന്നെ ചികിത്സ തുടങ്ങാമെന്ന് പറഞ്ഞു.

രാവിലെ നേരത്തെ തുടങ്ങുന്ന ചികിത്സ. പിന്നീട് കുറെ നേരമെങ്കിലും വിശ്രമമാണ്. രാവിലെ തുടങ്ങിയ ഉഴിച്ചിലിന്റെ വേദന പെരുവിരല്‍ മുതല്‍ കഴുത്തറ്റം വരെ അരിച്ചുകയറുന്നു. തലയിണ വെയ്ക്കാതെ ടെലിവിഷന്‍ കാണാം. ഗ്രാമമായതുകൊണ്ടാകാം ഇംഗ്ലീഷ് ചാനലുകളൊന്നും കൂടുതലില്ല. ബോറടിക്കുമ്പോള്‍ മുറിയുടെ ബാല്‍ക്കണിയില്‍ വന്ന് പുറത്തേക്ക് നോക്കിയിരുന്നു.

ദൂരെ കൃഷിയില്ലാത്ത പാടം. വീണ്ടും പഴയ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എല്ലായ്‌പോഴും തനിക്കൊപ്പം വരാന്‍ അപ്പൂപ്പനോ അമ്മൂമ്മയോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാര്‍ക്ക് ഷീറ്റ് വാങ്ങാനും ഫെസ്റ്റിവലുകള്‍ക്കും സ്‌കൂള്‍ ടൂറിന് കൊണ്ടുവിടാനുമൊക്കെ അവര്‍ മാത്രമായിരുന്നു. അച്ഛന്റെയും അമ്മയുടെയും കാര്യങ്ങള്‍ എല്ലാമൊന്നും അറിഞ്ഞിരുന്നില്ല. ആലോചിച്ച് ഉറപ്പിച്ച കല്യാണത്തിലെ അപാകതയ്ക്ക് പലപ്പോഴും അപ്പൂപ്പനെ അമ്മൂമ്മ കുറ്റപ്പെടുത്തിയിരുന്നു.

‘ഈ കൊച്ചു കുഞ്ഞിന് ആരുമില്ലാതായത് അതുകൊണ്ടാണെ’ന്ന് അമ്മൂമ്മ പറയുമ്പോള്‍ അപ്പൂപ്പന്‍ നിശ്ശബ്ദനായി കേട്ടിരുന്നു.

വീട്ടിലും നാട്ടിലുമെല്ലാം ഭയങ്കര കര്‍ക്കശക്കാരനായ അപ്പൂപ്പനോട് സംസാരിക്കാന്‍ തനിക്ക് മടിയായിരുന്നു. വലുതായപ്പോഴാണ് പലപ്പോഴും അതിന്റെ ബുദ്ധിമുട്ട് അറിഞ്ഞുതുടങ്ങിയത്. പഠിപ്പിനെ കുറിച്ചോ മറ്റോ സംസാരിക്കാന്‍ വീട്ടില്‍ ആരുമില്ലാത്ത അവസ്ഥ.

പരീക്ഷയ്ക്ക് ഇടവേളകളില്‍ പല കൂട്ടുകാരുടെയും അച്ഛന്മാര്‍ പുസ്തകം വായിച്ചു കൊടുക്കുന്നതും അമ്മമാര്‍ ഭക്ഷണം ഉരുട്ടി കൊടുക്കുന്നതും താന്‍ കണ്ടു. തന്നെ വളര്‍ത്താന്‍, വയസ്സായിട്ടും ജോലിക്ക് പോയിരുന്ന അപ്പൂപ്പനോ വീട്ടുകാര്യങ്ങളില്‍ മുഴുകിയിരുന്ന കാര്യമായ പഠിപ്പില്ലാത്ത അമ്മൂമ്മയ്‌ക്കോ അതിനൊന്നും കഴിയുമായിരുന്നില്ല.

ഹരിയും മുരളിയുമായിരുന്നു ഏറ്റവും അടുത്ത കൂട്ടുകാര്‍. മുതിര്‍ന്നതിനുശേഷം പലപ്പോഴും കാര്യങ്ങള്‍ പറഞ്ഞിരുന്നത് അവരോടാണ്. ഹരിക്ക് ക്ലാസ്സിലെ കൂട്ടുകാര്‍ തന്നെ പേരു കൊടുത്തിരുന്നത് അപ്പാവി എന്നാണ്. താന്‍ പറഞ്ഞതൊക്കെ കേള്‍ക്കുമ്പോള്‍ ഈറനായ കണ്ണുകളോടെ തന്നെ ചേര്‍ത്തുനിര്‍ത്തുന്ന ഹരി ആശ്വാസത്തിലേറെ പലപ്പോഴും ബാദ്ധ്യതയായിരുന്നു. അവനെ വിഷമിപ്പിക്കേണ്ടെന്നു കരുതി പിന്നീട് അവനോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കി.

