വസായ് (മുംബൈ) : ശ്രീരാമഭക്തര്‍ക്ക് മാത്രമല്ല ഭാരതത്തിന്റെ ദേശീയതയെ അംഗീകരിക്കുന്ന ഏവര്‍ക്കും സന്തോഷം നല്‍കുന്നതാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര ശിലാന്യാസം എന്നും ആരെയും പരാജയപ്പെടുത്തിയതിന്റെ സന്തോഷമല്ല മറിച്ച് ഭാരതത്തിന്റെ പൈതൃകം വീണ്ടെടുത്തതിന്റെ സന്തോഷമാണിതെന്നും ഹിന്ദുഐക്യവേദി കേരള സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പറഞ്ഞു. അയോദ്ധ്യയില്‍ നടന്ന ശ്രീരാമക്ഷേത്ര ശിലാന്യാസ ദിനത്തില്‍ രാവിലെ മുംബൈയിലെ വസായ് സനാതന ധര്‍മ്മസഭയുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ നല്കിയ ആശംസ സന്ദേശത്തിലാണ് ടീച്ചര്‍ ഇങ്ങനെ പറഞ്ഞത്. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പകയുടെ സമാപ്തിയല്ലിത്. രണ്ട് സമുദായങ്ങള്‍ക്കിടയില്‍ നിന്ന് ചോര കുടിച്ചവരുടെ തോല്‍വി ആണ്. കെ.പി ശശികല ടീച്ചര്‍ പറഞ്ഞു. വസായ് സനാതന ധര്‍മ്മസഭ സംയോജകന്‍ കെ.ബി. ഉത്തംകുമാര്‍ സംസാരിച്ചു.