2003 ഡിസംബറില്‍ നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വന്‍ വിജയത്തിന്റെ സൂത്രധാരന്‍, പരേതനായ പ്രമോദ് മഹാജന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഒരു തെരഞ്ഞെടുപ്പില്‍ പരാജയം വിശകലനം ചെയ്യപ്പെടുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ വിജയവും കൂലങ്കഷമായിത്തന്നെ വിശകലനം ചെയ്യപ്പെടണം. എങ്കിലേ അത് നിലനിര്‍ത്താന്‍ കഴിയൂ. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രമോദ് മഹാന്റെ ഈ ക്രാന്തദര്‍ശിത്വം സ്വീകരിച്ചതുകൊണ്ടാണ് ബിജെപി ഭാരതത്തില്‍ ഒരു അജയ്യ ശക്തിയായി വളര്‍ന്നത് എന്ന് നിസ്സംശയം തന്നെ പറയാന്‍ കഴിയും. മഹാവിജയത്തിന്റെ കൊടുമുടികള്‍ കീഴടക്കി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും, ജനാധിപത്യത്തിന്റെ മഹത്തായ സന്ദേശങ്ങള്‍ക്ക് മുമ്പിലും ജനഹിതമെന്ന അനുഗ്രഹത്തിന്റെ മുമ്പിലും ഓരോ ജനാധിപത്യവിശ്വാസിയായ ഭരണാധികാരിയും നമ്രശിരസ്‌കനാകേണ്ടതുണ്ട്.
നമ്മുടെ പൊതുബോധത്തില്‍ പതിറ്റാണ്ടുകളായി കടന്നുകൂടിയ ചില മുന്‍ധാരണകളുണ്ട്. അതിലേറ്റവും പ്രധാനമാണ് രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയക്കാരെക്കുറിച്ചുമുള്ളത്. അഞ്ചുകൊല്ലം കൂടുമ്പോള്‍ വഷളന്‍ ചിരിയുമായി വോട്ടുതെണ്ടി വരുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ സിനിമകള്‍ക്കും നാടകങ്ങല്‍ക്കുമെല്ലാം എന്നും ഏറ്റവും പ്രിയപ്പെട്ട പ്രമേയമാണ്. അഴിമതിയുടെയും ജനദ്രോഹത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും പ്രതീകമായി മാത്രം രാഷ്ട്രീയപ്രവര്‍ത്തകരെ കാണാനാണ് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും താല്‍പര്യം. പക്ഷേ മറ്റു മാര്‍ഗ്ഗമൊന്നും ഇല്ലാത്തതുകൊണ്ട് ഒന്നുകില്‍ പിശാചിനെ അല്ലങ്കില്‍ കടലിനെ മാറിമാറി പുല്‍കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ സമൂഹമാണ് ഭാരതത്തിലുള്ളത് എന്നത് ഇത്തിരി അതിശയോക്തിയാണങ്കിലും ഒരു പരിധി വരെ സത്യമാണ്. കഴിഞ്ഞ എഴുപത് വര്‍ഷമായുള്ള അനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ട മാനസികാവസ്ഥയാണിത്.
2014 ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമ്പോള്‍ നരേന്ദ്രമോദിയുടെ മുമ്പില്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി മേല്‍പ്പറഞ്ഞതടക്കം ജനങ്ങളുടെ പൊതുബോധത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ചില മാനസികാവസ്ഥകള്‍ ആയിരുന്നു. കാലങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട ഇത് കൈയിലുള്ള അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് മാറ്റുക എന്നത് ഏതാണ്ട് അസാധ്യമായ കാര്യവും. പക്ഷേ ഒഴുക്കിനനുകൂലമായി പൊങ്ങുതടി പോലെ പോകാതെ ഒഴുക്കിനെതിരെ നീന്തി ഈ വെല്ലുവിളി മറികടക്കുക എന്ന മാര്‍ഗ്ഗമാണ് നരേന്ദ്രമോദി സ്വീകരിച്ചത്.