പൊതുവെ സംസാരിക്കാത്ത മുരളി തിരുവനന്തപുരം ഭാഷയില്‍ പഠിപ്പിസ്റ്റ് അല്ലെങ്കില്‍ പുസ്തകപ്പുഴുവായിരുന്നു. ഒരുമിച്ചാണ് യാത്ര എന്നുള്ളതുകൊണ്ട് പലപ്പോഴും കുറച്ചൊക്കെ സംസാരിക്കുമായിരുന്നു. തന്നോട് അവന്‍ സംസാരിക്കുന്നതു തന്നെ വലിയ സംഭവമാണെന്നാണ് കൂട്ടുകാര്‍ മാത്രമല്ല അവന്റെ വീട്ടുകാരും പറഞ്ഞിരുന്നത്. പഠിക്കാനുള്ള പുസ്തകം അല്ലെങ്കില്‍ വേറെ ഏതെങ്കിലും എപ്പോഴും അവന്റെ പണി നോക്കി നടന്നിരുന്ന അവനെ ബുദ്ധിമുട്ടിക്കാന്‍ പോകാറില്ലായിരുന്നു. തന്റെ സഹജമായ പിന്‍വലിയല്‍ മനോഭാവവും ഉപേക്ഷിച്ചുപോയ അമ്മയോടുള്ള വെറുപ്പും അമ്മൂമ്മ ഒഴികെയുള്ള സ്ത്രീകളോടായി. പിറന്നാളിനൊക്കെ അര്‍ച്ചനയും നെയ്പായസവും കഴിച്ച് വരുന്ന അമ്മൂമ്മ, വയസ്സായിട്ടും ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി തരാന്‍ ശ്രമിക്കുന്ന അമ്മൂമ്മ ഓര്‍മ്മയിലെ കുളിരായിരുന്നു.

അമ്മയുടെ സ്‌നേഹത്തെ കുറിച്ച്, കാരുണ്യത്തെക്കുറിച്ച് വാതോരാതെ ഓരോരുത്തരും പറയുമ്പോള്‍ തന്റെ മനസ്സില്‍ നിറഞ്ഞ പുച്ഛമായിരുന്നു. തനിക്ക് ബോദ്ധ്യപ്പെടാത്ത കാര്യം താന്‍ എങ്ങനെയാണ് വിശ്വസിക്കുക എന്ന് പലപ്പോഴും സ്വയം ചോദിച്ചു. തന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ പുസ്തകങ്ങളിലും എപ്പോഴെങ്കിലും കാണുന്ന സിനിമകളിലും മാത്രം നിറഞ്ഞു നില്‍ക്കുന്ന കാര്യമായിരുന്നു.

ഉപേക്ഷിച്ചുപോയ അച്ഛനും അമ്മയും എപ്പോഴെങ്കിലും തന്നെക്കുറിച്ച് ആലോചിക്കുന്നുണ്ടാകുമോ, ഓര്‍ക്കുന്നുണ്ടാകുമോ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പലപ്പോഴും ഉറക്കം വരാത്ത രാത്രികളില്‍ അത് ആലോചിച്ചു. നാട്ടില്‍ നിന്ന് ദൂരെ എവിടേക്കെങ്കിലും ഒരു പക്ഷിയെപ്പോലെ പറന്ന് അകലണമെന്ന് മിക്കപ്പോഴും വിചാരിച്ചു. ഒന്‍പതാം ക്ലാസ്സിലെ പ്രസംഗമത്സരത്തിന് സമ്മാനമായി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകളാണ് കിട്ടിയത്. രാമേശ്വരം കടല്‍ത്തീരത്ത് നിന്ന് ആകാശത്തേക്ക് പറക്കുന്നതിനെ കുറിച്ച് അദ്ദേഹം കണ്ട സ്വപ്നങ്ങള്‍ തന്റെ ചിന്തയെയും സ്വാധീനിച്ചോ എന്ന് സംശയം.

എഞ്ചിനീയറിംഗ് കഴിഞ്ഞ് കാമ്പസ് സെലക്ഷനില്‍ ബാംഗ്ലൂരിലെത്തി. പിന്നീട് അമേരിക്കയിലേക്ക്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മരണത്തോടെ നാട്ടിലുണ്ടായിരുന്ന പൊക്കിള്‍ക്കൊടി ബന്ധവും അവസാനിച്ചു. പിന്നെ സര്‍വ്വതന്ത്ര സ്വതന്ത്രനായ പക്ഷിയായിരുന്നു. എവിടേക്കാണ് പറക്കുന്നതെന്ന് അറിയാതെ വാനമ്പാടിയെപ്പോലെ അനന്തമായ ആകാശപ്പരപ്പില്‍ ഊളിയിട്ടു പറന്നു. ആരെയും ഓര്‍ത്തില്ല, അറിഞ്ഞില്ല, അറിയാന്‍ ശ്രമിച്ചില്ല. പഴയ കൂട്ടുകാരും വീട്ടുകാരുമൊക്കെ ബന്ധപ്പെടാന്‍ സാധ്യതയുള്ള എല്ലാ സൗഹൃദങ്ങളും വിലക്കി സ്വയം ഒരുക്കിയ വല്മീകത്തില്‍ താന്‍ ഒതുങ്ങിക്കൂടി.

