Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പദാനുപദം

സാഹിത്യക്യാമ്പുകളുടെ വാര്‍പ്പുമാതൃകകള്‍

എം.കെ. ഹരികുമാര്‍

Print Edition: 10 April 2020

കവികളും എഴുത്തുകാരും കൂട്ടമായി നടന്ന്, ഒരേ പോലെ ചിന്തിച്ച് ഒരു തട്ടിലെ മുട്ടകളെപ്പോലെ ഐകരൂപ്യം നേടേണ്ടതില്ല. അതിനുപകരം ഒരേ ജനുസ്സില്‍പ്പെട്ടവരല്ല തങ്ങളെന്ന് തെളിയിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുകയോ ബോധ്യപ്പെടുകയോ ചെയ്യേണ്ടതാണ്. ഉള്ളൂര്‍, പി.കുഞ്ഞിരാമന്‍ നായര്‍, എ.അയ്യപ്പന്‍ എന്നിവര്‍ കവിത എന്ന ചോദനയുടെ നിര്‍വ്വഹണത്തില്‍ യാതൊരു സാമ്യവുമില്ലാത്തവരാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. എന്തുകൊണ്ട്? അവര്‍ ഒരു മുറിയിലിരുന്ന് എഴുതിയവരല്ല. സര്‍ഗപ്രക്രിയ കൂട്ടം കൂടി നിന്ന് നടത്താനുള്ളതല്ല.

കവിതാക്യാമ്പില്‍ കവികള്‍ കൂട്ടമായി എത്തുന്നു. പിന്നീട് ആജീവനാന്തം അവര്‍ ഒരുപോലെ ചിന്തിച്ചു കഴിയുന്നു. വിദേശരാജ്യങ്ങളില്‍ കാണാറുള്ള ക്രിയേറ്റീവ് റൈറ്റേഴ്‌സ് വര്‍ക്ക്‌ഷോപ്പ് പോലെ ഇവിടെ സങ്കല്പിക്കുക അസാദ്ധ്യമാണ്. അത് സ്‌പെഷലൈസേഷന്റെയും അഭിരുചിയുടെയും പ്രശ്‌നങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഇവിടെയാകട്ടെ എന്‍.എന്‍.കക്കാട് ‘വജ്രകുണ്ഡലം’ എഴുതിയത് തെറ്റായിപ്പോയെന്നാണ് പഠിപ്പിക്കുന്നത്.

ചില മാതൃകകള്‍ കാണിച്ച് അതു പോലെ എഴുതണമെന്നാണ് ആഹ്വാനം. കലാശാലാ അദ്ധ്യാപകരാണ് മിക്കപ്പോഴും കുരുന്നുകവികളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നത്. നിലവിലുള്ളതും തങ്ങള്‍ക്ക് വഴങ്ങുന്നതുമായ ചില മാതൃകകള്‍ അവര്‍ കുട്ടികളുടെ മേല്‍ അടിച്ചേല്പിക്കുകയാണ്. സൃഷ്ടിപ്രക്രിയയിലൂടെ സ്വാതന്ത്ര്യത്തെ എങ്ങനെ വിസ്മയകരമാക്കാം എന്ന് അവര്‍ ആലോചിക്കുന്നില്ല. കാരണം, നിലവില്‍ അവര്‍ ഒരു സ്‌കൂളിന്റെ അപ്പോസ്തലന്മാരാണ്. അവര്‍ പുതുതായി എന്തെങ്കിലും പഠിപ്പിച്ചു എന്ന് പറയാനൊക്കില്ല.

പ്രജ്ഞയുടെ വഴി
കലാശാലകളില്‍ വേര്‍ഡ്‌സ്വര്‍ത്ത്, കീറ്റ്‌സ് തുടങ്ങിയവരെപ്പറ്റി പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ഡെറക് വാല്‍ക്കോട്ട്, ലോര്‍ക്ക, തോമസ് ട്രാന്‍സ്‌ട്രോമര്‍ തുടങ്ങിയവരെപ്പറ്റി ഒന്നും മിണ്ടില്ല. ചിലപ്പോള്‍ അവരെ കേള്‍ക്കണമെന്നില്ല. കേട്ടാല്‍ തന്നെ മിണ്ടാന്‍ സിലബസ് അനുവദിക്കുന്നില്ല. സാഹിത്യകലയിലെ പുതിയ കലാപങ്ങളെക്കുറിച്ചറിയാത്തവര്‍ ക്യാമ്പുകളില്‍ വന്ന് എന്ത് പഠിപ്പിക്കാനാണ്? ആശയസമരങ്ങളെക്കുറിച്ച് അറിയാത്തവര്‍ നവീനകാലത്തെ സര്‍ഗപ്രക്രിയയുടെ അതിരുകള്‍ ഭേദിക്കാനുള്ള ആഹ്വാനം (breaking the barrier) വേണ്ട പോലെ ഉള്‍ക്കൊള്ളാത്തവരാണ്. ഇതൊക്കെയാണ് ക്യാമ്പുകളെ നിര്‍ജീവമാക്കുന്നത്. നമ്മുടെ ചില പത്രങ്ങളും സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളും കവിതാക്യാമ്പുകളിലൂടെയാണ് മോക്ഷം തേടാന്‍ പുറപ്പെട്ടിരിക്കുന്നത്. വല്ലാത്തൊരു കാപട്യം ഇതിലുണ്ട്. കുട്ടികളെ എഴുതാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് നടിക്കുന്ന ഇക്കൂട്ടര്‍ വ്യത്യസ്തരായ ,ദീര്‍ഘവീക്ഷണമുള്ള എഴുത്തുകാരെ കണ്ടാല്‍ വിറളി പിടിച്ച് എന്തൊക്കെയോ ചെയ്തു കൂട്ടുന്നു. നവമാനങ്ങളുള്ള ഒരു കൃതി പ്രത്യക്ഷപ്പെട്ടാല്‍ അക്കാദമി ചിന്തിക്കുന്നത് എങ്ങനെ അതിനെ നശിപ്പിക്കാമെന്നാണ്. സാഹിത്യത്തെ ഗൗരവത്തോടെ സമീപിക്കുന്ന വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ഇതുപോലുള്ള ക്യാമ്പ് നടത്തിപ്പുകാരുടെ സമീപത്തേക്ക് പോലും പോകാനൊക്കില്ല.

സാഹിത്യരചനയുടെ യാഥാസ്ഥിതിക നടത്തിപ്പുകാരായ കുറെ കവികളെ അച്ചിലിട്ടു വാര്‍ത്തെടുക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഈ സംഘാടകര്‍ അസഹിഷ്ണുതയുടെ വക്താക്കളാണ്. തള്ളക്കോഴിക്ക് പിറന്ന ഒരേ മട്ടിലുള്ള കോഴിക്കുഞ്ഞുങ്ങള്‍ ഓരോ ക്യാമ്പില്‍ നിന്നും പിറവിയെടുക്കുകയാണെങ്കില്‍ ഇതിന്റെ നടത്തിപ്പുകാര്‍ സായൂജ്യം നേടും.

ക്യാമ്പുകള്‍ സൃഷ്ടിച്ച ഒരേ സ്വരത്തില്‍ പാടുന്ന കവികള്‍ ഇപ്പോള്‍ ബോറടിപ്പിക്കുകയാണ്.

മിത്തുകള്‍ വിളിക്കുന്നു
കവിത ഒരു പര്യവേക്ഷണമാണ്. എന്നാല്‍ അത് വിധിയുമാണ്. അതിലൂടെ പത്രമാധ്യമങ്ങള്‍ക്കല്ല പ്രയോജനം. കവിത എന്ന മാധ്യമത്തിനുള്ള നേട്ടങ്ങള്‍ക്കുപരി ഒരു സ്വതന്ത്രമനുഷ്യന്റെ ചിന്താ ലോകത്തെയും അനുഭവചക്രവാളത്തെയും കവിത വിപുലീകരിക്കേണ്ടതുണ്ട്.

ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നീ കവികളെപ്പോലെയല്ല ചങ്ങമ്പുഴ. ഈ വ്യത്യാസം തിരിച്ചറിയാതെ കവിത വായിച്ചിട്ടോ, കവിതയെക്കുറിച്ച് പ്രസംഗിച്ചിട്ടോ കാര്യമില്ല. കവിതാരംഗത്തെ ഒരു മേധാവിയോടും വിധേയത്വം കാണിക്കാതെ സ്വന്തം പ്രജ്ഞയുടെ അനിവാര്യ ദുരന്തങ്ങളെ മാര്‍ഗമായി കാണുകയാണ് ചങ്ങമ്പുഴ ചെയ്തത്. അദ്ദേഹം സാംസ്‌കാരിക രംഗത്ത് ജീര്‍ണതയെ പോറ്റി വളര്‍ത്തുന്ന നുണക്കവികളെ ആക്രമിച്ച് പരിക്കേല്പിക്കാന്‍ ‘പാടുന്ന പിശാച്’ എന്ന കവിത എഴുതി.ആര്‍ക്കുണ്ട് ഈ ധൈര്യം? ഇതിലെ കവി ആ കാലഘട്ടത്തിലെ അധാര്‍മ്മികതയുടെ പ്രതിരൂപമാണ്. കവിക്കും അധാര്‍മ്മികനാകാനാവും. എന്തുകൊണ്ട് ‘പാടുന്ന പിശാച്’ എന്ന കവിത ഉണ്ടാവുന്നു എന്ന് ഏതെങ്കിലും ക്യാമ്പില്‍ വിശദീകരിക്കുമോ ?

ഇന്ന് കവിതാക്യാമ്പുകള്‍ രചനാപരമായ ഗതാനുഗതികത്വത്തിന്റെ തൊഴുത്താണ്. മോചനം കാംക്ഷിച്ചു കടന്നു ചെല്ലുന്ന കവികളെ ബൗദ്ധികമായി തകര്‍ക്കുകയാണ്. ഒരു പുതിയ ആകാശം അവര്‍ക്ക് നിഷേധിക്കപ്പെടുന്നു.

ഇന്ന് കവിതയില്‍ കൂട്ടം കൂടിയുള്ള നിര്‍മ്മിതിയും ഭാവുകത്വപരമായ ഏകതാനതയും ഉണ്ടായിട്ടുള്ളത് സാഹിത്യക്യാമ്പുകളുടെ അടഞ്ഞ സംസ്‌കാരം ഇവിടെ നിലനില്‍ക്കുന്നതുകൊണ്ടാണ്. തീരെ മനുഷ്യത്വമില്ലാത്തവര്‍ എഴുതുന്നത് നല്ല വായനക്കാര്‍ക്ക് തിരിച്ചറിയാം. കാരണം മാനുഷികമായ വികാരം ഇല്ലാത്തവരാണ് യന്ത്രം ഉല്പാദിപ്പിച്ചതു പോലുള്ള വരണ്ട ഭാഷ ഉപയോഗിക്കുന്നത്. ജീവിതത്തില്‍ യാതൊന്നിനോടും ആത്മാര്‍ത്ഥതയോ സത്യസന്ധതയോ ഇല്ലാത്തവര്‍ കവിത എഴുതുന്നത് സാഹസമാണ്. ഇവരുടെ സ്‌നേഹശൂന്യതയ്ക്ക് തെളിവ് ആ കവിത തന്നെ ആയിരിക്കും.

സമകാലിക ലോകത്തെക്കുറിച്ചുള്ള അവബോധം അത്യാവശ്യമാണ്. നല്ല പോലെ വായിക്കണം. ഈ വായന പ്രചോദിപ്പിക്കാനുള്ളതാണ്. എങ്കിലേ മനസ്സ് ജീവിച്ചിരിക്കുന്നു എന്ന് വ്യക്തമാവുകയുള്ളു. കവിതയ്ക്ക് തത്ത്വചിന്ത വേണ്ടേ? ‘കരുണ’ പോലൊരു കൃതി എഴുതണമെങ്കില്‍ ജീവിതാര്‍ത്ഥങ്ങളെപ്പറ്റി വിചിന്തനങ്ങള്‍ വേണം. ഇതിനുള്ള തത്ത്വചിന്താപരമായ ആഴം കവിക്കുണ്ടാകണം.

