Wednesday, February 8, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പദാനുപദം

ഭാഗവതവും നവീന സാഹിത്യവും

എം.കെ. ഹരികുമാര്‍

Print Edition: 24 April 2020

മഹത്തായ ഒരു ഭാരതീയ ജ്ഞാനസമീപനം ഭാഗവതത്തില്‍ കാണാം .നിര്‍ഭാഗ്യവശാല്‍ നമ്മുടെ സാഹിത്യകാരന്മാരോ കവികളോ വിമര്‍ശകരോ ഇനിയും ഭാരതീയ തത്ത്വശാസ്ത്രങ്ങളെയോ പുരാണങ്ങളെയോ സൗന്ദര്യാത്മക സര്‍ഗാത്മക രചനകള്‍ക്ക് വേണ്ട പോലെ ഉപയോഗിച്ചു കാണുന്നില്ല. പുനരാഖ്യാനങ്ങള്‍ കാണുന്നുണ്ട്. പക്ഷേ, മൗലികമായ കലാനിര്‍മ്മാണങ്ങള്‍ ഉണ്ടാകുന്നില്ല. ഭാഗവതത്തില്‍ ഈ ലോകത്തിന്റെ കേന്ദ്രം എന്നത് വെറും ഭാവനയല്ലെന്നും അത് ബോധം തന്നെയാണെന്നും സൂചിപ്പിക്കുന്നുണ്ട്.

സര്‍വ്വതും അറിയുന്ന ശുക മഹര്‍ഷിയെക്കുറിച്ചുള്ള ആശയം ഭാഗവതത്തെ സര്‍വ്വാതിശായിയായ സാഹിത്യമാക്കുന്നു. യഥാര്‍ത്ഥ കര്‍മ്മാനുഷ്ഠാനങ്ങളില്ലാതെ, ഉപനയന ചടങ്ങുകളില്ലാതെ നേരിട്ട് സന്യാസത്തിലേക്ക് ഇറങ്ങിത്തിരിച്ച ശുകനെ തിരുത്തുകയായിരുന്നു പിതാവായ വ്യാസന്റെ ഉദ്ദേശ്യം. അദ്ദേഹം മനോവിഷമത്തോടെ ശുകനെ പിന്തിരിപ്പിക്കാനായി ‘പുത്രാ’ എന്ന് വിളിച്ചപ്പോള്‍ വിളി കേട്ടത് മരങ്ങളാണെന്ന് എഴുതിയിരിക്കുന്നു. അതിന്റെയര്‍ത്ഥം ആ പുത്രന്‍ എല്ലായിടത്തുമുണ്ടെന്നാണ്. ശുകന്‍ തന്നെയാണ് ആ മരങ്ങളായി വ്യാപിച്ചു നിന്നത് .ശുകമുനിയുടെ ഒരു ആശയ നിവേദനമാണത്. താന്‍ സകലതിലും ലയിച്ചിരിക്കുന്നു എന്നാണ് ശുകന്‍ നല്‍കുന്ന വ്യക്തമായ സന്ദേശം. ശുകനു വേണ്ടി മരങ്ങള്‍ വിളികേള്‍ക്കുകയാണ് .ശുകന്‍ തന്നെയാണ് ആ മരങ്ങള്‍ എന്ന് അഭിവ്യഞ്ജിപ്പിക്കുന്നതിലൂടെ ഭാഗവതം മഹത്തായ ഒരു സംയുക്ത ദര്‍ശനമാണ് നല്കുന്നത്. പ്രപഞ്ച ലാവണ്യവുമായുള്ള ഐക്യം ഇതിനേക്കാള്‍ ഭംഗിയായി എങ്ങനെ ആവിഷ്‌കരിക്കും?

