ശാസ്ത്രത്തിന്റെ രീതികള്‍, ശാസ്ത്രീയത എന്നൊക്കെയുള്ള തര്‍ക്കങ്ങള്‍ ഒരു മൗലികവാദത്തിന്റെ തലത്തോളം കടക്കുന്ന കാലത്ത് നമുക്കല്പം ചരിത്രം പറഞ്ഞാലോ? ന്യൂട്ടന് ശേഷമുള്ള ആധുനിക ശാസ്ത്രലോകം രണ്ട് നൂറ്റാണ്ടോളം നടത്തിയ വ്യര്‍ത്ഥമായ ഒരു നിധിവേട്ടയുടെ കഥയാണത്. ഭൗതികശാസ്ത്രരംഗത്തെ ഏറ്റവുമധികം വട്ടം ചുറ്റിച്ച ഒരു പ്രതിഭാസമായിരുന്നു പ്രകാശം. പ്രകാശത്തിന്റെ വിവിധ സ്വഭാവസവിശേഷതകള്‍ വിശദീകരിക്കുക എന്ന പ്രയത്‌നത്തിന് വേണ്ടിയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ തിയററ്റിക്കല്‍ ഫിസിക്‌സ് ഏറ്റവുമധികം തലപുകച്ചത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
റിഫ്ലക്ഷന്‍, റിഫ്രാക്ഷന്‍, ഇന്റര്‍ഫെറന്‍സ്, ഡിഫ്രാക്ഷന്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ വിശദീകരിക്കാന്‍ ഓരോ കാലത്തും ഓരോ തിയറികള്‍ വന്നുകൊണ്ടിരുന്നു. അതില്‍ ഏറ്റവും സ്വീകാര്യമായ തിയറി ആയിരുന്നു ന്യൂട്ടന്റെ പിന്‍ഗാമി ആയിരുന്ന ക്രിസ്ത്യന്‍ ഹൈജന്‍സ് ആവിഷ്‌കരിച്ച പ്രകാശത്തിന്റെ തരംഗസിദ്ധാന്തം. അതായത്, പ്രകാശമെന്നാല്‍ അത് തരംഗ രൂപിയാണ്, മേല്‍പ്പറഞ്ഞ പ്രതിഭാസങ്ങളെല്ലാം തരംഗങ്ങളുടേതുമാണ്. പക്ഷേ അവിടെ വലിയൊരു പ്രശ്‌നമുണ്ട്. തരംഗങ്ങള്‍ക്ക് ശൂന്യതയില്‍ സഞ്ചരിക്കാനാവില്ല. ഒരു മാധ്യമത്തിന്റെ ചലനങ്ങളാണ് തരംഗം എന്ന് പറയുന്നത് തന്നെ. ആ ചലനങ്ങളിലൂടെയുള്ള ഊര്‍ജ്ജത്തിന്റെ പ്രവാഹമാണ് തരംഗചലനം. ഉദാഹരണത്തിന് വായുവില്ലെങ്കില്‍ നമുക്ക് ശബ്ദം കേള്‍ക്കാന്‍ കഴിയില്ല. കാരണം വായുതന്മാത്രകളുടെ ചലനത്തിലൂടെയാണ് ശബ്ദം സഞ്ചരിക്കുന്നത്. അപ്പോള്‍ കോടാനുകോടി കിലോമീറ്ററുകള്‍ അകലെ കിടക്കുന്ന സൂര്യനില്‍ നിന്നും, നക്ഷത്രങ്ങളില്‍ നിന്നും തരംഗരൂപിയായ പ്രകാശം എങ്ങനെ ഭൂമിയില്‍ എത്തുന്നു? ഇതിനിടയില്‍ പ്രകാശത്തിനു സഞ്ചരിക്കാന്‍ ഒരു മാധ്യമം ഉണ്ടാകണമല്ലോ.
അങ്ങനെ, ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ ഒരു വിഡ്ഢിസിദ്ധാന്തം ഉണ്ടായി. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു അദൃശ്യ മാധ്യമത്തിലൂടെയാണ് പ്രകാശം സഞ്ചരിക്കുന്നതത്രേ. അതിനവര്‍ ഒരു പേരുമിട്ടു. ഈഥര്‍. പിന്നെയുള്ള ഒന്നൊന്നര നൂറ്റാണ്ട് ഈ ഈഥറിന് പിന്നാലെയുള്ള പരക്കം പാച്ചിലില്‍ ആയിരുന്നു ശാസ്ത്രലോകം മുഴുവന്‍. ഒരു മാധ്യമത്തിലൂടെ തരംഗം സഞ്ചരിക്കുമ്പോള്‍ ചില പ്രതികരണങ്ങള്‍ ഉണ്ടാകുമല്ലോ. വെള്ളത്തിലൂടെ തോണി പോകുമ്പോഴുണ്ടാകുന്ന ഓളപ്പാത്തികള്‍ പോലെ. അപ്പോള്‍ ഈഥറിലൂടെ അതിവേഗം സഞ്ചരിക്കുന്ന ഭൂമിയുടെ പിന്നില്‍ അതിശക്തമായ ഈഥര്‍ തരംഗങ്ങള്‍ ഉണ്ടാകണമല്ലോ. അതും കണ്ടെത്താനായില്ല. പരീക്ഷണങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടു.