രണ്ടുനേരമായി മണിക്കൂറുകള്‍ നീളുന്ന ചികിത്സയ്ക്കിടയില്‍ ഉഴിയുന്നവരുമായി സംസാരിക്കേണ്ടി വന്നു. വലിയ ശമ്പളവും പത്രാസുമൊന്നും ഇല്ലെങ്കിലും സ്വന്തം കുടുംബം പുലര്‍ത്താന്‍ അവര്‍ നടത്തുന്ന പരിശ്രമങ്ങള്‍ നുറുങ്ങുവാക്കുകളിലൂടെ ചിലപ്പോഴൊക്കെ മനസ്സിലെ ചാരം മൂടിയ ഓര്‍മ്മകള്‍ വീണ്ടും കനലുകളാക്കി. ചികിത്സ തുടങ്ങി അഞ്ചു ദിവസത്തിനുശേഷം വൈദ്യര്‍ കാണാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ അടുത്തെത്തി.

‘ഇതുവരെ ശരീരമൊന്ന് അയയാനുള്ള ധാരയൊക്കെയാണ് ചെയ്തത്. നാളെ മുതല്‍ കിഴി തുടങ്ങണം. ഒപ്പം നട്ടെല്ലിലെ നീര് വലിയാന്‍ മുകളില്‍ എണ്ണ പകരുന്ന വേറൊരു ചികിത്സ കൂടി ഉണ്ടാകും’, അദ്ദേഹം പറഞ്ഞു.

പുറത്തേക്ക് വരുമ്പോഴാണ് വൈദ്യരെ കാണാന്‍ ഇരിക്കുന്നവരുടെ കൂട്ടത്തില്‍ ഹരിയെ കണ്ടത്. ഒപ്പം വയസ്സായ ഒരാളും. തിരിച്ചറിയില്ലെന്ന് കരുതി താന്‍ നടന്നു. പേരു വിളിച്ച് പിന്നാലെ ഓടിവന്നപ്പോള്‍ നില്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അവന്‍ ഭാര്യയുടെ അച്ഛനുമായി വൈദ്യരെ കാണാന്‍ വന്നതാണ്. അദ്ദേഹത്തെ വൈദ്യരെ കാട്ടി അവന്‍ മുറിയിലേക്ക് വന്നു.

‘നിന്നെ എവിടെയൊക്കെ തിരഞ്ഞു. എന്തു മുങ്ങലാ. ഒരു മെയില്‍ അയക്കാന്‍ പോലും നിന്റെ മദാമ്മ സമ്മതിക്കില്ലേ?’, പഴയ അപ്പാവി പൊട്ടിത്തെറിച്ചു.

‘ഒക്കെ വേണ്ടെന്നു വച്ചിട്ടു തന്നെയാ. അമ്മയുമില്ല മദാമ്മയുമില്ല’, തോളില്‍ കൈ വെയ്ക്കുമ്പോഴേക്കും അവന്‍ തണുത്തു.

പിന്നെയും ഒന്നുരണ്ടു ദിവസം അവന്‍ വന്നു.
‘ഇവിടെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉള്ളതുകൊണ്ട് ഇങ്ങോട്ട് വരാമെന്ന് പറഞ്ഞ പലരെയും ഒഴിവാക്കി’, അവന്‍ പറഞ്ഞു.

ക്ലാസ്‌മേറ്റ്‌സ് സിനിമ വന്നതിനുശേഷം ഇപ്പോള്‍ കാമ്പസിലൊക്കെ പഴയ ബാച്ചിന്റെ കൂട്ടായ്മകള്‍ സജീവമാണത്രേ. നഷ്ടപ്രണയവും നെടുവീര്‍പ്പുകളും നിഴലിക്കുന്ന ക്ലാസ്‌മേറ്റ്‌സ് മീറ്റിങ്ങിനെ കുറിച്ച് ഹരി പറഞ്ഞപ്പോള്‍ ചിരിപൊട്ടി. അമേരിക്കയ്ക്കു മടങ്ങും മുന്‍പ് ഒരിക്കലെങ്കിലും ഒന്നിച്ചു കൂടാമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു.

‘വാട്‌സാപ്പും ഫെയ്‌സ്ബുക്കും അടക്കം സാമൂഹ്യമാധ്യമങ്ങളിലും നമ്മുടെ ഗ്രൂപ്പുണ്ട്. നിന്നെ ഒന്നിനും കിട്ടിയിട്ടില്ലല്ലോ. എന്തായാലും ഇനി നമ്പറൊക്കെ ആഡ് ചെയ്യാം.’