2014 മേയില്‍ അധികാരമേല്‍ക്കുമ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത്, 1825 ദിവസങ്ങള്‍ക്ക് ശേഷം ഞാനൊരു സ്‌കോര്‍ കാര്‍ഡുമായി ജനങ്ങളെ സമീപിക്കും എന്നാണ്. ഇത് തന്നെ അദ്ദേഹം തന്റെ ആദ്യ ക്യാബിനറ്റ് യോഗത്തിലും ആവര്‍ത്തിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു നിമിഷം പോലും പാഴാക്കാതെ, ആദ്യ ദിനം മുതല്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് മേലുള്ള അധ്വാനം അദ്ദേഹം ആരംഭിച്ചു. ദല്‍ഹിയുടെ സായാഹ്നങ്ങളില്‍ ആര്‍ത്തുല്ലസിച്ചു നടന്ന ഉദ്യോഗസ്ഥ വരേണ്യവര്‍ഗ്ഗം കൃത്യമായി ഓഫീസുകളില്‍ എത്തി. കുറഞ്ഞത്, ദിവസം പതിനെട്ടു മണിക്കൂര്‍ ജോലി ചെയ്യുന്ന പ്രധാനമന്ത്രിക്കൊപ്പം ഓടിയെത്താന്‍ ആദ്യമൊക്കെ അവര്‍ വിഷമിച്ചിരുന്നു. പക്ഷേ മുന്‍ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി പ്രധാനമന്ത്രിയുടെ ഓഫീസ് അതിശക്തമായി കാര്യങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ ദല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ ജിംഘാനകളും ഡിന്നര്‍ പാര്‍ട്ടികളും ആളൊഴിഞ്ഞു. തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ തന്നെ ഗുജറാത്തില്‍ മോദിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥര്‍ ദല്‍ഹിയിലെ സഹപ്രവര്‍ത്തകര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. മോദിജി ഉറങ്ങില്ല. ആരെയും അദ്ദേഹം ഉറക്കുകയുമില്ല. അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചതും അതുതന്നെയായിരുന്നു.
ഗരീബി ഹഠാവോ പോലുള്ള വന്‍ മുദ്രാവാക്യങ്ങളും ബാങ്ക് ദേശസാല്‍ക്കരണം പോലുള്ള കണ്ണില്‍ പൊടിയിടലുകളും ഏറെക്കണ്ട ഭാരതജനത, മോദിജിയുടെ പ്രഖ്യാപനങ്ങളെയും ആദ്യമൊക്കെ ഇത്തിരി സംശയത്തോടെ ആണ് കണ്ടിരുന്നത്. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനും പ്രതിജ്ഞകള്‍ നിറവേറ്റപ്പെടാനും വഗ്ദാനലംഘനങ്ങള്‍ നിശിതമായി ചോദ്യം ചെയ്യപ്പെടാനും ഉള്ളതാണെന്ന തിരിച്ചറിവ് തുടക്കത്തില്‍ തന്നെ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ ഓരോ നീക്കവും നടത്തിയത്. തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനമായിരുന്നു വിദേശങ്ങളില്‍ നിക്ഷേപിക്കപ്പെട്ട, രാജ്യത്തിന്റെ ലക്ഷക്കണക്കിന് കോടി പണം തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും എന്നത്. ആദ്യമന്ത്രിസഭായോഗത്തിലെ ആദ്യതീരുമാനം ഇതിനുവേണ്ടിയുള്ള പ്രത്യേക ടീമിനെ നിയോഗിക്കുക എന്നതുമായിരുന്നു. അന്താരാഷ്ട്രസമൂഹത്തെ ഒരുപാട് ബോധ്യപ്പെടുത്തി ചെയ്യേണ്ട വിദേശരാജ്യങ്ങളിലെ കള്ളപ്പണത്തിന്റെ വീണ്ടെടുക്കല്‍ ഇന്ന് ഏതാണ്ട് വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതുമല്ല കള്ളപ്പണത്തിന്റെ വിനിമയം തടയാനും രാജ്യത്തെ സാമ്പത്തികരംഗം ശുദ്ധീകരിക്കാനും നടത്തിയ നോട്ടുനിരോധനം ഐതിഹാസികമായ വിജയമായി. നമ്മുടെ മുമ്പില്‍ വിജയകരമായ ഒരു മാതൃകയുമില്ലാതെ, കൃത്യമായ ആസൂത്രണം കൊണ്ടും ആത്മവിശ്വാസം കൊണ്ടും മാത്രം നടപ്പാക്കിയ ഈ സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാജ്യത്തെ കള്ളപ്പണ ഇടപാടിന്റെ നട്ടെല്ലൊടിച്ചു. അതിനുശേഷം, രാജ്യത്തെ ആദായനികുതിദായകരുടെ എണ്ണം ഇരട്ടിയോളമായി, നികുതിവരുമാനം മുപ്പത്തഞ്ചു ശതമാനം വര്‍ദ്ധിച്ചു. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥയായി ഭാരതം മാറി.
