ഇത് യു ട്യൂബ് ചാനലുകളുടെയും വീഡിയോകളുടെയും കാലമാണ്. ധാരാളം പേര്‍ സ്വന്തമായി ചാനല്‍ തുടങ്ങുകയാണ്. മനുഷ്യന്‍ ഒരു കാണിയും തുടര്‍ കാണിയുമായിരിക്കുകയാണ്. കാണുക, കണ്ടുകൊണ്ടിരിക്കുക എന്ന ലക്ഷ്യമാണ് അവശേഷിക്കുന്നത്.ആദര്‍ശപരമായ പരിവര്‍ത്തനമുണ്ടാക്കാമെന്ന മോഹമൊക്കെ അസ്തമിച്ചിരിക്കുന്നു.
കാഴ്ചകള്‍ വന്‍തോതില്‍ നിര്‍മ്മിക്കപ്പെടുകയാണ്. അത് ഒരു വ്യവസായമാണ്. യു ട്യൂബ് കളിയല്ല; കച്ചവടമാണ്. അതില്‍ നിന്ന് പണമുണ്ടാക്കാം. നന്നായി മീന്‍ കറി വയ്ക്കാന്‍ അറിയാമെങ്കില്‍ യൂ ട്യൂബിലെത്താം. ലോകം മുഴുവന്‍ പ്രേക്ഷകരെ കിട്ടും. കാഴ്ചകള്‍ വന്‍തോതില്‍ ഉല്പാദിപ്പിക്കപ്പെടുകയാണ്. ഇതാണ് പുതിയ സാംസ്‌കാരിക കാലാവസ്ഥ.ഒരേസമയം മനുഷ്യന്‍ കാണിയും മറ്റുള്ളവരുടെ കാഴ്ചവസ്തുവുമാണ്. സി.സി.ടി.വി ക്യാമറകള്‍ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മറുവശത്ത് നമ്മള്‍ തന്നെ ക്യാമറയായി ലോകത്തെ പകര്‍ത്തിക്കൊണ്ടിരിക്കുന്നു.
എഴുത്തുകാരും കലാകാരന്മാരും യുട്യൂബിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. കഥ സ്വയം വായിച്ചു കൊണ്ട് ഒരു കഥാകൃത്തിന് എങ്ങനെ ഒരു കാഴ്ചവസ്തുവായിരിക്കാന്‍ കഴിയുമെന്ന ചോദ്യം അവശേഷിക്കുകയാണ്. സ്വയം അന്വേഷിക്കുകയും ലോകത്തെ നിരീക്ഷിക്കുകയുമാണല്ലോ എഴുത്തിന്റെ തലത്തില്‍ നടക്കുന്നത്. സ്വയം നിരീക്ഷണവും സ്വയം വിമര്‍ശനവുമില്ലാത്തവര്‍ എഴുതിയിട്ട് കാര്യമില്ല. എത്ര തന്നെ സാങ്കേതിക മുന്നേറ്റമുണ്ടായാലും വ്യത്യസ്തമായി എന്തെങ്കിലും പറയുമ്പോഴാണ് പ്രസക്തി നേടുന്നത്.
ഇന്ന് ധാരാളം യു ട്യൂബ് ഗുരുക്കന്മാരുണ്ട്. അവര്‍ ഓരോ വിഷയത്തിലും ക്‌ളാസെടുക്കുന്നു,സ്വന്തം ചാനലിലൂടെ. എന്നാല്‍ യു ട്യൂബിനു ഒരു ദൃശ്യഭാഷയോ,കലാവ്യക്തിത്വമോ, ആദര്‍ശമോ, സൗന്ദര്യശാസ്ത്രമോ ഇല്ല. അത് ഏതൊരാളിന്റെയും വീഡിയോ മോഹങ്ങളെ ശമിപ്പിക്കാന്‍ പര്യാപ്തമാണ്. പൂര്‍ണത അവിടെ ഒരു ലക്ഷ്യമല്ല. ഒരു ഗാനമേളയുടെയോ, പാചക മത്സരത്തിന്റെയോ റിഹേഴ്‌സല്‍ യു ട്യൂബില്‍ ധാരാളം പേരെ ആകര്‍ഷിക്കും. നന്നായി പാടുകയോ തൊഴിലെടുക്കുകയോ ചെയ്യുന്നവര്‍ക്ക് ഇവിടെ അമിത പ്രാധാന്യമില്ല. ഒന്നും പഠിച്ചില്ലെങ്കിലും യു ട്യൂബറാകാം. ഇവിടെ യേശുദാസ് പാടുന്നതിനും അദ്ദേഹത്തെ അനുകരിച്ചു പാടുന്നതിനും കാണികളെ കിട്ടും.
