സംഘമന്ദിരത്തില്‍ കുടികൊള്ളുന്ന സംഘത്തെ കണ്ടറിഞ്ഞതിന്റെ അനുഭവങ്ങളായിരുന്നല്ലോ കഴിഞ്ഞ ലക്കത്തിന്റെ ഉള്ളടക്കം. പക്ഷേ അല്പകാലം കഴിഞ്ഞാണ് മന്ദിരത്തില്‍ മാത്രമല്ല അതിനെ കണ്ടറിഞ്ഞ കണ്ണുകളിലും സംഘം കുടിയിരിക്കുമെന്ന് തിരിച്ചറിയുന്നത്.. ആ അനുഭവവും തിരിച്ചറിവും ഇത്തവണത്തെ എഴുത്തിലൂടെ പങ്കുവെക്കാമെന്ന് വിചാരിക്കുന്നു..
കാര്യാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ആദ്യമായി സംഘത്തെ അറിയാന്‍ സുഹൃത്തെനിക്ക് അവസരമൊരുക്കിയെങ്കിലും അന്നുമുതല്‍ക്കേ ഒരു ചോദ്യവും എന്റെ മനസ്സിലുയര്‍ന്നിരുന്നു. കാര്യാലയത്തിലേക്ക് കൂട്ട്‌ചെല്ലാന്‍ എന്തുകൊണ്ടാവും അദ്ദേഹം എന്നെത്തന്നെ തിരഞ്ഞെടുത്തതെന്ന ചോദ്യമായിരുന്നു അത്.. അങ്ങനെ ചിന്തിക്കാന്‍ കാരണമുണ്ട്. ഒരു ക്ലാസ് മുറിയിലിരുന്നാണ് പഠിച്ചിരുന്നതെങ്കിലും ഞാനദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്തൊന്നും ആയിരുന്നില്ല. അദ്ദേഹത്തിനാവട്ടെ ഉറ്റ സുഹൃത്തുക്കള്‍ വേറെയുണ്ടായിരുന്നു താനും. കൂടാതെ സംഘടനയില്‍ സജീവമായ അദ്ദേഹത്തിന് ഒരുപാട് സഹപ്രവര്‍ത്തകര്‍ ക്ലാസ്സിലും, കലാലയത്തിലുമായി ഉണ്ടായിരുന്നു.. എന്നിട്ടും ഉറ്റവരായ സുഹൃത്തുക്കളേയും, സഹപ്രവര്‍ത്തകരേയുമൊന്നും സഹായത്തിനു വിളിക്കാതെ ആ സമരദിനത്തില്‍ എന്നെത്തന്നെ കാര്യാലയത്തിലേക്കദ്ദേഹം കൂട്ടിക്കൊണ്ടുപോയതാണ് ഉള്ളില്‍ ചോദ്യമുയര്‍ത്തിയത്.. ഒരുപാടുനാള്‍ ഉത്തരമില്ലാത്ത ചോദ്യമായത് അവശേഷിച്ചു. പിന്നീട് സംഘത്തിന്റെ ഭാഗമായി കുറേയധികം പിന്നിട്ടതിനു ശേഷം വളരെ യാദൃച്ഛികമായിട്ടായിരുന്നു ഈ ചോദ്യത്തിനുള്ള ഉത്തരമെനിക്ക് കിട്ടിയത്.. ശാഖയില്‍ മണ്ഡലയിരുന്ന് ഗണഗീതമൊക്കെ പാടിക്കഴിഞ്ഞാല്‍ എല്ലാ ദിവസവും കഥകളുടേയും, ഉദാഹരണങ്ങളുടേയും, സംഭവങ്ങളുടേയും സഹായത്തോടെ ശാഖാ കാര്യവാഹ് ഇളമുറക്കാരായ ഞങ്ങള്‍ക്ക് ദിശാദര്‍ശനം നല്‍കുമായിരുന്നു.. അത്തരമൊരു വഴികാട്ടലാണ് അതുവരെ മനസ്സിലുയര്‍ന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്കെന്നെ നയിച്ചത്… രസകരമായ ആ വഴികാട്ടല്‍ ആദ്യം പങ്കുെവക്കാം….
പണ്ടൊരു ഇടതുപക്ഷ നേതാവ് തന്റെ സംഘടനയിലെ അണികള്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുത്തത്രേ… അതും അതി വിചിത്രമായൊരു മുന്നറിയിപ്പ്.. മുന്നറിയെപ്പെന്തായിരുന്നെന്നോ…? ‘ആര്‍ എസ് എസുകാരെ നോക്കി ചിരിക്കരുത്.’ കൂട്ടത്തില്‍ കാരണവും നേതാവ് തന്നെ പറഞ്ഞു… ‘അവരെ നോക്കി ഒന്നു ചിരിച്ചാല്‍ മതി പിന്നെ താമസിയാതെ നിങ്ങളേയുമവര്‍ ആര്‍.എസ്.എസ് ആക്കും…’ നേതാവ് പറഞ്ഞത് സത്യമായിരുന്നു.. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ഹൃദയം കവര്‍ന്നെടുത്ത് അവരെ സംഘത്തിലെത്തിക്കാനുള്ള അന്യാദൃശമായ കഴിവും ശേഷിയും സാമര്‍ത്ഥ്യവും സ്വയംസേവകര്‍ക്കുണ്ടെന്ന് നമ്മോട് കടുത്ത വിരോധം പുലര്‍ത്തിയിരുന്നവര്‍ പോലും തിരിച്ചറിഞ്ഞിരുന്നു.. അമ്മക്കിളിയുടെ കണ്ണ് പോലെ തന്നെയായിരുന്നു ഇക്കാര്യത്തില്‍ സ്വയംസേവകന്റെ ദൃഷ്ടിയും.. എത്തരത്തിലാണോ അമ്മക്കിളിയുടെ കണ്ണുകള്‍ പറക്കുന്നതിനിടെ കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരം തേടിക്കൊണ്ടേയിരിക്കുന്നത്, അതുപോലെ ഒരു സ്വയംസേവകന്‍ ഏത് കര്‍മ്മമേഖലയില്‍ വ്യാപൃതനായാലും അവന്റെ കണ്ണുകള്‍ സദാസര്‍വദാ സംഘത്തിന്റെ വ്യക്തി നിര്‍മ്മാണ പദ്ധതിയിലേക്ക് ആളുകളെ തേടിക്കൊണ്ടേയിരിക്കും.. ഇതായിരുന്നു ആ ദിശാദര്‍ശനം.. അതു കേട്ടപ്പോഴാണ് എനിക്കു സംഭവിച്ചതും മറ്റൊന്നുമല്ലല്ലോ എന്ന് തിരിച്ചറിഞ്ഞത്… സംഘാനുകൂല ചിന്തയോടെ സദാ കര്‍മ്മനിരതനായ സുഹൃത്തിന്റെ മുഖത്ത് നോക്കി ഞാനും എപ്പോഴോ ഒന്നു പുഞ്ചിരിച്ചിരുന്നു.. സുഹൃത്തിന്റെ കണ്ണിനാവട്ടെ എന്നെയും കൂട്ടി സംഘമന്ദിരത്തിലെത്താന്‍ ആ ഒരു ചിരി തന്നെ ധാരാളമായിരുന്നു..
അതേ… സ്വയംസേവകന്റെ കണ്ണുകള്‍ക്കൊരു സവിശേഷതയുണ്ട്.. സാധാരണ ഒരു ശരീരത്തിലെ കണ്ണുകള്‍, അതിനു മുന്നിലുള്ള കാഴ്ചകള്‍ ഒപ്പിയെടുത്ത് അതേപടി ഉള്ളിലെത്തിക്കുമ്പോള്‍ സ്വയംസേവകന്റെ കണ്ണുകളുടെ സവിശേഷത അതില്‍ പതിയുന്ന കാഴ്ചകളെ ഒപ്പിയെടുത്ത് അതിനൊപ്പം സംഘാനുകൂലമായ ഉള്‍ക്കാഴ്ച കൂടി ചേര്‍ത്ത് ഉള്ളിലേക്കെത്തിക്കുന്നു എന്നതാണ്… സ്വയംസേവകന്റെ കണ്ണുകളവനില്‍ സംഘാനുകൂലമായി തെളിയിക്കുന്ന ഈ ഉള്‍കാഴ്ചയെയാണല്ലോ സംഘദൃഷ്ടി എന്നു നമ്മള്‍ വിളിക്കാറുള്ളത്. സത്യത്തില്‍ കണ്ണുകളില്‍ സംഘം കുടിയിരിക്കുന്നതുകൊണ്ടാണ് ഈ ഉള്‍ക്കാഴ്ചയവന് ലഭിക്കുന്നത്. എഴുത്തിന്റെ തുടക്കത്തില്‍ കണ്ണുകളിലും സംഘം കുടിയിരിക്കും എന്ന് പറയാനുളള കാരണവും മറ്റൊന്നല്ല…
ഞാന്‍ സംഘദൃഷ്ടിയെന്ന കെണിയില്‍ പെടുകയായിരുന്നുവെന്നതാണ് സത്യം.. വീട്ടില്‍ എലിയെ കെണിെവച്ച് പിടിക്കാറുള്ള രംഗമാണ് എനിക്കിപ്പോള്‍ ഓര്‍മ്മവന്നത്.. എലിക്കെണിയൊരുക്കുന്നത് അമ്മയാണ്.. പക്ഷേ എലി വീണു കഴിഞ്ഞാല്‍ കെണിയോടെ ഏല്‍പ്പിക്കുന്നതാവട്ടെ എന്നെയും.. കൗമാരക്കാരനായ ഞാനായിരുന്നു അന്ന് എലിയെ അവസാനിപ്പിക്കണോ അതോ തുടര്‍ന്നും വളരാന്‍ അനുവദിക്കണമോയെന്ന് തീരുമാനിച്ചിരുന്നത്. ഒന്നോര്‍ത്താല്‍ എന്റെ കാര്യത്തില്‍ സംഭവിച്ചതും ഇതുതന്നെയല്ലേ. എലിയുടെ സ്ഥാനത്ത് ഞാനും അമ്മയുടെ സ്ഥാനത്ത് സുഹൃത്തുമായിരുന്നെന്ന് മാത്രം.. സംഘദൃഷ്ടിയെന്ന സമര്‍ത്ഥമായ കെണിവച്ച് പിടിച്ച ശേഷം സുഹൃത്തെന്നെ ബോധപൂര്‍വം കാര്യാലയത്തിലെത്തിച്ച് ഒരു മുതിര്‍ന്ന കാര്യകര്‍ത്താവിന് കൈമാറി.. അദ്ദേഹമെന്നെ വളര്‍ത്താന്‍ തീരുമാനിച്ചതിനാല്‍ സ്‌നേഹവും വാത്സല്യവും നല്‍കി.. അതെന്നെ ശാഖയിലേക്ക് നയിച്ചു.. അങ്ങനെ സ്വയംസേവകനായി, കാര്യകര്‍ത്താവായി.. ചുരുക്കത്തില്‍ രണ്ട് പേരുടെ സംഘദൃഷ്ടിയുടെ പരിണിതഫലമായാണ് എന്നിലൊരു സ്വയംസേവകന്‍ പിറന്നത്..
മറ്റൊരിക്കല്‍ മണ്ഡലയിലിരിക്കുമ്പോള്‍ ലഭിച്ച സന്ദേശത്തിലൂടെയാണ് പരംപൂജനീയ ഡോക്ടര്‍ജി തന്നെയാണ് സ്വയംസേവകര്‍ക്ക് ഈ സംഘദൃഷ്ടി പകര്‍ന്നു നല്‍കിയതെന്നറിയുന്നത്.. ഇത്തരത്തില്‍ നിരവധിപേരെ അദ്ദേഹം സംഘത്തിലെത്തിച്ചതിന്റെ ഉദാഹരണങ്ങള്‍ ആ സന്ദേശത്തിലുണ്ടായിരുന്നു. നന്നായി പാടാന്‍ കഴിവുള്ള യാദവറാവുവെന്ന ബാലനെ സംഘത്തിലെത്തിക്കാന്‍ ഡോക്ടര്‍ജി തന്നെ നേരിട്ട് സമ്പര്‍ക്കം ചെയ്തതും, അവനിലെ പാട്ടുകാരനെ അകമഴിഞ്ഞ് അഭിനന്ദിച്ച് ഹൃദയബന്ധം സ്ഥാപിച്ചതും അങ്ങിനെ സംഘത്തിലെത്തിച്ചതുമൊക്കെ മണ്ഡലയിലിരുന്ന് കേട്ടറിഞ്ഞു… ഡോക്ടര്‍ജി അതിനായി വളര്‍ത്തിയെടുത്ത ഹൃദയബന്ധത്തിന്റെ ആഴമറിഞ്ഞപ്പോള്‍ മണ്ഡലയിലിരുന്നവരെല്ലാം അതിശയിച്ചു പോയിട്ടുണ്ട്.. ഡോക്ടര്‍ജിയുമായി സ്‌നേഹബന്ധം വളര്‍ന്നതോടെ യാദവറാവു ജോഷി താമസം പോലും ഡോക്ടര്‍ജിയുടെ വീട്ടിലാക്കിയത്രേ.. പിന്നീടദ്ദേഹം ഡോക്ടര്‍ജിയുടെ സന്തതസഹചാരിയായി തീര്‍ന്നെന്നും, അന്ത്യനാളുകളില്‍ അദ്ദേഹത്തെ കൂടെനിന്ന് പരിചരിച്ചെന്നും, ശേഷം പ്രചാരകനായി കര്‍ണ്ണാടകയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച് സംഘത്തിന് അവിടങ്ങളിലെല്ലാം ശക്തമായ അടിത്തറയിട്ടെന്നും, ക്ഷേത്രീയ പ്രചാരകനായും പിന്നീട് സര്‍കാര്യവാഹ് ചുമതലയില്‍ വരെ അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായെന്നും തന്റെ ആയസ്സു മുഴുവന്‍ സംഘകാര്യത്തിന് സമര്‍പ്പിച്ചെന്നും അറിഞ്ഞാല്‍ എങ്ങനെ അതിശയിക്കാതിരിക്കും.. പ്രത്യേകിച്ച് എല്ലാത്തിന്റെയും തുടക്കം വെറുമൊരു പാട്ടില്‍ നിന്നായിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍… ഒരു കുട്ടിയുടെ പാട്ട് കേട്ട് ഇഷ്ടപ്പെടുക, അയാളെ സംഘത്തില്‍ വേണമെന്ന് ആഗ്രഹിക്കുക, അതിനായി സമ്പര്‍ക്കം ചെയ്ത് ഹൃദയബന്ധം സ്ഥാപിക്കുക, തന്നോട് ചേര്‍ത്ത് നിര്‍ത്തി വളര്‍ത്തിയെടുക്കുക.. നമുക്ക് മുന്നില്‍ ഡോക്ടര്‍ജി സ്വയം സംഘദൃഷ്ടിയുടെ ഉദാഹരണമായതിങ്ങനെയാണ്…

മറ്റൊരു ദിവസവും മണ്ഡലയില്‍ നിരവധി പേരെ ഡോക്ടര്‍ജി സംഘദൃഷ്ടിയോടെ സംഘത്തിലെത്തിച്ചതിന്റെ വേറെയും ഉദാഹരണങ്ങള്‍ ശാഖാകാര്യവാഹ് പങ്കുവെക്കുകയുണ്ടായി… സംഘ കാര്യക്രമങ്ങളില്‍ അധ്യക്ഷനെ ക്ഷണിക്കുന്ന സമ്പ്രദായവും ഇതേ ദൃഷ്ടിയോടെ അദ്ദേഹം ആരംഭിച്ചതാണത്രേ.. സമൂഹത്തിലെ നിരവധി പ്രമുഖരേയും സ്വാധീനമുള്ളവരേയുമൊക്കെ നേരിട്ട് കണ്ട് ശാഖയും, സ്വയംസേവകര്‍ ഒന്നു ചേരുന്ന വിശേഷ സംഘപരിപാടികളുമൊക്കെ കാണാനും, അതില്‍ അധ്യക്ഷനാകാനുമൊക്കെ ഡോക്ടര്‍ജി ക്ഷണിക്കുമായിരുന്നു. ക്ഷണം സ്വീകരിച്ച് സംഘപരിപാടിയില്‍ പങ്കെടുത്തു കഴിയുമ്പോള്‍ സ്വയംസേവകരുടെ ദേശഭക്തിയും അച്ചടക്കവും സദ്ഗുണങ്ങളും, പെരുമാറ്റമര്യാദകളുമൊക്കെ നേരിട്ട് കണ്ടറിഞ്ഞ് അവരില്‍ മിക്കവരും സംഘത്തില്‍ ആകൃഷ്ടരായിത്തീര്‍ന്നു. പിന്നീട് സംഘചുമതലകള്‍ സസന്തോഷം ഏറ്റെടുത്തവര്‍ തങ്ങളുടെ പ്രദേശത്ത് സംഘത്തെ പടുത്തുയര്‍ത്താന്‍ യത്‌നിച്ചു. അങ്ങിനെയാണ് ചുരുങ്ങിയ നാള്‍ കൊണ്ട് സംഘ പ്രവര്‍ത്തനം വിവിധ പ്രദേശങ്ങളിലേക്ക് വളരെ വേഗത്തില്‍ വ്യാപിച്ചത്..
ഡോക്ടര്‍ജി കാട്ടിത്തന്ന മാര്‍ഗവും മാതൃകയും നാമിന്നും പിന്തുടരുന്നു. അതാണ് സംഘത്തിന്റെ നാളിതുവരെയുള്ള കരുത്തും. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ സ്വയംസേവകരുടെ മുഖത്ത് ദൃശ്യമായ ആത്മവിശ്വാസവും, ആരെയും സംഘത്തിലേക്ക് ക്ഷണിക്കുന്ന ചിരിയും, മടിയില്ലാതെ അടുത്ത് ചെന്ന് പരിചയപ്പെടുന്ന സ്വഭാവവും, ആരുടേയും ഹൃദയം കവരുന്ന എളിമയും, പുതിയവരെ സംഘത്തില്‍ എത്തിക്കണമെന്ന ആഗ്രഹവും, പരസ്പര സ്‌നേഹവും, ഒപ്പം സംഘദൃഷ്ടിയും കൂടിച്ചേരുമ്പോള്‍ ഗണഗീതത്തില്‍ പാടിയതു പോലെ നമ്മള്‍ മനസ്സു വയ്ക്കുന്നതൊന്നും തന്നെ അസാധ്യമല്ലാതായിത്തീരുന്നു… അസാധ്യമായതിനെ സാധ്യമാക്കിയ സംഘടനയായി സംഘം മാറിയതിന് പിന്നിലെ ചരിത്രമിതാണ്….