അമേരിക്കന്‍ കവി എസ്‌റാ പൗണ്ട് (Esra Pound,1885-1972) ലോകം ഒരു ചക്രമാണ് എന്ന് (Cosmic Consciounsess) കവിതയില്‍ എഴുതിയത് ഭാരതത്തിന്റെ പ്രാപഞ്ചിക ബോധത്തിന്റെ (Cosmic Consciounsess ആവിഷ്‌കാരമാണ്. ചക്രം ഭാരതത്തിന്റെ വളരെ ബൗദ്ധികമായ അര്‍ത്ഥവിതാനങ്ങളുള്ള ഒരു ബിംബമാണ്. അതിനു ഒരു കേന്ദ്രമുണ്ട്. ആ കേന്ദ്രത്തിനു ചുറ്റും നാം അര്‍ത്ഥപൂര്‍ണ്ണമായോ, അര്‍ത്ഥരഹിതമായോ ഭ്രമണം ചെയ്യുന്നു.

നവീന സാഹിത്യം രൂപത്തിലും ഉള്ളടക്കത്തിലും പരീക്ഷണത്തിലേര്‍പ്പെടാറുണ്ട്. എന്നാല്‍ അത് തിരയുന്നത് ഈ ചക്രത്തെയാണ്. അതിനുള്ളിലെ കേന്ദ്രത്തെയാണ്. ലോക ജീവിതത്തിന്റെ ചാക്രികതയെ അത് ആദ്ധ്യാത്മികമായി കാണുന്നതിനു പകരം വൈയക്തികമായ അനുഭവമായി ദര്‍ശിക്കുന്നു. ഫലത്തില്‍ രണ്ടും ഒരേ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. മിഥ്യയെ മറികടക്കാനായി ആധുനികത നിലവിലുള്ള ആശയങ്ങളെ തകര്‍ക്കുകയും ഒരു ലക്ഷ്യം കണ്ടെത്താനായി അലയുകയും ചെയ്യുന്നു.

വായന
ഡോ. മധു മീനച്ചില്‍ എഴുതിയ ‘ജ്വരം’ എന്ന കവിത (കേസരി, മാര്‍ച്ച് 27) യില്‍ പ്രതിപാദിക്കുന്നത് കൊല്ലൂര്‍ മൂകാംബിക ദേവിയുടെ സന്നിധിയില്‍ ആതിഥേയയായി നിന്ന ഇന്ദിര എന്ന ആനയെക്കുറിച്ചാണ്. അത് ചരിഞ്ഞതിന്റെ വിഷാദത്തില്‍ നിന്ന് കവിത ആത്മീയതയിലേക്കുയരുന്നു:
‘ജ്വരമല്ല കാരണം-
മരണത്തിനെന്നു ഞാന്‍
അറിയുന്ന സത്യമാണല്ലോ’
ജ്വരമാണ് ജീവിതം-
ജ്വരമുക്തി മരണമെ –
ന്നൊരു പാഠമമ്മമൊഴിഞ്ഞു’
മരണത്തെ കവി ആത്മീയമായ യാത്രയാക്കി അനുഭവിക്കുന്നു.

കെ.വി.രാമകൃഷ്ണന്റെ ‘മതിലുകള്‍’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 29 ) അമിതാവേശമായിപ്പോയി.അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മതിലുകെട്ടി ചേരികള്‍ മറച്ചത് കവിക്ക് ഇഷ്ടപ്പെട്ടില്ലത്രേ. ഇദ്ദേഹത്തിനു ഒരു ആഴ്ചപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്നപ്പോള്‍ കുറെ എഴുത്തുകാരെയെങ്കിലും മതിലുകെട്ടി അകറ്റിയത് ഓര്‍ക്കുമല്ലാ. ഈ കവിക്ക് വിഷയദാരിദ്ര്യമുണ്ട് എന്നു തോന്നുന്നു. ഇതുപോലെ മതിലുകെട്ടി തിരിക്കുന്നത് ലോക നേതാക്കളുടെ സുരക്ഷയുടെ ഭാഗമാണ്. അതിന്റെ പ്രോട്ടോക്കോള്‍ വ്യത്യസ്തമാണ്. വെറുതെ അന്ധമായി എതിര്‍ത്തിട്ടു കാര്യമില്ല.

വായിക്കുമ്പോള്‍ സംഭവിക്കുന്നത്
ലോകത്തിലെ മഹാപരിസ്ഥിതിവാദിയും ചിന്തകനും നിസ്സഹകരണ ചിന്തയുടെ (civildisobedience) ഉപജ്ഞാതാവുമായ ഹെന്റി ഡേവിഡ് തോറോ അദ്ദേഹത്തിന്റെ പ്രശസ്തമായ ‘വാല്‍ഡന്‍ ‘ എന്ന വനജീവിതഗ്രന്ഥത്തില്‍ പറയുന്നുണ്ട്, ഒരു വായനക്കാരന്‍ പ്രാദേശികമായി ഒതുങ്ങേണ്ടതില്ലെന്ന്. അവന് സ്വകാര്യവും സാദ്ധ്യവും പക്ഷപാതപരവുമായ കാഴ്ചപ്പാടുകള്‍ കണ്ടേക്കാം. എന്നാല്‍ വായനക്കാരന്‍ എന്ന നിലയില്‍ അവന്‍ ഒരു ആഗോള ജീവിയാണ്. എഴുത്തച്ഛനെ വായിക്കുന്ന ഒരാള്‍ക്ക് രവീന്ദ്രനാഥ ടാഗോര്‍, ഇക്ബാല്‍, തുളസീദാസ്, രാമാനുജം തുടങ്ങിയവരെ വായിക്കാനുള്ള ഒരു അവകാശവും ബോധ്യവും ഉണ്ടായിരിക്കണം. അത് വായന എന്ന രാജ്യത്തിലെ പൗരത്വമാണ്.

നമുക്ക് ഗ്രാമ്യമായ ചുറ്റുപാടില്‍ പല സൗകര്യങ്ങളുണ്ട്. എന്നാല്‍ ഗ്രാമം ഒരു അതിര്‍രേഖയല്ല. ലോകത്തിന്റെ അതിര്‍ത്തി നമ്മുടെ ഗ്രാമത്തിന്റെ അതിര്‍ത്തിയല്ല. എന്നാല്‍ വായനയിലൂടെ ആ അതിര്‍ത്തിയെ ഭേദിക്കാനാവും. അതിനു സഹായിക്കുന്നത് അഭിരുചിയാണ്. മറ്റുള്ളവരുടെ അഭിരുചിയെ അറിയാനുള്ള ഒരു പ്രക്രിയ കൂടിയാണ് വായന. അത് ഒരാളെ ഇന്നത്തെ ലോകത്ത് സാംസ്‌കാരികമായ ഉള്ളടക്കമുള്ളവനാക്കുന്നു. വായനക്കാരനും ഒരു പ്രോട്ടഗോണിസ്റ്റാണ്. അവന് ഒരു യുദ്ധരംഗത്തെ നായകന്റെ പരിവേഷമാണുള്ളത്.