യു ട്യൂബ് പ്രേക്ഷകന്‍ ഒരു പുതിയ വര്‍ഗത്തിന്റെ പ്രതിനിധിയാണ്. ബംഗാളി സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ സിനിമകള്‍ തേടി നടന്ന എഴുപതുകളിലെയും എണ്‍പതുകളിലെയും പ്രേക്ഷകര്‍ എവിടെയോ അപ്രത്യക്ഷരായിരിക്കുന്നു. അവര്‍ നിഴലും വെളിച്ചവും സമ്മേളിക്കുന്നതു കണ്ട് അതിന്റെ സൗന്ദര്യശാസ്ത്രം തേടിയവരായിരുന്നു. അവര്‍ മൃണാള്‍ സെന്നിനെയോ ഗൗതം ഘോഷിനെയോ വിമര്‍ശിക്കാന്‍ ശേഷിയുള്ളവരായിരുന്നു. അവര്‍ക്ക് ഒരു ചലച്ചിത്രഭാഷ വേണമായിരുന്നു. അവര്‍ തിയേറ്ററില്‍ കണ്ണുമിഴിച്ചിരുന്നത് അസാധാരണമായ ദൃശ്യവിസ്മയങ്ങള്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ യു ട്യൂബ് പ്രേക്ഷകര്‍ എല്ലാത്തിനെയും സാമാന്യവല്‍ക്കരിച്ചിരിക്കുന്നു. അവര്‍ക്ക് ഒരു സൗന്ദര്യത്തികവും വേണ്ട.
മറവി നിര്‍മ്മിക്കപ്പെടുന്നു
ഒരു സിനിമയെടുക്കാന്‍ വേണ്ടി ജീവിതകാലമത്രയും പോരാടിയവരുണ്ടായിരുന്നു. യു ട്യൂബര്‍ക്ക് അത്തരം ക്ലേശങ്ങളൊന്നും മനസ്സിലാവുകയില്ല. വീഡിയോ തുണ്ടുകളുടെ മഹാപ്രവാഹത്താല്‍ എല്ലാം തുല്യതയില്‍ എത്തുകയാണ്. ദൃശ്യത്തിന്റെ ഉപഭോഗമാണവിടെ നടക്കുന്നത്. അവിടെ ഓര്‍മ്മകളില്ല. ഇരുപത്തിനാല് മണിക്കൂര്‍ ഉപഭോഗം മാത്രം. ഈ പ്രേക്ഷകര്‍ ആരുടെയും സ്വന്തമല്ല. അവര്‍ അലസമായ ഒരു യാത്രയിലാണ്. അവര്‍ കലയ്ക്ക് വേണ്ടി വാദിക്കുന്നവരല്ല. അവര്‍ എന്തും കാണുന്നവരാണ്. വ്യാജവാര്‍ത്തകള്‍ പോലും സ്വീകരിക്കപ്പെടുന്നു. കാണാനും മറക്കാനും ധാരാളം എന്ന സമീപനമാണത്. ഓര്‍മ്മശക്തിക്ക് താങ്ങാവുന്നതിലധികം വീഡിയോകള്‍ ഉണ്ടാകുകയാണ്. ഇപ്പോള്‍ മുപ്പത്തിയൊന്ന് ദശലക്ഷത്തിലധികം യു ട്യൂബ് ചാനലുകള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ തന്നെ ഒരു ലക്ഷത്തിനു മുകളില്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള പതിനാറായിരം ചാനലുകളുണ്ട്.
