Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പദാനുപദം

മഹാഭാരതം അനന്തതയുടെ മുഴക്കങ്ങള്‍

എം.കെ. ഹരികുമാര്‍

Print Edition: 15 may 2020

നമ്മുടെ സാഹിത്യം, അത് എത്ര മനുഷ്യകഥാനുഗായിയാണെങ്കിലും, ഈ മഹാപ്രകൃതിയുടെയും പ്രപഞ്ചാനുഭവത്തിന്റെയും മുന്നില്‍ വളരെ പരിമിതമാണ്. അത് മനുഷ്യവിധിയെയാണ് തേടുന്നത്; അതിന്റെ അന്തര്‍ നാടകങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ആവിഷ്‌കരിക്കുക എന്ന വാക്കുപോലും സന്ദിഗ്ദ്ധമാണ്. എന്താണ് ആവിഷ്‌കരിക്കാന്‍ കഴിയുക? മരണത്തെ എങ്ങനെയാണ് അനുഭവിക്കുക? അത് പകര്‍ത്താന്‍ കഴിയില്ലല്ലോ. മരണം ഒരു തരംതാണ,അതിഭാവുകത്വ ഭാവനയായാണ് ഇപ്പോഴും നമ്മുടെ എഴുത്തുകളില്‍ നില്‍ക്കുന്നത്.

ജീവിതത്തിന്റെ അര്‍ത്ഥം എന്താണെന്ന് ഗ്രഹിച്ചാലല്ലേ അത് ആവിഷ്‌കരിക്കാന്‍ കഴിയുകയുള്ളു. ജീവിതം തന്നെ വളരെ വഴുതിമാറുന്ന സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. മനസ്സിലാക്കാന്‍ തുടങ്ങുമ്പോഴേക്കും ജീവിതം അതല്ല എന്ന് സ്ഥാപിച്ചു കഴിഞ്ഞിരിക്കും. ഉപനിഷത്തില്‍ നേതി, നേതി (ഇതല്ല, ഇതല്ല) എന്നു പറയുന്നതിന്റെ പൊരുള്‍ ഇതല്ലേ?

തീര്‍ത്തും അവ്യക്തവും അപ്രാപ്യവുമായ അനുഭവലോകങ്ങളെ യുക്തി കൊണ്ട് വ്യാഖ്യാനിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്റേതെന്ന് കരുതുന്നതൊക്കെ വ്യര്‍ത്ഥമാണെന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞത് എഴുത്തുകാര്‍ക്കും ബാധകമാണ്. അതുകൊണ്ട് ആവിഷ്‌കരിക്കുക എന്ന് പറഞ്ഞാല്‍ കണ്ടെത്തിയെന്നോ, ഉറവിടത്തിലില്ലാത്തതു സൃഷ്ടിച്ചു എന്നോ അര്‍ത്ഥമില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ‘ലൈഫ് ഓഫ് പി’ (2001) അസാധാരണ മുഹൂര്‍ത്തങ്ങളുള്ള നോവലാണ്. കനേഡിയന്‍ എഴുത്തുകാരനായ യാന്‍ മാര്‍ട്ടലിന്റെ Yann Martel) ഈ കൃതിയിലെ പ്രധാന കഥാപാത്രം പോണ്ടിച്ചേരിക്കാരനായ ഒരു തമിഴ് ബാലനാണ്. അവന്‍ 227 ദിവസം, ഒരു കപ്പല്‍ തകര്‍ന്നതിനെ തുടര്‍ന്ന് പസഫിക് സമുദ്രത്തില്‍ ബോട്ടില്‍ ഒരു കടുവയോടൊത്ത് കഴിഞ്ഞതിന്റെ വിവരണമാണ് അതിലുള്ളത്. സമൂഹജീവിതത്തില്‍ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത ചില സംഭവങ്ങള്‍ അതിലുണ്ട്. അത് ആവിഷ്‌കാരമാണ്. എങ്കിലും അത് മനുഷ്യവിധിയെക്കുറിച്ചുള്ള ഒരാളുടെ ഭാവനയെന്ന നിലയിലാണ് നില്‍ക്കുന്നത്. ആവിഷ്‌കരിക്കുന്നത് നോവലിലെ കഥാപാത്രങ്ങളെയാണ്; അവരുടെ വര്‍ത്തമാനങ്ങളെയാണ്.

