ആഷാഢമാസത്തിലെ പൗര്‍ണ്ണമി ദിനം ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് അവരവരുടെ ഗുരുപരമ്പരയെ സ്മരിക്കാനും ഗുരുവിനെ പൂജിക്കാനും ഗുരുദക്ഷിണ ചെയ്ത് കൃതാര്‍ത്ഥരാകാനുമുള്ള പുണ്യദിനമാണ്. വേദവ്യാസനെ ഗുരുവായി കാണുന്നവര്‍ ഈ ദിവസത്തിനു വ്യാസപൂര്‍ണ്ണിമ എന്നു പറയുന്നു. ശ്രീശങ്കരാചാര്യരുടെ പരമ്പരയില്‍പെട്ടവര്‍ ‘സദാശിവസമാരംഭാം ശങ്കരാചാര്യമധ്യമാം. അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരമ്പരാം’ എന്നു ചൊല്ലി സ്തുതിക്കുന്നു. താന്ത്രികര്‍ സ്വഗുരു, പരമഗുരു, പരമേഷ്ഠിഗുരു എന്നിങ്ങനെ ഗുരുപരമ്പരയെ സുമുഖ, സുവൃത്ത, ചതുരശ്ര, യോനി, സംഘട്ട മുദ്രകള്‍ ബന്ധിച്ച് വന്ദിക്കുന്നു. വ്യത്യസ്ത വൈഷ്ണവസമ്പ്രദായങ്ങള്‍, ശൈവ, ശാക്ത, ഗാണപത്യ, കൗമാര, സൗരാദി സാധനാമാര്‍ഗങ്ങള്‍ എന്നിവയെ പിന്തുടരുന്നവരും അവരവരുടെ പാരമ്പര്യക്രമങ്ങള്‍ക്കനുസൃതമായി ഈ സുദിനത്തില്‍ ഗുരുപൂജ ചെയ്യുന്നു. ജൈനര്‍ക്ക് അവരുടെ തീര്‍ത്ഥങ്കര പരമ്പര ഉണ്ട്. ബൗദ്ധര്‍ക്കും, പ്രത്യേകിച്ച് അതിലെ ടിബറ്റന്‍, സെന്‍ പഥങ്ങള്‍ക്കും, ഗുരുപരമ്പര ഉണ്ട്്. ഹഠയോഗികളും ഗോരക്ഷനാഥാദി ഗുരുപരമ്പരയെ ആദരിക്കുന്നു. സിക്കുസമ്പ്രദായത്തിലെ ഗുരുക്കന്മാരെയും നമുക്കറിയാം.
മൂല്യ-സദാചാര ഘടനയുടെ ഹിന്ദുമാതൃക
മൂല്യബോധവും സദാചാരവുമായി ബന്ധപ്പെട്ട ഈ ആചരണവും ആചരണത്തിലെ വൈവിധ്യവും ഹിന്ദുസമൂഹത്തിന്റെ നിരവധി സവിശേഷതകളില്‍ ഒന്നാണ്. അമ്മ, അച്ഛന്‍, അധ്യാപകന്‍ എന്നിവര്‍ നമുക്കു ഗുരുക്കന്മാരാണ്. അറിവ് തരുന്നവരെ എല്ലാം നാം ഗുരുവായി കരുതി ബഹുമാനിക്കുന്നു. ദത്താത്രേയന് ഇതരജീവജാലങ്ങളും പഞ്ചഭൂതങ്ങളും ഉള്‍പ്പെടെ ഇരുപത്തിനാല് ഗുരുക്കന്മാരുണ്ടായിരുന്നത്രെ. മൂല്യ (Value) ബോധവും അതിനനുസൃതമായ സദ്്/ അസദ്് ആചാര (Norms) കല്‍പ്പനകളും സാമൂഹ്യജീവിതത്തിന്റെ ഭദ്രതയ്ക്ക് കൂടിയേ തീരൂ. അതിനാല്‍ പ്രാചീനവും ആധുനികവും ആയ മനുഷ്യസമൂഹങ്ങളില്‍ എല്ലാം തന്നെ വ്യത്യസ്ത തരത്തിലുള്ള മൂല്യ-ആചാര ഘടനയെ, നിയമം, കീഴ്‌വഴക്കം എന്ന രണ്ടു തരത്തില്‍, ജീവിതത്തില്‍ ആവിഷ്‌ക്കരിക്കുകയും അവയെ ഗൗരവത്തോടെ പാലിക്കുകയും ചെയ്തുവരുന്നു. ഈ മൂല്യ-ആചാരഘടന അതാതു സമൂഹങ്ങളുടെ ജീവിതവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുന്നത്.
പാശ്ചാത്യസമൂഹങ്ങളെ പൊതുവെ ഈശ്വരവാദം, നിരീശ്വരവാദം എന്ന രണ്ടു തരം കാഴ്ച്ചപ്പാടുകളാണ് സ്വാധീനിച്ചുപോന്നത്. ഈ രണ്ടും ഏകശിലാത്വം (Monolithic) അഥവാ ഏകരൂപത്വം (Uniformity) ആണ് സാമൂഹ്യജീവിതത്തിന്റെ അടിത്തറ എന്ന കാഴ്ച്ചപ്പാട് ആണ് സ്വീകരിച്ചിരിക്കുന്നത്്. പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്ള സുഖാസ്വാദനം ആണ് ഇരുകൂട്ടരും ജീവിതലക്ഷ്യം ആയി കരുതുന്നതും. തന്മൂലം അവരുടെ മൂല്യ-ആചാരഘടന ഏകശിലാരൂപവും കേവലം ഭൗതിക (materialistic) വും ആണെന്നു കാണാം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് പിന്‍ (സൂചി) തൊട്ടു പിയാനോ (ഒരു തരം സംഗീതോപകരണം) വരെ എന്ന സംസ്‌കാരം ആണ്. (Pin to Piano – എല്ലാം എന്ന അര്‍ത്ഥത്തില്‍ ഇംഗ്‌ളീഷ് ഭാഷയിലെ ഒരു പ്രയോഗം ആണ് ഇത്.) എന്നാല്‍ നമ്മുടെ കാഴ്ച്ചപ്പാടാകട്ടെ നാനാത്വത്തില്‍ ഏകത്വം (Unity in diversity) അഥവാ നാനാത്വത്തില്‍ ഏകാത്മത്വം (Oneness in diversity) ആണ്; കൂട്ടായ ജീവിതത്തിന്റെയും അതിന്റെ എല്ലാ തലങ്ങളുടെയും രൂപഘടന (Format, Pattern, Structure) എന്നതാണ്. നമ്മുടെ ആത്യന്തികജീവിതലക്ഷ്യം അധ്യാത്മവും (Spiritual) ആണ്. ഈശ്വരവാദവും നിരീശ്വരവാദവും ഇവിടെയും ഉടലെടുത്തിട്ടുണ്ട്. വൈഷ്ണവ, ശൈവ, ശാക്താദി സമ്പ്രദായങ്ങള്‍ ഈശ്വരവാദപരങ്ങളും ജൈനബൗദ്ധാദി സമ്പ്രദായങ്ങള്‍ നിരീശ്വരവാദപരവും ആണല്ലോ. പതഞ്ജലി മഹര്‍ഷി ചിത്തവൃത്തി നിരോധം എന്ന യോഗസിദ്ധിക്ക് ഈശ്വരപ്രണിധാനവും ഉപകരിക്കും (ഈശ്വരപ്രണിധാനാദ്വാ) എന്നു ഉപദേശിക്കുന്നുണ്ടെങ്കിലും പതഞ്ജലിയുടെ ഈശ്വരന്‍ (ക്ലേശകര്‍മ്മവിപാകാശയൈരപരാമൃഷ്ട: പുരുഷവിശേഷ ഈശ്വര:) ഈശ്വരവാദികളുടെ ഈശ്വരനല്ല എന്നും ഒരു പക്ഷം ഉണ്ട്. പക്ഷെ ഇവിടെ എല്ലാവര്‍ക്കും, എന്തിന് ന്യായ, വൈശേഷിക, സാംഖ്യ, യോഗ ദാര്‍ശനികന്മാര്‍ക്കു പോലും, മോക്ഷം (ജൈനര്‍ കൈവല്യം എന്നും ബൗദ്ധര്‍ നിര്‍വാണം എന്നും അതിനെ വിളിക്കുന്നു) എന്ന പൊതുഅധ്യാത്മലക്ഷ്യമാണ് ഉണ്ടായിരുന്നത്്. പ്രസിദ്ധസാമൂഹ്യശാസ്ത്രജ്ഞനായ എം. എന്‍. ശ്രീനിവാസ് ഇപ്രകാരം പറയുന്നു- ‘മോക്ഷം എന്ന ആത്യന്തികമൂല്യം സാധാരണന്മാരില്‍ നേരിട്ടു സ്വാധീനം ചെലുത്താന്‍ കഴിയാത്തവണ്ണം അതിവിദൂരസ്ഥിതമാണ്്. പക്ഷേ വീട്ടിലിരുന്നു നിത്യവും ചെയ്യുന്ന പൂജയും ധ്യാനവും, ക്ഷേത്രദര്‍ശനവും, തീര്‍ത്ഥാടനവും, ഒരുമിച്ചുള്ള ഭജനകളും, ആധ്യാത്മികഗ്രന്ഥപാരായണവും, ഭൗതികവസ്തുക്കളോടു നിസ്സംഗത്വ (Indifference) വും ആധ്യാത്മികകാര്യങ്ങളില്‍ ആഭിമുഖ്യവും പുലര്‍ത്തുന്ന ജീവിതചര്യയും അടങ്ങിയ മുതിര്‍ന്നവരുടെ പ്രവൃത്തികളില്‍ ആ മോക്ഷം എന്ന മൂല്യം ജനങ്ങളില്‍ ചെലുത്തുന്ന പരോക്ഷസ്വാധീനം കാണാന്‍ കഴിയും’ (Social Change in Modern India, Appendix: Changing Values in India Today, p 190). തന്മൂലം എല്ലാം എന്ന അര്‍ത്ഥം കിട്ടാന്‍ ഉപയോഗിക്കുന്ന ‘ഉപ്പു തൊട്ടു കര്‍പ്പൂരം വരെ’ എന്ന പ്രയോഗം ഈ ഹിന്ദുസംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു കാണാം. നമ്മുടെ ഈ അധ്യാത്മദര്‍ശനത്തിന്റെയും മോക്ഷസങ്കല്‍പ്പത്തിന്റെയും യുക്തിഭദ്രമായ വിശദീകരണം, മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങളുടെ സുഖാനുഭൂതിയുടെ അടിസ്ഥാനത്തില്‍, പരംപൂജനീയ ഗുരുജി നല്‍കുന്നുണ്ട് (ശ്രീഗുരുജിസാഹിത്യസര്‍വസ്വം, ഭാഗം 11, വിചാരസുധ, പുറം 16-18).
മാതൃ ദേവോ ഭവ, പിതൃ ദേവോ ഭവ, ആചാര്യ ദേവോ ഭവ, അന്നം ബ്രഹ്മ മുതലായ മൂല്യകല്‍പ്പനകളും, യമ-നിയമപാലനം തുടങ്ങിയ സദാചാരങ്ങളും ഹിന്ദുക്കളുടെ ഈ പൊതു മൂല്യ-സദാചാര മാതൃക (Model) യില്‍ പെടുന്നു.
മേല്‍പ്പറഞ്ഞ പൊതുവായ, സാമാന്യമായ, മൂല്യ-ആചാര ബോധം കൂടാതെ ഓരോ സമ്പ്രദായങ്ങള്‍ക്കും പാരമ്പര്യക്രമം അനുസരിച്ച് അതാതിന്റേതായ സവിശേഷ മൂല്യങ്ങളും ആചാരങ്ങളും ഉണ്ട്. ഉദാഹരണത്തിന് സാധനാവേളയില്‍ ഉടുക്കുന്ന വേഷം, ചൊല്ലുന്ന മന്ത്രം, ചടങ്ങുകള്‍ തുടങ്ങിയവയിലെ ഭേദം മുതലായവ. ഇതും ഹിന്ദുവിന്റെ മറ്റൊരു സവിശേഷത ആണ്. മേല്‍പ്പറഞ്ഞ നാനാത്വത്തിലെ ഏകാത്മത്വം ആണ് ഇതിന് അടിസ്ഥാനം. എല്ലാ വൈവിധ്യങ്ങള്‍ക്കും പൊതുവായി, അന്തര്‍ഗതമായി, ഏകാത്മതയുടെ ഒരു അടിസ്ഥാനതലം ഉണ്ട്; വൈവിധ്യങ്ങള്‍ക്കു കാരണം അധികാരി (Competency) ഭേദം, യോഗ്യതാ (Qualification )ഭേദം, സന്ദര്‍ഭ (Context) ഭേദം, രുചിഭേദം (Inclination) എന്നിവ ആണ്; ഈ വൈവിധ്യങ്ങളെ വൈരുധ്യങ്ങളാകാതെ നിയന്ത്രിക്കുന്നത് ധര്‍മ്മം (ധാരണാദ് ധര്‍മ്മ:- നിലനിര്‍ത്തുന്നതു ധര്‍മ്മം) ആണ് എന്നിങ്ങനെ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയചിന്ത ആണ് ഈ ഹിന്ദു രൂപഘടനയുടെ കാതല്‍. ആത്മാനുഭൂതി എന്ന ഏകാത്മതയുടെ അടിസ്ഥാനത്തില്‍ ആധ്യാത്മികതലത്തിലെ എല്ലാ തരം ആധ്യാത്മികസാധനാവൈവിധ്യങ്ങളെയും നമ്മുടെ പൂര്‍വികര്‍ കോര്‍ത്തിണക്കിയത് ഇത്തരത്തിലാണ്. ആധ്യാത്മികതലത്തില്‍ മാത്രമല്ല സമാജഘടന പോലുള്ള ഭൗതികതലങ്ങളിലും വൈവിധ്യങ്ങളിലെ ഏകാത്മത്വം എന്ന തത്വത്തെ നാം ഇവിടെ ആവിഷ്‌ക്കരിച്ചു. ഇവിടുത്തെ നിരവധി ഭാഷകളെക്കുറിച്ച് ‘പല ഭാഷകള്‍. പക്ഷേ സാഹിത്യം ഒന്ന്’ എന്നു പറയാറുണ്ടല്ലോ. ഇതിനു പരംപൂജനീയ ഗുരുജി നല്‍കിയ ഉദാഹരണം ‘എല്ലാ വശങ്ങളിലും നാനാവര്‍ണ്ണങ്ങളിലുള്ള ചില്ലുകള്‍ കൊണ്ടു മൂടിയ പ്രകാശദീപം പോലെയാണത്്. ഉള്ളിലുള്ള വെളിച്ചം ഏതു കോണില്‍ നിന്നാണോ നോക്കുന്നത്് അതിനനുസരിച്ചുള്ള നിറം കൈക്കൊള്ളുന്നു. ‘എന്നതാണ്. വാസ്തവത്തില്‍ ഈ പ്രപഞ്ചപ്രകൃതിയുടെ തന്നെ യഥാര്‍ത്ഥഘടന (അകമേ ഏകാത്മവും പുറമേ വിവിധവും) ഇത്തരത്തിലാണെന്നു കാണാം.
