ഭാരതം കഴിഞ്ഞ ദിവസം ഹൈപ്പര്‍ സോണിക് മിസൈല്‍ വാഹനം വിജയകരമായി പരീക്ഷിച്ചു. ഇതോടെ മിസൈല്‍ സാങ്കേതിക വിദ്യകളെപ്പറ്റിയുള്ള ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്.
ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന, അതിസങ്കീര്‍ണ്ണവും വിനാശകാരിയുമായ ആയുധമാണ് മിസൈലുകള്‍. ഏത് പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമുണ്ട് എന്ന ന്യൂട്ടന്റെ മൂന്നാം ചലനനിയമം അടിസ്ഥാനമാക്കിയാണ്, റോക്കറ്റുകളും ജെറ്റ് വിമാനങ്ങളും മിസൈലുകളും പ്രവര്‍ത്തിക്കുന്നത്. കൃത്യമായ ഒരു ലക്ഷ്യത്തിലേക്ക് തൊടുക്കുന്ന മിസൈല്‍ അതിന്റെ സഞ്ചാരപഥങ്ങളിലൂടെ പോയി, അതിന്റെ പോര്‍മുനകളിലെ സ്‌ഫോടകവസ്തുക്കള്‍ സ്വയം പൊട്ടിത്തെറിച്ച് നാശം വിതക്കുന്നു. ഇതാണ് ഏറ്റവും ലളിതമായി മിസൈലിനെക്കുറിച്ചു പറയാനുള്ളത്.
മിസൈലുകള്‍ രണ്ടു വിധമുണ്ട്. ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവയാണത്. ബാലിസ്റ്റിക് മിസൈലുകള്‍ മുകളിലേക്ക് ഒരു റോക്കറ്റിനെപ്പോലെ സഞ്ചരിച്ച്, ശൂന്യാകാശത്തിലെത്തി, വീണ്ടും അന്തരീക്ഷത്തില്‍ പ്രവേശിച്ച് ലക്ഷ്യത്തിലേക്ക് പതിക്കുന്ന രീതിയില്‍ ഒരു വര്‍ത്തുള പാതയിലാണ് സജ്ജീകരിക്കപ്പെട്ടിരിക്കുന്നത്. 250 കിലോമീറ്റര്‍ മുതല്‍ പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ വരെ ഇവയ്ക്ക് സഞ്ചരിക്കാന്‍ കഴിയും. ഭാരം കൂടിയ പോര്‍മുനകള്‍ വഹിച്ചു ഭൂഖണ്ഡങ്ങള്‍ താണ്ടാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. ഒരിക്കല്‍ വിക്ഷേപിച്ചു കഴിഞ്ഞാല്‍ ഇവയെ തിരിച്ചു വിളിക്കാനോ വഴിതിരിച്ചു വിടാനോ കഴിയില്ല. തൊടുത്താല്‍ തകര്‍ത്തു മാത്രം തീരുന്ന ഫ്രാങ്കന്‍സ്റ്റിനുകള്‍ ആണിവ. ഭാരതത്തിന്റെ പൃഥ്‌വി, വിവിധ വേരിയന്റുകളില്‍ ഉള്ള അഗ്‌നി ഒക്കെ ബാലിസ്റ്റിക് ഗണത്തിലുള്ള മിസൈലുകളാണ്.
മറ്റൊന്നാണ് ക്രൂയിസ് മിസൈലുകള്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇവ വായുവിലൂടെ ക്രൂയിസ് ചെയ്താണ് സഞ്ചരിക്കുന്നത്. അതായത് ഒരു വിമാനം പോകുന്നതുപോലെ, ഭൂമിക്ക് സമാന്തരമായി താഴ്ന്നു പറന്നാണ് ഇവയുടെ യാത്ര. വിമാനത്തെപ്പോലെ ചിറകുകളും വാലും എല്ലാം ഇവയ്ക്കുമുണ്ട്. കൃത്യമായ ഗൈഡഡ് സംവിധാനങ്ങളിലൂടെ ക്രൂയിസ് മിസൈലുകളുടെ പാത നിയന്ത്രിക്കാന്‍ കഴിയും, വഴിതിരിച്ചു വിടാനും, വേണ്ടിവന്നാല്‍ തിരിച്ചു വിളിച്ചു തകര്‍ത്തു കളയാനും കഴിയും. താഴ്ന്നു പറക്കുന്നത് കൊണ്ട് ഈ മിസൈലുകള്‍ക്ക് ഒരു പരിധിവരെ റഡാറുകളുടെ കണ്ണുവെട്ടിക്കാനും കഴിയും. ലംബമായി വിക്ഷേപിച്ച് പിന്നെ ചെരിച്ച് ഭൂമിക്ക് സമാന്തരമായി പറക്കുന്ന രീതിയിലാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ക്രൂയിസ് മിസൈലുകളുടെ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ എത്രത്തോളമുണ്ട് എന്ന് ഇപ്പോള്‍ തന്നെ മനസ്സിലായല്ലോ. ഇവക്ക് ബാലിസ്റ്റിക് മിസൈലുകളെപ്പോലെ ഭാരമേറിയ പോര്‍മുനകള്‍ വഹിക്കാനാവില്ല. പക്ഷേ സഞ്ചരിക്കുന്ന ലക്ഷ്യങ്ങളായ കപ്പലുകള്‍, മിസൈല്‍ ലോഞ്ചറുകള്‍ എന്നിവയെ തകര്‍ക്കാന്‍ ഏറ്റവും അനുയോജ്യമായവയാണ് ക്രൂയിസ് മിസൈലുകള്‍.