ഒരു പ്രത്യേക ഇടമാണത്; കടലിന്റെ വിസ്മയവും വ്യാധിയും. അവിടെ നോവലിസ്റ്റ് സാങ്കല്പികമായി, ചില മനുഷ്യയാഥാര്‍ത്ഥ്യങ്ങള്‍ നിര്‍മ്മിക്കുന്നു. അപ്രത്യക്ഷമായതിനെ പ്രത്യക്ഷമാക്കുകയൊന്നുമല്ല. മനുഷ്യ ഭാഗധേയത്തെ നിര്‍വ്വചിക്കാനാണ് ശ്രമം. ഇതെല്ലാം നൈമിഷികഭാവനയോ പുരാവൃത്തങ്ങളുടെ കാലികഭാവനയോ ആയി വിലയിരുത്താം. അതിനപ്പുറം മനുഷ്യന്‍ ഇന്നേവരെ ആര്‍ജിച്ചതിന്റെയോഇനി കാണാനിരിക്കുന്നതിന്റെയോ ആകെത്തുക എന്ന നിലയില്‍ അനന്തതയെക്കുറിച്ചുള്ള ആഖ്യാനമായി കാണാനാവില്ല.

കഥകളും നോവലുകളും മറ്റും താത്കാലികവും നൈമിഷികവുമായ ആഖ്യാനങ്ങളായി നില്‍ക്കുമ്പോള്‍ മഹാഭാരതം അനന്തതയെയാണ് വിവരിക്കുന്നത്. അത് എല്ലാ കാലങ്ങളിലുമുള്ള മനുഷ്യരെ കാണിച്ചതരുന്നു. ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള അനേകം ഭീകരജീവികളെ ചിത്രീകരിക്കുന്നു; അതാകട്ടെ അനന്തമായി ജീവിക്കുന്നതുമാണ്.

ധര്‍മ്മപുത്രര്‍, നാരദന്‍ തുടങ്ങിയവര്‍ ഒരു പ്രത്യേക കാലത്തുള്ളവരല്ല; അവര്‍ എന്നുമുണ്ട്. അവര്‍ നമ്മുടെ ഉള്ളിലാണെന്ന് മാത്രം. അതുകൊണ്ട് അവരെ അവിഷ്‌കരിക്കേണ്ടിവരും. വ്യാസ എന്ന പദം വിവക്ഷിക്കുന്നത് ഈ ആവിഷ്‌കാരത്തെയാണ്, അനന്തതയുടെ ആഖ്യാനത്തെയാണ്. അവരെക്കുറിച്ച് പത്തോ, പതിനാറോ വരിയില്‍ എഴുതാനാവില്ല. അതിനു ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങള്‍ വേണ്ടിവരും. കാരണം അത് അനന്തതയുടെ വ്യത്താന്തമാണ്. അശ്വത്ഥാമാവ് മറ്റെന്താണ് സൂചിപ്പിക്കുന്നത്? ഒരു കൊറോണ വൈറസില്‍പ്പോലും അശ്വത്ഥാമാവാണുള്ളത്. മനുഷ്യജീവിതത്തിന്റെ ഇത്തിരി വൃത്തമല്ല ഇത്. മനുഷ്യവിധിയുടെ ആകസ്മികതയല്ല ഇത് പ്രതിപാദിക്കുന്നത്. ജീവിതത്തില്‍ സംഭവിക്കുന്ന ആകസ്മികത അഥവാ വിധി എന്ന സ്വഭാവം മഹാഭാരതത്തിലില്ല; എല്ലാം മൂല്യ സംഘട്ടനങ്ങളുടെ ഭാഗമായാണ് വരുന്നത്. കര്‍ണന്റെ തേര് മണ്ണില്‍ പുതയുന്നത് ഓര്‍ക്കാപ്പുറത്തല്ല. അതിനൊരു കാരണമുണ്ട്. അതൊരു ശാപത്തിന്റെ ഫലമാണ്. അദ്ദേഹത്തിനു ഒഴിവാക്കാമായിരുന്ന ദുരന്തങ്ങളേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് ഇത് കേവലം മനുഷ്യരുടെ യാദൃച്ഛികതകളുടെ കഥയല്ല, അനന്തതയുടെ ആവിഷ്‌കാരം അഥവാ വ്യാസരൂപമാണെന്ന് പറയേണ്ടിവരുന്നത്.

