2020 ജൂണ്‍ 28 ന് അല്‍ സത്താര്‍ സ്‌പൈസസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്ന് തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ റഷീദ് ഖമീസ് അലി മുസൈഖ്രി അല്‍ ആഷ്മിയയ്ക്ക 1035444 എന്ന ഇന്‍വോയ്‌സ് നമ്പറില്‍ വന്ന 79 കിലോ പാക്കറ്റിന് കേരള ചരിത്രത്തില്‍ വന്‍ സ്ഥാനമാണുള്ളത്. ഇത് സമകാലിക കേരളത്തെ തലകീഴായി മറിച്ചു എന്ന് മാത്രമല്ല ഭാവി കേരളത്തിനുള്ള പുത്തന്‍ അടിത്തറ ഇടുകയും ചെയ്തു. യു.എ.ഇയില്‍ നിന്ന് നയതന്ത്ര ബാഗേജില്‍ വരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കൊപ്പം ‘മറ്റു ചില സാധനങ്ങളും’ ഉണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് കിട്ടിയ രഹസ്യ വിവരം ഇന്ത്യയുടെ പരമാധികാരത്തെ പോലും സംരക്ഷിക്കാന്‍ പാകത്തിനുള്ളതായിരുന്നു.
കോണ്‍സുലേറ്റ് ജനറലിന്റെ വീട്ടില്‍ നിന്ന് അദ്ദേഹത്തിന് അയച്ച ഈന്തപ്പഴം, പാല്‍പ്പൊടി, ഓട്‌സ്, ബിസ്‌കറ്റ് തുടങ്ങിയ 9 ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം സാനിറ്ററി പൈപ്പുകള്‍, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍, ഒരു ജോഡി ഷൂസ്, താഴും താക്കോലും തുടങ്ങി 7 മറ്റ് സാധനങ്ങളും ഉണ്ടായിരുന്നു. പൈപ്പിനുള്ളില്‍ അതീവ വൈദഗ്ദ്ധ്യത്തോടെ ഒളിപ്പിച്ചിരുന്ന 30 കിലോ സ്വര്‍ണ്ണം 2020 ജൂലായ് അഞ്ചിന് കണ്ടെടുത്തു. വിദേശ മന്ത്രാലയത്തിന്റെയും യു.എ.ഇ ഭരണകൂടത്തിന്റെയും അനുമതിയോടെയായിരുന്നു ഈ നടപടി. രാജ്യം മാത്രമല്ല ലോകം മുഴുവന്‍ അമ്പരപ്പോടെയാണ് ഈ സംഭവങ്ങളെ വീക്ഷിച്ചത്. സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്തുകൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വെളിപ്പെടുത്തലോടെ കാര്യങ്ങള്‍ അതീവ ഗൗരവമായി മാറി.
പക്ഷേ ഇതൊക്കെ മഞ്ഞുമലയുടെ അഗ്രം മാത്രമായിരുന്നു എന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചത്. സ്വര്‍ണ്ണക്കടത്തിന് ചുക്കാന്‍ പിടിച്ചതിന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് പദവി തെറിച്ചപ്പോള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ ഭാവി തുലാസില്‍ ആടുകയാണ്. രാജ്യത്ത് നിലവിലിരിക്കുന്ന എല്ലാ ചട്ടങ്ങളും നയതന്ത്ര മര്യാദയും ലംഘിച്ച് വിദേശ രാജ്യത്ത് നിന്ന് സഹായം കൈപ്പറ്റിയതാണ് ജലീലിന് കുരുക്കായത്. കേന്ദ്രസര്‍ക്കാര്‍ അനുമതി ഇല്ലാതെ ഒരു സംസ്ഥാനവും മറ്റൊരു രാജ്യവുമായോ അവരുടെ നയതന്ത്ര പ്രതിനിധികളുമായോ ഇടപാടുകള്‍ നടത്താനോ സഹായം കൈപ്പറ്റാനോ പാടില്ലെന്നാണ് ചട്ടം. ഇതിന് പ്രധാനകാരണം ഭരണഘടന അനുസരിച്ച് വിദേശകാര്യം എന്നത് കേന്ദ്ര സര്‍ക്കാര്‍ വിഷയമാണ് എന്നതാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം അനുസരിക്കുകയും പിന്തുടരുകയും ചെയ്യുക എന്നതാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ഉള്ള മാര്‍ഗ്ഗം. ഇതാണ് കാലങ്ങളായി നമ്മുടെ രാജ്യം പിന്തുടരുന്നത്.