ചികിത്സ കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും വേദനയൊക്കെ കുറഞ്ഞിരുന്നു. കുറച്ചു ദിവസത്തെ നല്ലിരുപ്പോടെ പൂര്‍ണ്ണമായും ഭേദമാകുമെന്ന് വൈദ്യര്‍ പറഞ്ഞു.

വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ടാണ് പഴയ താമസസ്ഥലത്തിനടുത്തുള്ള മുരളിയെ കാണാന്‍ ഹരിയുടെ കൂടെ പോയത്. കുടുംബമൊക്കെ എവിടെ എന്ന ചോദ്യത്തിന് കുടുംബവും നാഥനുമൊക്കെ ഞാന്‍ മാത്രമാണെന്ന് മറുപടി പറഞ്ഞു.

‘നീ എന്തേ കല്യാണം കഴിക്കാതിരുന്നത്’, മുരളി ചോദിച്ചു.
‘അമ്മ കഴിച്ച കല്യാണത്തിന്റെ ബാക്കിപത്രമായിരുന്നല്ലോ എന്റെ ജീവിതം. അതുകൊണ്ട് അതിനൊന്നും തോന്നിയില്ല.’ തന്റെ മറുപടി കേട്ട് ചായ തന്ന അവന്റെ അമ്മ മിഴിച്ചുനോക്കി.

പലപ്പോഴും മുരളിയെ കാണാന്‍ വീട്ടിലെത്തുമ്പോള്‍ തന്റെ കാര്യങ്ങളെല്ലാം അറിയാവുന്നതുകൊണ്ട് കാരുണ്യത്തോടെ പെരുമാറിയിരുന്ന അമ്മ.

‘ഓരോരുത്തരുടെ ജീവിതത്തിലും അങ്ങനെ എന്തെങ്കിലുമൊക്കെ ഉണ്ടാകും’, അമ്മ പറഞ്ഞു.
‘നീ പോയശേഷം നിന്നെ തേടി ചിലര്‍ വന്നിരുന്നു. ഇപ്പോഴും അവര്‍ നിന്നെ അന്വേഷിക്കുന്നുണ്ട്’, ഹരി പറഞ്ഞു.
‘ആരാണ് എന്നെ അന്വേഷിക്കാന്‍’, താന്‍ ചോദിച്ചു.
‘അതൊരു സീക്രട്ടായി ഇരിക്കട്ടെ’, ഹരി പറഞ്ഞു.
‘ഇവനെ പണ്ടേ ആരാധിച്ചു നടന്നിരുന്ന ഇവന്‍ മൈന്‍ഡ് ചെയ്യാത്ത ആ സാവിത്രി ആയിരിക്കും അല്ലേ’, മുരളി ചോദിച്ചു.
‘ആള്‍ സ്ഥലത്തില്ല. വന്നതിനുശേഷം നമുക്ക് പോകാം’, ഹരി പറഞ്ഞവസാനിപ്പിച്ചു.

ഊണു കഴിച്ചേ മുരളിയുടെ അമ്മ വിട്ടുള്ളൂ. ഹോട്ടലിലേക്ക് അവന്റെ കാറിലാണ് മടങ്ങിയത്. ഹോട്ടല്‍ വിട്ട് വീട്ടില്‍ കൂടാമെന്ന് മുരളിയും ഹരിയും നിര്‍ബ്ബന്ധിച്ചെങ്കിലും വഴങ്ങിയില്ല.

അടുത്തദിവസം കോളേജില്‍ ഒപ്പമുണ്ടായിരുന്ന അടുപ്പമുള്ള പഴയ കുറേ സുഹൃത്തുക്കള്‍ കുടുംബവുമായി വന്നു. ഹോട്ടലിലെ ലോണില്‍ ചായ കഴിച്ച് പിരിയുമ്പോള്‍ ഹരിയും മുരളിയും അടുത്തുവന്നു. ഞങ്ങള്‍ നാളെ വൈകീട്ട് നേരത്തെ വരാം. നമുക്ക് ഒരാളെ കാണാന്‍ പോകണമെന്ന് പറഞ്ഞില്ലേ, അവിടെ പോകണം.