ഒരു മണിക്കൂറില്‍ ആകെ മുന്നൂറ് മണിക്കൂറിലേറെ ദൈര്‍ഘ്യം വരുന്ന കൊച്ചു വീഡിയോകള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്. അതിന്റെയര്‍ത്ഥം കാലം തന്നെ ഒരു സമസ്യയായി എന്നാണ്. ഒരു മണിക്കൂറുകൊണ്ട് നമുക്ക് കാണാന്‍ കഴിയുന്നത് വളരെ കുറച്ചു മാത്രമാണല്ലോ. എന്നാല്‍ ലോകത്ത് ആ സമയം ഒരു വലിയ ദൃശ്യശേഖരമാണ് പുതുതായി വരുന്നത്. ഒരു ദിവസം മുപ്പത് ദശലക്ഷം സന്ദര്‍ശനങ്ങളാണ് യു ട്യൂബിലുണ്ടാവുന്നത്.
കല, സൗന്ദര്യം, തയ്യാറെടുപ്പ്, പ്രദര്‍ശനം, വര്‍ത്തമാനം, ഭാവി എന്നിവയെക്കുറിച്ചുള്ള പഴയ സങ്കല്പങ്ങളെല്ലാം ഇതോടെ മാറി. ഇപ്പോള്‍ പ്രേക്ഷകന്‍ ഒന്നിലും വിദഗ്ദ്ധനല്ല. വെറും കാണിയാണവന്‍. ഒരു ജംഗ്ഷനില്‍ മൂന്നു നാല് പേര്‍ ചേര്‍ന്ന് സംഘട്ടനമുണ്ടാക്കുമ്പോള്‍ വഴിപോക്കരെല്ലാം അതെന്താണെന്ന് കാണാന്‍ അങ്ങോട്ട് എത്തിനോക്കുന്നത് സ്വാഭാവികമാണല്ലോ. ആ വഴിപോക്കനാണ് യു ട്യൂബ് പ്രേക്ഷകന്‍. അവന്‍ ഒരു സ്വതന്ത്ര പക്ഷിയാണ്. ഇതാണ് ഉത്തര-ഉത്തരാധുനിക പ്രേക്ഷകന്‍. ഓരോ വീഡിയോയും കാണുന്നതോടൊപ്പം അത് മറക്കണമെന്നത് വളരെ വിശേഷപ്പെട്ട നിയമമാണ്. ഓര്‍മ്മയല്ല നിര്‍മ്മിക്കപ്പെടുന്നത്; മറവിയാണ്.
വായന
‘കാവ്യകല കുമാരനാശാനിലൂടെ’ എന്ന വിമര്‍ശന കൃതിയുടെയും ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന നോവലിന്റെയും സൃഷ്ടികാരനായ പി.കെ.ബാലകൃഷ്ണന്റെ ജീവിതവും കൃതികളും പഠനവിധേയമായിരിക്കുന്നു. ഡോ.എസ്.ഷാജിയാണ് തികഞ്ഞ ഗവേഷണബുദ്ധിയോടെ, നിറയെ ഉദ്ധരണികളോടെ,ബാലകൃഷ്ണന്റെ വാദങ്ങളെ എതിരിട്ടും തര്‍ക്കിച്ചും ഒരു സാഹിത്യസംവാദം പോലെ ഈ പുസ്തകം (പി.കെ.ബാലകൃഷ്ണന്‍ – സാംസ്‌കാരിക കേരളത്തിലെ ഏകാന്തപ്രതിഭാസം, പ്രസാധകര്‍: പരിധി) രചിച്ചിരിക്കുന്നത്. ബാലകൃഷ്ണന്‍ ചിന്തിക്കുന്ന എഴുത്തുകാരനായിരുന്നു. എന്താണ് ചിന്തിക്കേണ്ടതെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു. ബൗദ്ധികമായ അപായക്കളിക്ക് യാതൊരു മടിയുമില്ലാതെ എടുത്തു ചാടുന്ന ചിലരുണ്ട്. അവരുടെ കൂടെയായിരുന്നു ബാലകൃഷ്ണനും. എഴുത്തച്ഛന് ബാലകൃഷ്ണന്‍ അതുല്യമായ സ്ഥാനം നല്കിയതിനെ ചോദ്യം ചെയ്യുന്നുണ്ട് ഷാജി. എഴുത്തച്ഛന്റെ സ്ഥാനം ആര്‍ക്കും അട്ടിമറിക്കാനാവില്ലെന്ന് അറിയിക്കട്ടെ. അദ്ദേഹം പതിനാറാം നൂറ്റാണ്ടില്‍ തന്നെ മഹത്തായ മലയാളം കണ്ടുപിടിച്ചതിനെ ഇരുപതാം നൂറ്റാണ്ടുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല.ബാലകൃഷ്ണന്റെ പിന്മുറയില്‍പ്പെട്ട വിമര്‍ശകരില്‍ കെ.പി.അപ്പനും ബി.രാജീവനും മാത്രമേ ശ്രീനാരായണഗുരുവിനെപ്പറ്റി കാര്യമായ പഠനം നടത്തിയിട്ടുള്ളു എന്നെഴുതിയത് വലിയൊരു തെറ്റാണ്. മാത്രമല്ല ഈ രംഗത്ത് ഷാജി അപ്‌ഡേറ്റല്ല എന്നും ഇത് വ്യക്തമാക്കുന്നു.