മൗലികമായി അതായത് ആന്തരികമായി ഏകാത്മതയില്‍ ഊന്നുന്നതും ബാഹ്യമായി ബഹുമുഖവും ബഹുസ്വരവും സങ്കീര്‍ണ്ണവുമായ ഈ ഘടന ഒരേസമയം നമ്മുടെ സാമൂഹ്യമായ പരിണാമത്തിന്റെ ഉന്നതമായ അവസ്ഥയേയും മതപരിവര്‍ത്തനം, ഭേദചിന്ത എന്നീ വിപത്തുകള്‍ക്കെതിരെ ഹിന്ദുസമൂഹത്തിന്റെ അതിജീവനശക്തിയേയും കാണിക്കുന്നു എന്നാണ് പരംപൂജനീയ ഗുരുജി ചൂണ്ടിക്കാണിക്കുന്നത്. ലളിതമായ ഘടനയില്‍ നിന്നും സങ്കീര്‍ണ്ണമായ ഘടനയിലേക്കുള്ള സംവികാസമാണ് പ്രകൃതിയുടെ പരിണാമപ്രക്രിയ. ഉദാഹരണത്തിന് ഏകകോശജീവിയായ അമീബയില്‍ നിന്നും ആരംഭിച്ച ജൈവപരിണാമം അതിസങ്കീര്‍ണ്ണവും വൈവിധ്യമാര്‍ന്നതുമായ മനുഷ്യഘടനയിലെത്തി നില്‍ക്കുന്നു. ഹിന്ദുസമൂഹത്തിന്റെ ഘടനയും അത്തരത്തില്‍ തന്നെ. അതുപോലെ അതിജീവനത്തിനുള്ള നമ്മുടെ കരുത്തിന് ഉദാഹരണങ്ങളും നമ്മുടെ മുന്നിലുണ്ട്. പഞ്ചാബിലും പശ്ചിമതീരത്തും വൈദേശിക മുസ്ലിം-ക്രിസ്ത്യന്‍ മതശക്തികളുടെ നിന്ദ്യവും ക്രൂരവുമായ മതപരിവര്‍ത്തനശ്രമങ്ങളെ പ്രതിരോധിക്കാന്‍ യഥാക്രമം സിഖുസമ്പ്രദായവും മധ്വാചാര്യരുടെ മാധ്വസമ്പ്രദായവും മുന്നോട്ടുവന്നു. ഹിന്ദുസാമൂഹ്യജീവിതത്തിലെ ഉച്ചനീചത്വം മുതലായ അനാചാരങ്ങളെ ഇല്ലായ്്മ ചെയ്യാന്‍ രാമാനുജാചാര്യരുടെയും ബസവേശ്വരന്റെയും സമ്പ്രദായങ്ങള്‍ പ്രവര്‍ത്തിച്ചു. (ശ്രീഗുരുജിസാഹിത്യസര്‍വസ്വം, ഭാഗം 11, വിചാരസുധ, പുറം 105- 110).
രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തനലക്ഷ്യം മഹനീയമായ ഹിന്ദുപാരമ്പര്യത്തെ സമാജത്തില്‍ കാലോചിതമായി പുന:പ്രതിഷ്ഠിച്ച് ഹിന്ദുരാഷ്ട്രത്തെ വൈഭവശാലിയാക്കുക എന്നതാണ്. അതിനാല്‍ മേല്‍പ്പറഞ്ഞ ആധ്യാത്മികമായ ഹിന്ദു മൂല്യ-ആചാരഘടന തന്നെ ആണ് സംഘവും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. അതു കൊണ്ടാണ് സംഘത്തിന്റെ ആറ് ഉത്സവങ്ങളില്‍ ഒന്നായി ഗുരുപൂജയും ആഘോഷിക്കുന്നത്.
സംഘത്തിന്റെ ഗുരു ഭഗവധ്വജം
സംഘം ഗുരുവായി സ്വീകരിച്ചത് കാവിക്കൊടിയെ ആണ്. ക്ഷണഭംഗുരമായ ജീവിതത്തിനുടമയായ ഒരു വ്യക്തിക്ക് സഹസ്രാബ്ദങ്ങളുടെ ആയുസ്സുള്ള നമ്മുടെ രാഷ്ട്രത്തെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യാന്‍ കഴിയുകയില്ല. മാത്രമല്ല വ്യക്തികള്‍ക്ക് വീഴ്ചകള്‍ പറ്റാം. ഒരേ വ്യക്തി എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യനാകണമെന്നുമില്ല. അതുകൊണ്ടാണ് സംഘം രാഷ്ട്രചേതനയുടെ സമ്പൂര്‍ണ്ണ പ്രതീകവും അകല്‍മഷവും നിത്യശുദ്ധവും ആയ ഭഗവധ്വജത്തെത്തന്നെ ഗുരുവായി തിരഞ്ഞെടുത്തത്. രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ ഗുരുപൂജാ-ഗുരുദക്ഷിണാ കാര്യക്രമത്തിന്റെ ഉദ്ദേശ്യം, എന്തുകൊണ്ട് ഭഗവധ്വജത്തെ ഗുരുവായി വരിച്ചു, ആ പരിപാടിയുടെ ശുഭാരംഭം എന്നിവയെക്കുറിച്ച് സംഘസ്ഥാപകന്റെ വിശദമായ ജീവചരിത്രം (പരംപൂജനീയഗുരുജി ആണ് ഈ പുസ്തകത്തിന്റെ പ്രസ്താവന തയ്യാറാക്കിയത് എന്നത് ഇതിന്റെ ആധികാരികത കാണിക്കുന്നു.) എഴുതിയ ശ്രീ നാനാ പാല്‍ക്കര്‍ ഇപ്രകാരം പറയുന്നു- ആഷാഢപൂര്‍ണ്ണിമ പരമ്പരയാ വ്യാസപൂജ അഥവാ ഗുരുപൂജാദിനമായി ആചരിച്ചു വരുന്നു. സ്വയംസേവകരില്‍ തങ്ങളുടെ ഗുരുവിനോടുള്ള ഭക്തിഭാവത്തിന്റെയും സമര്‍പ്പണത്തിന്റെയും സംസ്‌കാരം വളര്‍ത്താനായി ഡോക്ടര്‍ജി ഭഗവധ്വജത്തിന്റെ മുമ്പില്‍ ദക്ഷിണ അര്‍പ്പിച്ചു കൊണ്ട് ഗുരുപൂജ നടത്താനുള്ള പദ്ധതി 1928-ല്‍ ആരംഭിച്ചു.
അന്നുവരേയും അതിനുശേഷവും കുറച്ചു കാലത്തേക്ക് സംഘത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി സംഭാവന സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ പുതിയ പദ്ധതി കാരണം പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും പ്രത്യേകം പറയാതെ തന്നെ അവരുടെ ശക്തിക്കനുസരിച്ച് സമര്‍പ്പിക്കാനുള്ള സൗകര്യം ലഭ്യമായി. സംഭാവന സ്വീകരിച്ചു കാര്യങ്ങള്‍ നടത്തേണ്ട വിഷമസ്ഥിതിക്കു പകരം ഏതു കാര്യത്തിനും ആവശ്യമുള്ള ധനം സംഘത്തിന് ഈ പദ്ധതിപ്രകാരം കിട്ടിത്തുടങ്ങി. ദക്ഷിണ ചെയ്യുന്ന സാമ്പത്തികഭാരവും സംഭാവന ചെയ്യുന്നു എന്ന അഹങ്കാരവും ഇല്ലാതെ സംഘടനക്കായി സമര്‍പ്പണം എന്ന വിശേഷമായ ഉദാഹരണം ഈ പദ്ധതിയിലൂടെ ഡോക്ടര്‍ജി നടപ്പിലാക്കി. ഇതു നടപ്പിലാക്കുമ്പോള്‍ രാഷ്ട്രത്തിന്റെ പാരമ്പര്യം, നമ്മുടെ സംസ്‌കാരം, മനുഷ്യന്റെ സ്വഭാവം, അതിന്റെ അനന്യമായ കഴിവ്, സംഘടനയുടെ ആവശ്യം എന്നിവയെ സംബന്ധിച്ച് എത്രമാത്രം ആഴത്തിലും സൂക്ഷ്മതയോടെയും ചിന്തിച്ചു എന്നും അതോടൊപ്പം അതിന്റെ പ്രായോഗികതയും ആദര്‍ശോന്മുഖമായ പദ്ധതിയും ആവിഷ്‌കരിച്ചു എന്നും കാണാന്‍ സാധിക്കുന്നു.