കൂട്ടത്തില്‍ കുട്ടികളുമായി വന്ന പലരും മക്കളുമായി സ്‌നേഹം പങ്കിടുന്നത് കണ്ടപ്പോള്‍ മനസ്സിലെവിടെയോ വേദന നീറിപ്പുകഞ്ഞു. അമ്മയും അച്ഛനും ഇട്ടുപോയ വേദനയോ ഈര്‍ഷ്യയോ ആയിരിക്കാം കുഞ്ഞുങ്ങളെ ലാളിക്കുമ്പോള്‍ പോലും തന്റെ മനസ്സില്‍ അവിടെനിന്ന് ഓടിപ്പോകാനും വെറുക്കാനുമൊക്കെ തോന്നാന്‍ കാരണം. അമ്മമാര്‍ മക്കളെ ഇത്രയധികം സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അച്ഛന്മാര്‍ ഇങ്ങനെ കരുതലോടെ കാണുന്നുണ്ടെങ്കില്‍ എനിക്കുമാത്രം എന്തേ ഇങ്ങനെ പറ്റി. ലോണില്‍ ഓടിനടന്ന കുട്ടികളെ, കുറുമ്പു കാണിച്ചവരെ, വഴുതി വീണവരെ അച്ഛനും അമ്മയും എടുത്ത് ലാളിക്കുന്നതും ഒക്കെ കണ്ടപ്പോള്‍ താന്‍ വീണ്ടും പഴയ സ്‌കൂള്‍ കാലത്തേക്ക് പോവുകയായിരുന്നു.

ക്ലാസ്സില്‍ മാര്‍ക്ക് കൂടുതല്‍ കിട്ടുമ്പോള്‍, സമ്മാനങ്ങള്‍ കിട്ടുമ്പോള്‍, പറയുന്നത് കേള്‍ക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. ഇതൊക്കെ വിധിയാണെന്ന് പലപ്പോഴും അമ്മൂമ്മ പറഞ്ഞപ്പോഴാണ് എന്താണ് വിധിയെന്ന് താന്‍ ചോദിച്ചത്. കണക്കിന് ട്യൂഷന്‍ എടുത്തിരുന്ന ടീച്ചറോടും ചോദിച്ചു, എന്താ വിധിയെന്ന്. ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരി വരുമെങ്കിലും എന്തേ എന്റെ അമ്മ എന്നെ സ്‌നേഹിച്ചില്ലെന്ന് അന്ന് തോന്നിയ ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ ബാക്കിനിന്നു.

സാവിത്രിക്ക് തന്നോട് തോന്നിയ ആകര്‍ഷണം എന്തേ നിരാകരിച്ചത്. ഒരുദിവസം ‘മേലാല്‍ എന്റെ പിറകെ ഇങ്ങനെ ഒലിപ്പിച്ച് നടക്കരുതെന്ന്’ പറഞ്ഞപ്പോള്‍ സ്തംഭിച്ചുപോയ അവള്‍ ‘മോണ്‍സ്റ്റര്‍’ എന്ന് പിറുപിറുത്തത് ഇന്നും കാതിലുണ്ട്. ആലോചിച്ച് കിടന്ന് എപ്പോഴാണ് ഉറങ്ങിയതെന്ന് അറിഞ്ഞില്ല.

മടങ്ങാന്‍ ഇനി രണ്ടുദിവസം മാത്രം. രാവിലെ തന്നെ വീണ്ടും വൈദ്യരെ കാണണമായിരുന്നു.
‘ഇപ്പോള്‍ വേദനയുണ്ടോ?’, വൈദ്യര്‍ ചോദിച്ചു.
‘പിന്നിലെ പ്രശ്‌നങ്ങളൊക്കെ ഏതാണ്ട് ശരിയായിരിക്കുന്നു.’
‘കഴിയുമെങ്കില്‍ ആറുമാസം കഴിഞ്ഞ് ഒന്നുകൂടി വരിക. അല്ലെങ്കില്‍ അടുത്ത കൊല്ലം ഇതേസമയത്ത്. ഒന്നുകൂടി ഉഴിച്ചിലൊക്കെ നടത്താം. നട്ടെല്ലിന്റെ പൊങ്ങിനിന്ന കശേരുക്കളൊക്കെ പഴയ സ്ഥലത്തായിരിക്കുന്നു. നീരൊക്കെ വലിഞ്ഞു. നല്ലതുപോലെ വേദന സഹിച്ച് സഹകരിച്ചതുകൊണ്ടാണ് ഇത്ര പെട്ടെന്ന് മാറ്റം വന്നത്’, വൈദ്യര്‍ പറഞ്ഞു.

മനസ്സില്‍ അനുഭവിച്ച വേദനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊന്നും കാര്യമല്ലെന്ന് ഓര്‍മ്മിച്ചു. വൈദ്യരെ കാണാന്‍ പറ്റിയത് ജീവിതത്തിലെ അനുഗ്രഹമാണെന്ന് പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയോടെ അദ്ദേഹം പറഞ്ഞു,

‘രോഗവും ചികിത്സയും വൈദ്യനുമൊക്കെ വിധിയാണെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. ഓരോരുത്തരും അനുഭവിക്കേണ്ടതും എത്തിപ്പെടേണ്ടതുമൊക്കെ ദൈവം തീരുമാനിക്കുന്നതാണ്.’
ചികിത്സയുടെ ഫീസ് ചോദിച്ചപ്പോള്‍ വൈദ്യര്‍ വീണ്ടും ഞെട്ടിച്ചു.
‘മരുന്നിന്റെ പൈസയൊക്കെ കൊടുത്തതല്ലേ, ആ പെട്ടിയില്‍ എന്തെങ്കിലും ഇട്ടേക്കൂ.’