തിരിച്ചുപോക്ക്
മലയാളകഥയില്‍ കുറേപ്പേര്‍ ഇപ്പോള്‍ ഒരു തിരിച്ചു പോക്കിന്റെ പാതയിലാണ്. അവരത് ആഘോഷിക്കുകയാണ്. കുട്ടിക്കാലം, സ്‌കൂള്‍ പഠനകാലം, കല്യാണം, വീട് വയ്പ്, സ്‌കൂളിലെ പാട്ടുമത്സരം തുടങ്ങിയ കാര്യങ്ങളെല്ലാം വീണ്ടും വീണ്ടും എടുത്തലക്കുകയാണ്. മാതൃഭൂമി ഓണപ്പതിപ്പില്‍ വന്ന കുറേ കഥകള്‍ ഈ മട്ടിലുള്ളതാണ്. യു. എ.ഖാദറിന്റെ വൃഥാസ്ഥൂലമായ ‘ബസറയിലെ ഈത്തപ്പഴം’ തറവാടിന്റെയും പ്രണയത്തിന്റെയും വിവരണങ്ങളടങ്ങിയ പഴയ വീഞ്ഞുതന്നെ.അശോകന്‍ ചരുവില്‍ ഗൃഹാതുരത്വത്തോടെ സഹപാഠികളെ ഓര്‍മ്മിച്ചെടുക്കുകയാണ് ‘പടിക്കലെ മഠത്തില്‍ ബലരാമന്‍’ എന്ന കഥയില്‍. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് വേറൊന്നും പറയാനില്ലാത്തതുകൊണ്ട്, ഗള്‍ഫില്‍ തിരിച്ചെത്തി നാട്ടില്‍ താമസം തുടങ്ങിയ ഒരാളുടെ വീട്ടില്‍ കളിക്കാന്‍ വന്ന എലിയുടെയും പൂച്ചയുടെയും കാര്യങ്ങളാണ് ‘റൂട്ട് മാപ്പ്’എന്ന കഥയില്‍ പറയുന്നത്. ഈ കഥകളൊക്കെ ഇവര്‍ എന്തിനാണ് എഴുതിയതെന്ന് മനസ്സിലാവുന്നില്ല. ഒരു നല്ല വായനക്കാരന്റെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്താന്‍ ഈ കഥകള്‍ക്ക് കഴിവില്ല. ഇതെല്ലാം അര്‍ത്ഥരഹിതവും വികാരശൂന്യവുമായ വിവരണങ്ങളാണ്. സാഹിത്യമൂല്യമുള്ള യാതൊന്നും ഈ രചനകളിലില്ല. പുതിയ കാലത്തെ പ്രശ്‌നങ്ങള്‍ ഇവരെയൊന്നും സ്പര്‍ശിച്ചു തുടങ്ങിയിട്ടില്ല എന്ന് വ്യക്തം. സ്വന്തം നിസ്സംഗതയുടെ, നിശ്ചലതയുടെ തടവറയിലേക്കാണ് ഇവര്‍ തിരിച്ചു പോകുന്നത്. മാവോ സേ തൂങ്ങിന്റെ പുസ്തകം വെറുതെ വായിക്കാന്‍ കൈയില്‍ വച്ചതിന്റെ പേരില്‍ ഒരു യുവതിയെ പോലീസുകാര്‍ പിടിച്ചുകൊണ്ടു പോകുന്നതാണ് എം.മുകുന്ദന്‍ ‘മൈഥിലിയും കല്യാണിയും’ എന്ന കഥയില്‍ പറയുന്നത്. ഇത്തരം വിഷയങ്ങള്‍ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ പാടുള്ളതല്ല. സി.വി.ബാലകൃഷ്ണന്റെ ‘പുസ്തകങ്ങളേ നിങ്ങള്‍’ എന്ന കഥയാണ് മുഷിച്ചിലില്ലാതെ വായിക്കാനെങ്കിലും ഉപകാരപ്പെട്ടത്.
