കൊടിയുടെ നിറം നോക്കിയല്ല തൊഴിലാളി പ്രസ്ഥാനത്തെ വിലയിരുത്തേണ്ടത് എന്ന് അടിയുറച്ച് വിശ്വസിക്കുകയും അത് പ്രവര്‍ത്തനത്തിലൂടെ ലോകത്തിനും തൊഴിലാളികള്‍ക്ക് തന്നെയും ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തുവെന്നതാണ് ജൂണ്‍ 11ന് അന്തരിച്ച ആര്‍.വേണുഗോപാലിന്റെ വിലയേറിയ സംഭാവന. തൊഴിലാളികളുടെയും മറ്റ് അവശവിഭാഗത്തിന്റെയും കഷ്ടപ്പാടുകളും ദുരിതങ്ങളും പരിഹരിക്കാന്‍ സ്വയം മുന്നിട്ടിറങ്ങാനും മറ്റാരെങ്കിലും അതിനായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവരോടൊപ്പം നില്‍ക്കാനും മനസ്സുള്ളവനാണ് പൊതു പ്രവര്‍ത്തകന്‍ എന്നദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഈ വിശ്വാസം അദ്ദേഹത്തെ ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് സ്വീകാര്യനും ശ്രദ്ധേയനുമാക്കി മാറ്റി. ജനീവയില്‍ ചേരാറുള്ള ലോക തൊഴിലാളി യൂണിയന്‍ സംഘടനകളുടെ യോഗങ്ങളില്‍ (ഐ.എല്‍.ഒ) ഇത് പലതവണ പ്രകടമായിട്ടുള്ളതാണ്. സാധാരണ മനുഷ്യന്റെ സുഖസൗകര്യങ്ങളോടുള്ള യാതൊരു ആകര്‍ഷണവും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. അത്തരം സൗകര്യങ്ങളെല്ലാം സ്വയം നിരാകരിക്കുകയായിരുന്നു.
കൊട്ടാരത്തില്‍ ജനിച്ച അദ്ദേഹത്തിന് കൊട്ടാര സൗകര്യങ്ങളാസ്വദിച്ച് ജീവിക്കാന്‍ അവസരമുണ്ടായിരുന്നു. അച്ഛന്‍ നിലമ്പൂര്‍ രാജവംശത്തിലും അമ്മ കൊല്ലങ്കോട് രാജവംശത്തിലും ഉള്‍പ്പെട്ടവരായിരുന്നു. ആ കാലത്ത് രാജകുടുംബത്തിന്റെ പ്രൗഢിക്കനുസരിച്ച വിദ്യാഭ്യാസം ആര്‍ജ്ജിച്ച വേണുഗോപാല്‍ രാഷ്ട്രസേവനത്തിനായി കൊട്ടാരം വിട്ടിറങ്ങി. 1942ല്‍ ദേശീയ പ്രസ്ഥാനത്തിന് വിത്തുപാകാനെത്തിയ ധിഷണാശാലിയും ചിന്തകനുമായ ദത്തോപാന്ത് ഠേംഗ്ഡിജിയുടെ മാര്‍ഗ്ഗദര്‍ശനത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം സംഘപ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ച് പ്രചാരകനായി. കേരളത്തില്‍ വ്യാപകമായി സഞ്ചരിച്ച അദ്ദേഹം പട്ടിണിയും കഷ്ടപ്പാടും മാത്രമല്ല ജീവനു തന്നെ ഭീഷണി നിറഞ്ഞ കഠിന കണ്ടകാകീര്‍ണ്ണമായ മാര്‍ഗ്ഗത്തിലാണ് സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് തൊഴിലാളികള്‍ക്കൊപ്പമാണ് എന്ന് കണ്ടറിഞ്ഞ സംഘ അധികാരികള്‍ അദ്ദേഹത്തെ ഠേംഗിഡിജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഉത്തരേന്ത്യയില്‍ പലഭാഗത്തും ആരംഭിച്ചിട്ടുള്ള ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ പ്രവര്‍ത്തനരംഗത്ത് നിയോഗിച്ചു. 1967ല്‍ കേരളത്തില്‍ ബി.എം.എസ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച അദ്ദേഹം തന്റെ സ്വതസിദ്ധമായ സ്വഭാവവിശേഷത്തിലൂടെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രിയങ്കരനായി തീര്‍ന്നു. അതെ, അദ്ദേഹം എല്ലാവരുടേയും വേണു ഏട്ടനായി മാറി.
1968-70 കാലഘട്ടത്തില്‍ കേരളത്തിലെ തൊഴിലിടങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത് ചുകപ്പന്‍ കൊടികളും സമര മുദ്രാവാക്യങ്ങളുമായിരുന്നു. മറ്റൊരു കൊടിക്കും ഇവിടെ സ്ഥാനമില്ലെന്ന ധാര്‍ഷ്ട്യവും പ്രകടമായിരുന്നു. എന്നാല്‍ ആ സമരമുഖങ്ങളിലെല്ലാം വേണുവേട്ടന്‍ ക്ഷണിക്കപ്പെടാതെ തന്നെ എത്തിച്ചേരുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കൊടിയുടെ നിറമല്ല – തൊഴിലാളിയുടെ അവശതാ പരിഹാരമാണ് പ്രധാനം എന്ന ബി.എം.എസ്സിന്റെ അടിസ്ഥാന ലക്ഷ്യത്തിലേക്ക് മറ്റ് സംഘടനാ നേതാക്കളും സാവധാനം നടന്നടുത്തു. അധികാര മത്സരത്തിന്റെയും രാഷ്ട്രീയ തിമിരത്തിന്റെയും ഇടയില്‍പ്പെട്ട് സ്വയം തലതല്ലി മരിക്കുന്ന തൊഴിലാളികളെ രാഷ്ട്രീയത്തിലുപരി രാഷ്ട്രനന്മയ്ക്കും സ്വയംരക്ഷയ്ക്കും വേണ്ടി ഒരുമിക്കാന്‍ പ്രേരണ നല്‍കിയ അദ്ദേഹം ത്യാഗാഗ്നിയില്‍ സ്വന്തം ജീവിതം ഹോമിച്ചു. ഇത്തരത്തില്‍ രാഷ്ട്രത്തിനായി ജീവിതം ഹോമിച്ചവരുടെ, ഒരിക്കലും മരണമില്ലാത്തവരുടെ ഇടയിലേക്ക് വേണുവേട്ടനും നടന്നു നീങ്ങി. 2020 ജൂണ്‍ 11ന് കാലയവനികയ്ക്കു പിന്നിലേയ്ക്ക് മറഞ്ഞ ആ ആത്മാവിന് വിഷ്ണുപദം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
കൃഷ്ണമേനോന് വേണുവേട്ടന്റെ സേവനം-
എന്‍.എസ്. രാംമോഹന്വി.കെ.കൃഷ്ണമേനോന്‍ കേന്ദ്രമന്ത്രിസ്ഥാനമൊഴിഞ്ഞ് നില്‍ക്കുന്ന കാലം. അദ്ദേഹത്തിന് ദല്‍ഹിയിലെ വസതിയില്‍ ഒരു സഹായിയെ വേണ്ടിയിരുന്നു. കോഴിക്കോട് അളകാപുരി രാധാകൃഷ്ണനോട് അദ്ദേഹം ഇക്കാര്യം പറഞ്ഞു. രാധാകൃഷ്ണന്‍ ബി.എം.എസ്. നേതാവായ ആര്‍.വേണുവേട്ടന്റെ സഹായം തേടി. ബി.എം.എസ്. ഓഫീസിലെ മണി എന്ന സ്വയംസേവകനെ വേണുവേട്ടന്‍ ഏര്‍പ്പാടു ചെയ്തുകൊടുത്തു. കൃഷ്ണമേനോന്റെ സഹായിയായി അദ്ദേഹത്തിന്റെ മരണംവരെ മണി ഉണ്ടായിരുന്നു. പ്രണബ് മുഖര്‍ജി ഇന്ദിരാഗാന്ധിയുമായി തെറ്റിയ സമയത്ത് കൃഷ്ണമേനോന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. കൃഷ്ണമേനോന്റെ മരണശേഷം മണിയുടെ സേവനം അദ്ദേഹം ആവശ്യപ്പെട്ടു. വേണുവേട്ടന്റെ അനുവാദത്തോടെ മുഖര്‍ജിയുടെ ഓഫീസിലും മണി സേവനമനുഷ്ഠിച്ചു. വേണുവേട്ടന്റെ ഇത്തരം സേവനങ്ങള്‍ പലര്‍ക്കും ലഭിച്ചിട്ടുണ്ട്.