അപ്പോഴാണ് ആ പണപ്പെട്ടി ശ്രദ്ധിച്ചത്. വൈദ്യര്‍ രോഗികളുടെ കൈയില്‍ നിന്ന് പണം വാങ്ങാറില്ല. നേരത്തെ ചിന്തിച്ചതിനേക്കാള്‍ കൂടുതല്‍ പണം പെട്ടിയിലിടുമ്പോള്‍ ഓരോ സന്ദര്‍ശനത്തിനും സമയത്തിനനുസരിച്ച് പണം ചോദിച്ചുവാങ്ങുന്ന അമേരിക്കയിലെ ഡോക്ടര്‍മാരെ കുറിച്ച് ഓര്‍ത്തു. രോഗിയെ ഒരിക്കലും കൈകൊണ്ട് തൊടാതെ പരിശോധിക്കുന്നവര്‍. വൈദ്യര്‍ നാഡി പിടിച്ച് കണ്ണിന്റെ പോള തുറന്നുനോക്കി പുറത്തു തട്ടി ഓരോന്ന് ചോദിക്കുമ്പോള്‍ കിട്ടുന്ന സാന്ത്വനം ഒരുപക്ഷേ ഇവിടെ മാത്രമേ ഉണ്ടാകൂ.

ഹോട്ടലിലെത്തി ഒന്ന് കിടക്കാന്‍ തുടങ്ങിയപ്പോഴാണ് റിസപ്ഷനില്‍ നിന്ന് വിളിച്ചത്,
‘സര്‍, വിസിറ്റര്‍ ഉണ്ട്’, – ഇപ്പോള്‍ ആരാണ് വിസിറ്റര്‍ വരാന്‍.
‘ആരാണ്?’, തിരിച്ചു ചോദിച്ചു.
‘ക്ലാസ്‌മേറ്റ് ആണെന്നാ പറഞ്ഞത്.’

അയച്ചോളൂ എന്ന് പറഞ്ഞ് ഫോണ്‍ വെച്ച് എഴുന്നേറ്റ് വാതിലിലേക്ക് നടന്നു. മുറി റിസപ്ഷന് അടുത്തു തന്നെയായതുകൊണ്ട് തുറക്കുമ്പോഴേക്കും ഹരിയും മുരളിയും എത്തിയിരുന്നു.

‘പോകണ്ടേ നമുക്ക്. നീ ഒരുങ്ങിയില്ലേ ഇതുവരെ’, ഹരി ചോദിച്ചു.
‘ഒരു ചായ കുടിച്ചാലോ?’
തന്റെ ചോദ്യത്തിന് അവന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
‘ഇവിടെ ചായ കുടിക്കാന്‍ നിന്നാല്‍ ഒരുദിവസം പോക്കാ. ഇപ്പോള്‍ പറഞ്ഞു പോയാല്‍ തിരിച്ചു വരുമ്പോഴേക്കും ചായ വരുമായിരിക്കും’, അവന്‍ പറഞ്ഞു.

മുഖം കഴുകി മുറി പൂട്ടി ഇറങ്ങുമ്പോഴേക്കും മുരളി പാര്‍ക്കിംഗില്‍ നിന്ന് വണ്ടി എടുത്തു വന്നു. വീട്ടിലേക്ക് പോകുന്ന വഴിയില്‍ നിന്ന് കുറച്ചു മാറിയാണ് പോയത്.

ആരെയാണ് കാണാന്‍ പോകുന്നതെന്ന് ആവര്‍ത്തിച്ചു ചോദിച്ചു. അത് പറഞ്ഞിട്ട് ഇനി പോയാല്‍ മതിയെന്ന് പറഞ്ഞപ്പോഴാണ് മുരളി മൗനം വെടിഞ്ഞത്.
‘നിന്റെ അമ്മയുടെ അടുത്തേക്ക്’.
വേണ്ട, വണ്ടി നിര്‍ത്ത്. തിരിക്ക്. ഞാനില്ല.
ശബ്ദം പൊങ്ങിയപ്പോള്‍ വണ്ടി നിര്‍ത്തി. വണ്ടി തിരിക്കാന്‍ പറയുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു.
‘ഹോട്ടലിലേക്ക് തന്നെ പോകു’.
ഇത്രയും കാലം തേടി വരാത്തവരൊന്നും ഇനി വേണ്ട. നിര്‍ബ്ബന്ധിച്ച് വണ്ടി തിരിക്കുമ്പോള്‍ ഹരി പറഞ്ഞു തുടങ്ങി.