എന്നാല്‍ പിണറായി വിജയന്‍ അധികാരമേറ്റതോടെ ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം അവരുടെ പഴയ സ്വപ്‌നം പൊടി തട്ടിയെടുത്തു. ഭാരതം സ്വതന്ത്രമായ കാലം മുതല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ താലോലിക്കുന്ന തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യ ഭരണകൂടമെന്ന നടക്കാതെപോയ സ്വപ്‌നം. താഷ്‌കന്റില്‍ രൂപംകൊണ്ട 1920 മുതല്‍ തന്നെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ സ്വപ്‌നമായിരുന്നു ഇന്ത്യയില്‍ ഒരു തൊഴിലാളി വര്‍ഗ്ഗ ഭരണകൂടം (Proletarian State) സാധ്യമാക്കുക എന്നത്. ഇതിനായി ഏത് ചെകുത്താനേയും കൂട്ടുപിടിക്കാനും എന്ത് നിലപാട് സ്വീകരിക്കാനും പാര്‍ട്ടി തയ്യാറുമായിരുന്നു. അതുകൊണ്ടാണ് ഭാരതത്തെ രണ്ടായല്ല പതിനേഴായാണ് വിഭജിക്കേണ്ടതെന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടീഷ് ഭരണാധികാരികളോട് ആവശ്യപ്പെട്ടത്. ഇങ്ങനെ വിഭജിക്കപ്പെട്ടാല്‍ ഏതെങ്കിലുമൊക്കെ കഷണങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാകുമെന്ന് അവര്‍ ആശിച്ചു. ഭാരതത്തിന്റെ അധികാരക്കൈമാറ്റം എങ്ങനെ വേണമെന്ന് ആലോചിക്കാനായി എത്തിയ സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സിന്റെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് മിഷന് മുന്‍പാകെ 1946 ഏപ്രില്‍ 16 ന് സിപിഐ ഇതേ ആവശ്യം ഉന്നയിച്ചു. സിപിഐ ജനറല്‍ സെക്രട്ടറി പി.സി. ജോഷിയാണ് ഈ ആവശ്യവുമായി ക്രിപ്‌സിനെ സന്ദര്‍ശിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ അന്നും വലിയ പങ്കാളിത്തം ഇല്ലായിരുന്ന കമ്മ്യൂണിസ്റ്റുകളുടെ വാക്കുകള്‍ക്ക് ആരും ചെവികൊടുക്കാതിരുന്നതിനാല്‍ ഇന്ത്യയെ തുണ്ടം തുണ്ടമാക്കുകയെന്ന അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടില്ലെന്ന് മാത്രം.
രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും അതില്‍നിന്ന് പിന്നാക്കംപോകാന്‍ പാര്‍ട്ടി തയ്യാറല്ലായിരുന്നു. ഇതിനായി അവര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെല്ലാം ആയുധമെടുത്ത് പോരാടാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഭാരതം സ്വതന്ത്രമാകുമെന്ന് ഉറപ്പായിട്ടും ഉത്തര ബംഗാള്‍ (തേഭാഗ സമരം), കേരളത്തിലെ പുന്നപ്ര-വയലാര്‍, തെലങ്കാന, കശ്മീര്‍ എന്നിവിടങ്ങളിലെല്ലാം കര്‍ഷകരുടെ പേരില്‍ പാര്‍ട്ടി സായുധ സമരങ്ങള്‍ അഴിച്ചുവിട്ടു. അതും അടിച്ചമര്‍ത്തപ്പെട്ടതോടെ സ്വാതന്ത്ര്യം അംഗീകരിക്കില്ലെന്ന നിലപാടിലേക്ക് കമ്മ്യൂണിസ്റ്റുകള്‍ എത്തിച്ചേര്‍ന്നു. ‘യേ ആസാദി ജൂട്ടീ ഹേ’ (ഈ സ്വാതന്ത്ര്യം വ്യാജമാണ്) എന്നായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ അന്നത്തെ മുദ്രാവാക്യം. 1948 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 6 വരെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. കല്‍ക്കട്ടാ തീസീസ് അഥവാ രണദിവേ തിസീസ് എന്നറിയപ്പെടുന്ന പ്രമേയത്തിന്റെ പേരിലും സായുധ സമരത്തിന് പാര്‍ട്ടി അരങ്ങൊരുക്കി. ഇതും നടക്കാതെ വന്നപ്പോഴാണ് ഭാരതമെന്ന യാഥാര്‍ത്ഥ്യത്തിനെതിരെ വ്യാജ ആശയ പ്രചരണം എന്നതിലേക്ക് പാര്‍ട്ടി ചുവട് മാറ്റിയത്.
ഇന്ത്യ ഒരിക്കലും പൊതുഭാഷയോ പൊതുവായ സവിശേഷതകളോ ഉള്ള നാട് ആയിരുന്നില്ലെന്ന നയം ശക്തമായി അവതരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തു. ഇതിന്റെ പ്രചാരണത്തിനായി അന്നത്തെ പ്രമുഖ നേതാക്കളെല്ലാം കിണഞ്ഞു പരിശ്രമിച്ചു. പി സുന്ദരയ്യ ‘വിശാല്‍ ആന്ധ്ര’ എന്ന പേരിലും, ഭവാനി സെന്‍ ‘നൂതന്‍ ബംഗാള്‍’ എന്ന തലക്കെട്ടിലും, ഇ എം എസ് ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ആശയത്തിലും പുസ്തകങ്ങള്‍ രചിച്ചു. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവര്‍ വ്യത്യസ്ത രാജ്യക്കാരാണെന്ന് വിളിച്ചുപറഞ്ഞു. ഓരോ ഭാഷ സംസാരിക്കുന്നവര്‍ക്കും മാതൃഭൂമി വേറെയാണെന്നതായിരുന്നു ഈ പ്രചരണത്തിന്റെ അടിസ്ഥാനം. ഇതിന്റെ ഭാഗമായി ഹിന്ദിക്കെതിരായ പ്രചരണവും പാര്‍ട്ടി ശക്തിപ്പെടുത്തി. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഒരവസരവും പാര്‍ട്ടി പിന്നീട് ഒരിക്കലും പാഴാക്കിയിട്ടില്ല. ഇതിന്റെ ഭാഗമായാണ് ചൈന, പാകിസ്ഥാന്‍ ആക്രമണ സമയങ്ങളില്‍ പോലും രാഷ്ട്രവിരുദ്ധ സമീപനം സ്വീകരിക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സാധിച്ചത്. രാഷ്ട്ര പ്രയാണത്തിന്റെ എല്ലാ ദശാസന്ധികളിലും കമ്മ്യൂണിസ്റ്റുകള്‍ ഭാരതവിരുദ്ധ സമീപനം സ്വീകരിച്ചിട്ടുള്ളതായി നമുക്ക് കാണാന്‍ സാധിക്കും.