സര്‍വ്വപ്രകൃതിയുടെയും ഭാഷണം ഇതിഹാസത്തിന്റെ മനസ്സ് വ്യക്തമാക്കുകയാണ്. പ്രകൃതിയിലെ സകല വസ്തുക്കള്‍ക്കും ഒരു മനസ്സുണ്ടെന്ന് സങ്കല്പിക്കുന്നതു തന്നെ അനന്തതയുടെ വൃത്താന്തത്തിലേക്കാണ് നയിക്കുന്നത്. വസ്തുക്കളുടെ ആന്തരസംഗീതത്തിന്റെ അലകള്‍ മനഷ്യജീവിതത്തിലെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതില്‍ വ്യാസന്‍ ഉപയോഗിക്കുകയാണ്.

ശ്രീകൃഷ്ണനെ മനസ്സിലാക്കിയവര്‍ ആരും തന്നെയില്ല; കാരണം അത് അനന്തതയാണ്. അഗാധനീലിമയുടെയും പുല്ലാങ്കുഴല്‍ നാദത്തിന്റെയും പൊരുള്‍ എത്രകാലം കഴിഞ്ഞാലും നിഗൂഢതയായി അവശേഷിക്കും. അങ്ങനെയുള്ള കൃഷ്ണനെ കുഞ്ഞുണ്ണിക്കവിതയില്‍ ഒതുക്കാനാവില്ല. കൃഷ്ണന് വലിയ ആഖ്യാനം വേണം. അതുകൊണ്ടാണ് വ്യാസന്‍ വലിയ ക്യാന്‍വാസ് തിരഞ്ഞത്. അനന്തതയെ ആവിഷ്‌കരിക്കുകയാണവിടെ.
ആവിഷ്‌കാരം എന്ന പദത്തിനു അര്‍ത്ഥമുണ്ടാകുന്നത് ഇങ്ങനെയാണ്. കേവല യുക്തികള്‍ പിന്‍വാങ്ങുന്നത് വളരെ അര്‍ത്ഥപൂര്‍ണമായാണ്. സൂര്യന്‍ ഒരു ഊര്‍ജസ്രോതസ്സ് മാത്രമായല്ല, നിയന്താവായാണ് നിലകൊള്ളുന്നത്. സൂര്യന് സംവാദാത്മകത സാധ്യമാക്കാന്‍ മനുഷ്യമുഖം നല്‍കപ്പെട്ടിരിക്കുന്നു. സൂര്യനേക്കാള്‍ ശോഭയുള്ളത് എന്ന ചിന്ത ഉണ്ടാകുന്നു. ഇത് മനുഷ്യന്റെ നൈമിഷികാനുഭവങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അനന്തമായ ജീവിതം മനുഷ്യര്‍ക്കില്ല; എന്നാല്‍ നമ്മുടെ കലങ്ങി മറിഞ്ഞ മനസ്സിലെ സമുദ്രങ്ങളില്‍ അനന്തതയെക്കുറിച്ചുള്ള ആശയങ്ങള്‍ അലയടിക്കുന്നു. അത് ഒരിക്കലും ചെവി കേള്‍ക്കാനിടയില്ലാത്ത മാനവരാശിയോട് ജീവിതത്തിന്റെ രഹസ്യത്തെക്കുറിച്ച് സംസാരിക്കുന്നു. അതില്‍ പ്രകൃതിയിലെ സസ്യലതാദികള്‍ പോലും ഇടപെടുന്നു. ഇതല്ലേ സാഹിത്യം?

വായന
വായിക്കാന്‍ പുസ്തകങ്ങളില്ലാത്തതു കൊണ്ടോ, വായനക്കാര്‍ കുറയുന്നതുകൊണ്ടോ അല്ല വായന മരിക്കുന്നത്. വായിക്കേണ്ടവര്‍ ശരിയായ രീതിയില്‍ വായിക്കാന്‍ ധാരണയില്ലാത്തവരാകുന്നതാണ് പ്രധാനം ദുരന്തം. അഭിരുചികള്‍ക്ക് സംഭവിക്കുന്ന നാശം ഒരു വശത്ത്; മറുവശത്ത് നല്ലതൊന്നും ഗ്രഹിക്കാന്‍ കഴിയാത്ത വിധം ഉപരിപ്ലവമാകുന്നു. ഓര്‍മ്മകളുടെ വലിയ നാശം.