ചില ക്യാമ്പുകളില്‍ പഠിപ്പിക്കുന്നത് രാഷ്ട്രീയമാണ് കവിത എന്നാണ്. കവിതയിലെ രാഷ്ട്രീയം രണ്ടാം സ്ഥാനത്താണ് വരുന്നത്. പ്രഥമ പരിഗണന സൗന്ദര്യത്തിനാണ്. സൗന്ദര്യത്തില്‍ നിന്നകറ്റുന്നത് കവിയെ നശിപ്പിക്കുന്നതിനു തുല്യമാണ്.

ഭാരതീയ മിത്തുകള്‍ സാഹിത്യരചനയില്‍ ഉപയോഗിക്കണം. മിത്തുകള്‍ എഴുത്തുകാരുടെ മുറിക്ക് പുറത്ത് കടന്നു വരാന്‍ അനുവാദം കാത്ത് നില്ക്കുകയാണെന്ന് പ്രമുഖ ഇറ്റാലിയന്‍ നോവലിസ്റ്റ് റോബര്‍ട്ടോ കലാസ്സോ പറഞ്ഞത് ഓര്‍ക്കുകയാണ്. മിത്തുകളെ സര്‍ഗാത്മകമായി ഉപയോഗിക്കാനറിയണം.ഭാരതീയ മിത്തുകള്‍ പാശ്ചാത്യ എഴുത്തുകാര്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ നാട്ടിലുള്ളവര്‍ അറച്ചു നില്ക്കുകയാണ്. നമ്മുടെ കേരള സാഹിത്യ അക്കാദമിക്ക് ഭാരതീയ ബിംബങ്ങള്‍ അന്യമാണ്.ഇന്ത്യന്‍ മിഥോളജി ഉപയോഗിച്ച് വൈശാഖനോ, അശോകന്‍ ചരുവിലിനോ എഴുതാന്‍ ധൈര്യമില്ല. അവരുടെ വിചാരലോകം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടപോല വളരെ ചുരുങ്ങിയതാണ്. വലിയ വിമര്‍ശകനായ കെ.പി. അപ്പന്‍ ‘ബുദ്ധിജീവികളായ നമുക്ക് കൂട്ടത്തോടെ കഴുതകളാകാം’ എന്നൊരു ലേഖനം എഴുതിയിട്ടുണ്ട്. അതിലെ ഏതാനും വാക്യങ്ങള്‍ ചുവടെ ചേര്‍ക്കാം: ‘രാധയും കൃഷ്ണനും ശിവനും പാര്‍വതിയുമില്ലെങ്കില്‍ ഭാരതീയ ഭാവന വളരെ ദരിദ്രമായിപ്പോകും. അത് കാവ്യാനുഭവങ്ങളുടെ തീരാത്ത സംഭരണശാലയാണ്. ഇതിലൊക്കെ മതമൗലികവാദത്തിന്റെ രാക്ഷസീയമായ തലകള്‍ കാണാന്‍ തുടങ്ങിയാല്‍ നാം വളരെ ചെറുതായിപ്പോകും.’

ഇത് വായിച്ചാലും ചിലര്‍ക്ക് മനസ്സിലാകണമെന്നില്ല. സ്വന്തം കഥകളല്ലാതെ യാതൊന്നും വായിക്കാത്ത ഇന്നത്തെ ക്യാമ്പുനടത്തിപ്പുകാര്‍ക്ക് സര്‍ഗാത്മകതയുടെ വസന്തം വേണ്ട; സങ്കുചിതത്വത്തിന്റെ വാതായനങ്ങള്‍ മതി.

വായന
ദൈവത്തിന്റെ മുന്നില്‍ ചെല്ലുമ്പോള്‍ നിസ്സാരകാര്യങ്ങള്‍ക്ക് പകരം വലിയ കാര്യങ്ങള്‍ ചോദിക്കണമെന്ന് പി.ആര്‍. നാഥന്‍ എഴുതുന്നു (ഹംസധ്വനി). കാരണം, ദൈവത്തിന്റെ കൈയില്‍ തരാന്‍ കഴിയാത്തതായി യാതൊന്നുമില്ല. പിന്നെന്തിനു ചുരുക്കുന്നു?

മലയാള വിമര്‍ശനസാഹിത്യത്തില്‍ എണ്‍പതുകളില്‍ ചില പുതുപ്രവണതകള്‍ നാമ്പെടുത്തത് ഓര്‍ക്കുമല്ലോ. അക്കാദമിക് പാണ്ഡിത്യത്തിനു ബദലായി ക്യ തിയെ വ്യക്തിപരമായി അനുഭവിക്കുന്ന രീതിയാണ് അവര്‍ അവലംബിച്ചത്. യാതൊരു പ്രസ്ഥാനത്തിന്റെയും ഭാഗമാകാതെ വൈയക്തിക സൗന്ദര്യദര്‍ശനം അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇതിന്റെ ലാവണ്യ കാലാവസ്ഥയെക്കുറിച്ച് ഒന്നും മനസ്സിലാക്കാത്ത വ്യക്തിയാണ് പ്രസന്നരാജന്‍ എന്ന് അദ്ദേഹം ‘ഗ്രന്ഥാലോക’ത്തില്‍ എഴുതിയ ലേഖനം വ്യക്തമാക്കുന്നു.1980 കളില്‍ തുടങ്ങിയ മലയാള സാഹിത്യ വിമര്‍ശനത്തിലെ നവീനചലനങ്ങള്‍ ‘ദുര്‍ഗ്രഹവും സങ്കീര്‍ണവുമായ ഭാഷയില്‍’ എന്ന് പ്രസന്നരാജന്‍ ആക്ഷേപിക്കുന്നത് വായിച്ചപ്പോള്‍ ചിരിയാണുണ്ടായത്. പ്രസന്നരാജന് ഉന്നതമായ സാഹിത്യ സൗന്ദര്യാത്മക വ്യതിയാനങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതല്ലേ വാസ്തവം ? എണ്‍പതുകളില്‍ ആഷാമേനോന്‍ എഴുതിയ പുതിയ പുരുഷാര്‍ത്ഥങ്ങള്‍, കലിയുഗാരണ്യകങ്ങള്‍ തുടങ്ങിയ കൃതികള്‍ വ്യത്യസ്തവും സ്വതന്ത്രവുമായ ആവിഷ്‌കാരമായി കാണണം. അതിനു കഴിയാത്തവര്‍ വിമര്‍ശനത്തെ പഴിച്ചിട്ട് എന്താണ് കാര്യം? പ്രസന്നരാജന്‍ ഇപ്പോള്‍ അനുസരണയുള്ള ഒരു റിട്ടയേര്‍ഡ് മലയാളം പ്രൊഫസറാണ്. പഴയ ക്ലാസ് റൂം വിമര്‍ശന പാഠങ്ങളെ പൊടി തട്ടിയെടുക്കുകയാണ് അദ്ദേഹം. പ്രസന്നരാജന്റെ ഭാഷ തന്നെ എത്ര ജഡിലമാണ്. ഭാവനയ്ക്ക് ഇടമില്ലാത്ത ലോകമാണത്.

ദുര്‍ഗ്രഹമാണ് സാഹിത്യകൃതി എന്ന് ചിലര്‍ എഴുതാറുണ്ട്. ഇത് കേട്ടാല്‍ തോന്നും ലോകത്തുള്ള സകലതും നമുക്ക് മനസ്സിലാവുമെന്ന് .ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയാല്‍ വല്ലതും മനസ്സിലാവുമോ? അപ്പോള്‍ മനുഷ്യന്‍ അവന്റെ ഭാവനയിലൂടെയാണ് യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടാക്കുന്നത്. ഒരര്‍ത്ഥവും വിനിമയം ചെയ്യാന്‍ പറ്റാതാവുമ്പോള്‍ എഴുത്തുകാരന്‍ യുക്തിയെ തന്നെ ഉപേക്ഷിക്കുന്നു.

ആര്യാരാജു എഴുതിയ ‘മറുപടിക്കത്ത്’ (സ്ത്രീശബ്ദം) എന്ന കവിത നവീനമായ ചില ചിന്തകള്‍ അങ്കുരിപ്പിച്ചു.

”മേല്‍വിലാസങ്ങളില്ലാത്ത നിന്റെ
നിശ്ശബ്ദതകളില്‍ എന്തൊരാള്‍ക്കൂട്ടമാണ്.
അവരില്‍ പലരില്‍ നിന്നും
ഞാന്‍ പിടിച്ചു വാങ്ങിയ
എന്റെ മാത്രം
നേരങ്ങളിലും നീ എന്നേക്കാള്‍
എന്റെ അടുത്തുണ്ടായിരുന്നു’

എന്നെഴുതുന്നത് ഒരു പുതിയ ശൈലിയാണ്, സമീപനമാണ്. കവിയാണ് തന്റെ മേലുള്ള വിധിയെ മറ്റൊരു ഭാഷയിലേക്ക് പരാവര്‍ത്തനം ചെയ്യുന്നത്. അതിനുള്ള അവകാശം കവിക്കുണ്ട്.
പതിവിന്‍പടിയുള്ള ഒരു തിരക്കഥ സത്യജിത് റായിയുടെ’പഥേര്‍ പാഞ്ചലി’ക്ക് ഉണ്ടായിരുന്നില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതുന്നു (ഭാഷാപോഷിണി). വലിയ സംവിധായകര്‍ക്ക് തിരക്കഥയെ പൂര്‍ണമായി ആശ്രയിക്കാനാവില്ല. അവര്‍ തിരക്കഥയ്ക്കപ്പുറം പോകുന്നു. തിരക്കഥയില്‍ എന്തൊക്കെ വിശദീകരിച്ചാലും നിഴലും വെളിച്ചവും കഥാപാത്രങ്ങളുടെ ചലനങ്ങളും എങ്ങനെ വേണമെന്ന് നിശ്ചയിക്കുന്നത് സംവിധായകനാണ്.

തിരക്കഥ ഒരു സാഹിത്യരൂപമല്ല. എന്നാല്‍ അത് മനസ്സിലാക്കാതെ തിരക്കഥ പരമ്പരയായി പ്രസിദ്ധീകരിക്കുന്നതു കൊണ്ട് പ്രയോജനമില്ല. അത് വായനയ്ക്കുള്ള വിഭവമല്ല. സിനിമ സ്‌ക്രീനിലാണുള്ളത്. സിനിമയുടെ ആഖ്യാനത്തിലുള്ള ലാവണ്യം തിരക്കഥയിലില്ല.

മാതൃഭൂമി ആഴ്ചപ്പതിപ്പ് പുതുശ്ശേരി രാമചന്ദ്രനെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. മരണാനന്തര അനുസ്മരണം നടത്തിയിരിക്കുന്നത് കെ.എസ്.രവികുമാറാണ്. എന്നാല്‍ കഥാകൃത്ത് അമലിന്റെ ജീവിതവും കഥയും കവര്‍ പേജില്‍ ആഘോഷിച്ച ആഴ്ചപ്പതിപ്പ്, പുതുശ്ശേരി വിടപറയുന്ന അവസരത്തിലെങ്കിലും അദ്ദേഹത്തിന്റെ നല്ലൊരു കവര്‍ച്ചിത്രം അച്ചടിച്ചില്ല. ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയില്‍ പുതുശ്ശേരിക്ക് ഒതുങ്ങേണ്ടി വന്നു. എന്നാല്‍ എഡിറ്റോറിയലില്‍ എഴുതിയിരിക്കുന്നത് തങ്ങള്‍ പുതുശ്ശേരിയെ ആദരിക്കുന്നുവെന്നാണ്. മുഖസൗന്ദര്യം നോക്കി സാഹിത്യ സംഭാവനകളെ വിലയിരുത്തരുതേ എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഓരോ വ്യക്തിയുടെയും ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കണം. പുതുശ്ശേരി എന്ന നല്ല മനുഷ്യനെ സ്‌നേഹിക്കുന്നവര്‍ എത്ര പേരുണ്ട്. അവരുടെയെല്ലാം മനസ്സില്‍ നീരസമുണ്ടാവാന്‍ ഈ സംഭവം ഇടയാക്കി എന്നറിയിക്കട്ടെ.

കാഫ്ക
ചെക്ക്, ജര്‍മ്മന്‍ എഴുത്തുകാരനായ ഫ്രാന്‍സ് കാഫ്കയുടെ ‘മെറ്റാമോര്‍ ഫോസിസ്’ (രൂപാന്തരം ) എന്ന കഥയെ ഡോ.എം.എ. സിദ്ധിഖ് (മാതൃഭൂമി) തെറ്റായി വായിക്കുകയാണെന്ന് പറയട്ടെ. ഒരു യുവാവ് ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ താനൊരു ഷഡ്പദമായി രൂപാന്തരം പ്രാപിച്ചതായി തിരിച്ചറിയുന്നു. തുടര്‍ന്ന് ആ അനുഭവത്തിന്റെ ഉള്ളിലൂടെയാണ് കഥ നീങ്ങുന്നത്. ഈ കഥയെ സമീപിക്കുന്നതില്‍ ലേഖകന്‍ പരാജയപ്പെട്ടു. ഒരു അതിവായനയാണ് ലേഖകന്‍ നടത്തിയിരിക്കുന്നത്. ജീവശാസ്ത്രപരമായ സാധ്യതയിലേക്ക് ഈ കഥ നീങ്ങുന്നുവെന്ന് പറയുന്നതല്ലാതെ വ്യക്തതയില്ല. കുറെ വിവരങ്ങള്‍ ശേഖരിച്ച് അതെല്ലാം ലേഖനത്തില്‍ കുത്തി നിറച്ചതുകൊണ്ട് പ്രയോജനമില്ല. ഒരുപാട് വിവരങ്ങള്‍ക്ക് വേണ്ടിയല്ലല്ലോ വിമര്‍ശനം വായിക്കുന്നത്. ടെക്സ്റ്റുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ഇറക്കുമതി ചെയ്ത് ദീര്‍ഘമായി ഉപന്യസിച്ച് അത് സത്യമാണെന്ന് വായനക്കാരനെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. ഒരു കഥയെക്കുറിച്ച് എഴുതുമ്പോഴെങ്കിലും അല്പം ലാവണ്യാനുഭവം ബാക്കി വയ്ക്കുക. ഗവേഷണം ചെയ്ത് അമിതമായ വിവരങ്ങള്‍ ലേഖനത്തിലേക്ക് കുടഞ്ഞിടുന്നത് അദ്ധ്യാപക വിമര്‍ശനത്തിന്റെ ഒരു രോഗമാണ്.

കാഫ്കയുടെ ഈ കഥ അദ്ദേഹത്തിന്റെ വ്യക്തിഗതമായ ഒരു അനുഭവത്തിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ മറ്റെല്ലാവരും മാംസാഹാരം കഴിക്കുന്നവരാണ്. കാഫ്കയ്ക്ക് സസ്യാഹാരം മതിയെന്നുള്ളതുകൊണ്ട് അദ്ദേഹത്തിനു വീട്ടില്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നു. അദ്ദേഹത്തിന്റെ പിതാവ് നേരത്തേ തന്നെ കാഫ്കയുമായി മാനസികമായി അകന്നു കഴിയുകയായിരുന്നു. ഈ ‘മാംസ’ പ്രശ്‌നം അത് ക്രമേണ വര്‍ദ്ധിപ്പിച്ചു. കാഫ്കയ്ക്ക് ഭക്ഷണം കിട്ടാതെ വന്നപ്പോള്‍ അദ്ദേഹം സ്വന്തം മുറിയില്‍ പാചകം ചെയ്യാന്‍ തുടങ്ങി. വല്ലാത്ത ഏകാന്തതയും ഒറ്റപ്പെടലും സംഘര്‍ഷവും നേരിട്ടു. ഇതാണ് താന്‍ ആര്‍ക്കും വേണ്ടാത്ത ഒരു ഷഡ്പദമായി മാറിയെന്ന് അദ്ദേഹം ചിന്തിക്കാന്‍ ഇടയാക്കിയത്. ഒരു സര്‍ഗാത്മക കലാകാരന്റെ മാനസിക ജീവിതമാണതിലുള്ളത്. ടോള്‍സ്റ്റോയിയുടെ ‘ഇവാന്‍ ഇല്ലിച്ചിന്റെ മരണം’, ദസ്തയെവ്‌സ്‌കിയുടെ ‘മനസ്സിനിടയില്‍ നിന്നുള്ള കുറിപ്പുകള്‍’ എന്നീ കൃതികള്‍ വായിച്ച ശേഷം ‘രൂപാന്തരം’ വായിച്ചാല്‍ കൂടുതല്‍ വൈകാരിക തലം തെളിഞ്ഞു കിട്ടും.

നുറുങ്ങുകള്‍

  • നവതരംഗ സിനിമകള്‍ വന്നതോടെ മദ്ധ്യധാരാ സിനിമകളുടെ നിലനില്ല് തന്നെ ഇല്ലാതായി.

  •  ഭരതന്റെ ‘ഓര്‍മ്മയ്ക്കായി’ എന്ന സിനിമയില്‍ വളരെ കൗതുകകരമായ ഒരു രംഗമുണ്ട്. അതില്‍ ഗോപി, മാധവി തുടങ്ങിയവര്‍ വീടിന്റ തിണ്ണയിലിരുന്ന് ചക്ക വെട്ടിയൊരുക്കുന്ന ദൃശ്യമാണത്. മലയാള സിനിമയില്‍ ചക്കയോടു അയിത്തമാണല്ലോ. പ്രധാന നായകന്മാര്‍ നഗരത്തിലായാലും ഗ്രാമത്തിലായാലും ചക്ക കൈ കൊണ്ടു തൊടില്ല. അവര്‍ക്ക് മദ്യമാണല്ലോ പ്രിയം. ചക്ക മലയാളിയുടെ തനത് രുചിയാണെങ്കിലും അത് വെട്ടിയൊരുക്കുന്ന ഒരു ദൃശ്യം നല്‍കാന്‍ ഭരതന്‍ മാതമേ തയ്യാറായുള്ളു. ചക്ക വെട്ടുമ്പോഴുള്ള അരക്ക് ആണ് അതിന്റെ രസകരമായ ഹൈലൈറ്റ്.

  •  സി.പി. ശ്രീധരനെപ്പോലെ എല്ലാ തട്ടുകളിലുമുള്ള എഴുത്തുകാരെ ഒരു പോലെ കാണാന്‍ കഴിവുള്ള പ്രതിഭകള്‍ ഇന്നില്ല.

  • ചിന്തയ്ക്ക് വിശുദ്ധിയുണ്ടെങ്കില്‍ അത് ജി.എന്‍.പിളള എന്ന സാഹിത്യ ചിന്തകനു സ്വന്തമായിരുന്നു.

  • അയ്യപ്പപ്പണിക്കര്‍ ‘കുരുക്ഷേത്രം’ എന്ന മഹത്തായ കവിത എഴുതിയതിന്റെ പേരില്‍ അദ്ദേഹത്തോട് ശത്രുത പുലര്‍ത്തുന്നവരുണ്ട്.

  • ഒരു കാലത്ത് മാരുതി കാറിന്റെ വിപ്ലവമായിരുന്നു. പിന്നീട് ടച്ച് സ്‌ക്രീന്‍ മൊബൈലിന്റെ വിപ്ലവമായി. ഇപ്പോള്‍ യൂ.ട്യൂബ് ചാനലിന്റെ വിപ്ലവമാണ്. ഓരോ വ്യക്തിയും സ്വന്തമായി യൂ.ട്യൂബ് ചാനല്‍ തുടങ്ങുകയാണ്.

Tags: പദാനുപദം
Share14TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഓര്‍മ്മയെഴുത്തിനോടുള്ള പ്രേമം എന്തുകൊണ്ട് ?

റെമ്പ്രാന്ത്,റെമ്പ്രാന്ത് വരച്ച വൃദ്ധന്റെ ചിത്രം

റെമ്പ്രാന്തിന്റെ വയസ്സന്മാര്‍

ആധുനികത തേടി പിന്നോട്ട്

വിമര്‍ശനം ഒരു ചീത്തസ്വഭാവമല്ല

പുരോഗമനസാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

യാതനയും ആത്മീയസ്വാതന്ത്ര്യവും

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies