ഐസ്വാള്‍: ശ്രീനാരായണഗുരു രചിച്ച ദൈവദശകത്തിന്റെ മിസോ പരിഭാഷ ശ്രീനാരായണഗുരു ജയന്തി ദിനമായ സപ്തംബര്‍ 2ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. നാലു ശതമാനം മാത്രം ഹിന്ദു വിശ്വാസികള്‍ വസിക്കുന്ന മിസോറാമില്‍ മിസോ ഭാഷയില്‍ ഇത്തരമൊരു കൃതി പുറത്തിറങ്ങുന്നത് ആദ്യമായാണ്. ദൈവദശകത്തിന്റെ പ്രകാശനകര്‍മ്മം മിസോറാം ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വ്വഹിച്ചു.
മിസോറാം സ്വദേശിയായ യൂണിവേഴ്സല്‍ ഹിന്ദി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.വി.ആര്.റാല്‍ത്തെയാണ് ദൈവദശകം മിസോ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. മിസോറാം പോസ്റ്റ് ഇംഗ്ലീഷ് ദിനപത്രത്തിന്റെ പ്രസാധകന് സി.വി.എല്‍.റൗട്ടെ, മിസോറാമിലെ സാമൂഹ്യ പ്രവര്‍ത്തകനും കവിയുമായ ഡോ. കിംഗ്ഗുണഗാഹ്ത്രി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ദൈവദശകം കൂട്ടായ്മയുടെ ചെയര്‍മാനും മലയാളിയുമായ മാധ്യമപ്രവര്ത്തകന് ഗിരീഷ് ഉണ്ണികൃഷ്ണനാണ് ദൈവദശകത്തിന്റെ 104 ഭാഷകളിലെ മൊഴിമാറ്റം സമാഹരിച്ചത്.