ആഷാമേനോന്‍ ചട്ടമ്പിസ്വാമികളെക്കുറിച്ചെഴുതിയ ലേഖനം (പ്രപഞ്ചമാനസൈക്യം, മാത്യഭൂമി ആഴ്ചപ്പതിപ്പ്,മെയ് 3 ) അങ്ങേയറ്റം നിരുത്തരവാദപരമായിപ്പോയി. യാതൊരു തയ്യാറെടുപ്പുമില്ലാതെ തട്ടിക്കൂട്ടിയതാണിത്. സ്വാമികളുടെ ഒരു കൃതിയെങ്കിലും വായിച്ചിട്ട് ഈ സാഹസത്തിനു മുതിരാമായിരുന്നു. ആഷാമേനോന്‍ ഈ ലേഖനം എഴുതാന്‍ ആശ്രയിച്ചത് കേവലം ഒരു സാധാരണ ജീവചരിത്രത്തെയാണ്.ഈ രംഗത്ത് അദ്ദേഹം അജ്ഞനാണെന്ന് ലേഖനം വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. വളരെ അപക്വമാണ് അദ്ദേഹത്തിന്റെ സമീപനങ്ങള്‍ .

സ്വാമി പട്ടിയെയും പാമ്പിനെയും കണ്ണു കാണിച്ചു മടക്കി അയയ്ക്കുമായിരുന്നുവെന്ന് ആഷാമേനോന്‍ എഴുതുകയാണ്! ഇതാണോ സാമൂഹിക പ്രസക്തിയുള്ള ഒരു വലിയ സന്യാസിയുടെ പ്രബുദ്ധമായ യാത്രകളുടെ കാതലായി അവതരിപ്പിക്കേണ്ടത്? വേറൊരിടത്ത് എഴുതുകയാണ്, സ്വാമി പെയ്തു കൊണ്ടിരുന്ന മഴ നിര്‍ത്തിയെന്ന്! ഇതൊക്കെ ചട്ടമ്പിസ്വാമി തന്റെ ക്രെഡിറ്റില്‍ വരണമെന്ന് ആഗ്രഹിക്കാത്ത കാര്യങ്ങളാണ്. വലിയ മനസ്സുകള്‍ അഭിദര്‍ശിച്ചത് കാണാന്‍ വലിയ മനസ്സ് വേണം. പക്ഷേ, ആഷാമേനോന്റെ കണ്ണില്‍ ഇതൊന്നും തെളിയില്ല.

ചട്ടമ്പിസ്വാമി ഒരു സാമൂഹിക പരിഷ്‌ക്കര്‍ത്താവും ചിന്തകനും അനീതിയെ എതിര്‍ത്ത വേദാന്തിയും സ്വാമി വിവേകാനന്ദനെപ്പോലെ ഉല്പതിഷ്ണുവുമായിരുന്നു. ഇത് കാണാനുള്ള മനസ്സില്ലാത്തവര്‍ എഴുതിയിട്ടു വല്ല കാര്യവുമുണ്ടോ? ആഷാമേനോന്റെ ലേഖനത്തിന് വ്യാപ്തിയുമില്ല, അഗാധതയുമില്ല. ചട്ടമ്പിസ്വാമിയുടെ ജാഗ്രതയും ചലനാത്മകതയുമാണ് ശ്രീനാരായണ ഗുരുവുമായുള്ള സൗഹൃദത്തിന്റെ കാതല്‍. അവര്‍ തമ്മിലുള്ള ബന്ധത്തെപ്പോലും പവിത്രമായി സമീപിക്കാന്‍ മേനോനു കഴിയുന്നില്ല. അദ്ദേഹം അവര്‍ക്ക് അപ്രിയകരമായേക്കാവുന്ന പരാമര്‍ശങ്ങള്‍ വേണ്ടത്ര ആലോചനയില്ലാതെ തട്ടിവിടുന്നു. മഹാസന്യാസിമാരെ നമ്മളെന്തിനാണ് താരതമ്യം ചെയ്ത് നമ്മുടെ പരിമിതികള്‍ വിളിച്ചറിയിക്കുന്നത്? രണ്ടു പേരും അവരവരുടെ നിലയില്‍ സൃഷ്ടിച്ച സ്വതന്ത്ര ലോകങ്ങള്‍ക്കു മുന്‍പില്‍ വിനീതരാവുകയാണ് നമ്മുടെ ഉത്തരവാദപൂര്‍ണമായ കടമ. വല്ലവരും പറയുന്നത് കേട്ട് ആത്മീയ വിഷയങ്ങളെക്കുറിച്ച് എഴുതാതിരിക്കുക.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി ഹിന്ദു സന്യാസിമാരെ ആക്ഷേപിച്ചു കൊണ്ടുള്ള കഥകളും ലേഖനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. അവിടേക്ക് ആഷാമേനോനും തന്റെ ചെറുതല്ലാത്ത സംഭാവന ചെയ്തു!

നാടകങ്ങളിലെ നന്മ
നാടകങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോവേണ്ടതുണ്ട് – വി.ടി.വാസുദേവന്‍ എഴുതുന്നു (ഒരു നാടക പ്രവര്‍ത്തകന്റെ എഴുത്തും ജീവിതവും, മലയാളം വാരിക, ഏപ്രില്‍ 27).
സി.എം.സി.നമ്പൂതിരിപ്പാടിന്റെ മകന്‍ സിംസണ്‍ എഴുതിയ നാടകങ്ങളുടെ സമാഹാരമായ ‘പാതിരാപ്പക്ഷി’ യുടെ അവലോകനമാണ് ലേഖനത്തിലുള്ളത്. നാടകത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാമെന്ന് മോഹിക്കാത്ത കലാകാരനായിരുന്നു സിംസണ്‍ എന്ന് ലേഖകന്‍ എഴുതുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കിയാലെന്താ കുഴപ്പം? നാടകകാരന് വേറെന്താണ് ജീവിതമാര്‍ഗം?കലാകാരനു പണം വേണ്ട എന്ന കാഴ്ചപ്പാട് ഇന്ന് നല്ലതല്ല. പണമില്ലാതെ ഒരിടത്തേക്കും ചെല്ലാനൊക്കില്ല. കലാകാരന്‍ പണം ആഗ്രഹിക്കണം. കല പണത്തോടൊപ്പമാണ് വളരേണ്ടത്. ദാരിദ്ര്യം നിലനില്ക്കുന്നിടത്ത് നാരായണന്‍ ഉണ്ടാകില്ല.
പി.കെ.ഗോപിയുടെ കവിതകളെക്കുറിച്ച് വി.വിജയകുമാര്‍ എഴുതിയ ലേഖനത്തിലെ (പ്രഭാത രശ്മി, ഏപ്രില്‍ 15) ജീവിതത്തുടിപ്പുകള്‍ വിമലീകരിച്ച കവി എന്ന നിരീക്ഷണം ശ്രദ്ധേയം.
ഇതേ ലക്കത്തില്‍, പവിത്രന്‍ തീക്കുനിയുടെ ‘വീടുമാറ്റം’ എന്ന കവിതയിലെ ഈ വരി സുന്ദരമാണ്:

‘മുറ്റത്ത്
മഞ്ഞമന്ദാരങ്ങള്‍
സന്ധ്യയുടെ
ബലിക്കല്ലില്‍
ദീപം കൊളുത്തുന്നു.’

സാബു ശങ്കര്‍ എഴുതിയ ‘ചേരപുരത്തെ അമാവാസി, (കേസരി, മെയ് 8) കൊറോണയുടെ കെടുതിയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ കഥ പറയുന്നു. പല തീക്ഷ്ണപരീക്ഷകളിലൂടെ കടന്നുപോയ നമുക്ക് സ്വയംപര്യാപ്തമാകാനുള്ള അവസരങ്ങള്‍ നഷടപ്പെട്ടു.ഈ കഥ അത് ബോധ്യപ്പെടുത്തുന്നു. കഥയ്ക്ക് കാലിക പ്രസക്തിയുണ്ട്.

‘മരം പെയ്യുമ്പോള്‍’ എന്ന കഥയില്‍ സിവിക് ജോണ്‍ (കേരളഭൂഷണം വാരാദ്യം, മെയ് 3) സ്‌നേഹത്തിനു വേണ്ടി ദാഹിക്കുന്ന ഒരു വീട്ടമ്മയാണുള്ളത്. അവരവര്‍ തേടുന്നതാണ് അവരവരുടെ കടല്‍. അത് യാഥാര്‍ത്ഥ്യമാകണമെന്നില്ല. ഒരു മിഥ്യ എന്ന നിലയിലും ചില ആഗ്രഹങ്ങള്‍ മനുഷ്യനെ ജീവിപ്പിക്കാതിരിക്കില്ല എന്ന് കഥ ധ്വനിപ്പിക്കുന്നു.

ടോണിയുടെ കവിത ശുഷ്‌കം
കെ.ആര്‍.ടോണിയുടെ ‘മലയും കൊലയും’ (മാത്യഭൂമി ആഴ്ചപ്പതിപ്പ്,ഏപ്രില്‍ 26) വായിച്ച് നിരാശപ്പെട്ടു. പ്രതിഭയുടെ ദാരിദ്ര്യം പ്രകടമാണെന്ന് പറയേണ്ടി വരുന്നത് വേറെ വഴിയില്ലാത്തതു കൊണ്ടാണ്. ടോണിയെ എനിക്കു പരിചയമുള്ളതാണ്. ടോണിയുടെ മനസ്സിലുണ്ടായിരുന്ന കവിതയ്ക്ക് എന്തോ സംഭവിച്ചിരിക്കുന്നു. ഒരുപക്ഷേ, ജീവിതത്തില്‍ വന്ന മാറ്റമായി രിക്കാം. ആത്മീയമായ ആകുലതകള്‍ വറ്റിപ്പോവുകയും യാതൊന്നിനെക്കുറിച്ചും ഒരു ദു:ഖവുമില്ലാതാവുകയും ചെയ്യുന്ന മനസ്സുകള്‍ എവിടെയെല്ലാമുണ്ടോ അവിടെ നിന്നെല്ലാം കവിത ഇറങ്ങിപ്പോവും.

രണ്ടു കലാസംഘടനകള്‍ നാട്ടിലുണ്ടായിരുന്നു. അവരില്‍ നാടക കലാകാരന്മാരായിരുന്നു കൂടുതല്‍. ഒരു സംഘടനയില്‍ രാഷ്ട്രീയക്കാരുണ്ടായിരുന്നു. രണ്ടുകൂട്ടരും തമ്മില്‍ അടി നടക്കുന്നു. ഒരാള്‍ കൊല്ലപ്പെടുന്നു. ടോണിയുടെ കവിത ഇത്രയേയുള്ളു. ടോണി വായനക്കാരനെക്കുറിച്ച് ഓര്‍ക്കണം. അവന് ഒരു കഴഞ്ച് കവിത വേണം. അതെവിടെ കിട്ടും? ഇന്നത്തെ കവി ആത്മീയമായി വന്ധ്യമാകുന്നതെങ്ങനെയെന്ന് അറിയാന്‍ ഈ കവിത ഉപകരിക്കും. ഇത്തരം കവിതകളില്‍ ഉദ്ധരിക്കാന്‍ കൊള്ളാവുന്ന ഒരു വരി പോലുമില്ല.

ഒരു സാമൂഹ്യബന്ധമോ അനുതാപമോ ഇല്ലാതെ ജീവിക്കുന്നത് കവികളെ നശിപ്പിക്കും. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ആയിട്ട് കാര്യമില്ല.

മഹാത്രിയ പറയുന്നു

വലിയ പ്രചോദന പ്രഭാഷകനും സത് ചിന്തകനുമായ മഹാത്രിയ രണ്ടു കാര്യങ്ങള്‍ പറഞ്ഞു: ഒന്ന്, നമ്മള്‍ മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതു പതിവാണ്. എന്നാല്‍ നമ്മളില്‍ നിന്ന് നമ്മള്‍ ഏറ്റവും അപ്രതീക്ഷിതമായത് പ്രതീക്ഷിക്കണം.അത് മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കപ്പുറത്താവണം.

രണ്ട്, എപ്പോഴും അവനവനില്‍ നിന്ന് സംതൃപ്തി കണ്ടെത്തണം. മറ്റുള്ളവരല്ല, നമ്മളാണ് നമ്മെ സന്തോഷിപ്പിക്കേണ്ടത്.

നുറുങ്ങുകള്‍

  • വാണിജ്യ സിനിമകള്‍ക്കും പരസ്യചിത്രങ്ങള്‍ക്കും ദൈനംദിന ജീവിതത്തിലെ മൂല്യനിര്‍ണയങ്ങളെ സ്വാധീനിക്കാനാവുന്നുണ്ട്. ‘പവനായി ശവമായി ‘ എന്ന സംഭാഷണം ഏത് സിനിമയിലേതാണെന്നതിലുപരി അത് പരാജിതരെ കളിയാക്കാനുള്ള താക്കോല്‍ക്കൂട്ടമായി പരിണമിച്ചിരിക്കുന്നു.