ഡോക്ടര്‍ജി സ്വയംസേവകരോട് ‘നാളെ ഗുരുപൂജാ ദിവസം ആണ്, എല്ലാവരും ഗുരുപൂജ ചെയ്യാന്‍ ദക്ഷിണയും പുഷ്പവുമായി വരണം’ എന്നു നിര്‍ദ്ദേശിച്ചു. സ്വയംസേവകര്‍ സ്വന്തം ബുദ്ധിക്കനുസരിച്ച് അതിനെ വ്യാഖ്യാനിച്ചു. ചിലര്‍ നാളെ നമുക്ക് ‘ഗുരു’ എന്ന നിലയില്‍ ഡോക്ടര്‍ജിയെ പൂജിക്കാനുള്ള അവസരം കിട്ടും എന്നു പറഞ്ഞു. മറ്റു ചിലര്‍ ‘അണ്ണാ സോഹോനി’യെ ആണ് പൂജിക്കുക എന്നു പറഞ്ഞു. പിറ്റേ ദിവസം ധ്വജം ഉയര്‍ത്തി അതിനെ പൂജിക്കാന്‍ അദ്ദേഹം പറഞ്ഞു. തുടര്‍ന്നു നടന്ന ഡോക്ടര്‍ജിയുടെ ബൗദ്ധിക്കിനു ശേഷം എല്ലാവരുടേയും ആശയക്കുഴപ്പം പൂര്‍ണ്ണമായും ദുരീകരിക്കപ്പെട്ടു. ഡോക്ടര്‍ജി അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ ‘രാഷ്ട്രീയ സ്വയംസേവക സംഘം ഏതെങ്കിലും ഒരു വ്യക്തിയെ അല്ല, മറിച്ച് പരമ പവിത്ര ഭഗവധ്വജത്തെ ആണ് ഗുരു ആയി അംഗീകരിച്ചിരിക്കുന്നത്. എത്ര ഉന്നതനായാലും വ്യക്തിക്ക് ന്യൂനതകള്‍ ഉണ്ടാകുക സ്വാഭാവികം ആണ്. തത്വം ആണ് പൂര്‍ണ്ണമായിട്ടുള്ളത്. ആ തത്വത്തിന്റെ പ്രതീകം ആണ് ഭഗവധ്വജം. മനുഷ്യന്‍ പൊതുവെ ചഞ്ചലനാണ്. അചഞ്ചലമായത് ആദര്‍ശം ആണ്. അചഞ്ചലമായ അത്തരം ആദര്‍ശത്തിന്റെ പ്രതീകം ആയിട്ടാണ് പരമപവിത്ര ഭഗവധ്വജത്തെ സ്വീകരിച്ചത്. ഭഗവധ്വജത്തെ കാണുന്ന മാത്രയില്‍ രാഷ്ട്രത്തിന്റെ സമ്പൂര്‍ണ്ണചരിത്രം, ശ്രേഷ്ഠമായ സംസ്‌കാരം, പാരമ്പര്യം എന്നിവയെല്ലാം നമ്മുടെ കണ്‍മുന്നില്‍ വരുന്നു. എന്നെന്നും നമുക്കു പ്രേരണാദായകമായ ഭഗവധ്വജം തന്നെയാണ് നമ്മുടെ ഗുരുസ്ഥാനത്ത് ഉള്ളത്. അതുകൊണ്ട് ഒരു വ്യക്തിയേയും നാം ഗുരുസ്ഥാനത്തു വെക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നു പറഞ്ഞു. അതിനു ശേഷം ഡോക്ടര്‍ജി സ്വയം ഗുരുപൂജ ചെയ്തു. പിന്നീട് ഓരോ സ്വയംസേവകനും ഗുരുപൂജ നടത്തി (സംഘസ്ഥാപകന്‍ ഡോക്ടര്‍ ഹെഡ്‌ഗെവാര്‍ ജീവചരിത്രം, പുറം 278-279). ഈ വിഷയത്തില്‍ പരംപൂജനീയ ഗുരുജിയുടെ വാക്കുകളും ശ്രദ്ധിക്കുക- പൂജാവിഗ്രഹം- സ്വകൃത്യത്തിന്റെ വ്യാവഹാരികസ്വരൂപത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ത്തന്നെ സംഘം അതിന്റെ ലക്ഷ്യപ്രാപ്തിക്കു പര്യാപ്തമായ പദ്ധതിയുടെ ചട്ടക്കൂട് മെനഞ്ഞെടുക്കുന്നതില്‍ അഗാധമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. യോഗ്യമായ പദ്ധതി ഇല്ലാതെ എത്ര മഹത്തായ ആദര്‍ശവും പൂര്‍ത്തീകരിക്കാനാവില്ല. നമ്മുടെ നാനാവിധ സമ്പ്രദായങ്ങളിലും ഓരോ വ്യക്തിക്കും അവന്റെ സമ്പ്രദായത്തിനു ചേര്‍ന്ന പ്രതീകം ഉണ്ട്. അവന്‍ വിശിഷ്ടരീതിയില്‍ വസ്ത്രധാരണം ചെയ്ത് ഒരുങ്ങുന്നു. തന്റേതായ മന്ത്രം മനനം ചെയ്യുന്നു. അനുശാസനത്തിന്റെ പ്രത്യേക സംഹിത പിന്തുടരുന്നു. ശൈവനും ശാക്തേയനും വൈഷ്ണവനും അവനവന്റേതായ ആരാധനാരീതി ഉണ്ട്. അവനവന്റേതായ ചടങ്ങുകളുണ്ട്. ജീവിതം നിയന്ത്രിക്കുന്നതിന് അവനവന്റേതായ നിയമങ്ങളും കീഴ്‌വഴക്കങ്ങളും ഉണ്ട്. ഏകീകൃതവും അനുശാസനാബദ്ധവും ആയ ദേശീയ ജീവിതം കെട്ടിപ്പടുക്കുക എന്ന ആദര്‍ശത്തിനിണങ്ങിയ പദ്ധതി, ചിഹ്നം, മന്ത്രം, പെരുമാറ്റച്ചട്ടം എന്നിവ നമ്മളും മെനഞ്ഞെടുത്തിട്ടുണ്ട്. നാം തിരഞ്ഞെടുത്തിട്ടുള്ള മഹത്തും സ്ഫൂര്‍ത്തിദായകവും ആയ ചിഹ്നം അനശ്വരമായ ഭഗവധ്വജം ആണ്.