‘അമ്മ നിന്നെ ഇട്ടുപോയ വാശിക്ക്, ഇഷ്ടമുള്ള ആളെ വീണ്ടും കല്യാണം കഴിച്ചതിന്, അപ്പൂപ്പന്‍ അവരെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തുകയായിരുന്നു. നിന്നെ തിരഞ്ഞ് എപ്പോഴെങ്കിലും വന്നാല്‍ നിന്നെയും കൊണ്ട് ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി. അപ്പൂപ്പന്റെ സ്വഭാവം നിനക്ക് അറിയാമല്ലോ. പിന്നെ ഒരുപക്ഷേ, രണ്ടാനച്ഛന്റെ നിര്‍ബ്ബന്ധവും ഉണ്ടാകാം. അമ്മയുടെ തോരാത്ത കണ്ണീരു കണ്ടാണ് നിന്നെ തിരഞ്ഞ് ഞങ്ങള്‍ ഇറങ്ങിയത്. അപ്പൂപ്പന്‍ മരിച്ചതിനുശേഷം അമ്മ നാട്ടില്‍ വന്ന് അന്വേഷിക്കുമ്പോഴേക്കും നീ പോയിരുന്നു. വീട്ടുകാരോടും നാട്ടുകാരോടുമുള്ള നിന്റെ വെറുപ്പ് എല്ലാ ബന്ധങ്ങളെയും അവസാനിപ്പിച്ചതുകൊണ്ട് കണ്ടെത്താനേ കഴിഞ്ഞില്ല. അവസാനം ഉറ്റ ചങ്ങാതി എന്ന നിലയിലാണ് കോളേജില്‍ നിന്ന് ആരോ പറഞ്ഞറിഞ്ഞ് എന്നെ തേടി വന്നത്. എവിടെനിന്നെങ്കിലും നിന്നെ കണ്ടെത്തി അമ്മയുടെ അടുത്ത് എത്തിക്കാമെന്ന് ഞാന്‍ വാക്കു കൊടുത്തിരുന്നു. ഇപ്പോഴും നിന്നെ കണ്ടെത്താന്‍ ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേക്ക് അലയുകയാണ് അമ്മ. ആദ്യമേ പറഞ്ഞാല്‍ നീ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ടാണ് രഹസ്യമാക്കി വച്ചത്.’

‘വേണ്ട, മുറിഞ്ഞതും പുകഞ്ഞതുമൊക്കെ അങ്ങനെ തന്നെ പോകട്ടെ. ഇണങ്ങാത്ത കണ്ണികളെ കോര്‍ക്കാന്‍ ശ്രമിച്ച് സമയം കളയണ്ട’, താന്‍ പറഞ്ഞു.

മുറിയിലെത്തിയിട്ടും അന്തരീക്ഷത്തിലെ കനം കുറഞ്ഞില്ല. സാധാരണ ഒന്നും മിണ്ടാത്ത മുരളി പോലും പറഞ്ഞു.
‘ഒന്നു പോയി കാണാം. മരിച്ചു പോകുന്ന മനുഷ്യരല്ലേ. ആരോടാ പകയും വാശിയും’.
‘നിങ്ങള്‍ക്കത് പറഞ്ഞാല്‍ മനസ്സിലാകില്ല. നിങ്ങള്‍ക്ക് എല്ലാവരും ഉണ്ടായിരുന്നു. രാത്രിയില്‍ അനന്തമായ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കണ്ണീരൊലിപ്പിച്ച് ഉറങ്ങാതെ കിടന്ന രാത്രികള്‍ ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകില്ല. അതിന് അനുഭവം തന്നെ വേണം’.

‘അമ്മ നിന്നെ ഓര്‍ത്തില്ലെന്നാണോ കരുതുന്നത്. നിന്നെ പിരിഞ്ഞശേഷം ഓരോ പിറന്നാളിനും വാങ്ങിയ ഉടുപ്പുകള്‍ പോലും ഇന്നും ആ മുറിയിലുണ്ട്. സ്വന്തം ജീവന്‍ കളഞ്ഞും കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന അമ്മയെ കുറിച്ച് മനസ്സിലാക്കാന്‍ അമ്മയെ അറിയണം. എന്തുകൊണ്ടാണ് അമ്മ അങ്ങനെ പെരുമാറിയതെന്ന് നീ ഇന്നുവരെ അറിഞ്ഞിട്ടില്ലല്ലോ? പറഞ്ഞത് കേട്ടിട്ടില്ലല്ലോ? നീ ചോദിച്ചിട്ടുമില്ല. ഞങ്ങള്‍ പറയാനുള്ളത് പറഞ്ഞു. ഇനി നിനക്ക് തീരുമാനിക്കാം’.