  • ഒരു സാഹിത്യശാഖ മതിലുകെട്ടി തിരിച്ച് അതിനുള്ളില്‍ അചുംബിതമായിരിക്കണമെന്ന ആശയം ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ പിന്തള്ളപ്പെട്ടു. Breaking the barrier അതിര്‍ത്തികള്‍ തച്ചുതകര്‍ക്കുക – എന്ന തത്ത്വമാണ് ഇന്നു പ്രാമുഖ്യം നേടുന്നത്.

  • വൈലോപ്പിള്ളിയെപ്പോലെ സ്വന്തം പ്രശസ്തിക്കും പണത്തിനും വേണ്ടി ഒന്നും ചെയ്യാത്ത കവികള്‍ പുതിയ തലമുറയില്‍ കുറഞ്ഞു വരുന്നത് ആപത്ശങ്ക ഉണ്ടാക്കുന്നു.

  • കുറച്ച് നാള്‍ മുമ്പ് ഒരു യുവ കഥാകൃത്ത് പത്രാധിപര്‍ക്ക് എഴുതിയത്, എത്ര മുതിര്‍ന്നവരുണ്ടെങ്കിലും അവരുടെയെല്ലാം പേരുകള്‍ക്ക് മുകളില്‍ തന്റെ പേര്‍ അച്ചടിക്കണമെന്നാണ്. വാരികയുടെ മുഖചിത്രമായി വന്നില്ലെങ്കില്‍ കഥ എഴുതിയിട്ട് കാര്യമില്ലത്രേ.

  • ഇംഗ്ലീഷ് സംവിധായകനായ പീറ്റര്‍ ബ്രൂക്ക് 1985 ല്‍ ‘മഹാഭാരതം’ ഒന്‍പത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകമായി രംഗത്തവതരിപ്പിച്ചു.നാലു വര്‍ഷക്കാലം, അദ്ദേഹം അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് ആറ് മണിക്കൂര്‍ നീളമുള്ള ടെലിവിഷന്‍ അവതരണമാക്കി. നമുക്കിനിയും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’ രംഗത്ത് കൊണ്ടുവരാനായിട്ടില്ല .

  • കാക്കനാടന്റെ കഥ ഒരിക്കല്‍ ഒരു വാരികയില്‍ വന്നത് ഒടുവിലത്തെ പേജുകളിലായിരുന്നു. ഇതേക്കുറിച്ച് കാക്കനാടന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ആ വാരികയിലെ പ്രധാന കഥ അച്ചടിച്ചിരിക്കുന്നത് ഒടുവിലുള്ള പേജുകളിലാണ്.

  • ഒരെഴുത്തുകാരന്റെ മനസ്സിലെ എല്ലാ രഹസ്യങ്ങളും അവന്റെ കൃതികളില്‍ തെളിഞ്ഞുനില്‍ക്കുമെന്ന് ഇംഗ്ലീഷ് എഴുത്തുകാരി വിര്‍ജിനിയ വുള്‍ഫ് പറഞ്ഞു. ഒരാള്‍ സ്വയം ഒളിപ്പിച്ചാലും അത് ടെക്സ്റ്റില്‍ നിന്ന് മറച്ചുപിടിക്കാനാവില്ല.

  • പാഠപുസ്തകങ്ങളിലേക്ക് ആരുടെയൊക്കെ രചനകള്‍ വരണം ,വരരുത് എന്ന് നിശ്ചയിക്കുന്ന ഒരു പ്രത്യേക സംഘം ദുഷ്ടലാക്കോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു.

Share21TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഓര്‍മ്മയെഴുത്തിനോടുള്ള പ്രേമം എന്തുകൊണ്ട് ?

റെമ്പ്രാന്ത്,റെമ്പ്രാന്ത് വരച്ച വൃദ്ധന്റെ ചിത്രം

റെമ്പ്രാന്തിന്റെ വയസ്സന്മാര്‍

ആധുനികത തേടി പിന്നോട്ട്

വിമര്‍ശനം ഒരു ചീത്തസ്വഭാവമല്ല

പുരോഗമനസാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

യാതനയും ആത്മീയസ്വാതന്ത്ര്യവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies