ഛായാമന്യത്ര കുര്‍വന്തി
സ്വയം തിഷ്ഠന്തി ചാതപേ
ഫലാനി ച പരാര്‍ഥായ
വൃക്ഷാഃസല്‍പുരുഷാ ഇവ
(താന്‍ കൊടുംവെയില്‍ കൊണ്ടിട്ടും മരം മറ്റുള്ളവര്‍ക്ക് തണലേകുന്നു. ഫലങ്ങളും മറ്റുള്ളവര്‍ക്കു തന്നെ, സജ്ജനങ്ങളെ പോലെ.)
പരോപകാരത്തിന്റെ പര്യായമാണ് വൃക്ഷം. വൃക്ഷാസനം ചെയ്യുമ്പോള്‍ മനസ്സില്‍ ഈ ഒരു സങ്കല്പം നല്ലതാണ്. രണ്ടു കാല്‍പ്പത്തികളും ചേര്‍ത്ത് നിവര്‍ന്നു നില്ക്കുക. കൈകള്‍ വശങ്ങളില്‍, ദേഹത്തോടു ചേര്‍ന്ന്. വലതുകാല്‍ മുട്ടില്‍ മടക്കി വലത് ഉപ്പൂറ്റി ഇടതു തുടയുടെ മൂലഭാഗത്തു ചേര്‍ത്തു വെക്കുക. കാല്‍പ്പത്തി, വിരലുകള്‍ കീഴോട്ടു വരുന്ന തരത്തില്‍ തുടയോടു ചേര്‍ത്തു വെക്കുക. സന്തുലനം പാലിക്കുക. ശ്വാസം എടുത്തു കൊണ്ട് രണ്ടു കൈകളും മുട്ടു മടങ്ങാതെ വശങ്ങളിലൂടെ ഉയര്‍ത്തുക. തലക്കു മുകളില്‍ തൊഴുകൈയാക്കുക. ദൃഷ്ടി നേരെ. ഇതാണ് പൂര്‍ണ്ണ സ്ഥിതി.
സാധാരണ ശ്വാസത്തില്‍ അല്പനേരം സ്ഥിതി ചെയ്ത ശേഷം ശ്വാസം വിട്ടുകൊണ്ട് സാവധാനം കൈകള്‍ താഴ്ത്തുക. വലതുകാല്‍ താഴ്ത്തി ആദ്യത്തെ സ്ഥിതിയില്‍ വരിക. ഇതേ പ്രവര്‍ത്തനം ഇടതുകാലില്‍ ആവര്‍ത്തിക്കുക.
ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
അരക്കെട്ട് വശങ്ങളിലേക്ക് ചരിഞ്ഞു പോകരുത്. കാല്പത്തി നിലത്തു പതിഞ്ഞിരിക്കണം. കൈകള്‍ മേലോട്ടു നല്ലവണ്ണം വലിയണം. നല്ല ബാലന്‍സ് ഉള്ളവര്‍ക്ക് കണ്ണടക്കാം. പിന്നീട് തല പിന്നോട്ടു വളച്ച് ദൃഷ്ടി കൂപ്പുകൈയുടെ അടിഭാഗത്ത് ഉറപ്പിക്കുകയുമാവാം.
ഗുണങ്ങള്‍
കൈകാലുകളുടെ പേശികള്‍ ബലപ്പെടും. ശരീരത്തിന് സന്തുലനം നല്കും. മനസ്സിന്റെ ഏകാഗ്രത കൂട്ടും.