അവര്‍ രണ്ടുപേരും ഇറങ്ങിനടന്നു. തനിക്ക് ഒന്നും തോന്നിയില്ല. വര്‍ഷങ്ങളോളമായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ദുഃഖം നൂറിരട്ടി വെറുപ്പായി പുറത്തേക്ക് വന്നു. ഒന്നും ചെയ്യാതെ വെറുതെ മുറിയില്‍ കിടന്നു. എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അറിയില്ല. വാതിലിലെ മുട്ടു കേട്ടാണ് ഉണര്‍ന്നത്. മുറിയില്‍ ഇരുട്ട് നിറഞ്ഞു നില്‍ക്കുന്നു. കൈയെത്തി ലൈറ്റിട്ടു. ഫോണിന്റെ റിസീവര്‍ നീങ്ങിയിരിക്കുകയാണെന്നത് അപ്പോഴാണ് കണ്ടത്. വാതില്‍ തുറന്നപ്പോള്‍ ഒരു സ്ത്രീയും കുഞ്ഞും. മുറി തെറ്റിയതാണെന്നാണ് കരുതിയത്.

‘ആരാ? മനസ്സിലായില്ലല്ലോ! എന്താ വേണ്ടത്?’
‘എന്നെ അറിയാന്‍ വഴിയില്ല. നമ്മള്‍ ആദ്യമായാണല്ലോ കാണുന്നത്.’
അപ്പോഴേക്കും അവര്‍ മുറിയിലേക്ക് കടന്നുവന്നു. ഒരു പരിചയവുമില്ലാതെ മുറിയിലേക്ക് കയറിവന്നപ്പോള്‍ ഒരുനിമിഷം വല്ലാതെയായി.
‘ഞാന്‍ ചേട്ടന്റെ അനിയത്തിയാണ്.’

‘അമ്മ ഇന്നാണ് വന്നത്. കുറെ ദിവസമായി മൂകാംബികയില്‍ ഭജനമിരിക്കുകയായിരുന്നു. ഏട്ടനെ കണ്ടുകിട്ടാന്‍ അമ്പലങ്ങള്‍ തോറും കയറി നടക്കുകയാണ്. ഇപ്പോഴാണ് ഹരിയേട്ടന്‍ വന്ന് അമ്മയോട് ഏട്ടന്‍ വന്ന കാര്യം പറഞ്ഞത്. വിളിച്ചിട്ട് വന്നില്ല എന്നു കേട്ടപ്പോള്‍ അമ്മ കുഴഞ്ഞുവീണു. ആശുപത്രിയിലാക്കിയിട്ടാണ് ഞാന്‍ വരുന്നത്. ഏട്ടന്‍ വരണം. അമ്മയെ ഒന്ന് കാണാനെങ്കിലും… പ്ലീസ്…’

അവളുടെ കണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകി വീണപ്പോള്‍ കുഞ്ഞ് നോക്കിയിരിക്കുന്നുണ്ടായിരുന്നു.

അവള്‍ക്കൊപ്പം ആശുപത്രിയില്‍ എത്തുമ്പോള്‍ ഹരിയും മുരളിയും അവിടെത്തന്നെ ഉണ്ടായിരുന്നു.

‘അമ്മേ, കണ്ണ് തുറക്കൂ ഇതാ ഏട്ടന്‍ വന്നിരിക്കുന്നു.’

കണ്ണുകള്‍ തുറന്ന് കിടക്കയില്‍നിന്ന് അമ്മ പൊടുന്നനെ എണീറ്റു. ഒരുനിമിഷം ആ കണ്ണുകള്‍ തിളങ്ങി. അവര്‍ പെട്ടെന്ന് വാരിപ്പുണരുമ്പോള്‍ ഒരുനിമിഷം താന്‍ ഞെട്ടിപ്പോയി. അമ്മ കണ്ണീരൊലിപ്പിച്ച് എന്തൊക്കെയോ പറഞ്ഞും പുലമ്പിയും ചേര്‍ത്തു നിര്‍ത്തുമ്പോള്‍ താന്‍ ഒരുനിമിഷം വല്ലാതായി. സ്വപ്നമാണോ കാണുന്നത്. ഇങ്ങനെ എപ്പോഴെങ്കിലും അമ്മയെ കണ്ടുമുട്ടുമെന്ന് കരുതിയതേയില്ല. ഒരിക്കലും മിണ്ടില്ലെന്നും കാണേണ്ടെന്നും ഒക്കെ വിചാരിച്ചതാണ്.

ഒഴുകുന്ന കണ്ണീരോടെ അമ്മ തന്നെ ചേര്‍ത്ത് പിടിച്ച് അങ്ങനെ ഇരുന്നപ്പോള്‍ പറയാന്‍ ചിന്തിച്ച് ബാക്കിവച്ചതൊന്നും പറയാന്‍ തനിക്ക് കഴിഞ്ഞതുമില്ല.

Tags: അമ്മ
Share83TweetSendShare

Related Posts

ബാന്‍സുരി

ബാന്‍സുരി

ഭീമരഥ ശാന്തി

ഭീമരഥ ശാന്തി

പക

പക

അരൂപികളുടെ ആകാശം

അരൂപികളുടെ ആകാശം

മസാലദോശ

മസാലദോശ

ദാനം

ദാനം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies