അതീതമനുഷ്യന്‍ (Transhuman)എന്ന സങ്കല്പം ഇതാ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ജീവിതം ഒരു ശാസ്ത്ര കഥയായി പരിണമിച്ചിരിക്കുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ വിസ്മയകരമായ ഒരു കല്പിത കഥയായി പരിണമിക്കുകയാണ്. ഇന്റര്‍നെറ്റും കൃത്രിമബുദ്ധിയും (Artificial Intelligence) സമൂഹമാധ്യമങ്ങളും അതാണ് ചൂണ്ടിക്കാണിക്കുന്നത്.
ശരീരത്തെ, ഒരിടത്ത് ഇരുന്നുകൊണ്ട് മറ്റൊരിടത്തേക്ക് നീട്ടാന്‍ കഴിയുന്നതാണ്. അതാണ് സൈബര്‍ ലോകത്തിന്റെ സാധ്യത. ശരീരം അത്ര വലിയ കാര്യമല്ല, മനസ്സ് അപ്‌ലോഡ് ചെയ്തു കൊണ്ടിരുന്നാല്‍ മതി. മനുഷ്യന്‍ ഒരു ഡിജിറ്റല്‍ വിഭവമാണിന്ന്. അവനെക്കുറിച്ചുള്ള ധാര്‍മ്മിക, സദാചാരസങ്കല്പങ്ങളെല്ലാം തകരുകയാണ്. പ്രകൃതിയോ, മനുഷ്യത്വമോ ഇല്ലാതാവുകയും കൃത്രിമബുദ്ധി കൊണ്ട് പ്രവര്‍ത്തിക്കുന്ന സെര്‍വറുകളും റോബോട്ടുകളും സോഫ്റ്റ് വെയറുകളും സകലതിനെയും നിയന്ത്രിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
ഒരു ഡിജിറ്റല്‍ നവമാനവന്‍ ഇപ്പോള്‍ ഉദയം ചെയ്തിരിക്കുകയാണ്. അവന്‍ അശരീരിയാണ്. അവന്‍ എല്ലാത്തിന്റെയും ആര്‍ത്തി പിടിച്ച ഉപഭോക്താവാണ്. അവന്‍ ഫോട്ടോകളും സന്ദേശങ്ങളും കൊണ്ട് ഭ്രാന്ത് പിടിച്ചവനാണ്. അവന്‍ സ്വയം വിസ്മരിച്ച് ഒരു സന്ദേശവാഹകനോ, സന്ദേശ ഉല്പാദകനോ ആവുന്നു. ഇന്റര്‍നെറ്റിലൂടെ അശരീരിയായി ജീവിക്കുന്ന അവന് വികാരം ഒറ്റക്കുതിപ്പില്‍ പതഞ്ഞുയരാനുള്ളതാണ്. അതുകഴിഞ്ഞാല്‍ അവന്‍ ശൂന്യനാണ്. അവന് ഓര്‍മ്മകളില്ല. അവന്‍ സ്വഭാവത്തിലോ വ്യക്തിത്വത്തിലോ വിശ്വസിക്കുന്നില്ല. ഇതു രണ്ടും പ്രകടിപ്പിക്കാന്‍ എവിടെയാണ് നേരം?
ഡിജിറ്റല്‍ മാനവികതയുടെ ലക്ഷണം അകല്‍ച്ചയാണ്. ഒരു ഇന്റര്‍നെറ്റ്,വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് സൗകര്യങ്ങളുണ്ടെങ്കില്‍ എന്തിനാണ് ഹ്യദയം? അല്ലെങ്കില്‍ മനസ്സില്‍ ഓര്‍മ്മകളുണര്‍ത്തുന്ന സ്‌നേഹ ബന്ധങ്ങള്‍? അതൊക്കെ അധികഭാരമായിരിക്കും. ഒരു അക്കൗണ്ടില്‍ നിന്ന് അയ്യായിരം സുഹൃത്തുക്കളെ ലഭിക്കുന്ന ഫേസ്ബുക്ക് ഉണ്ടായിരിക്കെ മനുഷ്യപ്രേമം മുഴുവന്‍ ഒരു പ്രൊഫൈല്‍ പിക്ചറിലോ ഇന്‍ബോക്‌സ് ചാറ്റിംഗിലോ അവസാനിക്കുന്നു. കഷ്ടപ്പെട്ട് ഒരു പെണ്‍കുട്ടിയുടെ, ആണ്‍കുട്ടിയുടെ സ്‌നേഹം തേടേണ്ട ആവശ്യമെന്താണ്? വളരെ എളുപ്പത്തില്‍ സൗഹൃദം വില്പനയ്ക്ക് വച്ചിരിക്കയാണ് ഫേസ്ബുക്കില്‍. നൈമിഷികമായ സ്‌നേഹം കൊണ്ട് തൃപ്തിപ്പെടാവുന്ന മാനസികാവസ്ഥയാണ് ഇതുണ്ടാക്കി കൊടുക്കുന്നത്. ഇത് ആത്മീയമായ വലിയ ശൂന്യത സൃഷ്ടിച്ചു എന്ന് പറയാതിരിക്കാനാവില്ല. ഇത് സാഹിത്യത്തെയും അതിന്റെ ഭാവുകത്വപരമായ സൂക്ഷ്മതകളെയും നശിപ്പിച്ചിരിക്കയാണ്. കാരണം മനുഷ്യ മനസ്സിന്റെ മഹത്വപരമായ സ്‌നേഹം,വികാരങ്ങള്‍, മൂല്യങ്ങള്‍ എല്ലാം അതിവേഗ സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍ വികൃതമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്തു. ഇന്ന് സത്യാന്വേഷണത്തിന്റെയോ, തീവ്രമായ മാനുഷിക ബന്ധങ്ങളുടെയോ കഥ പറയാന്‍ തന്നെ പ്രയാസമാണ്. അതാര്‍ക്കും മനസ്സിലാവുകയില്ല. കൊറോണക്കാലം ഡിജിറ്റല്‍ ഒളിവു ജീവിതത്തെ ശരിക്കും അര്‍ത്ഥവത്താക്കുന്നു. ആശുപത്രിയിലാണോ ക്വാറന്റൈനാണോ എന്ന് വ്യക്തമാക്കാതെ ചാറ്റ് ചെയ്യാം; പ്രണയിക്കാം.
ആത്മീയ ശൂന്യത
ഹെര്‍മ്മന്‍ ഹെസ്സെയുടെ ‘സിദ്ധാര്‍ത്ഥ’ എന്ന നോവലില്‍ പ്രധാന കഥാപാത്രം ശ്രമിക്കുന്നത് നിര്‍വ്വാണം എന്താണെന്ന് മനസ്സിലാക്കാനാണ്. അത് അയാളില്‍ ഒരാധിയായി വളര്‍ന്നു. എന്നാല്‍ ഇന്ന് അങ്ങനെയുള്ള ആധി തന്നെ അപ്രത്യക്ഷമായിരിക്കയാണ്. ആയിരക്കണക്കിനു സുഹൃത്തുക്കളെ അണിനിരത്തിയിരിക്കുന്ന ഒരു പ്രതീതിവ്യവസ്ഥയില്‍ (ഫേസ്ബുക്ക്) നമുക്ക് ഏകാന്തത വിധിച്ചിട്ടില്ലല്ലോ. നാം ശബ്ദങ്ങളുടെ മഹാപ്രളയത്തില്‍ സ്വയം നഷ്ടപ്പെടുകയാണ്. ഒരു ഡാറ്റ വാഹിനി എന്ന നിലയില്‍ മാനവികത മാറുകയാണ്.
ഐറിഷ് എഴുത്തുകാരനായ മാര്‍ക്ക് ഒ കോണല്‍ എഴുതിയ To be a Machine എന്ന ഗ്രന്ഥം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അദ്ദേഹം പറയുന്നു, അതീത മാനവികതയുടെ വക്താക്കള്‍ ശാസ്ത്രകഥകളെപ്പോലും അതിലംഘിക്കുന്ന വിധം പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ സൃഷ്ടിക്കുകയാണെന്ന്; ശരീരത്തിനുള്ളില്‍ ഇലക്ട്രോണിക്‌സ് ഘടിപ്പിക്കുന്നതിനെക്കുറിച്ചും മരണശേഷം ശരീരം സൂക്ഷിച്ച് വയ്ക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.
മനുഷ്യന്‍ ഒരു യന്ത്രമാകാനായി സര്‍വ്വസജ്ജമായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് നമ്മെ ആന്തരികമായി ഊഷരമാക്കുമോ എന്നാണ് ആലോചിക്കാനുള്ളത്. ഡാറ്റകളുടെ അമിതപ്രവാഹത്തിലാണ് നാം. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ഫോട്ടോകളാണ് ഒരു ദിവസം അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഇത് വ്യക്തികളില്‍ രൂപപ്പെട്ട പ്രത്യേക മാനസികാവസ്ഥയുടെ പ്രതിഫലനമായി കാണാം. ഇതാര്‍ക്കെങ്കിലും സൂക്ഷിക്കാനാവുമോ? ഇഷ്ടമുള്ളതിനെ നശിപ്പിക്കേണ്ടിവരുന്നു. അവിടെ ഇരുപത് സെക്കന്‍ഡിനപ്പുറം ഒരു പടത്തിലും നമുക്ക് ദൃഷ്ടിയുറപ്പിക്കാനാവില്ലെന്ന് ഒരു പഠനം വ്യക്തമാക്കിയിരുന്നു.
ഡാവിഞ്ചിയുടെയോ, മൈക്കലാഞ്ജലോയുടെയോ ചിത്രങ്ങള്‍ നാം ഇപ്പോഴും എത്രനേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കും. ഇതിനു വിപരീതമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. അതായത്, ഉപയോഗശൂന്യവും മാനസികവിഭ്രാന്തിയുടെ ഭാഗമായതുമായ ധാരാളം സന്ദേശങ്ങള്‍, ചിത്രങ്ങള്‍ ഒരിടത്ത് നിക്ഷേപിക്കുന്നത് നമ്മുടെ ജീവിത ശൈലിയായിരിക്കുന്നു. ഇത് ഡിജിറ്റല്‍ മാനവികതയുടെ, ഡിജിറ്റല്‍ അസ്തിത്വത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്.
വായന
മലയാളത്തില്‍ എഴുതുന്നതിന്റെ ‘കാതലി’നു വിലയില്ല. ഏത് പാര്‍ട്ടിയില്‍പ്പെട്ടവരാണെന്ന് നോക്കുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. ഗള്‍ഫില്‍ നടക്കുന്ന സാഹിത്യചര്‍ച്ചകള്‍ പൊതുവേ ഉപരിപഌവും രാഷ്ട്രീയ പ്രേരിതവുമാണ്. ഈ രാഷ്ട്രീയ പക്ഷപാതികള്‍ നല്ലതൊന്നും വായിക്കാറുമില്ല. വായിച്ചാല്‍ മനസ്സിലാവുമോ എന്നറിയില്ല. ഗള്‍ഫിലെ വായന വളരെ ആഴം കുറഞ്ഞതാണ്. ദാര്‍ശനികമോ ആശയപരമോ ആയ യാതൊന്നും ആ ചര്‍ച്ചയുടെ ഫലമായി പുറത്തു വരുന്ന പത്രക്കുറിപ്പുകളില്‍ കാണാറില്ല. ഒരു പുസ്തകത്തെയും ആഴത്തില്‍ സമീപിക്കാറില്ല. എന്നാല്‍ എല്ലാ ആഴം കുറഞ്ഞവരെയും ഗള്‍ഫിലേക്ക് കൊണ്ടുപോയി ചര്‍ച്ച നടത്തുന്നത് ഒരു പ്രാകൃത അനുഷ്ഠാനമായി തുടരുകയാണ്.
പ്രവാസികള്‍ക്ക് തെറ്റായ വഴിയാണ് നമ്മുടെ ചില എഴുത്തുകാര്‍ കാണിച്ചു കൊടുത്തിരുന്നത്. അവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളും വീഡിയോ ചര്‍ച്ചകളും അത് വ്യക്തമാക്കുന്നു. സാഹിത്യകലയുടെ മഹത്തായ ഒരു അനുഭവത്തെപ്പോലും സ്പര്‍ശിക്കാതെ, രാഷ്ടീയ സ്വജനപക്ഷപാതമാണ് അരങ്ങേറുന്നത്.
വായനയ്ക്ക് മതമോ, രാഷ്ട്രീയമോ,ജാതിയോ ഉണ്ടാകുന്നത് നമ്മെ ക്ഷീണിപ്പിക്കും. അതാണിപ്പോള്‍ പ്രവാസിലോകത്ത് കാണാനാകുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ വന്ന മഹത്തായ നോവലുകളാണ് റോബര്‍ട്ടോ ബൊലാനോയുടെ 2666, ഹാറുകി മുറകാമിയുടെ കഝ84, ജോര്‍ജ് സോണ്ടേഴ്‌സിന്റെ ലിങ്കണ്‍ ഇന്‍ ദ് ബാര്‍ദോ എന്നിവ. ഈ കൃതികള്‍ വായിക്കുന്നതിനു ഒരാള്‍ക്ക് രാഷ്ട്രീയ, ജാതി ചിന്തകള്‍ തടസ്സമാകുകയാണെങ്കില്‍ അയാള്‍ വായനക്കാരനേയല്ല.
ഫീലില്ല
പ്രമുഖ സ്‌ളോവേനിയന്‍ സാഹിത്യ സൈദ്ധാന്തികനായ സഌവോജ് സിസേക്കിന്റെ ചിന്തകള്‍ പങ്കുവച്ചുകൊണ്ട് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എഴുതുന്നു (പൂര്‍ണവിരാമങ്ങള്‍ വലിച്ചെറിയുക, ചന്ദ്രിക ആഴ്ചപ്പതിപ്പ്, മെയ് 9). സിസേക്കിന്റെ ‘പാനിക് കോവിഡ് 19 ഷേക്‌സ് ദ് വേള്‍ഡ്’ എന്ന പുസ്തകത്തെ ലഘുവായി പരിചയപ്പെടുത്തിയിട്ടുണ്ട്.
വ്യക്തികള്‍ സ്വയം സംരക്ഷിക്കുന്നതോടൊപ്പം ഭരണകൂടം താങ്ങാകണമെന്നും സിസേക്ക് നിര്‍ദ്ദേശിക്കുന്നു.
പ്രമുഖ പേര്‍ഷ്യന്‍ കവി ഹാഫീസിന്റെ കവിതകള്‍ സലീഷ് ഇട്ടൂപ്പ് ജോണിയുടെ പരിഭാഷയില്‍ സുന്ദരമായി. ഒരിടത്ത് ഇങ്ങനെ വായിക്കാം:
”നിന്റെ കണ്ണുകള്‍
ഈ ലോകവുമായി
സംവദിക്കാനുള്ള
ശക്തിയാര്‍ജിക്കുമ്പോള്‍
നീ കാണുന്നതെല്ലാം
നിന്റെ തന്നെ ജീവിതമായിരിക്കും.”റഫീക്ക് അഹമ്മദിന്റെ ‘ഇപ്പുറത്ത്’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 10) യാതൊരു ഫീലും തരാത്ത നിര്‍ദ്ദയ കവനമായി. കവിതയെങ്കിലും അല്പം ദയ കാണിക്കുമെന്നാണ് വായനക്കാരന്‍ പ്രതീക്ഷിക്കുന്നത്. സാഹിത്യഅക്കാദമികള്‍ക്കും സാഹിത്യസംഘങ്ങള്‍ക്കും സംവേദനം നഷ്ടപ്പെട്ടിട്ട് എത്രയോ കാലമായെന്ന് ഓര്‍ക്കണം. റഫീക്കിന്റെ വാക്കുകള്‍ക്ക് ധ്വനനശക്തിയില്ല. ഒരു വരി പോലും ഈ കവിതയില്‍ ഉദ്ധരിക്കാനില്ല.
ശരിയായ പ്രചോദനത്താലല്ലാതെ എഴുതപ്പെടുന്ന കവിതകള്‍ തിരിച്ചറിയാന്‍ നല്ല വായനക്കാര്‍ക്ക് പ്രയാസമില്ല.
ഫര്‍സാന അലിയുടെ ആകാശവണ്ടി (മാധ്യമം ആഴ്ചപ്പതിപ്പ് മെയ് 18 ) ഒരു കുട്ടിയുടെ കണ്ണിലൂടെ ലോകത്തെ കാണാനുള്ള ശ്രമമാണ്. ഈ കഥ മനസ്സിലുടെയുള്ള സഞ്ചാരം മൃദുവായി പകരുന്നു.
മനുഷ്യന്റെ കഷ്ടപ്പാടുകളെ, നിസ്സഹായമായ, ദുരന്തപൂര്‍ണമായ അലച്ചിലിനെ ചാരുകസേരയിലിരുന്ന് അലസമായി നോക്കി കവിതയാക്കുന്ന ഫ്യൂഡല്‍ പാരമ്പര്യം സച്ചിദാനന്ദന്‍ ഇപ്പോഴും സൂക്ഷിക്കുന്നു. അദ്ദേഹം ഇക്കുറി, പലായനം ചെയ്യുന്ന ദിവസത്തൊഴിലാളികളെ നോക്കി കണ്ണീര്‍ പൊഴിക്കയാണ്. ‘ലോകം മാറുന്നില്ല’ എന്ന രചനയിലാണ് (മലയാളം വാരിക, മെയ് 4) ഈ വ്യാജ കണ്ണീര്‍പ്പുഴയുള്ളത്. ആ പാവം തൊഴിലാളികള്‍ ഇതൊന്നുമറിയാതെ നടന്നു പോവുകയാണ്. ചാരുകസേരക്കവികള്‍ വലിയൊരു ചോദ്യമാവുകയാണ്. ഈ മനോഭാവത്തില്‍ അത്മാര്‍ത്ഥതയുണ്ടെങ്കില്‍, അത് സ്വന്തം ജീവിത പരിസരത്ത് പാലിക്കുകയാണ് വേണ്ടത്.
കൃഷ്ണമൂര്‍ത്തി ജീവിതത്തെക്കുറിച്ച്
സ്വതന്ത്ര തത്ത്വചിന്തകനായ ജിദ്ദു കൃഷ്ണമൂര്‍ത്തി ജീവിതം എങ്ങനെയായിരിക്കണമെന്ന് പ്രസ്താവിക്കുകയുണ്ടായി. മനുഷ്യന്‍ അശരീരിയായി മാറിയ ഈ ഡിജറ്റല്‍ യുഗത്തില്‍ അതിനു പ്രസക്തിയുണ്ട്.
ഏത് തൊഴിലില്‍ വ്യാപരിച്ചാലും, എത്ര വിനോദങ്ങള്‍ നുണഞ്ഞു തീര്‍ത്താലും, എത്ര കല സൃഷ്ടിച്ചാലും, എത്ര ശാസ്ത്രം കണ്ടെത്തിയാലും മനുഷ്യന്‍ സ്വയം ശിഥിലമായാണ്, അവന്റെ മനസ്സിനെ കഷണങ്ങളാക്കിയാണ് ഓരോന്നും ഏറ്റെടുക്കുന്നതെങ്കില്‍, അത് വ്യര്‍ത്ഥവും പരാജയവുമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ജീവിതം ഒരു സാകല്യതയാണ്. ഒരു ആകെത്തുകയാണ്. അതിന്റെ ആനന്ദത്തെ എങ്ങനെയാണ് കഷണങ്ങളായി വിഭജിച്ച് ആസ്വദിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
ഉദാഹരണത്തിനു, പ്രേമത്തിന്റെ, സ്‌നേഹത്തിന്റെ സന്തോഷത്തിന്റെ കാര്യമെടുക്കാം. ഇതെല്ലാം ചില പ്രത്യേക കാര്യങ്ങള്‍ മാത്രം ലഭിക്കുന്നതിനായി സംവരണം ചെയ്തതാണോ? ചില പ്രത്യേക വ്യവഹാരങ്ങളില്‍ നിന്നു മാത്രം പ്രേമവും സന്തോഷവും കിട്ടുമെന്നറിഞ്ഞ് അങ്ങോട്ട് വച്ചുപിടിക്കുകയാണെങ്കില്‍, ജീവിതത്തിന്റെ മറ്റ് വ്യാവഹാരിക തലങ്ങള്‍, വ്യാപ്തിയുള്ള ഇടങ്ങള്‍ വെറുതെയായിപ്പോകുകയില്ലേ? ഇതിന്റെ വൈപരീത്യം മറ്റൊന്നാണ്. അത് ഇങ്ങനെ പറയാം: ഇവിടെയെല്ലാം നാം ജിവിച്ചു. നമ്മുടെ തന്നെ അവിഭാജ്യ ഭാഗങ്ങളായാണ്, നമുക്ക് സന്തോഷം കിട്ടില്ലെന്ന് ഉറപ്പിച്ചിട്ടുള്ള ജീവിതാംശങ്ങളും നിലനില്ക്കുന്നത്.
സന്തോഷം അല്ലെങ്കില്‍ സ്‌നേഹം ഒരു മുന്‍ധാരണയായി നിലകൊള്ളുന്നു. ചിലത് നാം അതിനായി കൃത്രിമമായി സൃഷ്ടിക്കുന്നു. സന്തോഷം കിട്ടുന്നത് മാത്രമാണ് ജീവിതമെന്ന് അടിവരയിടുന്നതോടെ, ജീവിതത്തെ ശിഥിലമാക്കുകയോ ചിതറിക്കുകയോ ആണ് ചെയ്യുന്നത്. ഇതിനെതിരെയാണ് കൃഷ്ണമൂര്‍ത്തി സമൂലമായ ജീവിതം എന്ന ആശയം അവതരിപ്പിക്കുന്നത്.
ജീവിതം സമൂലമാകയാല്‍ അത് ഭിന്നിപ്പിക്കാനോ പരസ്പരം വിഘടിപ്പിക്കുന്ന വസ്തുക്കളുടെ കളിയില്‍ ഏര്‍പ്പെടാനോ ശ്രമിക്കുന്നത് മൗഢ്യമാണ്. എന്നാല്‍ അതാണ് ഒരു സദാചാരമായി കൊണ്ടുനടക്കുന്നത്.
ജീവിതം ഒരു ‘മുഴുവന്‍’ അനുഭവമാണ്. അതിനെ അങ്ങനെ തന്നെ കണ്ട് അതിന്റെ ആകെ ആനന്ദമാണ് തേടേണ്ടതത്രേ. അപ്പോള്‍ മനുഷ്യനു നഷ്ടപ്പെടാനൊന്നുമില്ല. എല്ലാത്തിന്റെയും ഉത്തരവാദിത്തബോധമുള്ള കര്‍ത്താവ്, അല്ലെങ്കില്‍ കാഴ്ചക്കാരന്‍ അവന്‍ തന്നെയായിരിക്കും.
നുറുങ്ങുകള്‍
- ഭാവനയെ ഉത്തേജിപ്പിക്കാനായി, ഇംഗഌഷ് സാഹിത്യകാരന്‍ ഡി.എച്ച്.ലോറന്‍സ് രാത്രിയില്‍ നഗ്‌നനായി മള്‍ബറി മരത്തില്‍ കയറാറുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ എഴുതിയിട്ടുണ്ട്.
- സാഹിത്യ ഫെസ്റ്റിവലുകള്‍ നടത്തിക്കൊടുക്കുന്ന എഴുത്തുകാര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം കിട്ടുന്ന അവസരമാണ് ഇപ്പോള്‍ മലയാളത്തിലുള്ളത്.
- പണമില്ലാത്ത എഴുത്തുകാരന് കേരളത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കാനേ കഴിയില്ല.
- കവിതയുടെ സ്വാഭാവികമായ ആന്തരവിശുദ്ധിയും ലയവും സുഗതകുമാരിയുടെ കവിതകളിലുണ്ട്. സുഗതകുമാരി സിനിമാഗാനങ്ങളെഴുതാത്തത് അവരുടെ മഹത്വമായി കാണണം.
- പരിസ്ഥിതിയും ആത്മീയതയും തമ്മില്‍ നല്ല ബന്ധമുണ്ടെന്ന് അമേരിക്കന്‍ ശാസ്ത്രചിന്തകനായ ഫ്രിജ്രാഫ് കാപ്ര പറഞ്ഞു. അദേഹത്തിന്റെ അഭിപ്രായത്തില്‍ പാരിസ്ഥിതിക അവബോധം നേടുന്നതോടെ ആത്മീയ ജ്ഞാനവുമുണ്ടാകുന്നു.
- കേരളത്തിലെ എഴുത്തുകാരില്‍ നല്ലൊരു പങ്ക് ജീവിതവിജയത്തിനായി എല്‍.ഡി.എഫ്, യു.ഡി.എഫ് എന്നിങ്ങനെ രണ്ട് കള്ളികളിലായി നില്‍ക്കുന്നത് സാഹിത്യത്തിലെ സത്യാന്വേഷണം അസ്തമിക്കാന്‍ ഇടയാക്കി.
- മഹാഭാരതത്തിന്റെ അന്ത്യത്തില്‍ പാണ്ഡവന്മാരും പാഞ്ചാലിയും മരണം തേടി മലകയറിപ്പോകുന്ന മഹാപ്രസ്ഥാനം അതീവസുന്ദരമാണെന്നും അതുപോലൊരു അവസാനിപ്പിക്കല്‍ ലോകത്ത് ഒരു കൃതിയിലും കാണാന്‍ കഴിയില്ലെന്നും മഹാസാഹിത്യ ചിന്തകനും സംസ്‌കൃതപണ്ഡിതനും ദാര്‍ശനികനുമായ കൃഷ്ണചൈതന്യ അഭിപ്രായപ്പെട്ടിട്ടുണ്ട്.