ഒത്തൊരുമിച്ചുള്ള ഗണഗീതാലാപനത്തിലൂടെ നമ്മുടെയുള്ളില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നതെങ്ങനെയെന്നുള്ള അനുഭവങ്ങളാണല്ലോ കഴിഞ്ഞ ലക്കത്തില്‍ പങ്കുവച്ചത്. ഹൃദയങ്ങളെയാഴത്തില്‍ സ്പര്‍ശിച്ച് നമ്മെ മാറ്റിമറിക്കുന്ന ഗണഗീതങ്ങളെ ‘ഹൃദയഗീതം’ എന്നുതന്നെ നമുക്ക് വിശേഷിപ്പിക്കാം. എങ്ങനെയാണ് ഗണഗീതങ്ങള്‍ക്ക് നമ്മുടെ ഹൃദയങ്ങളെ തൊട്ടുണര്‍ത്താന്‍ സാധിക്കുന്നത്? സംഗീതത്തിന്റെ ദിവ്യസ്പര്‍ശം മാത്രമാണോ അതിനുകാരണം? അതോ സംഗീതത്തിനൊപ്പം മറ്റെന്തെങ്കിലും ഘടകങ്ങളും കൂടിയുണ്ടോ? ഇത് സംബന്ധിച്ച ചില എളിയവിചാരങ്ങളാണ് ഇത്തവണ കുറിക്കുന്നത്.
സ്വന്തം അനുഭവത്തിലൂടെ നോക്കുമ്പോള്‍ സംഗീതത്തിന് ഹൃദയങ്ങളെ ആകര്‍ഷിക്കാനാവുമെങ്കിലും അതിനൊപ്പം മറ്റുചില ഘടകങ്ങള്‍ കൂടിച്ചേരുമ്പോഴേ അതിന് ഹൃദയങ്ങളില്‍ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ സാധിക്കൂ. എന്റെ ദൃഷ്ടിയില്‍ അര്‍ത്ഥം, ആശയം, ഭാഷ എന്നിവയാണ് ഗണഗീതത്തിന് ശക്തി പകരുന്ന മറ്റു ഘടകങ്ങള്‍. അര്‍ത്ഥത്തിന്റെ പ്രാധാന്യമെന്താണെന്ന് നമുക്കെല്ലാമറിയാം. അര്‍ത്ഥസമ്പുഷ്ടമായ വരികള്‍ വളരെവേഗം മനസ്സില്‍ പതിയും. ഉദാഹരണത്തിന് നാമൊരുപാട് ഗാനങ്ങള്‍ കേള്‍ക്കാറുണ്ടല്ലോ. അതില്‍ തന്നെ വളരെ ആകര്‍ഷകമായി സംഗീതസംവിധാനം ചെയ്തിട്ടുള്ള പല ഗാനങ്ങളും നമുക്കേറെ ഇഷ്ടമാവാറുണ്ടുതാനും. എന്നാല്‍ ഗാനത്തിന്റെ വരികള്‍ അര്‍ത്ഥരഹിതമാണെങ്കില്‍ അധികനാളവ ഓര്‍മ്മയില്‍ നില്‍ക്കുകയുമില്ല. അതേസമയം അര്‍ത്ഥവത്തായ വരികളാല്‍ സമ്പന്നമായ ഗാനങ്ങളാവട്ടെ കാലമെത്ര കഴിഞ്ഞാലും സ്മൃതിയില്‍ നിന്നൊട്ട് മായുകയുമില്ല. ഗണഗീതത്തിന്റെ വരികളെല്ലാം അര്‍ത്ഥസമ്പന്നമായതിനാല്‍ അവ മനസ്സില്‍ നിന്നൊരിക്കലും മായുകയില്ല. സംഗീതസാന്ദ്രമായ വരികള്‍ക്കൊപ്പം അവയുടെ അര്‍ത്ഥം പകര്‍ന്നുനല്‍കിയ ദിശാബോധവും കൂടി ചേര്‍ന്നപ്പോഴാണ് ഗണഗീതം നമ്മുടെയുള്ളിലൊരു സ്വാധീന ശക്തിയായി മാറിയത്. നാലുവരി ഗണഗീതം ഉദാഹരണമായെടുത്താല്‍ ഇക്കാര്യം വളരെയെളുപ്പം മനസ്സിലാകും.
‘ആരുടെ മടിയില്‍ കേളികളാടി
ആരുടെ വായു ശ്വസിപ്പൂ നാം
ആ മാതാവിന്‍ ദീനരോദനം
ഹന്ത ശ്രവിപ്പീലെന്നോ നാം’
ഈ വരികള്‍ ആരുടെയുള്ളിലാണ് ചെന്ന് തറക്കാതിരിക്കുക? ഈ വരികള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞാല്‍ പിന്നെ ഭാരതഭൂവിനെ സ്‌നേഹിക്കുന്ന ഏതെങ്കിലുമൊരുവന് വെറുമൊരു കാഴ്ചക്കാരനായി മാത്രമിരിക്കാന്‍ സാധിക്കില്ലല്ലോ. അര്‍ത്ഥബദ്ധമായ വരികളുടെ ശക്തിയാണിവിടെ പ്രതിഫലിക്കുന്നത്.
സംഗീതത്തിനും അര്‍ത്ഥസമ്പുഷ്ടതക്കുമൊപ്പം ഗണഗീതത്തിന് ശക്തി പകരുന്ന മൂന്നാമത്തെ ഘടകമതിന്റെ ആശയസമ്പുഷ്ടതയാണ്. ഓരോ ഗണഗീതവും ചെറുതും വലുതുമായ നിരവധി ആശയങ്ങളാല്‍ സമ്പന്നമാണ്. തീര്‍ച്ചയായും ഒരാശയത്തെ പുസ്തകരൂപത്തിലോ, ഭാഷണം മുഖാന്തിരമോ അവതരിപ്പിക്കാന്‍ സാധിക്കും. പക്ഷേ അതിനേക്കാളുമൊക്കെ എളുപ്പത്തില്‍ അതിനെ പദ്യരൂപത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കും. കാരണം എത്രവലിയ ആശയത്തേയും നാല് വരികള്‍ക്കുള്ളില്‍ നിഷ്പ്രയാസം ഒതുക്കാനാവും. ഭഗവദ് ഗീതയിലെ ഓരോ വരിയും വ്യാഖ്യാനിക്കാന്‍ ദിവസങ്ങള്‍ തന്നെ വേണ്ടിവരുന്നത് അതുകൊണ്ടാണല്ലോ. ഇത്തരത്തില്‍ ഓരോ ഗണഗീതങ്ങളും വലുതും ചെറുതുമായ അനവധി ആശയങ്ങളെ സൂക്ഷ്മരൂപത്തിലാക്കി നമ്മിലേക്ക് കൈമാറുന്നുണ്ട്. അതുകൊണ്ട് ഒരു ഗണഗീതം പഠിക്കുന്നത് ഒരു പുസ്തകം ഗ്രഹിക്കുന്നതിന് തുല്യമാണ്. നാമൊട്ടേറെ തവണ പാടിപ്പതിഞ്ഞ ഒരു ഗണഗീതത്തിന്റെ വരികളുദാഹരണമായെടുക്കാം.
‘ഇലയൊന്നടരും നേരം വിടരും മറ്റൊന്നതിനെ പിന്തുടരാന്‍,
അതിനാല്‍ വന്മരമെന്നും വളരും തളരും പാന്ഥന് തണലേകാന്‍..’
കേവലം രണ്ടു വരികള്‍ മാത്രമേയുള്ളൂവെങ്കിലും എത്ര വലിയ ആശയങ്ങളാണ് ഈ രണ്ടു വരികളില്‍ മാത്രമടങ്ങിയിരിക്കുന്നതെന്ന് നോക്കൂ. ഒന്നാമതായി സംഘടനാ പ്രവര്‍ത്തനത്തിന്റെ നൈരന്തര്യത്തെ കുറിച്ച് വരികള്‍ നമ്മോട് പറയുന്നു. രണ്ടാമത് ആ നൈരന്തര്യമാവട്ടെ പ്രത്യേകമായി ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചുള്ളതല്ലെന്ന് വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മൂന്നാമതായി ഞാനാണ് സംഘടനയെന്ന അബദ്ധ ധാരണയുടെ നിരര്‍ത്ഥകത ഈ വരികളുറക്കെ പ്രഖ്യാപിക്കുന്നു. നാലാമതായി സംഘടനയുടെ പ്രയാണത്തില്‍ പുതുതലമുറയുടെ സൃഷ്ടി എത്രമാത്രം അനിവാര്യമാണെന്ന കര്‍ത്തവ്യബോധവും ഈ വരികള്‍ പകര്‍ന്നു നല്‍കുന്നു. അഞ്ചാമതായി വരിയുടെ അവസാനഭാഗത്ത് ഒരു കരുത്തുറ്റ സംഘടന എങ്ങനെയാണ് ലോകോപകാരാര്‍ത്ഥം സമാജത്തില്‍ വര്‍ത്തിക്കേണ്ടതെന്ന ദിശാദര്‍ശനവും തളരും പാന്ഥന് തണലേകാനെന്ന മനോഹരമായ വര്‍ണനയിലൂടെ മുന്നോട്ട് വെക്കുന്നു. അഞ്ച് വലിയ ആശയങ്ങള്‍, അര്‍ത്ഥം ഓരോ വരിയും ഒരോ പുസ്തകമാക്കാന്‍ തക്ക ബൃഹത്തായ ആശയങ്ങളാല്‍ സമ്പന്നമാണെന്ന് സാരം. ഇത്ര ബൃഹത്തായ ആശയസമുദ്രത്തെയാണ് കേവലം രണ്ടേരണ്ടു വരികളിലൊതുക്കി നമുക്ക് പകര്‍ന്നു നല്‍കാന്‍ ഗണഗീതത്തിന് സാധിക്കുന്നത്. പരിവര്‍ത്തനത്തിന്റെ ചാലകശക്തിയായി ഗണഗീതങ്ങള്‍ മാറിയതിനു പിന്നില്‍ അതിലടങ്ങിയിരിക്കുന്ന ആശയസമ്പത്തും ഒരു മുഖ്യഘടകമാണെന്ന് ഉറപ്പിക്കാന്‍ ഈ ഉദാഹരണം മാത്രം മതിയാവുമല്ലോ.
സംഗീതം, അര്‍ത്ഥം, ആശയം എന്നിവക്കൊപ്പമുള്ള നാലാമത്തെ ഘടകം ഗണഗീതത്തിന്റെ ഭാഷയാണ്. ഈ ഘടകമാണ് ഹൃദയസ്പൃക്കാവാനും ഒപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന അര്‍ത്ഥവും ആശയവും സ്വയംസേവകര്‍ക്ക് നേരിട്ട് കൈമാറാനും ഗണഗീതങ്ങളെ പ്രാപ്തമാക്കുന്നത്. ഗണഗീതങ്ങളുടെ ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നമുക്കറിയാമല്ലോ ഗഹനമായ ഭാഷയിലാണ് ഒട്ടുമിക്ക സാഹിത്യങ്ങളും രചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റവായന കൊണ്ട് മാത്രമതിന്റെ അന്തരാര്‍ത്ഥവും അതിലെ ഉപമകളുമൊന്നും മനസ്സിലാക്കാന്‍ അഭ്യസ്തവിദ്യര്‍ക്കു പോലും പ്രയാസമാണ്. അതുകൊണ്ടവയെ ശരിയായി മനസ്സിലാക്കാന്‍ ആഴത്തിലുള്‍ക്കൊള്ളാന്‍ പലപ്പോഴും പണ്ഡിതരുടെ വ്യാഖ്യാനങ്ങളെ നമുക്കാശ്രയിക്കേണ്ടി വരുന്നു. പക്ഷേ സംഘസാഹിത്യമായ ഗണഗീതങ്ങളാവട്ടെ ഇക്കാര്യത്തില്‍ അടിമുടി വേറിട്ടുനില്‍ക്കുന്നു. പണ്ഡിതന്‍മാരുടെയൊന്നും വ്യാഖ്യാനങ്ങളില്ലാതെ തന്നെ ഏതൊരാള്‍ക്കും ഗണഗീതങ്ങളുടെ അര്‍ത്ഥവും, ആശയവും മനസ്സിലാക്കാന്‍ വളരെയെളുപ്പം സാധിക്കും. കാരണം ഗണഗീതങ്ങളുടെ ഭാഷ അത്രക്ക് ലളിതമാണ്, സരളമാണ്. ശാഖയില്‍ വരുന്ന ബാല സ്വയംസേവകര്‍ക്കു പോലും പ്രാപ്യമായ ഭാഷയാണിതെന്ന് പറയുമ്പോള്‍ അതിന്റെ വരികളുടെ ലാളിത്യം എത്രമാത്രമെന്ന് നമുക്കൂഹിക്കാമല്ലോ. നമ്മുടെയൊരു ഗണഗീതം തന്നെ നോക്കാം.
ഒന്നിച്ചു കൂടാം നമുക്ക് നിത്യം
ഒന്നിച്ചു പാടാം കളികളിക്കാം
ഒന്നായി മാതാവിന്‍ പൂജ ചെയ്യാം
ഒന്നായ്ക്കഴിയാം മരിക്കുവോളം
ശാഖയെ അതേപടി മനസ്സില്‍ പ്രതിഷ്ഠിക്കുന്ന ഈ വരികളുടെ ഭാഷ എത്ര ലളിതമാണെന്ന് നോക്കൂ. സാധാരണഗതിയില്‍ മിക്ക സാഹിത്യരചയിതാക്കളും തങ്ങളുടെ പാണ്ഡിത്യവും പദസമ്പത്തിന്റെ പ്രദര്‍ശനവും സ്വന്തം രചനകളിലൂടെ നടത്താറുണ്ട്. വായനക്കാരും അതിനെ രചനയുടെ സൗന്ദര്യമെന്ന നിലയില്‍ നോക്കിക്കണ്ട് ആസ്വദിക്കുന്നു. എന്നാല്‍ പദസമ്പത്തിന്റെ വൈപുല്യമോ, സാഹിത്യാസ്വാദനമോ അല്ല ഹൃദയപരിവര്‍ത്തനമാണ് ശാഖയില്‍ ആലപിക്കേണ്ടുന്ന ഗണഗീതങ്ങളുടെ മുഖ്യലക്ഷ്യമെന്ന തിരിച്ചറിവോടു കൂടി തന്നെയാണവ എഴുതപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഗണഗീതങ്ങള്‍ പാടുന്ന ഇളംതലമുറ ബാല സ്വയംസേവകരില്‍ പോലും രാഷ്ട്രഭക്തിയും കര്‍ത്തവ്യബോധവും സമര്‍പ്പണഭാവവും ശീലസമ്പത്തും വളര്‍ത്തിയെടുക്കാന്‍ തക്കവിധമാണവ എഴുതപ്പെട്ടിരിക്കുന്നത്. അതിനാലാണവയുടെ ഭാഷ സരളമായത്, ലാളിത്യം തുളുമ്പുന്നതായത്. ഗണഗീതങ്ങള്‍ക്ക് നേരിട്ട് ഹൃദയങ്ങളിലേക്ക് കടന്നുചെല്ലാനാവുന്നതും അതുകൊണ്ടുതന്നെ.
മറ്റൊന്ന് ഭാരതം വിവിധതകളാല്‍ സമ്പന്നമാണ്. വിഭിന്നങ്ങളായ വേഷഭൂഷാദികളും, ആചാരവിശ്വാസങ്ങളും, ആഹാരരീതികളും കൂടാതെ അനവധി ഭാഷകളുമിവിടെയുണ്ട്. ഭാരതത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പോലും പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന നിലയില്‍ എല്ലാ ഭാഷകളിലും ഒട്ടനവധി സംഘഗീതങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. പ്രാന്തഭേദമന്യേ അവ എല്ലായിടത്തും ആലപിക്കുകയും ചെയ്യുന്നു. കേരളത്തിലെ ശാഖകളില്‍ തന്നെ തമിഴ്, കന്നട, ഹിന്ദി, സംസ്‌കൃതം, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളിലുള്ള ഗീതങ്ങള്‍ പാടുമ്പോള്‍ അറിയാതെ നമ്മുടെയുള്ളില്‍ ആ ഭാഷ ഉരുവായ പ്രദേശങ്ങളുമായും അത് സംസാരിക്കുന്നവരുമായും ഒരാത്മബന്ധം ഉടലെടുക്കുന്നു. വിവിധതകളിലെ ഏകതയാണ് ഭാരതത്തിന്റെ സൗന്ദര്യമെന്നു പറയുമ്പോള്‍ വിവിധ ഭാഷകളില്‍ രചിക്കപ്പെട്ട ഗണഗീതങ്ങള്‍ ആലപിക്കുന്ന സ്വയംസേവകര്‍ക്ക് ആ സൗന്ദര്യം അക്ഷരാര്‍ത്ഥത്തില്‍ ഒരനുഭൂതിയായി മാറുന്നു. വിവിധ ഭാഷകളുടെ സാന്നിധ്യം കൊണ്ട് നമ്മുടെ സംഘസ്ഥാന്‍ ഹിന്ദുസ്ഥാനിന്റെ ഒരു ചെറു പതിപ്പായി മാറുന്നു. ഇത്തരത്തില്‍ ഈ മണ്ണിന്റെ മക്കളില്‍ രാഷ്ട്രനിര്‍മ്മാണത്തിനുതകുന്ന മഹത്തായ ഭാവനകളെ വളര്‍ത്താന്‍ ഗണഗീതമെന്ന എളിയ പദ്ധതിക്കാവുന്നു.
ഗണഗീതത്തിന് സ്വയംസേവകരെ മാത്രമല്ല മറ്റുള്ളവരേയും വലിയനിലക്ക് സ്വാധീനിക്കാനാവുന്നുണ്ട്. കോളേജില്‍ പഠിക്കുന്ന കാലത്ത് ‘പരമപവിത്രമതാമീ മണ്ണില്‍’ എന്നാരംഭിക്കുന്ന ഗണഗീതത്തോടുള്ള ഇഷ്ടംകൊണ്ട് അതെഴുതിയെടുക്കാന്‍ യാതൊരു സംഘടനാബന്ധങ്ങളുമില്ലാത്ത സുഹൃത്തുക്കള്‍ പോലും സമീപിക്കുമായിരുന്നു. നമസ്‌കരിപ്പൂ ഭാരതമങ്ങേ എന്ന ഗണഗീതം നാടിനിന്ന് സുപരിചിതമാണ്. രണ്ട് വര്‍ഷം മുമ്പ് ഏറ്റുമാനൂര്‍ നഗരസഭ കാര്യാലയത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ നടന്ന പതാകയുയര്‍ത്തല്‍ ചടങ്ങില്‍ സ്വയംസേവകരും സംബന്ധിക്കുകയുണ്ടായി. ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് ചെയ്ത് ദേശീയ ഗാനവും ആലപിച്ചതിന് ശേഷം സ്വയംസേവകര്‍ ‘ഭാരതദേശം പാവനദേശം തനമനമിതിനായര്‍പ്പിക്കാം’ എന്ന ഗണഗീതം ചൊല്ലിക്കൊടുക്കുകയുണ്ടായി. വിവിധ രാഷ്ട്രീയകക്ഷികളില്‍ പെട്ട നഗരസഭാ കൗണ്‍സിലര്‍മാര്‍ നമുക്കൊപ്പം ചേര്‍ന്ന് ആ ഗീതം ഏറ്റുപാടി. ശേഷം അവരില്‍ പലരും ആ ഗണഗീതം എഴുതി വാങ്ങാന്‍ സ്വയംസേവകരെ സമീപിച്ചു. പറഞ്ഞുവന്നത് സംഘവലയത്തിന് പുറത്തുള്ളവരുടെ ഹൃദയങ്ങളെ പോലും സ്പര്‍ശിക്കാന്‍ തക്കവണ്ണം ലാളിത്യം നിറഞ്ഞ ഹൃദയഭാഷയില്‍ ചാലിച്ചെഴുതിയ ഗീതങ്ങളാണ് ഗണഗീതങ്ങള്‍. സംഘകാര്യത്തില്‍ സ്വയംസേവകര്‍ക്ക് ഉത്സാഹവും, ദിശയും പകര്‍ന്നു നല്‍കുന്ന ഈ ഹൃദയഗീതങ്ങളുടെ മഹത്വം അത്രക്ക് വലുതാണ്.