മിസൈലുകള്‍ വേഗതയുടെ കാര്യത്തിലും തരം തിരിച്ചിട്ടുണ്ട്. സബ്‌സോണിക്, സൂപ്പര്‍ സോണിക്, ഹൈപ്പര്‍ സോണിക് എന്നിങ്ങനെയാണിത്. ശബ്ദത്തിനേക്കാള്‍ കുറഞ്ഞ വേഗത്തില്‍ അതായത് മാക് 1നും താഴെ വേഗതയുള്ള മിസൈലുകള്‍ ആണ് സബ്‌സോണിക് മിസൈലുകള്‍. ഒട്ടുമിക്ക ക്രൂയിസ് മിസൈലുകളും സബ്‌സോണിക് വിഭാഗത്തിലുള്ളവയാണ്. മാക് 1 നും മാക് 6 നും ഇടയില്‍ വേഗതയുള്ള മിസൈലുകളാണ് സൂപ്പര്‍ സോണിക് മിസൈലുകള്‍. കുറച്ചു ക്രൂയിസ് മിസൈലുകള്‍, ഏതാണ്ടെല്ലാ ബാലിസ്റ്റിക് മിസൈലുകള്‍ എല്ലാം ഈ വിഭാഗത്തില്‍ വരും. മാക് 6നും മുകളില്‍ വേഗതയുള്ളവയാണ് ഹൈപ്പര്‍ സോണിക് മിസൈലുകള്‍.
മിസൈലുകളോടൊപ്പം മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വളരെയേറെ വികസിച്ചിട്ടുണ്ട്. മിസൈലിന്റെ പാത തിരിച്ചറിഞ്ഞു പ്രതിരോധ മിസൈലുകള്‍ അയച്ചു തകര്‍ക്കുന്ന രീതിയിലാണ് ഇവയുടെ സംവിധാനം. ഇവിടെ മിസൈലിന്റെ വേഗത വളരെ പ്രധാനമാണ്. ശബ്ദാതിവേഗതയില്‍ വരുന്ന ഒരു മിസൈലിനെ തിരിച്ചറിഞ്ഞു വരുന്നതിനു മുമ്പ് അവ ലക്ഷ്യം തകര്‍ക്കും. ലോകത്തിലെ ഏറ്റവും വേഗതയും കൃത്യതയുമേറിയ ക്രൂയിസ് മിസൈല്‍ ആയ ഭാരതത്തിന്റെ ബ്രഹ്മോസ് അതുകൊണ്ടാണ് ഏറ്റവും മാരകമാവുന്നത്.
മിസൈലുകള്‍ ഹൈപ്പര്‍ സോണിക് വേഗത കൈവരിക്കുമ്പോള്‍ അവയെ തടയുക എന്നത് ഏതാണ്ട് അസാധ്യമാകും. ഈ വന്‍വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെടാതെ സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുക എന്നത് ആയിരക്കണക്കിന് സാങ്കേതിക സംവിധാനങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തില്‍ കൂടി മാത്രമേ സാധ്യമാകൂ. അപാരമായ അറിവും അനുഭവവും വേണ്ട സംഗതിയാണിത്. അമേരിക്ക ഹൈപ്പര്‍ മിസൈല്‍ പരീക്ഷിച്ചിട്ട് ഏതാനും വര്‍ഷങ്ങളെ ആയിട്ടുള്ളു. റഷ്യ പരീക്ഷിച്ചു എന്നല്ലാതെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. ചൈന അവകാശപ്പെടുന്നുണ്ട്. ആ ക്ലബ്ബിലേക്കാണ് ഭാരതവും കടന്നു വന്നിരിക്കുന്നത്.
തടയാനാവാത്ത ആയുധങ്ങള്‍ ശത്രുവിനുള്ളപ്പോള്‍ പ്രതിരോധിക്കാന്‍ നാമും അത് സ്വന്തമാക്കുക എന്നതേ വഴിയുള്ളു. ഇങ്ങോട്ടടിച്ചാല്‍ ഒന്നിന് പത്തായി തിരിച്ചു കിട്ടും എന്ന ഭയം ശത്രുവില്‍ ഉണ്ടാക്കുക എന്നതാണ് ആ പ്രതിരോധ തന്ത്രം. അങ്ങനെയേ ലോകത്ത് സമാധാനം പുലരുകയുള്ളു. അതുകൊണ്ടാണ് ഈ നശീകരണ ആയുധങ്ങള്‍ തന്നെയാണ് ലോകത്തെ ഇങ്ങനെ സംരക്ഷിക്കുന്നത് എന്ന് പറയുന്നതും.