ഭാരതം മാതൃഭൂമിയല്ലെന്ന നിലപാട് സ്വീകരിച്ച് ഇവിടെനിന്ന് ഹിജറ (പലായനം) ചെയ്തവരായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചതും ആദ്യപോളിറ്റ്ബ്യൂറോയുടെ ചുമതലക്കാരായി മാറിയതും. ബീജത്തില്‍ അടങ്ങിയിരിക്കുന്ന ഈ രാഷ്ട്രവിരുദ്ധതയാണ് ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തുടരുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടം എന്നത് ഈ രാഷ്ട്രത്തില്‍ നിന്ന് വേറിട്ടതാണെന്നും അവര്‍ക്ക് ഐക്യപ്പെടാനുള്ളത് ആഗോള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളോടാണെന്നുമുള്ള ചിന്തയാണ് ഇവരെ ഭരിക്കുന്നത്. അതുകൊണ്ടാണ് സ്ഥാനത്തും അസ്ഥാനത്തും കേരളാ മോഡല്‍ ഉയര്‍ന്നു വരുന്നതും ഇന്ത്യാ മോഡല്‍ ഇല്ലാതാകുന്നതും. കേരളം ഭാരതത്തില്‍ നിന്ന് വേറിട്ടതാണെന്ന സന്ദേശം നല്‍കാനാണ് എപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ ശ്രമിച്ചിട്ടുള്ളത്. ഇന്ത്യാരാജ്യത്തെ പൊതുവായ നിയമങ്ങള്‍ കേരളത്തിന് ബാധകമല്ലെന്ന ചിന്തയാണ് ഇക്കൂട്ടര്‍ക്കുള്ളത്. അതാണ് കഴിഞ്ഞ നാലരവര്‍ഷമായി പിണറായി വിജയന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ആ ശ്രമത്തിനേറ്റ കനത്ത പ്രഹരമാണ് ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്.
കൊറോണ പ്രതിരോധത്തില്‍ ഭാരതം മികച്ച മാതൃകയാണ് സൃഷ്ടിച്ചതെന്ന് ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടതാണ്. കേന്ദ്രസര്‍ക്കാരിന്റെ സമര്‍ത്ഥമായ ആസൂത്രണം, നേതൃത്വം ഇവയ്‌ക്കൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ കൂട്ടായ പ്രയത്‌നവും കൊണ്ടാണ് ഇത് സാധ്യമായത്. കേരളത്തെക്കാള്‍ മരണ നിരക്ക് കുറഞ്ഞതും രോഗമുക്തി നിരക്ക് കൂടിയതുമായ നിരവധി സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്. എന്നിട്ടും വിദേശ മാധ്യമങ്ങളില്‍ അടക്കം കേരളാ മോഡല്‍ മാത്രം ആഘോഷിക്കപ്പെട്ടത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ. കേരളത്തില്‍ നിന്ന് ഏതെങ്കിലും ഒരു ജില്ലയുടെ കണക്ക് മാത്രം ഉയര്‍ത്തിക്കാട്ടി അതാണ് മാതൃക എന്ന് പ്രചരിപ്പിച്ചാല്‍ എന്താകും അവസ്ഥ? കേരളാ മാതൃക അല്ല, ഒരു ആലപ്പുഴ മോഡലോ, വയനാട് മോഡലോ, കണ്ണൂര്‍ മോഡലോ ആണ് പ്രകീര്‍ത്തിക്കപ്പെടേണ്ടത് എന്ന ചിന്ത നിഷ്‌കളങ്കമായിരിക്കുമോ? കേരളത്തില്‍ നിന്ന് വേറിട്ട എന്ത് പ്രത്യേകതയായിരിക്കും ജില്ലാ മോഡലുകള്‍ക്ക് ഉണ്ടാവുക? ഇതുപോലെ ഒരു അശ്ലീലം മാത്രമാണ് ഇന്ത്യയില്‍നിന്ന് വേറിട്ട് ഒരു കേരളാ മോഡല്‍ ഉയര്‍ത്തിക്കാട്ടുക എന്നത്. അതിന് പിന്നിലുള്ള ചേതോവികാരം അത്ര നിഷ്‌കളങ്കവുമല്ല.
പ്രകൃതി ദുരന്തങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ച് വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുക, വിദേശ രാജ്യങ്ങളുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടുക, ഇക്കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ മറവില്‍ നിര്‍ത്തുക, സംസ്ഥാന മന്ത്രിമാര്‍ നയതന്ത്ര പാസ്‌പോര്‍ട്ട് വേണമെന്ന ആവശ്യം ഉയര്‍ത്തുക ഇവയൊന്നും രാജ്യത്തെ മറ്റൊരു സംസ്ഥാന ഭരണാധികാരികളും നാളിതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങളാണ്. പൊതുവേ നിരുപദ്രവം എന്ന് തോന്നിക്കുന്ന മറ്റ് ചില ആവശ്യങ്ങളും കേരളാ സര്‍ക്കാര്‍ പലപ്പോഴായി ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിന് സ്വന്തമായി ഒരു ബാങ്ക്- കേരളാ ബാങ്ക്, ഡേറ്റാ കൈമാറ്റത്തിന് പ്രത്യേക സംവിധാനം- കെഫോണ്‍, സ്വന്തമായി വിമാനക്കമ്പനി- എയര്‍ കേരളാ, പണം കടമെടുക്കാന്‍ കിഫ്ബി ഇവയൊക്കെ ആദ്യ കേള്‍വിയില്‍ മികച്ച ആശയമെന്ന് തോന്നുമെങ്കിലും ഒരു രാജ്യമെന്ന ആശയത്തില്‍ നിന്ന് കുതറിമാറാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ്. കിഫ്ബി വഴി സമാഹരിക്കുന്ന പണം,കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരവ് ചെലവ് കണക്കുകള്‍ ഇവയൊന്നും ഭരണഘടനാ സ്ഥാപനമായ സി. ആന്റ് എ.ജിയുടെ ഓഡിറ്റിംഗിന് വിധേയമല്ലെന്ന വാദം തന്നെ സാമ്പത്തിക സ്വാതന്ത്ര്യമെന്ന ആദ്യ കടമ്പ കടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ഇതിന്റെ പരീക്ഷണമെന്ന നിലയിലാണ് ഭാസുരേന്ദ്രബാബു എന്ന ഇടത് ബുദ്ധിജീവി കേരളം ഇന്ത്യയില്‍ തുടരണമോയെന്ന് ചിന്തിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. ഇന്ത്യയില്‍ കേരളം ലയിച്ചത് ചില വ്യവസ്ഥകളുടേയും തത്വങ്ങളുടേയും അടിസ്ഥാനത്തിലാണെന്നാണ് ഭാസുരേന്ദ്രബാബുവിന്റെ കണ്ടെത്തല്‍. സുപ്രീംകോടതി രാമക്ഷേത്രത്തിന് അനുമതി നല്‍കുകയും പ്രധാനമന്ത്രി ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തതു കൊണ്ട് കേരളം ഇന്ത്യയില്‍ തുടരണോ എന്ന കാര്യത്തില്‍ പുനരാലോചന നടത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനായി ഭൂപടം മാറ്റി വരയ്ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്. സിപിഎമ്മിന്റെ യുവജനവിഭാഗമായ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുടെ സാന്നിധ്യത്തിലായിരുന്നു ഈ ആഹ്വാനമെന്നത് ഏറെ ഗൗരവതരമാണ്.
ജെ.എന്‍.യു ക്യാമ്പസ്സില്‍ കാശ്മീരിനും കേരളത്തിനും സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം മുഴങ്ങിയതില്‍ അസ്വാഭാവികത എന്താണെന്ന ചോദ്യം കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ നിന്ന് മാത്രമാണ് ഉണ്ടായത്. അതേ വിദ്യാര്‍ത്ഥികള്‍ തന്നെ പാകിസ്ഥാന് ജയ് വിളിച്ചതിനേയും ന്യായീകരിക്കാന്‍ തയ്യാറായത് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. ഈ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥി നേതാവിനെ പാര്‍ട്ടി ടിക്കറ്റ് നല്‍കി എം.എല്‍.എ ആക്കിയതും ഇതേ കേരളത്തിലെ ഇടതു പാര്‍ട്ടിയാണ്. രാജ്യത്തെ മുഴുവന്‍ മുസ്ലീങ്ങളും കേരളത്തില്‍ തമ്പടിച്ച് പ്രത്യേക രാജ്യത്തിനായി പരിശ്രമിക്കണമെന്ന ആഗോള തീവ്രവാദി സക്കീര്‍ നായിക്കിന്റെ ആഹ്വാനം കേരളാ മോഡലിനുള്ള അംഗീകാരമായി കാണുന്ന ഭരണകൂടമാണ് പിണറായി വിജയന്റേത്. ആഗോള മുസ്ലീം തീവ്രവാദത്തിന്റെ തുരുത്തായി കേരളം മാറിയതും ഇതേ സ്വീകാര്യത കൊണ്ടാണ്.
ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്ന ഇന്ത്യന്‍ നയം ചൈനയെ വളഞ്ഞിട്ട് ആക്രമിക്കലായി കണ്ട് കണ്ണീര്‍ പൊഴിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ഇന്ത്യന്‍ സൈന്യത്തെ ബലാത്സംഗ വീരന്‍മാരും കുട്ടികളേയും സ്ത്രീകളേയും അക്രമിക്കുന്നവരുമായി ചിത്രീകരിക്കാന്‍ കോടിയേരിക്ക് ധൈര്യം കിട്ടിയത് കമ്മ്യൂണിസ്റ്റായതുകൊണ്ട് മാത്രമാണ്. ഇതേ ധൈര്യമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലും ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. പ്രളയ ദുരിതാശ്വാസം തേടി വിദേശത്ത് പോകാന്‍ നയതന്ത്ര പരിരക്ഷയുള്ള പാസ്‌പോര്‍ട്ട് വേണമെന്ന ജലീലിന്റെ ആവശ്യം അസാധാരണമായിരുന്നു. രാജ്യത്തെ ഒരു സംസ്ഥാന മന്ത്രിയും ആവശ്യപ്പെട്ടിട്ടില്ലാത്ത കാര്യം ജലീല്‍ ആവശ്യപ്പെട്ടത് എന്തിനായിരുന്നു എന്ന് സ്വര്‍ണ്ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തണം.
വിദേശത്തുനിന്ന് നേരിട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്കോ മന്ത്രിമാര്‍ക്കോ സംഭാവനയോ സഹായമോ സ്വീകരിക്കാനാവില്ല എന്ന ചട്ടം നിലനില്‍ക്കെയാണ് കെ.ടി ജലീല്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് 30 പാക്കറ്റ് സാധനങ്ങള്‍ കൈപ്പറ്റിയത്. ഇവയെല്ലാം ഖുറാന്‍ ആണെന്നാണ് ജലീലിന്റെ ഭാഷ്യം. കേരളത്തില്‍ തന്നെ ഖുറാന്‍ അച്ചടിച്ച് വിതരണം ചെയ്യാറുണ്ടെന്നിരിക്കെ എന്തിനാണ് വിദേശത്തുനിന്ന് ഇവ ഇറക്കുമതി ചെയ്യേണ്ടതെന്ന ചോദ്യത്തിന് നാളിതുവരെ ജലീല്‍ മറുപടി പറഞ്ഞിട്ടില്ല. ഈ പാക്കറ്റുകളില്‍ എന്തായിരുന്നു എന്ന കാര്യം ദുരൂഹമായി തുടരുകയും ചെയ്യുന്നു.
പതിറ്റാണ്ടുകളുടെ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ജി.എസ്.ടി നടപ്പാക്കാന്‍ രാജ്യം തീരുമാനിച്ചപ്പോള്‍ കേരളാ സര്‍ക്കാരിന്റെ പ്രതികരണം അസ്വാഭാവികമായ രീതിയിലായിരുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി ഇതിനെ വ്യാഖ്യാനിച്ച ഇടത് സര്‍ക്കാര്‍ ദക്ഷിണേന്ത്യയിലുള്ള സംസ്ഥാനങ്ങളുടെ യോഗം വിളിച്ചുകൂട്ടി പ്രതിഷേധിക്കാനാണ് തുനിഞ്ഞത്. ഒരു ദക്ഷിണേന്ത്യന്‍ ഫെഡറേഷന്‍ എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ നേതൃത്വം കൊടുക്കാനാണ് കേരള സര്‍ക്കാര്‍ തയ്യാറായത്.
കേരളമെന്ന സ്വതന്ത്ര കമ്മ്യൂണിസ്റ്റ് രാജ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഇവര്‍ കണ്ടുപിടിച്ചിരിക്കുന്ന വഴിയാണ് മുസ്ലീം പ്രീണനം. പാകിസ്ഥാന്‍ എന്ന ആശയത്തിന് മുസ്ലീം ലീഗിന് പുറത്ത് ആദ്യം കിട്ടിയ പിന്തുണ കമ്മ്യൂണിസ്റ്റ് പാളയത്തില്‍ നിന്നായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ അഭിപ്രായത്തില്‍ പാകിസ്ഥാന്‍ വാദം സ്വാഭാവികവും അഖണ്ഡഭാരതമെന്നത് അടിച്ചമര്‍ത്തലുമായിരുന്നു. ചത്ത കുതിരയെന്ന് നെഹ്‌റു പോലും വിശേഷിപ്പിച്ച മുസ്ലീംലീഗിനെ മലപ്പുറം ജില്ലയെന്ന മൃതസഞ്ജീവനി നല്‍കി പുനരുജ്ജീവിപ്പിച്ചത് ഇ.എം.എസ് സര്‍ക്കാരായിരുന്നു. അങ്ങനെ മുസ്ലീം മതമൗലിക വാദികളുമായുള്ള പൊക്കിള്‍കൊടി ബന്ധം കമ്മ്യൂണിസ്റ്റുകള്‍ ഊട്ടിയുറപ്പിച്ചു. ഇതിന്റെ ഫലമായി കേരളത്തില്‍ ഹിന്ദുക്കള്‍ കൂടുതലുള്ള പാര്‍ട്ടിയെന്ന പദവിയില്‍ നിന്ന് മുസ്ലീം മതഭ്രാന്തന്‍മാരുടെ അഭയകേന്ദ്രമെന്ന നിലയിലേക്ക് കൂപ്പുകുത്തി. പകല്‍ കമ്മ്യൂണിസ്റ്റും രാത്രി തീവ്രവാദിയുമായ ‘സഖാപ്പികള്‍’ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു. പാര്‍ട്ടി ഗ്രാമങ്ങളില്‍ തീവ്രവാദ നഴ്‌സറികള്‍ തഴച്ചു വളര്‍ന്നു. കാശ്മീരിലും സിറിയയിലും അഫ്ഗാനിലുമൊക്കെ ‘പാര്‍ട്ടി പ്രോഡക്ടുകള്‍’ ചിന്നിച്ചിതറി.
കള്ളപ്പണത്തിന്റെ ഒഴുക്ക് കുറഞ്ഞത് തീവ്രവാദ നഴ്‌സറികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതോടെ കേരളത്തിലെ വിമാനത്താവളങ്ങള്‍ മഞ്ഞലോഹത്തിന്റെ വരവില്‍ മഞ്ഞളിച്ചു. സ്വന്തം ബാങ്കും വിമാനത്താവളവുമൊക്കെ ഇതിനുള്ള ഉപാധികളായി. ഇതോടെ ഉന്നത നേതാക്കന്‍മാര്‍ പലരും ജാഗ്രത വെടിഞ്ഞ് കൂപ്പറില്‍ കയറിപ്പറ്റി. പര്‍ദ്ദയുടെ മറവില്‍ ജയിലില്‍ പോലും പാര്‍ട്ടി ഗുണ്ടകള്‍ക്ക് വിവിഐപി സന്ദര്‍ശകരെത്തി. നയതന്ത്ര ചാനലുകള്‍ തുറന്നുതന്നെയിരിക്കാന്‍ സ്വപ്‌നറാണിമാരെ പലയിടത്തും പ്രതിഷ്ഠിച്ചു. സ്വതന്ത്ര റിപ്പബ്ലിക്കിനായുള്ള ചുവപ്പന്‍ ജിഹാദി കൂട്ടുകെട്ട് കേരളത്തെ മറ്റൊരു കാശ്മീരാക്കുമോയെന്ന് ദേശസ്‌നേഹികള്‍ ഭയക്കുന്നു. 1035444 എന്ന ഇന്‍വോയ്‌സ് നമ്പറില്‍ വന്ന 79 കിലോ തൂക്കമുള്ള പായ്ക്കറ്റ് കേരള ചരിത്രത്തില്‍ ഇടം പിടിക്കുന്നത് ഈ സാഹചര്യത്തിലാണ്.