ലോകം ഒരു ഗ്രാമത്തിലേക്ക് വരുന്നത് അതിവേഗത്തിലാണ്. രാഷ്ടീയമായ തടസ്സങ്ങളൊന്നുമില്ല.എന്നാല്‍ സാങ്കേതികമായ പ്രശ്‌നങ്ങളുണ്ട്. തകഴിയുടെ ‘തോട്ടിയുടെ മകന്‍’ എന്ന കൃതി വായിക്കുന്നതോടെ സമൂഹത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു വിഭാഗത്തെക്കുറിച്ച് നമുക്ക് അറിവു ലഭിക്കുന്നു.വായനയിലൂടെയാണ് അതുപോലുള്ള കൃതികളെക്കുറിച്ച് മനസ്സിലാക്കുന്നത്. 1995ലെ ചൈനീസ് നോവല്‍ ‘ക്രോണിക്കിള്‍ ഓഫ് എ ബഌഡ് മര്‍ച്ചന്റ്’ യു ഹുവാ ((Yu Hua)എഴുതിയ പ്രശസ്തമായ കൃതിയാണ്. 1940 കളില്‍ തുടങ്ങിയ ചൈനീസ് സാംസ്‌കാരിക വിപ്ലവം അവസാനിക്കുന്നതു വരെയുള്ള കാലത്ത് ഒരു മനുഷ്യനു നേരിടേണ്ടി വരുന്ന ദുരിതങ്ങളാണ് ഇതിന്റെ ഇതിവൃത്തം. ഇതിലെ നായകന്‍ കുടുംബം പോറ്റാന്‍ വേണ്ടി സ്വന്തം രക്തം വിറ്റു നടക്കുകയാണ്. ഈ കഥ ചൈനയില്‍ നടന്നതായതുകൊണ്ട് നമുക്ക് അന്യമാകുന്നില്ല. കാരണം മനുഷ്യാനുഭവങ്ങള്‍ക്ക് ഒരു സാര്‍വ്വലൗകിക ഭാവമുണ്ട്. അത് ലോകത്ത് എവിടെയാണെന്നതല്ല പ്രശ്‌നം; അതിനു പിറകിലെ യാഥാര്‍ത്ഥ്യമാണ്.

കേശവദേവിന്റെ ‘ഓടയില്‍ നിന്ന്’ എന്ന നോവല്‍ വായിച്ചവര്‍ക്ക് യുഹുവായുടെ നോവല്‍ അന്യമല്ല. ദേവിന്റെ നോവലിലെ പ്രധാന കഥാപാത്രമായ പപ്പു തന്റെ ആരുമല്ലാത്ത ഒരു അമ്മയെയും മകളെയും സംരക്ഷിക്കുന്നു. അതിനായി അയാള്‍ അവശനാകും വരെ റിക്ഷാ വലിക്കുന്നു. എന്താണ് സംഭവിക്കുന്നത്? അയാള്‍ ജീവിക്കുകയാണ്. ആരെയെങ്കിലും തന്റെ ഹൃദയത്തിനുളളില്‍ ജീവിപ്പിക്കണമെന്ന ആഗ്രഹമാണതിനു പിന്നിലുള്ളത്. അയാള്‍ സ്‌നേഹത്തിന്റെ ഒരു തോണിയാകുന്നു. തന്നെക്കൊണ്ട് മറ്റാര്‍ക്കെങ്കിലും പ്രയോജനമുണ്ടാകണമെന്ന് അയാള്‍ ആഗ്രഹിക്കുന്നു. ജീവിതത്തിനു ഒരര്‍ത്ഥം ഉണ്ടാക്കാനാണ് ശ്രമം. ഈ പപ്പു നമ്മുടെ ജീവിതത്തിന്റെ അതിരുകള്‍ മായ്ച്ചുകളയുകയാണ്.കുറേക്കൂടി വലിയ ലോകങ്ങള്‍ ഉണ്ടെന്നാണ് പപ്പു കണ്ടെത്തിയിരിക്കുന്നത്.

യു ഹുവായുടെ നോവലിലെ പ്രധാന കഥാപാത്രമായ ഷു സംഗ്വാന്‍ ഒരു ഫാക്ടറി തൊഴിലാളിയായിരുന്നെങ്കിലും രാഷ്ട്രീയമാറ്റത്തിന്റെ ഫലമായി അയാളുടെ ജീവിതം തകര്‍ന്നടിയുന്നു. അത്മഹത്യ ചെയ്യേണ്ടതിനു പകരം അയാള്‍ തന്നെയും കുടുംബത്തെയും പിടിച്ചുനിര്‍ത്താന്‍ സ്വന്തം രക്തം തന്നെ വില്‍ക്കുന്നു. ഇത് ഒരു വായനക്കാരനില്‍ പരിവര്‍ത്തനത്തെക്കുറിച്ചുള്ള ചിന്തയാണ് പടര്‍ത്തി വിടുന്നത്.ഈ നോവല്‍ വായിക്കുമ്പോള്‍ നമ്മുടെ അതിരുകള്‍ കുറേക്കൂടി വിസ്തൃതമാവുന്നു.

തോറോ പറയുന്നത് നമുക്ക് പരിഷ്‌കരിക്കാന്‍ കഴിയുന്നത് നമ്മുടെ ജീവിതത്തിന്റെ ബോധ്യങ്ങളെയാണ്; ഭൂതകാലത്തെയോ വര്‍ത്തമാനകാലത്തെയോ ഭാവി കാലത്തെയോ അല്ല. വായനയിലൂടെ സംഭവിക്കുന്നത് മറ്റൊരാളുടെ, അല്ലെങ്കില്‍ മറ്റുള്ളവരുടെ ജീവിതത്തെ നമ്മുടെ ഹൃദയത്തിലേക്ക് കൊണ്ടുവരുക എന്നുള്ളതാണ്. മറ്റുള്ളവരെ ഹൃദയത്തില്‍ താമസിപ്പിക്കുമ്പോഴാണ് സ്‌നേഹമുണ്ടാകുന്നത്. ഇതില്ലാതാകുമ്പോള്‍ നമ്മള്‍ ആന്തരികമായി ക്ഷയിക്കുകയാണ്. വായിക്കുമ്പോള്‍ നമുക്ക് ഈ അറിവ് ലഭിക്കുന്നു .അതേസമയം വായിക്കാന്‍ കഴിവില്ലാത്തവര്‍ മനുഷ്യത്വമില്ലാത്തവരാണെന്ന് പറയാനും കഴിയില്ല.

ലൈബ്രറി
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ചെന്ന് തോറോ പുസ്തകം ചോദിച്ചത് തീവ്രമായ ജ്ഞാനദാഹത്തോടെയാണ്. പുസ്തകം ഇല്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന മനോഭാവം. എന്നാല്‍ അദ്ദേഹത്തിനു അധികൃതര്‍ പുസ്തകം കൊടുത്തില്ല. അവിടെ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്കാണ് പുസ്തകം എടുക്കാന്‍ അനുവാദമുള്ളു. മാത്രമല്ല, കോളേജിന്റെ നിശ്ചിത ദൂരപരിധിക്കുള്ളില്‍ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. അതായത് പുറത്തു നിന്നു വരുന്നവര്‍ എത്ര തന്നെ വലിയ പുസ്തക പ്രേമികളോ, വായനക്കാരോ ആയാലും അവര്‍ക്ക് ഈ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ടുപോകാനാവില്ല. ഇത് തോറോയെ വിഷമിപ്പിച്ചു. അദ്ദേഹം തര്‍ക്കത്തിലേര്‍പ്പെട്ടു. ഈ ലൈബ്രറി എത്രയോ പേര്‍ക്ക് ഉപകരിക്കേണ്ടതാണ്. എന്നാല്‍ അത് ഇപ്പോള്‍ തീര്‍ത്തും ഉപയോഗശൂന്യമായി മാറിയിരിക്കുന്നു. പുരാതന സംസ്‌കൃതിയെക്കുറിച്ചും മനുഷ്യഭാവനയെക്കുറിച്ചും ധാരാളം അറിവുകള്‍ സമാഹരിച്ചു വച്ചിരിക്കുന്ന ഒരു ലൈബ്രറി അതിന്റെ ആവശ്യക്കാരനെ ,തീക്ഷണ ബുദ്ധിയും പരിവര്‍ത്തന കാംക്ഷിയുമായ ഒരു വായനക്കാരനെ നിരാകരിക്കുകയാണെങ്കില്‍ അത് ഉപയോഗശൂന്യമാണ്. അതുകൊണ്ട് ആര്‍ക്കും ഒരു ഉപകാരവുമില്ല .അത് വെറും കെട്ടിടമായി ശേഷിക്കുകയേയുള്ളു. അതിനു ഭാരവാഹികള്‍ ഉണ്ടായിട്ടെന്ത് കാര്യം ? ലൈബ്രറി മാത്രമാണ് പ്രസക്തി നേടുന്നത്. തോറോക്ക് പുസ്തകങ്ങള്‍ കൊണ്ടുപോകാന്‍ അനുവാദം കൊടുത്തുകൊണ്ടാണ് പ്രസിഡന്റ് ആ തര്‍ക്കം അവസാനിപ്പിച്ചത്.

മഹത്ത്വത്തെക്കുറിച്ച് ,ഉത്കൃഷ്ടതയെക്കുറിച്ചുള്ള നമ്മുടെ ചിന്ത തീവ്രമായ ആത്മാര്‍ത്ഥതയോടെ പുതുക്കേണ്ടതാണ്. അതിനു വായന വേണം. പല ദിക്കുകളില്‍ നിന്നും വരുന്ന നൂറു കൂട്ടം ആശയങ്ങള്‍ നമ്മെ സര്‍ഗാത്മകമാക്കുന്നതിലെ രഹസ്യം ആരായേണ്ടതുണ്ട്. അതിനു ഏറ്റവും ഉന്നതമായ പരിശീലനം നാം സ്വയം കണ്ടെത്തേണ്ടതാണ്. ഭാവനയിലും ചിന്തയിലും വ്യാപരിക്കുന്നവര്‍ മനുഷ്യാവസ്ഥയുടെ അടിത്തട്ടില്‍ സംഗമിക്കുന്നതിന്റെ ഒരു ജലപഥം (water flow) ഉണ്ട്. ഭൂമിക്കടിയില്‍ കൃത്യമായ അളവില്‍ അത് രൂപപ്പെട്ടിരിക്കുന്നതു പോലെ മനഷ്യ മനസ്സുകളുടെ ആഴങ്ങളില്‍ പ്രതിഭകള്‍ സംഗമിക്കുന്ന ഒരു ജലപാതയുണ്ട്. അവിടെ സ്വന്തം ശേഷികൊണ്ട് എത്താനാണ് വായനക്കാരന്‍ ശ്രമിക്കേണ്ടത്. വായന മഹത്തായ ഒരു വ്യായാമമാണെന്ന് തോറോ പറയുന്നതിന്റെ പൊരുള്‍ ഇതാണ്.

അരവിന്ദാശ്രമം
പുതുച്ചേരിയിലെ അരവിന്ദാശ്രമത്തില്‍ സന്ദര്‍ശനം നടത്തി ഗോപി പുതുക്കോട് എഴുതിയ ലേഖനം ‘പുതുച്ചേരിയുടെ ചരിത്രം ‘ (കേസരി ,മാര്‍ച്ച് 13 ) ശ്രദ്ധേയമാണെന്ന് അറിയിക്കട്ടെ.
പുതുച്ചേരിയുടെ മുഖ്യ ആകര്‍ഷണമായ അരോവില്‍ എന്ന മാതൃകാനഗരത്തെ വിശദമായി ഇതില്‍ പരിചയപ്പെടുത്തുന്നുണ്ട്.’പ്രഭാത നഗരം എന്നും ഇതിനെ വിളിക്കുന്നു. ശ്രീ അരവിന്ദന്റെ ദര്‍ശനത്തിന്റെ ആഖ്യാനം എന്നപോലെയാണ് ഈ നഗരം രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ പന്ത്രണ്ടു പൂന്തോട്ടങ്ങളും ആശ്രമത്തിലെ അമ്മയുടെ ജ്ഞാനാനുഭവമായി വിടരുന്നു .
ആലുവ സുദര്‍ശനന്‍ ‘ദൈവദശക’ത്തെക്കുറിച്ച് എഴുതിയ ലേഖനം (ഹംസധ്വനി) വ്യത്യസ്തവും ഭാവസാന്ദ്രവുമാണ്. അദ്ദേഹം എഴുതുന്നു: ”ഹേ സൂര്യ, ജാഗ്രത്തില്‍ ഖണ്ഡവും അനേകം സാത്മകവുമായി നിലകൊണ്ട ബുദ്ധി വിഷയങ്ങളെ എണ്ണിയെണ്ണി വലയുകയായിരുന്നു.അഹരാഗമത്തില്‍ തെളിഞ്ഞു കണ്ട ലോകം തമസ്സിന്റെ വരവോടെ അവ്യക്തമാകുന്നു. ദൃക് നിന്നിടുന്നു.”

ദീപം
കൊറോണയുടെ അന്ധതമസ്സിനെ നേരിട്ടു കൊണ്ട് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രിയില്‍ വിളക്കണച്ച് പ്രകാശം പരത്താന്‍ ആഹ്വാനം ചെയ്തത് മഹത്തായ ഒരു ഭാരതീയ ശ്രോതസ്സിനെ സ്പര്‍ശിക്കുന്നതായിരുന്നു. ഭാരതത്തിന്റെ പ്രധാന പ്രാര്‍ത്ഥന ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് നയിച്ചാലും എന്നാണ്. പ്രകാശത്തെ ഭയപ്പെടുന്നവരുണ്ടോ എന്നറിയില്ല.

സ്മിത ജി.എസ്സിന്റ പെയിന്റിംഗുകളെക്കുറിച്ച് ദേവന്‍ മടങ്ങര്‍ലി എഴുതിയ ലേഖനത്തില്‍ (ഉള്‍മുറിവുകളുടെ നിലവിളികള്‍ ,കൈരളിയുടെ കാക്ക ) ഇങ്ങനെ വായിക്കാം:
‘മൂന്നു ചിത്രങ്ങളിലായി ഓന്തിനു പുറത്തു കയറി വാലിലൂടെ മണ്‍കുടം പോലുള്ള ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചു പോകുന്നതായാണ് ചിത്രീകരിക്കുന്നത്.വീട് സ്വാസ്ഥ്യവും സുരക്ഷിതത്വവും നല്കുന്നില്ല എങ്കില്‍ തിരിച്ച് അമ്മയുടെ ഗര്‍ഭപാത്രം തന്നെയാണ് കൂടുതല്‍ സുരക്ഷിതത്വം നല്കുന്നതെന്ന വിചാരത്തോടെ ആവാം ഈ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്”.
സ്മിതയുടെ ചിത്രങ്ങളിലെ ജീവികള്‍ പ്രത്യേക സംവേദന തലങ്ങളില്‍ കൂടുതല്‍ വിശകലനാത്മകമാണ്.

നുറുങ്ങുകള്‍

  •  കൊറോണക്കാലം ചില നോവലിസ്റ്റുകള്‍ എഴുതാനുള്ള സുവര്‍ണാവസരമായി കാണുകയാണ്! . വലിയ ചില പ്രോജക്ടുകള്‍ ചെയ്യുകയാണത്രേ. എങ്ങനെ സാധിക്കുന്നു.?ലോകത്ത് വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിനാളുകള്‍ മരിച്ചുവീഴുകയാണ്. ആരും സുരക്ഷിതരല്ല. എങ്ങനെയാണ് വലിയ കൃതികള്‍ എഴുതാനുള്ള ഏകാന്തത ലഭിക്കുന്നത് ?

  • ഹൃദയശൂന്യരായ എഴുത്തകാരാണ് കൊറോണക്കാലത്ത് സുരക്ഷിതരായിരുന്ന് എഴുതുന്നത്. അവര്‍ക്ക് ആരോടും ഒരു ബന്ധവുമില്ല. സ്വന്തം നേട്ടങ്ങള്‍ മാത്രം. കൃത്രിമ വികാരങ്ങളാണ് അവരുടേത്.

  • മഹാനായ ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗ് സ്ത്രീയുടെ ആരാധകനായിരുന്നു. ഒരു സ്ത്രീയെ സമീപിക്കുകയും അവളെ സ്‌നേഹിക്കുകയും ചെയ്തില്ലെങ്കില്‍ താന്‍ തകര്‍ന്നു പോകുമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. തന്നെ കല്ലുകൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത് എന്ന് ആ കലാകാരന്‍ വ്യക്തമാക്കി.

  • കുട്ടം തെറ്റി പറക്കുകയും പിന്നീട് അതിന്റെ പേരില്‍ ഒറ്റപ്പെടുകയും ചെയ്യുന്ന കടല്‍ക്കാക്കയുടെ കഥയാണല്ലോ Jonathan livingston seagull- എന്ന നോവലില്‍ Richard Bach പറയുന്നത്. താന്‍ നേടിയ ജ്ഞാനം മറ്റുള്ളവരുമായി പങ്കു വയ്ക്കാന്‍ കഴിയാത്തതിന്റെ ദുഃഖമായിരുന്നു ആ പക്ഷി അനുഭവിച്ചത്. എന്നാല്‍ പിന്നീട് ഈ പക്ഷിക്ക് അനുയായികള്‍ ഉണ്ടാവുന്നു. അതൊരു മിത്താവുകയാണ്. കാലം ഇങ്ങനെയാണ്.

  • കൂടുതല്‍ പുസ്തകങ്ങളുടെ വിറ്റുവരവുള്ള, കൂടുതല്‍ പതിപ്പുകളിലൂടെ നല്ല വരുമാനം നേടിയിട്ടുള്ള എഴുത്തുകാര്‍ കൊറോണക്കാലത്ത് തങ്ങളുടെ സംഭാവനകളുമായി സര്‍ക്കാരിനെ സഹായിക്കേണ്ടതാണ്. ടി.പത്മനാഭന്‍ രോഗികളെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കിയത് ശ്രദ്ധേയമായ ഒരു സംഭവമാണ്. അദ്ദേഹം ധനികനായതുകൊണ്ടല്ല ഇത് ചെയ്യുന്നത് ;മനുഷ്യത്വമുള്ളതുകൊണ്ടാണ്.

  • പ്രമുഖ ഇറ്റാലിയന്‍ നോവലിസ്റ്റ് ഇറ്റാലോ കാല്‍വിനോ പറഞ്ഞു, ഒരു പബ്ലിക്ക് ഫിഗര്‍ എന്ന നിലയിലുള്ള പ്രതിഛായ തനിക്കു ഉള്‍ക്കൊള്ളാനാവില്ലെന്ന്. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് എഴുത്തുകാരന്‍ പബ്ലിക് ഫിഗര്‍ ആകുന്നതിനോട് സമൂഹം പൊതുവില്‍ അസഹിഷ്ണുത കാണിക്കുന്നുവെന്നാണ്.

 

Tags: പദാനുപദം
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഓര്‍മ്മയെഴുത്തിനോടുള്ള പ്രേമം എന്തുകൊണ്ട് ?

റെമ്പ്രാന്ത്,റെമ്പ്രാന്ത് വരച്ച വൃദ്ധന്റെ ചിത്രം

റെമ്പ്രാന്തിന്റെ വയസ്സന്മാര്‍

ആധുനികത തേടി പിന്നോട്ട്

വിമര്‍ശനം ഒരു ചീത്തസ്വഭാവമല്ല

പുരോഗമനസാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

യാതനയും ആത്മീയസ്വാതന്ത്ര്യവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies