ക്ഷേത്രധ്വംസനം ഒരാദര്‍ശമായി കരുതുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇസ്ലാമിക ജിഹാദികള്‍ കഴിഞ്ഞാല്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതില്‍ ഏറെ പരിശ്രമം നടത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഭൂപരിഷ്‌ക്കരണത്തിന്റെ മറവില്‍ ക്ഷേത്രഭൂമികള്‍ മാത്രം പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം ക്ഷേത്രങ്ങളുടെ വരുമാനമില്ലാതെയാക്കി. നിത്യവൃത്തിക്ക് നിര്‍വ്വാഹമില്ലാതായ ക്ഷേത്രങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആശയപ്രചരണം നടത്തിയത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. മാപ്പിളകലാപത്തിന്റെ മറവില്‍ 1921ല്‍ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്ത ജിഹാദികള്‍ക്ക് സ്വാതന്ത്ര്യസമര പെന്‍ ഷന്‍ അനുവദിച്ചത് ഭരണത്തിലിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. രാഷ്ട്രീയസ്വയംസേവകസംഘം കേരളത്തില്‍ ശക്തമാവുകയും ക്ഷേത്രങ്ങള്‍ പരിപാലിക്കാന്‍ കേരളാ ക്ഷേത്ര സംരക്ഷണ സമിതിപോലെയുള്ള സംഘടനകള്‍ ഉണ്ടാവുകയും ചെയ്തതോടെയാണ് ഇടക്കാലത്ത് ജീര്‍ണ്ണാവസ്ഥയിലേക്ക് നിപതിച്ചുപോയ കേരളത്തിലെ ക്ഷേത്രങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു തുടങ്ങിയത്.
ക്ഷേത്രങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതോടെ ഹിന്ദുത്വം ശക്തമാകുമെന്നും അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്നും തിരിച്ചറിഞ്ഞ പാര്‍ട്ടി ബുദ്ധികേന്ദ്രങ്ങള്‍ പുതിയ അടവുകളും തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ക്ഷേത്രങ്ങളെ തൊഴില്‍ശാലകളാക്കി ചിത്രീകരിച്ചുകൊണ്ട് അവിടെ കമ്മ്യൂണിസ്റ്റ് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചതിലൂടെ അമ്പലങ്ങളെ കക്ഷി രാഷ്ട്രീയ വേദിയാക്കി മാറ്റുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. ക്ഷേത്ര മേല്‍ശാന്തിയും കഴകക്കാരനും അടിച്ചുതളിക്കാരും വരെ ഭക്തിശ്രദ്ധകളോടെ സാധനാസങ്കല്‍പ്പത്തില്‍ നടത്തിയിരുന്ന ക്ഷേത്രവൃത്തികളെ തൊഴിലാളിവര്‍ഗ്ഗ സിദ്ധാന്തത്തിന്റെ വര്‍ഗ്ഗസമരവേദിയാക്കി മാറ്റുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ തന്ത്രം. ദേവസ്വം ഭരണം പിടിച്ചെടുത്ത പാര്‍ട്ടി നേതാക്കന്മാര്‍ ക്ഷേത്രങ്ങളിലെ മരാമത്ത് പണികളുടെയും ജീവനക്കാരുടെ നിയമനത്തിന്റെയും മറവില്‍ കോടികള്‍ കൊള്ളയടിച്ചു. പാര്‍ട്ടി അണികളെ കുടിയിരുത്താനുള്ള തൊഴിലിടങ്ങള്‍ മാത്രമായി ക്ഷേത്രങ്ങളെ ഇവര്‍ രൂപാന്തരപ്പെടുത്തി. മന്ത്രജപത്തിന്റെ സ്ഥാനത്ത് അമ്പലപ്പറമ്പുകളില്‍ നിന്നും സമരമുദ്രാവാക്യം മുഴുക്കിയ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ക്ഷേത്ര ധ്വംസനത്തിന്റെ പുതിയ അടവുനയമാണ് പുറത്തെടുത്തിരിക്കുന്നത്. ഭക്തജനങ്ങളുടെ പരിശ്രമം കൊണ്ട് നടവരവ് ഉണ്ടായിത്തുടങ്ങുന്ന ക്ഷേത്രങ്ങളെ പിടിച്ചെടുത്ത് ദേവസ്വം ബോര്‍ഡിലെ വെള്ളാനകള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുക എന്നതാണ് മറ്റൊരു തന്ത്രം. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയത് ഇത്തരം പിടിച്ചെടുക്കലായിരുന്നു. അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ചെടുക്കാന്‍ പരിശ്രമിക്കാത്ത ദേവസ്വം ബോര്‍ഡുകള്‍ ദേവസ്വം ഭൂമി കയ്യേറ്റക്കാരന് പതിച്ചുകൊടുക്കാന്‍ മുന്‍കൈ എടുക്കുന്നതും നാം കണ്ടുകഴിഞ്ഞു.
ശബരിമലയിലെ ഭണ്ഡാരത്തില്‍ വീഴുന്ന സ്വര്‍ണ്ണവും വെള്ളിയുമൊക്കെ മോഷണം പോവുന്നത് പതിവായിക്കഴിഞ്ഞിരിക്കുകയാണ്. ക്ഷേത്രജീവനക്കാരായി പാര്‍ട്ടി നിയോഗിക്കുന്നവരാണ് അമ്പലക്കൊള്ളകള്‍ക്ക് പിന്നിലെന്ന് സത്യസന്ധമായി അന്വേഷിച്ചാല്‍ വെളിപ്പെടുന്നതാണ്. പാര്‍ട്ടി നിയോഗിച്ച ഒരു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ ക്ഷേത്രകൊള്ളയ്ക്ക് ക്വട്ടേഷന്‍ കൊടുത്തതായി അടുത്ത കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. ക്ഷേ ത്രമുറ്റത്ത് നടക്കുന്ന മതപാഠശാലകള്‍ നിര്‍ത്തലാക്കാനും ശബരിമലയിലെ സൗജന്യ അന്നദാനം അവസാനിപ്പിക്കാനും വരെ മുന്‍കൈ എടുക്കുന്ന ദേവസ്വം ബോര്‍ഡ് മന്ത്രി ഹിന്ദുക്കള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിനേക്കര്‍ റവന്യൂ ഭൂമി കയ്യേറി കുരിശും പള്ളിയും ധ്യാനകേന്ദ്രവും കെട്ടിയവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ തയ്യാറാവാത്ത വിജയന്‍ മുഖ്യമന്ത്രി ഹിന്ദു ക്ഷേത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ഭൂമി പിടിച്ചെടുക്കാന്‍ കല്പന പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണ്. ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ ഔറംഗസേബിനേയും ടിപ്പുസുല്‍ത്താനെയും ഓര്‍മ്മിപ്പിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ മഠാധിപതി സത്യാനന്ദസരസ്വതി സ്വാമികള്‍ ദശകങ്ങള്‍ക്ക് മുമ്പ് വിലകൊടുത്തു വാങ്ങിയ നെയ്യാര്‍ ഡാം കുന്നില്‍ മഹാദേവക്ഷേത്ര ഭൂമി ഇക്കഴിഞ്ഞ ശിവരാത്രി നാളില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിടിച്ചെടുത്തു. 4 ഏക്കര്‍ 37 സെന്റ് വരുന്ന ഈ ക്ഷേത്രഭൂമിയുടെ പരിസരത്തുള്ള എല്ലാവര്‍ക്കും പട്ടയം കൊടുത്തെങ്കിലും ക്ഷേത്രത്തോട് മാത്രം ഇടതുപക്ഷ സര്‍ക്കാര്‍ വിവേചനം കാട്ടിയിരിക്കുന്നു. സമാനമായ സംഭവമാണ് തിരുവനന്തപുരം തീര്‍ത്ഥപാദ മണ്ഡപത്തിലും അരങ്ങേറിയിരിക്കുന്നത്. തീര്‍ത്ഥപാദ മണ്ഡപവും ചട്ടമ്പിസ്വാമി ക്ഷേത്രവും ഹിന്ദുക്കളുടെ ഒരു സാംസ്‌കാരിക കേന്ദ്രമായിരുന്നു. ഇത് രായ്ക്ക്‌രാമാനം പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഹിന്ദുക്കളോടെന്തുമാകാം എന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പത്മനാഭസ്വാമിക്ഷേത്രത്തിലെ നിറപുത്തരി ആഘോഷത്തിനായുള്ള നെല്‍ക്കൃഷി നടത്തിയിരുന്ന ശ്രീപത്മനാഭന്റെ ഭൂമിയായിരുന്നു കിഴക്കേക്കോട്ടയിലെ പുത്തരിക്കണ്ടം. ശ്രീ പത്മനാഭന്റെ പുത്തരിക്കണ്ടം പിടിച്ചെടുത്ത സര്‍ക്കാര്‍ ഇ.കെ. നായനാര്‍ പാര്‍ക്കും ഇ.എം.എസ്. സ്മാരകവുമൊക്കെ പണി തീര്‍ത്തിരിക്കുകയാണ്.
കേരളത്തിലെ സ്വകാര്യക്ഷേത്രങ്ങളെക്കൂടി പിടിച്ചെടുക്കാനും തകര്‍ക്കാനുമുള്ള നിഗൂഢപദ്ധതിയുമായി ഇടതു സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഇപ്പോള്‍ അതിന്റെ ഭാഗമായിട്ടാണ് സ്വകാര്യമേഖലയിലെ ക്ഷേത്ര ജീവനക്കാരെ മിനിമം വേജസ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ന്യായമെന്ന് തോന്നാവുന്ന ഈ നടപടിയുടെ പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് തിരിച്ചറിയാന്‍ കഴിയും. സ്വകാര്യമേഖലയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും നിത്യനിദാനചിലവുകള്‍ക്ക് വകകാണാതെ കഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത്തരം ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും കഴകക്കാരനും അര്‍ഹിക്കുന്ന ശമ്പളം പലപ്പോഴും കിട്ടാറില്ലെന്നത് ഒരു വസ്തുതയാണ്. മേല്‍ശാന്തിയും കഴകക്കാരനും എല്ലാം പരസ്പര വിശ്വാസത്തോടെ ത്യാഗനിര്‍ഭരമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് പല ക്ഷേത്രങ്ങളും നടന്നുപോകുന്നത്. സ്വകാര്യമേഖലയിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് മിനിമം കൂലി നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാനത്തിന്റെ കരടിറങ്ങിയതോടെ മേല്‍ശാന്തിമാര്‍ക്ക് 17760 രൂപ അടിസ്ഥാനവേതനം നല്‍കിയേ മതിയാകൂ. കീഴ്ശാന്തിമാര്‍ക്കാകട്ടെ 15360 രൂപയും കഴകക്കാരന് 12,830 രൂപയും അടിച്ചുതള്ളി വൃത്തിക്ക് 11,980 രൂപയും അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുകയാണ്. ഈ നിരക്കനുസരിച്ചുള്ള ശമ്പളം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുകയെന്നത് സ്വകാര്യമേഖലകളിലെ 90% ക്ഷേത്രങ്ങള്‍ക്കും അസാധ്യമായ കാര്യമാണ്.
ഇതുമൂലം രണ്ട് കാര്യങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്. സാമ്പത്തിക പരാധീനതകൊണ്ട് ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടുക എന്നതും അവകാശ സമരത്തിന്റെ പോരാട്ടഭൂമിയായി ക്ഷേത്രങ്ങള്‍ അധഃപതിക്കുക എന്നതും അനതിവിദൂര ഭാവിയിലെ ഈ രണ്ട് സാധ്യതകളാണ്. രണ്ടാണെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഹിന്ദു ക്ഷേത്രങ്ങളെ തകര്‍ക്കുക എന്ന അവരുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പായി ഇത് മാറുന്നു. കൊറോണ എന്ന പകര്‍ച്ചവ്യാധി നാടിനെ ഗ്രസിച്ചിരിക്കുമ്പോള്‍ ചര്‍ച്ചകളോ അഭിപ്രായം തേടലോ ഒന്നും ഇല്ലാതെ ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ഒരു നീക്കം കൂടി നടത്തിയിരിക്കുകയാണ്. സ്വകാര്യദേവസ്വങ്ങളെ കമ്മ്യൂണിസ്റ്റ് വരുതിയിലാക്കാനുളള ഒരു തന്ത്രമായിവേണം ഇതിനെ കാണാന്‍. സര്‍ക്കാരിന്റെ അധീനതയിലുള്ള തിരുവിതാംകൂര്‍ ദേവസ്വം പോലും പ്രവര്‍ത്തിക്കുന്നത് ശബരിമലയിലെ നടവരവുകൊണ്ട് മാത്രമാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഭൂരിപക്ഷം ജീവനക്കാര്‍ക്കും അര്‍ഹിക്കുന്ന ശമ്പളം കൊടുക്കാത്ത ഗവണ്‍മെന്റാണ് സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് പൊന്നു കൊണ്ട് പുളിശ്ശേരി വച്ചു കൊടുക്കാമെന്ന വാഗ്ദാനവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ക്ഷേത്ര ജീവനക്കാരും ക്ഷേത്ര ഉടമസ്ഥരും തമ്മിലുള്ള സൗഹൃദബന്ധം തകര്‍ത്ത് ക്ഷേത്രങ്ങ ളെ ഫാക്ടറിപോലെ സമരവേദിയാക്കി അടച്ചുപൂട്ടുക എന്ന ലക്ഷ്യമാണ് ഇടതുപക്ഷ ഗവണ്‍മെന്റിനുള്ളത്. ജിഹാദി, ഇവാഞ്ചലൈസേഷന്‍, സംഘങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധരഹിതരായ ഇരകളായി കേരളത്തിലെ ഹിന്ദുക്കളെ മാറ്റുവാന്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടേണ്ടതുണ്ടെന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനറിയാം. സംഘടിത മതപരിവര്‍ത്തന ശക്തികളില്‍ നിന്നും അച്ചാരം പറ്റിയല്ലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പഴയതുപോലെ തുറന്ന ആക്രമണങ്ങളിലൂടെ ക്ഷേത്രധ്വംസനം സാധ്യമല്ലാത്തതിനാല്‍ അടവ് നയങ്ങളിലൂടെ അത് നടപ്പിലാക്കാനുളള പരിശ്രമത്തിലാണ് ഇടതുപക്ഷ ഗവണ്‍മെന്റെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.