സംസ്ഥാനം, ജാതി, മതം, ഭാഷ, സമ്പ്രദായങ്ങള്‍ മുതലായ കടമ്പകള്‍ മറികടന്നുകൊണ്ട് നമ്മുടെ പുരാതനവും പവിത്രവും ഏകാത്മകവും ആയ ദേശീയജീവിതത്തെ തനത് പരിശുദ്ധരൂപത്തില്‍ അത് നമ്മുടെ കണ്‍മുന്നില്‍ കൊണ്ടുവരുന്നു. അനാദികാലം മുതല്‍ അത് നമ്മുടെ ധര്‍മ്മത്തിന്റെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആദര്‍ശങ്ങളുടെയും പ്രതീകം ആയിരുന്നു. അത് ആദര്‍ശശാലിതയുടെയും ആത്മത്യാഗത്തിന്റെയും സന്ദേശം നല്‍കുന്ന യാഗാഗ്നിയുടെ വര്‍ണ്ണത്തെ പ്രതിനിധാനം ചെയ്യുന്നു. ഇരുട്ടകറ്റി ചുറ്റും പ്രകാശം പരത്തുന്ന ഉദയസൂര്യന്റെ അരുണച്ഛവി ആണ് അതിനുള്ളത്. ഭൗതികവും ആത്മീയവും ആയ നമ്മുടെ എല്ലാ പ്രയത്‌നങ്ങള്‍ക്കും വഴികാട്ടിയായ ധ്രുവനക്ഷത്രമായി അത് നിലകൊള്ളുന്നു. നമ്മുടെ ചരിത്രത്തിന്റെ ഓരോ ഏടിനും പിഴക്കാത്ത സാക്ഷി ആണ് അത്. സാമ്രാജ്യങ്ങളുടെ ഉദയാസ്തമനങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും അതു തന്നെ സാക്ഷി. യുഗയുഗങ്ങളായി ഈ നാട്ടിലെ ജനകോടികളുടെ സ്വപ്‌നങ്ങളുടെ പ്രതീകം ആയിരുന്നു അത്. ചുരുക്കത്തില്‍ അതു നമ്മുടെ രാഷ്ട്രത്തിന്റെ പരമോന്നതവും പരമശ്രേഷ്ഠവും യഥാര്‍ത്ഥവും ആയ പ്രതീകം ആണ്.
ധ്യേയപൂജ മാത്രം
സംഘം ഈ സചേതനപ്രതീകത്തെ അതിന്റെ മാര്‍ഗദീപമായ ഗുരു ആയി സ്വീകരിച്ചിരിക്കുന്നു. ഡോക്ടര്‍ജി ഈ ധ്വജത്തെ ഗുരുവും ആദര്‍ശവും ആയി നമ്മുടെ മുന്നില്‍ വെച്ചപ്പോള്‍ അദ്ദേഹത്തിന്റെ ധാരാളം സഹപ്രവര്‍ത്തകര്‍ നെറ്റി ചുളിച്ചു. ഡോക്ടര്‍ജിയില്‍ത്തന്നെ തങ്ങളുടെ ആദര്‍ശത്തിന്റെ ജീവത്സ്വരൂപം കണ്ടിരുന്ന അവര്‍ അന്വേഷിച്ചു: ‘എന്തുകൊണ്ടു ഡോക്ടര്‍ജിയെത്തന്നെ നമ്മുടെ ആദര്‍ശമായി കരുതിക്കൂടാ?’ പക്ഷേ, സംഘടനയുടെ ആത്മസത്ത കണ്‍മുന്നില്‍ വെച്ചുകൊണ്ടു സംഘസ്ഥാപകന്‍ അനശ്വരമായ ഭഗവധ്വജം ആദര്‍ശമാക്കി പ്രതിഷ്ഠിച്ചു. എത്ര മഹാനായാലും വ്യക്തിക്ക് രാഷ്ട്രത്തിന്റെ ആദര്‍ശമാകാന്‍ സാധ്യമല്ല. എത്ര ആയാലും ദേശീയജീവിതത്തിന്റെ അനന്തതയിലൂടെ നിമിഷനേരം കൊണ്ട് പാഞ്ഞുപോകുന്ന വസ്തു ആണ് മനുഷ്യന്‍. അനവധി നൂറ്റാണ്ടുകാലം കൊണ്ട് ദേശീയജീവിതത്തിനുണ്ടായ മുഴുവന്‍ വികാസത്തിന്റെയും സൗന്ദര്യസുരഭിലതകളുടെ ഒരംശം മാത്രമേ അയാള്‍ക്ക് പ്രതിഫലിപ്പിക്കുവാനാവൂ. അതിനും പുറമേ എത്ര ശ്രേഷ്ഠനും ആദരണീ നും ആണെങ്കിലും എല്ലാ ആളുകള്‍ക്കും ആ വ്യക്തിയോട് ഒരേതരത്തിലുള്ള ഭക്തിവിശ്വാസങ്ങള്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കാന്‍ വയ്യ. ചിലര്‍ ശ്രീരാമനെ തങ്ങളുടെ ഇഷ്ടദേവനായി കണക്കാക്കുമ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ ഈശ്വരനായി ശ്രീകൃഷ്ണനെ കാണുന്നു. അതിനാല്‍ സംഘം വിശ്വവ്യാപകവും സര്‍വസംഗ്രാഹിയും ആയ ഒന്നിനെ പ്രതീകമായി സ്വീകരിച്ചിരിക്കുന്നു.
ജനജാഗരണത്തിന്റെ മാധ്യമം-അതിനു പുറമേ സംഘം വളര്‍ത്തിക്കൊണ്ടുവന്ന ദേശീയോത്സവങ്ങളുടെ പാരമ്പര്യം ബഹുജനങ്ങളെ നമ്മുടെ യഥാര്‍ത്ഥവും ഏകാത്മവും ആയ ദേശീയജീവിതത്തിലേക്ക് ഉണര്‍ത്തുന്ന ശക്തമായ മാധ്യമം ആണ്. വര്‍ഷപ്രതിപദ അഥവാ യുഗാദി ഹിന്ദുപുതുവത്സരദിനം ആണ്. നമ്മുടെ യുഗനിര്‍മ്മാതാക്കളേയും അവരുടെ അനശ്വരങ്ങളായ നേട്ടങ്ങളേയും അത് അനുസ്മരിപ്പിക്കുന്നു. അന്നു തന്നെ നമ്മുടെ സംഘസ്ഥാപകന്റെ ജന്മദിനം ആയത് സുഖദമായ സംയോഗം ആണ്.
ഹിന്ദുസാമ്രാജ്യദിനോത്സവം (ജ്യേഷ്ഠശുക്‌ളത്രയോദശി) എണ്ണൂറു വര്‍ഷത്തെ മുസ്‌ളീംമര്‍ദ്ദന ഭരണത്തിന്റെ മേല്‍ ഹിന്ദുശക്തി ശിവാജിയുടെ ധീരനേതൃത്വത്തിന്‍കീഴില്‍ നടത്തിയ വിജയം ഘോഷിക്കുന്നു. 1674-ല്‍ ഇതേ ദിവസം ആണ് അദ്ദേഹം പരമാധികാരത്തിന്റെ ദേശീയസിംഹാസനത്തില്‍ ആരോഹണം ചെയ്തത്. ഗുരുപൂജ (ആഷാഢപൂര്‍ണ്ണിമ) പരമ്പരാഗതമായി ശിഷ്യന്‍ ഗുരുവിനെ പൂജിക്കുന്ന ദിനം ആണ്. സംഘം അതിനു ദേശീയസ്വഭാവം കൊടുത്തു. അന്നാണ് നമ്മുടെ രാഷ്ട്രത്തിന്റെയും ധര്‍മ്മത്തിന്റെയും പ്രതീകം ആയ ഭഗവധ്വജത്തെ ഗുരു എന്ന നിലയില്‍ സംഘം പൂജിക്കുന്നത്. രക്ഷാബന്ധനം (ശ്രാവണപൂര്‍ണ്ണിമ) നാമെല്ലാം ഒരേ മാതൃഭൂമിയുടെ മക്കള്‍ ആണെന്ന് ഓര്‍മ്മിപ്പിക്കുന്നു. നാം ഈ ദിനത്തില്‍ സാഹോദര്യചിഹ്നമായ രാഖി ബന്ധിക്കുന്നു. വിജയദശമി (ആശ്വിനശുക്‌ളദശമി) ദുഷ്ടശക്തികളുടെ മേല്‍ നാം നടത്തിയ വിജയങ്ങളുടെ ഉജ്വലമായ പാരമ്പര്യങ്ങളുടെ സ്മരണകളെ ഉണര്‍ത്തുന്നു.
അന്നു സംഘത്തിന്റെ ജന്മനാള്‍ കൂടി ആണ്. മകരസംക്രമണം:പ്രകൃതി ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കു പോകുന്ന ദിവസം. സ്വാര്‍ത്ഥതയുടെ അന്ധകാരത്തില്‍ നിന്നും ദേശീയപ്രബുദ്ധതയുടെ പ്രകാശത്തിലേക്ക് ആ ദിവസം നമ്മെ മാടിവിളിക്കുന്നു. അങ്ങനെ ഒരു വശത്ത് ശാഖയിലെ ദൈനംദിനപരിശീലനം വഴി ദേശീയബോധത്തിന്റെയും ചാരിത്ര്യത്തിന്റെയും ഐക്യത്തിന്റെയും സദ്ഗുണങ്ങള്‍ ജനങ്ങളില്‍ സന്നിവേശിപ്പിക്കുമ്പോള്‍ മറുവശത്ത് ദേശീയോത്സവങ്ങള്‍ ദേശീയപ്രബുദ്ധതയുടെ ദീപശിഖ കൊളുത്തുന്നു. (ശ്രീഗുരുജിസാഹിത്യസര്‍വസ്വം, ഭാഗം 11, വിചാരസുധ, പുറം 366- 369).
ശങ്കരാചാര്യര്‍ ദക്ഷിണാമൂര്‍ത്തിസ്‌തോത്രത്തില്‍ പറയുന്നു- ‘യദദ്യ തേ ദര്‍ശനമാത്രതോ മേ ദ്രവത്യഹോ മാനസചന്ദ്രകാന്ത: (ഹേ ഗുരോ! അങ്ങാകുന്ന ചന്ദ്രന്റെ ദര്‍ശനക്ഷണത്തില്‍ത്തന്നെ ഇതാ ഇപ്പോള്‍ എന്റെ മനസ്സാകുന്ന ചന്ദ്രകാന്തക്കല്ല് ഉരുകുന്നു. സന്തോഷത്താല്‍ മതി മറക്കുന്നു എന്നു താത്പര്യം. അത്്് ഉത്തമ ശിഷ്യന്റെ ലക്ഷണവുമാണ്). അതേപോലെ ദര്‍ശനമാത്രയില്‍ത്തന്നെ ഭഗവധ്വജം നമ്മുടെ സംസ്‌കാരത്തിന്റെ ഏറ്റവും മഹത്തും ഉദാത്തവും ആയ വശങ്ങളെ നമ്മുടെ മനോമുകുരത്തില്‍ തെളിയിക്കുന്നു. കാവിനിറം സമ്പൂര്‍ണ്ണസമര്‍പ്പണത്തിന്റെ പ്രതീകമായ യജ്ഞജ്വാലയെ ഓര്‍മ്മപ്പെടുത്തുന്നു. നാം ശ്രദ്ധ അഥവാ വിശ്വാസത്തിന്റെ ആരാധകരാണ്; അന്ധവിശ്വാസത്തിന്റെ അല്ല. നാം അറിവിന്റെ ആരാധകരാണ്; അജ്ഞാനത്തിന്റെ അല്ല. ഇരുട്ട് അറിവില്ലായ്മയെ പ്രതിനിധാനം ചെയ്യുമ്പോള്‍ വെളിച്ചം നമുക്ക്്് ജ്ഞാനത്തിന്റെ പ്രതീകമാണ്. സൂര്യനാണ് വെളിച്ചത്തിന്റെ ഉറവിടം. ഉദിച്ചുയരുന്ന ആ സൂര്യന്റെ നിറമാണ് കാവിയുടേത്. അതായത്് നമ്മുടെ ഗുരു അറിവിന്റെ നിറവാണ്. സൂര്യന്‍ ഉദിക്കുമ്പോള്‍ ജീവജാലം സ്വതവേ നിദ്രവെടിഞ്ഞ് കര്‍മ്മനിരതരാകുന്നു. അതായത്് കര്‍മ്മണ്യതയുടെ പ്രതീകവും ആണ് അരുണസൂര്യന്റെ നിറം പേറുന്ന നമ്മുടെ കാവിക്കൊടി. സൂര്യനെ സൂര്യനാരായണഭഗവാനായി ആരാധിക്കുന്ന പതിവ് നമ്മുടെ ഇടയിലുണ്ട്. ഏഴു കുതിരകളെ പൂട്ടിയ രഥത്തില്‍ ആണ് ദിവസവും പ്രഭാതത്തില്‍ ഭഗവാന്റെ എഴുന്നള്ളത്ത്. അദ്ദേഹം നമ്മുടെ ദൃഷ്ടിക്ക് ഗോചരനാകുന്നതിനു മുമ്പു തന്നെ തന്റെ രഥത്തിന്റെ മുകളില്‍ പാറിക്കളിക്കുന്ന കാവിക്കൊടി ഭഗവാന്റെ വരവിനെ ആകാശത്തു നിറയുന്ന പാടലവര്‍ണ്ണത്താല്‍ വിളിച്ചറിയിക്കുന്നു. ഭഗവാന്റെ ധ്വജം എന്നത് ക്രമേണ ഭാഷയില്‍ ഭഗവധ്വജം ആയി. (പരംപൂജനീയ ഗുരുജി, ബഞ്ച് ഓഫ് തോട്‌സ്, ഇ-ബുക്ക്, പുറം 317).
അതിപ്രാചീനകാലം മുതല്‍ ഈ ഭഗവധ്വജം നമ്മുടെ രാഷ്ട്രചേതനയുടെ സജീവപ്രതീകം ആയിരുന്നു എന്നതിനു നമ്മുടെ ചരിത്രം തന്നെ സാക്ഷി. ഋഗ്വേദത്തില്‍ ഇതിനെ പരാമര്‍ശിക്കുന്നു (അരുണാ: സന്തി കേതവ:). ദിലീപന്‍, രഘു, ശ്രീരാമന്‍, അര്‍ജുനന്‍, ശ്രീഹര്‍ഷന്‍, പൃഥ്വീരാജ് ചൗഹാന്‍, മഹാറാണാ പ്രതാപ്, ഛത്രപതി ശിവജി, ഛത്രസാല്‍, കൃഷ്ണദേവരായര്‍, മഹാരാജാ രണ്‍ജിത്സിംഹന്‍, റാണി ലക്ഷ്മീബായി സിഖ് വീരര്‍ എന്നിങ്ങനെ ഹിന്ദുരാഷ്ട്രത്തിന്റെയും ധര്‍മ്മത്തിന്റെയും രക്ഷക്കായി ഉടവാളേന്തിയ പരാക്രമശാലികളുടെ അടയാളപതാക ഈ ഭഗവക്കൊടി ആയിരുന്നു. ആധ്യാത്മികമാര്‍ഗത്തിലൂടെ ചരിക്കുന്ന സന്യാസിപരമ്പരകളും ജൈനബൗദ്ധാദി പഥങ്ങളിലെ ആചാര്യന്മാരും ഈ കാവിനിറത്തേയും കാവിക്കൊടിയേയും നെഞ്ചിലേറ്റി. ഈ കാവിക്കൊടി, പരംപൂജനീയ ഗുരുജിയുടെ വാക്കുകളില്‍, ത്യാഗം, ജ്ഞാനം, സമര്‍പ്പണം, നിസ്വാര്‍ത്ഥസേവനം എന്നീ മഹാഗുണങ്ങളുടെ പ്രതീകമാണ്.
ദേശീയപതാകയുടെ ചരിത്രം
രാഷ്ട്രത്തിന്റെ ധ്വജം എന്താകണം എന്നു നിശ്ചയിക്കാന്‍ അന്നത്തെ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അതിന്റെ കറാച്ചി സമ്മേളനത്തില്‍ വെച്ച് ഏഴുപേരടങ്ങിയ ഒരു പതാകാനിര്‍ണ്ണയസമിതി രൂപീകരിച്ചു. ഈ സമിതിയില്‍ ഡോക്ടര്‍ എന്‍. എസ്. ഹാര്‍ഡീകര്‍, മാസ്റ്റര്‍ താരാസിങ്ങ്, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ ആസാദ്, ഡോക്ടര്‍ പട്ടാഭി സീതാരാമയ്യ, സര്‍ദാര്‍ പട്ടേല്‍, കാകാ കാലേത്കര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. രാജ്യമെങ്ങുമുള്ള പ്രമുഖരോടും പ്രവിശ്യാസമിതികളോടും ചര്‍ച്ച നടത്തിയശേഷം ഈ സമിതി കാവി (കേസരി) നിറമാര്‍ന്ന ദേശീയപതാക ആണ് അഭികാമ്യം എന്ന ഏകകണ്ഠമായ അഭിപ്രായത്തിലെത്തുകയും ചെയ്തിരുന്നു എന്നതാണ് ചരിത്രത്തില്‍ കാണുന്ന സത്യം. നീരജ് കുമാര്‍ എഴുതിയ ‘ശ്രീയന്ത്രവും ഇന്ത്യയുടെ ജിയോഫിലോസഫിയും’ എന്ന പുസ്തകത്തില്‍ (Print World, 2014) ഇതു സംബന്ധിച്ച വിശദമായ ചര്‍ച്ച കാണാം. ഈ പുസ്തകത്തില്‍ പരംപൂജനീയഡോക്ടര്‍ജി ഭഗവധ്വജത്തെ തന്റെ സംഘടനയുടെ ഗുരുവായി സ്വീകരിച്ചതിനേയും പരാമര്‍ശിക്കുന്നുണ്ട് (Sri Yantra and the Geophilosophy of India, Pleading for a New National Flag, Ch.9, p.194).
പ്രസ്തുതപുസ്തകത്തില്‍ ജിയോഫിലോസഫി എന്ന ഒരു സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തിന്റെയും പതാകകള്‍ തമ്മില്‍ കാണുന്ന വ്യത്യാസത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ സിദ്ധാന്തം അനുസരിച്ച് ഒരു ജനതയുടെ ചിന്താഗതിയെ കാലങ്ങളായി ആ ജനത കഴിഞ്ഞുവരുന്ന ദേശത്തിന്റെ പ്രത്യേകതകള്‍ സ്വാധീനിക്കുന്നു. ഭാരതത്തിന്റെ വീക്ഷണം ആധ്യാത്മികമാകാനുള്ള കാരണവും ഇതാണത്രേ. എ. കെ. രാമാനുജന്‍ എഴുതിയ Is there an Indian way of Thinking ? (1989) എന്ന ലേഖനത്തിലും ഹജിമേ നകാമുറ എന്ന പണ്ഡിതന്‍ എഴുതിയ Ways of Thinking of Eastern Peoples: India, China, Tibet, Japan (1964) എന്ന പുസ്തകത്തിലും ഹിന്ദുവീക്ഷണം പാശ്ചാത്യവീക്ഷണത്തില്‍ നിന്നും വ്യത്യസ്തമാണ് എന്നു സമര്‍ത്ഥിക്കുന്നുണ്ട്.
ഗുരുദക്ഷിണ
സംഘത്തിലെ ഗുരുദക്ഷിണയെ പരംപൂജനീയഗുരുജി ഇപ്രകാരം വിശദീകരിക്കുന്നു: ‘നാം വളര്‍ത്തുന്ന മനോഭാവം- സംഘത്തില്‍ പരിപോഷിപ്പിക്കുന്ന അനുശാസനം സംസ്‌കൃതജനതയുടെ നൈസര്‍ഗികമായ ആത്മനിയന്ത്രണം ആണ്. തനിക്ക് രാഷ്ട്രത്തോട് ഉന്നതമായ കര്‍ത്തവ്യം ഉണ്ടെന്നും തന്റെ വൈയക്തികവും കുടുംബപരവും ആയ ആവശ്യങ്ങള്‍ക്ക് കുറച്ചു കാത്തുനില്‍ക്കാം എന്നും ഓരോരുത്തര്‍ക്കും തോന്നുന്ന അനുശാസനം ആണത്. സുവ്യവസ്ഥിതമായ അംഗാംഗീഭാവത്തില്‍ നിന്ന് ഉച്ചതരമായ ആ ആഹ്വാനത്തെ അനുസരിച്ച് ആചരിക്കാന്‍ വ്യക്തി തയ്യാറാകുന്നു. ദേശക്ഷേമം എന്ന മഹത്തരകൃത്യത്തിനു വേണ്ടി എല്ലാവരും അവരുടെ ബുദ്ധിയും വികാരങ്ങളും അനുഭൂതികളും ശാരീരികശക്തിയും ഭൗതികസമ്പത്തും എല്ലാം സംഗ്രഹിക്കുകയും സംഗ്രഥിക്കുകയും ചെയ്യുന്ന അനുശാസനം ആണത്…. സംഘത്തിന്റെ കാര്യപദ്ധതിയില്‍ ഉടനീളം ഈ താത്പര്യം കാണാം. സംഘത്തിന്റെ വിവിധസമ്മേളനങ്ങളിലും പരിശീലനശിബിരങ്ങളിലും സംബന്ധിക്കുന്ന സ്വയംസേവകര്‍ എത്ര ദരിദ്രന്മാരായിരുന്നാലും അവരുടെ ചെലവിനുള്ള തുക സ്വന്തം കീശയില്‍ നിന്നാണ് എടുക്കാറുള്ളത്. അവര്‍ ശിബിരവിഹിതം കൊടുക്കുന്നു. ഗണവേഷം വാങ്ങുന്നു. പോക്കുവരവിനുള്ള കൂലി കൊടുക്കുന്നു. എല്ലാം സ്വാശ്രയത്തിന്റെയും സ്വാര്‍ത്ഥത്യാഗത്തിന്റെയും പ്രചോദനം കൊണ്ട്. സംഘം പിന്തുടരുന്ന പ്രാചീനപാരമ്പര്യം ആയ ഗുരുദക്ഷിണയും ഈ ഭാവം ഉള്‍ക്കൊള്ളുന്നതു തന്നെ. ആണ്ടിലൊരിക്കല്‍ ഗുരുപൂര്‍ണ്ണിമ എന്ന പുണ്യദിനത്തില്‍ ഓരോ സ്വയംസേവകനും പവിത്രഗുരുവായ ഭഗവധ്വജത്തെ പൂജിച്ച് അതിന്റെ സമക്ഷത്തില്‍ ദക്ഷിണ സമര്‍പ്പിക്കുന്നു. നിധിശേഖരണത്തിനും മാസികമോ വാര്‍ഷികമോ ആയ വരിസംഖ്യ പിരിക്കലിനും സംഘത്തില്‍ സ്ഥാനം ഇല്ല. സമര്‍പ്പണം പൂജാമനോഭാവത്തോടെ ആണ് ചെയ്യുന്നത്. പേരുംസമര്‍പ്പണത്തുകയും പരസ്യം ആക്കാന്‍ പോലും സ്വയംസേവകര്‍ ആഗ്രഹിക്കുന്നില്ല.ത്യാഗം ആയി കണക്കാക്കുന്നുമില്ല; പ്രതിഫലം ആയി എന്തെങ്കിലും പേരോ പെരുമയോ ലഭിക്കാന്‍ അവകാശം ഇല്ലാത്ത സ്വാഭാവിക കര്‍ത്തവ്യം ആണിത്. തുക്കാറാമിന്റെ സൂക്തത്തിലെ ഭാവത്തെ അനുസരിച്ചാണ് അവരുടെപരിശീലനം. ‘ആതാ ഉര്‍ലോം ഉപകാരപൂരതാ’ (ഞാന്‍ ജീവിക്കുന്നത് പരസേവനത്തിനു മാത്രം ആണ്).
ആദര്‍ശപ്രചോദിതനായ മറ്റൊരു കവിയുടെ ‘തേരാ വൈഭവ് അമര്‍ രഹേ മാം ഹമ് ദിന്‍ ചാര്‍ രഹേ ന രഹേ’ (അമ്മേ നിന്റെ വൈഭവം അമരം ആയിരിക്കട്ടെ. ഞങ്ങള്‍ ഏതാനും ദിവസം ജീവിച്ചിരിക്കുമോ ഇല്ലയോ എന്നത് അത്ര കാര്യമാക്കുന്നില്ല) എന്ന വരികള്‍ സ്വയംസേവകന്റെ ആത്മാവിനെ സ്പർശിക്കുന്നു (ശ്രീഗുരുജിസാഹിത്യസര്‍വസ്വം, ഭാഗം 11, വിചാരസുധ, പുറം 385-386).
ബോധപൂര്‍വമായ ആത്മസമര്‍പ്പണം ആണ് ഗുരുദക്ഷിണയുടെ അന്തസ്സത്ത. പൂജാപുഷ്പങ്ങളും ധനവും ആ ഭാവത്തെ ഉള്ളിലുണര്‍ത്താന്‍ സഹായിക്കുന്ന ബാഹ്യപ്രതീകങ്ങള്‍ മാത്രം ആണ്. ഗുരു നാം എത്തിച്ചേരാന്‍ വെമ്പുന്ന ലക്ഷ്യത്തിന്റെ, നാം ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതചര്യയുടെ, ജീവത്തായ മാതൃക ആണ്. ആ മാതൃകയെ സ്മരിക്കുന്തോറും ദര്‍ശിക്കുന്തോറും പൂജിക്കുന്തോറും, ആ തൃപ്പദങ്ങളില്‍ സര്‍വാത്മനാ സമര്‍പ്പണം ചെയ്യുന്തോറും, നാം നമ്മുടെ ലക്ഷ്യത്തോട് കൂടുതല്‍ കൂടുതല്‍ അടുക്കുന്നു. പരശുരാമകല്‍പസൂത്രത്തില്‍ ‘ഗുരു, മന്ത്രം, ദേവതാ, ആത്മാവ്, മനസ്സ്, പ്രാണന്‍ എന്നീ ആറെണ്ണവും ഒന്നാണെന്ന ബോധം ഉണ്ടാകുമ്പോള്‍ ആത്മാനുഭൂതി കൈവരുന്നു (ഗുരുമന്ത്രദേവതാത്മമന:പവനാനാം ഐക്യനിഷ്ഫാലനാത് അന്തരാത്മവിത്തി:)’ എന്നു പറയുന്നു. ഇത്തരത്തില്‍ ഏകീഭാവം കൈവന്ന പൂജകന്റെ അവസ്ഥ കൈവരാന്‍ ശങ്കരാചാര്യര്‍ സൗന്ദര്യലഹരിയില്‍ (ശ്‌ളോകം 27) ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: അല്ലയോ ജഗദീശ്വരി ! ആത്മാര്‍പ്പണബുദ്ധിയോടുകൂടി എന്നാല്‍ ചെയ്യപ്പെടുന്ന യാദൃച്ഛികസംഭാഷണമെല്ലാം നിന്തിരുവടിയുടെ മഹാമന്ത്രജപമായിട്ടും, എന്റെ കൈകൊണ്ടു പ്രവര്‍ത്തിക്കുന്നതെല്ലാം സര്‍വസംക്ഷോഭിണ്യാദി മുദ്രകളുടെ പ്രകടനമായിട്ടും, എന്റെ യാദൃച്ഛികസഞ്ചാരങ്ങളെല്ലാം നിന്തിരുവടിയുടെ പ്രദക്ഷിണക്രിയകളായിട്ടും ഞാന്‍ ചെയ്യുന്ന അന്നപാനാദികളെല്ലാം നിന്തിരുവടിക്കുള്ള ഹോമാനുഷ്ഠാനമായിട്ടും, എന്റെ ശയനം നിന്തിരുവടിക്കു നമസ്‌കാരമായിട്ടും, എന്റെ സകലസുഖങ്ങളും വ്യാപാരങ്ങളും നിന്തിരുവടിയുടെ പൂജാക്രമമായിട്ടും ഭവിക്കേണമേ’ (വിവര്‍ത്തനം- അമ്പാടി മീനാക്ഷി അമ്മ). ഇത്തരത്തില്‍ ഒരു സ്വയംസേവകന് ആത്മസമര്‍പ്പണത്തിലൂടെ ഹിന്ദുരാഷ്ട്രവുമായി താദാത്മ്യം കൈവരിക്കാനുള്ള വഴി ആണ് ഗുരുദക്ഷിണ. ഈ താദാത്മ്യം കൂടുന്തോറും സ്വയംസേവകന്‍ തന്റെ ജീവിതത്തില്‍ രാഷ്ട്രകാര്യത്തിനായി തന്റെ തനധനമനസ്സുകളെ സ്വയമേവ പ്രയോജനപ്പെടുത്തുവാന്‍ തുടങ്ങുന്നു. ഒരു ഹിന്ദുവിന്, ഒരു ഹിന്ദുകുടുംബത്തിന്, ഹിന്ദുവായി തുടരാന്‍ എന്താണ് ഈടുറപ്പ് (ഗ്യാരന്റി)? തലമുറകളിലൂടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഹിന്ദുപാരമ്പര്യത്തെ പിന്തുടരാനുള്ള സ്വാതന്ത്ര്യത്തിന്റെ ഈടുറപ്പ് എന്താണ് ? യുക്തിസഹമായ ഒരേ ഒരു ഉത്തരമേ ഉള്ളൂ- നാമോരോരുത്തരും ഉള്‍പ്പെടുന്ന ഈ വിശാലഹിന്ദുസമാജത്തിന്റെ, ഈ ഹിന്ദുരാഷ്ട്രത്തിന്റെ, സുസ്ഥിതിയും കെട്ടുറപ്പും! ഈ യാഥാര്‍ത്ഥ്യം സ്വയംസേവകനു കൂടുതല്‍ കൂടുതല്‍ ബോധ്യം വരുന്നു. തന്റെ എല്ലാം ഈ സമാജത്തിന്റെ സുസ്ഥിതിക്കായി, ഈ രാഷ്ട്രത്തിന്റെ സുരക്ഷക്കായി ഉഴിഞ്ഞുവെക്കാന്‍ സ്വയമേവ തയ്യാറാവുന്നു. തന്റെ വ്യക്തി, കുടുംബജീവിതങ്ങളെ രാഷ്ട്രകാര്യവുമായി ‘ഇലയ്ക്കും മുള്ളിനും കേടുവരാത്ത തരത്തില്‍’ പൊരുത്തപ്പെടുത്തി മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നു. വിദ്യാര്‍ത്ഥിയായ സ്വയംസേവകന്‍ പഠിപ്പില്‍ മികവു കാട്ടുന്നതോടൊപ്പം രാഷ്ട്രകാര്യത്തിലും ഉത്സാഹത്തോടെ പങ്കാളിയാവുന്നു. ഇതുപോലെ അധ്യാപനം, കലാകായികരംഗം, തൊഴില്‍, വ്യവസായം തുടങ്ങിയ നാനാമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസേവകരും അതാതുരംഗങ്ങളില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നതോടൊപ്പം രാഷ്ട്രവൈഭവത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാകുന്നു. രാഷ്ട്ര, സമൂഹ സേവനത്തിലൂടെ സന്തോഷം, ആത്മസംതൃപ്തി എന്നു ചിന്തിക്കുന്ന മാതൃകാഹിന്ദുവായി, ഇത്തരത്തില്‍ ജീവിക്കുവാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനം ഏകുന്നവനായി, ഓരോ സ്വയംസേവകനും മാറുന്നു.