മാര്‍കസ് ഒറേലിയസ് റോമാ ചക്രവര്‍ത്തിയായിരുന്നു. എന്നാല്‍ റോം കത്തിയെരിഞ്ഞപ്പോള്‍ അത് അണയ്ക്കാന്‍ ശ്രമിക്കാതെ, സ്വന്തം തംബുരുവില്‍ വിരലോടിച്ചുകൊണ്ടിരുന്ന നീറോ ചക്രവര്‍ത്തി കുപ്രസിദ്ധനായി നമ്മുടെ മുമ്പില്‍ നില്ക്കുന്നു. അവിടെ സ്വന്തം കൊട്ടാരം പണിയാന്‍ നീറോ തന്നെ തീയിട്ടതാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. മാര്‍കസ് ഒറേലിയസ് അങ്ങനെ സ്വയം ചീത്തയായില്ല. അദ്ദേഹം നല്ല കാര്യങ്ങള്‍, അതെത്ര അപ്രിയമാണെങ്കിലും, പഠിച്ചു. മുഖത്ത് നോക്കി സത്യം പറയുന്നവരോട് വെറുപ്പ് തോന്നരുതെന്ന് മതചിന്തകനായ ഡയഗ്‌നീറ്റസ് പറഞ്ഞുകൊടുത്തത് അദ്ദേഹം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. വേറൊരു രീതിയില്‍ പറഞ്ഞാല്‍, ഒറേലിയസ് ഒന്നും താന്‍ കണ്ടുപിടിച്ചതാണെന്ന് അവകാശപ്പെടാതെ നമ്മെ മഹാസത്യങ്ങള്‍ക്കിടയിലൂടെ നടത്തിച്ചു. പലരും പലപ്പോഴായി പറഞ്ഞതില്‍ നിന്ന് സത്യങ്ങള്‍ തിരഞ്ഞെടുക്കാനും അതിന്റെ അന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാക്കാനും ഒറേലിയസ് ശീലിച്ചു. ഇതൊരു സിദ്ധിയാണ്;ആന്തരിക ഊര്‍ജമാണ്.
നമുക്ക് എന്തെല്ലാം വഴികള്‍ ജീവിതത്തിന്റെ പ്രശ്‌നബാഹുല്യങ്ങള്‍ക്കിടയില്‍ തെളിഞ്ഞുകിട്ടുന്നുണ്ട്. പക്ഷേ, ഉള്ളിലെ സംശയാലു അതിനെയെല്ലാം തള്ളിക്കളയുകയാണ് ചെയ്യുന്നത്. എല്ലാറ്റിനെയും ദോഷൈകദൃക്മനോഭാവത്തോടെ നിരാകരിക്കുന്നതു കൊണ്ടാണ് ഭൂരിപക്ഷം മനുഷ്യര്‍ക്കും ഇരുട്ടില്‍ തപ്പിത്തടയേണ്ടിവരുന്നതെന്ന് സൂചിതമാവുന്നു.
മാര്‍കസ് ഒറേലിയസ് എഴുതിയ ‘മെഡിറ്റേഷന്‍സ്’ എന്ന കൃതി വളരെ പ്രസിദ്ധമാണ്. ഒറേലിയസ് എന്ന ചക്രവര്‍ത്തി ചരിത്രത്തിന്റെ ഗഹനമായ വിസ്മൃതിയില്‍ മരിച്ചുവെങ്കിലും, അദ്ദേഹം പലപ്പോഴായി കുറിച്ചിട്ട ചിന്തകള്‍ നശിച്ചില്ല; മെഡിറ്റേഷന്‍സ് എന്ന പുസ്തകമായി അതു നമ്മുടെ മുമ്പിലുണ്ട്. മാത്രമല്ല, നൂറ്റാണ്ടുകളായി അത് വായനക്കാരെ വിശുദ്ധരാക്കുകയും ജ്ഞാനികളാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
161 മുതല്‍ 180 എ.ഡി വരെയാണ് ഒറേലിയസ് ഭരിച്ചത്. പത്താം നൂറ്റാണ്ടു വരെ ഈ കൃതിയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. പത്താം നൂറ്റാണ്ടില്‍ ബിഷപ്പ് അരിത്തസ് തന്റെ കൈയെഴുത്ത് പ്രതികളുടെ ശേഖരത്തില്‍ നിന്ന് കണ്ടെടുത്തതാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ നാം കാണുന്ന കൃതിക്ക് ആധാരമായിട്ടുള്ളത്. അദ്ദേഹം അത് ആര്‍ച്ച് ബിഷപ്പ് ദമിത്രിയസിനു അയച്ചുകൊടുത്തതോടെയാണ് ഒറേലിയസിന്റെ ചിന്തകള്‍ക്ക് വെളിച്ചം കാണാനുള്ള വഴി തെളിഞ്ഞത്.