കവിത
‘അവിടം മണ്ണുമാറ്റുന്ന
യന്ത്രവേഗപ്രതീക്ഷകള്‍
ഗന്ധത്താല്‍ ജഡമെങ്ങെന്നു
തേടി നീങ്ങുന്ന കാലുകള്‍’
പെട്ടിമുടിയിലെ ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ കൂട്ടമരണത്തെ പശ്ചാത്തലമാക്കി ഋഷികേശന്‍ പി.ബി.എഴുതിയ കവിത (പെട്ടിമുടി, കലാകൗമുദി ഓണപ്പതിപ്പ്) യിലെ വരികളാണ് മേലുദ്ധരിച്ചത്. അവിടെ നിറഞ്ഞുനിന്ന ഭയവും അങ്കലാപ്പും കവി ആവിഷ്‌കരിക്കുകയാണ്.
‘ഇവിടെയുണ്ടായിരുന്നു ഞാനെന്നതിന്നൊരു സിസിടിവി ദൃശ്യം നോക്കിയാല്‍ മതി’ എന്ന് രാം മോഹന്‍ പാലിയത്ത് എഴുതുന്നു ‘അതീവ ലളിതം’ (മാതൃഭൂമി ഓണപ്പതിപ്പ്) എന്ന കവിതയില്‍. മനുഷ്യന്റെ ഐഡന്റിറ്റിക്ക് മാറ്റം വന്നിരിക്കുന്നു.
സുന്ദരികളും സുന്ദരന്മാരും
ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ മലയാളത്തിലെ എണ്ണം പറഞ്ഞ നോവലാണല്ലോ. കലാപരമായ ആഖ്യാനം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഈ കൃതിയെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ പുനര്‍വായിക്കുകയാണ് മുരളി പാറപ്പുറം (ഒട്ടും സുന്ദരമല്ലാത്ത ഒരു കാലം, ജന്മഭൂമി ഓണപ്പതിപ്പ്). മാപ്പിള ലഹളയിലെ ഹിംസാത്മക സംഭവങ്ങളെ ഗാന്ധിജി അപലപിച്ചത് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉറൂബ് ആ നിലപാടിനൊപ്പമായിരുന്നുവെന്ന് നോവലിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം സമര്‍ത്ഥിക്കുന്നു.
അയ്യപ്പപ്പണിക്കരുടെ നവതിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഫൗണ്ടേഷന്‍ സ്ഥാപകന്‍ പ്രിയദാസ് ജി മംഗലത്ത് എഴുതിയ ലേഖനം (അയ്യപ്പപ്പണിക്കര്‍ – വ്യഥയില്‍ നിന്ന് വീര്യം കൊണ്ടുവരുന്നൊരു താളം, ഭാഷാപോഷിണി, സപ്തംബര്‍) ഉചിതമായി. വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കാവുന്ന കവിതകള്‍ എഴുതിയതിനു അയ്യപ്പപ്പണിക്കരോട് പ്രതികാരം ചെയ്യാന്‍ നടക്കുന്നവര്‍ ഇത് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിതനിരാസമല്ല, അതിജീവനമാണ് പ്രധാനമെന്ന് ഉറക്കെപ്പറഞ്ഞ കവിയാണ് പണിക്കര്‍ എന്ന് ലേഖകന്‍ സ്ഥാപിക്കുന്നു.
നുറുങ്ങുകള്‍
-
തമിഴ്‌നാട്ടില്‍ എം.ജി.ആര്‍ ഒരു സിനിമാനടന്‍, രാഷ്ട്രീയ നേതാവ് എന്നതിലുപരി ഒരു ദൈവമായി ആരാധിക്കപ്പെട്ടു. എഴുപതുകളില്‍ കേരളത്തിലേക്ക് വരുന്ന തമിഴ്‌നാട് ലോറികളില്‍ എം.ജി.ആറിന്റെ ചിത്രം ചില്ലിട്ട് പൂജാവിഗ്രഹം പോലെ വച്ചിരുന്നത് കണ്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അടിമപ്പെണ്‍, നംനാട് തുടങ്ങിയ സിനിമകള്‍ കണ്ടത്.
