കോവിഡ് ബാധയെ തുടര്‍ന്ന് താറുമാറായ സമാജവ്യവസ്ഥയെ പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരല്‍ പെട്ടെന്ന് സാധിക്കുന്ന കാര്യമല്ല. ദീര്‍ഘകാലം ജാഗ്രതയോടെ, നിരന്തരം പ്രവര്‍ത്തിച്ചാലേ സമാജം പൂര്‍വ്വസ്ഥിതിയിലാവുകയുള്ളൂ. തലമുറകളുടെ പ്രയത്‌നം ഇതിനായി വേണ്ടിവന്നേക്കാം. സമ്പൂര്‍ണ്ണ സമാജത്തിലും ഏകത്വഭാവം ഉണ്ടാക്കി സമാജത്തെ ഒരു ചരടില്‍ കോര്‍ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകൃതമായത്. ഇന്ന് സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകവും വിപുലവും സംഘടിതവുമായിത്തീര്‍ന്നു. അതിനായി കാര്യകര്‍ത്താക്കളുടെ അഞ്ച് തലമുറകളുടെ പ്രവര്‍ത്തനം വേണ്ടിവന്നു. ഈ സംഘ കാര്യകര്‍ത്താക്കളുടെ ജീവിതം കര്‍പ്പൂരം പോലെ ഉരുകിത്തീര്‍ന്നതിന്റെ ഫലമാണ് നാം ഇന്ന് കാണുന്നത്. സംഘം മാത്രമല്ല, അനേകം സാമുദായിക, മത സംഘടനകളും അദ്ധ്യാപകരും വ്യാപാരികളും വിഭിന്ന വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടവരും വീട്ടമ്മമാരും ‘രാഷ്ട്ര ജാഗരണം’ എന്ന ഈ മഹത്തായ കര്‍മ്മത്തില്‍, തങ്ങളുടെ മൗലികമായ പങ്കാളിത്തം നിരന്തരം നല്‍കിക്കൊണ്ടിരിക്കുന്നു. ഇവരുടെ ദേശവ്യാപകമായ സംഘടിത പ്രവര്‍ത്തനത്തിന്റെ ശക്തി സംഘം എന്ന മാധ്യമത്തിലൂടെ അറിയുന്നു എന്ന് മാത്രം.
അളവറ്റ ആത്മീയതയോടെയും പ്രത്യേക വ്യവസ്ഥയനുസരിച്ച് അച്ചടക്കത്തോടെയും പ്രവര്‍ത്തിക്കുക എന്ന രീതി സമാജത്തില്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ നീണ്ട വര്‍ഷങ്ങളുടെ പ്രയത്‌നം ആവശ്യമാണ്. ഇത്തരം പ്രവര്‍ത്തനം തീര്‍ച്ചയായും ഗുണപ്രദമായിരിക്കും. ഇത്തരമൊരു അനുഭവമാണ് 2009 മെയ് 25ന് ബംഗാളില്‍ ആഞ്ഞടിച്ച ‘ആയലാ’ എന്ന കൊടുങ്കാറ്റിന്റെ സമയത്ത് ഉണ്ടായത്. തെക്ക് ഭാഗത്തുള്ള 24 ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായി. ജൂണ്‍ 3ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കാണുന്നതിന് വേണ്ടി ഞാന്‍ അങ്ങോട്ടേക്ക് പോയിരുന്നു. ഒരു മണിക്കൂര്‍ ജീപ്പിലും 40 മിനുട്ട് ബോട്ടിലും യാത്ര ചെയ്തതിനുശേഷമാണ്, സേവാപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദ്വീപില്‍ എത്തിച്ചേര്‍ന്നത്. മുട്ടോളമെത്തുന്ന ചെളിയിലൂടെ നടന്നാണ് അവിടെ നടക്കുന്ന കാര്യകര്‍ത്താക്കളുടെ ബൈഠക്കില്‍ പങ്കെടുത്തത്. ബൈഠക്കില്‍ വച്ച്, സ്വയംസേവകരുടെ അനുഭവങ്ങളെ പറ്റിയും അവരുടെ സേവനപ്രവര്‍ത്തനങ്ങളെ പറ്റിയും ചോദിച്ചറിഞ്ഞു. ഏതൊക്കെ സാമുദായിക-മതസംഘടനകള്‍ സേവാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന എന്റെ ചോദ്യത്തിന് സ്വയംസേവകര്‍ നല്‍കിയ മറുപടി ചിന്തിപ്പിക്കുന്നതായിരുന്നു. മറ്റ് സംഘടനകള്‍ റോഡിനുചുറ്റുമുള്ള നല്ല പ്രദേശങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഉള്ളിലേക്കുള്ള പ്രദേശങ്ങളില്‍ സംഘപ്രവര്‍ത്തകര്‍ മാത്രമാണ് സേവനം ചെയ്യുന്നത്. സംഘപ്രവര്‍ത്തകര്‍ ഇത്തരമൊരു പരിതഃസ്ഥിതിയെ അഭിമുഖീകരിക്കുന്നത് ആദ്യമായിട്ടാണല്ലോ എന്ന് ഞാന്‍ ചിന്തിച്ചു. ഇത്രയും ഉള്‍പ്രദേശങ്ങളിലേക്ക് പോയി ബൃഹത്തായ ഒരു പദ്ധതി നടത്തിയുള്ള മുന്‍പരിചയമൊന്നും അവര്‍ക്കില്ല. എന്നിട്ടും എത്രമാത്രം സമര്‍പ്പണത്തോടെയാണ്, സേവനം ആവശ്യമുള്ള സ്ഥലങ്ങളില്‍, ബുദ്ധിമുട്ടുകള്‍ സഹിച്ച് എത്തിച്ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. തികഞ്ഞ ആത്മീയതയും അച്ചടക്കവുമുള്ള ഒരു വ്യവസ്ഥയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കാനുള്ള സംഘപ്രവര്‍ത്തകരുടെ കഴിവാണ് അവരെ ഇതിന് പ്രാപ്തരാക്കുന്നത്.
കൊറോണ എന്ന മഹാമാരിയുടെ ഈ വിപത്തിനിടയിലും ഇത്തരമൊരു സംഭവം ഉണ്ടായി. ആരോ കിംവദന്തി പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ദല്‍ഹിയിലെ ആനന്ദ് വിഹാര്‍ സ്റ്റേഷന്റെ അടുത്ത് ആയിരക്കണക്കിന് തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിനുവേണ്ടി പെട്ടെന്ന് ഒത്തുകൂടി. ദല്‍ഹിയിലെ സ്വയംസേവകര്‍ക്ക് ഈ വാര്‍ത്ത ലഭിച്ച ഉടനെ അവര്‍, തൊഴിലാളികള്‍ക്കാവശ്യമായ ഭക്ഷണസാമഗ്രികള്‍ നല്‍കാനുള്ള വ്യവസ്ഥ ചെയ്തു. ഉത്തര്‍പ്രദേശിലെ സ്വയംസേവകര്‍ അവിടത്തെ ഭരണകൂടത്തിന്റെ സഹായത്തോടെ, ഈ തൊഴിലാളികള്‍ക്ക് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ 5000 ബസ്സുകള്‍ ഏര്‍പ്പാട് ചെയ്തു. ഇത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ സ്വയംസേവകര്‍ തങ്ങളുടെ ശക്തിയും കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള കഴിവും തെളിയിക്കുകയായിരുന്നു ഇവിടെ. ആശയക്കുഴപ്പത്തിലകപ്പെട്ട തൊഴിലാളികളെ സ്വന്തം ഗ്രാമങ്ങളില്‍ എത്തിക്കുക എന്നത് ഒരു വെല്ലുവിളിതന്നെയായിരുന്നു.
പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന രോഗം, ആള്‍ത്തിരക്ക് കാരണം കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഉണ്ടാകുമോ എന്ന ഭയം, നാട്ടിലേക്ക് മടങ്ങാന്‍ കുഞ്ഞുകുട്ടികളും വൃദ്ധരും അടക്കം ഇറങ്ങിത്തിരിച്ച തൊഴിലാളി കുടുംബങ്ങള്‍- ഇത്തരം പ്രതിസന്ധിയെ അഭിമുഖീകരിക്കുക എന്നത് എളുപ്പമല്ല. ചില സ്ഥലങ്ങളില്‍ നടപ്പിലാക്കിയ നിര്‍ദ്ദേശങ്ങള്‍ അപര്യാപ്തമായിരുന്നു. ചിലപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് നില്‍ക്കാനുള്ള പരിചയക്കുറവ്, ഭയം എന്നിവയും സ്ഥിതി കൂടുതല്‍ ബുദ്ധിമുട്ടിലാക്കി. ഇവരുടെ ഫോട്ടോകള്‍ കണ്ടും വിഷമങ്ങള്‍ കേട്ടും മനസ്സ് വേദനിച്ചിരുന്നു. ഇവരെപ്പറ്റി മാധ്യമങ്ങളില്‍ ഘോരഘോരം ചര്‍ച്ചകള്‍ നടക്കുകയും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ആരോപണം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ഈ കാലയളവില്‍ തന്നെ സര്‍ക്കാരിന്റെയും സാമുദായിക സംഘടനകളുടെയും സഹായത്തോടെ പത്ത് ലക്ഷം തൊഴിലാളികള്‍ ബീഹാറിലേക്കും മുപ്പത് ലക്ഷം പേര്‍ ഉത്തര്‍പ്രദേശിലേക്കും, പത്ത് ലക്ഷം പേര്‍ മധ്യപ്രദേശിലേക്കും 1.15 ലക്ഷം പേര്‍ ഝാര്‍ഖണ്ഡിലേക്കും മടങ്ങിപ്പോയി എന്നത് പ്രത്യേകം സൂചിപ്പിക്കേണ്ട കാര്യം തന്നെയാണ്. (ഇത് മെയ് 20 വരെയുള്ള കണക്കാണ്). ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലേക്ക് പോകുന്നതിനുവേണ്ടി, മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തില്‍ നിന്നും കാല്‍നടയായി മദ്ധ്യപ്രദേശില്‍ എത്തിയ നാല് ലക്ഷം തൊഴിലാളികളെ, ഭരണകൂടത്തിന്റെ സഹായത്തോടെ സ്വയംസേവകര്‍, വാഹനങ്ങളില്‍ ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തി വരെ എത്തിച്ചു. അവിടെ നിന്ന് യു.പി. സര്‍ക്കാര്‍ അവരെ സ്വയംസേവകരുടെ സഹായത്തോടെ സ്വന്തം ഗ്രാമങ്ങളിലേക്കോ ബീഹാറിന്റെ അതിര്‍ത്തി വരേയോ വാഹനങ്ങളില്‍ എത്തിക്കാനുള്ള വ്യവസ്ഥ ചെയ്തു. ഓരോരുത്തരേയും പരിശോധനയ്ക്ക് വിധേയമാക്കുക (Screening), ഭക്ഷണം ഏര്‍പ്പാടാക്കുക, സാമൂഹിക അകലം പാലിക്കുക, അമ്പത് ലക്ഷം തൊഴിലാളികളെ സ്വന്തം ഗ്രാമത്തില്‍ എത്തിക്കുക, അവര്‍ക്ക് അവിടെ ഐസോലേഷനില്‍ കഴിയാന്‍ സൗകര്യമൊരുക്കുക ഇതൊക്കെ നമുക്ക് സാധിച്ചിരിക്കുന്നു എന്നതും ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ കാണാതെ പോവരുത്.