ഒറേലിയസിന്റെ പുസ്തകം ‘മെഡിറ്റേഷന്‍’ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഹസ്സന്‍ കൊല്ലിമല (ഇന്‍സൈറ്റ് പബഌക്ക) ഉചിതമായ കാര്യമാണ് ചെയ്തത്. സാധാരണ വായനക്കാര്‍ക്ക് ഈ ജീവിത തത്ത്വവിചാരങ്ങള്‍ അറിയാനുള്ള അവസരമൊരുക്കിയല്ലോ.
ഗ്രന്ഥത്തില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിക്കാം: ‘എല്ലാ വസ്തുക്കളും അനുഭവത്തില്‍ വിരസവും കാലത്തില്‍ നൈമിഷികവും ഉള്ളടക്കത്തില്‍ ക്ഷണികവുമാണ്. എല്ലാ അര്‍ത്ഥത്തിലും മരിച്ചവരും മറവാക്കപ്പെട്ടവരും കണ്ടിരുന്ന ആ ദിനങ്ങള്‍ തന്നെയാണ് നിങ്ങളും കണ്ടുകൊണ്ടിരിക്കുന്നത്. വസ്തുക്കള്‍ നമ്മുടെ ശരീരകവാടത്തിന്റെ പുറത്താണ് നില്ക്കുന്നത്. അവ എന്താണോ അവ മാത്രമാണ് അവ. അവയ്ക്ക് അവയെക്കുറിച്ച് സ്വയമൊന്നുമറിയില്ല. അവ അവയെക്കുറിച്ച് സ്വന്തമായ ഒരു വിധിനിര്‍ണയവും നടത്തുന്നില്ല. അപ്പോള്‍ വിധി നിര്‍ണയങ്ങള്‍ നടത്തുന്നത് നമ്മുടെ മാര്‍ഗദര്‍ശിയും നിയന്ത്രകനുമായ യുക്തിയാണ്.’
നശ്വരതയാണ് മൂല്യം
സ്വീഡിഷ് തത്ത്വചിന്തകനായ മാര്‍ട്ടിന്‍ ഹാഗ്ലുന്ദ് നവീനകാലത്ത് സ്വയം നിറയുന്നതിനെക്കുറിച്ച് വിവരിക്കുന്നു. കാലത്തില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനാവില്ല. കാരണം നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ തന്നെ, അത് കാലത്തിന്റെ ബന്ധനത്തിലാകുന്നു. അതുകൊണ്ട് അതിജീവിക്കാന്‍ വേണ്ടി, ആഗ്രഹിക്കാനുള്ള ആഗ്രഹം നിലനിര്‍ത്തുകയാണ് പ്രധാനമെന്ന് ഹാഗ്ലുന്ദ് പറയുന്നു. ജീവിക്കുന്നതു തന്നെ അതിജീവനമാണ്. ഹാഗ്ലുന്ദിന്റെ ‘ദ് ലൈഫ് – വൈ മോര്‍ട്ടാലിറ്റി മേക്ക്‌സ് അസ് ഫ്രീ’ എന്ന കൃതി ഇപ്പോള്‍ സജീവമായി വായിക്കപ്പെടുന്നുണ്ട്. ജീവിച്ചിരിക്കുന്നത് മരണതുല്യമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. ചിലപ്പോള്‍ ഒരാള്‍ തന്റെ അന്വേഷണബുദ്ധിയും കൗതുകങ്ങളും അവസാനിപ്പിക്കുന്നത് വളരെ നേരത്തേയാകും. പലതിനെയും ഭയന്നിട്ടാകാം അയാള്‍ ഒരു സ്വയം വിരമിക്കല്‍ നടത്തുന്നത്. അത് മരണതുല്യമാണ്. പിന്നീട് ഇരുപതോ, മുപ്പതോ വര്‍ഷം കഴിഞ്ഞാവും അയാള്‍ ശാരീരികമായി മരിക്കുക. അത് മരണത്തിന്റെ സ്ഥിരീകരണം മാത്രമാണ്. അയാള്‍, വാസ്തവത്തില്‍ നേരത്തേ തന്നെ മരിച്ചതാണ്. ഇവിടെയാണ് ഹാഗ്ലൂന്ദ് പ്രസക്തനാകുന്നത്. നമുക്ക് സമയം വളരെ പരിമിതമാണല്ലോ. ആ പരിമിതി നമ്മെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കണം.
ഹാഗ്ലുന്ദിന്റെ ചില ചിന്തകള്‍
- അനശ്വരതയില്‍ വേദനയോ, യാതനയോ, നഷ്ടമോ, മരണമോ ഇല്ല; അതുകൊണ്ട് അവിടെ സന്തോഷവുമില്ല, ജീവിതവുമില്ല.
- മരണമുള്ളതുകൊണ്ടാണ് ജീവിതമുള്ളത്. ദു:ഖമില്ലെങ്കില്‍ സന്തോഷമുണ്ടാകുകയില്ല. അതുകൊണ്ട് അനശ്വരത അഭിലഷണീയമല്ല.
- വിരഹവേദന നീതിയുടെ ലക്ഷണമാണ്. പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍, അവര്‍ ശരിക്കും കടന്നു പോകുകയാണെന്ന തോന്നലാണ് അതിനു പിന്നിലുള്ളത്.
- ഞാന്‍ നിന്നെ പ്രേമിക്കുന്നു എന്ന പ്രസ്താവനയില്‍ ഒരു പ്രതിബദ്ധതയുണ്ട്. അതില്‍ ഒരു വിശ്വാസമുണ്ട്. അവിടെ പ്രേമം ഒറ്റപ്പെട്ട് നില്ക്കുകയല്ല.
- ഈ പ്രേമത്തില്‍ മതേതരത്വമാണുള്ളത്.കാരണം വിശ്വാസത്തിലാധാരമായ വസ്തു സ്വതന്ത്രമായല്ല നില്ക്കുന്നത്. അതൊരു ബന്ധത്തെ വ്യക്തമാക്കുകയാണ്.
- സോഷ്യലിസം വന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുകയില്ല. നമ്മുടെ സമയംകൊണ്ട് പരമാവധി എന്ത് ചെയ്യാമെന്നാണ് അപ്പോഴും ചിന്തിക്കേണ്ടി വരുക.
- നമുക്ക് സ്വന്തമായുള്ളത് വസ്തുക്കളല്ല; നമ്മുടെ ജീവിതത്തിലെ വിലപ്പെട്ട സമയം മാത്രമാണ്.
- സ്വാതന്ത്ര്യം വ്യക്തിഗതമായ സ്വതന്ത്രതയല്ല; നമ്മെത്തന്നെ പൂര്‍ണമായി അര്‍പ്പിക്കാന്‍ കൊള്ളാവുന്നതായി എന്തെങ്കിലുമുണ്ടാകുമ്പോഴാണ് സ്വാതന്ത്ര്യത്തിനു അര്‍ത്ഥമുണ്ടാകുന്നത്.
- മുതലാളിത്തത്തില്‍ നമ്മുടെ ജീവിതം, അതിനുവേണ്ടി മാത്രം ജീവിക്കാനുള്ള അവസരമാണ്. അത് കാലത്തെ സംരക്ഷിക്കുന്നില്ല.
- എന്നാല്‍ നമുക്ക് വേണ്ടത് ആന്തരികമായി മൂല്യമുള്ളതിനെ പിന്തുടരാനും ആര്‍ജിക്കാനുമുള്ള സമയമാണ്.
വായന
ജയപാലന്‍ കാര്യാട്ട് എഴുതിയ’അമൃതവര്‍ഷം’ (എഴുത്ത്, മാര്‍ച്ച്) കവിതയില്‍
‘കവിളത്തു വിരിയുന്ന
കുങ്കുമച്ചാലിലെ
പരിഭവം
ചുടുചുംബനത്തില്‍
മാഞ്ഞു’
എന്ന് എഴുതിയിരിക്കുന്നു. സ്വന്തം പ്രിയതമയെ സ്‌നേഹത്തോടെ ഒന്നു ചുംബിച്ചാല്‍ മിക്ക പുരുഷ-സ്ത്രീ ദ്വന്ദവൈരുദ്ധ്യങ്ങളും അവസാനിക്കും.
ചരിത്രനാട്യം
കേരളത്തില്‍ ആധുനിക വിദ്യാഭ്യാസവും അനുബന്ധ സ്ഥാപനങ്ങളും നവോത്ഥാനവും ഉണ്ടാക്കിയത് ക്രിസ്ത്യന്‍ മിഷണറിമാരും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമാണെന്ന് വ്യഥാ വാദിക്കുകയാണ് വിനില്‍ പോള്‍ (കൊളോണിയല്‍ കേരളത്തിലെ ദളിത് വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയ ചരിത്രം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 4). സാമാന്യം തരക്കേടില്ലാത്ത വക്രബുദ്ധി ഈ ലേഖനത്തില്‍ പ്രയോഗിച്ചിട്ടുണ്ട്. ഇതുപോലുള്ള വര്‍ഗീയ ചരിത്രനിര്‍മ്മിതികളെ കൂവിയിരുത്തേണ്ടതാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതയെ മറയ്ക്കുന്നതില്‍ ഇദ്ദേഹത്തിനു സന്തോഷമേയുള്ളു. കേരളത്തിന്റെ നവോത്ഥാനത്തെ റാഞ്ചിയെടുക്കാന്‍ തത്പരരായി കുറെ വര്‍ഗീയ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ഉദയം ചെയ്തിരിക്കുകയാണ്. കുറച്ചുനാള്‍ മുമ്പ് ഒരു സുഹൃത്ത് എഴുതി, കേരളത്തെ കരകയറ്റിയത് ഒരു ദിവാന്‍ ആണെന്ന്!
ജീവിതലീല
ഗംഗാതീരത്ത് വര്‍ഷങ്ങളായി കാണുന്ന ചുടലകള്‍ നമ്മെ ആത്മീയമായി എരിക്കുകയാണെന്നും അത് ജീവിതനിരര്‍ത്ഥകതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണെന്നും സൂചിപ്പിക്കുന്ന മധു മീനച്ചിലിന്റെ കവിത ‘കാലഭൈരവന്റെ കടവ്’ ആത്മവ്യഥയായി പിന്തുടരും. ഇത് വാട്‌സ്ആപ്പില്‍ വീഡിയോ ആയി ചിത്രീകരിച്ചു കണ്ടത് ശ്രദ്ധേയമായി. മണികര്‍ണികാഘട്ടില്‍ പോയി കണ്ട അനുഭവമാണ് കവി ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ വിവരിക്കുന്നത്. ലക്ഷ്മിദാസ് (കരമന) ഭംഗിയായി ആലപിച്ചിരിക്കുന്നു. കവിത നല്ല രീതിയില്‍ ചിത്രീകരിക്കുന്നതിനു ഉദാഹരണമാണിത്. ജീവിതം പിടികിട്ടാത്ത ലീലകളുടെ നൊമ്പരപ്പെടുത്തുന്ന, വിസ്മയപ്പെടുത്തുന്ന അനുഭവമാണെന്ന് ആ ദൃശ്യങ്ങള്‍ വിളിച്ചറിയിക്കുന്നു.
കേരള ഫോക്കസ് മാസികയുടെ ഒരു ഫേസ്ബുക്ക് പേജില്‍ ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ മുന്നൂറ് വര്‍ഷം മുമ്പ് കന്നുകാലി കര്‍ഷകര്‍ നിര്‍മ്മിച്ച, വാസ്തുവിദ്യാപരമായ പ്രത്യേകതകളുള്ള ഒരു കിണറിന്റെ ചിത്രം കണ്ടു. കിണറിലേക്ക് മുപ്പതിലേറെ പടികള്‍ ഒരുക്കിയിട്ടുണ്ട്. അതിലൂടെ ഇറങ്ങി ധാരാളം പേര്‍ക്ക് ഒരേസമയം വെള്ളം ശേഖരിക്കാം. ഇലയുടെ ആകൃതിയാണ്, മുകളില്‍ നിന്നു നോക്കുമ്പോള്‍, കിണറിനുള്ളത്.
ഇരവി, വിനു ഏബ്രഹാം
ഇരവിയുടെ ‘പരസ്യകാമുകന്‍’ (കലാകൗമുദി, മെയ് 24 ) സമകാലിക പ്രസക്തിയുള്ള കഥയാണ്. പരസ്യങ്ങള്‍ കണ്ടു കണ്ടു അതെല്ലാം ജീവിതത്തില്‍ അനുകരിക്കുന്നവര്‍ ഏറുകയാണെന്ന യാഥാര്‍ത്ഥ്യം ഈ കഥ ഒന്നുകൂടി ഉറപ്പിക്കുന്നു. പരസ്യത്തിനുവേണ്ടി പോസുചെയ്യുന്നവര്‍ക്ക് ഗുണമേന്മ ഉറപ്പുവരുത്തേണ്ട ബാധ്യതയില്ല. എന്നാല്‍ പരസ്യങ്ങളെ ഒരു ലഹരിയായി കൊണ്ടു നടക്കുന്നവര്‍ക്ക് അതെല്ലാം അനുകരിക്കേണ്ടത് ബാധ്യതയാണ്. പരസ്യങ്ങള്‍ സമകാലമനുഷ്യര്‍ക്ക് ഒരു വിഷമവൃത്തമാണ്, ഒരു ജീവിത ശൈലിയുടെ അതീതം എന്ന നിലയില്‍.
വിനു എബ്രഹാം നല്ലൊരു വ്യക്തിയാണെങ്കിലും ‘ആദിപാപം’ (മലയാളം വാരിക, മെയ് 25) എന്ന കഥ ആവര്‍ത്തനവിരസതയാല്‍ ആഴം കുറഞ്ഞ, നിലവാരപ്പെടലിന്റെ ഭാരം പേറുന്ന രചനയായി മാറി. ആദാമിനെയും ഹവ്വയെയും വിനു ഇപ്പോഴും വിടാന്‍ തയ്യാറല്ല. അവരെ വലിച്ചിറക്കി കൊണ്ടുവന്ന് സമകാല ലോകത്ത് അലയാന്‍ വിടുകയാണ് കഥാകൃത്ത്. വല്ലാത്ത ക്രൂരതയായിപ്പോയി. എന്നിട്ട് കഥാന്ത്യം അവരെ കൊന്നുകളയുകയും ചെയ്യുന്നു. ജീവിതസൗകര്യങ്ങള്‍ ഏറിയപ്പോള്‍ മിനുസമുള്ള ചാരുകസേര മെത്തയിലേക്ക് ചരിഞ്ഞ, എ.സി. കാറില്‍ കയറി ദീനവിലാപങ്ങളില്‍ നിന്നകന്ന പുത്തന്‍കൂറ്റ് കഥാകൃത്തുക്കളൊക്കെ ഇതേപോലെ മനുഷ്യഹൃദയങ്ങളോട് സംവദിക്കാനാവാതെ മരുഭൂമികളില്‍ അകപ്പെടും. ഇന്ന് കഥാകൃത്ത് രചനയെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ ആഢംബര കാറുകള്‍ ഉപേക്ഷിച്ച് സര്‍ക്കാര്‍, സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യണം. ആത്മാവു നഷ്ടപ്പെട്ട സാഹിത്യ ഫെസ്റ്റിവലുകളില്‍ പോകാതെ നോക്കണം.
വല്ലപ്പോഴും എം.സുകുമാരന്റെ, സി.വി.ശ്രീരാമന്റെ കഥകള്‍ വായിക്കന്നത് നല്ലതാണ്. സുകുമാരന്റെ ‘കുഞ്ഞാപ്പുവിന്റെ ദു:സ്വപ്‌നങ്ങള്‍’ ഇന്നിന്റെ കഥയാണ്, ശരിക്കും. ആക്രിസാധനങ്ങള്‍ പെറുക്കി വില്ക്കുന്ന കുഞ്ഞാപ്പുവിനു ഈ കാലഘട്ടത്തിലെ നിരാലംബരെ, അനാഥരെ പ്രതിനിധീകരിക്കാന്‍ കഴിവുണ്ട്.
നുറുങ്ങുകള്‍
-
കലിയുഗം എന്ന മഹത്തായ ഗ്രന്ഥം രചിച്ച പോഞ്ഞിക്കര റാഫി ഇപ്പോള്‍ പുസ്തക പ്രസാധകരുടെയോ സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനങ്ങളുടെയോ ലിസ്റ്റിലില്ല.
-
ഒരു ചിത്രം പൂര്‍ത്തിയാകുന്നത് അതില്‍ ദൈവത്തിന്റെ നിഴല്‍ വീഴുമ്പോഴാണെന്ന് ഡച്ച് ചിത്രകാരനായ റെമ്പ്രാന്ത് (Rem-brandt) പറഞ്ഞത് അദൃശ്യവും അപാരവുമായ ഒരു സൗന്ദര്യധാരയാണ് മറ്റെന്തിനേക്കാള്‍ പ്രധാനമെന്ന് ധ്വനിപ്പിക്കാനാണ്.
-
കവിതയുടെ ഒരു കണം പോലും മനസ്സിലില്ലാത്തവര്‍ പ്രൊഫസര്‍ കവികളായി വരുന്നത് ഭീഷണിയാണ്.
-
പഞ്ചസാരയും പൊടിമണലും കൂട്ടിയിട്ടാല്‍ ഉറുമ്പു മണ്ണു മാറ്റി പഞ്ചസാരയുമായി നീങ്ങും. അതുപോലെയാണ് ധര്‍മ്മനിഷ്ഠയുള്ള മനുഷ്യര്‍ തിന്മയില്‍ നിന്ന് നന്മ വേര്‍തിരിച്ചെടുക്കുന്നതെന്ന് ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞു.
-
അമേരിക്കന്‍ എഴുത്തുകാരന്‍ റോബര്‍ട്ട് പിര്‍സിഗ് (1928-2017) രചിച്ച Zen and Motorcycle Maintenance- (1974) എന്ന ആത്മകഥാപരമായ നോവല്‍ വിഖ്യാതമാണ്. ഒരു നവതത്ത്വചിന്തയുടെ കാര്യക്ഷമമായ ആവിഷ്‌കാരമായിരുന്നു അത്. എന്നാല്‍ നൂറ്റി ഇരുപത്തിയൊന്ന് പ്രസാധകര്‍ തള്ളിക്കളഞ്ഞ പുസ്തകമാണിത്. ലക്ഷക്കണക്കിനു കോപ്പികള്‍ പിന്നീട് വിറ്റഴിക്കപ്പെട്ടു.
-
നല്ലൊരു വായനക്കാരനാകാന്‍ വേണ്ടി ഒരു ചീത്ത എഴുത്തുകാരനാകാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ഒരാളുടെ ധൈഷണികമായ ധര്‍മ്മദീപ്തി.
-
ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനായ യുവാവിനെ അമേരിക്കന്‍ നഗരമധ്യത്തില്‍ വച്ച് കാല്‍മുട്ട് കഴുത്തിലമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്ന പൊലീസ് അമേരിക്കയുടെ ആന്തരികമായ വര്‍ണവിദ്വേഷം എത്ര ഭയാനകമാണെന്ന് തുറന്നു കാണിച്ചു.