-
മലയാള സിനിമ സാഹിത്യത്തിലെ ആധുനികതയ്ക്ക് ഒപ്പം എത്തുന്നതില്‍ പരാജയപ്പെട്ടു എന്ന് ജോയ് മാത്യു നിരീക്ഷിക്കുന്നതില്‍ (കേസരി ഓണപ്പതിപ്പ് ) കഴമ്പുണ്ട്. വിജയന്റെ അരിമ്പാറ, ടി.ആറിന്റെ ജാസ്സക്കിനെ കൊല്ലരുത്, കാക്കനാടന്റെ ശ്രീചക്രം തുടങ്ങിയ കഥകള്‍ ചലച്ചിത്രമാക്കുന്നത് ഇപ്പോഴും ആലോചിക്കാന്‍ വയ്യ.
-
എം.പി.നാരായണപിള്ള, എന്‍.മോഹനന്‍, മാനസി, പി.എ.ദിവാകരന്‍ തുടങ്ങിയവര്‍ കഥയെഴുതി തിളങ്ങി നിന്നപ്പോള്‍ തന്നെ ദീര്‍ഘകാല മൗനത്തിലേക്ക് മടങ്ങുകയും ചെയ്തു. അവര്‍ എഴുതാതിരുന്നതും കലാപരമായ പ്രക്രിയയായി കാണേണ്ടതാണ്.
-
ഇ.ഹരികുമാറിന്റെ ‘പച്ചപ്പയ്യിനെ പിടിക്കാന്‍’, ‘ശ്രീപാര്‍വ്വതിയുടെ പാദം’ എന്നീ കഥകള്‍ കാല്‍ നൂറ്റാണ്ടിനു മുമ്പാണ് വായിച്ചതെങ്കില്‍പ്പോലും, ഇപ്പോഴും അതിന്റെ ഹൃദ്യമായ അനുഭവം മായുന്നില്ല.
-
മോഷണമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ ഫ്രഞ്ച് നാടകകൃത്ത് ഷാങ് ഷെനെ (Jean Ganet) ജയിലില്‍ കിടന്നാണ് തന്റെ ആദ്യകവിത എഴുതിയത്. ഷെനെ ഇങ്ങനെ പറഞ്ഞു: കവിത എന്നു പറയുന്നത് ദൃശ്യമായതിനും അദൃശ്യമായതിനും ഇടയിലെ വിടവാണ്.
-
പ്രേം നസീര്‍ സിനിമകളില്‍ കാമുക പാരവശ്യത്തോടെ, തന്റെ കാമുകിയെ പിരിഞ്ഞതിന്റെ വ്യഥ പാട്ടിലോ, നടത്തയിലോ ആവിഷ്‌കരിക്കുമ്പോള്‍ അത് ആ കാലഘട്ടത്തിലെ പ്രണയശോകത്തിന്റെ ധാര്‍മ്മികമായ, സത്യാത്മകമായ ഉള്ളടക്കമായി മാറുകയായിരുന്നു.
-
പുസ്തകങ്ങളുടെ പി.ഡി.എഫ് ഓണ്‍ലൈനില്‍ വില്ക്കാനും ആദായത്തിന്റെ ഓഹരി എഴുത്തുകാര്‍ക്ക് കൊടുക്കാനും പ്രാപ്തിയുള്ള പുതിയ സൈബര്‍ പ്രസാധക ഇടങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. അതിനേ ഭാവിയുള്ളു. അങ്ങനെ സംഭവിച്ചാല്‍ നമുക്ക് ആരുടെയും പുസ്തകങ്ങള്‍ വില്ക്കാം. കൃഷ്ണചൈതന്യയുടെയും പാറപ്പുറത്തിന്റെയും മുഴുവന്‍ കൃതികളും പി.ഡി.എഫ് ആക്കി ഓണ്‍ലൈനില്‍ വില്പനയ്ക്ക് വയ്ക്കാം.
-
ഭാരതത്തിലെ ക്ഷേത്രങ്ങള്‍ ലോകത്തിലെ മഹാത്ഭുതങ്ങളാണ്. ഇത് നിര്‍മ്മിച്ചവരെയും പരിപാലിച്ചവരെയും പ്രണമിക്കുന്നു.