ഈഥര്‍ കണ്ടെത്താന്‍ നടത്തിയ ഏറ്റവും വലിയ ഒരു പരീക്ഷണം കൂടി നടന്നു. മൈക്കല്‍സണ്‍, മോര്‍ലി എന്നിവര്‍ ചേര്‍ന്നു നടത്തിയ പരീക്ഷണത്തിനുപയോഗിച്ച സ്‌പെക്ട്രോസ്‌കോപ്പ് കൊണ്ട് ഒരു ചെടിക്ക് ഒരു സെക്കന്റിലുണ്ടാകുന്ന വളര്‍ച്ച പോലും കണ്ടെത്താന്‍ കഴിയുമായിരുന്നു. ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളില്‍ ഒന്നായ മൈക്കല്‍സണ്‍, മോര്‍ലിമാരുടെ ദൗത്യവും പരാജയപ്പെട്ടു. എന്നിട്ടൊക്കെയും പ്രകാശം എന്നാല്‍ നമ്മള്‍ കരുതുന്നപോലെയല്ല, ഈഥര്‍ എന്നൊരു സാധനമേയില്ല, ന്യൂട്ടനും ഹൈജന്‍സും പറഞ്ഞത് തെറ്റാണ് എന്ന് സമ്മതിക്കാന്‍ ശാസ്ത്രലോകം തയ്യാറായില്ല. ഒരുതരത്തിലും കണ്ടെത്താനാകാത്ത, രാസഗുണങ്ങളോ ഭൗതികഗുണങ്ങളോ ഇല്ലാത്ത, അതല്ലാത്ത ഇതല്ലാത്ത ഒന്നുമല്ലാത്ത എന്തോ വിചിത്ര മാധ്യമമാണ് ഈ ഈഥര്‍ എന്നാണവര്‍ വിശ്വസിച്ചത്.
ഒടുവില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ ക്ലര്‍ക്ക് മാക്‌സ്‌വെല്‍ പ്രകാശം ഒരു വൈദ്യുത കാന്തിക തരംഗമാണ്, വൈദ്യത കാന്തിക തരംഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ മാധ്യമത്തിന്റെ ആവശ്യമില്ല എന്ന് സിദ്ധാന്തിച്ചതോടെയാണ് ഈഥര്‍ എന്ന പിടികിട്ടാപ്പുള്ളിയെ ശാസ്ത്രലോകം കൈയൊഴിഞ്ഞത്. പക്ഷേ, ഈ സിദ്ധാന്തത്തിനും ഫോട്ടോ ഇലക്ട്രിക് പ്രഭാവം എന്ന പ്രകാശത്തിന്റെ പ്രതിഭാസത്തെ വിശദീകരിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍, ഒരു കൊടുങ്കാറ്റായി വന്ന മാക്‌സ് പ്ലാങ്കിന്റെ ക്വാന്റം സിദ്ധാന്തമാണ് അത് വിശദീകരിച്ചത്. അത് ന്യൂട്ടോണിയന്‍ സിദ്ധാന്തങ്ങളുടെ അടിവേരറുത്ത കഥ പിന്നീട് പറയാം.
പറഞ്ഞുവന്നത് ഇത്രയേയുള്ളൂ. വിജ്ഞാനത്തിനും, അന്വേഷണങ്ങള്‍ക്കും അതിരുകള്‍ കെട്ടരുത് എന്ന കാഴ്ചപ്പാടുകളെ ഏറ്റവുമധികം എതിര്‍ത്ത്, മതമൗലികവാദത്തോളം തന്നെയുള്ള സൈദ്ധാന്തിക പിടിവാശികളില്‍ അഭിരമിക്കുന്ന ശാസ്ത്രലോകത്തെ മൗലികവാദികള്‍ എന്നുമുണ്ടായിരുന്നു. ഇവിടെയാണ്, സത്യാന്വേഷണ വഴികളില്‍ നേതി, നേതി അഥവാ ഇതല്ല, ഇതല്ല എന്ന് പറഞ്ഞുകൊണ്ട് ആത്യന്തിക സത്യത്തിലേക്കെത്തുന്ന സനാതന കാഴ്ചപ്പാടുകളുടെ പ്രസക്തി കിടക്കുന്നത്.