ലോക്ഡൗണ്‍ കാരണം സാമ്പത്തികമേഖലയും മന്ദീഭവിച്ചിരിക്കുകയാണ്. പെട്ടെന്നുണ്ടായ വിപത്ത് കാരണം, നമുക്ക് അചിന്ത്യമായ അനേകം പ്രതിസന്ധികളും വെല്ലുവിളികളും മുന്നില്‍ വന്നു. ഇവയെ നേരിടുന്നതില്‍ ചെറിയ ചില പാളിച്ചകളും നമുക്ക് പറ്റി. തദ്ഫലമായി നിഷ്‌ക്കളങ്കരും നിസ്സഹായരുമായ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നത് ദുഃഖകരമാണ്. ഈ സംഭവങ്ങളെകുറിച്ച്, പൊതുഇടങ്ങളിലും മാധ്യമങ്ങളിലും മറ്റും ചര്‍ച്ചകളും തര്‍ക്കങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. കാരണം ഇതൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ ചില വ്യക്തികള്‍, നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ ഈ വാഗ്വാദങ്ങളില്‍ പങ്കെടുക്കുന്ന സമയത്ത് ‘നമ്മളും ഈ സമാജത്തിന്റെ ഭാഗമാണ്’ എന്നത് മറന്നുപോകുന്നുവെന്ന് തോന്നുന്നു. ഏതെങ്കിലും ചെറിയ സംഭവത്തെ പൊടിപ്പും തൊങ്ങലും വച്ച് വലുതാക്കി ചിത്രീകരിക്കുകയും ഇത് എല്ലായിടത്തും നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തിന്റെ ആത്മവിശ്വാസത്തിനും അനേകം ഉദ്യോഗസ്ഥര്‍, സമാജ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ അര്‍പ്പണബോധത്തിനും പരിശ്രമത്തിനും നേര്‍ക്ക് ചോദ്യചിഹ്നം ഉയര്‍ത്തുകയാണ്. തെറ്റ് തെറ്റ് തന്നെയാണ്. അതിന് മറുപടി നല്‍കുന്ന സമയത്ത്, ചെയ്യുന്നത് എല്ലാം തെറ്റാണ് എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
1992-ല്‍ ഞാന്‍ അമേരിക്കയില്‍ പോയപ്പോള്‍ ഉണ്ടായ ഒരു സംഭവം ഓര്‍ക്കുന്നു. ആ സമയത്ത് ഒരു വസ്ത്രവ്യാപാരി, വിവിധതരം റിവോള്‍വറുകളുടെ ചിത്രത്തോടൊപ്പം GUN എന്നെഴുതിയ ടീ-ഷര്‍ട്ടുകള്‍ വിപണിയില്‍ ഇറക്കിയിരുന്നു. അതിന് അമേരിക്കയിലെ കൗമാരക്കാരുടെ ഇടയില്‍ നിന്ന് നല്ല സ്വീകരണം ലഭിക്കുകയും ആ വ്യാപാരി വമ്പിച്ച ലാഭം കൊയ്യുകയും ചെയ്തു. പിന്നീട്, ഈ ടീഷര്‍ട്ട് കുട്ടികളെ അക്രമത്തിലേക്ക് നയിക്കുന്നുവെന്ന് മനസ്സിലാക്കിയ രക്ഷിതാക്കള്‍, ഇവ വിപണിയില്‍ നിന്നും പിന്‍വലിക്കണമെന്ന ആവശ്യവുമായി സമരം ചെയ്തു. അവസാനം ആ വ്യാപാരിയുടെ എല്ലാ ഉല്പന്നങ്ങളും ബഹിഷ്‌കരിക്കുമെന്ന ഘട്ടം വന്നപ്പോള്‍ GUN ടീ ഷര്‍ട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായി. ഈയവസരത്തില്‍ പത്രക്കാര്‍ ആ വ്യാപാരിയോട് ചോദിച്ചു. ”ഈ ടീ-ഷര്‍ട്ട് കാരണം സമൂഹത്തിലെ യുവാക്കളുടെ മനസ്സില്‍ ദുഷ്ചിന്തകളുണ്ടാവുന്നു. എന്നിട്ടും താങ്കളെന്തിനാണ് ഇവ തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്നും പിന്‍വലിക്കാതിരുന്നത്? ”അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘പണം ഉണ്ടാക്കുക’ എന്നതാണ് എന്റെ ബിസിനസ്സ്, അല്ലാതെ ധാര്‍മ്മികത (Morality) ഉണ്ടാക്കുക എന്നതല്ല.’ അതായത് ഈ സമാജം എന്റെ സ്വന്തമാണ് അല്ലെങ്കില്‍ ഈ സമാജം എനിക്ക് ഒരു വിഭവം (resource) മാത്രമാണ് എന്ന രണ്ട് തരത്തിലുള്ള കാഴ്ചപ്പാട് ഉണ്ടാവാം.
ഇതുപോലെ എവിടെയെങ്കിലും അക്രമം, ഉപദ്രവം, ചൂഷണം, അന്യായം, വഞ്ചന തുടങ്ങിയവ ഉണ്ടായാല്‍ അതിനെ എതിര്‍ക്കുകയും അതിനെതിരെ പ്രതികരിക്കുകയും വേണം. അത് വിശദമായി പരിശോധിച്ച് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും വേണം. പക്ഷേ ഇത്തരം സംഭവങ്ങളെ സാധാരണീകരിക്കുകയും (generalise) പ്രതിസന്ധിഘട്ടങ്ങളില്‍ ഇവയെ പര്‍വ്വതീകരിച്ച് സമാജത്തിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്നത് ഉചിതമായ പ്രവൃത്തിയാണോ? ഇങ്ങനെയൊക്കെ നടക്കുന്നതായി കാണുന്നു. ‘നമ്മള്‍ രാഷ്ട്രത്തിന്റെ ഭാഗമാണ്’ എന്ന ബോധം ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരുടെ മനസ്സില്‍ ഇല്ല എന്നതാണ് ഇതിനുകാരണം. അവര്‍ക്ക് ഈ സമാജവും സമാജത്തിലെ പ്രത്യേക വര്‍ഗ്ഗവും ബുദ്ധിമുട്ടുകളും ദാരിദ്ര്യവും വിദ്യാഭ്യാസത്തിന്റെ അഭാവവും മാലിന്യവും ഒക്കെ തങ്ങളുടെ അജണ്ട നടപ്പിലാക്കാനുള്ള ഉപകരണങ്ങള്‍ resource material)മാത്രമാണ്. സമാജം എന്റേതും കൂടിയാണ് എന്ന തിരിച്ചറിവ് ഇല്ലാത്തതാണ് ഇതിനൊക്കെ കാരണം.
ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തിലെ തന്നെ ചിലര്‍, സമാജത്തെ നിര്‍മ്മിക്കാനുള്ള ഈ ശ്രമത്തെ കണ്ടില്ലെന്നു നടിച്ച്, ഒരു വശത്തെ മാത്രം ന്യായീകരിക്കാനുള്ള ശ്രമം നടത്തുകയാണ്. നമ്മുടെ വൈവിധ്യത്തിന്റെ അടിസ്ഥാനമായ ഏകത്വം എന്ന ചരട് ആണ് നമ്മുടെ ആദ്ധ്യാത്മികാധിഷ്ഠിതമായ ജീവിതവീക്ഷണം. ഇതിനെ വിസ്മരിച്ച് അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ച്, നമ്മുടെ വിശിഷ്ടമായ വൈവിധ്യത്തിന്റെ വ്യത്യാസങ്ങളെ മുന്‍നിര്‍ത്തി സമാജത്തില്‍ പുതിയ വിഭജനം സൃഷ്ടിക്കാനുള്ള ഗൂഢാലോചന വര്‍ഷങ്ങളായി നടന്നുവരികയാണ്. നമ്മുടെ പ്രാചീന സമാജത്തില്‍ കാലക്രമേണ ചില ദോഷങ്ങള്‍ ഉണ്ടാവുകയും അതിനെ തുടര്‍ന്ന് ചില സമസ്യകള്‍ ഉണ്ടാവുകയും ചെയ്തു. ഈ സമസ്യകള്‍ ദൂരീകരിക്കാനുള്ള ശ്രമങ്ങള്‍ തീര്‍ച്ചയായും നടത്തണം. പക്ഷേ ഈ ശ്രമങ്ങള്‍ ഒരിക്കലും സമാജത്തെ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാവരുത്. ചില ചരിത്രപരമായ തെറ്റായ നയങ്ങള്‍ കാരണം സാമാജികവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ ഉണ്ടായി. ഇവയെയൊക്കെ തരണം ചെയ്ത് സമരസമായ സമാജത്തെ നിര്‍മ്മിക്കാനുള്ള എല്ലാശ്രമവും നടത്തണം. അതേസമയം നമ്മുടെ ഏകത്വം നഷ്ടപ്പെടുകയോ ദുര്‍ബലമാവുകയോ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
ആസേതുഹിമാചലം പരന്നു കിടക്കുന്ന ഈ സമ്പൂര്‍ണ്ണ സമാജവും എന്റേതാണ്. ഞാന്‍ ഈ സമാജത്തിനായി പ്രവര്‍ത്തിക്കണം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന എല്ലാ വിപത്തുകളേയും നേരിടാനുള്ള കഴിവ് ഈ സമാജത്തിനുണ്ടാവുന്നത് അതിന്റെ ഏകത്വഭാവത്തില്‍ നിന്നാണ്. നമ്മള്‍ എല്ലാവരും എല്ലായ്‌പോഴും ഏത് പരിതഃസ്ഥിതിയിലും ഈ ഏകത്വത്തെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം.
വിവ: ഡോ.പി.വി. സിന്ധുരവി
(അവസാനിച്ചു)