സത്യത്തില്‍ ഈ നോട്ടു നിരോധനത്തിലൂടെ സര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലായ, അധ്വാനിച്ചു ജീവിക്കുന്ന, കൃത്യമായി നികുതി കൊടുക്കുന്ന സാധാരണക്കാരനെ ആണ് ബഹുമാനിച്ചത്. നോട്ടുനിരോധനക്കാലത്ത് സമാധാനമായി ഉറങ്ങിയത് ഈ സാധാരണക്കാര്‍ മാത്രമാണ്. ഉറക്കം നഷ്ടപ്പെട്ടു പരക്കം പായേണ്ടി വന്നത് കള്ളപ്പണ, കുഴല്‍പ്പണ, നികുതിവെട്ടിപ്പ്, റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക്. സാധാരണക്കാരനെ ചൂഷണം ചെയ്ത് പണപ്പെട്ടികളും സ്വിസ്സ് അക്കൗണ്ടുകളും നിറയ്ക്കുന്ന രാജ്യദ്രോഹികള്‍ക്ക്. ആരെങ്കിലും നോട്ടുനിരോധനത്തെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ ഉറപ്പാക്കാം, അവര്‍ അതില്‍ വന്‍ നഷ്ടം നേരിട്ടവരാണ്. അവര്‍ സാധാരണക്കാരന്റെ ചോരയൂറ്റിക്കുടിച്ചു വളര്‍ന്ന സമൂഹത്തിലെ ഇത്തിള്‍ക്കണ്ണികള്‍ ആണ്.
രാജ്യസഭയില്‍ ഭൂരിപക്ഷമില്ലതിരുന്നിട്ടും അങ്ങേയറ്റം ശത്രുതയോടെ മാത്രം പെരുമാറുന്ന പ്രതിപക്ഷത്തെക്കൊണ്ട് തന്നെ അനുകൂലമായി വോട്ടു ചെയ്യിച്ച് പതിറ്റാണ്ടുകളോളം നടപ്പാക്കാന്‍ കഴിയാത്ത ജിഎസ്ടി നടപ്പാക്കിയത് ഏറ്റവും വലിയ സാമ്പത്തിക നേട്ടമാണ്. രാജ്യത്ത് ഇന്ന് ഒറ്റ നികുതിയെ ഉള്ളൂ. ചെക്ക് പോസ്റ്റുകള്‍ ഇല്ലാതായി. പൂര്‍ണമായും ഓണ്‍ലൈന്‍ മാര്‍ഗ്ഗത്തില്‍ ആയപ്പോള്‍ സെയില്‍സ് ടാക്‌സ് ഓഫീസുകളിലെ ഏജന്റുമാരും അഴിമതികളും ഏതാണ്ടില്ലാതായി. ലൈസന്‍സ് രാജ് പൂര്‍ണ്ണമായും അസ്തമിക്കുകയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഇല്ലാതാവുകയും ചെയ്തതോടെ രാജ്യത്തേക്ക് നിക്ഷേപകരുടെ വന്‍ ഒഴുക്ക് തന്നെ തുടങ്ങി.
ഭാരതത്തിലെ ജനസംഖ്യക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. ജനസംഖ്യയുടെ അറുപത്തഞ്ചു ശതമാനം മുപ്പത്തഞ്ചു വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഇവിടുത്തെ മധ്യവര്‍ഗ്ഗം അഥവാ മിഡില്‍ ക്ലാസ്സിന്റെ എണ്ണം യൂറോപ്പിലെ മുഴുവന്‍ ജനസംഖ്യക്ക് തുല്യമാണ്. സാങ്കേതിക വിദ്യാഭ്യാസം സിദ്ധിച്ച യുവാക്കളുടെ എണ്ണം ലോകത്തിലെ ഏറ്റവും വലുതാണ്. ഭാരതത്തിലെ വന്‍ ജനസംഖ്യ എന്നത് വെല്ലുവിളി എന്നതിനേക്കാള്‍ അവസരമാണ് എന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാധ്യതകള്‍ തിരിച്ചറിഞ്ഞു വേണ്ടവിധം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് മുന്‍ സര്‍ക്കാരുകള്‍ ചെയ്ത അപരാധം. മോദി സര്‍ക്കാര്‍ വിപ്ലവം കാഴ്ചവെച്ചത് ഈ രംഗത്താണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തില്‍ രാജ്യത്ത് നിര്‍മ്മിച്ചത് ഒന്നരലക്ഷം കിലോമീറ്റര്‍ ഹൈവേ ആണ്. ഇതിലൂടെ നിര്‍മ്മാണമേഖലയിലുണ്ടായ വളര്‍ച്ച ചരിത്രത്തിലെ ഏറ്റവും വലുതാണ്.
ഈ വലിയ സാങ്കേതിക യുവശക്തിയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് ഭാവിഭാരതത്തെ കരുപ്പിടുപ്പിക്കാന്‍ ആവിഷ്‌കരിച്ച മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഫലങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളൂ. ലോകത്തിലെ ഒട്ടുമിക്ക വമ്പന്‍ ബ്രാന്‍ഡുകള്‍ എല്ലാം തന്നെ ഭാരതത്തില്‍ ഉല്‍പ്പാദനയൂണിറ്റുകള്‍ തുടങ്ങാന്‍ താല്‍പ്പര്യം അറിയിച്ചു കഴിഞ്ഞു. 2014 ല്‍ കേവലം രണ്ടു മൊബൈല്‍ ഫോണ്‍ പ്ലാന്റുകള്‍ മാത്രം ഉണ്ടായിടത്തുനിന്നും ഇപ്പോഴത് 127 പ്ലാന്റുകളായി ഉയര്‍ന്നു. ഇന്ന് രാജ്യത്തു വില്‍ക്കപ്പെടുന്ന മൊബൈല്‍ ഫോണുകളില്‍ തൊണ്ണൂറു ശതമാനവും മെയ്ഡ് ഇന്‍ ഇന്ത്യ ആണ്.
ഇതൊക്കെയാണെങ്കിലും നരേന്ദ്രമോദിസര്‍ക്കാരിന്റെ ഏറ്റവും വലിയ വിപ്ലവകരമായ പരിവര്‍ത്തനം ഏതെന്നു ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാന്‍ ഉണ്ടാവുക നാലു കാര്യങ്ങള്‍ ആണ്. സ്വഛ് ഭാരത്, ഉജ്വലയോജന, സമ്പൂര്‍ണ്ണ ഗ്രാമീണ വൈദ്യുതീകരണം, ആയുഷ്മാന്‍ ഭാരത് എന്നിവയാണത്.
2014 വരെ നമ്മുടെ ജനസംഖ്യയുടെ മുപ്പത്തിയേശതമാനത്തിനു മാത്രമാണ് സ്വന്തമായി ശൗചാലയങ്ങള്‍ ഉണ്ടായിരുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും പ്രാഥമിക കൃത്യങ്ങള്‍ക്കു വേണ്ടി തുറസ്സായ സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നു എന്നത് എത്ര ഭീകരമായ അവസ്ഥയാണ്. പൊതുജനാരോഗ്യത്തിനും സംസ്‌കാരത്തിനും ഉണ്ടായ ഈ തീരാക്കളങ്കമാണ് അഞ്ചു കൊല്ലത്തെ കഠിനാധ്വനത്തിലൂടെ സര്‍ക്കാര്‍ പരിഹരിച്ചത്. ഈ പദ്ധതിയിലൂടെ മാത്രം രാജ്യത്ത് നിര്‍മ്മിക്കപ്പെട്ടത് പതിനഞ്ചു കോടിയിലധികം ശൗചാലയങ്ങളാണ്. 2014 ല്‍ കേവലം രണ്ടു ശതമാനം ട്രെയിന്‍ കോച്ചുകളില്‍ മാത്രമാണ് ബയോ ടോയ്‌ലെറ്റുകള്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ പാസഞ്ചര്‍ ട്രെയിനുകളടക്കം എല്ലാ ട്രെയിനുകളിലും ഉള്ളത് പരിസ്ഥിതി സൗഹൃദ ബയോ ടോയ്‌ലെറ്റുകള്‍ ആണ്.
അതുപോലെ രാജ്യത്തെ വീടുകളില്‍ മുപ്പത്തഞ്ചു ശതമാനത്തിനു മാത്രമേ പാചകവാതക കണക്ഷനുകള്‍ ഉണ്ടായിരുന്നുള്ളൂ. ഉജ്വല യോജന എന്ന വന്‍ പദ്ധതിയിലൂടെ പാചകവാതക സൗകര്യം ഇന്ന് തൊണ്ണൂറ്റിയഞ്ചു ശതമാനം വീടുകളിലും എത്തിക്കഴിഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷം എഴുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും പതിനെണ്ണായിരം ഗ്രാമങ്ങള്‍ വൈദ്യുതി എത്താതെ ഇരുട്ടില്‍ തന്നെ ആയിരുന്നു. മോദി സര്‍ക്കാര്‍ ഏറ്റെടുത്ത വന്‍ പദ്ധതിയിലൂടെ സമയപരിധിക്കിപ്പുറം തന്നെ മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിച്ചു.
ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. 2018 ല്‍ ആരംഭിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ അമ്പത് കോടിയിലധികം സാധാരണക്കാരും. ഇതിലൂടെ അവര്‍ക്ക് അഞ്ചുലക്ഷം രൂപ വരെയുള്ള ചികിത്സ പൂര്‍ണ്ണമായും സൗജന്യമായി ഒരു ഉപാധികളുമില്ലാതെ നടക്കും.
ഇങ്ങനെ എണ്ണിപ്പറയാന്‍ ആണങ്കില്‍ നൂറുകണക്കിന് നേട്ടങ്ങള്‍ ഉണ്ട്. ഇതെല്ലാം ആത്യന്തികമായി ഉയര്‍ത്തുന്നത് ഇവിടുത്തെ സാധാരണക്കാരന്റെ ജീവിതനിലവാരമാണ്. സൗജന്യങ്ങള്‍ കൊടുത്തല്ല ഒരു ജനതയെ സ്‌നേഹിക്കേണ്ടത്. ഒരു സൗജന്യവും ആവശ്യമില്ലാത്ത വിധം അവരുടെ ജീവിതത്തെ ഉയര്‍ത്താന്‍ സഹായിച്ചുകൊണ്ടാണ്. ഈ ഗുണങ്ങള്‍ സ്വീകരിച്ച, അനുഭവിച്ച ജനങ്ങള്‍ നരേന്ദ്രമോദിയെ വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തു എങ്കില്‍ അത് സ്വാഭാവികമായ ഒരു പ്രകൃതിനിയമം മാത്രമാണ്.